Current Date

Search
Close this search box.
Search
Close this search box.

ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

പ്രമുഖ ഹദീസ് പണ്ഡിതനായ ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്  ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 ന്  83 ആം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരുപാട് ഹദീസ് ഗ്രന്ഥങ്ങളുടെ രചയിതാവും ഫലപ്രദമായ ഒട്ടേറെ ശാസ്ത്രീയ അന്വേഷണങ്ങളും പഠനങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഭാവന ചെയ്ത മഹാന്‍ ആണ് ശൈഖ് ഇത്റ്. ഏറെ ഗവേഷണാത്മകമായ അമ്പതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകകയുണ്ടായി. അതില്‍ ഏറെ ശ്രദ്ധേയമായതാണ് മന്‍ഹജുന്‍നഖ്ദി ഫീ ഉലൂമില്‍ ഹദീസ്. ശൈഖുല്‍ ഇസ്ലാം അല്‍ ഹാഫിള് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനിയുടെ കാലഘട്ടത്തിന് ശേഷം ഹദീസ് നിദാനശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഈ ഗ്രന്ഥം വിശേഷിപ്പിക്കപ്പെടുന്നത്.

ആരാണ് ശൈഖ് നൂറുദ്ധീന്‍ ഇത്റ്?

ഹിജ്‌റ 1356 ഹലബില്‍ ജനിക്കുകയും ഡമസ്‌കസില്‍ താമസിക്കുകയും ചെയ്ത ഒരു ഹനഫി പണ്ഡിതനാണ് ശൈഖ് നൂറുദ്ധീന്‍ ഇത്റ്. ഹദീസ് പണ്ഡിതനും ഹദീസ് വ്യാഖ്യാതാവും മാത്രമല്ല പ്രമുഖ പണ്ഡിത പാരമ്പര്യമുള്ള കുടുംബത്തില്‍ വളര്‍ന്ന ഒരു മഹാനാണ് ശൈഖ് നൂറുദ്ധീന്‍ ഇത്റ്. അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ പണ്ഡിതനായ അല്‍ ആരിഫ് മുഹമ്മദ് നജീബ് സിറാജുദ്ധീന്‍ (റഹി)വിന്റെ ശിഷ്യനായ അല്‍ ഹാജ് മുഹമ്മദ് ഇത്റ് ആണ്. അല്‍ ഹാജ് മുഹമ്മദ് മഹാപണ്ഡിതനായിരുന്നു. അദ്ദേഹം തന്റെ മകനെ  ദീനിന് സേവനം ചെയ്യുന്നതിന് വേണ്ടി നേര്‍ച്ചയാക്കുകയും അങ്ങനെ തന്റെ മകനായ ശൈഖ് നൂറുദ്ധീനിനെ കൊണ്ട് തന്റെ നേര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തു. ഖസ്രവിയ്യ ഹൈസ്‌കൂളില്‍ പഠിച്ച അദ്ദേഹം അന്നുമുതല്‍ അറിവിലും ഇടപെടലുകളിലും മികവ് പുലര്‍ത്തിയിരുന്നു. 1954 ല്‍ ഒന്നാം റാങ്കോടെ സെക്കന്ററി ശരീഅ വിഭാഗത്തില്‍  പാസ്സായി. തുടര്‍ന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അങ്ങനെ 1958ല്‍ അവിടെ നിന്നും ബാച്ചിലേഴ്സ് ബിരുദം നേടി.

Also read: സമീപനങ്ങളിലെ മാന്ത്രിക സ്‌പര്‍‌ശം

ഏറെ ഗവേഷണാത്മകമായ അമ്പതിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകകയുണ്ടായി. അതില്‍ ഏറെ ശ്രദ്ധേയമായതാണ് മന്‍ഹജുന്‍നഖ്ദി ഫീ ഉലൂമില്‍ ഹദീസ്. ശൈഖുല്‍ ഇസ്ലാം അല്‍ ഹാഫിള് ഇബ്നു ഹജര്‍ അല്‍ അസ്ഖലാനിയുടെ കാലഘട്ടത്തിന് ശേഷം ഹദീസ് നിദാനശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഈ ഗ്രന്ഥം വിശേഷിപ്പിക്കപ്പെടുന്നത്.

അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഗവേഷകരും പണ്ഡിതന്മാരും അദ്ദേഹത്തിന്റെ തഖ് വയും  പരിശ്രമവും തിരിച്ചറിഞ്ഞു. അങ്ങനെ ശൈഖ് നൂറുദ്ധീന്‍ ഒരുപാട് ഉന്നത പണ്ഡിതന്മാരില്‍ നിന്നും അറിവ് കരസ്ഥമാക്കി. അവരില്‍ പെട്ടവരാണ് ശൈഖ് മുസ്തഫ മുജാഹിദ്, ശൈഖ് മുഹമ്മദ് അസ്സമാഹി, ശൈഖ് അബ്ദുല്‍ വഹാബ് അല്‍ ബുഹൈരി, ശൈഖ് മുഹമ്മദ് മുഹ് യിദ്ധീന്‍ അബ്ദുല്‍ ഹമീദ് തുടങ്ങിയവരൊക്കെ അവരില്‍ പ്രധാനികളാണ്.  പഠനത്തിലും മറ്റു പല കാര്യങ്ങളിലും സ്വാധീനിച്ച പ്രധാന പണ്ഡിതനാണ് ശൈഖ് അബ്ദുള്ള സിറാജുദ്ധീന്‍ ഹുസൈനി.

1964ല്‍ തുര്‍മുദിയും സ്വഹീഹൈനിയും തമ്മിലുള്ള രീതിശാസ്ത്രപരമായ താരതമ്യപഠനത്തില്‍ അദ്ദേഹം പിഎച്ച്ഡി ഉന്നത ഗ്രേഡോടെ നേടുകയുണ്ടായി. ഹദീസുകളുടെ പാഠ്യപദ്ധതിയില്‍ പല ഗവേഷകരും സ്വീകരിച്ച സവിശേഷമായ ഒരു മാതൃകയായി അദ്ദേഹം അവയെ അവതരിപ്പിക്കുകയും ചെയ്തു.

ഡോക്ടറേറ്റ് നേടിയ ശേഷം അദ്ദേഹം നേരിട്ട് സിറിയയിലേക്ക് മടങ്ങി, തുടര്‍ന്ന് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ഹദീസ് ഡിപ്പാര്‍ട്മെന്റിലെ അദ്ധ്യാപകനായി 1965 മുതല്‍ 1967 വരെ തുടര്‍ന്നു. 1967 ല്‍ അദ്ദേഹം ഡമാസ്‌കസില്‍ അധ്യാപകനായി നിയമിതനായി. അവിടെ ഡമാസ്‌കസ് സര്‍വകലാശാലയിലെ ശരീഅ ഫാക്കല്‍റ്റിയില്‍ പ്രൊഫസറായും അലപ്പോ സര്‍വകലാശാലകളിലെ ഹദീസും, ഹദീസ് വ്യാഖ്യാനവും എന്നീ വിഷയങ്ങളില്‍ പഠിപ്പിക്കുകയും, നിരവധി പള്ളികള്‍ക്ക് പുറമേ നിരവധി അറബ്, ഇസ്ലാമിക് സര്‍വകലാശാലകളില്‍ ഹ്രസ്വകാലത്തേക്ക് പഠിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ വലിയ അനുഗ്രഹമെന്നോണം യൂണിവേഴ്സിറ്റി അദ്ധ്യാപനം തന്റെ മരണം വരെ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരുപാട് വിശിഷ്ട പണ്ഡിതന്മാരും പ്രൊഫസര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് അധ്യാപകര്‍ അദ്ദേഹത്തിൽ നിന്നും ബിരുദം ഏറ്റുവാങ്ങുകയുണ്ടായി. മാത്രമല്ല ഇസ്ലാമിക ലോകത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ പഠന പാഠ്യപദ്ധതിയും ബിരുദാനന്തര പാഠ്യപദ്ധതിയും വിലയിരുത്തുന്നതിന് സ്പെഷ്യലിസ്റ്റ് വിദഗ്ദ്ധനായി അദ്ദേഹം സേവനം ചെയ്യുകയുണ്ടായി. പിഎച്ച്ഡി, എംഎ എന്നിവയില്‍ നിന്നുള്ള ഡസന്‍ കണക്കിന് സര്‍വകലാശാലാ പ്രബന്ധങ്ങളുടെ മേല്‍നോട്ടം വഹിച്ച അദ്ദേഹം സര്‍വകലാശാലാ അധ്യാപകര്‍ക്കായി ഗവേഷണ ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹം ഏറ്റെടുത്ത ദൗത്യങ്ങളിലൊക്കെ അതീവ കൃത്യത പുലര്‍ത്തിയിരുന്നു.

Also read: കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

രചനകള്‍

ഖുര്‍ആനിന്റെയും ഹദീസിന്റെയും വ്യാഖ്യാനശാസ്ത്രം, കര്‍മ്മശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള ഗ്രന്ഥങ്ങള്‍ക്ക് പുറമെ സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളിലുള്ള 50ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥം മന്‍ഹജുന്‍നഖ്ദി ഫീ ഇല്‍മില്‍ ഹദീസ് ആണ്. ഇത് ശൈഖ് അല്‍ ഇസ്ലാം അല്‍-ഹാഫിസ് ഇബ്നു ഹജര്‍ അല്‍-അസ്‌കലാനിയുടെ കാലത്തിനുശേഷം നിദാന ശാസ്ത്രത്തിലെ ഒരു പുതിയ നാഴികക്കല്ലായി ഗണിക്കപ്പെടുന്നു.

ഫിഖ്ഹി മത നിയമങ്ങള്‍ ഉള്‍പെടുത്തികൊണ്ടുള്ള ഇഅ്ലാമുല്‍ അനാം എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയി പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും ഡമാസ്‌കസ് യൂണിവേഴ്സിറ്റി, അല്‍-അസ്ഹര്‍ തുടങ്ങി നിരവധി സര്‍വകലാശാലകളിലെ യൂണിവേഴ്സിറ്റി കോഴ്സുകളായി അംഗീകാരം നേടിയിട്ടുണ്ട്.

ഖുര്‍ആനിനെയും അതിന്റെ ശാസ്ത്രത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളെ സംബന്ധിച്ചിടത്തോളം, അതില്‍ ഏറ്റവും പ്രധാനം ഉലൂമുല്‍ ഖുര്‍ആന്‍ എന്ന ഗ്രന്ഥമാണ്. ഖുര്‍ആനിന്റെ നിര്‍വചനത്തെക്കുറിച്ചും വെളിപ്പെടുത്തലിനെക്കുറിച്ചും വിവിധ അധ്യായങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നു. ഈ ഗ്രന്ഥത്തില്‍ മനുഷ്യരാശിയെക്കുറിച്ചുള്ള ഖുര്‍ആനിന്റെ അവകാശങ്ങളും മുസ്ലീങ്ങള്‍ക്ക് അവരുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നുള്ള ഗ്രന്ഥത്തിനോടുള്ള ഉത്തരവാദിത്തവും പരാമര്‍ശിക്കുന്നു. അല്‍ ഖുര്‍ആനുല്‍ കരീം ഫിദ്ദിറാസാതില്‍ അദബിയ്യ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ഖുര്‍ആനിലെ സാഹിത്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നു. ഇത് ഡമസ്‌ക്കസ് സര്‍വ്വകലാശാലയിലെ ശരീഅ ഫാക്കല്‍റ്റിയില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Also read: ഹാഥറസിലെ ചുട്ടെരിച്ച ആ പെൺകുട്ടി…?

കര്‍മ്മശാസ്ത്രത്തിലും അദ്ദേഹത്തിന് ഒട്ടേരെ രചനകള്‍ ഉണ്ട്. ബാങ്കിംഗ്, പലിശ ഇടപാടുകളെക്കുറിച്ച് എഴുതിയ അല്‍ മുഅാമലാതുല്‍ മസ്്വറഫിയ്യ വര്‍റിബവിയ്യ വ ഇലാജുഹാ ഫില്‍ ഇസ്ലാം എന്ന ഗ്രന്ഥം അതില്‍ പ്രധാനപ്പെട്ടതാണ്. ഹജ്ജിനെക്കുറിച്ചുള്ള മൂന്ന് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഇസ്ലാമിലെ സ്ത്രീയെക്കുറിച്ചും ശരീഅതില്‍ അവളുടെ നിയമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് മാദാ ഇനുല്‍ മര്‍അ എന്നത്. സ്ത്രീയുമായി ബന്ധപ്പെട്ട് ഇസ്ലാമിനെതിരെ വരുന്ന ആരോപണങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആണത്. സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ചും അവളുടെ വൈവാഹികജീവിതത്തെക്കുറിച്ചുമൊക്കെ അതില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ രചനകളുടെ ഒരു പൊതുസ്വഭാവം, പറയുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായ ഉറവിടങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. ഒപ്പം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ പാകത്തിലുള്ള ലളിതമായ ഉദാഹരണങ്ങളും ലളിതമായ പ്രയോഗങ്ങളും ഭാഷയും മാത്രമേ അദ്ദേഹം ഗ്രന്ഥത്തില്‍ ഉപയോഗിക്കാറുള്ളൂ. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ വായനക്കാരന് പെട്ടെന്ന് ഗ്രഹിക്കാന്‍ പറ്റുന്നതാകണം എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളുമായുള്ള ഇടപെടല്‍
ശാസ്ത്രീയവും അക്കാദമികവുമായ മികവിന് പുറമെ വിദ്യാര്‍ഥികളോട് എളിമയോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഹദീസിലെ ഗവേഷണരീതികളെക്കുറിച്ചും കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ടും വലിയ രചനകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം പ്രശസ്തി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തില്‍, എഴുത്തുകാരനും ഗവേഷകനുമായ മുഹമ്മദ് ഖൈര്‍ മൂസ ഡോ.ശൈഖ് ഇത്റിനെക്കുറിച്ചുള്ള തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു, ”ഞങ്ങള്‍ ശരീഅ കോളേജില്‍ ഒന്നാം വര്‍ഷത്തില്‍ ആയിരിക്കുമ്പോള്‍, മുതിര്‍ന്ന പ്രൊഫസര്‍മാര്‍ പറയുന്നതായി കേട്ടു, ഏതെങ്കിലും ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയാതെ ഉത്തരം പറയുന്ന ഒരു മഹാ പണ്ഡിതനാണ് ശൈഖ് നൂറുദ്ധീന്‍. തന്റെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം, അവന് അനുകമ്പയുള്ള പിതാവ്, കര്‍ശനമായ അദ്ധ്യാപകന്‍ ഒക്കെയായിരുന്നു ശൈഖ് ഇത്റ്. കൂടാതെ നിരവധി ഇസ്ലാമിക സ്ഥാപനങ്ങളും സ്‌കൂളുകളും തുറക്കുന്നതിലും ധാരാളം വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി രഹസ്യമായി സഹായിക്കുന്നതിലും അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നു.

Also read: മഹാത്മാഗാന്ധി എന്ന അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നു

നമ്മുടെ കാലത്തെ ഹദീസിലെ ഏറ്റവും വലിയ പണ്ഡിതന്മാരില്‍ ഒരാളാണ് ശൈഖ് അല്‍ ഇത്റ്. തികച്ചും ആത്മീയപരമായ ജീവിതമാണ് അദ്ദേഹം നയിച്ചത്. നേട്ടങ്ങളുടെ വ്യാപ്തി ഉണ്ടായിരുന്നിട്ടും, അദ്ദേഹം എല്ലായ്‌പ്പോഴും മറഞ്ഞിരിക്കാനും സാധ്യമായത്രയും വെളിച്ചത്തില്‍ നിന്ന് അകലം പാലിക്കാനുമാണ് ശ്രമിച്ചത്. അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സ്വര്‍ഗീയമാക്കട്ടെ.

വിവ: അബ്ദുല്ല ചോല

Related Articles