Onlive Talk

കോവിഡ് 19: പോസിറ്റീവ് ചിന്ത കൊണ്ടുവരാവുന്ന ചില മാറ്റങ്ങൾ

നാം ഒരു മഹാമാരിയെ അതിജീവിച്ചിരിക്കുന്നു. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയ പുതിയ കാലത്ത് മഹാമാരിക്ക് ഒരു ആഗോള മുഖവും ഭാവവും ഉണ്ടായിരുന്നു എന്നത് സ്വാഭാവികം. ഏതായാലും ഒരിത്തിരിക്കുഞ്ഞൻ വലിയ പാഠങ്ങളാണ് നമുക്ക് നൽകിയത്. ജീവിതത്തിന്റെ നശ്വരതയും മനുഷ്യരെന്ന നമ്മുടെ ചെറുപ്പവും മാനുഷിക ബന്ധങ്ങളുടെ ആഴവുമൊക്കെ മനസ്സിലാക്കാൻ നമുക്കത് മതിയായതായിരുന്നു. കെട്ടിടങ്ങളൊന്നും തകർന്നില്ലേലും നാഗരികതകൾക്ക് പ്രത്യക്ഷത്തിൽ വലിയ പോറലേറ്റില്ലെങ്കിലും ഒരു മൂന്നാം ലോക യുദ്ധത്തെ നേരിട്ട പോലായിരുന്നു അതിലെ മനുഷ്യാനുഭവങ്ങൾ. സ്ഥല കാലങ്ങൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് അത് ഏൽപ്പിച്ച പ്രഹരം വ്യത്യസ്തമായിരുന്നു എന്ന് വേണം പറയാൻ. ഏതായാലും കുറെയേറെ രാജ്യങ്ങൾ കോവിഡാനന്തര കാലത്തേക്ക് പ്രവേശിച്ചിരിക്കയാണ് (Post Covid). കുറെ പേർ കോവിഡുമൊത്ത് ജീവിക്കാൻ പഠിച്ചു കൊണ്ടിരിക്കയാണ്(Living with Covid).

സ്വീഡൻ പോലെ ചില രാജ്യങ്ങൾ മൂപ്പര് വന്ന് പോയതേ ഗൗനിച്ചിട്ടില്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെ കുറച്ചു രാജ്യങ്ങൾ ഈ ഭീതിയിൽ നിന്ന് മുകതമാകാതെ എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്നുമുണ്ട്. പാത്രം കൊട്ടൽ തുടങ്ങി തങ്ങൾക്ക് സൗകര്യമുള്ള പ്രതിരോധങ്ങളെ കൊട്ടിഘോഷിച്ചും ആവശ്യാനുസരണം തങ്ങൾക്ക് വേണ്ടവരെ ഇരകളാക്കിയുമൊക്കെ തുല്യതയില്ലാത്ത ക്രൂരതയും രാഷ്ട്രീയ അല്പത്തരങ്ങളുമാണ് അധികാര കേന്ദ്രങ്ങൾ കാണിച്ചത്. തങ്ങളുടെ കൂരയിലേക്ക് ഈ ലോക്ക് ഡൗൺ കാലത്ത് നടന്ന 1000 വും 2000 വുമൊക്കെ കിലോമീറ്ററുകൾ രാജ്യം സ്വാതന്ത്ര്യത്തിനായ് നടന്ന അറിയപ്പെട്ട എല്ലാ നടത്തങ്ങളെക്കാളും പതിന്മടങ്ങ് പ്രയാസമേറിയതായിരുന്നു. സത്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പുതിയ ഭൂമിയും ആകാശവും തേടിയുള്ള പുതിയ കാല പലായനമായിരുന്നു അതെന്ന് വേണം പറയാൻ.

കോവിഡാനന്തരം എന്ന പ്രയോഗത്തിന് പരിമിതികളുള്ളത് കൊണ്ട് ന്യൂ നോർമൽ എന്നതാണ് കുറെക്കൂടെ സൂക്ഷമതയുള്ള പ്രയോഗമെന്ന് ഭാഷാപടുക്കൾ പറഞ്ഞു വെച്ചിരിക്കുന്നു. രണ്ടായാലും ഈ കുരുക്കിൽ നിന്ന് പുറത്ത് കടക്കാൻ സമയമായിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ശരീരത്തിനേൽപ്പിച്ച പ്രഹരത്തെക്കാൾ മാനസികമായാണ് അത് ആളുകളെ തളർത്തിയത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോവിഡ് എന്നത് ഒരു ജലദോഷപ്പനി മാത്രമാണെന്ന് ഇനിയെങ്കിലും നമ്മൾ പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. വർദ്ദിച്ച മേമ്പൊടികൾ ചേർത്ത വാർത്തകളിലൂടെ ഇനിയും ജനത്തെ ഒരു ഇന്നിങ്‌സ് കാണുന്ന മൂഡിൽ നിന്നും മാറ്റേണ്ടിയിരിക്കുന്നു. (കാലിക്കറ്റ് എയർപോർട്ടിൽ ഒരു ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയതിനെ എത്രമാത്രം പരിഹാസ്യമായാണ് ഇന്ന് നമ്മുടെ മുഖ്യധാരാ ചാനലുകൾ റിപ്പോർട്ട് ചെയ്തത്.. !!)

Also read: ആരാണ് മാളു ഹജ്ജുമ്മ?

അനുവദിച്ചുകിട്ടിയ നാല് മാസക്കാലത്തെ വീട് വാസത്തിൽ നിന്നും പുറത്തിറങ്ങാൻ സമയമായിരിക്കുന്നു എന്നർത്ഥം. ഭീതി നിറച്ച് നമ്മൾ വീട്ടിലടക്കപ്പെടുന്നതിനിടയിലും വേട്ടക്കാർ തങ്ങളുടെ അജണ്ടകളുമായി മുന്നോട്ട് പോയിരിക്കുന്നു എന്ന് നാം അറിയേണ്ടിയിരിക്കുന്നു. ഈ പ്രതിസന്ധിയുടെ നടുക്കയത്തിലും പെട്രോൾ വില വർദ്ധനവെന്ന ജീവിത ചെലവുകളുടെ നിലവാര സൂചി അടിക്കടി ഉയർത്താൻ അവർക്ക് മടി എന്നല്ല നാണം പോലും ഇല്ലാതായത് നമ്മുടെ പ്രതികരണ ശേഷിക്ക് കൂടെ മാസ്കിട്ട് മൂടിക്കെട്ടിയായിരുന്നു. സഫൂറ സർഗാൾ ഈ ഒച്ചപ്പാടുകൾക്കൊടുവിലും തിഹാർ ജയിലിൽ തന്നെ എന്നത് നമ്മെ ഇനിയും അസ്വസ്ഥപ്പെടുത്താത്തതെന്താണ്. കോവിഡ് കാലത്ത് ഇത്രയേറെ മരണങ്ങളുണ്ടായിട്ടും ജോർജ്ജ് ഫ്ളോയിഡെന്ന കറുത്ത വർഗ്ഗക്കാരന്റെ മരണം കൊറോണ എന്ന ഉമ്മാക്കി കാട്ടി ഭരണകൂടത്തിന് തടയിടാൻ കഴിയാത്തത് കൊണ്ടാണ് ബ്ലാക്ക്‌സ് ഉൾക്കൊള്ളുന്ന മനുഷ്യാവകാശ സംഘങ്ങൾക്ക് ആ സമരത്തിൽ ആത്യന്തിക വിജയം കരസ്ഥമാക്കാനായത്.

വലിയ ജാഗ്രത പറഞ്ഞ നമ്മുടെ കേരളത്തില് പോലും എടുത്ത ഓരോ നിലപാടുകളും ആളും തരവുമനുസരിച്ച് എങ്ങനെയൊക്കെയാണ് മാറിമറിഞ്ഞത് നാം കണ്ടതാണ്. കുഞ്ഞനാനന്തൻമാരുടെ മരണമാവുമ്പോ 20 എന്നാൽ 200 ഓ 2000 മോ ഒക്കെ ആണെന്നും എല്ലാ നിബന്ധനകളും പാലിച്ചാലും കാക്കമാര് പള്ളിയിൽ കയറിയാൽ ഇവിടെ എന്തോ പ്രശ്നമുണ്ടാകുമെന്ന് മുസ്ലിം കോർഡിനേഷൻ ബോർഡിക്ക് തന്നെ തോന്നിത്തിടങ്ങുകയും ചെയ്യുന്നത് അത്രവലിയ പക്വതയായൊന്നും ആഘോഷിക്കപ്പെടേണ്ടതല്ല എന്ന് തോന്നുന്നു. കാരണം മറ്റൊന്നുമല്ല, ഒരു സമുദായം അറിയാതെ ഡിഫൻസീവായി പോകുന്നത് ജനാധിപത്യക്രമത്തിൽ അത്ര നല്ലതെല്ലാത്തത് കൊണ്ട് തന്നെ.
സ്വന്തം പൗരന്മാർ പുറം നാടുകളിൽ യാതനകൾ സഹിക്കുമ്പോഴും അവരെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളുൾക്ക് മുതിരുന്നില്ല എന്ന് മാത്രമല്ല അതിന് വേണ്ടി ഇതര സംഘങ്ങളും കൂട്ടായ്മകളും നടത്തുന്ന ശ്രമങ്ങളെ തുരങ്കം വെക്കുക കൂടി ചെയ്യുമ്പോൾ നമുക്ക് മനസ്സിലാവും അപകടകരമായ ഈ പേടിയുടെ ആഴമെത്രയെന്ന്.

കോവിഡ് കാര്യമായി ബാധിച്ച UAE യിൽ നിന്ന് കൊണ്ടാണ് ഞാനീ കുറിപ്പെഴുതുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ഇത്തരം ധാരാളം കേസുകളെ അറിയാനും ചെറുതായെങ്കിലും അതിലിടപെടാനും കഴിഞ്ഞിരുന്നു. അതിന്റെ കൂടെ വെളിച്ചത്തിൽ കുറച്ച് കാര്യങ്ങൾ പറഞ്ഞു വെക്കുകയാണ്. ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്നതിനപ്പുറത്ത് നമുക്കൊരുമിച്ച് ഈ കാലത്തെയും മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ, നാം മറികടക്കേണ്ടതുണ്ടെന്ന ആഗ്രഹത്തിൽ:

കൊറോണ പകർച്ച സാധ്യതയുള്ള കൂടുതലുള്ള ഒരു വൈറസ് ആണെങ്കിലും അത് മരണം ഉറപ്പിക്കുന്ന ഒന്നല്ല തന്നെ. 30 ഓളം വരുന്ന U.A.E യിൽ പലഭാഗങ്ങളിലായി താമസിക്കുന്ന സുഹൃത്തുക്കൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിൽ ഒരാൾക്ക് മാത്രമാണ് അസുഖം കുറച്ചു രൂക്ഷമായത്. അതിന്റെ കാരണം വഴിയേ പറയാം. അൽഹംദുലില്ലാഹ് ആ സുഹൃത്തും സുഖം പ്രാപിച്ചു. എന്നാലിതിൽ ഒരു സിംപ്റ്റവും ഇല്ലാതെ 49 ദിവസം വരെ പോസിറ്റിവും നെഗറ്റിവുമൊക്കെ മാറി മാറി വന്ന് ഐസൊലേഷനിൽ കഴിയേണ്ടി വന്നവർ വരെയുണ്ട്. ചുരുക്കത്തിൽ ഇപ്പൊ എല്ലാവരും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.

Also read: പിന്തിരിയാന്‍ കാരണം കണ്ടെത്തുന്നവര്‍

കൊറോണയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പരമാവധി ഒരാഴ്ച വരെയൊക്കെയേ പൊതുവെ കണ്ടുള്ളൂ. കൊറോണയുടെ symptoms ഉണ്ടായവർക്ക് അതിന്റെ വ്യത്യസ്ത ബുദ്ധിമുട്ടുകൾ – ആ സമയത്ത് അത് കുറച്ചധികം ക്ഷീണമുണ്ടാക്കുന്നത് തന്നെ – ഒരാഴ്ചയൊക്കെയേ ഉണ്ടാവാറുള്ളൂ. എന്ത് സിംപ്റ്റൻസ് ആണോ ഉള്ളത് അതിന് വേണ്ടുന്ന പ്രോപ്പർ ട്രീറ്റ്മെന്റ് എടുത്തവർക്ക് ഈ ഒരാഴ്ചകൊണ്ട് അസുഖ ലക്ഷണങ്ങൾ മാറിയിട്ടുണ്ട്.

പോസിറ്റീവ് ആയി എന്ന് റിസൾട്ട് വന്നത് കൊണ്ട് മാത്രം പിന്നീട് എന്തെങ്കിലും പ്രധാന പ്രശ്നങ്ങളുണ്ടായി എന്ന് പറഞ്ഞ കേസുകൾ തീരെ കുറവാണ് എന്ന് തന്നെ പറയണം.

രോഗം രൂക്ഷമായ പലരും കൊറോണയെ പേടിച്ച് തങ്ങൾക്കുള്ള പ്രയാസങ്ങൾക്ക് യഥാർത്ഥ ചികിത്സ തേടാത്തവരായിരുന്നു എന്ന് കാണാൻ കഴിഞ്ഞു. അതിൽ മരണ കരണമായവർ പലപ്പോഴും പനിയും പ്രയാസങ്ങളും ന്യൂമോണിയ സ്റ്റേജിലേക്ക് മാറിയ സമയത്തൊക്കെ ട്രീറ്റ്മെന്റ് തുടങ്ങിയവരായിരുന്നു. മുകളിൽ അസുഖം രൂക്ഷമായി എന്ന് പറഞ്ഞ സുഹൃത്തും ശക്തമായ പനിയുണ്ടായിട്ടും ചികിതസിക്കാതെ അവസാനം സുഹൃത്തുക്കളുടെ നിര്ബന്ധത്തിലായിരുന്നു ഹോസ്പിറ്റലിൽ പോയത്. എങ്കിലും പ്രോപ്പർ ട്രീട്മെന്റും പിന്നെ അണമുറിയാത്ത പ്രാർത്ഥനകളും..അദ്ദേഹം ഇപ്പോൾ ആരോഗ്യവാനായിരിക്കുന്നു.

കൊറോണ മൂലം മരണപ്പെട്ടു എന്നതിനേക്കാൾ, ഇക്കാലയളവിൽ മരണപ്പെട്ട മിക്ക ആളുകളുടെയും മരണകാരണം ഹാർട്ട് അറ്റാക്കൊ സമാന പ്രശനങ്ങളോ ആയിരുന്നു എന്ന് കാണാൻ കഴിഞ്ഞു. പ്രത്യേകിച്ച് യുവാക്കളുടെ മരണങ്ങളിൽ. അസുഖം വന്നാൽ തനിക്കാരുമുണ്ടാകില്ലല്ലോ, എനിക്ക് എപ്പോഴാണ് ബന്ധുക്കളിലേക്ക് മടങ്ങാനാവുക, എനിക്കിനി വേണ്ടപ്പെട്ടവരെയൊന്നും കാണാനൊക്കില്ലേ, എന്റെ ജോലി എന്താകും, എന്റെ കടങ്ങൾ, സ്വപ്‌നങ്ങൾ….. ഇതൊക്കെയും പ്രവാസിയെ കുറിച്ചാവുമ്പോൾ അവന്റെ ഓരോ നിമിഷവും തികട്ടി വരുന്ന ഓർമ്മകളാണ്. ദൈവ വിധിയിൽ പ്രതീക്ഷയും വിശ്വാസവുമർപ്പിച്ച് മുമ്പോട്ട് പോവേണ്ടതേയുള്ളൂ, ഇത്‌ നമ്മെ മാത്രം ബാധിച്ചതല്ല; എല്ലാത്തിനും ഒരു പരിഹാരമുണ്ടാവുമെന്നുമൊക്കെ നമുക്ക് പറയാമെങ്കിലും എല്ലാവരും ആ രൂപത്തിൽ കാര്യങ്ങളെ എടുക്കാൻ കഴിയാത്തവരാണ് എന്നതാണ്. അല്ലെങ്കിൽ അവരോട് അങ്ങിനെ ആശ്വാസ വാക്കുകൾ പറയാൻ ആരുമുണ്ടാവുന്നില്ല എന്നതാണ് സത്യം. കുറെ ഭീതിപ്പെടുത്തുന്ന ഫോർവേഡ് മെസ്സേജുകൾ മാത്രമായിരുന്നു അവർക്ക് കിട്ടിയത്.

കോവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രയാസങ്ങളേക്കാൾ ഭയാനകമോ തീക്ഷണമോ ആയിരുന്നു പോസിറ്റീവ് ആയതിന്റെ പേരിൽ അകപ്പെട്ട ക്വറന്റൈൻ & ഐസൊലേഷൻ അനുഭവങ്ങൾ. പോസിറ്റീവ് ആയ ക്യാൻസർ പേഷ്യന്റ് കൂടിയായ അടുത്ത ബന്ധു അദ്ദേഹത്തിന്റെ കോവിഡ് പ്രയാസത്തെക്കാൾ ഐസൊലേഷൻ എന്ന തടവറയുടെ, അവിടത്തെ വൃത്തിഹീനമായ അനുഭവങ്ങളൊക്കെയാണ് വലിയ പ്രയാസമായി പറയുകയുണ്ടായത്. അൽഹംദുലില്ലാഹ് അവർക്കും പിന്നീട് നെഗറ്റിവായി.

Also read: സഹധര്‍മ്മിണിയും ഖലീഫ ഉമറും

കൊറോണ യുടെ ഭീതി പറയുന്ന പല വീഡിയോകളുടെയും മെസ്സെജുകളുടെയും ഉറവിടം തിരയേണ്ടതുണ്ട്. സൈന്റിഫിക് റിപ്പോർട്ട് എന്ന് പറയുന്ന അവയിൽ ഭൂരിഭാഗവും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ ബിസിനസ് കരെ മാത്രമേ സഹായിച്ചുള്ളൂ എന്ന് കരുതണം. ഇതിൽ അകപ്പെട്ട് ശ്വാസതടസ്സമുണ്ട് എന്ന് പറഞ്ഞു വിളിച്ച ഒരു കേസിൽ അവസാനം അത് അറ്റൻഡ് ചെയ്ത ഡോക്ടർ കണ്ടത് രണ്ടോ മൂന്നോ മാസ്കിന് പുറമെ ടിഷ്യൂ പേപ്പറുകൾ കൂടെ അതിനുള്ളിൽ തിരുകി വെച്ചതായിരുന്നു. മരിക്കാതിരുന്നത് ഭാഗ്യം എന്ന് വേണം പറയാൻ.

ഇതിനിയും ഒരുപാട് എഴുതാനുണ്ട്. ഇക്കാലത്ത് 50 ഓളം വരുന്ന യുവാക്കളുടെയും യുവതികളുടെയും ഒരു കൗൺസിലിംഗ് ഗ്രൂപ്പിനെ കോർഡിനേറ്റ് ചെയ്യാൻ കൂടി അവസരമുണ്ടായിരുന്നു. അതിന്റെ കൂടെ അനുഭവത്തിൽ പറയട്ടെ, കൊറോണ പ്രഹരമേല്പിച്ചത് ശരീരത്തെക്കാൾ മനസ്സിനെയാണ്. നമ്മുടെ ആത്മവിശ്വാസത്തെയാണ്.
ഇവിടെ ഇപ്പൊ കാര്യങ്ങളൊക്കെ മെല്ലെ മെല്ലെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ജാഗ്രത പുലർത്തിക്കൊണ്ട് തന്നെ.. കൊറോണ നൽകിയ നല്ല പാഠങ്ങളെ പുൽകിക്കൊണ്ട് തന്നെ. അതിനുമപ്പുറം ഇത്‌ വേറെ ഏതോ കാലനാണെന്ന ഭാവേനയുള്ള പ്രചാരണങ്ങളും പരസ്യങ്ങളും ചില വ്യവസായങ്ങൾ, ചില രാഷ്ട്രീയ പാർട്ടിക്കാർ, ചില അവസരവാദികൾ ഇവർക്കൊക്കെ സഹായകമാവുമെന്നല്ലാതെ മറ്റൊന്നും നമുക്ക് കൊണ്ടുവരില്ല. ലോക രാജ്യങ്ങൾ അതിജീവന കഥകൾ പറയുന്നു.
നമുക്കുമുണ്ട് അതിൽ നല്ല പാഠങ്ങൾ….!!

പോസിറ്റീവ് ചിന്ത കൊണ്ടുവരാവുന്ന ചില നല്ല മാറ്റങ്ങൾ

ഇതൊരു ജലദോഷപ്പനിയാണെന്നും ഇനി പോസിറ്റീവ് ആയാൽ തന്നെ രോഗലക്ഷണത്തിന് നല്ല പോലെ ചികിത്സിച്ചാൽ മാറാവുന്ന പ്രശ്നമേയുള്ളൂ എന്നും മനസ്സിലാക്കിയാൽ ഉണ്ടാവുന്ന ചില കാര്യങ്ങൾ..

നമ്മുടെ ഇക്കോണമിയെ നമുക്ക് മെല്ലെ സജീവമാക്കാനും തിരിച്ചു പിടിക്കാനും കഴിയും.
movement അഥവാ ചലനമുണ്ടാവുക എന്നത് മുഴുവൻ മനുഷ്യ ജീവിതവുമായും വളരെ അടിസ്ഥാന പരമായി തന്നെ ബന്ധപ്പെട്ട് നിൽക്കുന്നതാണ്. കോവിഡ് എക്കോണമിക്ക് ഏൽപ്പിച്ച പ്രഹരം ചെറുതല്ല തന്നെ. ആദ്യമേ അബല പോരാത്തതിന് ഗർഭിണിയും എന്ന നിലയിലാവുന്നു അത് ഇന്ത്യയിലേക്കെത്തുമ്പോൾ. GST യിലും ഡീമോണിട്ടൈസേഷന് ശേഷവും പിടിച്ചു നിന്നവരുടെ സംരഭങ്ങൾക്ക് കൂടെ അന്ത്യ കൂദാശ അർപ്പിക്കുന്നതായി അതെന്ന് പറയേണ്ടിയിരിക്കുന്നു. ഗൾഫ് നാടുകളിൽ കോടിക്കണക്കിന് രൂപയുടെ സംരഭങ്ങളാണ് അനാഥമായിക്കിടക്കുന്നത്. ഉള്ളതൊരുക്കൂട്ടിയും കടം കൊണ്ടുമൊക്ക തുടങ്ങിവെച്ച സംരംഭങ്ങൾ നീണ്ടുപോകുന്ന ഈ അനിശ്ചിതത്വത്തിൽ ആശങ്ക മാത്രമല്ല, വിഷാദ രോഗത്തിന് പോലും അടിപ്പെട്ടവർ ധാരാളമാണ്. ജാഗ്രത കൈകൊണ്ട് തന്നെ ഓരോ മേഖലയും തുറക്കാൻ സമയമായിരിക്കുന്നു. ഇനിയും ഒരുപാട് മരണങ്ങളെയും ഒരു കുറെ മാനസിക രോഗികളെയും സൃഷ്‌ടിക്കുന്നതിൽ നിന്ന് രക്ഷപെടാൻ അത് സഹായകരമാവും.

പ്രവാസങ്ങളിൽ കുടുങ്ങികിടക്കുന്നവരെ സ്വാഭാവികമായി – റെഗുലർ ഫ്ലൈറ്റ്- നാട്ടിലെത്തിക്കാൻ കഴിയും. ഇപ്പോൾ നാട്ടിൽ വരാൻ നിൽക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവ് തന്നെയും ഒരു പേടിയിൽ നിന്ന് കൂടിയാണ്. റെഗുലർ ഫ്ലൈറ്റ് ആവുമ്പോൾ ആളുകൾ കുറച്ചു കൂടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യും. തങ്ങളുടെ വീടകങ്ങളിൽ ആശ്വാസത്തിനായി കൂടണഞ്ഞവർക്ക് നേരെ പോലും പേടിയുടെ ബഹിഷ്ക്കരണ മുദ്രാവാക്യമുയർത്തിയ മലയാളി മനസ്സ് എത്രമാത്രം സ്വാർത്ഥമായിരിക്കുന്നു. അയൽവാസി മുതൽ ഭരണകൂടം വരെ ഇന്നലെ വരെ തോളത്ത് വെച്ചിരുന്ന പ്രവാസിയെ ഇന്ന് പുറം കാല് കൊണ്ട് ചവിട്ടാനുള്ള ശ്രമമാണ് ഓരോ ദിവസവും പുറപ്പെടുവിക്കുന്ന ഗവണ്മെന്റ് വിളംബരങ്ങളിൽ കാണുന്നത്. അനാവശ്യ പേടിയാണ് ഇവിടെയും വില്ലൻ.

Also read: ചില്ലുടച്ച് നന്നാക്കുന്നവർ

വിദേശ രാജ്യങ്ങളിലെ തങ്ങളുടെ ജോലിയിലേക്കും ബിസിനസുകളിലേക്കും തിരിച്ചു പോവാനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുൾക്കും ഇത്‌ വലിയ ആശ്വാസം നൽകും.
ഇവിടെ വൈരുദ്ധ്യമെന്നത്, ആ രാജ്യങ്ങൾ സ്വീകരിക്കാൻ തയ്യാറാണെങ്കിലും നമ്മൾ ഇപ്പോഴും അതേക്കുറിച്ചു കാര്യമായി ആലോചിച്ചു തുടങ്ങിയില്ല എന്നതാണ്. ഇതിനിയും വൈകിയാൽ ആയിരക്കണക്കിന് കുടുംബങ്ങളെയാവും ഇത്‌ ബാധിക്കുക. ചുരുക്കത്തിൽ, തൊഴിൽ ചെയ്തില്ലേലും തൊഴിലിന്റെയും ഇൻവെസ്റ്മെന്റുകളുടേയുമൊക്കെ മഹത്വമറിയുന്നവരെങ്കിലുമല്ല നാട് ഭരിക്കുന്നതെങ്കിൽ ഇതൊക്കെത്തന്നെയാവും ഗതി.

നാട്ടുകാർക്ക് ക്വറന്റൈനിൽ കഴിയുന്നവരോടുള്ള ‘കുറ്റവാളി’ സമീപനത്തിൽ മാറ്റം വരും.
പ്രവാസി കൊറോണയും പേറി വരുന്നവനാണെന്ന് ഒരു രാഷ്ട്രീയ നേതാവിനും അറിയാണ്ടെങ്കിലും ചാനലുകളിൽ വന്ന് പറയേണ്ടി വരില്ല. പറഞ്ഞു പറഞ്ഞു പെരുപ്പിച്ച പേടിയിൽ നിന്നാണ് ഇതൊക്കയും ഉപബോധ മനസ്സ് പറയുന്നത്. കോവിഡിന്റെ ഒരു സിപ്റ്റവുമില്ലേലും പറയപ്പെട്ട ക്വറന്റൈൻ കഴിഞ്ഞാലും ബന്ധുക്കളും നാട്ടുകാരുമൊക്കെ ഒറ്റപ്പെടുത്തുന്ന സാഹചര്യം എന്ത് മാത്രം അസഹ്യമാണ്.

മരണപ്പെട്ടവർക്ക് മതിയായ പരിഗണകളോടെ അന്ത്യ ചടങ്ങുകൾ ലഭിക്കും.
മരണപ്പെട്ട ആളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത തീരെ കുറവാണെന്നു പറഞ്ഞതില്ല, അല്ലെങ്കിൽ ആരും വേണ്ട രൂപത്തിൽ മനസ്സിലാക്കിയില്ല. അത്കൊണ്ട് ഇക്കാലയളവിൽ മരണപ്പെട്ടവർക്ക് വേണ്ട രൂപത്തിലുള്ള പരിഗണനകൾ ലഭിച്ചതേയില്ല. നിപ്പയെ ഡീൽ ചെയ്ത എക്സ്പീരിയൻസ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, അനുഭവങ്ങൾ സങ്കടകരമായിരുന്നു. നിയമമല്ലേ എന്ന് പറഞ്ഞു വേണ്ടപ്പെട്ടവർ ഒരു അവസാന നോക്കുപോലും ഒഴിവാക്കി. ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം നോഡൽ ഓഫീസർ ഈ കാഴ്ചയൊക്കെ കണ്ടത് കൊണ്ടാവണം വീണ്ടും തീർത്തു പറഞ്ഞിരിക്കുന്നു, ഇതെങ്ങിനെ മൃതദേഹങ്ങളിൽ നിന്നും പകരില്ല എന്ന്.

Also read: മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കും. പേടി കാരണം ആരോഗ്യ പ്രവർത്തകർ തന്നെയും കൊറോണ ലക്ഷണമൊന്നുമില്ലാത്തവരെ അവര് വിദേശത്ത് നിന്നും വന്നു എന്നത് കൊണ്ട് മാത്രം ചികിൽസിക്കാൻ മുതിരുന്നില്ല എന്നത് വ്യക്തിപരമായ അനുഭവം കൂടിയാണ്. പ്രസവത്തിന് വേണ്ടി നാട്ടിൽ പോയവർക്ക് 14 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞാലും ഹെൽത്ത് സർട്ടിഫിക്കറ്റ് കിട്ടിയാലും പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കാൻ കഴിയുന്നില്ല എന്നത് എന്ത് മാത്രം ക്രൂരമാണ്. നമ്മെയൊക്കെ വിഷമിപ്പിച്ച ഈ കാലയളവിലുണ്ടായ ചില മരണങ്ങൾ തന്നെയും വേണ്ട ചികിത്സ ലഭിക്കാത്തത് കൊണ്ടായിരുന്നു എന്ന് കൂടെ ചേർത്ത് വായിക്കണം.

നമ്മുടെ അവകാശ പോരാട്ടങ്ങൾക്ക് കുറേകൂടെ കരുത്തു ലഭിക്കും. ചില സമയങ്ങളെങ്കിലും അധികാരി വർഗ്ഗം – സംസ്ഥാനവും കേന്ദ്രവും – കാര്യമായ് ഒന്നും ചെയ്യാതെ താളുകൾ മാത്രം ഒരു ഭാഗത്ത് തുടരുകയും മറുഭാഗത്ത് ലോക്ക് ഡൗൺ ഇങ്ങിനെ നീട്ടുകയും ചെയ്യുമ്പോൾ ഇവരുടെ അജണ്ടകൾ നടപ്പിലാക്കാനാണോ ഈ നാവും മുഖവും അടച്ചു പിടിക്കുന്നത് എന്ന് തോന്നാതില്ല, പ്രത്യേകിച്ച് സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ.

ഇങ്ങിനെ അക്കമിട്ടെഴുതാൻ ഇനിയും ധാരാളം കാര്യങ്ങളുണ്ട്. അതെല്ലാം എഴുതുക ഇവിടെ ഉദ്ദേശമല്ല. കൂടുതൽ പ്രശ്‌നമനുഭവിക്കുന്ന ചില മേഖലകളെ ചൂണ്ടിക്കാട്ടി എന്ന് മാത്രം.
അനിയന്ത്രിതമായി എല്ലാം ആവട്ടെ എന്ന് ഉന്നയിക്കുന്നില്ല, എന്നാൽ സൃഷ്ടിക്കപ്പെട്ട പേടി അത്ര ആരോഗ്യകരമല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

സുലൈമാൻ വൈദ്യരുടെയും ലുഖ്മാൻ വൈദ്യരുടെയും കഥ ആവർത്തിക്കുന്നില്ല. ചുരുക്കത്തിൽ, പേടി പിടികൂടിയാൽ പച്ചവെള്ളവും നാം വിഷമാണെന്ന് വിശ്വസിച്ചു കഴിച്ചാൽ മരിക്കും.. ഇനി യഥാർത്ഥ വിഷം കഴിച്ചാൽ തന്നെ ആത്മവിശ്വാസമുണ്ടെൽ വേണ്ട ചികിത്സ കൊണ്ട് ജീവിതത്തിലേക്ക് തിരികെ വരാനുമൊക്കും. അതെ നമ്മുടെ നല്ല നാളുകൾ നാം ആരോഗ്യത്തോടെ ഇരിക്കുന്ന ഈ നിമിഷങ്ങൾ തന്നെയാണ്. സന്തോഷങ്ങൾ നീട്ടിവെക്കേണ്ടവയല്ല, നമ്മുടെ ഓരോ അനക്കങ്ങളിലും അടക്കങ്ങളിലും നാം തന്നെ കണ്ടെത്തേണ്ടതാണത്.

പ്രതിരോധ ശേഷി വർദ്ദിപ്പിക്കാവുന്ന ജീവിത ക്രമങ്ങൾ നമുക്ക് ശീലമാക്കാം… കോവിഡ് നൽകിയ നല്ല പാഠങ്ങളെ ചേർത്തുവെച്ച് കുറേക്കൂടി നന്മയുള്ള പുതുലോകത്തേക്ക് നമുക്ക് കാലെടുത്തുവെക്കാം.

 

Facebook Comments
Related Articles
Close
Close