Current Date

Search
Close this search box.
Search
Close this search box.

ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

ഇന്ന് ഡിസബംര്‍ മൂന്ന്, അന്താരാഷ്ട്ര ഭിന്നശേഷി ദിനം. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ അടക്കം വിവിധ വാരാചാരവും ക്യാംപയിനുമെല്ലാം നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാരായ ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതില്‍ ഏറ്റവും കൂടുല്‍ പേര്‍ ജനിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരാണ്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തോടെ ജനിച്ച് പിന്നീട് ശരീര ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ ശോഷിക്കുകയോ ചെയ്ത ഒരുപാട് പേരും നമുക്ക് ചുറ്റുമുണ്ട്.

അത്തരത്തില്‍ ഒരു വലിയ സമൂഹം തന്നെയുണ്ട് ഫലസ്തീനില്‍. ഇസ്രായേല്‍ അധിനിവേശം തുടങ്ങിയ കാലം മുതല്‍ ഭിന്നശേഷിക്കാരാകേണ്ടി വന്ന ജനസമൂഹമുണ്ടിവിടെ. ഇസ്രായേല്‍ പട്ടാളവും സുരക്ഷ സേനയും നടത്തുന്ന ബോംബിങ്ങിലും വ്യോമാക്രമങ്ങളിലും വെടിവെപ്പിലുമെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യേണ്ടി വന്ന നിരവധി പേര്‍. ജനിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ യുവാക്കള്‍, യുവതികള്‍, വയോജനങ്ങള്‍, വീട്ടമ്മമാര്‍ തുടങ്ങി എല്ലാ പ്രായക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇത്തരത്തില്‍ ഗസ്സയിലെ ഭിന്നശേഷിക്കാരുടെ കണക്കുവിവരങ്ങളും അവരുടെ കാര്യത്തിലുളള ആശങ്കകളും പുറത്തുവിട്ടിട്ടുണ്ട് ഈ ദിനത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. രണ്ട് മില്യണ്‍ ഫലസ്തീനികളാണ് ഇസ്രായേല്‍ യുദ്ധം മൂലം കൊടുംദുരിതത്തിലും പട്ടിണിയിലും കഴിയുന്നത്. അതിനാല്‍ തന്നെ ഭിന്നശേഷിക്കാരായ ജനങ്ങള്‍ ഈ സമയത്ത് അസാധാരണമായ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇസ്രായേലിന്റെ ഉപരോധവും ഗസ്സ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സഹായമില്ലാത്തതും കാരണം ഈ വിഭാഗം കൂടുതല്‍ പ്രയാസമനുഭവിക്കുകയാണെന്നാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

2007ന് ശേഷം ഗസ്സയിലെ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫലസ്തീന്‍ സെന്‍സസ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുപ്രകാരം ഗസ്സയിലെ 48000 പേര്‍ അല്ലെങ്കില്‍ മൊത്തം ജനസംഖ്യയുടെ 2.4 ശതമാനം പേര്‍ ഏതെങ്കിലും തരത്തില്‍ ഭിന്നശേഷി നേരിടുന്നവരാണ്. ഇതില്‍ അഞ്ചില്‍ ഒന്നും കുട്ടികളാണ്. ഇതില്‍ പലരും ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം മൂലമുള്ള പരുക്കുകളാല്‍ വൈകല്യം അനുഭവിക്കുന്നവരാണെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ ഇസ്രായേലിന്റെ നിയന്ത്രണം മൂലം ഇത്തരക്കാര്‍ക്ക് ഉറ്റവരുമായി ആശയവിനിമയം നടത്താനോ വീടുകള്‍ വിട്ട് പോകാനോ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും മറ്റും വൈദ്യുതി, സാങ്കേതിക വിദ്യ എന്നിവയൊന്നും ലഭ്യമാകുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ചരക്കുകളുടെ അടക്കം ഗസയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ പരിമിതപ്പെടുത്തുകയും മുനമ്പിലെ ഏക വൈദ്യുത നിലയത്തിലേക്കുള്ള ഇന്ധനത്തിന്റെ വിതരണവും അധിനിവേശ ഭരണകൂടം നിയന്ത്രിക്കുകയും ചെയ്യുന്നു.

വൈകല്യമുള്ള ആളുകള്‍ക്ക് ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താന്‍ വെളിച്ചമോ വൈദ്യുത ലിഫ്റ്റുകളോ ഇലക്ട്രിക് സ്‌കൂട്ടറുകളോ എന്നിവക്കൊന്നും വേണ്ട വൈദ്യുതി അവര്‍ക്ക് ലഭ്യമല്ല. അതെല്ലാം വെട്ടിക്കുറച്ച് ബുദ്ധിമുട്ടിലാക്കുകയാണ് ഇസ്രായേല്‍ അധിനിവേശം. ഇത്തരത്തില്‍ ദുരിത്തതിനു മേല്‍ വീണ്ടും ദുരിതം വിതച്ച് പ്രയാസവും പ്രതിസന്ധിയും ഇരട്ടിയാക്കുകയാണ് ഇസ്രായേല്‍ ചെയ്യുന്നത് എന്നാണ് ഈ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിലും ഫലസ്തീനില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുക.

Related Articles