Current Date

Search
Close this search box.
Search
Close this search box.

എന്നെ വേട്ടയാടിയ ബ്രിട്ടീഷ് ഭീകരനിയമങ്ങൾ

“ഭീകരവിരുദ്ധ യുദ്ധ”ത്തിന്റെ അനീതികൾ അവസാനിപ്പിക്കാനും ഇരകൾക്ക് നീതി ലഭിക്കാനും വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയായ CAGE, ബ്രിട്ടീഷ് നിയമ ചരിത്രത്തിലെ ഒരു നിർണായകസന്ധിയായ ‘ടെററിസം ആക്ട് 2000’ത്തിന്റെ ഇരുപതാം വാർഷികം അടയാളപ്പെടുത്തി കൊണ്ട് “20 Years of TACT: Justice under Threat” എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

2000 ജൂലൈ മുതൽക്ക് ഓരോ വർഷവും ബ്രിട്ടീഷ് നിയമനിർമാതാക്കളും പോലീസും ജഡ്ജിമാരും പുതിയ ഭീകരവാദ നിയമങ്ങൾ ഉണ്ടാക്കുകയും വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

2005ൽ ഗ്വാണ്ടനാമോയിൽ നിന്ന് ഞാൻ തിരിച്ചെത്തിയതിനു ശേഷം, ഭീകരവിരുദ്ധ നിയമങ്ങളോടുള്ള ബ്രിട്ടന്റെ ആസക്തിയുടെ അനന്തരഫലങ്ങൾ ഞാൻ ഡോക്യുമെന്റ് ചെയ്യുകയും ഉയർത്തിക്കാട്ടുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, CAGEമായി ബന്ധപ്പെടുന്ന എണ്ണമറ്റ ആളുകളുടെ കഥകളിലൂടെ മാത്രമല്ല, എന്റെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും അതു കടന്നുപോകുന്നുണ്ട്.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ 15 വർഷത്തോളം, ഭീകരവിരുദ്ധ യുദ്ധത്തെ സംബന്ധിച്ച എന്റെ അനുഭവങ്ങളെയും വിശകലനങ്ങളെയും കുറിച്ച് സർവകലാശാലകളിലെയും മറ്റു സ്ഥാപനങ്ങളിലെയും അക്കാദമിക്കുകൾ, അഭിഭാഷകർ, സാമൂഹ്യപ്രവർത്തകർ എന്നിവരോടൊത്ത് ഞാൻ സംസാരിച്ചിട്ടുണ്ട്. എന്റെ സഹപ്രവർത്തകർ അവരുടെ തൊഴിൽ പദവികളാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തപ്പെടുമ്പോൾ, ചില സമയങ്ങളിൽ ഒരു “മുഴുസമയ ഭീകരവാദി” എന്ന നിലയിലാണ് ഞാൻ പരിചയപ്പെടുത്തപ്പെടാറ്.

ഇത് കേൾക്കുമ്പോൾ ആളുകൾ ചിരിക്കാറാണ് പതിവ് – ഇതൊരു വിരോധാഭാസം തന്നെയാണ്- എന്നാൽ, അതൊരു തമാശ മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകാറുണ്ട്.

1999-ലാണ്, ഭീകര വിരുദ്ധ പോലീസിനെയും MI5 ഏജന്റുമാരെയും ഞാൻ ആദ്യമായി കാണുന്നത്, അവർ എന്റെ വീട്ടിലേക്ക് വന്നു, ലണ്ടനിൽ താമസിച്ചിരുന്ന എന്റെ മൊറോക്കൻ സുഹൃത്ത് ഫരീദ് ഹിലാലിയെ കുറിച്ച് എന്നോട് ചോദിച്ചു. ബ്രിട്ടീഷ് പങ്കാളിത്തത്തോടെ, യു.എ.ഇ-യിൽ വെച്ച് തടവിലാക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്ത ഫരീദ് ഹിലാലി, നിയമ സഹായം ചോദിച്ചു കൊണ്ട് അവിടെ നിന്നും എനിക്ക് കത്തെഴുതിയിരുന്നു.

2000 ഫെബ്രുവരി മാസത്തിൽ, അസംഖ്യം പോലീസുകാർ എന്റെ വീട് റെയ്ഡ് ചെയ്യുകയും തിരയുകയും ചെയ്ത ശേഷം ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നെ പോലെ തന്നെ, എന്താണ് തിരയുന്നതെന്ന് പോലീസുകാർക്കും അറിയില്ലായിരുന്നു, എന്നാൽ നീണ്ട 20 വർഷക്കാലം നീണ്ടു നിന്ന ഒട്ടനവധി റെയ്ഡുകളിൽ ആദ്യത്തേതു മാത്രമായിരുന്നു അത്. ചുമത്തിയ കുറ്റങ്ങൾ എടുത്തുകളയപ്പെട്ടെങ്കിലും, സംശയമുനകൾ അങ്ങനെ തന്നെ നിലനിന്നു.

2001-ൽ, പാകിസ്ഥാനിൽ വെച്ച് ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് ഞാൻ തട്ടിക്കൊണ്ടുപോകപ്പെട്ടു, ശേഷം ഇസ്ലാമാബാദ്, കാണ്ഡഹാർ, ബഗ്രാം, ഗ്വാണ്ടാനമോ എന്നിവിടങ്ങളിൽ വെച്ച് ക്രൂരമായി പീഢിപ്പിക്കപ്പെടുമ്പോൾ, നേരത്തെ ഇംഗ്ലണ്ടിലെ വീട്ടിൽ വന്ന് റെയ്ഡ് നടത്തിയ അതേ MI5 ഏജന്റുമാരോടൊപ്പം ചോദ്യം ചെയ്യാനായി സി.എ.എയും യു.എസ് മിലിറ്ററിയും ഉണ്ടായിരുന്നു.

Also read: റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

2005ൽ, ഗ്വാണ്ടാനമോയിൽ നിന്ന് യാതൊരു കുറ്റവും ചാർത്തപ്പെടാതെ ഞാൻ മോചിപ്പിക്കപ്പെട്ടു, എന്നാൽ എന്നെ ലണ്ടനിലേക്ക് തിരികെ കൊണ്ടു വന്ന റോയൽ എയർഫോഴ്സ് വിമാനം ലാൻഡ് ചെയ്ത ഉടനെ തന്നെ ഭീകരവാദത്തിന്റെ പേരിൽ വിമാനത്തിൽ വെച്ച് തന്നെ ഞാൻ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. നാട്ടിലെത്തിയ ആദ്യ രാത്രി ഒരു പോലീസ് സെല്ലിലാണ് ഞാൻ ചെലവഴിച്ചത്, പക്ഷേ പിന്നേറ്റ് യാതൊരു കുറ്റവും ചുമത്താതെ എന്നെ വിട്ടയച്ചു, ഒടുവിൽ കുടുംബവുമായി വീണ്ടും ഒന്നിച്ചു.

എന്നാൽ അടുത്ത ദിവസം എനിക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഒരു കത്ത് ലഭിച്ചു, “റോയൽ പ്രിറൊഗറ്റീവ്” (Royal Prerogative) പ്രകാരം എന്റെ പാസ്പോർട്ട് റദ്ദാക്കപ്പെടുന്നതുമായി ബന്ധപ്പെട്ടായിരുന്നു കത്തിന്റെ ഉള്ളടക്കം. “സുരക്ഷാ” ആശങ്കകൾ കാരണം ഒരു വ്യക്തിയെ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കാൻ ആഭ്യന്തര സെകട്ടറിക്ക് അനുവാദം നൽകുന്ന പുരാതനമായ ഒരു രാജകീയ അധികാരമാണ് “റോയൽ പ്രിറൊഗറ്റീവ്”.

അടുത്ത മൂന്ന് വർഷത്തേക്ക്, എന്റെ ജീവിതകഥ പറയാനും മറ്റുള്ളവർക്കു വേണ്ടി പ്രചാരണം നടത്താനുമുള്ള ശ്രമങ്ങൾ ഞാൻ ആരംഭിച്ചു – ഗ്വാണ്ടാനമോക്കും പീഡനങ്ങളിലെ ബ്രിട്ടീഷ് പങ്കാളിത്തത്തിനും എതിരെ മാത്രമല്ല, മറിച്ച് അടിയന്തര ഭീകരവിരുദ്ധ നിയമങ്ങളുടെ കീഴിൽ എച്ച്.എം.പി ബെൽമാർഷ് ജയിലിൽ വിചാരണയില്ലാതെ കഴിയുന്ന പശ്ചിമേഷ്യൻ പുരുഷൻ ബ്രിട്ടനിലെ ഭീകരവിരുദ്ധ നിയമങ്ങൾക്കെതിരെയും കൂടിയായിരുന്നു അത്.

ഗ്വാണ്ടാനമോയിൽ നിന്ന് ഞാൻ തിരിച്ചെത്തിയ ദിവസം, എന്റെ അഭിഭാഷകനായ ഗാരെത് പിയേഴ്സിന് എന്നെ സന്ദർശിച്ചതിന് ശേഷം തിരക്കിട്ട് പോകേണ്ടി വന്നു, കാരണം പ്രസ്തുത നിയമങ്ങൾ മൂലം തടവിലാക്കപ്പെട്ട 13 പേർക്കെതിരായ കോടതി വിധി അന്ന് വരാനിരിക്കുന്നുണ്ടായിരുന്നു.

Also read: വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ ബ്രെയിനിന്റെ പങ്ക്

9/11 ആക്രമണത്തിനു ശേഷം, ഭീകരവാദ കേസുകളിൽ സംശയിക്കപ്പെടുന്ന വിദേശികളെ വിചാരണ കൂടാതെ ഏകപക്ഷീയമായി തടങ്കലിൽ വെക്കാൻ ആഭ്യന്തര സെക്രട്ടറിയെ അനുവദിക്കുന്നതിനായി The Crime and Security Act (2001) പാർലമെന്റ് അതിവേഗം പാസാക്കി. മൂന്നു വർഷമെടുത്തെങ്കിലും, അത്തരത്തിലുള്ള തടങ്കൽ നിയമവിരുദ്ധമാണെന്ന് ഹൗസ് ഓഫ് ലോഡ്സ് വിധിച്ചു. നിയമത്തിന്റെ വിവേചനപരമായ സ്വഭാവവും സ്വാതന്ത്ര്യത്തിനുള്ള അവകാശം നഷ്ടപ്പെടുന്നതും അടിസ്ഥാനമാക്കിയായിരുന്നു പ്രസ്തുത വിധി.

എന്നിരുന്നാലും, കൂടുതൽ നിയമങ്ങൾ തുടർന്നും വന്നുകൊണ്ടിരുന്നു, മുമ്പ് കുറ്റവിമുക്തരാക്കപ്പെട്ട അതേ ആളുകൾ വീണ്ടും കുറ്റവാളികളായി തടങ്കലിൽ വെക്കപ്പെട്ടു. അൾജീരിയ, ലിബിയ, ഈജിപ്ത്, ജോർദാൻ പോലെയുള്ള രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളെ ഉപയോഗിച്ച്, പീഢന മർദനങ്ങളിലൂടെ പറയിപ്പിക്കുന്ന, പുറത്തെടുക്കുന്ന രഹസ്യ തെളിവുകളാണ് ബ്രിട്ടീഷ് കോടതികളിൽ സമർപ്പിക്കപ്പെട്ടത്.

2008ൽ, എനിക്കെന്റെ പാസ്പോർട്ട് തിരികെ ലഭിച്ചു, ശേഷം എന്റെ കഥ പറഞ്ഞും, മറ്റുള്ളവരുടേത് അന്വേഷിച്ചും ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. 2010ൽ, ഞാൻ പാകിസ്ഥാനിലെ എന്റെ വീട്ടിലേക്ക് തിരികെ പോയി, അവിടെ വെച്ചാണ് എന്നെ അവർ തട്ടിക്കൊണ്ടുപോയത്, ആ രാത്രിയെ കുറിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്.

പീഢനത്തെ ഭയന്ന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത ഗ്വാണ്ടാനമോ തടവുകാർക്ക് അഭയം തേടി കൊണ്ട് ഞാൻ യൂറോപ്യൻ നേതാക്കളെ സന്ദർശിക്കാൻ പോയിരുന്നു- ആ തടവുകാരിൽ ഏറെപേരും അറബ് ലോകത്തിൽ നിന്നുള്ളവരാണ്.

2012ൽ, ഭീകരവിരുദ്ധ യുദ്ധത്തിൽ ബ്രിട്ടന്റെയും യു.എസ്സിന്റെയും പങ്കിനെതിരെ മലേഷ്യയിലെ യുദ്ധക്കുറ്റ ട്രൈബ്യൂണലിനു മുമ്പാകെ ഞാൻ തെളിവുകൾ നൽകി, അന്നെന്റെ കൂടെ ഇറാഖിലെ അബൂ ഗറൈബ് അതിജീവിച്ചവരും ഉണ്ടായിരുന്നു. എല്ലാ കോടതി നടപടികളിലും പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പങ്കെടുത്തു. പ്രസിഡന്റ് ബുഷും നിരവധി യു.എസ് കാബിനറ്റ് അംഗങ്ങളും “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ” കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്നു വരെ ഞാൻ കോടതിക്കൂട്ടിൽ കയറിയ ഒരേയൊരു സമയമാണത്.

Also read: ആരോഗ്യരംഗം സംരക്ഷിക്കേണ്ട ബാധ്യത വ്യവസ്ഥയുടേത് കൂടിയാണ്

2011ലെ “അറബ് വസന്തകാലത്ത്” ഞാൻ തുനീഷ്യ, ലിബിയ, ഈജിപ്ത്, സിറിയ എന്നിവിടങ്ങളിൽ പോയി, റെൻഡിഷൻ പ്രോഗ്രാമിന്റെ (നിയമവിരുദ്ധമായി ആളുകളെ ചോദ്യംചെയ്യാൻ മറ്റു രാജ്യങ്ങളിലേക്ക് രഹസ്യമായി അയക്കുക) ഇരകളുമായി കൂടിക്കാഴ്ച നടത്തുകയും, അമേരിക്കക്കാരും ബ്രിട്ടീഷുകാരും MI5നൊപ്പം അവിടങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി ഒരുമിച്ച് പ്രവർത്തിച്ചതെങ്ങനെയെന്ന് കണ്ടെത്തുകയും ചെയ്തു.

ഞാൻ യാത്ര ചെയ്യുമ്പോഴെല്ലാം, ടെററിസം ആക്ട് (2000)ന്റെ ഷെഡ്യൂർ 7 പ്രകാരം ഞാൻ തടയപ്പെടും, ചോദ്യം ചെയ്യപ്പെടും. സംശയിക്കാൻ തക്ക ഒരു കാരണവുമില്ലെങ്കിലും, ഭീകരവാദിയാണോ എന്ന് പരിശോധിക്കാൻ, എയർപോർട്ടിലെ തുറമുഖത്തോ, ഒരു വ്യക്തിയെ ആറു മണിക്കൂർ തടഞ്ഞുവെക്കാൻ പോലീസിനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും അധികാരം നൽകുന്ന ഒരു നിയമമാണത്. എനിക്ക് ഓർമിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ തവണ പ്രസ്തുത നിയമത്തിന്റെ പേരിൽ ഞാൻ തടഞ്ഞുവെക്കപ്പെട്ടിട്ടുണ്ട്.

2013ൽ, സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കു ശേഷം, ഹീത്രൂ എയർപോർട്ടിലെ ബോർഡർ പോലീസ് എന്റെ പാസ്പോർട്ട് പിടിച്ചെവെച്ചു. “Royal Prerogative” പ്രകാരം എന്റെ പാസ്പോർട്ട് വീണ്ടും റദ്ദാക്കപ്പെട്ടു.

2014ൽ, കൗണ്ടർടെററിസം പോലീസ് എന്റെ വീട് വീണ്ടും റെയ്ഡു ചെയ്തു, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു മില്യൺ ഡോളർ ചെലവിൽ 100 പോലീസ് ഓഫീസർമാർ അതിൽ പങ്കെടുത്തതായി എന്നോട് പറഞ്ഞു. സിറിയൻ വിമതർക്ക് ഞാനൊരു ജനറേറ്റർ അയച്ചെന്നും, അവർക്ക് ഫിറ്റ്നസ് പരിശീലനം നൽകിയെന്നുമായിരുന്നു എനിക്കെതിരെയുള്ള ആരോപണം.

എച്ച്.എം.പി ബെൽമാർഷിൽ കാറ്റഗറി എ തടവുകാരൻ എന്ന നിലയിൽ ഏഴു മാസം കഴിഞ്ഞപ്പോൾ, എന്റെ സ്വത്തെല്ലാം മരവിപ്പിക്കപ്പെട്ടു, ചുമത്തിയ കുറ്റമെല്ലാം ഒഴിവാക്കി, എന്നെ അറസ്റ്റ് ചെയ്ത അതേ ഉദ്യോഗസ്ഥർ തന്നെ ഞാൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. ഒരിക്കൽ പോലും എന്നെ കോടതിയിൽ ഹാജറാക്കിയിട്ടില്ല.

അതിനു ശേഷം ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, വിശദീകരണമൊന്നുമില്ലാതെ എന്റെ ബാങ്ക് അക്കൗണ്ടുകൾ നിരവധി തവണ ബ്ലോക്ക് ചെയ്യപ്പെട്ടു, നിരവധി തവണ അപേക്ഷകൾ അയച്ചിട്ടും, ഏഴ് വർഷമായി എനിക്കിപ്പോഴും എന്റെ പാസ്പോർട്ട് തിരികെ ലഭിച്ചിട്ടില്ല.

Also read: പെയ്യാതെ പോകുന്ന ഹജ്ജുകൾ

ഇതിന്റെയെല്ലാം ഫലമായി യു.കെക്ക് പുറത്ത് എവിടേക്കും എനിക്ക് യാത്ര ചെയ്യാൻ കഴിയില്ല, കുടുംബത്തോടൊപ്പവും, ജോലിയാവശ്യാർഥവും, തീർഥാടനത്തിനും, വെക്കേഷനും ഒന്നിനും പോകാൻ കഴിയില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും, ഷെഡ്യൂൾ 7നെ കുറിച്ചും, എങ്ങനെയാണ് ആ നിയമം മുസ്ലിംകൾക്കെതിരെ ക്രമാതീതമായി പ്രയോഗിക്കപ്പെടുന്നതെന്നും വിശദീകരിക്കുന്ന നിരവധി വർക്ക്ഷോപ്പുകൾ CAGEനു വേണ്ടി ഞാൻ നടത്തുകയുണ്ടായി. ഇനി ഞാനൊരിക്കലും എയർപോർട്ടുകളിൽ തടയപ്പെടുകയില്ല എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ, അവർ ചിരിച്ചു.

ഭീകരവാദവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ ചരിത്രത്തെ സംബന്ധിച്ച് സർക്കാർ പഠിക്കാൻ കൂട്ടാക്കാത്ത ഒരു പാഠമുണ്ട്. 3000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട “ഐറിഷ് കുഴപ്പങ്ങളുടെ” സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതലും കടുത്തതുമായ ഭീകരവാദ നിയമങ്ങളാണ് ഇന്ന് ബ്രിട്ടനിലുള്ളത്. നിമയങ്ങളുടെയും വിടുവായത്തങ്ങളുടെയും തീവ്രത കുറച്ചപ്പോഴാണ് ഐറിഷ് കുഴപ്പങ്ങൾ അവസാനിച്ചത്. ആ പാഠം പഠിക്കാനുള്ള സമയമാണിത്.

ഗ്വാണ്ടാനമോ തടവറയിലെ മുൻതടവുകാരനാണ് മുഅസ്സം ബെഗ്. എനിമി കോംബാറ്റന്റ് എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

വിവ- അബൂ ഈസ

Related Articles