“ഇന്ത്യ സ്ത്രീകള്‍ക് പറ്റിയ രാജ്യമല്ല. 2019 കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരു ദിവസം 88 സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടത്രെ.”. ഒരു ദേശീയ മാധ്യമം ഇങ്ങിനെയാണ് ഒരു വാര്‍ത്തക്ക് തലക്കെട്ട് കൊടുത്തത്. 2019 മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ പതിനൊന്നു ശതമാനവും ഇരകള്‍ ദളിത് സമുദായത്തില്‍ നിന്നുമായിരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
രണ്ടു ദിവസം മുമ്പാണ് നാം “പെണ്‍കുട്ടികളുടെ ദിനം ആചരിച്ചത്”. ഈ ദിനാചരണം ആരംഭിച്ചത് ഇന്ത്യയിലാണ് എന്നാണ് പറയപ്പെടുന്നത്. പെണ്‍കുട്ടികള്‍ ഒരു ഭാരമായി കാണുന്ന രീതി ലോകത്തിന്റെ പല ഭാഗത്തും കാണാവുന്നതാണ്. അത്തരം നിലപാടുകളെ ഇല്ലായ്മ ചെയ്ത് ആണ്‍ പെണ് വ്യത്യാസമില്ലാതെ കുട്ടികള്‍ ദൈവത്തിന്റെ സമ്മാനമാണ് എന്ന പൊതു ബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടു ദിവസം മുമ്പ് ആ ദിനം കടന്നു പോകുമ്പോള്‍ തന്നെ നമ്മുടെ നാട്ടില്‍ പെണ് വേട്ടകള്‍ ഒരു തുടര്‍ക്കഥയായി മാറുന്നു എന്നത് നമ്മുടെ മാത്രം ദുരന്തമായി കാണരുത്.
Also read: മഹാത്മാഗാന്ധി എന്ന അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

അതെ സമയത്ത് തന്നെയാണ് ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി ഒരു ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരവും നാം വായിക്കുന്നത്. കൃത്യം ചെയ്തത് ഉന്നത ജാതിയിലെ ആളുകളാണ് എന്നത് കൊണ്ട് ആദ്യം പോലീസ് കേസെടുക്കാന്‍ വിമുഖത കാണിച്ചു. കുടുംബത്തിന്റെ സമ്മതമില്ലാതെയാണു രാത്രി തന്നെ ശവം കത്തിച്ച് സംസ്കരിച്ചത്. വിഷയം ഇന്ത്യയിലെ ഒരു രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുന്നു. പ്രതിഷേധക്കാരെ പോലും പോലീസ് സമ്മതിക്കുന്നില്ല എന്നതിന്റെ തെളിവായി രാഹുലിന്റെ അറസ്റിനെ മനസ്സിലാക്കണം. യു പി യില്‍ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബാലാസംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത അഞ്ചാമത്തെ കേസാണ് ഹത്രാസിലേത്. അതില്‍ മൂന്നാമത്തെ ദളിത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇത് കൂടാതെ മറ്റു മൂന്നു പീഡന കൊലപാതക കേസുകള്‍ കൂടെ യു പി യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ദളിത് ജനതയുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവസ്ഥ വളരെ ദൌര്‍ഭാഗ്യകരമായ രീതിയിലൂടെ കടന്നു പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതില്‍ തന്നെ ദളിത് സ്ത്രീകളുടെ അവസ്ഥ അതീവ ഗൌരവകരം. ജാതി തന്നെയാണു അവരുടെ വിഷയം. അതെ സമയം പീഡന പ്രതികള്‍ ഉന്നത ജാതിയില്‍ പെടുന്നു എന്നത് കൃത്യമായ കേസെടുക്കാതിരിക്കാന്‍ കാരണമാകുന്നു. രാജസ്ഥാന്‍, യു പി എന്നിടങ്ങളില്‍ നിന്നാണ് രാജ്യത്തെ ഉയര്‍ന്ന പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ പത്തു വര്ഷം കൊണ്ട് ഇന്ത്യയില്‍ ബലാല്‍സംഗ കേസുകളില്‍ അമ്പത് ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നു. 2010-19 കാലത്ത് ഏകദേശം മൂന്നര ലക്ഷത്തോളം ഇത്തരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ കാലത്താണ് ദല്‍ഹിയിലെ കുപ്രസിദ്ധമായ നിര്‍ഭയ കേസ് നടക്കുന്നത്. കതവയിലെ കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചു തലക്കടിച്ചു കൊന്നതും ഈ കാലയളവില്‍ തന്നെയാണ്. എന്ത് കൊണ്ട് ഇത്തരം അനുഭവങ്ങള്‍ വര്‍ധിച്ചു വരുന്നു എന്നത് എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനുള്ള വകുപ്പുകള്‍ നമ്മുടെ ഭരണഘടനയില്‍ ശക്തമാണ്. പക്ഷെ ലക്ഷക്കണക്കിന് കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ നമുക്കറിയാവുന്ന ഒരു കേസ് നിര്‍ഭയ മാത്രമാണ്. അവിടെയും പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചത് നീണ്ട വര്‍ഷങ്ങളുടെ നിയമ യുദ്ധത്തിനു ശേഷവും.
Also read: കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ
കതവയിലെ ഘാകതരെ കേവലം ജീവപര്യന്തം എന്നതില്‍ ഒതുക്കി. കേരളത്തില്‍ പോലും സംഘ പരിവാര്‍ പ്രതിയായ കേസില്‍ “ പോക്സോ” നിയമം പോലും ചുമത്താന്‍ കഴിയാതെ പോയത് നാം കണ്ടതാണു. ജാതിയില്‍ താഴ്ന്നവരെ എന്ത് ചെയ്താലും ആരും ചോദിയ്ക്കാന്‍ വരില്ല എന്നൊരു ധാരണ വടക്കേ ഇന്ത്യന്‍ സമൂഹത്തില്‍ സുപരിചിതമാണ്. കേരളത്തിന് പുറത്തു പലയിടത്തും ഇപ്പോഴും തൊട്ടുകൂടായ്മ അതെ അളവില്‍ നിലനിക്കുന്നു. ജനിച്ചു പോയി എന്നതു ഒരു കുറ്റമല്ല. പക്ഷെ അതൊരു കുറ്റമാണ് എന്ന പൊതു ബോധത്തില്‍ നിന്നും രക്ഷനേടാന്‍ പലരും മതമാറ്റത്തെ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ പോലും ഒരു കാലത്ത് അത്തരം അവസ്ഥ നില നിന്നിരുന്നു.
മനുഷ്യന്‍ എന്ന ഏകകത്തെ ആ രീതിയില്‍ അംഗീകരിക്കാന്‍ കഴിയാത്ത സാമൂഹിക അവസ്ഥ ലോകത്തില്‍ നിലനില്‍ക്കുന്നു. നമ്മുടെ നാട്ടില്‍ അത് ജാതിയെങ്കില്‍ വികസിത രാജ്യങ്ങളില്‍ അത് നിറമാണ്. മനുഷ്യന്‍ ഏക ദൈവത്തിന്റെ സൃഷ്ടികള്‍, കര്‍മമാണ് മനുഷ്യന്റെ അവസ്ഥകള്‍ നിശ്ചയിക്കുന്നത്, ജനനമല്ല. കുറ്റവാളികള്‍കു നേരെ ജനിച്ച ജാതിയും മതവും പരിഗണിക്കാതെ തുല്യമായ നീതി നടപ്പാക്കുക എന്നീ അടിസ്ഥാന തത്വങ്ങള്‍ നാം അംഗീകരിക്കാത്ത കാലത്തോളം ഇനിയും ഇത്തരം വാര്‍ത്തകള്‍ വായിക്കാന്‍ തന്നെയാകും നമ്മുടെ വിധി.
അനുബന്ധം: “ മാധ്യമങ്ങള്‍ ഇന്ന് തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ തന്നെ ഇവിടെ ഉണ്ടാകൂ “ എന്ന രീതിയില്‍ ഹത്രാസിലെ ഇരയുടെ രക്ഷിതാവിനെ ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തകളും പുറത്തു വരുന്നു.