Vazhivilakk

പെയ്യാതെ പോകുന്ന ഹജ്ജുകൾ

وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًاۚ وَمَن
كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ ﴿٩٧﴾

ഇന്ന് ദുൽഹജ്ജ് 3, ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ ഇനി അഞ്ചു നാൾ മാത്രം ബാക്കി. ഹജ്ജ് ചെയ്തവരുടെ മനസ്സിൽ ഹജ്ജോർമ്മകളുടെ വേലിയേറ്റം രൂപപ്പെടുന്ന കാലം. ഈ വർഷം ഹജ്ജ് നിയ്യത്ത് ചെയ്തവർക്ക് ഈ നാളുകൾ നഷ്ടസ്വപ്നങ്ങളുടെ നൊമ്പരക്കാലം. പടച്ചതമ്പുരാൻ്റെ വിളിക്ക് ഉത്തരം ചെയ്ത് അവൻ്റെ ഭവനത്തിന്റെ ചാരത്തണയുവാൻ നമുക്കെല്ലാം റബ്ബ് തൗഫീക്ക് ചെയ്യട്ടെ.

കോവിഡ് കാലത്ത് ഹജ്ജ് സാധ്യമാകാത്ത അവസ്ഥയിലാണല്ലോ ലോകമുസ്‌ലിംകൾ. ഓർമ്മവെച്ച നാൾ മുതൽ മനസ്സിൽ ഊറിക്കൂടുന്ന ഹൃദയാഭിലാഷമാണല്ലോ ഹജ്ജ്. ഒരു സ്വപ്നമായും പ്രാർത്ഥനയായും താലോലിച്ച്, അതിനായി സമ്പത്തും സമയവും ആരോഗ്യവും സ്വരുക്കൂട്ടി വെച്ച് കാത്തിരുന്ന് ഒടുവിൽ സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളുകളിലേക്ക് അടുത്തുകൊണ്ടിരിക്കെ പൊടുന്നനെ യാത്ര തടയപ്പെടുന്ന ഹാജിയുടെ മനസ്സ് ഇപ്പോൾ എന്തായിരിക്കും മന്ത്രിക്കുന്നത്?

ആശയും ആശങ്കയും അവസരം കൈവിട്ടു പോയതിലുള്ള മനോവിഷമവും എല്ലാംകൂടി പറഞ്ഞറിയിക്കാനാവാത്ത ഒരു മാനസികാവസ്ഥ. മനസ്സ് അവിടെയും ഇവിടെയും ഉഴറി നടക്കുന്ന നാളുകൾ. ലൈലയെ കണ്ടില്ലേലും ലൈലയുടെ വീട് അകലങ്ങളിൽ നിന്ന് മനക്കൺ പാർക്കാൻ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുന്ന മജ്നുവിനെ പോലെ.

വിധി വിശ്വാസികളായ നമുക്ക് ഇത്തരം പ്രതികൂലസാഹചര്യങ്ങളെ ഉൾക്കൊള്ളാൻ പ്രയാസം ഉണ്ടാവില്ല. അല്ലാഹുവിൻറെ നിശ്ചയം, അതിലും ഒരു ഖൈർ ഉണ്ടാകും.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

ഹിജ്റ ആറാം വർഷത്തിലായിരുന്നല്ലോ നബി(സ)ക്ക് ഉംറ നിർവഹിക്കാനുള്ള സ്വപ്നദർശനം ഉണ്ടായത്. രണ്ടായിരത്തോളം സ്വഹാബിമാരുമായി നബി (സ) പുറപ്പെട്ടു. നാനൂറിലേറെ കിലോമീറ്ററുകൾ ഒട്ടകപ്പുറത്തും കാൽനടയായും സഞ്ചരിച്ച് ഒരുപാട് ക്ലേശങ്ങൾ സഹിച്ചാണ് അവർ ഹുദൈബിയ വരെ എത്തിയത്. അവിടെ നിന്ന് 20 കിലോമീറ്റർ മാത്രമായിരുന്നു മക്കയിലേക്ക് ബാക്കിയുള്ളത്. പക്ഷേ മക്കയിലെ സത്യനിഷേധികൾ അവരെ ധിക്കാരപരമായി തടഞ്ഞു. എത്രമാത്രം മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകും അന്ന് മുത്ത് നബിയും സ്വഹാബത്തും. ഇഹ്റാമിലായിരുന്ന അവർ ബലി നിർവഹിച്ച് തലമുണ്ഡനം ചെയ്ത് തിരിച്ചു പോവുകയായിരുന്നു. ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധിക്ക് നിമിത്തമായതും ആ തടയപ്പെട്ട ഉംറയാണ്.

وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًاۚ وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ ﴿٩٧﴾
ആ മന്ദിരത്തിലെത്തിച്ചേരാൻ കഴിവുള്ളവൻ അവിടെ തീർഥാടനം ചെയ്യൽ, മനുഷ്യർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. (3: 97)

എത്ര ദീർഘവീക്ഷണത്തോടെയാണ് അല്ലാഹു  ഇവിടെ ഹജ്ജ് നിർബന്ധമാക്കുന്നതിൻ്റെ വിധി അവതരിപ്പിക്കുന്നത്. ലോകത്തിൻറെ ആരോഗ്യാവസ്ഥ ഭീഷണിയിലായ കോവിഡ് കാലവും സകലമറിയുന്ന റബ്ബ് മുൻകൂട്ടി കണ്ടിരിക്കുന്നു. കഴിവുള്ളവരേ തീർഥാടനം ചെയ്യേണ്ടതുള്ളൂ.

അല്ലാഹു അദൃശ്യനാണ്. എന്നാൽ അവന്റെ സാന്നിധ്യം അനുഭവിച്ചറിയാനുള്ള അതിയായ ആഗ്രഹം നമ്മിലുണ്ട്. അതിനാലാണ് മൂസ (അ) ‘ഒന്ന് കണ്ടോട്ടെ’ എന്ന് ചോദിച്ചത്, ‘നീ എങ്ങനെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്’ എന്ന് ഇബ്റാഹീം(അ) ചോദിച്ചത്. അല്ലാഹുവെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെങ്കിലും അല്ലാഹുവിൻറെ സാന്നിധ്യം അനുഭവിച്ചറിയാനും നിർവൃതി കൊള്ളാനും ചില ചിഹ്നങ്ങൾ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അവയെയാണ് ഖുർആൻ ശആഇറുല്ലാഹ് എന്ന് പരിചയപ്പെടുത്തുന്നത്. شعر എന്നാൽ പഞ്ചേന്ദ്രിയ അനുഭവത്താൽ അറിഞ്ഞു എന്നാണ്. شعار ചിഹ്നവും പ്രതീകവുമാണ്. مشاعر احج പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്ന ഹജ്ജ് എന്നാണ്. ഇഹലോകത്ത് അല്ലാഹുവിനെ നേരിൽ കാണാൻ കഴിയാത്ത ദാസന്മാർക്ക് തങ്ങളുടെ അദമ്യമായ ഭക്തി വികാരം പ്രകടിപ്പിക്കാനുള്ള ഇടവും സമയവും വസ്തുക്കളുമാണ് ശിആർ. അവർക്ക് ദിവ്യത്വമില്ല, കേവല പ്രതീകങ്ങൾ മാത്രം. കഅ്ബ, മസ്ജിദുൽ ഹറാം, ഹജറുൽ അസ് വദ്, മഖാമു ഇബ്റാഹീം, ബലിമൃഗങ്ങൾ തുടങ്ങിയവ ശിആറുകളിൽ ചിലതാണ്. ബുദ്ധിയുടെയും യുക്തിയുടെയും അടിത്തറയിലുള്ള വിശ്വാസത്തിനപ്പുറം വൈകാരികമായ സംതൃപ്തിയും മനുഷ്യമനസ്സ് തേടുന്നുണ്ട്. സാങ്കേതികമായ അടിമ-ഉടമ ബന്ധത്തിനപ്പുറം സ്നേഹാനുരാഗത്താൽ ഇഴചേർന്ന നിത്യപ്രണയമാണല്ലോ വിശ്വാസത്തിൻറെ കാതൽ. ഈ വൈകാരിക തലം ഇല്ലെങ്കിൽ വിശ്വാസം വരണ്ടതും നിർജീവവുമായി മാറും.

Also read: റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

ശാരീരികമായി കടൽ കടന്നും ആകാശത്തെ കീറിമുറിച്ചും മരുഭൂമികൾ താണ്ടിയും മലമ്പാതകൾ കയറിയിറങ്ങി മെലിഞ്ഞു പോയ ഒട്ടകപ്പുറത്തും മക്കം പൂകാൻ കഴിയാത്തവർക്ക്, അല്ലാഹുവിന്റെ നിറസാന്നിധ്യമുള്ള ശിആറുകളുടെ പൊരുളുകൾ കണ്ടെത്തിയും ഓർത്തും ധന്യരാവാം, ഈ അനുഗ്രഹീത നാളുകളിൽ.

നേരിൽ കൺപാർക്കാൻ, തൊട്ടു മുത്താൻ, ആ മണൽ തരികളിൽ പാദം പതിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തിയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും അനുഭവങ്ങൾ കേട്ടറിഞ്ഞും വായിച്ചും ഹജ്ജനുഭവങ്ങളിൽ അഭിരമിക്കാം. ഹജ്ജിന്റെ രാപ്പകലുകളിൽ മനസ്സ് അവിടെത്തന്നെ അലഞ്ഞു നടക്കട്ടെ. ഉറങ്ങുന്നതും ഉണരുന്നതും സ്വപ്നാടനങ്ങളും അവിടങ്ങളിലാവട്ടെ.

മലയാളത്തിൽ വിരചിതമായ ഹജ്ജ് സ്വപ്നങ്ങളെ കുറിച്ചുള്ള പാട്ടുകൾ ഇത്തരം പെയ്യാതെ പോയ ഹജ്ജിൻറെ തോരാമഴകളാണല്ലോ.
‘ ഹജ്ജിൻറെ രാവിൽ ഞാൻ
കഅബം കിനാവ് കണ്ട്
ശജറത്ത് പൂത്ത സുബർ
ഗത്തിൻ വാതില് കണ്ട്…’

Facebook Comments
Related Articles

ബശീര്‍ മുഹ്‌യിദ്ദീന്‍

1970 ഫെബ്രുവരി 28-ന് കോഴിക്കോട് ജില്ലയിലെ നാദാപുരത്തെ ചീയൂരില്‍ ജനിച്ച ബശീര്‍ മുഹിയിദ്ധീന്‍ പ്രമുഖ പണ്ഡിതന്‍ കെ. മൊയ്തു മൗലവിയുടെ മകനാണ്. വാദിഹുദ സ്‌കൂള്‍ പഴയങ്ങാടി, കുറ്റിയാടി ഇസ്‌ലാമിയ കോളേജ്, കോഴിക്കോട് ദഅ്‌വ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. പിതാവ് മൊയ്തു മൗലവി തന്നെയായിരുന്നു പ്രധാന ഗുരുനാഥന്‍. 1995 മുതല്‍ 2007 വരെ എറണാകുളത്തെ മദീന മസ്ജിദില്‍ ഇമാമായി സേവനം ചെയ്തു. 2008 മുതല്‍ എറണാകുളം ജില്ലയിലെ കലൂര്‍ ദഅ്‌വാ മസ്ജിദില്‍ ഇമാമായി സേവനം ചെയ്യുന്നു. ഖുര്‍ആനിക വിഷയങ്ങളില്‍ ആഴത്തില്‍ അവഗാഹമുള്ള ബശീര്‍ സാഹിബ് എറണാകുളത്തെ ശ്രദ്ധേയമായ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അധ്യാപകന്‍ കൂടിയാണ്. ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കി മീഡിയവണ്‍ ചാനലിലെ വഴിവിളക്ക് എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയായ അദ്ദേഹം നല്ല ഒരു പ്രഭാഷകനുമാണ്.

Close
Close