Current Date

Search
Close this search box.
Search
Close this search box.

ഉമ്മത്താണ് അടിസ്ഥാനം

ഉമ്മത്ത്(സമുദായം) എന്നു പറഞ്ഞാൽ മുസ്ലിം ഉമ്മത്ത് എന്നർഥം. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന, ‘നിങ്ങൾ ഉത്തമ സമുദായമായിരുന്നു'(ആലു ഇംറാൻ 110) തുടങ്ങിയ പല ഖുർആനിക സൂക്തങ്ങളിലും വിശേഷണങ്ങൾ പറയപ്പെട്ട സമുദായമാണിവിടെ ഉദ്ദേശ്യം. ഈ ഉമ്മത്തിനകത്തുതന്നെയുള്ള ഭരണാധികാരികൾ, നേതാക്കൾ, മന്ത്രിമാർ, ന്യായാധിപർ, സൈന്യാധിപന്മാർ, സൈനികർ, പട്ടാളം തുടങ്ങിയ പല ചെറു ചെറു ഘടകങ്ങൾ കൂടിച്ചേർന്നാണ് രാഷ്ട്രം(ദൗലത്ത്) രൂപപ്പെടുന്നത്. ദൗലത്ത്, ഉമ്മത്ത് എന്നിവ തമ്മിലുള്ള ചേർച്ചകളെയും ചേർച്ചയില്ലായ്മകളെയും അതിൻറെ മതകീയവശങ്ങളും പ്രായോഗികവശങ്ങളുമാണ് ഈ എഴുത്ത് അഭിസംബോധന ചെയ്യുന്നത്.

രാഷ്ട്രീയത്തിൻറെ മതം പറയുന്ന, നിയമം പറയുന്ന ഗ്രന്ഥങ്ങളൊക്കെയും എല്ലാ കാലത്തും ഒരു രാഷ്ട്രം എങ്ങനെയായിരിക്കണമെന്നതിൻറെ എല്ലാ വിധ ഘടകങ്ങളെയും അനിവാര്യമായ അളവിൽ, ചിലപ്പോൾ ആവശ്യത്തിലധികവും പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലൊക്കെ ഈ ഉമ്മത്ത് എന്ന ഘടകത്തിൻറെ പങ്ക് സമ്പൂർണമായി അവഗണിക്കപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെയാണ്, സമുദായമാണ് അടിസ്ഥാനം, രാഷ്ട്രമല്ല എന്ന പ്രമേയം ഈ കൂറിപ്പിൽ ഉയർത്തിപ്പിടിക്കുന്നത്. പൊതുവേ നോക്കിയാലും മതപരമായി നോക്കിയാലും, ഉത്തരവാദിത്വ ഘടകം പരിഗണിച്ചാലും മുൻഗണനാക്രമം നോക്കിയാലും സമുദായം എന്ന ഘടകത്തെ പിന്തുടർന്നു മാത്രമാണ് രാഷ്ട്രവും അധികാരികളും മറ്റു വിശിഷ്ട വ്യക്തികളുമൊക്കെ കടന്നുവരുന്നത്.

ഇതേക്കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾക്കു മുമ്പ് സമുദായം, രാഷ്ട്രം എന്നീ രണ്ടു ദ്വന്തങ്ങളിൽ ഉന്നമായത് ആദ്യത്തേതാണെന്നും അതിനെ തുടർന്നു മാത്രമാണ് രണ്ടാമത്തേത് വരുന്നതെന്നും, പൊതുവായ അഭിസംബോധനകളെ തുടർന്നു മാത്രമാണ് വ്യക്തിഗതമായ അഭിസംബോധനകൾ കടന്നു വരുന്നതെന്നും ഇവിടെ പറയാൻ ആഗ്രഹിക്കുകയാണ്. ഇക്കാര്യങ്ങൾ സമൂഹം നേർവിപരീതമായി മനസ്സിലാക്കിയതാണ് നേതൃപദവിക്കുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതും വെറുമൊരു പറ്റം മനുഷ്യർ മാത്രമായി അവർ സ്വയം മാറിയതും. അതേസമയം രാഷ്ട്രമെന്ന സങ്കൽപം വളർന്നു വലുതാവുകയും അതാണ് എല്ലാം എന്ന മനോഭാവം പടർന്നു പിടിക്കുകയും ചെയ്തിരുന്നു. ഈ മാറിയ സാഹചര്യത്തിലാണ് വ്യക്തിഗത താത്പര്യങ്ങൾ കൂടുതൽ ശക്തിയാർജ്ജിച്ചത്. സത്യത്തിൽ സമുദായത്തെ വലിയ ഒരു പിരമിഡ് പോലെ കാണാമെങ്കിൽ അതിൻറെ ഏറ്റവും മുകൾഭാഗത്തെ ചെറിയ ഭാഗമാണ് രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നത്. എങ്കിൽ മാറിയ കാലത്ത് നേരെ തല തിരിഞ്ഞ പിരമിഡാണ് അൽപകാലമായി നിലവിലുള്ളത്. സമുദായമെന്നത് തലതിരിഞ്ഞ് പിരമിഡിൻറെ ഏറ്റവും നേരിയ ഒരറ്റം മാത്രമായി മാറുകയും രാഷ്ട്രം മറ്റു ഭാഗങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു.

ഒന്ന്: മതകീയ കൽപനകൾ സമുദായത്തിനും നേതൃത്വത്തിനും മധ്യേ
നീതിനിർവഹണം, ജിഹാദ്, ശിക്ഷകൾ നടപ്പിലാക്കുക, അല്ലാഹുവിൻറെ വിധികൾ അനുസരിച്ച് വിധിക്കുക, സകാത്തിൻറെ പ്രായോഗികവൽക്കരണം, കുടുംബം, സമൂഹം തുടങ്ങിയ വിഷയങ്ങളിലുള്ള ദൈവിക കൽപനകളും മതനിയമങ്ങളുമൊക്കെ പൊതുവിൽ അധികാരികൾക്കും നേതാക്കൾക്കും മാത്രം ബാധകമായ, ഒരു രാഷ്ട്രവുമായി മാത്രം ബന്ധപ്പെടുന്ന കൽപനകൾ എന്ന രീതിയിലാണ് മനസ്സിലാക്കപ്പെടാറുള്ളത്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രത്തിന് പ്രത്യേകിച്ച് കൂടുതൽ ഉത്തരവാദിത്വങ്ങൾ വല്ലതുമുണ്ടോ എന്നെനിക്ക് തോന്നുന്നില്ല. മറിച്ച്, അത്തരം അഭിസംബോധനകളൊക്കെയും അടിസ്ഥാപരമായി മുസ്ലിം സമുദായത്തോട് മൊത്തത്തിൽ ഉള്ളതാണ്. കാരണം, ഇത്തരം മതപരമായ വിഷയങ്ങളിലുള്ള അഭിസംബോധനകളൊക്കെയും പടച്ചവൻ നടത്തിയിട്ടുള്ളത് സമൂഹത്തെ മുഴുവൻ വിളിച്ചു കൊണ്ടാണ് എന്നതുതന്നെ. അതുകൊണ്ടുതന്നെ, ഇത്തരം അഭിസംബോധനകൾ ആദ്യമായി ബന്ധപ്പെടുന്നത് സമൂത്തോടാണ്, അല്ലാതെ നേതൃത്വത്തോടല്ല, രാഷ്ട്രത്തോടുമല്ല. നേതൃത്വവും രാഷ്ട്രവുമൊക്കെ സമൂഹത്തിൻറെ ഭാഗമായി എന്നതുകൊണ്ട് അവരും അതിൽ പെടുന്നുവെന്ന് മാത്രം.
ചില ഉദാഹരണങ്ങൾ പരിശോധിക്കാം.

Also read: വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം

– നൂഹ് നബി, ഇബ്റാഹിം നബി, മൂസാ നബി, ഈസാ നബി എന്നിവരോട് നാം അനുശാസിച്ചതും താങ്കൾക്കു നാം സന്ദേശം നൽകിയതുമായ ഒരു സംഹിത – നേരായ രീതിയിൽ മതനിഷ്ഠ നിലനിറുത്തുകയും അതിൽ പക്ഷാന്തരമുണ്ടാകാതിരിക്കുകയും വേണമെന്ന് – നിങ്ങൾക്കവൻ നിയമമാക്കിയിരിക്കുന്നു. (അശ്ശൂറാ-13)

-അല്ലാഹുവിൻറെ പാശം ഒന്നിച്ചു മുറുകെ പിടിക്കുക, ഭിന്നിക്കരുത് (ആലു ഇംറാൻ- 103)

-സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവർ നന്മ കൽപിക്കുകയും തിന്മ നിരോധിക്കുകയും നമസ്കാരം യഥാവിധി അനുഷ്ഠിക്കുകയും സകാത്ത് നൽകുകയും അല്ലാഹിവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു. (തൗബ-71)

-നിങ്ങളിൽ നിന്നു ഇണകളില്ലാത്തവരെയും അടിമകളായ ഉത്തമ സ്ത്രീപുരുഷന്മാരെയും നിങ്ങൾ രക്ഷിതാക്കൾ വിവാഹ ബന്ധത്തിലേർപ്പെടുത്തുക(അന്നൂർ-32)

-ഹേ മുഅ്മിനുകളേ, സത്യവിശ്വാസം പുൽകിയ വനിതകൾ സ്വദേശം ത്യജിച്ച് നിങ്ങളുടെയടുത്ത് വന്നാൽ അവരെ പരീക്ഷണവിധേയമാക്കുക.(മുംതഹിന-10)

-ഇനി ദമ്പതിമാർക്കിയടിയിൽ ഛിദ്രതയുണ്ടാകുമെന്നു ഭയമുണ്ടെങ്കിൽ അവൻറെയും അവളുടെയും ബന്ധുക്കളിൽ നിന്ന് ഓരോ മധ്യസ്ഥനെ നിങ്ങൾ നിയോഗിക്കുക.(അന്നിസാഅ്-35)

-മോഷണം നടത്തിയ പുരുഷൻറെയും സ്ത്രീയുടെയും കൈകൾ നിങ്ങൾ വിച്ഛേദിച്ചു കളയുക(അൽ മാഇദ-38)

-വ്യഭിചാരിയെയും വ്യഭിചാരിണിയെയും-അവരിൽ ഓരോരുത്തരെയും- നിങ്ങൾ നൂറുവീതം അടിക്കുക.(അന്നൂർ -2)

-നാലു സാക്ഷികളെ ഹാജറാക്കാതെ, പതിവ്രതകളെ വ്യഭിചാരാരോപണം നടത്തുന്നവരെ നിങ്ങൾ എൺപത് പ്രാവശ്യം പ്രഹരിക്കുക.(അന്നൂർ-2)

-സ്വന്തം വനിതകളിൽ നിന്നു നീചവൃത്തിയിലേർപ്പെടുന്നവർക്കെതിരെ നിങ്ങളിൽ നാലുപേരെ സാക്ഷികളായി ഹാജറാക്കുക. അങ്ങനെ അവർ സാക്ഷ്യം വഹിച്ചാൽ മരണം വരെയോ അല്ലാഹു എന്തെങ്കിലും വഴിയുണ്ടാക്കുന്നതു വരെയോ ആ സ്ത്രീകളെ തടഞ്ഞുവെക്കണം. നിങ്ങളിൽ നിന്നു ആ മ്ലേച്ചവൃത്തി ചെയ്യുന്ന ഇരുവരെയും പീഡനവിധേയരാക്കുക.(അന്നിസാഅ്-15,16)

-സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ അന്യോന്യം പോരാട്ടം നടത്തുകയാണെങ്കിൽ നിങ്ങളഴർക്കിടയിൽ യോജിപ്പുണ്ടാക്കണം. എന്നിട്ട്, രണ്ടിലൊരു കക്ഷി മറുവിഭാഗത്തോട് അതിക്രമം കാട്ടിയാൽ -അല്ലാഹുവിൻറെ കൽപനിയിലേക്ക് തിരിച്ചെത്തും വരെ- ആ അതിക്രമികളോട് നിങ്ങൾ അടരാടുക. അവർ മടങ്ങുന്നുവെങ്കിൽ നീതിയോടെ ഇരുകക്ഷികൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുകയും നിങ്ങൾ നീതി പുലർത്തുകയും ചെയ്യുക. നിശ്ചയം, നീതിപാലകരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(ഹുജുറാത്ത്- 9)

-നിങ്ങളുടെ നിലനിൽപിന്നനിവാര്യമായി അല്ലാഹു നിശ്ചയിച്ച സമ്പത്തുകൾ മൂഢന്മാർക്ക് വിട്ടുകൊടുക്കരുത്. നിങ്ങളവർക്ക് അതിൽ നിന്നു ഭക്ഷണവും വസ്ത്രവും നൽകുകയും നന്മയുപദേശിക്കുകയും ചെയ്യുക.

ഈ സൂക്തങ്ങളിലൊക്കെയും, ഇതുപോലെ പല സൂക്തങ്ങളിലും രാഷ്ട്രം, ഖലീഫ, ഇമാം, ഭരണകൂടം, അധികാരികൾ, നീതിന്യായസംവിധാനങ്ങൾ, ഇന്നാലിന്ന സംഘം എന്നിവയോടൊന്നും അഭിസംബോധന നടത്തിയതായി കാണാനാവില്ല, മറിച്ച് അവടെയൊക്കെയും സമുദായം, സമൂഹം, മുഴുവൻ മുസ് ലിംകൾ എന്നിങ്ങനെയാണ് റബ്ബ് അഭിസംബോധന ചെയ്തിട്ടുള്ളത്. ‘സത്യ വിശ്വാസികളേ'(യാ അയ്യുഹല്ലദീന ആമനൂ) എന്നുള്ള ഖുർആൻറെ എല്ലാ അഭിസംബോധനകളിലും ഇക്കാര്യം വ്യക്തമാണ്.

ദൈവം തമ്പുരാനോടുള്ള സർവത്ര വിധേയത്വത്തിൻറെ പ്രകടനമായ ആരാധനകൾ വ്യക്തികേന്ദ്രീകൃതമായ കരുതലുകൾ(നിയ്യത്ത്) അടിസ്ഥാനപ്പെടുത്തിയുള്ള, അടിമയും ഉടമയും തമ്മിലുള്ള നേരിട്ടുള്ള സംവേദനമാണെങ്കിൽ പോലും ഇതിലും സമൂഹമെന്ന ഘടകത്തിൻറെ കണികകൾ നമുക്ക് കാണാം. ഇത്തരം ആരാധനകൾ ചെയ്യാനുള്ള കൽപനകൾ പലപ്പോഴും വരുന്നത് എല്ലാവരോടും കൂടിയാണ്, ചിലപ്പോൾ വ്യക്തിഗതമായ കൽപനകൾ വരുമെങ്കിൽ കൂടി അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും മാർഗങ്ങളും പരസ്പരസഹായങ്ങളും ഒക്കെ പരിഗണിക്കുമ്പോൾ അതൊരു സാമൂഹിക പ്രവർത്തനം തന്നെയായി മാറുകയും ചെയ്യും. നിസ്കരിക്കാനും സകാത്ത് കൊടുത്തു വീട്ടാനുമൊക്കെയുള്ള കൽപനകൾ എല്ലാവരോടും കൂടിയാണ് പലപ്പോഴും വന്നിട്ടുള്ളത്. നിസ്കാരമാണ് പുരുഷനും സ്ത്രീയും അടക്കമുള്ള എണ്ണമറ്റ മുസ്ലിംകൾ ഒരുപോലെ പങ്കുചേരുന്ന, സാമൂഹിക പ്രാധാന്യമുള്ള ഒരു ആരാധന. സകാത്തിനാണെങ്കിൽ ഉന്നതമായ സാഹോദര്യബന്ധത്തിൻറെയും പരസ്പരസഹായത്തിൻറെയും മുഖമാണുള്ളത്. ‘സമ്പന്നരിൽ നിന്ന് കൈപ്പറ്റി പാവങ്ങൾക്കു കൊടുക്കുക’ ഹദീസിൽ പ്രതിപാദ്യമായ രീതിയാണ് അതിൻറേത്. നോമ്പിൻറെ വിഷയത്തിൽ ഏറ്റവും രഹസ്യസ്വഭാവമുള്ള ആരാധനയാണ് അതെങ്കിലും ഒരേ മാസം, ഒരേ സമയം എല്ലാവരും നോമ്പനുഷ്ഠിക്കുക, അതിനു വേണ്ടി ഒത്തുകൂടുക എന്നതിൽ സാമൂഹിക മാനങ്ങൾ കാണാം. വ്യക്തിഗത നോമ്പാണ് പടച്ചവർ ഉദ്ദേശിച്ചതെങ്കിൽ ഇഷ്ടമുള്ള മാസം, ഇഷ്ടമുള്ള സമയം നോമ്പനുഷ്ഠിച്ചാൽ മതിയെന്ന് അവൻ പറയുമായിരുന്നല്ലോ. ഹജ്ജിൻറെ വിഷയത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാണ്.

ഈ ആരാധനകളിലൊക്കെയും രാഷ്ട്രത്തിന് ചില ഇടപെടലുകൾ, കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ അഭിസംബോധന മുഴുവൻ അതിനോടാണ് എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. ചില രാഷ്ട്രങ്ങൾ ഇക്കാര്യങ്ങളെ പാടെ അവഗണിക്കാൻ ശ്രമിച്ചപ്പോൾ, അവിടത്തെ പൊതുജനങ്ങളുടെ ഇടപെടലുകൾ മാത്രം കൊണ്ട് അവയുടെ പുനരുജ്ജീവനം സാധ്യമായ സംഭവങ്ങളുണ്ട്. ചുരുക്കത്തിൽ ഒരു രാഷ്ട്രമുണ്ടായാലും ഇല്ലെങ്കിലും ഇത്തരം വിഷയങ്ങളിൽ സജീവ ശ്രദ്ധയുണ്ടാവലും അതിനു വിലങ്ങു നിൽക്കുവയ്ക്കെതിരെ പോരാടലും സമൂഹത്തിൻറെ പൊതുബാധ്യത തന്നെയാണ്.

രണ്ട്: ദീനിനെ സഹായിക്കലും അതിൻറെ സന്ദേശവാഹകരാവലും
മതത്തെ സഹായിക്കലും അതിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കലും അതിൻറെ പ്രബോധനപ്രവർത്തനങ്ങൾ നടത്തലും വിശ്വസന്ദേശം ലോകരിൽ മുഴുവൻ എത്തിക്കലും രാഷ്ട്രവുമായി ബന്ധപ്പെട്ട, അധികാരവർഗത്തിൻറെ മാത്രം ബാധ്യതയാണെന്നത് ഇന്ന് സർവവ്യാപിയായിട്ടുള്ളൊരു തെറ്റിദ്ധാരണയാണ്. പണ്ഡിന്മാരിൽ പോലും വലിയൊരു പക്ഷം തങ്ങളുടെ ഈ ബാധ്യത രാഷ്ട്രത്തിൽ നിന്നു ലഭിക്കുന്ന സമ്മതവുമായും പിന്തുണയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആദ്യമായി, മതമെന്ന ആശയത്തെ തന്നെ പാടെ ഇല്ലാതാക്കുന്നതാണ് ഇത്തരമൊരു ചിന്താഗതി. രണ്ടാമതായി, ഇത്തരമൊരു വലിയൊരു കാര്യം നടപ്പിലാക്കുന്നത് രാഷ്ട്രത്തിൻറെ പ്രാപ്തിക്കും അപ്പുറത്താണ്. മൂന്നാമതായി, പല അവസരങ്ങളിലും രാഷ്ട്രം എന്നത് ഇത്തരം കാര്യങ്ങളിൽ താത്പര്യമില്ലാതെയോ, ചിലപ്പോൾ അതിന് അർഹമല്ലാതെയോ ആവും. മറിച്ച്, ആഭ്യന്തരവും മറ്റുമായ രാഷ്ട്രീയ ഘടകങ്ങളുടെ പേരിൽ പലപ്പോഴും അതിനെ നിരാകരിക്കുന്ന രീതിയാവും രാഷ്ട്രത്തിൽ നിന്നുണ്ടാവുക.

Also read: കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

ഇപ്പറഞ്ഞ മൂന്നു കാര്യങ്ങളും ഒന്നുകൂടെ വിശദമാക്കാം.

ഒന്ന്, ഈ വിഷയത്തിൽ അല്ലാഹു എപ്പോഴും അഭിസംബോധന ചെയ്തിട്ടുള്ളത് എല്ലാ മുസ്ലിമീങ്ങളെയുമാണ്. അവർക്ക് മുഴുവനായാണ് അതിൻറെ ഉത്തരവാദിത്വവും ദൗത്യവും ഏർപ്പെടുത്തിയിട്ടുള്ളത്. നേതാക്കളെ പ്രത്യേകിച്ച് അഭിസംബോധന ചെയ്യുകയോ, പണ്ഡിതന്മാരെ മാത്രമായി വിളിച്ചു പറയുകയോ, ധനികരോട് മാത്രം എടുത്തു പറയുകയോ ചെയ്തിട്ടില്ല. അല്ലാഹു പറയുന്നു: ‘ നബീ, പ്രഖ്യാപിക്കുക. ഇതാണ് എൻറെ മാർഗം. അല്ലാഹുവിൻറെ വഴിയിലേക്കു ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്തുടർന്നവരും ഉൾക്കാഴ്ചയോടെയാണ് നിലകൊള്ളുന്നത്. അല്ലാഹു പരിശുദ്ധനത്രെ’. അല്ലാഹു വീണ്ടും പറയുന്നു: ‘ സത്യവിശ്വാസികളേ, വേദനയുറ്റ ശക്ഷയിൽ നിന്നും നിങ്ങൾക്ക് സംരക്ഷണമേകുന്ന ഒരു കച്ചവടം നിങ്ങൾക്കു ഞാൻ അറിയിച്ചു തരട്ടെയോ? അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും സമ്പത്തുകളും ശരീരങ്ങളും കൊണ്ട് അവൻറെ വഴിയിൽ പുണ്യസമരമനുഷ്ഠിക്കുകയും ചെയ്യണം നിങ്ങൾ. വിവരമുള്ളവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉദാത്തമായിട്ടുള്ളത്’. ‘ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിൻറെ സഹായികളാവണം’.(സ്വഫ്ഫ്- 10,11- 14)

ഇസ്ലാമിക പ്രബോധനവും അതിൻറെ സന്ദേശവ്യാപനവും അന്ത്യപ്രവാചകൻറെ പിന്മുറക്കാരായ ഓരോ മുസ്ലിമിൻറെയും ബാധ്യത തന്നെയാണ്. ഇനിയേതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനു മാത്രം ബാധ്യമാണതെന്നു പറയുന്നവർ അതിനാവശ്യമായ തെളിവുകൾ കൊണ്ടുവരികയും ചെയ്യേണ്ടതാണ്.

രണ്ട്, മതത്തെ സംരക്ഷിക്കുക, സഹായിക്കുക പോലോത്ത ഭാരിച്ച ഉത്തരവാദിത്വങ്ങൾ സമൂഹത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ വിഭാഗങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിലും എത്രയോ സൗകര്യവും ഫലപ്രദവും അപകടസാധ്യത കുറവും വിജയസാധ്യത കൂടുതലുമൊക്കെയാണല്ലോ സമൂഹത്തിലെ എല്ലാവരും ആ ബാധ്യത ഏറ്റെടുക്കുമ്പോൾ. സ്ത്രീ പുരുഷ ഭേദമന്യേ, സമ്പന്ന ദരിദ്ര ഭേദമന്യേ, നേതൃപ്രജാ ഭേദമന്യേ എല്ലാവരും ആ ബാധ്യതാനിർവഹണത്തിൻറെ ഭാഗമാവുമ്പോൾ കൂടുതൽ അവസരങ്ങൾ കൈവരാനും, ഒരു വിഭാഗം തളർന്നു പോയാലും മറ്റുള്ളവരിലൂടെ അന്ത്യനാൾ വരെ ആ ദൗത്യം ഭംഗിയായി നടപ്പിലാക്കാനും സാധിക്കുന്നതാണ്.

മൂന്ന്, ഈ ഭാരിച്ച, മഹത്തായ ഉത്തരവാദിത്വത്തെ രാഷ്ട്രത്തിൻറെ മേലും അതുമായി ബന്ധപ്പെട്ടവരുടെ മേലും ചാർത്താൻ ശ്രമിക്കുന്നത്, അധികാരിവർഗം ദൈവമാർഗത്തിലല്ലാതെ സഞ്ചരിച്ചു തുടങ്ങുന്ന സമയത്ത് മതത്തെ കൂടുതൽ അപകടത്തിൽ പെടുത്താനാണ് സഹായിക്കുക. ഇതിൻറെ ഉദാഹരണങ്ങൾ നമ്മുടെ ചരിത്രത്തിൽ കുറച്ചൊന്നുമല്ല ഉള്ളത്. പിടിച്ചുപറിയും മാർഗവ്യതിചലനവും കുഴപ്പങ്ങളും മാത്രം മുഖമുദ്രയാക്കിയ ഒരു രാഷ്ട്രം എങ്ങനെ മതത്തെ സംരക്ഷിക്കാനാണ്? എങ്ങനെ ദിവ്യസന്ദേശം ലോകരിൽ എത്തിക്കാനാണ്?

പക്ഷെ, സമുദായത്തെ മുഴുവൻ വ്യാപകമായ ഒരു വരൾച്ച കൊണ്ടോ അടിവേരറുക്കുന്ന ഒരു ശത്രുവിനെ കൊണ്ടോ നശിപ്പിക്കിക്കാതിരിക്കാനുള്ള പ്രവാചകൻറെ പ്രാർഥനക്ക് ഉത്തരം നൽകപ്പെട്ടതു പോലെ തന്നെയാണ് ദീൻ സംരക്ഷിക്കന്ന വിഷയത്തിലും വിശ്വാസിയുടെ അവസ്ഥ. ചില ഭാഗങ്ങളിൽ പോറലേറ്റാലും അടിസ്ഥാനമായ നന്മയും പുണ്യങ്ങളും അവിടെ അവശേഷിക്കുക തന്നെ ചെയ്യും.

മൂന്ന്: തിന്മകളെ തടയലും ഫസാദുകളെ പ്രതിരോധിക്കലും
സമൂഹത്തിൻറെ കൂട്ടുത്തരവാദിത്വങ്ങളിൽ പെട്ട ഒന്നാണിത്, തിന്മകൾ പ്രത്യക്ഷപ്പെടുമ്പോൾ അതിനു തടയിടലും കുഴപ്പങ്ങൾ രൂക്ഷമാവുമ്പോൾ അതിനെ പ്രതിരോധിക്കലും. ദൗർഭാഗ്യകരമെന്നോണം, ഈ ദൗത്യനിർവഹണത്തിൻറെ വിഷയത്തിലും ഇല്ലാത്ത ഊഹങ്ങളിലകപ്പെട്ട് പൊതുജനങ്ങളൊക്കെ പിന്നോട്ടടിക്കുകയാണുണ്ടായത്. അതേസമയം, അവ്വിഷയകരമായ ദൈവിക കൽപനയാണെങ്കിൽ ഓരോ വിശ്വാസിയോടുമുള്ളതാണുതാനും. അധികാരമത്സരം ഉണ്ടാക്കിയെടുത്ത ഏറെ വിചിത്രമായ ഒരു കാര്യമായിരുന്നു തിന്മയുടെ കൈകൊണ്ടുള്ള പ്രതിരോധാവകാശം അധികാരികൾക്കും വാക്കുകൊണ്ടുള്ള പ്രതിരോധാവകാശം പണ്ഡിതന്മാർക്കും മാത്രം വകവെച്ചുകൊണ്ടുള്ള അധികാരകർമശാസ്ത്രത്തിൻറെ രൂപീകരണം. ബാക്കി ഭൂരിപക്ഷം വരുന്ന മുസ് ലിം പൊതുസമൂഹത്തിന് ഹൃദയം കൊണ്ടുള്ള പ്രതിരോധാവകാശം, അഥവാ മൗനം ഭഝിക്കാനുള്ള അവകാശം മാത്രമാണ് ഈ രീതി വകവെച്ചു നൽകിയത്.

Also read: സൗമ്യനാകൂ …. സമാധാനം നേടൂ

സാധ്യമാകുംവിധം തിന്മകളെ പ്രതിരോധിക്കാനുള്ള ഖുർആനിൻറെയും ഹദീസിൻറെയും ആജ്ഞകൾ വന്നിട്ടുള്ളതൊക്കെ മുസ് ലിം പൊതുസമൂഹത്തോട് മുഴുവനായാണ്. അല്ലാഹു പറയുന്നു: ‘ സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാകുന്നു. അവർ നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു'(തൗബ- 71). ” നിങ്ങൾ മാനവതക്കു വേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ ജനവിഭാഗമത്രേ. നന്മ കൽപിക്കുകയും തിന്മവിരോധിക്കുകയും വേണം നിങ്ങൾ”(ആലു ഇംറാൻ- 110). ‘ നിവാസികൾ ഉൽകൃഷ്ടരായിരിക്കെ താങ്കളുടെ നാഥൻ അതിക്രമമായി നാടുകൾ നശിപ്പിക്കുകയില്ല'(ഹൂദ്- 117).

ഇതേയർഥത്തിലുള്ള ഹദീസുകളും ഒത്തിരി കാണാവുന്നതാണ്. പ്രസിദ്ധമായ ചിലതു മാത്രം ഇവിടെ ചേർക്കാം. നബി തങ്ങൾ(സ) പറയുന്നു: ‘ നിങ്ങളിൽ വല്ലവനും ഒരു തിന്മ കണ്ടാൽ അതവൻറെ കൈകൊണ്ട് പ്രതിരോധിക്കട്ടെ, സാധ്യമല്ലെങ്കിൽ നാവുകൊണ്ട്, അതും സാധ്യമല്ലെങ്കിൽ ഹൃദയം കൊണ്ടെങ്കിലും. അത് ഈമാനിൻറെ ഏറ്റവും ദുർബലമായ ഭാഗമാണ്’. സത്യമാർഗത്തിൽ നിന്നു വ്യതിചലിച്ച അധികാര വിഭാഗത്തെ കുറിച്ചു നബി തങ്ങൾ (സ) പറയുന്നു: ‘ ആരെങ്കിലും അവരോട് കൈകൊണ്ട് പോരാടിയാൽ അവൻ വിശ്വാസിയാണ്, ആരെങ്കിലും അവരോട് നാക്കുകൊണ്ട് പോരാടിയാൽ അവനും വിശ്വാസിയാണ്, ആരെങ്കിലും അവരോട് ഹൃദയം കൊണ്ട് പോരാടിയാൽ അവനും വിശ്വാസിയാണ്. ഇതല്ലാതെ ഈമാനിൽ നിന്ന് ഒരു കടുകു മണിയോളം പോലും ഒന്നും ശേഷിക്കുന്നില്ല’.

രണ്ടു ഹദീസുകളിലും തിന്മകളെ പ്രതിരോധിക്കലും തടഞ്ഞു നിർത്തലും എത്രമാത്രം വിശ്വാസത്തിൻറെ ഭാഗമാണെന്ന് നബി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചില പ്രത്യേക വിഭാഗത്തിൻറെ ദൗത്യവുമായല്ല, മറിച്ച് എല്ലാ വിശ്വാസികളുടെയും ബാധ്യതയായാണ് അതിനെ പരിചയപ്പെടുത്തിയിട്ടുള്ളതും. അതുകൊണ്ടു തന്നെയാണ് ഉപര്യുക്ത രണ്ടു ഹദീസുകളും സ്വഹീഹു മുസ് ലിമിലെ ഈമാനിൻറെ അധ്യായത്തിൽ ‘തിന്മകളെ പ്രതിരോധിക്കൽ വിശ്വാസത്തിൻറെ ഭാഗമാണെന്നും ഈമാൻ ഏറുകയും കുറയുകയും ചെയ്യുമെന്നും നന്മ കൽപിക്കലും തിന്മ വിരോധിക്കലും വാജിബാണെന്നും പറയുന്ന അധ്യായം’ എന്ന തലക്കെട്ടിനു കീഴിൽ വന്നിട്ടുള്ളത്.

ഇവിടെ ഖുർതുബി ഇമാമിനെ പോലോത്ത മുഫസ്സിറായ ഒരു പണ്ഡിതൻ നന്മ കൽപിക്കലും തിന്മ വിരോധിക്കലും പറയുന്ന ആയത്തിൻറെ വിശദീകരണത്തിൽ ‘നന്മ കൊണ്ടുള്ള കൽപന എല്ലാവർക്കും സാധ്യമല്ല, സുൽത്താനാണ് അതു നടപ്പിലാക്കേണ്ടത്. കാരണം, ശിക്ഷകൾ നടപ്പിലാക്കാനുള്ള ബാധ്യത അദ്ദേഹത്തിനാണ്. ഓരോ നാടുകളിലും ഇത്തരം ദൗത്യങ്ങൾ നിർവഹിക്കാൻ വിശ്വസ്തനായ ഒരാളെ സുൽത്താൻ ചുമതലപ്പെടുത്തണം’ എന്നു പറയുന്നുണ്ട്. ഇക്കാര്യത്തിന് തെളിവായി ഖുർതുബി ഇമാം ഉദ്ധരിക്കുന്നത് ‘നാം ഭൂമിയിൽ സൗകര്യം ചെയ്തു കൊടുത്തവർ'(ഹജ്ജ് -41) എന്ന സൂക്തമാണ്. പക്ഷെ, ഇവിടെ അതുകൊണ്ടുള്ള ഉദ്ദേശ്യം അധികാരികൾ മാത്രമല്ലെന്നും പൊതുജനങ്ങൾ മുഴുവനുമാണെന്നും വ്യക്തമാണ്.

ഇവിടെ ഉണ്ടാകാനിടയുള്ള മറ്റൊരു തെറ്റിദ്ധാരണ തിന്മകളെ പ്രതിരോധിക്കുക എന്നു പറയുമ്പോൾ, വിശേഷിച്ച് അധികാരികളുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ ആവുമ്പോൾ സായുധ പോരാട്ടം, അധികാരികൾക്കെതിരെ സമരം ചെയ്യൽ എന്ന രീതിയിൽ ജനങ്ങൾ അതിനെ തെറ്റായി വായിക്കുന്നു എന്നതാണ്. സത്യത്തിൽ അതല്ല ശരി. ഇബ്നു റജബ് അൽ ഹമ്പലി പറയുന്നു: ‘ കൈകൊണ്ടുള്ള പ്രതിരോധമെന്നാൽ യുദ്ധം നിർബന്ധമാണെന്നല്ല. അഹ് മദ് (റ) വും ഇക്കാര്യം വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്നു: കൈകൊണ്ടുള്ള പ്രതിരോധമെന്നാൽ വാളുകൊണ്ടോ ആയുധം കൊണ്ടോ ആണെന്ന് അർഥമില്ല. അപ്പോൾ അധികാരികളോടുള്ള കൈകൊണ്ടുള്ള പ്രതിരോധമെന്നാൽ അവർ ചെയ്തുകൂട്ട ദുഷ്ചെയ്തികൾ കൈകകൊണ്ട് നീക്കിക്കളയുക, അല്ലെങ്കിൽ സാധ്യമാവുന്ന വിധം അവർ കൽപിച്ച അക്രമങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുക, ഇതൊക്കെ അനുവദനീയമാണ്. അധികാരികൾക്കെതിരെ യുദ്ധം ചെയ്യുക, അവർക്കെതിരെ സമരം ചെയ്യുക എന്ന മതത്തിൽ നിരോധിക്കപ്പെട്ട ഗണത്തിൽ ഇതു പെടുകയില്ല’.

നാല്: ശൂറാ(കൂടിയാലോചനാ സമിതി) അവകാശം
മിക്ക ജനങ്ങളും പണ്ഡിതന്മാരും ധരിച്ചു വെച്ചിരിക്കുന്നത് ശൂറാ എന്നുള്ളത് അധികാരവുമായി മാത്രം ബന്ധപ്പെട്ടതാണെന്നും അതിൻറെ പ്രായോഗികത അവരെ മാത്രമേ ബാധിക്കുന്നുള്ളൂ എന്നും അതിൻറെ അർഹർ അവർ മാത്രമാണെന്നുമൊക്കെയാണ്. പക്ഷെ, സത്യം നേരെ തിരിച്ചാണ്. ശൂറാ എന്നുള്ളത് മുസ് ലിം സമുദായത്തിൻറെ മൊത്തത്തിലുള്ള ഒരു വിഷയമാണ്. അതിൻറെ പ്രായോഗികവൽക്കരണവും അവകാശവും അതിലെ കൈകാര്യകർതൃത്വവും അവർക്ക് മൊത്തത്തിലുള്ളതാണ്. അല്ലാഹു പറയുന്നു: ‘ നാഥൻറെ ശാസനകൾക്കുത്തരം നൽകുന്നവരും മനസ്കാരം കൃത്യമായി നിർവഹിക്കുന്നവും തങ്ങളുടെ വിഷയങ്ങൾ കൂടിയാലോചനയിലൂടെ തീരുമാനിക്കുന്നവരും നാം കൊടുത്തതിൽ നിന്ന് ചെലവഴിക്കുന്നവരും തങ്ങൾക്കു നേരെ അതിക്രമമുണ്ടായാൽ ചെറുക്കുന്നവരുമാകും അവർ'(ശൂറാ- 38).

ആദ്യമായി മനസ്സിലാക്കേണ്ടത് ഈ സൂക്തം അവതരിക്കുന്നത് മുസ്ലിംകൾക്ക് ഒരു ഖലീഫയോ ഒരു രാഷ്ട്രമോ ഉണ്ടാകുന്നതിനു മുമ്പാണ് എന്ന വസ്തുതയാണ്. അപ്പോൾ എല്ലാ മുസ്ലിംകളെയുമാണ് അത് അഭിസംബോധന ചെയ്യുന്നത്. ഉപര്യുക്ത സൂക്തത്തിലെ പരാമർശവും നമ്മൾ സംസാരിക്കുന്ന വർത്തമാന സാഹചര്യവും രണ്ടും ബന്ധപ്പെടുന്നത് മുഴുവൻ വിശ്വാസികളുമായാണ്, അല്ലാതെ കേവലം രാഷ്ട്രവുമായോ അതിൻറെ നേതാക്കളുമായോ മാത്രമല്ല.

രണ്ടാമതായി, ഇവിടെ ശൂറയുടെ ദൗത്യമെന്നുള്ളത് നേരത്തെ പല കാര്യങ്ങളിലും സൂചിപ്പിച്ചതു പോലെത്തന്നെ എല്ലാ വിശ്വാസികളുടെയും ബാധിക്കുന്നതാണ്. തൻറെ അനുചരന്മാരോട് കൂടിയാലോചന നടത്താൻ അല്ലാഹു നബി തങ്ങളെ ഉണർത്തിയപ്പോൾ നബി തങ്ങൾ ആ അവകാശം ഒരു പ്രത്യേക വിഭാഗത്തിനു മാത്രം വകവെച്ചുകൊടുക്കുകയായിരുന്നില്ല. മറിച്ച്, എല്ലാ വിശ്വാസികളും അക്കൂട്ടത്തിൽ പെട്ടിരുന്നു. ഇവ്വിഷയകരമായ എല്ലാ ഖുർആനിക സൂക്തങ്ങളിലും ഇത്തരത്തിൽ എല്ലാ മുസ് ലിംകളെയും ഉൾപ്പെടുത്തിയ വാക്കുകൾ തന്നെ കാണാം. ‘ അല്ലാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹം കൊണ്ടാണ് താങ്കൾക്കു ജനങ്ങളോട് സൗമ്യസമീപനത്തിന്നു കഴിയുന്നത്. അങ്ങ് പരുഷനും കഠിന ഹൃദയനുമായിരുന്നെങ്കിൽ അവർ താങ്കളുടെ ചുറ്റും നിന്നു പിരിഞ്ഞുപോയേനെ. അതുകൊണ്ട് അവർക്കു മാപ്പുനൽകുകയും പാപമോചനമർഥിക്കുകയും കാര്യങ്ങൾ അവരുമായി കൂടിലാചോന നടത്തുകയും ചെയ്യുക'(ആലു ഇംറാൻ- 159).

Also read: കര്‍ഷക സമരത്തെ എതിരിടുന്ന സംഘ് ഭരണകൂടം

ഈ സൂക്തത്തിൽ നേതാക്കളെയും പണ്ഡിതന്മാരെയും സൈനാധ്യപിന്മാരെയും മാത്രം ബാധിക്കുന്ന വല്ല വിഷയങ്ങളും ഉണ്ടോ? പരുഷമായ സംസാരം ഒഴിവാക്കാനും പകരം മൃദുലമായ പെരുമാറ്റം നടത്താനും വിട്ടുവീഴ്ച മനോഭാവം മുഖമുദ്രയാക്കാനും ഇവിടെ ആജ്ഞാപിക്കപ്പെട്ടവർ തന്നെയാണ് കൂടിയാലോചന കൊണ്ട് ആജ്ഞാപിക്കപ്പെട്ടവരും. അഥവാ, എല്ലാ മുസ്ലിംകളുമെന്നർഥം. നബി (സ) അഭിപ്രായം തേടിക്കൊണ്ട് പറയാറുണ്ടായിരുന്നത്രെ: ‘ ജനങ്ങളേ… എന്നോട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ’. ശൂറാ സംവിധാനത്തിൽ ജനങ്ങൾ ഓരോരുത്തരും ഭാഗമാണ് എന്ന് ഈ നബി വചനം ഓർമപ്പെടുത്തുന്നുണ്ട്.

ഇതാണ് ശൂറാ സംവിധാനത്തിൻറെ അടിസ്ഥാനം. സത്യത്തിൻറെ മാർഗത്തിൽ സഞ്ചരിക്കുന്ന ആർക്കും, അനുയോജ്യമെന്നു തോന്നുന്ന രീതിയിൽ ഇത്തരം സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യാം. നിർണിതമായ ആൾക്കാരെ ശൂറാ അധികാരത്തിനായി നിശ്ചയിക്കപ്പെട്ടു എന്നത് മറ്റുള്ളവരുടെ അടിസ്ഥാനപരമായ ശൂറക്കുള്ള വിശേഷാധികാരം ഇല്ലാതാക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
അറിവില്ലാത്ത വിഷയങ്ങൾ അറിവും പരിചയവും ഉള്ളവരോട് ചോദിക്കണമെന്നത് വിശുദ്ധ ഖുർആൻറെ ആജ്ഞയാണ്. ‘നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക'(നഹ് ൽ-43). അറിവില്ലാത്ത വിഷയത്തിൽ ഇടപെടാതിരിക്കാനും ഖുർആനിൻറെ കൽപനയുണ്ട്. ‘അറിവില്ലാത്ത വിഷയങ്ങളിൽ നിങ്ങൾ ഇടപെടാതിരിക്കുക'(ഇസ്റാഅ്-36). ഈ രണ്ടു സൂക്തങ്ങളിലൂടെ ഓരോ വിഷയത്തിലും അറിവുള്ളവരോട് കാര്യങ്ങൾ അന്വേഷിക്കണമെന്നത് വ്യക്തമായി. പക്ഷെ ഈ സൂക്തങ്ങൾ ഒരിക്കലും തന്നെ മുസ് ലിംകളെ ബാധിക്കുന്ന പൊതുവായ വിഷയങ്ങളിൽ അവർതന്നെ പരസ്പരം ചർച്ചകൾ നടത്തുന്നതിനെയും ശൂറ ചെയ്യുന്നതിനെയും തടയുന്നില്ല. ‘അവരുടെ കാര്യങ്ങൾ അവർക്കിടയിൽ കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതാണ്’ എന്നാണല്ലോ ഖുർആനിക വചനം. ഇനി പ്രശ്നം സമുദായത്തെ മുഴുവൻ ബാധിക്കുന്നതാണെങ്കിൽ സമുദായം മുഴുവൻ അതു ചർച്ച ചെയ്യണം, ഏതെങ്കിലുമൊരു വിഭാഗത്തെയാണെങ്കിൽ അങ്ങനെ, ഏതെങ്കിലുമൊരു പ്രദേശത്തെയാണെങ്കിൽ അങ്ങനെ. ഇതാണ് ശൂറാ എന്ന സങ്കൽപത്തിൻറെ അടിസ്ഥാനം. പ്രത്യേക സാഹചര്യങ്ങളും ഉപകാരങ്ങളും ഉണ്ടാകുമ്പോഴോ ആവശ്യത്തിനോ വേണ്ടിയല്ലാതെ ഈ അടിസ്ഥാനത്തിൽ തിന്ന് തെല്ലും വ്യതിചലിക്കരുത്. ഈയൊരു അടിസ്ഥാനമനുസരിച്ചു ജീവിക്കുമ്പോൾ മാത്രമാണ് മുസ് ലിം സംഘബോധനം ഉണരുന്നതും സമുദായം കൂടുതൽ ചടുലമാവുന്നതും. ഇനി ഈ ഖുർആനിക സൂക്തം നേരെ വിപരീതമായി മനസ്സിലാക്കി ശൂറാ അവകാശം മുഴുവൻ നേതൃപദവിയിലിക്കുന്നവർക്കു മാത്രം വകവെച്ചു കൊടുക്കുകയാണെങ്കിൽ സമുദായം മുഴുവൻ പരാജയപ്പെടാനും അധഃപതിക്കാനും മാത്രമേ അതു സഹായിക്കൂ.

അഞ്ച്: സമുദായത്തിനു വേണ്ടിയും രാഷ്ട്രത്തിനു വേണ്ടിയും സൗകര്യം ചെയ്തുകൊടുക്കൽ
‘ജനങ്ങൾക്കു വേണ്ടി നിയോഗിക്കപ്പെട്ട കൂട്ടത്തിൽ ഏറ്റവും ഉത്തമരായ സമുദായം നിങ്ങളാണ്’ (ആലു ഇംറാൻ-110) എന്ന് അല്ലാഹു വിശേഷിപ്പിച്ച സമുദായം നേതൃപദവിയും സ്ഥാനവും ഉള്ള സമുദായം തന്നെ ആവൽ അനിവാര്യമാണ്. ഇതേ അടിസ്ഥാനത്തിനു മേലാണ് നബി തങ്ങൾ ഉത്തമ സമുദായത്തെ രൂപപ്പെടുത്തിയതും പിൽക്കാലത്ത് നൂറ്റാണ്ടുകളോളം മുസ് ലിം സമുദായം ജീവിച്ചു പോന്നതും ലോകത്ത് വെളിച്ചവും സന്മാർഗവും അറിവും നീതിയും കാരുണ്യവും സൽസ്വഭാവവുമൊക്കെ നിറച്ചതും. സമുദായം തന്നെയായിരുന്നു- രാഷ്ട്രം രൂപപ്പെടുന്നതിനു മുമ്പും രാഷ്ട്രത്തെക്കാളേറെയും- മതകീയവും സാംസ്കാരികവുമായ കാര്യങ്ങൾ കൈകാര്യം ചെയ്തതും ജീവിതോപാധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിച്ചതും സുമൂഹികമായ ആവശ്യങ്ങൾ നിർവഹിച്ചതും വൈജ്ഞാനികമായ സംരംഭങ്ങൾ നടപ്പിലാക്കിയിരുന്നതും നാഗരികവും സാംസ്കാരികവുമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നതുമൊക്കെ. രാഷ്ട്രം എപ്പോഴും ഇത്തരം നീക്കങ്ങൾക്ക് പിന്തുണയും സഹായവും നൽകുകയായിരുന്നു. രാഷ്ട്രം ചിലപ്പോഴൊക്കെ മാർഗവ്യതിചലനത്തിൽ പെട്ടുപോവുമെങ്കിലും സമുദായം എപ്പോഴും ഊർജസ്വലമായിത്തന്നെ നിലകൊണ്ടിരുന്നു.

ഉദാഹരണത്തിന്, മതകീയവും സാംസ്കാരികവുമായ സേവനങ്ങൾക്കും സാമുദായിക ആവശ്യങ്ങളുടെ നിർവഹണത്തിനും അശരണരുടെയും രോഗികളുടെയും പാവപ്പെട്ടവരുടെയും വേദനകൾ പരിഹരിക്കുന്നതിലും മദ്റസകൾ നിർമിച്ച് അതിനെയും അതിൻറെ ചാലകശക്തികളെയും സഹായിക്കുന്നതിലും അതിർത്തി സംരക്ഷണത്തിലും വിശുദ്ധ പോരാട്ടത്തിലും ഒക്കെയുള്ള വഖ്ഫു സ്വത്തുകളുടെ ദൗത്യം നാമൊന്നു മനസ്സിലാക്കിയാൽ തന്നെ, ഈയൊരു വിഷയത്തിലുള്ള കൈകാര്യകർതൃത്വം രാഷ്ട്രമെന്ന പ്രത്യേക വിഭാഗത്തിൽ നിന്ന് മാറി സമൂഹം മുഴുവൻ അതിനെ ഏറ്റെടുക്കുകയാണെങ്കിൽ എത്രമാത്രം എത്രമാത്രം വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ നടത്താൻ സമൂഹത്തിന് സാധിക്കുമായിരുന്നു എന്നു നമുക്കു മനസ്സിലാക്കാം.

രാഷ്ട്രത്തിനു വേണ്ടി സൗകര്യം ചെയ്തു കൊടുക്കുക എന്നത് സമൂഹത്തിനു വേണ്ടി ചെയ്തു കൊടുത്തതിനു ശേഷം മാത്രമാണ്. വർഷങ്ങളായി ഡോ. സയ്യിദ് ദസൂഖിയുടെ നാഗരികതയും അതിൻറെ ആമുഖങ്ങളും നിബന്ധനകളും സംബന്ധമായ എഴുത്തുകൾ ഞാൻ വായിക്കുന്നു. അദ്ദേഹത്തിൻറെ സുഹൃത്ത് ഡോ. മഹ്മൂദ് മുഹമ്മദ് സഫറിൻറെ സമൂഹത്തിൻറെ കർതൃത്വത്തെ കുറിച്ചുള്ള ശ്രദ്ധേയമായ പല നിർദേശങ്ങളും വായിച്ചു. പക്ഷെ സയ്യിദ് ദസൂഖിയുടെ വാക്കുകളിൽ നിന്ന് എനിക്ക് ദുർഗ്രാഹ്യമായിത്തോന്നിയത് ‘രാഷ്ട്രമാണ് കാര്യങ്ങളെ നിയന്ത്രിക്കുന്ന ബുദ്ധി, ബാക്കി കർമങ്ങൾ ചെയ്യുന്ന അവയവങ്ങളാണ് സമുദായം’ എന്നതാണ്. രാഷ്ട്രത്തെ മാത്രം പരിഗണിക്കുന്ന, സമൂഹത്തെ രണ്ടാം കിടയായി മാത്രം കാണുന്ന അഭിപ്രായത്തിൻറെ അതേഗണത്തിലാണ് ദസൂഖിയുടെ ഈ അഭിപ്രായവും. രാഷ്ട്രത്തിന് പ്രധാന ദൗത്യം നൽകുമ്പോൾ സമൂഹത്തിന് കാര്യങ്ങൾ പ്രവർത്തിക്കാൻ മാത്രമുള്ള കർതൃത്വാവകാശം നൽകുന്ന ഈ ചിന്ത ഉമ്മത്ത് എന്ന ചിന്തയെ അവഗണിക്കുന്നതു തന്നെയാണ്.

എല്ലാം രാഷ്ട്രകേന്ദ്രീകൃതമാക്കുന്ന പ്രവണത വ്യാപകമാവുകയും സമൂഹത്തിന് ഒന്നും ചെയ്യാനാവാതെ വരികയും ചെയ്യുമ്പോൾ നിഷ്ക്രിയരും നിസ്സഹായരുമായിത്തീരുന്നത് മില്ല്യൺ കണക്കിനു പ്രതിഭാധനരായ ആൾക്കാരാണ്. അതേസമയം, കാര്യങ്ങളെല്ലാം ഉമ്മത്ത് കേന്ദ്രീകൃതമാവുമ്പോൾ എല്ലാവർക്കും കൂടുതൽ അവസരങ്ങൾ കൈവരികയും രാഷ്ട്രമെന്ന സങ്കൽപനത്തിനു വെല്ലുവിളിയാകുന്നതിനു പകരം രാഷ്ട്രത്തിനു കൂടുതൽ കരുത്തു പകരുകയുമാണ് ചെയ്യുക അത്. ( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles