Current Date

Search
Close this search box.
Search
Close this search box.

ഫഖ്‌രിസാദയുടെ വധവും ഇസ്രായേലും ?

വധിക്കപ്പെടുന്ന സമയം, ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌രിസാദ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-നവീകരണ വിഭാഗം മേധാവിയായിരുന്നു. യുറേനിയം സമ്പുഷ്ടീകരണം പദ്ധതിയുടെ മറവിൽ ആണവായുധം ശേഖരിക്കാനുള്ള കഴിഞ്ഞ കാല ഇറാൻ നടപടികൾക്ക് സുപ്രധാനമായ പങ്കുവഹിച്ചിരുന്ന വ്യക്തിയായാണ് പാശ്ചാത്യ ഉദ്യോഗസ്ഥരും വിദഗ്ധരും മുഹ്‌സിൻ ഫഖ്‌രിസാദയെ കാണുന്നത്. എന്നിരുന്നാലും, ആണവായുധം ഉത്പാദിപ്പിക്കുന്നുവെന്ന ആരോപണത്തെ ഇറാൻ ശക്തമായി നിഷേധിച്ചിരുന്നു. വൻ സുരക്ഷാ വലയത്തിലും, യു.എൻ ആണവ ഗവേഷകർക്ക് പിടികൊടുക്കാതെയുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. പൊതുസ്ഥലങ്ങളിൽ അപൂർവമായി പ്രത്യക്ഷപ്പെടുകയും, ഇറാന് പുറത്തുള്ളവരിൽ വളരെ കുറച്ച് പേർക്ക് മാത്രം കൂടുതലായി അറിയുകയും ചെയ്തിരുന്ന വ്യക്തിത്വവുമായിരുന്നു മുഹ്‌സിൻ ഫഖ്‌രിസാദ.

ഇറാന്റെ ആണവ പദ്ധതി ബോംബ് വികസിപ്പിക്കാനുള്ള ലക്ഷ്യമാണോ എന്നതിനെ സംബന്ധിച്ച തുറന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെ 2015ലെ അന്തിമ വിലയിരുത്തലിൽ പേരുള്ള ഒരേയൊരു ഇറാൻ ശാസ്ത്രജ്ഞനായാരുന്നു മുഹ്‌സിൻ ഫഖ്‌രിസാദ. 2011ൽ ഐ.എ.ഇ.എ (International Atomic Energy Agency) ഫഖ്‌രിസാദയെ ഇറാൻ ആണവ പദ്ധതിയായ അമദിന്റെ എക്‌സിക്യൂട്ടീവ് ഓഫീസറെന്നാണ് വിശേഷിപ്പിച്ചത്. അമദിനെ ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയെന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്. അമദിന്റെ മേധാവിയെന്നായിരുന്നു മുഹ്‌സിൻ ഫഖ്‌രിസാദയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചത്. വൈദഗ്ധ്യമുള്ള ഇറാൻ ശാസ്ത്രജ്ഞൻ മുഹ്‌സിൻ ഫഖ്‌രിസാദ ഇസ്രായേലിന്റെ നോട്ടപുള്ളിയായിരുന്നു. ഇത് ഇറാനും മനസ്സിലാക്കിയിരുന്നു. 2020 നവംബർ 27ന് വെള്ളിയാഴ്ച തെഹ്‌റാനിൽ നടന്ന ആക്രമണത്തെ തുടർന്നാണ് മുഹ്‌സിൻ ഫഖ്‌രിസാദ കൊല്ലപ്പെടുന്നത്. 2010-2012നിടയിൽ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് ഇറാൻ ശാസ്ത്രജ്ഞർ വധിക്കപ്പെട്ടതിനെ തുടർന്ന് ഐ.എ.ഇ.എ ഫഖ്‌രിസാദയിലേക്ക് എത്തിപ്പെടാനുള്ള അവസരങ്ങൾക്ക് ഇറാൻ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അവസാനം ഇസ്രായേലിന്റെ ലക്ഷ്യം നിറവേറുക തന്നെ ചെയ്തു!

വധത്തിന് ശേഷം, മേഖലയിൽ അസ്വസ്ഥത വർധിക്കാതിരിക്കുന്നതിന് ആഹ്വാനവുമായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തുവന്നിരിക്കുന്നു. ഫഖ്‌രിസാദയുടെ കൊലയാളികളെ നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് ഇറാൻ പരമോന്നത നേതാവ് അലി ഹുസൈൻ ഖാംനഈ വ്യക്തമാക്കുകയും ചെയ്തു. മേഖലയിൽ പ്രശ്‌നങ്ങളില്ലാതിരിക്കാനും, ഫഖ്‌രിസാദയുടെ വധത്തിൽ നീതി നടപ്പിലാവാനും ഇറാൻ എത്രത്തോളം കാത്തിരിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടതാണ്! ഇതെല്ലാം മുന്നിൽ നിൽക്കുമ്പോഴും, ഇസ്രായേൽ ആക്രമണങ്ങളുടെയും അധിനിവേശത്തിന്റെയും അവസാനിക്കാത്ത കഥകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ജനുവരി മൂന്നിന് ഐ.ആർ.ജി.സി (Islamic Revolutionary Guard Corps) മേജർ ജനറൽ ഖാസിം സുലൈമാനി കൊലചെയ്യപ്പെട്ടതിലും ഇസ്രായേലിന്റെ പങ്ക് വ്യക്തമായിരുന്നു. മുഹ്‌സിൻ ഫഖ്‌രിസാദയുടെ വധവും, കഴിഞ്ഞ ദശകങ്ങളിലായി ഇസ്രായേൽ തുടർന്നുവരുന്ന ആക്രമണ-അധിനിവേശ-യുദ്ധ ചരിത്രത്തിന്റെ തുടർച്ചയിൽ സംഭവിക്കുന്നതാണ്.

Also read: ലോക ഭിന്നശേഷി ദിനം: ഗസ്സയിലുളളവരെയും ഓര്‍ക്കണം

സിറിയയിൽ ഇസ്രായേൽ പത്തിലധികം ആക്രമണങ്ങൾ നടത്തുകയും, ഒരുപാട് സൈനികരെ വധിക്കുകയും ചെയ്യുന്നു. സിറിയൻ പ്രതിരോധ-വികസന വിഭാഗം ശാസ്ത്രജ്ഞൻ ഡോ.അസീസ് എസ്ബറിന്റെ വധം അതിൽ പ്രധാനമാണ്. അതിന് മുമ്പ് സിറിയൻ പൈലറ്റുമാർക്കെതിരെ ഇസ്രായേൽ ആക്രമണ നടപടികൾ സ്വീകരിക്കുന്നു. ഒപ്പം, സിറിയയിലെ ഭരണകൂടത്തെ താഴെയിറക്കുന്നതിന് സായുധ വിഭാഗത്തെ പിന്തുണയ്ക്കുന്നു. ലബനാനിലും സിറിയയിലുമുള്ള ഹിസ്ബുല്ല നേതാക്കളായ ജിഹാദ് മുഗ്‌നിയ്യ. സമീർ അൽഖുൻതാർ, മുസ്തഫ ബദ്‌റുദ്ധീൻ ദുൽഫിഖർ തുടങ്ങിയവരെ വധിക്കുന്നു. ബഗ്ദാദിലെ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ നേതാവ് അക്‌റം അൽ അജൗരിയെ വധിക്കാൻ ശ്രമിക്കുകയും, അദ്ദേഹത്തിന്റെ മകനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ, ജറുസലമിനെ ഇസ്രായേലിന്റെ ഏകീകൃത തലസ്ഥാനമായി പ്രഖ്യാപിക്കുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സിറിയൻ ജൊലാൻ മലനിരകൾ ഇസ്രായേലിലേക്ക് കൂട്ടിചേർക്കുന്നു. അധിനിവേശം വ്യാപിപ്പിക്കുകയും ഫലസ്തീൻ സമാധാന ചർച്ച അവസാനിപ്പിക്കുകയും ചെയ്യുന്നു. പൂർണാർഥത്തിൽ ഫലസ്തീനികളുടെ അവകാശത്തെ ഇല്ലായ്മ ചെയ്യുന്നതിനും, അമേരിക്കുയുടെയും അറബ് രാഷ്ട്രങ്ങളുടെ പിന്തുണയോടെയും സമാധാന ഉടമ്പടിയുമായി (Deal of the century) രംഗത്തുവരുന്നു. ഫലസ്തീനും ഇറാനുമെതിരായി അറേബ്യൻ രാഷ്ട്രങ്ങളുമായി സഖ്യം ചേരുന്നു. ഇറാഖിൽ ബോംബ് വർഷിക്കുന്നു. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ അമേരിക്കക്കൊപ്പം നിലയുറപ്പിക്കുന്നു. ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന തോന്നിവാസങ്ങളുടെ തുടർകഥകളാണ് നാമിന്ന് കേൾക്കുന്നത്!

അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡൊണൾഡ് ട്രംപിന്റെ പരാജയത്തോടെ, മരുമകനും ട്രംപ് ഉപദേശകനുമായ ജാരെദ് കുഷ്‌നറിന്റെയും പിണിയാളുകളുടെയും ഭരണ സ്വാധീനം കുറഞ്ഞത് നാല് വർഷത്തേക്കെങ്കിലും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെയും അറേബ്യൻ നാടുകളിലെയും ഇസ്രായേലിന്റെ യുദ്ധങ്ങളെയും കൂട്ടക്കൊലകളെയും പിന്തുണയ്ക്കുന്ന വ്യക്തിയാണ് ജാരെദ് കുഷ്‌നർ. അറേബ്യൻ മുസ്‌ലിംകളുടെ മേൽ വിദ്വേഷം വെച്ചുപുലർത്തുന്ന ജാരെദ് കുഷ്‌നർ സൗദി അറേബ്യയും ഖത്തറും സന്ദർശിക്കുന്നു. അവസാനത്തെ അദ്ദേഹത്തിന്റെ സന്ദർശനത്തിൽ അറബ് ലോകത്തിന് ഗുണപരമായി നടപടികൾ സ്വീകരിക്കുമെന്ന് പറയാൻ ഒരുനിലക്കും നിർവാഹമില്ല. കാരണം, നാല് വർഷമുണ്ടായിട്ടും സഹകരണത്തിന് ശ്രമിക്കാത്ത ജാരെദ് കുഷ്‌നർ ഏതാനും ആഴ്ചകൾ ബാക്കിനിൽക്കെ മാറ്റത്തിന് തയാറുകമെന്ന് കരുതാനാവുകയില്ലെന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ലക്ഷ്യമെന്നത് ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായി നിലയുറപ്പിക്കുകയെന്നതാണ്. ഫലസ്തിനികൾക്കെതിരെ കൂടുതൽ വെറുപ്പ് വ്യാപിപ്പിക്കുകയെന്നതാണ്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് കൂടുതൽ രാഷ്ട്രങ്ങളെ കൊണ്ടുവരുകയെന്നതാണ്. നെതന്യാഹുവിന്റെ ശിഷ്യനും, അറബ് രാഷ്ട്രങ്ങളുമായി ഇസ്രായേൽ നയതന്ത്ര ബന്ധം (Normalisation deal) ഊട്ടിയുറപ്പിക്കുന്ന മുഖ്യ സൂത്രധാരനുമായ ജാരെദ് കുഷ്‌നറെ അടുത്ത നാലുവർഷം അധികാരത്തിൽ കാണാൻ കഴിയുകയില്ലെന്നത് പ്രത്യാശയാണ്!

Also read: സ്വാതന്ത്ര്യ സമരത്തിൻറെ രാജപാതയിൽ

ജാരെദ് കുഷ്‌നർക്കൊപ്പം സന്ദർശനം നടത്തുന്ന പ്രതിനിധി സംഘത്തിൽ അറേബ്യയോട് വിദ്വേഷം പുലർത്തുന്ന രണ്ട് പേരുകളുണ്ട്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് ഉപദേശകനായ എവി ബെർക്കോവിറ്റ്‌സാണ് ഒന്നാമനെങ്കിൽ, ഇറാനിലെ മുൻ പ്രതിനിധി ബ്രയിൻ ഹൂക്കാണ് രണ്ടാമൻ. മൊസാദും ഏജന്റുമാരും ഇറാൻ ആണവ ശാസ്ത്രജ്ഞൻ ഫഖ്‌രിസാദയെ വധിച്ച് ഒരാഴ്ചക്കുള്ളിലാണ് ഈയൊരു സന്ദർശനം നടക്കുന്നത്. ചെറുത്തുനിൽക്കുന്ന രാഷ്ട്രങ്ങൾക്കും വിഭാഗങ്ങൾക്കും, ഇറാനുമെതിരെ അറേബ്യൻ രാഷ്ട്രങ്ങളുമായി സഖ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്ന് സുവ്യക്തമാണ്. അഥവാ, ഇറാനെയും ആണവ ശേഖരങ്ങളെയും നാശോന്മുഖമാക്കിതീർക്കുകയെന്ന ഇസ്രായേലിന്റെ സുപ്രധാമായ ലക്ഷ്യത്തിന് ബൈഡൻ അധികാരത്തിലേറുന്നതിന് മുമ്പ് പരമാവധി ചെയ്യുകയെന്നത് ഈ സന്ദർശനത്തിലൂടെ ജാരെദ് കുഷ്‌നറും സംഘവും ലക്ഷ്യംവെക്കുന്നത്. ഇവിടെ തെളിയുന്നത് ഇസ്രായേലിന്റെയും അമേരിക്കയുടെയും അവിശുദ്ധ കൂട്ടുകെട്ടുതന്നെയാണ്.

Related Articles