Current Date

Search
Close this search box.
Search
Close this search box.

കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധം വകവെക്കാതെ ഈജിപ്തിലെ ഏകാധിപതി അബ്ദുൽഫത്താഹ് അൽ സീസിയെ സ്വീകരിക്കുകയും പരമോന്നത ഫ്രഞ്ച് ബഹുമതിയായ ലീജൻ ഓഫ് ഓണർ സമ്മാനിച്ച് പ്രസ്തുത അവാർഡിനെ നിന്ദിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നടപടി വിവാദമായിരുന്നു.

അൽ സിസിയെപ്പോലുള്ള ഭീകര ഭരണാധികാരിക്ക് സമ്മാനിച്ച അതേ അവാർഡ് തനിക്ക് വേണ്ടെന്ന് പറഞ്ഞ് അത് തിരിച്ചുനൽകിയിരിക്കുകയാണ് ഇറ്റാലിയൻ പത്രപ്രവർത്തകൻ കോറഡോ ഓഗിയാസ്. ലാ റിപ്പബ്ലിക്ക ദിനപത്രത്തിലെ ദീർഘകാല കോളമിസ്റ്റും യൂറോപ്യൻ പാർലമെന്റിൽ ഇറ്റലിയിലെ സെന്റർ ലെഫ്റ്റ് പാർട്ടിയുടെ പ്രതിനിധിയുമായിരുന്ന ഓഗിയാസ് 2007ൽ ലഭിച്ച ബഹുമതിയാണ് തിരിച്ചുനൽകിയത്.

ഇറ്റാലിയൻ പൗരനും റിസേർച്ച് വിദ്യാർഥിയുമായ ഗിലിയോ റെഗനിയെ 2016ൽ കൈറോയിൽ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ അൽ സീസിക്കും അയാളുടെ സുരക്ഷാ ഏജന്റുമാർക്കും പങ്കുണ്ടായിരുന്നുവെന്ന് ഓഗിയാസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പങ്കുള്ള ഈജിപ്ഷ്യൻ സുരക്ഷ സേനയിലെ നാല് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞയാഴ്ചയാണ് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയത്.

Also read: ആറടി മണ്ണ് യാചിക്കേണ്ടി വന്ന രാജാവ്

ഫ്രഞ്ച് യുദ്ധനായകർ, എഴുത്തുകാർ, ആർട്ടിസ്റ്റുകൾ, വ്യവസായികൾ എന്നിവർക്കാണ് പരമോന്നത ബഹുമതിയായ ‘ലീജൻ ഓഫ് ഓണർ’ സമ്മാനിക്കാറുള്ളത്. എന്നാൽ, ബശ്ശാറുൽ അസദ്, വ്‌ളാദിമിർ പുട്ടിൻ തുടങ്ങിയ വിവാദ നേതാക്കൾക്കും ഈ അവാർഡ് നൽകിയിട്ടുണ്ട്. ഏകാധിപതിയായ അസദ് 2001ൽ അവാർഡ് സ്വീകരിക്കുമ്പോൾ സിറിയയിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിരുന്നില്ല എന്നെങ്കിലും ന്യായം പറയാം.

അൽ സിസി ഭരണത്തിൽ വിവിധ ഈജിപ്ഷ്യൻ ജയിലുകളിലായി 60,000ത്തിലേറെ രാഷ്ട്രീയ തടവുകാർ വിചാരണ പോലുമില്ലാതെ പീഡിപ്പിക്കപ്പെടുമ്പോഴാണ് മക്രോണിനെപ്പോലുള്ളവർ മനുഷ്യപ്പിശാചുക്കളായ ഇത്തരം ഭരണാധികാരികൾക്ക് വിടുവേല ചെയ്യുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 57 പേരെയാണ് അൽസീസി ഭരണകൂടം തൂക്കിലേറ്റിയത്! ഇതിൽ 49 പേരുടെ ശിക്ഷ നടപ്പാക്കിയത് വെറും പത്തു ദിവസത്തിനിടയിലും !!

സീസിയെ വെള്ളപൂശിയ മക്രോൺ, ഈജിപ്തിന് ആയുധം വിൽക്കുന്ന കാര്യത്തിൽ ആ രാജ്യത്തിന്റെ മനുഷ്യാവകാശ റെക്കോർഡ് നോക്കേണ്ട കാര്യം തനിക്കില്ലെന്ന ധിക്കാരപരമായ പ്രസ്താവനയും നടത്തിയിരുന്നു. എന്തായാലും കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്.

Related Articles