Book Review

ആരോഗ്യരംഗം സംരക്ഷിക്കേണ്ട ബാധ്യത വ്യവസ്ഥയുടേത് കൂടിയാണ്

മംഗളുരുവിലെ യെനെപോയ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക പഠന വിഭാഗം മേധാവിയായ ഡോ. ജാവേദ് ജമീൽ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ച് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ വ്യക്തി കൂടിയാണ്. സമകാലിക അന്താരാഷ്ട്ര ലോക വ്യവസ്ഥയെക്കുറിച്ചും, നിരന്തരം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ശക്തികളുടെ വെല്ലുവിളികളെക്കുറിച്ചും വളരെ ശ്രദ്ധേയവും അപൂർവവുമായ നിരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇസ്ലാമിക പഠന മേഖലയിൽ അപ്ലൈഡ് ഇസ്ലാമിക്സിനെ ഒരു അക്കാദമിക ഡിസിപ്ലിൻ ആയി വളർത്തുന്നതിലും അദ്ദേഹം വലിയ പങ്കു വഹിക്കുകയുണ്ടായി. ഇസ്ലാമിനെക്കുറിച്ച് തന്റെ ധാരണകളിലധിഷ്ഠിതമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളിലൂടെ തന്നെ പറഞ്ഞു വെക്കുമ്പോൾ രണ്ടു സമീപനങ്ങളാണ് അദ്ദേഹം സ്വീകരിച്ചു കാണുന്നത്. പല എഴുത്തുകളിലും ഇസ്ലാമികമായ അനുബന്ധങ്ങൾ ചേർക്കാതെയാണ് വ്യത്യസ്ത പഠനശാഖകളിൽ കാതലായ ഇസ്ലാമിക പ്രത്യയശാസ്ത്ര നിലപാടുകളെ അദ്ദേഹം സ്ഥിരപ്പെടുത്തിയതെങ്കിൽ, മാനുഷിക ഉന്നമനത്തിന് ഇസ്ലാമിക അധ്യാപനങ്ങൾ പിന്തുടരുക തന്നെ വേണമെന്ന നിലപാടാണ് പലയിടങ്ങളിലും അദ്ദേഹം സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയായ Economics First or Health First വരുന്നത് ആദ്യം പറഞ്ഞ വിഭാഗത്തിലാണ്. ജീവന്റെ നിലനിൽപിനും ആരോഗ്യ സംരക്ഷണത്തിനും മറ്റു ആഗോള ആരോഗ്യ നയങ്ങൾക്കും വേണ്ടി പൂർണാർഥത്തിലുള്ള ഭരണകൂടത്തിന്റെ ആവശ്യകതയുണ്ടെന്ന് പറയുന്നിടത്ത് അത് സുവ്യക്തമാണ്. വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ആഗോള നയങ്ങളെ വിശകലനം ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ വ്യത്യസ്തത. ജീവനും ആരോഗ്യത്തിനും ഒട്ടും വില നൽകാതെ എങ്ങനെയാണ് സാമ്പത്തിക ശക്തികൾ ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി, പ്രവർത്തനക്ഷമമായൊരു ആരോഗ്യ രംഗം കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അത് ഏറെ സംസാരിക്കുന്നു.

പുസ്തകത്തിന്റെ ആമുഖത്തിൽ ജമീൽ എഴുതുന്നതിങ്ങനെയാണ് : “ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആധുനിക ലോകം തങ്ങൾ ആരോഗ്യ രംഗത്ത് വളരെ മുമ്പിലാണെന്ന് മേനി നടിക്കുമ്പോൾ തന്നെ മറ്റു പല താൽപര്യങ്ങളാണ് ആരോഗ്യരംഗത്തെ ചൂഴ്ന്നു നിൽക്കുന്നത്. സാമ്പത്തിക രംഗമാണ് അതിനെ നിയന്ത്രിക്കുന്നതെന്ന് പറഞ്ഞാൽ ഒട്ടും തെറ്റാവില്ല. ഭരണ കർത്താക്കളാരും തന്നെ ആരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുകൾ നടത്താൻ മതിയായ സാഹചര്യമൊരുക്കുകയോ, അതിനുവേണ്ടി താൽപര്യപ്പെടുകയോ ചെയ്യുന്നില്ല. ഒരു ആഗോള വിപ്ലവം സംഭവിക്കുന്നത് വരേക്കും അവരെ വെല്ലാൻ മനുഷ്യർക്ക് കഴിയാത്തവണ്ണം ശക്തരാണവർ എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. താമസമേതുമില്ലാതെ, ആരോഗ്യ രംഗത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ അത് വിമോചിപ്പിക്കപ്പെടേണ്ടതുണ്ട്. മാനസികപരമായും ശാരീരികപരമായും ശാന്തിയുള്ള ഒരു ഉത്തമമായ ആരോഗ്യ നില സൃഷ്ടിക്കപ്പെടുമ്പോൾ അതിനെ നിയന്ത്രിക്കുന്നവർക്കു പോലും അതിനു മുമ്പിൽ മുട്ടുമടക്കേണ്ടിവരും എന്നതാണ് അതിന്റെ പ്രാധാന്യം”.

Also read: പെയ്യാതെ പോകുന്ന ഹജ്ജുകൾ

ഈ പുസ്തകത്തിന്റെ മുഖവുര എഴുതിയത് മുൻ ചീഫ് ഇലക്ഷൻ കമ്മീഷണറായ എസ്.വൈ ഖുറേഷിയാണ്. അദ്ദേഹം പറയുന്നു: “ജാവേദ് ജമീൽ എന്ന വിപ്ലവ ചിന്തകന്റെ ചിന്തോദ്ദീപകമായ പുസ്തകങ്ങളും ലേഖനങ്ങളും ഒരു വലിയ ആരാധക വൃന്ദത്തെത്തന്നെ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാർശ്വവൽകൃത വിഭാഗങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ രചനകളുടെ വലിയൊരളവും. വളരെ വ്യത്യസ്തമായ സമീപനമാണ് അദ്ദേഹം ഇതിലൊക്കെയും സ്വീകരിച്ചിട്ടുള്ളതും”.

ആഗോള തലത്തിൽ രോഗങ്ങളുടെ നിരക്കിനെപ്പറ്റി കണക്കുകളോടെ അവതരിപ്പിക്കുന്ന പുസ്തകം തെറ്റായ ചില പ്രവൃത്തികൾ സ്വീകരിക്കപ്പെടുന്നതിനപ്പുറം, വാണിജ്യഗുണം ലക്ഷ്യം വെച്ച് അതിന് സ്വീകാര്യത ഉണ്ടാക്കുന്നതിലൂടെ രോഗനിരക്കിന് അത് വെല്ലുവിളി സൃഷ്ടിക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നു. ആൽക്കഹോളും ലൈംഗികതയും ചൂതാട്ടവുമെല്ലാം കച്ചവടവൽകരിക്കപ്പെടുന്നതിനൊപ്പം അതിന്റെ പ്രതിവിധികളെയും സ്കൂളുകളും മറ്റും വഴി കച്ചവടവൽകരിക്കുന്നതിലെ പ്രശ്നങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ആരോഗ്യത്തിന് Dynamic Paradigm of Health എന്നൊരു അർത്ഥവും അദ്ദേഹം ബദലായി ചേർക്കുന്നു. ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിനോടൊപ്പം അവരെ തെറ്റായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നത് തടയാനും ഭരണകൂടം പ്രതിജ്ഞാബദ്ധമായിരിക്കണം.

ഖുറേഷി പറയുന്നതിങ്ങനെ: “ആരോഗ്യരംഗത്തെ പുനർനിർവചിക്കുകയും ആരോഗ്യം സംരക്ഷിക്കേണ്ട ചുമതല വ്യക്തികൾക്ക് പുറമെ സംവിധാനത്തിന്റെത് കൂടിയാണെന്ന് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. അടിസ്ഥാനപരമായി അതുകൊണ്ട് വിവക്ഷിക്കുന്നത് ജനങ്ങളുടെ ആരോഗ്യപരമായ ജീവിതം ഉറപ്പു വരുത്തേണ്ടത് സംവിധാനത്തിന്റെ പരമമായ ഉത്തരവാദിത്തമാണ് എന്നാണ്”.

പുസ്തകത്തിൽ നൽകിയിട്ടുള്ള പൂർണാർഥത്തിലുള്ള നിർവചനം ഏറെ ശ്രദ്ധേയമാണ്. “ആരോഗ്യം എന്നതർഥമാക്കുന്നത് സമ്പൂർണമായ ശാരീരിക, മാനസിക, ആത്മീയ, സാമൂഹിക ക്ഷേമത്തെയാണ്. വ്യക്തി തലത്തിൽ തുടങ്ങി കുടുംബ തലത്തിലും സാമൂഹിക തലത്തിലും ആരോഗ്യ രംഗം ഏറെ വികസനം കാഴ്ചവെക്കേണ്ടതുണ്ട്”. അന്താരാഷ്ട്ര ആരോഗ്യ സംഘടനയായ WHO നെ കണക്കറ്റ് വിമർശിക്കുന്ന ഗ്രന്ഥം ആ സംഘടന സാമ്പത്തിക ശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറിയെന്ന് ആരോപിക്കുന്നു. അതിന്റെ നയങ്ങൾ പലപ്പോഴും ആരോഗ്യ രംഗത്തെ തളർത്തുകയും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ മേഖലയെ നിർമിക്കുന്നതിൽ പിന്നോട്ടടിപ്പിക്കുകയും ചെയ്തു.

അദ്ദേഹം തന്റെ വിമർശനം അവസാനിപ്പിക്കുന്നതിങ്ങനെ: “ചുരുക്കത്തിൽ, ആഗോളവൽകരണത്തിന്റെ മറ്റൊരു ഉപകരണമായി മാറാനേ WHO ക്ക് കഴിഞ്ഞുള്ളൂ. മെഡിക്കൽ വ്യവസായം കോടിക്കണക്കിന് ഡോളറുകളുടെ വിറ്റുവരവുള്ള ഒരു ആഗോള ബിസിനസായി എപ്പഴോ മാറിക്കഴിഞ്ഞു. രോഗനിരക്കുൾപ്പെടെ പ്രശ്നങ്ങളുടെയും പരിഹാരങ്ങളുടെയും ചാലക ശക്തിയാണ് സമ്പത്തെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. ഈ ആഗോള ബാധ്യതയുടെ വലിയൊരു ഭാഗവും നവലോക ക്രമത്തിലെ പുതിയ ശക്തികളുടെ നയങ്ങളുടെ ഫലമാണെന്നാണ് ഇതൊക്കെയും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ചാപല്യങ്ങളെ വാണിജ്യവൽകരിക്കുന്നതുൾപ്പെടെ എന്തു വില കൊടുത്തും, സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും സമ്പത്തിനെ കുത്തകവൽകരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന് വ്യക്തം. അത്തരത്തിലുള്ള ശക്തികളെ നേരിടാൻ സംഘടന തയ്യാറുണ്ടോ? ഉയർന്ന ആരോഗ്യ നിലവാരം കൈവരിക്കാൻ തങ്ങൾ എന്തു ചെയ്തുവെന്ന് അവർ ആത്മ പരിശോധന നടത്തട്ടെ” – അദ്ദേഹം വെല്ലുവിളിക്കുന്നു.

Also read: വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ ബ്രെയിനിന്റെ പങ്ക്

ആരോഗ്യത്തെക്കുറിച്ചുള്ള ഇസ്ലാമിക അധ്യാപനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുകയും മദ്യം, മയക്കുമരുന്ന്, പോർക്ക്, സ്വവർഗ ലൈംഗികത, വേശ്യാവൃത്തി ഉൾപ്പെടെയുള്ള തിന്മകളിലൂടെ വർഷം തോറും എഴുപത് മില്യൺ ആളുകൾക്ക് ജീവഹാനിയേൽക്കുന്നുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മുസ്‌ലിംകൾ ഈ കൃതിയെ തീർച്ചയായും ഇഷ്ടപ്പെടുക തന്നെ ചെയ്യും. മുലയൂട്ടൽ, ലിംഗാഗ്രചർമം ഛേദിക്കൽ തുടങ്ങിയുള്ള കാര്യങ്ങളുടെ ഗുണവശങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണദ്ദേഹം. പുതിയ പല വാക്കുകളും സംഭാവന ചെയ്യുന്നതോടൊപ്പം ആരോഗ്യം എന്നത് വ്യക്തിക്കപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് ആരോഗ്യത്തെ അദ്ദേഹം പുനർനിർവചിക്കാനും ശ്രമിക്കുന്നു. രോഗങ്ങൾക്കെതിരായുള്ള സംരക്ഷണഭിത്തി ആയാണ് കുടുംബത്തെ അദ്ദേഹം അവതരിപ്പിക്കുന്നത്. മെഡിക്കൽ സ്‌പെഷ്യലിസ്റ്റുകളും ആരോഗ്യ സംഘടനകളും മാത്രമല്ല, സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും ഗൗരവത്തിലെടുക്കേണ്ട ഗ്രന്ഥമാണ് തീർച്ചയായും ഇത്.

Economics First or Health First?
By Dr. Javed Jamil
Publishers: Yenepoya (Deemed to be) University
Distributors: Mission Publications
Contact: Ph: 91-8130340339 Email: [email protected]
Price: INR 450/- (India); US$ 21 (Foreign countries)

വിവ- അഫ്സൽ പിടി മുഹമ്മദ്

Facebook Comments
Related Articles
Close
Close