Current Date

Search
Close this search box.
Search
Close this search box.

അയുക്തിവാദം

ആസ്തികരായ എത്രയോ യുക്തിവാദികളുണ്ട്. അവരിൽ തത്വചിന്തകരും ശാസ്ത്രജ്ഞരും കവികളുമുണ്ട്. യുക്തിവാദികളായ ആസ്തികർ (വിശ്വാസികൾ എന്ന് ദുർബലതർജമ) തങ്ങളുടെ യുക്തിബോധത്തിനും ജ്ഞാനത്തിനും പ്രാധാന്യം നൽകുന്നതു കൊണ്ടു തന്നെ ദൈവാസ്തിക്യത്തിന്റെ കാര്യത്തിൽ നിഷേധികളോ സന്ദേഹികളോ ആകാനുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെ ആദരപൂർവം മാനിക്കുന്നുമുണ്ട്.

നാസ്തികരായ എത്രയോ യുക്തിവാദികളുണ്ട്. അവരിലും തത്വചിന്തകരും ശാസ്ത്രജ്ഞരുമുണ്ട്. കവികളുമുണ്ട്. എന്നാൽ കവികൾ നാസ്തികരാകാമെങ്കിലും കവിത നാസ്തികമാകാനിടയില്ല എന്നാണ് എന്റെ ഒരു തോന്നൽ. ശാസ്ത്രവും കവിതയും തമ്മിൽ വ്യത്യാസമുണ്ട്. കവിത ഒരു ഉറവാണ്. ഉറവിടത്തെ ഭൌതികമായി അടയാളപ്പെടുത്താൻ പറ്റാത്ത ഒരു ഉറവ്. ഒരു ഭൌതികസന്നാഹം കൊണ്ടും തടയാൻ പറ്റാത്ത ഒരു പ്രവാഹവുമാണത്.

ശാസ്ത്രം അന്വേഷണമാണ്, തേട്ടമാണ്. തേട്ടത്തെ മുൻവിധികൾ സ്വാധീനിക്കാം. ഉറവുകളെ മുൻവിധികൾ കൊണ്ട് നിർണയിക്കാൻ പറ്റില്ല. യുക്തിവാദികളായ നാസ്തികർ, തങ്ങളുടെ യുക്തിബോധത്തിനും ജ്ഞാനത്തിനും പ്രാധാന്യം നൽകുന്നതു കൊണ്ടു തന്നെ ആസ്തികരായി ജീവിക്കാനും ചിന്തിക്കാനുമുള്ള, മറ്റുള്ളവരുടെ അവകാശങ്ങളെ ആദരപൂർവം മാനിക്കുന്നുമുണ്ട്. ഇരുപക്ഷത്തായാലും അസഹിഷ്ണുത ജനിക്കുന്നത് അയുക്തിയിൽ നിന്നും അജ്ഞാനത്തിൽ നിന്നുമാണ്.

Also read: ഇസ് ലാമോഫോബിയ വളർത്തിയെടുക്കുന്ന വിധം

അയുക്തികമായ അധികാരങ്ങൾ, ആസ്തികമായാലും നാസ്തികമായാലും ഇതര നിലപാടുകളെ ബലം പ്രയോഗിച്ച് അടിച്ചമർത്തിയിട്ടുണ്ട്. മതനിന്ദ ആരോപിച്ച് ഒട്ടേറെയാളുകളെ തടവിലിട്ടിട്ടുണ്ട്. അത്ര തന്നെയോ അതിനെക്കാളുമോ അധികം ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വിശ്വാസങ്ങളും വിശ്വാസികളും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോൾപ്പിന്നെ, നാസ്തികത ഒരുതരത്തിലുള്ള ആക്രമണങ്ങളിലും പങ്കു ചേരുന്നില്ല എന്ന് വാദിക്കാമോ? നിലവിൽ, ഒരു പേനാക്കത്തിയെങ്കിലും എടുത്തുയർത്താനുള്ള ആരോഗ്യമോ ഒരു പന്നിപ്പടക്കമെങ്കിലും നിർമിക്കാനുള്ള ‘ശാസ്ത്ര, സാങ്കേതിക’ പരിജ്ഞാനമോ ഉള്ള നാല് പേരെങ്കിലും ഏതെങ്കിലും കൂട്ടത്തിൽ ഇല്ലാതിരിക്കുന്ന പക്ഷം, അത്രക്കെങ്കിലും അശാന്തി ലോകത്ത് കുറഞ്ഞു കിട്ടുമല്ലോ എന്നേ ഞാൻ കരുതാറുള്ളൂ.

മോഡേൺ സയൻസ് രംഗപ്രവേശം ചെയ്തതോടെ മറ്റ് ജ്ഞാനമേഖലകൾ അപ്രസക്തമായി എന്ന് കടുത്ത ശാസ്ത്രവാദിയും നാസ്തികനുമായ പ്രിയസുഹൃത്ത് പറഞ്ഞു. ദാർശനികർ, പ്രവാചകർ എന്നിങ്ങനെ തുടങ്ങി സൈക്കോളജിസ്റ്റുകൾ വരെ ഒരു കാലത്ത് പ്രസക്തിയും ആധികാരികതയുമുള്ളവരായിരുന്നു. എന്നാൽ അവരൊക്കെയും വിശകലനം ചെയ്ത മേഖലകളെ ഇന്ന് നാം ‘തൊട്ട’റിഞ്ഞു തന്നെ മുന്നോട്ട് പോകുന്നുണ്ട്. എന്നിരിക്കെ അത്തരം വിശകലനങ്ങളൊന്നും പുതിയ കാലത്ത് ആവശ്യമേയില്ല.

Also read: ഫഖ്‌രിസാദയുടെ വധവും ഇസ്രായേലും ?

അപ്പോൾ സിഗ്മണ്ട് ഫ്രായ്ഡ്, കാൾ മാക്സ്…?
ന്യൂറോസയൻസ് ഇന്ന് വളരെയധികം വികസിച്ചു കഴിഞ്ഞിട്ടുണ്ട്. മാനസിക പ്രവർത്തനങ്ങൾ, അവയുടെ കാരണങ്ങൾ തുടങ്ങിയവയെയെല്ലാം കൃത്യമായി തിരിച്ചറിയാനും അവയിലുണ്ടാവുന്ന പ്രശ്നങ്ങളെ ഭൌതികമായിത്തന്നെ പരിഹരിക്കാനും നമുക്ക് സാധിക്കും. ഇതൊന്നുമില്ലാതിരുന്ന കാലത്തെ ജ്ഞാനശാഖയാണ് സൈക്കോളജി. പിന്നെ, രാഷ്ട്രീയം ഉൾപ്പെടെയുള്ള സാമൂഹിക ബന്ധങ്ങളെയും ചിന്തകളെയുമൊക്കെ വിശദീകരിക്കാനും ശാസ്ത്രത്തിന് ഇന്ന് സാധിക്കും. എന്നിരിക്കെ, ആധുനികതയുടെ തുടക്കത്തിലുള്ള ആ ആചാര്യന്മാരെയും ഇന്നും ഉയർത്തിപ്പിടിക്കേണ്ട കാര്യമൊന്നുമില്ല.

എന്തായാലും ആൾ അത്ര മോശക്കാരനൊന്നുമല്ല. തന്മാത്രാജീവശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ളയാളാണ്. അതായത്, മനുഷ്യന്റെ ജ്ഞാനത്തിനും സംവേദനത്തിനുമൊക്കെ ഭൌതികമായ വഴികൾ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വിശകലനങ്ങളിൽ ഒരൊറ്റ മാർഗം മാത്രമേ ശരിയാവുകയുള്ളൂ. അതാണ് ആധുനികശാസ്ത്രം. (അത്രയൊന്നും വിവരമില്ലാത്തതു കൊണ്ട് അയാൾ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇതാണ്).

അപ്പോൾ സുഹൃത്തേ, ഞാനൊരു സംശയം ചോദിച്ചോട്ടെ? താങ്കൾ പറഞ്ഞ മനശ്ശാസ്ത്രത്തിലേക്ക് തന്നെ വരാം. മനസ്സ് എന്താണെന്നും എങ്ങനെയാണെന്നും പൂർണമായും കണ്ടെത്താൻ ന്യൂറോസയൻസിന് കഴിഞ്ഞിട്ടുണ്ട് എന്നാണല്ലോ താങ്കൾ വാദിക്കുന്നത്. പൂർണമായും എന്ന വിശേഷണത്തെ മാറ്റി നിർത്തിയാൽ ഇത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ, സംശയമിതാണ്.

മനസ്സ് എന്ന ആശയം എവിടെ നിന്നുദ്ഭവിച്ചതാണ്? എന്റെ അറിവ് ശരിയാണെങ്കിൽ, സൈക്ക്, സൈക്കെ, മൈൻഡ് തുടങ്ങിയ ആശയങ്ങൾ ഫിലോസഫിയുടെയും മതത്തിന്റെയും സംഭാവനയാണ്. സീഷെ (Ψυχή) എന്ന ഗ്രീക് പദത്തിന്റെ റോമനൈസ്ഡ് ഉച്ചാരണമാണ് സൈക്കെ (Psykhê). ഇതിന്റെ അർത്ഥം സ്പിരിറ്റ് എന്നാണ്. ആധുനികശാസ്ത്രം പിറവി കൊള്ളുന്നതിന് മുമ്പ് ഇത്തരം തത്വശാസ്ത്രങ്ങൾ പ്രസക്തമായിരുന്നു എന്ന താങ്കളുടെ വാദത്തെ ഞാൻ മാനിക്കുന്നു. എന്നാൽ psyche, mind തുടങ്ങിയ പദങ്ങളാൽ സൂചിതമാകുന്ന ആശയം ശാസ്ത്രത്തിന്റേതല്ല.

Also read: സ്വാതന്ത്ര്യ സമരത്തിൻറെ രാജപാതയിൽ

അതായത്, ആശയം തത്വശാസ്ത്രത്തിൽ നിന്നും മതത്തിൽ നിന്നും വരുന്നു. ശാസ്ത്രം അത് വിശദീകരിക്കുന്നു. ആപേക്ഷികം എന്നത് ആശയമാണ്, ശാസ്ത്രമല്ല. പക്ഷേ ഒരു സ്തംഭനാവസ്ഥയിലെത്തിയ ഭൌതികശാസ്ത്രത്തെ മുന്നോട്ട് നയിച്ചത് ആപേക്ഷികത എന്ന ആശയം അതിൽ ചെലുത്തിയപ്പോഴാണെന്നത് ചരിത്രം.

കണ്ടെത്തലിന് മാത്രമല്ല, ആശയത്തിനും പ്രസക്തിയുണ്ട്. ആറ്റങ്ങളിൽ നിന്ന് ലോകമുണ്ടായി എന്നാണ് ഡെമോക്രിറ്റസ് വാദിച്ചത്. ഭൌതികവാദമാണെങ്കിലും ഡെമോക്രിറ്റൻ വാദവും തത്വശാസ്ത്രമാണ്. ആറ്റത്തെ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ആറ്റം എന്ന കൺസെപ്റ്റ് ശാസ്ത്രത്തിന്റേതല്ല.

ഇതേ ആറ്റത്തെയാണ് ഇന്ത്യൻ ഫിലോസഫറായ കണാദ കശ്യപൻ പരമാണു എന്ന് വിളിച്ചത്. രണ്ട് അണുക്കൾ കൂടിച്ചേർന്ന് ദ്വ്യണുകങ്ങളും (Diatomic molecules/ Diads) അതിനോട് ഒന്നുകൂടി ചേർന്ന് ത്ര്യണുകങ്ങളും (Triatomic molecules/ Triads) ത്ര്യണുകങ്ങളുടെ ആകസ്മിക സങ്കലനത്തിലൂടെ പദാർത്ഥലോകങ്ങളും ഉണ്ടാവുന്നു എന്ന് വിശദീകരിക്കാൻ മാത്രം സൂക്ഷ്മമായിരുന്നു കണാദന്റെ തത്വചിന്ത.

അപ്പോൾ ആകസ്മികം (random) എന്ന സങ്കൽപം പോലും ഇപ്പറയുന്ന ശാസ്ത്രത്തിന്റേതല്ല എന്ന് വരുന്നു. എന്നാൽ ഈ ആകസ്മികത്തെ ചോദ്യം ചെയ്തതും തത്വചിന്ത തന്നെ. ഡെമോക്രിറ്റൻ ആറ്റങ്ങളെ അംഗീകരിക്കുന്ന പ്ലേറ്റോ എങ്ങനെയാണ് ഒരു ചുഴലിക്കറക്കത്തിന് ശേഷം ആ ആറ്റങ്ങൾ ഒരു കുതിര തന്നെയായി, അല്ലെങ്കിൽ ആന തന്നെയായി മാറുന്നത് എന്ന് ചോദിക്കുന്നുണ്ട്. തീർത്തും അവ്യവസ്ഥിതമായ ഒരു കറക്കത്തിലൂടെയാണ് ആറ്റങ്ങൾ പദാർത്ഥരൂപം പ്രാപിക്കുന്നതെങ്കിൽ, ആ ആകസ്മികതയിലെവിടെയും ഒരു കുതിരാനയോ ആനക്കുതിരയോ രൂപപ്പെടാത്തതെന്ത്?

എന്നുവെച്ചാൽ, കുതിര എന്നത് നിർണയിക്കപ്പെട്ട ഒരു ആശയമാണ്. ആനയും അതെ. ആ ആശയലോകത്ത് കുതിരാനയില്ല. അതിനാൽത്തന്നെ കറങ്ങിക്കറങ്ങി എത്ര തന്നെ ആകസ്മികമായി രൂപം കൊണ്ടാലും ആറ്റങ്ങൾക്ക് കുതിരാനയാവാൻ പറ്റില്ല. ശരി, അതിലേക്ക് കാട് കയറുന്നില്ല. ഇതൊക്കെ വളരെപ്പഴയ സംവാദങ്ങളാണ്. എന്നാലും മനസ്സ് എന്ന ആശയമുണ്ടെങ്കിലേ മനസ്സിന് ഒരു ശാസ്ത്രവുമുള്ളൂ.

Also read: ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

എന്നുവെച്ചാൽ, ശാസ്ത്രം ഒന്നിന്റെയും തുടക്കമല്ല, ശാസ്ത്രം ഒന്നിന്റെയും അവസാനവുമല്ല. മനുഷ്യന്റെ സംവേദനവും ജ്ഞാനവും ഭൌതികമാത്രമല്ല. ഭൌതികശാസ്ത്രങ്ങൾ മനുഷ്യനെ ഘടകങ്ങൾ മാത്രമാക്കുന്നു. അവസാനം അതിൽ നിന്ന് മനുഷ്യൻ എന്നത് അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

ശിഷ്ടം: Science investigates; religion interprets. Science gives man knowledge which is power; religion gives man wisdom which is control. Science deals mainly with facts; religion deals mainly with values. The two are not rivals. They are complementary.
____________ Martin Luther King (Jr)

Related Articles