Current Date

Search
Close this search box.
Search
Close this search box.

വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികജീവിതം

മനുഷ്യൻ ഒരു സാമൂഹിക ജീവിയായിട്ടാണല്ലോ അറിയപ്പെടുന്നത്. ഒരാൾക്ക് വ്യക്തിജീവിതവും കുടുംബജീവിതവും പോലെ തന്നെ മുഖ്യമായ ഒന്നാണ് സാമൂഹികജീവിതവും. അതിനാൽ ആരോഗ്യകരമായ നല്ലൊരു സാമൂഹികജീവിതം കൂടി ഒരു വ്യക്തിയ്ക്ക് കെട്ടിപ്പടുക്കാൻ കഴിയുമ്പോൾ അയാളിലെ വ്യക്തിത്വം ഉന്നതവും അത്യാകർഷണീയവുമായി മാറും. സഹജീവികളുമായിട്ട് സൗഹൃദനിലപാടോടെയും സാഹോദര്യത്തോടെയും നിത്യേനെയുള്ള ഒട്ടനവധി വ്യവഹാരങ്ങളിലും ക്രയവിക്രയങ്ങളിലും ഏർപ്പെടുമ്പോൾ സംജാതമായി വരുന്ന ഒന്നാണ് ഇത്. പരസ്പരസഹായവും പര്സപരാശ്രയവുമില്ലാതെ തനിച്ച് ജീവിക്കാൻ ഈ ഭൂമുഖത്ത് ഒരു മനുഷ്യനും കഴിയില്ല. ഉണ്ടെങ്കിൽ തന്നെ അയാളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസാധാരണത്വവും ഒട്ടേറെ വൈചിത്ര്യങ്ങളും ദൃശ്യമായെന്ന് വരും. പൊതുജനത്തിന് മുന്നിൽ ഒരുപക്ഷെ ഒരു നോട്ടപ്പുള്ളിയോ, പ്രതിഭാസമോ ആയി ചിത്രീകരിക്കപ്പെടുകയും ചെയ്യും. ഒരു തരം സംശയദൃഷ്ടിയോടെ അവരെ നിരീക്ഷിക്കുന്നതും സ്വാഭാവികം.

അതേപോലെ ഇപ്പറയുന്ന പോലെയുള്ള ഏകാന്തജീവിതം മനുഷ്യരുടെ പ്രകൃതത്തിനും നിലനിൽപ്പിനും ചേർന്നതല്ലാത്തതിനാൽ അത് അയാളിലെ മാനസിക സംതുലിതാവസ്ഥയ്ക്കും അതിജീവനത്തിനുമെല്ലാം കോട്ടം വരുത്താനുമിടയുണ്ട്. മാത്രമല്ല യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഏകാന്ത ജീവിതം മനുഷ്യനെ നിരർത്ഥകമായതോ, ലക്ഷ്യമില്ലാത്തതോ, ചിട്ടകളില്ലാത്തതോ ആയ അലഞ്ഞുതിരിച്ചിലിലേയ്ക്ക് എത്തിക്കും. പ്രാചീന കാലം മുതൽക്കേ മനുഷ്യർ ഒരു പ്രത്യേക ഇടം കണ്ടുപിടിച്ച് തമ്പടിച്ച് കൂട്ടമായി നിലയുറപ്പിക്കാൻ നിമിത്തമായത് ഇപ്പറയുന്ന പരസ്പരാശ്രയത്വവും അത്യാപത്തുകളിൽ നിന്ന് രക്ഷപ്പെടാനും സ്വയരക്ഷയ്ക്കും വേണ്ടിയാണ്. സംഘം ചേർന്നുള്ള നടപ്പും അതോടൊപ്പം മാനവ വംശത്തെ നിലനിർത്തിക്കൊണ്ടു പോകാനുള്ള അവന്റെയും അവളുടെയുമുള്ളിലെ പ്രകൃതിപരവും അല്ലെങ്കിൽ ജൈവീകപരവുമായ ത്വരയും ഇവയെല്ലാം മനുഷ്യർക്ക് ഒരർത്ഥത്തിൽ സഹായകമായി തീർന്നു.

Also read: കോറഡോ ഓഗിയാസിന് ഒരു ബിഗ് സല്യൂട്ട്

തനിയ്ക്ക് പ്രിയപ്പെട്ടവർ നൽകുന്ന പരിചരണത്തിൽ നിന്നും സുരക്ഷിതത്വത്തിൽ നിന്നും അകന്നുപോകുമ്പോഴുണ്ടാകുന്ന ഭീതി അതിലേറെ വലുതാണെന്ന് അവർ തിരിച്ചറിഞ്ഞു. ജീവിതം കൈവിട്ടുപോകുമെന്ന തോന്നലിലും താൻ തളർന്നുപോകുന്ന അവസരങ്ങളിലും രോഗംകൊണ്ട് ബുദ്ധിമുട്ടുമ്പോഴൊക്കെ തനിയ്ക്ക് ആരുണ്ടാവും? കഷ്ടപ്പെട്ടുപോകില്ലേ? നരകിക്കേണ്ടി വരില്ലേ? തന്റെ ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ ഇവർക്കെല്ലാം താൻ ഇല്ലെങ്കിൽ പിന്നെ ആരാണ് ഉണ്ടാവുക? ഇങ്ങനെയുള്ള ആധിയും ചിന്തകളൊക്കെ സ്വന്തം പരിവാരത്തെ ചേർത്ത് പിടിക്കാനായി മനുഷ്യന്റെയുള്ളിൽ നിരന്തരം ജാഗ്രത ഉണർത്തുകയും എന്നത്തേയ്ക്കുമായി ബന്ധങ്ങളെ ചേർത്ത് പിടിക്കാനുള്ള പ്രേരണയുമാകുന്നുണ്ട്.

അതേപോലെ തന്റേതെന്ന് വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെ ഒരാളെ ആർക്കും വിട്ടകൊടുക്കാതെ ചേർത്ത് നിർത്തുന്ന സ്വഭാവവും നാം മൻഷ്യർക്ക് ഉണ്ട്. അവരുടെ ജീവിതത്തിലും മനസ്സിലും തനിയ്ക്ക് ലഭിക്കുന്ന സ്ഥാനം മറ്റൊരാൾ കവർന്നെടുക്കുന്നതിനെയും ഭയക്കുന്നുണ്ട്. ഇത്തരം സ്വാർത്ഥപരമായ ചിന്തകൾക്ക് ദോഷകരമായ ചില വശങ്ങളും കണ്ടെത്താൻ സാധിക്കുമെങ്കിലും മനുഷ്യരുടെ നിലനിൽപിനെ സഹായിക്കുന്നതിൽ സ്വാർത്ഥതയ്ക്കും മുഖ്യമായ ഒരു പങ്കുണ്ട്. അതേസമയം ഒരാൾ ജീവിതത്തിൽ നിരുപാധികം പാലിച്ചുപോരുന്ന നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും മര്യാദകളും ഒരു സോഷ്യൽ അക്സെപ്റ്റൻസ് കിട്ടാൻ വേണ്ടിയാണ്. സാമൂഹിക അംഗീകാരത്തിനുള്ള തീവ്രമായ അഭിലാഷവും ഓരോ വ്യക്തിയിലുണ്ട്. ഇത് സസൂക്ഷ്മം നിരീക്ഷിച്ചാൽ വളരെ കൊച്ചുകുട്ടികളിൽ പോലും കാണാം. സോഷ്യൽ അക്സെപ്റ്റൻസ് കിട്ടാതെ പോകുന്നതും അവഗണനയിൽ ജീവിക്കേണ്ടി വരുന്നതും മനുഷ്യന്റെ വ്യക്തിത്വത്തെ ആഴത്തിൽ നെഗറ്റീവായിട്ട് ബാധിക്കും.

പരസ്പരം സഹകരിച്ചും ആപത്ഘട്ടങ്ങളിൽ ഒറ്റക്കെട്ടായി നിന്നും മുന്നോട്ട് പോകുന്നതിലൂടെയല്ലാതെ സുഗമമായൊരു ജീവിതം മനുഷ്യന് ഭൂമിയിൽ സാധ്യമല്ല എന്ന് സത്യത്തിൽ മനുഷ്യർ സ്വയം തന്നെ തിരിച്ചറിയുകയാണ് ഉണ്ടായത്. കാരണം മറ്റുള്ള മൃഗങ്ങളെപ്പോലെയല്ലല്ലോ മനുഷ്യർ. ഭൂമിയിൽ കുഞ്ഞുപൈതലായി പിറവിയെടുക്കുന്നത് മുതൽക്കേ മനുഷ്യർ അതിജീവനത്തിനായി അച്ഛനമ്മമാരെയോ, അവർക്ക് സ്ഥാനതുല്യരായി കാണാൻ പറ്റുന്ന മറ്റുള്ള മുതിർന്നവരെയോ ആശ്രയിക്കേണ്ടി വരുന്നു. ഇതിൽ നിന്നൊക്കെ വായിച്ചെടുക്കാവുന്ന ഒരു കാര്യം പരാശ്രയമില്ലാതെ മനുഷ്യർക്ക് ഇവിടെ ജീവിതം സാധ്യമല്ല എന്ന് തന്നെയാണ്.

Also read: പൊട്ടക്കിണറ്റിൽ വെച്ച് പത്ത് ഗ്രന്ഥങ്ങൾ

ഓരോരോ ഗ്രൂപ്പുകളായി തിരിഞ്ഞ മനുഷ്യർ നിറത്തിലും രൂപത്തിലും കാഴ്ചയിലും സംസ്ക്കാരത്തിലും ഭാഷയിലും സമാനത പുലർത്തുന്നവരോ, ഒരേ പ്രദേശവാസികളോ, ഒരേ കുലത്തിലോ ജാതിയിലോ, മതത്തിലോ പിറന്നവരൊക്കെ ആയിരുന്നു. ഒരേ ഗോത്രങ്ങളായി, വംശങ്ങളായി ജീവിച്ച് സാമൂഹികപരിതസ്ഥിതി രൂപപ്പെടുത്തി, ഗോത്ര നിയമങ്ങളെ പിന്തുടർന്ന് ഗോത്രതലവന്മാരുടെ ആജ്ഞകൾ സ്വീകരിച്ച് കൂട്ടം കൂടി ജീവിച്ച മനുഷ്യരിൽ കാലാന്തരത്തിൽ മാനസിക പരിണാമങ്ങൾ സംഭവിക്കുകയും ബൗദ്ധികവിദ്യാഭ്യാസത്തിലൂടെ വ്യക്തിയ്ക്ക് സമൂഹത്തിലുള്ള പ്രാധാന്യം തിരിച്ചറിയുകയും സാമൂഹികവും അതേസമയം വ്യക്തിഗതവുമായ ചിന്തകളിലൂടെ അവനവനെ പ്രബുദ്ധതയിലേക്ക് നയിക്കുകയും സ്വയം പരിഷ്ക്കരിക്കപെടുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.

സംഘം ചേർന്ന് ജീവിക്കുന്നു എന്നതിനർത്ഥം ഒരിക്കലും തനിച്ച് ജീവിതത്തെ നേരിടാനോ, കഴിവ് തെളിയിക്കാനോ ഒരു വ്യക്തിയ്ക്ക് കഴിയില്ല അല്ലെങ്കിൽ കഴിവുകൾ ഇല്ല എന്നൊന്നുമല്ല. എന്നാൽ മനുഷ്യർ പല തരത്തിലും പല അർത്ഥത്തിലും അന്യോന്യം ആശ്രയിക്കുന്നുണ്ട്. അവരിലെ അടിസ്ഥാനപരമായ സഹജവാസനകളിൽ ഒന്നോ ജന്യമായ സ്വഭാവഗുണങ്ങളിൽ ഒന്നൊക്കെയായി ഇതിനെ പറയാം. അതേപോലെ വൈകാരികമായ പിന്തുണയും സപ്പോർടും മനുഷ്യന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതവും ഒഴിച്ചുകൂടാൻ പറ്റാത്തതുമായ ഒന്നാണ്. സുരക്ഷിതത്വബോധത്തോടെയും തന്റെ സ്വന്തക്കാർക്കിടയിൽ അന്യതാബോധം ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉൾഭയത്താൽ ഒരു വ്യക്തി പലവിധ മാനസിക പിരിമുറുക്കങ്ങളിലൂടെയും കടന്ന് പോകുകയും ചിലപ്പോൾ സ്വന്തം ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. ബന്ധങ്ങൾക്കിടയിൽ ശക്തമായൊരു ബോണ്ട് രൂപപ്പെട്ടുവരുന്നത് രണ്ടു വ്യക്തികൾക്കിടയിലെ വൈകാരികമായ അടുപ്പം ശക്തമാവുമ്പോഴാണ്. താൻ തനിച്ചല്ല എന്ന ബോധം ഉള്ളിൽ ഉണ്ടാവുമ്പോഴാണ് ഏത് മനുഷ്യനും അതിയായ സുരക്ഷിതത്വം ഫീൽ ചെയ്യുന്നതും.

വൈകാരികതയെ എപ്പോഴും സ്വഭാവികതയോടെയും സത്യസന്ധമായും തന്നെ പ്രകടിപ്പിക്കുമ്പോഴാണ് മനോഹരമാവുന്നത്, അതേപോലെ ബന്ധങ്ങളിൽ സംതൃപ്തി ലഭിക്കുന്നതും അപ്പോഴാണ്. വൈകാരികമായ പിന്തുണ കൃത്യതയോടെ ലഭ്യമായിക്കൊണ്ട് വളർന്നു വന്ന കുഞ്ഞുങ്ങൾക്ക് ഏത് സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തും ചങ്കൂറ്റവും ഉണ്ടാവും. ഇമോഷണലി ഒറ്റപ്പെടുമ്പോഴാണ് മനുഷ്യർ മാനസികമായി തകർന്ന് പോകുന്നത്. നല്ല സൗഹൃദങ്ങളും ഇത്തരം സാഹചര്യങ്ങളിൽ അതിയായ പ്രയോജനം ചെയ്യും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് അതാത് പ്രായത്തിന് ഒത്തവരെയും അതേപോലെ ചിന്തകൾ, ജീവിതരീതി, നിലപാടുകൾ ഇവയൊക്കെയായി പൊരുത്തപെട്ടുപോകാൻ കഴിയുന്നവരുമായിട്ടായിരിക്കണം. രക്ഷിതാക്കൾ മക്കൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകണം.

Also read: സഞ്ചാര സാഹിത്യം തുറക്കുന്ന വൈജ്ഞാനിക സാധ്യതകള്‍

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾക്കും തദനുസൃതമായ, സ്വന്തം പ്രായത്തിനൊത്ത സുഹൃത്തുക്കൾ ഉണ്ടാവുന്നതും നല്ലൊരു സോഷ്യൽ ലൈഫ് അല്ലെങ്കിൽ സാമൂഹിക ജീവിതം ഉണ്ടാവുന്നതോടൊപ്പം അനുയോജ്യമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയുന്നതും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു നേട്ടം തന്നെയാണ്. ബൗദ്ധികപരമായി ഉയർന്ന് ചിന്തിക്കാൻ കഴിയുന്ന, ഉന്നതമായ കാഴ്ചപാടുകളും നിലപാടുകളുമുള്ള വ്യക്തികൾക്ക് ഇതെല്ലാം അനായാസം നേടിയെടുക്കാവുന്നതെ ഉള്ളൂ. കാരണം കുടുംബ, സാമൂഹികമൂല്യങ്ങളാണ് എപ്പോഴും ഇവയുടെയെല്ലാം അടിസ്ഥാനം. ഉന്നതമായ കാഴ്ചപ്പാട് അല്ലെങ്കിൽ നിലപാട് എന്നൊക്കെ വെച്ചാൽ മാനവികതയിലൂന്നിയ ചിന്തകളും കാഴ്ചപ്പാടുകളും തന്നെയാണ്, ഇതൊന്നും ഒരു മനുഷ്യനും അപ്രാപ്യമായ ഒന്നല്ല എന്ന് സുവ്യക്തം. ആത്മബോധവും അല്ലെങ്കിൽ വ്യക്തിത്വബോധവും ഒരാളെ നല്ലൊരു സാമൂഹികാവബോധമുള്ള ജീവിയാക്കി മാറ്റും.

കുടുംബത്തിനകത്തും തന്നെ വ്യക്തികൾക്ക് നല്ലൊരു സുരക്ഷിതത്വം ലഭിക്കുന്നുണ്ടെങ്കിൽ താൻ തനിച്ചല്ല, തനിയ്ക്ക് തന്റേതെന്ന് പറയാനും തന്റെ അവസ്ഥകളും കാര്യങ്ങളും അന്വേഷിക്കാനും വേണ്ടത് ചെയ്ത് തരാനും ആരൊക്കെയോ ഉണ്ടെന്ന ഒരു തോന്നലും ബോധവും കൂട്ടിന് ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ അതിവേഗം ഒരാളിലേക്ക് ഏകാന്തതയും അരക്ഷിതബോധവും മാനസിക വിഭ്രാന്തിയും പടർന്ന് പിടിക്കുന്നത് കണ്ടേക്കാം. ഒറ്റപ്പെടുന്നതിനെ ഭയന്ന് പലപ്പോഴും ജീവിതത്തിൽ പതിവിൽ കവിഞ്ഞ വിട്ടുവീഴ്ചകൾക്ക് വരെ ആളുകൾ തയാറാവുന്നത് ഇന്നും സർവ്വസാധാരണമാണ്. ഒറ്റപ്പെടലിനെ ഭീതിയോടെ കാണുന്നതിനാൽ ആരും ആരെയും അധികം വെറുപ്പിച്ച് നിർത്താൻ ധൈര്യപ്പെടുന്നില്ല എന്ന് സാരം. ഇത്തരം വിട്ടുവീഴ്ചകൾ അതിരുവിട്ട ആശ്രിതത്വം അല്ലെങ്കിൽ വിധേയത്വമായി മാറുന്നതും സ്വാഭാവികം. മിക്കപ്പോഴും ആത്മവിശ്വാസക്കുറവാണ് അതിനൊക്കെ വലിയൊരു ഹേതുവായി മാറുന്നത്.

അവഗണന അത്യധികം വേദനാജനകമായ ഒന്നാണ്. കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അവഗണന അസഹ്യമായി തോന്നാറുണ്ട്. എന്തിനേറെ പറയുന്നു അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ ശ്രദ്ധ തന്റെ നേരെ ആകർഷിക്കാനും സദാസമയവും സ്നേഹിക്കപ്പെടാനും കെയർചെയ്യപ്പെടാനുമുള്ള കുഞ്ഞിന്റെയുള്ളിലെ അടങ്ങാത്ത അഭിനിവേശമാണ് ഒച്ചവെച്ചു കരയാൻ പ്രേരകമാവുന്നത്. അപ്പോഴത്തേക്കും അമ്മ കുഞ്ഞിനെ കംഫർട് ലെവലിൽ കൊണ്ടുവരാനുള്ള വഴികൾ തേടും. താൻ ആഗ്രഹിച്ച കാര്യം നടക്കുന്നില്ലെന്നു കാണുമ്പോൾ അടങ്ങാത്ത വാശിയിൽ ചിലപ്പോഴെല്ലാം കുട്ടികൾ വിചിത്രമായ സ്വഭാവരീതികൾ കാണിക്കലും പതിവാണ്. അതേപോലെ മൃതപ്രായരായ മനുഷ്യരെ കണ്ടിട്ടില്ലേ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന അവസ്ഥയിൽ യുക്തിയ്ക്കും സാമാന്യബുദ്ധിക്കും നിരക്കാത്ത വിധം വളരെ അപക്വമായ കാര്യങ്ങൾ ചെയ്തുവെയ്ക്കുന്നത്. കാണുമ്പോൾ ഒരുപക്ഷേ നമുക്ക് ശുണ്ഠി വരുമെങ്കിലും അതിനൊക്കെ പിന്നിൽ ഓരോരോ മനഃശാസ്ത്രപരമായ വശങ്ങൾ ഉണ്ട്. Attention seeking അഥവാ ശ്രദ്ധയാകർഷിക്കൽ ആണ് അത്.

Also read: ആറടി മണ്ണ് യാചിക്കേണ്ടി വന്ന രാജാവ്

അരക്ഷിതബോധത്തിന്റെ നിഴലിൽ ഒറ്റപ്പെടുന്ന മനുഷ്യർ ഒരുപക്ഷേ സൗഹൃദം, കുടുംബ ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ നിലനിർത്തേണ്ടതിന്റെ യഥാർത്ഥ ആവശ്യകത തിരിച്ചറിയാൻ സാധിക്കാതെ പോയവരോ, ഒരു കാലത്ത് ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ തയാറാവാതെ അവയെ വിലകുറച്ച് കാണിച്ചവരോ, സർവ്വരാലും അവഗണിക്കപ്പെട്ടവരൊക്കെ ആവാം. സ്വന്തം അപരാധിത്വവും പിഴവുകളും മറച്ചുവെച്ച് തനിയ്ക്ക് തെറ്റൊന്നും പറ്റിയില്ല എന്ന വാദം നിരത്താനുള്ള ശ്രമത്തിലാവും അതിനിടയിലും ചിലർ. പക്ഷെ നഷ്ടം സ്വന്തം ജീവിതത്തിൽ പേറുമ്പോൾ എന്തൊക്കെ പറഞ്ഞാലും നഷ്ടം നഷ്ടം തന്നെയല്ലേ. ബന്ധങ്ങളെ മുറുകെ പിടിക്കാൻ സ്വയം മറക്കാതിരിക്കുക എന്ന ബാദ്ധ്യത ഓരോ മനുഷ്യനിലും അധിഷ്ഠിതമായിട്ടും നാം തിരിച്ചറിയുന്നില്ലെങ്കിൽ പരാജയം തന്നെ. നല്ല ബന്ധങ്ങൾ എന്നുമെന്നും വലിയൊരു അനുഗ്രഹമാണ്. അത് എന്നും എവിടെയും സംതൃപ്തിയും ശാന്തിയും സുരക്ഷിതത്വവും പകരും.

Related Articles