Counselling

മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

നാം കാണുന്ന ഉദയ സൂര്യനെ പോലെ അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ് മരണം. 2017 ലെ കണക്ക് പ്രകാരം ലോകത്ത് ദിനംപ്രതി എണ്ണമറ്റ കാരണങ്ങളാല്‍150,000 പേര്‍ മരിച്ച്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് കോവിഡ് 19 വൈറസ് കാരണത്താല്‍ എത്രയൊ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മരിക്കുന്നതില്‍ പ്രത്യേകിച്ച് പരഭവിക്കേണ്ട കാര്യമൊന്നുമില്ല. കാരണം അത് അല്ലാഹുവിന്‍റെ അചഞ്ചലമായ പ്രാപഞ്ചിക നടപടിക്രമത്തിന്‍റെയും ചര്യയുടേയും ഭാഗമാണ്. ഖുര്‍ആന്‍ പറയുന്നു: സംശയമില്ല; ഒരുനാള്‍ നീ മരിക്കും. അവരും മരിക്കും.(അസുമര്‍: 30)

ആകസ്മികമായ മരണം ഒഴിച്ച് നിര്‍ത്തിയാല്‍, മരണാസന്നനായ വ്യക്തി മൂന്ന് അവസ്ഥകളിലൂടെ കടന്ന് പോവുന്നു. ഒന്ന്, മലക്കുകള്‍ ആത്മാവിനെ വേര്‍പ്പെടുത്തുന്നതിന് മുമ്പുള്ള ആസന്ന മരണം. രണ്ട്, ആത്മാവ് വേര്‍പ്പെട്ട അവസ്ഥ. മൂന്ന് മയ്യത്ത് സംസ്കരിച്ചതിന് ശേഷമുള്ള അവസ്ഥ. ഈ മൂന്ന് ഘട്ടങ്ങളിലും ബന്ധുക്കള്‍ക്കും സമൂഹത്തിനും ചില കടമകളുണ്ട്. ഇതില്‍ ആസന്ന മരണ സമയത്ത് ചെയ്യേണ്ട പത്ത് ബാധ്യതകളെ കുറിച്ച സംഗ്രഹമാണ് ചുവടെ:

1. മരണാസന്നനായ വ്യക്തിക്ക് അല്ലാഹുവിനെ കുറിച്ച സദ് വിചാരം ഓര്‍മ്മപ്പെടുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിനാല്‍ ഒരാളുടെ മരണാസന്ന സമയത്ത് സജജനങ്ങളുടെ സാനിധ്യമുണ്ടാവുന്നത് നല്ലതാണ്. മരണശയ്യയില്‍ കിടക്കുന്ന വ്യക്തിയെ അവര്‍ ആശ്വസിപ്പിക്കുകയും ചെയ്യട്ടെ. നബി (സ) പറഞ്ഞു: അല്ലാഹുവിനെ കുറിച്ച സദ് വിചാരമില്ലാതെ നിങ്ങളില്‍ ആരും മരിക്കരുത്.

Also read: പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക

2. മരണവേദന അനുഭവിക്കുന്നവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലികൊടുക്കുക. നബി (സ) പറഞ്ഞു: (ലഖിനൂ മൗതാകും ലയിലാഹ ഇല്ലല്ലാഹ്) ഈ ലോകത്ത് നിന്ന് ആരുടെയെങ്കിലും അവസാന വാക്ക് ലാഇലാഹ ഇല്ലല്ലാഹ് ആയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ആശുപത്രികളില്‍ ചികില്‍സയുടെ ഭാഗമായി രോഗിയെ വെന്‍റിലേറ്ററില്‍ കിടത്തി ജീവന്‍ ദീര്‍ഘിപ്പിക്കാനുളള ശ്രമം നടക്കുന്നത് പതിവാണ്. അതിനിടയില്‍ ഇത്തരം സുപ്രധാന കാര്യങ്ങള്‍ വിസ്മരിക്കാതിരിക്കുക.

3. മരണാസന്നനായ വ്യക്തിക്ക് ഖുര്‍ആനിലെ സൂറത്ത് യാസീന്‍ ഓതികൊടുക്കുക. നബി (സ) പറഞ്ഞു: “മരണം ആസന്നമായവര്‍ക്ക് നിങ്ങള്‍ സൂറത്ത് യാസീന്‍ ഓതികൊടുക്കുക.” അതിന്‍റെ പരിഭാഷ വായിച്ച് കേള്‍പ്പിക്കുന്നത് രോഗിക്ക് ആശ്വാസം ലഭിക്കാന്‍ സഹായിക്കും. കാരണം അതില്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്ന സൂക്തങ്ങളുണ്ട്. “സംശയം വേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. 36:55,56 തുടങ്ങിയവ ഉദാഹരണം.

4. ഖുര്‍ആനിലെ സ്വര്‍ഗ്ഗത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ധാരാളം സുറത്തുകളും ആയത്തുകളും കാണാം. അത് മരണാസന്നനായ വ്യക്തിക്ക് സാധിക്കുമെങ്കില്‍, സ്വയം പാരായണം ചെയ്യുകയൊ മറ്റുള്ളവര്‍ വായിച്ച് കേള്‍പ്പിക്കുകയൊ ചെയ്യുക. അതിന്‍റെ ആശയം മനസ്സിലാക്കി കൊടുക്കുന്നത് കൂടുതല്‍ ഉത്തമമായിരിക്കും. സൂറത്ത് അദ്ദഹ് ർ  സ്വര്‍ഗ്ഗത്തെ കുറിച്ച നല്ല വിവരണങ്ങള്‍ നല്‍കുന്ന അധ്യായങ്ങളില്‍ ഒന്നാണ്.

Also read: കലിഗ്രഫിയിൽ അണിയിച്ചൊരുക്കിയ ആമാടപ്പെട്ടികൾ

5. മരണാസന്നനായ വ്യക്തിയുടെ സമീപത് നിന്ന് നല്ലത് പറയുകയും ആ വ്യക്തിയുടെ രോഗശമനത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നബി (സ) പറഞ്ഞു: നിങ്ങള്‍ ഒരു രോഗിയുടേയൊ മരിച്ചയാളുടേയൊ അടുത്ത് ചെന്നാല്‍ നല്ലത് പറയുക. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നു. അത് രോഗിയില്‍ പോസിറ്റിവ് എനര്‍ജി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും.

6. ഒരു വിശ്വാസിയെ സംബന്ധിച്ചേടുത്തോളം അവന്‍റെ ദിശ അല്ലാഹുവിന്‍റെ ഭവനമായ വിശുദ്ധ കഅ്ബയാണ്. ജീവിതത്തിലുടനീളം അയാള്‍ നമസ്കരിച്ചിരുന്നത് ഖിബലക്ക് അഭിമുഖമായിട്ടായിരുന്നുവല്ലോ? മരണാസന്നനായ വ്യക്തിയെ വലത് വശം ചരിച്ച് കിടത്തി, മുഖം ഖിബലക്ക് നേരെയാക്കുക.

7. മരണാസന്നനനായ വ്യക്തിക്ക് തടവി കൊടുക്കുന്നത് അയാള്‍ക്ക് വലിയൊരു ആശ്വാസമാണ്. നബിയുടെ പിതൃവ്യന്‍ അബൂതാലിബിന്‍റെ മരണ വേദന സമയത്ത് നബി (സ) അദ്ദേഹത്തിന്‍റെ ഉള്ളം കാലൊഴികെ ശരീരമാസകലം തടവികൊടുത്തതായി ചരിത്രത്തില്‍ കാണാം. അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നില്ല. ഇത്തരത്തിലുള്ള മാനുഷിക ബാധ്യതകള്‍ മത ജാതി ഭേദമന്യേ എല്ലാവര്‍ക്കും ചെയ്ത്കൊടുക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു.

8. ഖുര്‍ആന്‍ കേള്‍പ്പിക്കുന്നത് സാന്ത്വനമാണ്. അത് അല്ലാഹുവിന്‍റെ വചനമാണ്. നമ്മെ അത് ആശ്വസിപ്പിക്കും. സമാധാനവും ശാന്തിയും നല്‍കും. അബുദാവുദില്‍ നിന്ന് ഉദ്ധരിക്കുന്ന നബി വചനം ഇങ്ങനെ: ഖുര്‍ആന്‍ സ്വരമാധുരമായി പാരായണം ചെയ്യുമ്പേള്‍, അല്ലാഹുവിന്‍റെ സമാധാനം നമ്മുടെ ഹൃദയങ്ങളില്‍ ഇറങ്ങിവരും. മാലാഖമാര്‍ നമ്മെ ദിവ്യകാരുണ്യത്താല്‍ വലയം ചെയ്യും. ”

9. പ്രമുഖ സഹാബി, മുആദ് ഇബ്നു ജബലില്‍ നിന്നുദ്ധരിക്കുന്നു: ഞാന്‍ നബി (സ) യോട് ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ശ്രേഷ്ടമായ കര്‍മ്മം ഏതാണ്? നബി (സ) പറഞ്ഞു: അല്ലാഹുവിനെ കുറിച്ച സ്മരണയുടെ നനവ് നാവിലുണ്ടായിരിക്കെ നീ മരിക്കലാണ് ഏറ്റവും ഉത്തമമായ കര്‍മ്മം.

10. എല്ലാ ദവിസവും സൂറത്തുല്‍ മുല്‍ക്ക് പാരായണം ചെയ്യുക. അത് നമ്മെ ഖബറിലെ ശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും നമുക്ക് ശുപാര്‍ശ ചെയ്യുമെന്നും നബി തിരുമേനി (സ) അരുളിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ രോഗ ശയ്യയില്‍ കിടക്കുന്നവര്‍ക്കും മരണത്തെ അഭിമുഖീകരിച്ച്കൊണ്ടിരിക്കുന്നവര്‍ക്കും വലിയ ആശ്വാസം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Also read: പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

താല്‍കാലിക ജീവിതത്തില്‍ നിന്നുള്ള മോചനമെന്ന നിലയില്‍, മരണത്തെ കുറിച്ച് ഭയപ്പെടുകയൊ ദു:ഖിക്കുകയൊ ചെയ്യേണ്ടതില്ല. മുമ്പ് മരിച്ച്പോയവരും നാമും സുകൃതം ചെയ്തവരാണെങ്കില്‍ നമുക്ക് അവരുമായി സ്വര്‍ഗ്ഗത്തില്‍ സന്ധിക്കാം. മരണം വിശ്വാസിയുടെ സമ്മാനമാണെന്ന് നബി (സ) പറഞ്ഞു. കാരണം ഇഹലോകം വിശ്വാസിക്ക് കാരാഗ്രഹമാണ്. ആവശ്യങ്ങളും വികാരങ്ങളും അടക്കി നിര്‍ത്തിയും ദുരിതത്തിലുമാണ് വിശ്വാസി ഇവിടെ ജീവിക്കുന്നത്. അതില്‍ നിന്നുള്ള മോചനം സമ്മാനമല്ലാതെ മറ്റെന്താണ്?

Facebook Comments

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker