Current Date

Search
Close this search box.
Search
Close this search box.

അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ, മതേതര മുസ്ലിം ന്യൂനപക്ഷമായ ഉയിഗൂറുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളുടെ തോതും ഭീകരതയും ലോകം അറിയുന്നതിന് അടുത്തിടെ നടന്ന അസ്വസ്ഥാജനകമായ രണ്ടു സംഭവങ്ങൾ ഇടയായിട്ടുണ്ടാകാം. ഉയിഗൂർ സ്ത്രീകളെ ആസൂത്രിതമായി വന്ധ്യംകരണം ചെയ്യുന്നു എന്ന ആധികാരിക റിപ്പോർട്ടാണ് അതിലൊന്ന്. തടങ്കൽപ്പാളയങ്ങളിൽ തടവിലാക്കപ്പെട്ട ഉയിഗൂറുകളിൽ നിന്ന് ബലമായി നീക്കം ചെയ്യപ്പെട്ടതായി സംശയിക്കുന്ന 13 ടൺ തലമുടി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടിച്ചെടുത്തതാണ് രണ്ടാമത്തെ റിപ്പോർട്ട്. ന്യൂനപക്ഷങ്ങൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, തദ്ദേശീയജനതകൾ എന്നിവരെ ബലമായി വന്ധ്യംകരണം ചെയ്ത ഭൂതകാല അതിക്രമങ്ങളെയും, ഹിറ്റ്ലറുടെ ഓഷ് വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിൽ ചില്ലിട്ട് സൂക്ഷിക്കപ്പെട്ടിരുന്ന കുന്നുകൂടി കിടക്കുന്ന തലമുടിയുടെ ചിത്രത്തെയും ഓർമപ്പെടുത്തുന്നതാണ് പ്രസ്തുത രണ്ടു സംഭവങ്ങളും.

ചൈന കൂടി ഒപ്പിട്ട വംശഹത്യ കൺവെൻഷൻ, ഒരു ജനവിഭാഗത്തെ പൂർണമായോ ഭാഗികമായോ ഉൻമൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ആ ജനവിഭാഗത്തിനെതിരെ സ്വീകരിക്കുന്ന നടപടികൾ എന്നാണ് വംശഹത്യയെ നിർവചിക്കുന്നത്. പ്രസ്തുത നടപടികളിൽ (a) കൊലപാതകം; (b) ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുക; (c) പ്രസ്തുത ജനവിഭാഗത്തെ ഭൗതികമായി തകർക്കാൻ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾ ബോധപൂർവം സൃഷ്ടിക്കുക; (d) പ്രസ്തുത ജനവിഭാഗത്തിനിടയിൽ കുട്ടികൾ ജനിക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ള നടപടികൾ സ്വീകരിക്കുക; (e) പ്രസ്തുത ജനവിഭാഗത്തിലെ കുട്ടികളെ മറ്റൊരു ജനവിഭാഗത്തിലേക്ക് നിർബന്ധിച്ച് മാറ്റുക തുടങ്ങിയവും ഉൾപ്പെടുന്നുണ്ട്. ഇതിൽ ഏതും വംശഹത്യയുടെ പരിധിയിൽ വരുന്നതാണ്. ഉയിഗൂർ ജനതയെ നശിപ്പിക്കാനുള്ള ചൈനീസ് ഗവൺമെന്റിന്റെ ബോധപൂർവവും ആസൂത്രിതവുമായ പ്രവർത്തനങ്ങളുടെ എണ്ണമറ്റ തെളിവുകൾ വംശഹത്യയിലേക്ക് തന്നെയാണ് വ്യക്തമായും വിരൽചൂണ്ടുന്നത്.

ഒരു ദശലക്ഷത്തിലധികം തുർക്കി ഉയിഗൂറുകൾ ചൈനയിലെ തടങ്കൽപ്പാളയങ്ങളിലും ജയിലുകളിലും നിർബന്ധിത തൊഴിൽ ഫാക്ടറികളിലും തടവിൽ കഴിയുന്നുണ്ട്. തടവുകാർ പട്ടാളച്ചിട്ടയിലുള്ള അച്ചടക്കം, ചിന്താ പരിവർത്തനം, നിർബന്ധിത കുറ്റസമ്മതം തുടങ്ങിയവക്ക് വിധേയമാകുന്നു. അവർ പീഢിപ്പിക്കപ്പെടുന്നു, മർദ്ദിക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, കൊല്ലപ്പെടുന്നു. വൈദ്യുതകസേര, വാട്ടർബോർഡിംഗ്, ആവർത്തിച്ചുള്ള മർദ്ദനം, അജ്ഞാത വസ്തുക്കളുടെ കുത്തിവയ്പ്പുകൾ എന്നിവയ്ക്ക് വിധേയരായതായി അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ ശാരീരിക മാനസിക ഉപദ്രവം ഏൽപ്പിക്കാനും ഉയിഗൂർ ജനതയെ മാനസികമായി തകർക്കാനും വേണ്ടിയാണ് ഈ കൂട്ടതടങ്കൽപ്പാളയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. “അവരുടെ വംശാവലി തകർക്കുക, വേരുകൾ അറുത്തുമാറ്റുക, ബന്ധങ്ങൾ തകർക്കുക, അവരുടെ ഉത്ഭവം തകർക്കുക” തുടങ്ങിയ ആവർത്തിച്ചുള്ള സർക്കാറുകൾ ഉത്തരവുകൾ; ഉയിഗൂറുകളുടെ ജനനനിരക്ക് ആസൂത്രിതമായി തടയുക, ഉയിഗൂർ ജനതയെ മൊത്തത്തിൽ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശത്തെയാണ് ഇത് വെളിവാക്കുന്നത്.

Also read: സോഷ്യൽ മീഡിയ വഴി സ്ത്രീകള്‍ നടത്തുന്ന വിവാഹ അഭ്യര്‍ത്ഥന

കമ്യൂണിസ്റ്റ് പാർട്ടി മാതൃകാ ചൈനീസ് പൗരൻമാരായി അംഗീകാരം നൽകിയ ഉയിഗൂറുകളും വേട്ടായാടപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് (ലേഖകരിൽ ഒരാളുടെ സഹോദരനായ) എക്പർ അസത്. സിൻജിയാങ് പ്രാദേശിക ഭരണകൂടത്തിനും വംശീയ ന്യൂനപക്ഷങ്ങൾക്കും ഇടയിലെ “ക്രിയാത്മക കണ്ണി”, “പോസിറ്റീവ് ശക്തി” എന്ന നിലയിലുള്ള നേതൃപരമായ ഇടപെടലുകളുടെ പേരിൽ അസത് ചൈനീസ് ഗവൺമെന്റിന്റെ പ്രശംസക്ക് പാത്രമായിരുന്നു. എന്നാൽ ദശലക്ഷത്തിലധികം വരുന്ന ഉയിഗൂറുകളുടെ അതേ ദുരിതങ്ങൾ അനുഭവിക്കാനും, 2016ൽ കോൺസൻട്രേഷൻ ക്യാമ്പുകളുടെ ഇരുട്ടറകളിൽ അപ്രത്യക്ഷനാവാനുമായിരുന്നു അസതിന്റെ വിധി. “വംശീയ വിദ്വേഷം ഇളക്കിവിടാൻ പ്രേരിപ്പിച്ചു” എന്ന കെട്ടിച്ചമച്ച കുറ്റത്തിന് 15 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്നും ഇപ്പോൾ ഏകാന്ത തടവിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കേസുമായി ബന്ധപ്പെട്ട ഒരു കോടതി രേഖയും ലഭ്യമല്ല.

2017ൽ, “ജനന നിയന്ത്രണ ലംഘനങ്ങൾ നിയന്ത്രിക്കാനുള്ള (ക്രൂരമായ) പ്രത്യേക കാമ്പയിൻ” സിൻജിയാങ് ഭരണകൂടം നടത്തി, നിർദ്ദിഷ്ട പ്രാദേശിക നിർദ്ദേശങ്ങളും അതിനൊപ്പം ഉണ്ടായിരുന്നു. 2019 ഓടെ, തെക്കൻ സിൻജിയാങ്കിൽ പ്രസവപ്രായമെത്തിയ 80 ശതമാനം സ്ത്രീകളെയും നിർബന്ധിത ഗർഭനിരോധന ഉപകരണങ്ങൾക്കും (ഐ.യു.ഡി), വന്ധ്യംകരണത്തിനും വിധേയമാക്കാൻ സർക്കാർ പദ്ധതിയിട്ടു. “ജനന നിയന്ത്രണ ലംഘന സംഭവങ്ങൾ പൂജ്യമാക്കുക” എന്നതായിരുന്നു ലക്ഷ്യം. 2019ലും 2020ലും ലക്ഷക്കണക്കിന് പേരെ വന്ധ്യംകരണം നടത്താൻ സർക്കാർ ധനസഹായത്തോടെയുള്ള കൂട്ട വനിതാ വന്ധ്യംകരണ കാമ്പയിനെ കുറിച്ച് സർക്കാർ രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. നാമൊന്ന് നമുക്കൊന്ന് നയത്തിന്റെ കാലത്ത് ചൈനയിലുടനീളം സ്ത്രീകളിൽ നടത്തിയ നിർബന്ധിത വന്ധ്യംകരണത്തിന്റെ, ആളോഹരി പ്രതിശീർഷ, അളവിനേക്കാൾ വളരെ കൂടുതലാണിത്.

ഈ നയങ്ങൾ നടപ്പിലാക്കാൻ, പ്രസവിക്കുന്ന സ്ത്രീകളെ വേട്ടയാടാൻ, “ഡ്രാഗ് നെറ്റ്- സ്റ്റൈൽ” രീതിയിലുള്ള അന്വേഷണങ്ങൾ സിൻജിയാങ് സർക്കാർ നടത്തി. ഒരിക്കൽ വലയിലായാൽ, തടങ്കൽപ്പാളയത്തിലേക്ക് അയക്കുന്നത് ഒഴിവാക്കാൻ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാവുകയല്ലാതെ മറ്റൊരു മാർഗവും ഈ സ്ത്രീകൾക്കില്ല. ഒരിക്കൽ തടവിലിടപ്പെട്ടാൽ, നിർബന്ധിത കുത്തിവെപ്പുകൾ, ഗർഭം അലസിപ്പിക്കൽ, അജ്ഞാത മരുന്നുകൾ എന്നിവ ഈ സ്ത്രീകൾ നേരിടേണ്ടി വരും. ഗവൺമെന്റ് അവരുടെ ജനന പ്രതിരോധ ലക്ഷ്യങ്ങൾ നേടുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്.

Also read: സ്വന്തത്തിനു വേണ്ടി കുഴി കുഴിക്കുന്നവര്‍

2015നും 2018നും ഇടയിൽ, ഉയിഗൂറിന്റെ ഹൃദയപ്രദേശത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് 84 ശതമാനം ഇടിഞ്ഞു. അതേസമയം, സിൻജിയാങിലെ വന്ധ്യംകരണ നിരക്ക് കുത്തനെ ഉയരുമ്പോൾ, ചൈനയുടെ ബാക്കിയുള്ള പ്രദേശങ്ങളിൽ അത് കുത്തനെ ഇടിയുകയാണെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്, ഈ പദ്ധതികൾക്കു വേണ്ടിയുള്ള ധനസഹായം വർധിക്കുക മാത്രമാണ് ചെയ്യുന്നത്. 2017നും 2018നും ഇടയിൽ, ഒരു ജില്ലയിൽ, വന്ധ്യത ബാധിക്കുകയോ വിധവയോ ആയ സ്ത്രീകളുടെ ശതമാനം യഥാക്രമം 124 ശതമാനവും 117 ശതമാനവും വർധിച്ചു. 2018ൽ, ചൈനയിലെ മൊത്തം ജനസംഖ്യയുടെ വെറും 1.8 ശതമാനം മാത്രമാണ് സിൻജിയാങിലുള്ളതെങ്കിലും, മൊത്തം ഗർഭ നിരോധന ഉപകരണങ്ങളുടെ (ഐ.യു.ഡി) 80 ശതമാനവും സിൻജിയാങിലെ സ്ത്രീകളിലാണ് ഘടിപ്പിക്കപ്പെട്ടത്. സർക്കാർ അംഗീകാരമുള്ള ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ഐയുഡികൾ നീക്കംചെയ്യാൻ കഴിയൂ, അല്ലാത്തപക്ഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും. കശ്ഗറിൽ, പ്രസവിക്കുന്ന സ്ത്രീകളിൽ ഏകദേശം 3 ശതമാനം മാത്രമാണ് 2019ൽ പ്രസവിച്ചത്. ഈ പ്രദേശങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടുകൾ, വംശഹത്യയുടെ തോത് മറച്ചുവെക്കുന്നതിനായി ജനനനിരക്ക് വിവരങ്ങൾ പൂർണമായും ഒഴിവാക്കാൻ തുടങ്ങി. ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം സർക്കാർ അവരുടെ മുഴുവൻ ഓൺലൈൻ പ്ലാറ്റ്ഫോമും അടച്ചുപൂട്ടി. ഈ നടപടികളുടെ അളവും വ്യാപ്തിയും ഉയിഗൂറുകളുടെ ജനനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉയിഗൂർ പുരുഷൻമാരെ തടങ്കലിലിടുകയും സ്ത്രീകളെ വന്ധ്യംകരണം നടത്തുകയും ചെയ്തതോടെ, ഉയിഗൂർ ജനതയുടെ ഭൗതിക നാശത്തിന് സർക്കാർ അടിത്തറയിട്ടു. അവശേഷിക്കുന്ന ഉയിഗൂർ കുട്ടികളിൽ അരദശലക്ഷത്തോളം പേരെ അവരുടെ കുടുംബങ്ങളിൽ നിന്നും വേർപ്പെടുത്തി, സർക്കാർ മേൽനോട്ടത്തിലുള്ള “ചിൽഡ്രൻ ഷെൽട്ടറുകൾ” എന്ന് വിളിക്കപ്പെടുന്ന ഇടങ്ങളിലാണ് ആ കുട്ടികൾ ഇപ്പോൾ വളരുന്നത്.

ഈ വംശഹത്യയെ അസാധാരണമാം വിധം അപകടകരമാക്കുന്നത് അതിന്റെ അത്യാധുനിക സാങ്കേതികവിദ്യയാണ്, അതിലൂടെ നശീകരണത്തിൽ കാര്യക്ഷമതയും ആഗോളശ്രദ്ധയിൽ നിന്ന് അതിനെ മറച്ചുവെക്കലും സാധ്യമാകുന്നു. മതപരവും കുടുംബപരവും സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിപുലമായ നിയന്ത്രണങ്ങളും നിരീക്ഷണവുമുള്ള, ഏറ്റവും വികസിതമായ പോലീസ് സ്റ്റേറ്റിന് കീഴിലാണ് ഉയിഗൂറുകൾ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നിരീക്ഷണം സുഗമമാക്കുന്നതിന്, ഒരു ഗ്രിഡ് മാനേജ്മെന്റ് സിസ്റ്റത്തിലാണ് സിൻജിയാങ് പ്രവർത്തിക്കുന്നത്. നഗരങ്ങളും ഗ്രാമങ്ങളും അഞ്ഞൂറോളം പേരുടെ സ്ക്വയറുകളായി തിരിച്ചിരിക്കുന്നു. ഓരോ സ്ക്വയറിലും, അവിടുത്തെ താമസക്കാരുടെ തിരിച്ചറിയൽ കാർഡുകൾ, മുഖങ്ങൾ, ഡി.എൻ.എ സാമ്പിളുകൾ, വിരലടയാളങ്ങൾ, സെൽ ഫോണുകൾ എന്നിവ പതിവായി പരിശോധിക്കുന്ന, അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. ‘ഇന്റഗ്രേറ്റഡ് ജോയന്റ് ഓപറേഷൻസ് പ്ലാറ്റ്ഫോം’ എന്നറിയപ്പെടുന്ന മെഷീൻ ഓപറേറ്റഡ് സംവിധാനമാണ് ഇതിനെ ഏകോപിപ്പിക്കുന്നത്. തടങ്കലിൽ ഇടേണ്ടവരുടെ ലിസ്റ്റുകൾ ഉണ്ടാക്കുന്നതിന്, വീഡിയോ നിരീക്ഷണം, സ്മാർട്ട്ഫോണുകൾ, മറ്റു സ്വകാര്യ രേഖകൾ എന്നിവയിൽ നിന്നും സിസ്റ്റം വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കും. ഒരു ദശലക്ഷത്തിലധികം ഹാൻ ചൈനീസ് വാച്ചർമാരെ ഉയിഗൂർ പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്, ഇത് സ്വകാര്യ ഇടങ്ങളിലേക്ക് സർക്കാറിന്റെ കണ്ണെത്താൻ സഹായിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കൂട്ട നിരീക്ഷണ സംവിധാനമാണ് ചൈനീസ് സർക്കാർ പ്രവർത്തിപ്പിക്കുന്നത്, അന്താരാഷ്ട്ര സമൂഹത്തിന് അതിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. അതിനാൽ വംശഹത്യയുടെ സ്വഭാവം, ആഴം, വേഗത എന്നിവ മനസിലാക്കുകയും വളരെ വൈകുന്നതിന് മുമ്പ് പ്രവർത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒർട്ടാഗസ് പറയുകയുണ്ടായി, “ഹോളോകോസ്റ്റിനു ശേഷം നാം കണ്ട ഏറ്റവും വലിയ കുറ്റകൃത്യമാണ് ഉയിഗൂർ ജനതയ്ക്ക് സംഭവിച്ചത്..”

Also read: സോമന് ശാന്തിമന്ത്രമായി മാറിയ ബാങ്ക് വിളി

വംശഹത്യയുടെ ഒരു ഔദ്യോഗിക പ്രഖ്യാപനം കേവലം പ്രതീകാത്മകമല്ല. സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിശ്രമത്തിൽ പങ്കുചേരാൻ അത് മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കും. വംശഹത്യയിൽ നിന്ന് ലാഭം നേടുന്ന 80ഓളം അന്താരാഷ്ട്ര ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കും.

പരസ്പരബന്ധിതമായ നമ്മുടെ ലോകത്ത്, നമ്മുടെ കൺമുന്നിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടാൽ, നാം വെറും കാഴ്ചക്കാർ മാത്രമല്ല, ആ വംശഹത്യയിൽ പങ്കാളികൾ കൂടിയാണ്.

റൈഹാൻ അസത് അഭിഭാഷകനും, അമേരിക്കൻ തുർക്കിക് ഇന്റർനാഷണൽ ലോയേസ് അസോസിയേഷൻ പ്രസിഡന്റുമാണ്. എക്പർ അസതിന്റെ സഹോദരിയാണ്.

യോനാ ഡയമണ്ട്, റഊൽ വാലൻബർഗ് സെന്റർ ഫോർ ഹ്യൂമൺ റൈറ്റ്സിലെ ലീഗൽ കൗൺസലാണ്.

വിവ- അബൂ ഈസ

Related Articles