Current Date

Search
Close this search box.
Search
Close this search box.

മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

‘പരിപൂര്‍ണ്ണമായും അസുഖം സുഖപ്പെടുന്നത് വരെ സ്ത്രീ-പുരുഷന്മാരടക്കം എല്ലാ രോഗികള്‍ക്കും ആശുപത്രിയില്‍ സുരക്ഷിതരായി തങ്ങാം. സ്വദേശികള്‍-വിദേശികള്‍, ശക്തര്‍-അശക്തര്‍, ധനികന്‍-ദരിദ്രന്‍, ജോലിയുള്ളവന്‍-ഇല്ലാത്തവന്‍, കാഴ്ചയുള്ളവന്‍-അന്ധന്‍, ശാരീരികവും മാനസികവുമായി രോഗിയായവന്‍, വിദ്യാസമ്പന്നന്‍-നിരക്ഷരന്‍ തുടങ്ങി എല്ലാവരുടെയും ചെലവുകള്‍ ആശുപത്രി തന്നെ വഹിക്കുന്നതാണ്. പ്രതിഫലം നല്‍കണമെന്ന ഒരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. പ്രതിഫലം നല്‍കാത്തതിന്‍റെ പേരില്‍ വ്യംഗ്യമായി പോലും ആരും വിമര്‍ശിക്കപ്പെട്ടില്ല. ഉദാരമതിയായ അല്ലാഹുവിന്‍റെ മഹിമ കൊണ്ട് മാത്രമാണ് പരിപൂര്‍ണ്ണ സുഖം പ്രാപിക്കാനാവുക’.
(കയ്റോയിലെ മന്‍സൂര്‍ ഖലാവൂന്‍ ആശുപത്രിയുടെ മുന്‍ഭാഗത്ത് എഴുതിവെച്ച കുറിപ്പ്, ക്രി. 1284)

ആരോഗ്യത്തോടും ചികിത്സയോടുമുള്ള ആധുനിക പാശ്ചാത്യരുടെ സമീപനത്തിന് ബാബിലോണ്‍, ഈജിപ്ത്, ഗ്രീസ്, റോം, ഇന്ത്യന്‍ നാഗരികതകളോടാണ് അവര്‍ കടപ്പെട്ടിരിക്കുന്നത്. സാമൂഹിക, വൈദ്യശാസ്ത്ര രംഗത്തെ വലിയൊരു കണ്ടുപിടുത്തമായിരുന്നു ഹോസ്പിറ്റല്‍. ഇന്നത് മറ്റു സ്ഥാപനങ്ങലെപ്പോലെത്തന്നെ നാം നിസാരമായി കാണുന്ന ഒരു സ്ഥാപനം മാത്രമാണ്. വളരെ വിരളമായി മാത്രമേ അത് ആവശ്യമുള്ളൂവെങ്കില്‍ പോലും അത് നിര്‍മ്മിക്കാന്‍ മുന്‍കയ്യെടുക്കുന്നവര്‍ നന്ദിയോടെ സ്മരിക്കപ്പെടേണ്ടവരാണ്. ലോകത്ത് എവിടെ ചെന്നാലും ഇന്ന് നമ്മുടെ വേദന മാറ്റാനും അസുഖങ്ങളില്‍ നിന്നും ആക്സിഡന്‍റുകളില്‍ നിന്നും രക്ഷനേടാനും സഹായകമാകുന്ന ഹോസ്പിറ്റലുകളുണ്ട്.

മധ്യകാലങ്ങളില്‍ ഇസ്ലാമിക സമൂഹത്തില്‍ വികസിച്ചു വന്ന ആരോഗ്യ പരിരക്ഷയോടുള്ള സാമൂഹികവും ശാസ്ത്രീയവുമായ വ്യവസ്ഥാപിത സമീപനത്തില്‍ കൈവരിച്ച നേട്ടമാണ് ഇന്നത് തുടര്‍ന്ന് കൊണ്ടുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഖലീഫമാര്‍, സുല്‍ത്താന്മാര്‍, പണ്ഡിതന്മാര്‍, വൈദ്യ പരിശീലകന്മാര്‍ തടങ്ങിയ ഒരു നീണ്ടനിര വളരെ വൈവിധ്യമായിരുന്ന പാരമ്പര്യങ്ങളില്‍ നിന്നുള്ള പുരാതന അറവുകളെല്ലാം സമന്വയിപ്പിച്ച് നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിരന്തര അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായിരുന്നു ഈ ബീമാരിസ്ഥാന്‍. അവര്‍ വികസിപ്പിച്ചെടുത്ത ബീമാരിസ്ഥാന്‍(ആതുരാലയം) ആധുനിക ഹോസ്പിറ്റലുകളുടെ കേവലമൊരു മൂലരൂപം മാത്രമായിരുന്നില്ല. മറിച്ച്, ആധുനിക മള്‍ട്ടി-സര്‍വീസ് ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെന്‍ററുകളോടെല്ലാം വേര്‍തിരിച്ചു കാണാനാകാത്ത വിധം വളരെ സാമ്യമുള്ളതുമായിരുന്നു. ചികിത്സാ കേന്ദ്രമായും രോഗികള്‍ക്കും ആക്സിഡന്‍റ് ആയവര്‍ക്കുമെല്ലാം പൂര്‍ണ്ണ സുഖം പ്രാപിക്കുന്നത് വരെ തങ്ങാനുള്ള വീടുകളായും ബീമാരിസ്ഥാന്‍ നിലകൊണ്ടു. വീട്ടില്‍ പരിരക്ഷ ലഭിക്കാത്ത വയോധികര്‍ക്കും രോഗികള്‍ക്കും സംരക്ഷണവും ഉപജീവനമാര്‍ഗ്ഗവുമായിരുന്നു ബീമാരിസ്ഥാന്‍.

Also read: നൂഹ് പ്രവാചകന്റെ പ്രബോധനവും സുപ്രധാനമായ ഗുണപാഠങ്ങളും

രോഗികളുടെ അഭയകേന്ദ്രം
മധ്യകാല ഇസ്ലാമിക നാഗരികത വൈദ്യശാസ്ത്ര മേഖലയിലെ വികസനത്തിന് നല്‍കിയ ഊര്‍ജ്ജത്തിന്‍റെയും ചിന്തയുടെയും മധുര ഫലമായിരുന്നു ബീമാരിസ്ഥാന്‍. ഇന്നുള്ളത് പോലെത്തന്നെ, വലിയ ഹോസ്പിറ്റലുകളോട് ചേര്‍ന്ന് മെഡിക്കല്‍ സ്കൂളുകളും മുതിര്‍ന്ന വൈദ്യന്മാര്‍ രോഗികളെ നേരിട്ട് ചികിത്സിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്ന ലൈബ്രറികളുമുണ്ടായിരുന്നു. ഹോസ്പിറ്റല്‍ തന്നെ നേരിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളും ഡിപ്ലോമകളും നടത്തി. ആരോഗ്യം, ചികിത്സ, വൈദ്യശാസ്ത്ര ജ്ഞാനത്തിന്‍റെ പ്രസരണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകളായിരുന്നു ബീമാരിസ്ഥാനുകള്‍ നടത്തിയിരുന്നത്.

ആദ്യകാല ആതുരാലയങ്ങള്‍
പുരാതന കാലം മുതല്‍ക്ക് തന്നെ രോഗികള്‍ക്കുള്ള പരിചരണ സ്ഥലങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും അടിസ്ഥാനപരവും വളരെ വ്യവസ്ഥാപിതവുമായ പരിചരണമൊന്നും നല്‍കപ്പെട്ടിരുന്നില്ല. ഹെല്ലനിസ്റ്റിക്ക് കാലഘട്ടത്തില്‍ ഇതില്‍ വലിയ മാറ്റങ്ങളുണ്ടായെങ്കിലും രോഗികളെ ചികിത്സിക്കാനുള്ള ചെറിയൊരു ഇടം എന്നതിലപ്പുറമൊന്നും പ്രാധാന്യം അവകള്‍ക്കുണ്ടായിരുന്നില്ല. മധ്യകാല യൂറോപ്പിന്‍റെ ആദ്യകാലങ്ങളില്‍ രോഗം അമാനുഷികമാണെന്നും അതിനാല്‍ തന്നെ അതിന്‍റെ ചികിത്സ മനുഷ്യ കഴിവിന് നിയന്ത്രണാതീതമാണെന്നുമുള്ള ദാര്‍ശനിക വിശ്വാസം പരക്കെ വ്യാപിച്ചു. അതോടെ ആശുപത്രികളെല്ലാം സന്യാസിമാരുടെ സത്രങ്ങളും മഠങ്ങളുമായി മാറി. അവിടെയവര്‍ രോഗികളുടെ ശാരീരിക ചികിത്സക്ക് പകരം ആത്മാവിന്‍റെ മോക്ഷത്തിന് പ്രാധാന്യം നല്‍കി.

മുസ്ലിം വൈദ്യശാസ്ത്രജ്ഞന്മാരുടേത് അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായൊരു സമീപനമായിരുന്നു. ‘രോഗത്തോടൊപ്പം അതിനുള്ള മരുന്നുമില്ലാതെ ഒരിക്കലും ഒരു രോഗവും അല്ലാഹു മനുഷ്യനിലേക്ക് ഇറക്കുകയില്ല, ‘രോഗവും അതിനുള്ള മരുന്നും നല്‍കുന്നത് അല്ലാഹു തന്നെയാണ്, എല്ലാ രോഗങ്ങള്‍ക്കും മരുന്നും അവന്‍ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ സ്വയം ചികിത്സ തേടുക’ തുടങ്ങി ഇമാം ബുഖാരിയും അബു ദര്‍ദാഉം ഉദ്ധരിച്ച പ്രവാചക വചനങ്ങളായിരുന്നു അവരെ മുന്നോട്ട് നയിച്ചിരുന്നത്. യുക്തിസഹവും അനുഭവേധ്യമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ആരോഗ്യ പുനസ്ഥാപനമായിരുന്നു മുസ്ലിം വൈദ്യന്മാരുടെ ലക്ഷ്യം.

Also read: മഹല്ലുകളുടെ ആധുനികവല്‍കരണത്തിന് പത്ത് ഇന കര്‍മ്മ പദ്ധതികള്‍

This plaque on the wall of the Bimaristan Arghun in Aleppo, Syria, commemorates its founding by Emir Arghun al-Kamili in the mid-14th century. Care for mental illnesses here included abundant light, fresh air, running water and music.

ആതുരാലയങ്ങളുടെ മാതൃകളിലും മുസ്ലിംകള്‍ ഈ വ്യതിരിക്തത പുലര്‍ത്തിയിരുന്നു. പടിഞ്ഞാറില്‍ രോഗികള്‍ക്കുള്ള കിടക്കകളും സൗകര്യങ്ങളുമെല്ലാം സംവിധാനിച്ചിരുന്നത് ദൈനംദിന ശവസംസ്കാരങ്ങള്‍ കാണാന്‍ കഴിയുന്ന തരത്തിലായിരുന്നു. റൂമുകള്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവ പലപ്പോഴും വെളിച്ചമെത്താതെ ഇരുട്ട് കൂടിയതും വാസ്തുവിദ്യയുടെ ബലഹീനതയും കാലാവസ്ഥക്ക് ഉചിതവുമാകാത്തത് കാരണം എപ്പോഴും ഈര്‍പ്പമുള്ളതുമായിരുന്നു. എന്നാല്‍ ഇസ്ലാമിക നഗരങ്ങളില്‍, കാലാവസ്ഥക്ക് യോചിച്ചും ഈര്‍പ്പമില്ലാതെ സൂക്ഷിച്ചുമായിരുന്നു കെട്ടിടങ്ങളും വീടുകളുമെല്ലാം തയ്യാറാക്കിയിരുന്നത്. മാത്രമല്ല, വെളിച്ചവും ശുദ്ധവായുവും എപ്പോഴും ലഭ്യമാകുന്ന രീതിയിലായിരുന്നു ഹോസ്പിറ്റലുകളെല്ലാം. വൈദ്യശാസ്ത്ര രീതിയായ ഹ്യൂമറലിസത്തിന് സമാനമായി ആത്മീയതയെക്കാള്‍ ശാരീരിക ചികിത്സക്ക് പ്രാധാന്യം നല്‍കുന്ന ചികിത്സാ സമ്പ്രദായമായിരുന്നു മുസ്ലിംകള്‍ ഉപയോഗിച്ചത്.

സഞ്ചരിക്കുന്ന ആതുരാലയങ്ങള്‍
മുഹമ്മദ് നബിയുടെ ജീവിതകാലത്ത് ചികിത്സക്കായി റുഫൈദത്തുല്‍ അസ്ലമിയ്യ തയ്യാറാക്കിയ കൂടാരമാണ് ആദ്യ ഇസ്ലാമിക പരിചരണ കേന്ദ്രമായി അറിയപ്പെടുന്നത്. ഖന്‍ദഖ് യുദ്ധവേളയില്‍ പരിക്കേറ്റവര്‍ക്ക് ഒരു പ്രത്യേക കൂടാരത്തില്‍ റുഫൈദത്തുല്‍ അസ്ലമിയ്യ എന്ന സ്ത്രീ ചികിത്സ നടത്തിയത് വളരെ പ്രശസ്തമാണ്.

Also read: മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

പിന്നീട് വന്ന ഭരണാധികാരികള്‍ ഈ രീതിയെ സഞ്ചരിക്കുന്ന ആതുരാലയമാക്കി മാറ്റിയെടുത്തു. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മരുന്നുകള്‍ എന്നിവക്ക് പുറമെ ഭക്ഷണവും വസ്ത്രവുമെല്ലാം അതിന്‍റെ ഭാഗമായുണ്ടായിരുന്നു. പട്ടണങ്ങളില്‍ നിന്നും സുസ്ഥരിമായ ചികിത്സാ സൗകര്യങ്ങളില്‍ നിന്നും വിദൂരത്തുള്ള സമൂഹങ്ങളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു ഇങ്ങനെയൊരു പദ്ധതി അവര്‍ തയ്യാറാക്കിയത്. രാജാക്കന്മാരും ഈ പദ്ധതിയുടെ ഭാഗമായി ചികിത്സ നേടിയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ സല്‍ജൂഖി ഭരണാധികാരി മുഹമ്മദ് സല്‍ജൂഖി അധികാരിത്തിലേറുമ്പോഴേക്കും സഞ്ചരിക്കുന്ന ആതുരാലയങ്ങള്‍ വളരെ വ്യാപകമായിത്തീര്‍ന്നിരുന്നു. ഈ പദ്ധതിക്ക് നാല്‍പതോളം ഒട്ടകങ്ങള്‍ വരെ ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.

സുസ്ഥിരമായ ആതുരാലയങ്ങള്‍
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഹോസ്പിറ്റല്‍ കുഷ്ഠരോഗികള്‍ക്ക് വേണ്ടി മാത്രമായി നിര്‍മ്മിച്ചതായിരുന്നു. എട്ടാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ അമവി ഖലീഫ വലീദ് ബ്ന്‍ അബ്ദുല്‍ മലിക്കിന്‍റെ മേല്‍നേട്ടത്തില്‍ ഡമസ്കസിലായിരുന്നു അത് നിലവില്‍ വന്നത്. അവിടെ നിയോഗിക്കപ്പെട്ട വൈദ്യന്മാര്‍ക്ക് ഉയര്‍ന്ന ശമ്പളവും സമ്പത്തും ഖലീഫ വലീദ് നല്‍കി. കുഷ്ഠരോഗമല്ലാതെ അന്ധത പോലെയുള്ള വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഗാര്‍ഹിക ചെലവുകള്‍ക്ക് പ്രത്യേക സ്റ്റൈപന്‍റുകളും ഖലീഫ ഉറപ്പാക്കിയിരുന്നു.

ചരിത്രത്തില്‍ ലിഖിതമായ ആദ്യ ജനറല്‍ ഹോസ്പിറ്റലും ബഗ്ദാദില്‍ തന്നെയായിരുന്നു പണികഴിക്കപ്പെട്ടിരുന്നത്. ക്രി. 805ല്‍ ഖലീഫ ഹാറൂന്‍ റഷീദിന്‍റെ മന്ത്രിയാണ് അതിന് നേതൃത്വം കൊടുത്തത്. അതിനെക്കുറിച്ചുള്ള ചരിത്ര വിവരങ്ങള്‍ വളരെ വിരളമാണ്. എന്നിരുന്നാലും, ജുന്ദിഷാപൂരിലെ പേര്‍ഷ്യന്‍ മെഡിക്കല്‍ അക്കാദമിയുടെ മുന്‍കാല മേധാവികളായിരുന്ന ബക്തിഷു കുടുംബത്തിലെ കൊട്ടാര വൈദ്യന്മാര്‍ക്ക് അതിന്‍റെ വികസനത്തിലും പരിപാലനത്തിലും സുപ്രധാന പങ്കുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

Also read: സംവാദരഹിതമായ ജനാധിപത്യം

തുടര്‍ന്നുള്ള ദശകങ്ങളില്‍ മുപ്പത്തിനാലോളം ഹോസ്പിറ്റലുകളാണ് മുസ്ലിം ലോകത്ത് നിര്‍മ്മിക്കപ്പെട്ടത്. പിന്നീടുള്ള ഓരോ വര്‍ഷവും അതിന്‍റെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ഖയ്റുവാനിലും മക്കയിലും മദീനയിലും ഓരോ ഹോസ്പിറ്റലുകള്‍ നിര്‍മ്മിക്കപ്പെട്ടു. പേര്‍ഷ്യയിലും നിരവധി ഹോസ്പിറ്റലുകളുണ്ടായിരുന്നു. ബഗ്ദാദിലെ അഭ്യസ്തവിദ്യനായ മുഹമ്മദ് ബിന്‍ സക്കരിയ്യ അര്‍റാസിയായിരുന്നു റയ്യിലുണ്ടായിരുന്ന ഹോസ്പിറ്റലിന്‍റെ നടത്തിപ്പു ചുമതല ഏറ്റെടുത്തിരുന്നത്.

പത്താം നൂറ്റാണ്ടോടെ ബഗ്ദാദില്‍ പുതിയ അഞ്ച് ഹോസ്പിറ്റലുകള്‍ കൂടി മുസ്ലിം ഭരണാധികാരികള്‍ പണികഴിപ്പിച്ചു. അതില്‍ ആദ്യത്തേത്, ഒമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഖലീഫ മുഅ്തദിന്‍റെ കാലത്തായിരുന്നു. സക്കരിയ്യ അര്‍റാസിയെ തന്നെയായിരുന്നു അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നേട്ടം ഖലീഫ ഏല്‍പിച്ചിരുന്നത് . രോഗികള്‍ക്ക് സ്വാസ്ഥ്യം നല്‍കുന്ന ഒരു സ്ഥലമായിരുന്നു ഹോസ്പിറ്റലിന് വേണ്ടി സക്കരിയ്യ അര്‍റാസി അന്വേഷിച്ചത്. അതിനായി അദ്ദേഹം അല്‍പം മാംസ കഷ്ണങ്ങള്‍ എടുത്ത് നഗത്തിലെ പലയിടങ്ങിലും ഉപേക്ഷിച്ചു. അതില്‍ ഏറ്റവും അവസാനമായി അഴുകിയ മാംസമുള്ള സ്ഥലത്താണ് അദ്ദേഹം ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ കല്‍പിച്ചത്. ചികിത്സയുടെ പ്രാരംഭഘട്ടത്തില്‍ നേത്രം, എല്ല്, ശാസ്ത്രക്രിയ എന്നിവയുടെ സ്പെഷലിസ്റ്റുകളടക്കം ഇരുപത്തഞ്ച് ഡോക്ടര്‍മാര്‍ ആ ഹോസ്പിറ്റലിലുണ്ടായിരുന്നു. 1258ല്‍ മംഗോളുകള്‍ ബഗ്ദാദ് നശിപ്പിക്കുന്നത് വരെ ധാരാളം ചികിത്സാ വിദഗ്ദര്‍ അവിടെ നിന്നും വളര്‍ന്നു വന്നു.

Also read: സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം

The Nur al-Din Bimaristan, a hospital and medical school in Damascus, was founded in the 12th century. Today it is the Museum of Medicine and Science in the Arab World.

പത്താം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ ബഗ്ദാദിലെ മന്ത്രിയായിരുന്ന അലി ബിന്‍ ഈസ ബ്ന്‍ ജറാഹ് ബ്ന്‍ സാബിത്ത് ബഗ്ദാദിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എഴുതിയ ഒരു കുറിപ്പില്‍ അദ്ദേഹം പറയുന്നു: ‘തടവുകാരെക്കുറിച്ച് എനിക്ക് വലിയ ആശങ്കയായിരുന്നു. അവരുടെ വലിയ ജനസംഖ്യയും ജയിലുകളുടെ അവസ്ഥയും കാരണം അവര്‍ക്കിടയില്‍ രോഗികളുണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍തന്നെ, അവരെ മാത്രം ചികിത്സിക്കാനും വേണ്ട മരുന്നുകള്‍ നല്‍കാനും സ്പെഷല്‍ വൈദ്യന്മാര്‍ അനിവാര്യമാണെന്ന അഭിപ്രായമായിരുന്നു എനിക്ക്. അവര്‍ നിത്യം ജയിലില്‍ വരികയും തടവുകാരിലെ രോഗികളെ ചികിത്സിച്ച് അവരുടെ ആരോഗ്യം ഉറപ്പുവരുത്തുകയും വേണം’. ആ കുറിപ്പ് കാരണം താമസിയാതെ തന്നെ കുറ്റവാളികള്‍ക്ക് മാത്രമായി ഒരു ഹോസ്പിറ്റല്‍ നിര്‍മ്മിക്കപ്പെട്ടു.

ഈജിപ്തില്‍ 872ലാണ് ആദ്യ ഹോസ്പിറ്റല്‍ നിലവില്‍ വരുന്നത്. ഈജിപ്തിലെ അബ്ബാസി ഗവര്‍ണ്ണറായിരുന്ന അഹ്മദ് ബ്ന്‍ ത്വൂലൂന്‍റെ നേതൃത്വത്തിലായിരുന്നു ഇപ്പോഴത്തെ ഓള്‍ഡ് കയ്റോയുടെ ഭാഗമായ തെക്കുപടിഞ്ഞാറന്‍ ഫുസ്ത്വാത്തില്‍ ആ ഹോസ്പിറ്റല്‍ പണിതത്. പൊതുവായ രോഗങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്നങ്ങള്‍ക്കും ചികിത്സ ഉറപ്പുവരുത്തിയ ആദ്യ ആതുരാലയമായിരുന്നുവത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ കയ്റോയില്‍ തന്നെ നാസിരി ഹോസ്പിറ്റലിന് തറക്കല്ലിട്ടു. വലിപ്പത്തിലും പ്രാധാന്യത്തിലും ഇതര ആതുരാലയങ്ങളെക്കാള്‍ മുന്‍പന്തിയിലായിരുന്ന നാസിരി ഹോസ്പിറ്റലിന്‍റെ നിര്‍മ്മാണം 1284ലാണ് പൂര്‍ത്തിയാകുന്നത്. പതിനഞ്ചാം നൂറ്റാണ്ടു വരെ കയ്റോയിലെ പ്രാഥമിക ചികിത്സാ കേന്ദ്രമായി പരിഗണിക്കപ്പെട്ടിരുന്നത് നാസിരിയായിരുന്നു. പിന്നീടതിന് ഖലാവൂന്‍ ഹോസ്പിറ്റലെന്ന് പുനര്‍നാമകരണം ചെയ്തു. നേത്രരോഗ വിഭാഗമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ടത് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടു വരെ നൂരി ഹോസ്പിറ്റലായിരുന്നു ഡമസ്കസിലെ സുപ്രധാന ഹോസ്പിറ്റലുകളിലൊന്ന്. അന്ന് ഡമസ്കസില്‍ അഞ്ചോളം ചികിത്സാ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Also read: മഹാത്മാഗാന്ധി എന്ന അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

ഐബീരിയന്‍ ഉപദ്വീപികളില്‍ കൊര്‍ദോവയില്‍ മാത്രം അമ്പതോളം പ്രധാന ഹോസ്പിറ്റലുകളുണ്ടായിരുന്നു. അതില്‍ ചിലത് സൈന്യത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു. അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ സൈന്യത്തന് പുറമെ ഖലീഫയുടെ അടുത്ത ആളുകള്‍ക്കും സൈനിക കമ്മാന്‍ററുകള്‍ക്കുമെല്ലാം പ്രത്യേകം ചികിത്സ നല്‍കി.

സംഘാടനം
ആധുനിക ഹോസ്പിറ്റലുകളിലെല്ലാം കാണുന്നത് പോലെ പൊതു രോഗ വിഭാഗം, സര്‍ജറി, ഒഫ്താമോളജി, ഓര്‍ത്തോപീഡിക്സ്, മാനസിക വിഭാഗം തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ അക്കാലത്തുതന്നെ ഇസ്ലാമിക വൈദ്യന്മാര്‍ സംവിധാനിച്ചിരുന്നു. ഇസ്ലാമിക ആതുരാലയങ്ങളിലെ പൊതു രോഗ വിഭാഗം തന്നെ ഇന്നത്തെ ഇന്‍റേര്‍ണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് തുല്യമായിരുന്നു. അതുതന്നെ പനി, ദഹന പ്രശ്നങ്ങള്‍, അണുബാധ തുടങ്ങിയ ഉപവിഭാഗങ്ങളായിട്ടായിരുന്നു വിഭജിക്കപ്പെട്ടിരുന്നത്. വലിയ ഹോസ്പിറ്റലുകള്‍ക്ക് ധാരാളം വകുപ്പുകളും ഉപവകുപ്പുകളും തയ്യാറാക്കിയിരുന്നു. മാത്രമല്ല, ഓരോ വിഭാഗത്തിലും സൂപ്പര്‍വൈസിംഗ് സ്പെഷ്യലിസ്റ്റിന് പുറമെ പ്രിസൈഡിംഗ് ഓഫീസറെയും ഓഫീസര്‍ ഇന്‍-ചാര്‍ജിനെയും അവര്‍ നിയമിച്ചു.

ഓരോ ഹോസ്പിറ്റലും അതിന്‍റെ പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേകമായി ഒരു സാനിറ്ററി ഇന്‍സ്പെക്ടറുമുണ്ടായിരുന്നു. അതുപോലെ, ഹോസ്പിറ്റലിന്‍റെ സാമ്പത്തികവും അല്ലാത്തതുമായ കാര്യങ്ങള്‍ മെച്ചപ്പെടുത്തി ഗുണനിലവാരം നിലനിര്‍ത്താന്‍ അക്കൗണ്ടന്‍റുകളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും നിയമിതരായി. ഇതനെല്ലാം പുറമെ, സ്ഥാപനം മുഴുവന്‍ നോക്കി നടത്താന്‍ ഉത്തരവവാദിത്വമേല്‍പിക്കപ്പെട്ട ഒരു സൂപ്രണ്ടും ഓരോ ഹോസ്പിറ്റലിനുമുണ്ടായിരുന്നു.

ഓരോ വൈദ്യന്മാര്‍ക്കും അവരവരുടെ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ മാത്രമായി നിശ്ചിത സമയം മാത്രമേ ജോലിയുണ്ടായിരുന്നുള്ളൂ. അതുപോലെത്തന്നെ ഓരോ ഹോസ്പിറ്റലിനും അവരുടെ സ്വന്തം ഫാര്‍മസിസ്റ്റുകളും(സ്വയ്ദലാനി) നഴ്സുമാരും ഉണ്ടായിരുന്നു. നിയമാടിസ്ഥാനത്തിലായിരുന്നു മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുള്ള ശമ്പളം നിശ്ചയിക്കപ്പെട്ടിരുന്നത്. വൈദ്യ മേഖലയില്‍ പ്രാഗത്ഭ്യമുള്ളവരെ ആകര്‍ശിക്കാന്‍ വേണ്ടി കഴിവുള്ളവര്‍ക്ക് അധിക പ്രതിഫലവും നല്‍കിയിരുന്നു.

Also read: ഹാഥറസിലെ ചുട്ടെരിച്ച ആ പെൺകുട്ടി…?

വഖ്ഫ് സ്വത്തില്‍ നിന്നായിരുന്നു ഇസ്ലാമിക ആതുരാലയങ്ങള്‍ക്ക് വേണ്ടിയുള്ള മൂലധനം കണ്ടെത്തിയിരുന്നത്. നിര്‍മ്മിക്കപ്പെട്ട ചികിത്സാലയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും പുതിയവ നിര്‍മ്മിക്കാനും സമ്പന്നരും ഭരണാധികാരും അവരുടെ സമ്പത്തില്‍ നിന്നും ധര്‍മ്മം നല്‍കി. നികുതിയായി ലഭിക്കുന്ന ധനം പുതിയ ബില്‍ഡിംങ് നിര്‍മ്മാണങ്ങള്‍ക്കും നടത്തിപ്പു ചെലവുകള്‍ക്കുമായി നീക്കിവെക്കുകയും ചെയ്തു. പലചരക്കു കടകള്‍, മില്ല്, വഴിയമ്പലങ്ങള്‍ എന്നിവയില്‍ നിന്നും മുഴുവന്‍ ഗ്രാമങ്ങളില്‍ നിന്നും നികുതി പിരിച്ചിരുന്നു. നികുതി വകയില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ആശുപത്രി വിട്ടുപോകുന്ന രോഗികള്‍ക്ക് സ്റ്റൈപന്‍റായി നല്‍കി. രാജ്യ ബജറ്റില്‍ നിന്ന് അല്‍പം ആതുരാലയങ്ങളുടെ നടത്തിപ്പിനായി നീക്കിവെക്കാന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നു. ചില വൈദ്യന്മാര്‍ക്ക് നല്‍കേണ്ട നിശ്ചിത ഫീസ് ഒഴികെ മറ്റെല്ലാം സേവനങ്ങളും രോഗികള്‍ക്ക് സൗജന്യമായാണ് നല്‍കിയിരുന്നത്.

രോഗി പരിചരണം
ബീമാരിസ്ഥാന്‍റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമായിരുന്നു. പുരുഷന്മാരെ പുരുഷ വൈദ്യന്മാരും സ്ത്രീകളെ സ്ത്രീ വൈദ്യന്മാരുമായിരുന്നു ചികിത്സിച്ചിരുന്നത്. ഗുരുതരമല്ലാത്ത രോഗങ്ങള്‍ ചികിത്സിക്കാന്‍ വൈദ്യന്മാര്‍ ഔട്ട്പേഷ്യന്‍റ് ക്ലിനിക്കുകള്‍ നടത്തുകയും വീട്ടില്‍ നിന്നും കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചുകൊടുക്കുകയും ചെയ്തു.
അണുബാധ തടയാന്‍ പ്രത്യേക നടപടികള്‍ തന്നെ സ്വീകരിച്ചിരുന്നു. രോഗികളല്ലാത്തവര്‍ക്ക് ഹോസ്പിറ്റലിന്‍റെ സപ്ലൈ ഏരിയയില്‍ വെച്ച് ഹോസ്പിറ്റല്‍ വസ്ത്രങ്ങള്‍ നല്‍കുകയും അതേസമയം അവരുടെ വസ്ത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റോറുകളില്‍ സൂക്ഷിക്കുകയും ചെയ്തു. വൃത്തിയുള്ള ബെഡ്ഷീറ്റുകളും നന്നായി സ്റ്റഫ് ചെയ്ത മെത്തകള്‍ വിരിച്ച കിടക്കകളും വാര്‍ഡുകളില്‍ രോഗികള്‍ക്കായി തയ്യാറാക്കിയിരുന്നു. മാത്രമല്ല, ഹോസ്പിറ്റല്‍ മുറികളും വാര്‍ഡുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും സൂര്യപ്രകാശം ലഭ്യമാകുന്ന രീതിയില്‍ സംവിധാനിക്കുകയും ചെയ്തിരുന്നു. സാനിറ്ററി ഇന്‍സ്പക്ടര്‍ ദിനേന നിരീക്ഷിക്കുന്നതിനാല്‍ എല്ലായിടവും എപ്പോഴും വൃത്തിയുള്ളതായി തന്നെ നിലനിന്നു. നാട്ടിലെ ഭരണാധികാരികളുടെ രോഗി സന്ദര്‍ശനങ്ങള്‍ പതിവായിരുന്നു. അവര്‍ ഹോസ്പിറ്റലുകളില്‍ ഇടക്കിടെ വരികയും രോഗികളെയും മേധാവികളെയും കണ്ട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

Also read: കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

ഹോസ്പിറ്റലില്‍ എത്തിയ ഉടനെ രോഗികള്‍ക്ക് അനുയോജ്യമായ ചികിത്സ വൈദ്യന്മാര്‍ ആരംഭിക്കും. രോഗത്തിന് അനുസരിച്ച് പ്രത്യേക ഭക്ഷണക്രമവും അവര്‍ നിര്‍ദ്ദേശിക്കും. പച്ചക്കറികളും പഴങ്ങളും ആട്, കോഴി, പോത്ത് എന്നിവയുടെ മാംസവും അടക്കം വളരെ മേന്മയേറിയ ഭക്ഷണമായിരുന്നു രോഗികള്‍ക്ക് നല്‍കിയിരുന്നു. നിശ്ചിത അളവ് ബ്രഡും ഒരു പക്ഷിയെ മുഴുവന്‍ പൊരിച്ചെടുത്ത മാംസവും കഴിച്ച് അതിന്‍റെ ദഹനം എങ്ങനെയാണെന്ന് നോക്കിയായിരുന്നു അസുഖം ഭേദമാകുന്നുണ്ടോ എന്ന് നോക്കിയിരുന്നത്. വൈകാതെത്തന്നെ ദഹനപ്രക്രിയ നടക്കുകയാണെങ്കില്‍ രോഗം ഭേദമായെന്ന് ഉറപ്പുകൊടുത്ത് രോഗികളെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അസുഖം മാറുകയും എന്നാല്‍ പൂര്‍ണ്ണ ആരോഗ്യം കൈവരിക്കാത്തതുമായ രോഗികളെ ആരോഗ്യം പ്രാപിച്ചുകൊണ്ടിരിക്കുന്നവര്‍ക്കായി തയ്യാറാക്കിയ വാര്‍ഡിലേക്ക് മാറ്റും. പാവപ്പെട്ട രോഗികളില്‍ വസ്ത്രം ആവശ്യമുള്ളവര്‍ക്ക് വസ്ത്രവും ഹോസ്പിറ്റല്‍ വിട്ടു പോകും നേരം ഉപജീവനത്തിനായി അല്‍പം തുകയും സഹായ തുകയായി നല്‍കിയിരുന്നു.

പത്താം നൂറ്റാണ്ടിലെ കൊര്‍ദോവ ഹോസ്പിറ്റലില്‍ നിന്നും ഒരു ഫ്രഞ്ചുകാരന്‍ എഴുതിയ കത്ത്:
എന്‍റെ മരുന്നുകള്‍ക്ക് ആവശ്യമായ തുക അയക്കാമെന്ന് സൂചിപ്പിച്ചത് മുമ്പെഴുതിയ കത്തുകളില്‍ ഞാന്‍ കണ്ടു. ഈ ഇസ്ലാമിക ആതുരാലയത്തില്‍ ചികിത്സയിലായിരിക്കുന്ന കാലത്തോളം എനിക്കതിന്‍റെ ആവശ്യമില്ല. ഇവിടെയെല്ലാം സൗജന്യമാണ്. എടുത്തു പറയേണ്ട വേറെയും ചില പ്രത്യേകതകള്‍ ഈ ഹോസ്പിറ്റലുകള്‍ക്കുണ്ട്. അസുഖം സുഖപ്പെട്ട രോഗികള്‍ക്ക് പൂര്‍ണ്ണ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലെത്തുന്നത് വരെ താമസിക്കാനുള്ള റൂമും അഞ്ച് ദീനാറും സഹായധനമായി നല്‍കുന്നുണ്ട്.

Depicting a scene in the hospital at Cordóba, then in Al-Andalus (Muslim Spain), this 1883 illustration shows the famed physician Al-Zahrawi (called Abulcasis in the West) attending to a patient while his assistant carries a box of medicines.

പ്രിയപ്പെട്ട പിതാവേ, നിങ്ങളെന്നെ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെങ്കില്‍ സര്‍ജറി ഡിപ്പാര്‍ട്ട്മെന്‍റിലോ സന്ധി ചികിത്സാ ഡിപ്പാര്‍ട്ട്മെന്‍റിലോ എന്നെ അന്വേഷിച്ചാല്‍ മതി. ഹോസ്പിറ്റലിന്‍റെ പ്രധാന കവാടം കടന്ന് തെക്ക് ഭാഗത്തെ ഹാളില്‍ പ്രവേശിച്ചാല്‍ അവിടെ ഫസ്റ്റ് എയ്ഡ് ഡിപ്പാര്‍ട്ട്മെന്‍റും രോഗനിര്‍ണ്ണയ ഡിപ്പാര്‍ട്ടുമെന്‍റും കാണാം. അതിന് തൊട്ടടുത്ത് തന്നെയാണ് സന്ധിവാതങ്ങള്‍ക്കുള്ള ഡിപ്പാര്‍ട്ട്മെന്‍റ്(സന്ധി ചികിത്സ). എന്‍റെ റൂമിന് അടുത്ത് തന്നെ ഒരു ലൈബ്രറിയും നീണ്ട ഹാളുമുണ്ട്. അവിടെവെച്ച് ഡോക്ടര്‍മാരെ കണ്ടു സംസാരിക്കാനും പ്രൊഫസ്സര്‍മാരുടെ ലക്ചറിംങ്ങുകള്‍ കേള്‍ക്കാനുമാകും. ഹോസ്പിറ്റല്‍ അങ്കണത്തിന്‍റെ മറ്റൊരു ഭാഗത്താണ് ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്‍റ്. പുരുഷന്മാര്‍ക്ക് അങ്ങോട്ട് പ്രവേശനമില്ല. അങ്കണത്തിന്‍റെ വലതുഭാഗത്തെ നീണ്ട ഹാള്‍ രോഗം സുഖപ്പെട്ടവര്‍ക്കുള്ളതാണ്. രോഗം സുഖപ്പെട്ടതിന് ശേഷമുള്ള വിശ്രമവേളകള്‍ അവിടെയാണ് തങ്ങുന്നത്. അവിടെയും വിശാലമായ ലൈബ്രറിയും ഒപ്പം ചില വാദ്യോപകരണങ്ങളും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.

പ്രിയപ്പെട്ട പിതാവേ, ഈ ഹോസ്പിറ്റലിന്‍റെ എല്ലാ ഭാഗവും വളരെ വ്യത്തിയും വെടിപ്പുമുള്ളതാണ്. രോഗികള്‍ക്കുള്ള ബെഡും തലയിണകളും ഡമസ്കസ് വൈറ്റ് ക്ലോത്ത് കൊണ്ടാണ് പുതച്ചിരിക്കുന്നത്. ബെഡ് കവറുകളും വളരെ മൃദുമായ കമ്പിളികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹോസ്പിറ്റലിലെ എല്ലാ റൂമുകളിലും ശുദ്ധജലം ലഭ്യമാണ്. ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള വിശാലമായ വെള്ളച്ചാട്ടത്തില്‍ നിന്നും പൈപ് വഴിയാണ് റൂമിലേക്ക് വെള്ളം എത്തിക്കുന്നത്. വെള്ളത്തോടൊപ്പംതന്നെ അത് ചൂടാക്കാനുള്ള ഹീറ്റിംഗ് സ്റ്റൗവ്വുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണത്തെ സംബന്ധിച്ചെടുത്തോളം പച്ചക്കറിയും കോഴിയും എല്ലായിപ്പോഴും ലഭ്യമാണ്. ആ ഭക്ഷണത്തിന്‍റെ രുചിയും അതിനോടുള്ള സ്നേഹവും കാരണം ചില രോഗികള്‍ക്ക് സുഖം പ്രാപിച്ചതിന് ശേഷവും ഇവിടം വിട്ട് പോകാന്‍ മനസ്സുവരാറില്ല(ദി ഇസ്ലാമിക് സൈന്‍റിഫിക് സുപ്രീമസി, അമീര്‍ ഗഫാര്‍ അല്‍-അര്‍ശദി, 1990, ബയ്റൂത്ത്, അല്‍-രിസാല എസ്റ്റാബ്ലിഷ്മെന്‍റ്).

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

നൂരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സമയത്ത് ഒരു പേര്‍ഷ്യന്‍ യുവാവിന് അവിടുത്തെ ഭക്ഷണത്തോട് തോന്നിയ അടുപ്പത്തെക്കുറിച്ചുള്ള രസകരമായ കഥ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത സഞ്ചാരിയും വൈദ്യനുമായ അബ്ദുലത്തീഫ് അല്‍-ബഗ്ദാദി വിവരിക്കുന്നുണ്ട്. ഭക്ഷണത്തോടുള്ള യുവാവിന്‍റെ ഇഷ്ടം മനസ്സിലാക്കിയ ഡോക്ടര്‍ അദ്ദേഹത്തിന് മൂന്ന് ദിവസം അവിടെ തങ്ങാനുള്ള അനുവാദം കൊടുത്തു. നാലാം ദിവസവും ഹോസ്പിറ്റല്‍ വിട്ടുപോകാതെ യുവാവ് അവിടെത്തന്നെ റൂമില്‍ തന്നെ ഇരിക്കുന്നത് കണ്ട് ഡോക്ടര്‍ അദ്ദേഹത്തോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘സഹോദരാ, മൂന്ന് ദിവസമാണ് പരമ്പരാഗത അറബ് ആതിഥ്യം. ദയവായി, താങ്കളിപ്പോള്‍ വീട്ടിലേക്ക് തന്നെ തിരിച്ചുപോകണം’.

ഇസ്ലാമിക ഹോസ്പിറ്റലുകളിലെ പരിചരണ നിലവാരത്തെക്കുറിച്ച് എഴുത്തുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും അവലോകനവും നടന്നിട്ടുണ്ട്. ‘മആലിമുല്‍ ഖുര്‍ബാ ഫീ ത്വലബില്‍ ഹിസ്ബ’ എന്ന ഗ്രന്ഥത്തില്‍ ഇബ്ന്‍ അല്‍-ഒഖോവ രേഖപ്പെടുത്തുന്നു: ‘രോഗിയുടെ അസുഖം സുഖപ്പെട്ടാല്‍ മാത്രമേ വൈദ്യന്മാര്‍ക്ക് ഫീസ് കൊടുക്കേണ്ടിയിരുന്നൊള്ളൂ. രോഗി മരിച്ചാല്‍ ബന്ധുക്കള്‍, വൈദ്യന്‍ എഴുതിക്കൊടുത്ത കുറിപ്പുമായി പ്രധാന ഡോക്ടറുടെ അടുത്ത് ചെന്നത് അവതരിപ്പിക്കും. യാതൊരു പിഴവും കൂടാതെത്തന്നെയാണ് വൈദ്യന്‍ ചികിത്സിച്ചതെന്ന് പ്രധാന ഡോക്ടര്‍ക്ക് വ്യക്തമായല്‍ അദ്ദേഹം ബന്ധുക്കളോട് മരണം സ്വാഭാവികമാണെന്ന് പറയും. ഇനി വൈദ്യന്‍റെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെങ്കില്‍ വൈദ്യനാണ് അദ്ദേഹത്തെ കൊന്നതെന്നും അതിനുള്ള നഷ്ടപരിഹാരം അദ്ദേഹത്തില്‍ നിന്ന് ഈടാക്കാമെന്നും പ്രധാന ഡോക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കും. ഈ രീതിയിലൂടെ രോഗികളെ പരിചരിക്കുന്ന വൈദ്യന്മാരെല്ലാം പരിചയസമ്പന്നരും നന്നായി പരിശീലനം നേടിയവരുമാണെന്ന് ഉറപ്പാക്കാമായിരുന്നു’.

സുസ്ഥിരമായ ഹോസ്പിറ്റലുകള്‍ക്ക് പുറമെ പ്രധാന പട്ടണങ്ങളിലും നഗരങ്ങളിലും പ്രത്യേക ഫസ്റ്റ് എയ്ഡുകളും കെയര്‍ സെന്‍ററുകളുമുണ്ടായിരുന്നു. വലിയ പള്ളകളുള്ള സ്ഥലങ്ങള്‍ പോലെ ജനത്തിരക്കുള്ള പൊതു ഇടങ്ങളിലായിരുന്നു അവ സ്ഥാപിക്കപ്പെട്ടിരുന്നത്. കെയ്റോയിലെ ഒരു കെയര്‍ സെന്‍ററിനെക്കുറിച്ച് ഈജിപ്ഷ്യന്‍ ചരിത്രകാരന്‍ മഖ്രിസി വിവരിക്കുന്നു: ‘ഈജിപ്തിലെ ലോക പ്രസിദ്ധമായ പള്ളി നിര്‍മ്മിച്ച സമയത്ത് അതിനോട് ചേര്‍ന്നുതന്നെ ശുദ്ധിസ്നാനത്തിനുള്ള ഇടങ്ങളും ചികിത്സാലായങ്ങളും ഇബ്ന്‍ ത്വൂലൂന്‍ സ്ഥാപിച്ചിരുന്നു. ചികിത്സാലയത്തില്‍ എല്ലാവിധ മരുന്നുകളും പരിചാരകരുമുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ഡ്യൂട്ടിക്കായി ഒരു ഡോക്ടറെത്തന്നെ അദ്ദേഹം നിയമിച്ചു. ജുമുഅക്ക് വേണ്ടി ജനങ്ങള്‍ കൂടുന്ന സമയത്ത് അത്യാസന്നമായി എന്തെങ്കിലും സംഭവിച്ചാല്‍ ചികിത്സിക്കാന്‍ വേണ്ടിയായിരുന്നു അത്’.

Also read: പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

മെഡിക്കല്‍ സ്കൂളുകളും ലൈബ്രറികളും
ഹോസ്പിറ്റലുകളുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് വൈദ്യ പരിശീലനമാണ്. എല്ലാ ഹോസ്പിറ്റലുകളില്‍ ധാരളം വിദ്യാര്‍ത്ഥികളടങ്ങുന്ന ലക്ചര്‍ തിയേറ്ററുകളുണ്ടായിരുന്നു. മുതിര്‍ന്ന വൈദ്യന്മാരുമായും മെഡിക്കല്‍ അതികൃതരുമായും വിദ്യാര്‍ത്ഥികള്‍ ഇടപെട്ട് മെഡിക്കല്‍ പ്രശ്നങ്ങല്‍ ചര്‍ച്ച ചെയ്യുകയും സെമിനാര്‍ സ്റ്റൈലില്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. പരിശീലത്തിന്‍റെ പുരോഗതി അനുസരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്ന വൈദ്യന്മാര്‍ക്കൊപ്പം വാര്‍ഡുകളില്‍ പോയി രോഗനിര്‍ണ്ണയവും ചികിത്സയും നടത്തും. ആധുനിക മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് സമാനമായിരുന്നു അതെല്ലാം. പുരാതനമായ ഈ ക്ലിനിക്കുകളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇബ്ന്‍ അബീ ഉസയ്ബിയയുടെ ‘ഉയൂനില്‍ അമ്പാഇ ഫീ ത്വബഖാത്തില്‍ അത്വിബാഅ് എന്ന ഗ്രന്ഥത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാകും. ഭക്ഷണക്രമത്തിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും പനി, ട്യൂമര്‍, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയവക്ക് പൊതുവായ ചികിത്സാ രീതികളുമുണ്ടായിരുന്നു. രോഗികളുടെ പ്രവര്‍ത്തനങ്ങള്‍, മലമൂത്രവിസര്‍ജ്ജനം, വീക്കത്തിന്‍റെയും വേദനയുടെയും സ്വഭാവം എന്നിവയെല്ലാം വിദ്യാര്‍ത്ഥികളെക്കൊണ്ട് മുതിര്‍ന്ന വൈദ്യന്മാര്‍ പരിശോധിപ്പിക്കും. രോഗികളുടെ തൊലിയുടെ നിറവും തൊലി ചൂടാണോ തണുപ്പാണോ നനവുണ്ടോ എന്നെല്ലാം കുറിച്ചുവെക്കാനും വിദ്യാര്‍ത്ഥികളോട് അവര്‍ നിര്‍ദ്ദേശിക്കും. ഇതെല്ലാം അവരുടെ പഠനത്തിന്‍റെ ഭാഗമായിരുന്നു.

വൈദ്യ ചികിത്സക്കുള്ള അനുമതി ലഭിക്കുന്നതോടെ പരിശീലനം അവസാനിക്കും. പിന്നീട്, മേഖലയിലെ സര്‍ക്കാര്‍ നിയമിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ അപേക്ഷകള്‍ ഹാജരാക്കണം. വൈദ്യശാസ്ത്രത്തിന്‍റെ ഏത് വിഭാഗത്തിലാണ് താല്‍പര്യം ആ വിഷയത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കലാണ് ആദ്യ പടി. ഹിപ്പോക്രാറ്റുകള്‍, ഗാലന്‍, പതിനൊന്നാം നൂറ്റാണ്ടിന് ശേഷം ഇബ്നു സീന തുടങ്ങി പ്രമുഖരുടെയെല്ലാ ഗ്രന്ഥങ്ങളും കണ്ടെത്തലുകളും ഉദ്ധരിച്ചായിരിക്കണം പ്രബന്ധം തയ്യാറാക്കേണ്ടത്.

പരമ്പരാഗത ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, അതില്‍ വന്നിട്ടുള്ള തെറ്റുകളെ സൂക്ഷ്മമായി പരിശോധിക്കാന്‍ വേണ്ടി കൂടിയാണ് ഈ പ്രബന്ധം തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. മുന്‍കാല രചനകളെ അന്തമായി അനുകരിക്കുന്നതിന് പകരം കൃത്യമായ നിരീക്ഷണങ്ങള്‍ക്കും അനുഭവജ്ഞാനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയെന്നതായിരുന്നു മധ്യകാല ഇസ്ലാമിന്‍റെ ബൗദ്ധിക ഫെര്‍മന്‍റുകളുടെ പ്രധാന ഉപകരണങ്ങളിലൊന്ന്. പ്രബന്ധം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായി അഭിമുഖത്തിന് തയ്യാറെടുക്കും. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പ്രശനങ്ങല്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള ചോദ്യങ്ങളായിരിക്കും ഓഫീസര്‍ ചോദിക്കുക. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുന്നവര്‍ക്ക് ചികിത്സക്കുള്ള ഔദ്യോഗിക അനുമതി ലഭിക്കും.

Also read: ജമാല്‍ ഖഷോഗി; രണ്ട് വര്‍ഷത്തിനിപ്പുറവും നീതി പുലര്‍ന്നില്ല

വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ അധ്യാപകന്മാരുടെയും വായനകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള വിശാലമായ ലൈബ്രറികളാണ് ഇതര ഹോസ്പിറ്റലുകളില്‍ നിന്നും ഇസ്ലാമിക ഹോസ്പിറ്റലുകളെ വേറിട്ടു നിര്‍ത്തിയിരുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഇബ്ന്‍ ത്വൂലൂന്‍ ഹോസ്പിറ്റലിന്‍റെ ലൈബ്രറിയില്‍ മെഡിക്കല്‍ സയന്‍സിന്‍റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം പുസ്തകങ്ങളുണ്ടായിരുന്നു. അക്കാലത്ത് യൂറോപ്പിലെ ഏറ്റവും വലിയ ലൈബ്രറിയായിരുന്ന പാരിസ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നാനൂറ് വാള്യം ഗ്രന്ഥങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

ഇസ് ലാമിക വൈദ്യശാസ്ത്രത്തിന്‍റെ കളിത്തൊട്ടിലും ആധുനിക ഹോസ്പിറ്റലുകളുടെ മൂലരൂപവുമായിരുന്ന ബീമാരിസ്ഥാനുകള്‍ മധ്യകാല ഇസ്ലാമിക ലോകത്തിന്‍റെ ബൗദ്ധികവും ശാസ്ത്രീയവുമായ അനവധി നേട്ടങ്ങളിലൊന്നായാണ് എണ്ണപ്പെട്ടിരുന്നത്. എന്നാല്‍, മഹത്തായ പാരമ്പര്യമായൊന്നും ഇന്നതിനെ കണക്കാക്കുന്നില്ലെന്നതാണ് വാസ്തവം.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles