Current Date

Search
Close this search box.
Search
Close this search box.

കര്‍ഷക സമരത്തെ എതിരിടുന്ന സംഘ് ഭരണകൂടം

കഴിഞ്ഞ മൂന്നാഴ്ചയായി തലസ്ഥാന നഗരിയിലെ മരംകോച്ചുന്ന തണുപ്പിനെ വകവെക്കാതെ ശക്തമായ സരവുമായി രംഗത്തുളളവരാണ് രാജ്യത്തിന്റെ നെടുംതൂണായ കര്‍ഷകര്‍. കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമരം ചെയ്യുന്നത്. ഇതിനോടകം കേന്ദ്ര മന്ത്രിമാരടക്കമുള്ളവരോട് നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഒന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചില്ല. കര്‍ഷകര്‍ മുന്നോട്ടുവെച്ച ഒരു ആവശ്യവും പൂര്‍ണമായോ ഭാഗികമായോ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കാര്‍ഷിക നിയമങ്ങളില്‍ ചെറിയ മാറ്റം വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായിരുന്നു പ്രാരംഭ ഘട്ടം മുതല്‍ക്കേ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ കുതന്ത്രങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ കര്‍ഷക സംഘടനകള്‍ തങ്ങളുടെ ആവശ്യത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടു പോകില്ലെന്ന് തറപ്പിച്ചു പറഞ്ഞു. രാജ്യത്തെ കാര്‍ഷിക വിളകള്‍ കോര്‍പറേറ്റ് കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന നിയമം. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവിലയും തോന്നിയ പോലെയാകും. ഇത്തരത്തില്‍ കര്‍ഷകരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുന്ന കരിനിയമമാണ് മോദി-അദാനി-അംബാനി കൂട്ടുകെട്ടിലൂടെ ചുട്ടെടുത്തിരിക്കുന്നത്.

രാജ്യത്തെ കുത്തക വ്യാപാരികളായ റിലയന്‍സിനെയും ജിയോയെയും ബഹിഷ്‌കരിക്കാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പരമോന്നത ബഹുമതികളും അവാര്‍ഡുകളും തിരിച്ചുനല്‍കി സിനിമ-സാംസ്‌കാരിക-കായിക-സൈനിക രംഗത്തെ നിരവധി പ്രമുഖരും രംഗത്തെത്തി. സമരം ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. അമേരിക്കയടക്കം യൂറോപ്യന്‍ രാജ്യങ്ങള്‍ സമരത്തിന് പരസ്യ പിന്തുണ അര്‍പ്പിച്ച് രംഗത്തു വന്നിട്ടുണ്ട്.

സമരം നാള്‍ക്കുനാള്‍ പിന്നിടുമ്പോഴും സമരത്തിന്റെ തീവ്രത വര്‍ധിക്കുകയാണ് ചെയ്യുന്നത്. തലസ്ഥാന നഗരിയായ ഡല്‍ഹിയെ വളഞ്ഞ് പ്രധാന റോഡുകളടക്കം ഉപരോധിക്കുക എന്ന സമര രീതിയാണ് ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ കര്‍ഷകര്‍ കൈകൊള്ളുന്നത്. ഇതിനായി രാജ്യത്തെ മുഴുവന്‍ കര്‍ഷകരോടും ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലേക്കെത്താനാണ് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ നിന്നടക്കം കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകുകയാണ്. സമരത്തെ തടയിടാനാകാതെ വിയര്‍ക്കുകയാണ് പൊലിസും സുരക്ഷ സേനയും. ഇവര്‍ക്കു മുന്നില്‍ തങ്ങളുടെ പക്കലുള്ള ബാരിക്കേഡുകളും ജലപീരങ്കികളുമൊന്നും മതിയാകാതെ വരികയാണ് പൊലിസിന്.

ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളെല്ലാം കര്‍ഷകരുടെ ഉപരോധത്തിനു കീഴിലാണ്. പശുക്കളെയും കാളകളെയും എരുമകളെയും കൊണ്ടാണ് ഒരു കൂട്ടം കര്‍ഷകര്‍ സമരത്തിനെത്തിയത്. ആയിരത്തിലധികം പശുക്കള്‍ റോഡുകള്‍ കീഴടക്കിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും രണ്ടായിരത്തോളം വനിതകള്‍ സമരത്തില്‍ പങ്കെടുത്തതും മറ്റൊരു ചരിത്രമായി.

അതിനിടെ, സമരം ഒരുനിലക്കും തങ്ങളുടെ കൈപിടിയിലൊതുങ്ങില്ലെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാരും അനുയായികളും പതിവുപോലെ സമരത്തെ ഇല്ലാതാക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനും തുടങ്ങി. സി.എ.എ വിരുദ്ധ സമരത്തെ വര്‍ഗ്ഗീയ മുദ്രകുത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് സമാനമായ നീക്കങ്ങളാണ് കര്‍ഷക സമരത്തിനെതിരെയും അരങ്ങേറുന്നത്. സമരത്തിന് പിന്നില്‍ പാകിസ്താന്‍ തീവ്രവാദികളും ഖലിസ്ഥാന്‍ വാദികളാണെന്നുമുള്ള പ്രസ്താവന ഇതിനോടകം വന്നു കഴിഞ്ഞു. ദേശവിരുദ്ധരും തുക്‌ഡെ തുക്‌ഡെ സംഘങ്ങളുമാണ് സമരത്തെ നയിക്കുന്നതെന്നും കേന്ദ്രമന്ത്രിമാര്‍ വരെ ആരോപണമുന്നയിച്ചു. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹി കലാപം ആവര്‍ത്തിക്കുമെന്നും സംഘപരിവാരം ഭീഷണി മുഴക്കി.

അതേസമയം, സമരത്തെ തണുപ്പിക്കാനായി നിയമങ്ങളുടെ പേര് മാറ്റി തടിയൂരാനും സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തങ്ങള്‍ പിന്മാറില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. 20 ദിവസം പിന്നിട്ട സമരത്തിന്റെ ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. അതിനാല്‍ തന്നെ രാജ്യം ഇന്നുവരെ കാണാത്ത ഐതിഹാസികമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി ഇത് ചരിത്രത്തില്‍ രേഖപ്പടുത്തും എന്നതില്‍ സംശയമില്ല. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ ജനസ്വീകാര്യതയും ഇത് തന്നെയാണ് തെളിയിക്കുന്നത്. തങ്ങളുടെ ലക്ഷ്യം നേടിയെടുത്തിട്ടേ ദില്ലിയില്‍ നിന്നും മടങ്ങൂ എന്ന് ശപഥം ചെയ്ത രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ പ്രയത്‌നം പാഴാവില്ലെന്നു നമുക്ക് ഉറപ്പിച്ചു പറയാം.

 

Related Articles