Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാമോഫോബിയ വളർത്തിയെടുക്കുന്ന വിധം

തീവ്രതക്കും ജീർണതക്കും മദ്ധ്യേയാണ് ഇസ്ലാമിന്റെ നിലപാട്. തീവ്രത അറ്റമാണ്. അറ്റത്ത്‌ നിൽക്കുന്ന ഒരാൾ മറിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരാധന കാര്യങ്ങളിൽ പോലും തീവ്രത ഇസ്ലാം ആഗ്രഹിക്കുന്നില്ല. “ കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ് അല്ലാഹുവിനു ഇഷ്ടം” എന്നാണ് പ്രവാചക വചനം. പ്രവാചക ജീവിതത്തെ കുറിച്ച് ചോദിച്ചു മനസ്സിലാക്കിയ ചിലർ അവരുടെ ജീവിതത്തിൽ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെ പ്രവാചകൻ തിരുത്തിയ സംഭവവും നാം അറിയുന്നു. തീവ്രത ഒരു സ്വാഭാവിക നിലപാടല്ല. അത് ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് എപ്പോൾ വേണമെങ്കിലും അത് പൊട്ടാൻ സാധ്യത കൂടുതലാണ്.

അത് കൊണ്ട് തന്നെ തീവ്രം ഭീകരം എന്ന വാക്കുകളോട് പോലും ഇസ്ലാമിന് ബന്ധമില്ല. അതെ സമയം ഇന്ന് ലോകതലത്തിൽ ഇസ്ലാമുമായി ഏറ്റവും കൂടുതൽ ചേർത്ത് പറയുന്ന പദങ്ങളും ഇവയാണ്. അയൽവാസി തന്നിൽ നിന്നും സുരക്ഷിതനാണ് എന്ന് ഉറപ്പ് വരുത്തൽ വിശ്വാസിയുടെ കടമയാണ്. തൻറെ ചുറ്റുമുള്ള എല്ലാം സുരക്ഷിതമായി നിലനിൽക്കുന്നു എന്ന് ഉറപ്പ് വരുത്തലും വിശ്വാസിയുടെ കടമയാണ്. നിങ്ങൾ വിശ്വസിക്കണം എന്ന് പറയുന്നതിന് മുമ്പാണ് നിങ്ങൾ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്‌ എന്ന് ഖുർആൻ പറഞ്ഞത്. മക്കയിലും മദീനയിലും സംഘട്ടനം അവസാനിപ്പിച്ച മതമാണ്‌ ഇസ്ലാം. പിന്നെ എങ്ങിനെയാണ് ഇസ്ലാമിനെ ഈ രീതിയിൽ ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്?.

Also read: ഫഖ്‌രിസാദയുടെ വധവും ഇസ്രായേലും ?

അന്താരാഷ്ട്ര തലത്തിൽ അമേരിക്കയും സഖ്യ കക്ഷികളും ഈ വാക്കുകൾ ആവർത്തിക്കുന്നു. ഐ എസ് എസിനെ പരിചയപ്പെടുത്തുമ്പോൾ ബി ബി സി പോലുള്ള മാധ്യമങ്ങൾ ഉപയോഗിക്കുന്ന വാചകം “ the Islamic terrorist group” എന്നാണ്. ഇസ്ലാം വെറുക്കുന്ന ഒന്ന് ഇസ്ലാമിന്റെ പേരിൽ ചേർത്തു പറയാൻ അവർക്കുമില്ല ഒരു വൈക്ലബ്യം. ഇസ്ലാം ആളുകൾക്ക് സമാധാനം നൽകണം. അതിന്റെ യുദ്ധങ്ങൾ പോലും സമാധാനത്തിനു വേണ്ടിയാണ്. ‘ നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുവിൻ, എന്നാൽ അതിക്രമം പ്രവർത്തിച്ചു കൂടാ എന്തെന്നാൽ അതിക്രമാകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല”. എന്നതാണ് ഖുർആൻ പറയുന്നത്.

യുദ്ധം ഒരു അംഗീകൃത രീതിയാണ്‌. യുദ്ധത്തിൽ പോലും നീതിയും മാന്യതയും കാത്തു സൂക്ഷിക്കണം എന്ന കൃത്യമായ നിർദ്ദേശമാണ് ഇസ്ലാം നൽകുന്നത്. ആളുകളെ കൊല്ലുക, മുതലുകൾ നശിപ്പിക്കുക, നാട്ടിൽ അശാന്തിയുണ്ടാക്കുക എന്നതല്ല ഇസ്ലാമിന്റെ യുദ്ധ നിലപാട്. അതെ സമയം ഇന്ന് നാം കേട്ട് കൊണ്ടിരിക്കുന്ന ഭീകര പ്രവർത്തനവും എല്ലാ മാനുഷിക മൂല്യങ്ങളുടെയും നിരാകരണമാണ്. അതിനു ഇസ്ലാമുമായിയാതൊരു ബന്ധവുമുണ്ടാക്കാൻ പാടില്ല. ഇസ്ലാം എന്ത് പറയുന്നു എന്നതിനേക്കാൾ ഇസ്ലാമിന്റെ പേരിൽ അക്രമികൾ എന്തു പറയുന്നു പ്രവർത്തിക്കുന്നു എന്നതാണ് തല്പരകക്ഷികൾ അന്വേഷിക്കുന്നത്.

ഇസ്ലാമിന്റെ പേരിൽ ഭീകരത ആരോപിക്കാൻ പ്രവാചകനെ തന്നെ കരുവാക്കി എന്നതാണ് യൂറോപ്പ് ചെയ്ത കാര്യം. അവർ തന്നെ നിർമ്മിച്ചെടുത്ത സംഘങ്ങളിലൂടെ അവർ അവരുടെ അജണ്ടകൾ നടപ്പാക്കുന്നു. അടുത്തിടെ ഫ്രാൻസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനകളും അഭിപ്രായങ്ങളും അതിനോട് ചേർത്ത് വെക്കണം. നമ്മുടെ നാടുകളിലും ഈ പ്രവണത നാൾക്കുനാൾ വർധിച്ചു വരുന്നു. ദേശീയ തലത്തിൽ സംഘ പരിവാർ അത് ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ യു പി സർക്കാർ കൊണ്ടുവന്ന ലവ് ജിഹാദ് നിരോധന ബിൽ അതിന്റെ അവസാന രൂപം മാത്രം. ഒരാൾ വിശ്വാസം മാറുന്നത് അത്ര വലിയ കാര്യമല്ല. വ്യക്തി എന്ന നിലയിൽ അതിനുള്ള അവകാശം ലോകത്ത് മിക്കവാറും ഭരണ കൂടങ്ങൾ പ്രജകൾക്കു നൽകുന്നു. ഒരാളുടെ വിശ്വാസവും ആചാരവും മറ്റൊരാൾക്കോ സമൂഹത്തിനോ ഹാനികരമല്ലാത്ത കാലത്തോളം അത് തടയാൻ ആർക്കും അധികാരമില്ല. ഒരാളെയും നിർബന്ധം ചെലുത്തി ഉണ്ടാക്കെണ്ടാതല്ല വിശ്വാസം. അത് വ്യക്തി സ്വയം ആര്ജിക്കെണ്ടതാണ് എന്ന് പറയുന്നതും മതം തന്നെയാണ്.

ഒരാൾ മുസ്ലിമാവുക എന്നത് ഒരു ക്രിമിനൽ നിയമമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതെ സമയം ഇസ്ലാമിൽ നിന്നും പഴയ വിശ്വാസത്തിലേക്ക് തിരിച്ചു പോകുന്നതു മാന്യതയുടെ പര്യായമായി കാണുകയും ചെയ്യുന്നു. ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയായി ഇസ്ലാമിനെ മാറ്റിയെടുക്കാൻ സംഘ പരിവാർ ശ്രമം തുടരുന്നു. ദേശീയ മാധ്യമങ്ങളുടെ സഹായം കൊണ്ട് അവർ അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇസ്ലാമിന്റെ ഒരു ചിഹ്നവും പാടില്ലെന്ന് സംഘ പരിവാർ നിർബന്ധം പിടിക്കുന്നു. ചില സ്ഥലപ്പേരുകൾ പോലും അവരുടെ ഉറക്കം കെടുത്തുന്നു. ലോക തലത്തിൽ പ്രവർത്തിക്കുന്ന ഇസ്ലാം വിരുദ്ധ ശക്തികളും ഇന്ത്യയിലെ ഇസ്ലാം വിരുദ്ധതയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായ കാലത്താണ് നാം ജീവിക്കുന്നത്. ലോകാടിസ്ഥാനത്തിൽ അതിനു നേതൃത്വം നൽകുന്നത് സയണിസ്റ്റ് ശക്തികളാണ്. അവരുടെ സ്വാദീനം മുസ്ലിം നാടുകളിലും നാൾക്കുനാൾ വർധിച്ചു വരുന്നു എന്നതിനാൽ വരും നാളുകളിൽ ഇസ്ലാമിക തീവ്രവാദം എന്ന വാക്ക് നാം കൂടുതൽ കേൾക്കേണ്ടി വരും.

Also read: ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

നമ്മുടെ സാക്ഷര കേരളത്തിൽ പോലും ഒരു ഇസ്ലാമോഫോബിയ വളർത്തിയെടുക്കാൻ പലരും ശ്രമിക്കുന്നു. ഇടതു പക്ഷങ്ങൾ പോലും അറിഞ്ഞോ അറിയാതെയോ അത്തരം നിലപാടുകൾക്ക് നേതൃത്വം നൽകുന്നു എന്നതാണ് വർത്തമാന ചരിത്രം. ഒരേ സംഗതി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുക എന്നത് ഒരു ഗീബൽസിയൻ തന്ത്രമാണ്. ജനകീയ സമരങ്ങളെ പോലും ഇസ്ലാമിക തീവ്രവാദത്തിന്റെ പട്ടികയിൽ ഉൾക്കൊള്ളിക്കാൻ ഇടതുപക്ഷം നടത്തുന്ന ശ്രമം നാം കണ്ടതാണ്. അതെ ആരോപണം ഉന്നയിക്കുന്ന വിഭാഗം കേരളത്തിലും ഇന്ത്യയിലും സജീവമാണ്.

ഇസ്ലാം ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് ഇന്ന് ഇസ്ലാമിന്റെ പേരിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ജീർണതയും തീവ്രതയും ഒരേ പോലെ ഹാനികരം എന്നതാണ് ഇസ്ലാമിന്റെ നിലപാട്. രണ്ടും ആത്യന്തികമായി വ്യക്തിയുടെയും സമൂഹത്തിന്റെയും പരാജയത്തിലേക്ക് എത്തിക്കും. സ്വയം പരാജയമെന്ന് മനസ്സിലാക്കിയ ഒന്നിനെ ഇസ്ലാം ഒരിക്കലും അംഗീകരിക്കില്ല. എന്തിലും ഒരു മധ്യമ നിലപാട് എന്നതാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അജണ്ടകളും ചർച്ചകളും ശത്രുക്കൾ സ്വയം നിർമ്മിക്കുന്ന കാലത്ത് അത് തിരിച്ചറിയാൻ കഴിയാതെ പോകുന്നു എന്നതാണ് ഇന്ന് ഇസ്ലാം നേരിടുന്ന വലിയ വെല്ലുവിളി.

Related Articles