Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

ആധുനിക മുസ്‌ലിം സമൂഹത്തിന്റെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും പല കാലങ്ങളായി മസ്ജിദുകളെ മ്യൂസിയവും, സൂക്ഷിപ്പ് കേന്ദ്രവും, ബാറുകളും, കുതിരാലയങ്ങളുമായി മാറ്റിയ ചരിത്രം ദര്‍ശിക്കാനാവുന്നതാണ്. ചിലപ്പോള്‍ അവ ചര്‍ച്ചുകളും, ആരാധനാലയങ്ങളുമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. പല രാഷ്ട്രങ്ങളിലും ഇപ്രകാരം സംഭവിച്ചതായി കാണാവുന്നതാണ്. എന്നാല്‍, ഇത്തരത്തില്‍ മസ്ജിദുകള്‍ മാറ്റുന്നതിനെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇവ്വിഷയകമായി, ദുനിയാവിലെ നന്മക്കായി മസ്ജിദുകളെ മാറ്റുകയെന്നതിന്റെ വിധിയിലേക്ക് ചുരുക്കികൊണ്ടാണ് ഇവിടെ വിശദീകരിക്കുന്നത്.

അല്ലാഹുവിന്റെ ഉടമസ്ഥതയില്‍വരുന്ന വഖ്ഫുകളില്‍ പെട്ടതാണ് മസ്ജിദുകള്‍. മസ്ജിദ് നിര്‍മിക്കപ്പെടുകയോ അല്ലെങ്കില്‍ ഒരു കെട്ടിടം മസ്ജിദായി മാറ്റപ്പെടുകയോ ചെയ്താല്‍ അത് നമസ്‌കരിക്കുന്നവരുടെ മേല്‍നോട്ടത്താല്‍ നിലനില്‍ക്കേണ്ടതാണ്; അത് മസ്ജിദായി തന്നെ തുടരേണ്ടതുമാണ്. ശക്തമായ ആവശ്യമോ അടിയന്തരമായ സാഹചര്യമോ ഇല്ലാത്തിടത്തോളം മസ്ജിദുകളെ മറ്റൊന്നായി മാറ്റുകയെന്നത് നിഷിദ്ധമാണ്. ആരാധനകളുടെയും നമസ്‌കാരത്തിന്റെയും കര്‍മശാസ്ത്രത്തിനും, പ്രകൃതിക്കുമെതിരായതുമായ എല്ലാ പ്രവര്‍ത്തനവും നിഷിദ്ധമാണ്. മസ്ജിദുകളെ മ്യൂസിയവും, സൂക്ഷിപ്പ് കേന്ദ്രവും, കുതിരാലയവുമായി മാറ്റുന്നത് അല്ലാഹുവിന്റെ ഭവനത്തില്‍ നിന്ന് ആളുകളെ തടയുകയെന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ അത് നിഷിദ്ധമാക്കിയിരിക്കുന്നു. മാത്രമല്ല, അത് വന്‍പാപവുമാണ്. ‘അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും.’ (അല്‍ബഖറ: 114)

Also read: ബൗദ്ധിക വൈകല്യങ്ങള്‍

നിഷിദ്ധത്തെ കുറിക്കുന്ന വ്യത്യസ്തമായ പ്രയോഗങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നത് തെറ്റാണെന്നും, അതിനെ തുടര്‍ന്ന് ശിക്ഷ നിര്‍ബന്ധമാകുമെന്നതാണ് കുറിക്കുന്നത്. ഇത് ഉസ്വൂലി പണ്ഡിതന്മാരുടെ അടുക്കല്‍ സ്ഥിരപ്പെട്ടതാണ്. അതിനാല്‍ തന്നെ മസ്ജിദുകളില്‍ നമസ്‌കരിക്കുന്നതിന് ആളുകളെ തടയുകയെന്നത് നിഷിദ്ധമായ കാര്യമാണ്. പിന്നെയെങ്ങനെയാണ് മ്യൂസിയങ്ങള്‍ക്കും, സൂക്ഷിപ്പ് കേന്ദ്രങ്ങള്‍ക്കും, ഇതര ആവശ്യങ്ങള്‍ക്കുമായി മസ്ജിദുകളെ മാറ്റാന്‍ കഴിയുന്നത്? തീര്‍ച്ചയായും, അത് നിഷിദ്ധമായ കാര്യം തന്നെയാണ്. മസ്ജിദുകളിലുള്ളത് മോഷ്ടിക്കപ്പെടുമെന്നോ, നശിപ്പിക്കപ്പെടുമെന്നോ ഉളള ഭയമൊന്നുമില്ലെങ്കില്‍, നമസ്‌കാരത്തിന്റെ സമയങ്ങളിലല്ലാത്ത സമയങ്ങളില്‍ മസ്ജിദുകള്‍ അടിച്ചിടുന്നതിനെ കറാഹത്തായിട്ടാണ് (വെറുക്കപ്പെട്ടതായിട്ടാണ്) ഹനഫികള്‍ കാണുന്നത്. അവര്‍ മുകളില്‍ ഉദ്ധരിച്ച സൂക്തത്തിലേക്ക് മടങ്ങി അതിന്റെ കാരണങ്ങള്‍ സ്വീകരിച്ചുകൊണ്ട് പറയുന്നു: മസ്ജിദുകള്‍ അടച്ചിടുകയെന്നത് ആളുകളെ മസ്ജിദില്‍ നിന്ന് തടയുന്നതിന് തുല്യമാണ്. പിന്നെങ്ങനെയാണ് മസ്ജിദല്ലാത്തതിലേക്ക് മാറ്റാന്‍ കഴിയുന്നത്?

അതുപോലെ തന്നെ, വഖ്ഫ് ചെയ്യുന്ന വ്യക്തി അനിവാര്യമായി മുറുകെ പിടിക്കേണ്ടത് കര്‍മശാസ്ത്രങ്ങളില്‍ കാണാവുന്നതാണ്. അല്ലാഹുവിനോടുള്ള അനുസരണയും, അവനിലേക്ക് അടുക്കുകയും ചെയ്യുകയെന്നത് അതില്‍ പ്രകടമാകേണ്ടതുണ്ട്. ഇവിടെ വഖ്ഫ് ചെയ്യുന്ന വ്യക്തിയുടെ നിബന്ധനകള്‍ നിര്‍ബന്ധമായി മുറുകെ പിടിക്കേണ്ടതുമുണ്ട്. നമസ്‌കാരം നിര്‍വഹിക്കാനും, അറിവ് പകരാനും, അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും, മറ്റ് ആരാധനകള്‍ ചെയ്യാനുമായി വഖ്ഫ് ചെയ്യപ്പെട്ടിട്ടുള്ളതാണ് മസ്ജിദുകള്‍. ദീനീ കാര്യങ്ങള്‍ക്കായി വഖ്ഫ് ചെയ്യപ്പെട്ടിട്ടുള്ള മസ്ജിദുകള്‍ മ്യൂസിയങ്ങളും, സൂക്ഷിപ്പ് കേന്ദ്രങ്ങളുമായി മാറ്റുകയെന്നത് അനുവദനീയമല്ല. അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിന് നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്തുട്ടുള്ള മസ്ജിദുകള്‍ വഖ്ഫ് നല്‍കിയിട്ടുളള വ്യക്തിയില്‍നിന്ന് മാറി അല്ലാഹുവിന്റെ ഉടമസ്ഥതയിലേക്ക് വരുന്നതാണ്. അല്ലാഹുവിന് വേണ്ടി വസ്തു പിടിച്ചുവെക്കുകയെന്നതാണ് വഖ്ഫ്. നിയമനിര്‍മാതാവായ അല്ലാഹുവിന്റെ അനുമതിയില്ലാതെ അതില്‍ ഇടപാട് നടത്തുന്നതിന് അനുവാദമില്ല. മസ്ജിദുകള്‍ മ്യൂസിയങ്ങളും, സൂക്ഷിപ്പ് കേന്ദ്രങ്ങളുമായി മറ്റുകയെന്നത് നിയമനിര്‍മാതാവ് സ്വീകരിക്കുകയില്ല എന്നതില്‍ യാതൊരു സംശയവുമില്ല.

Also read: വികാരങ്ങളെ ശക്തിയാക്കി മാറ്റുക

അതുപോലെ, മഖാസിദുശ്ശരീഅയിലേക്ക് (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) നോക്കുന്ന ഒരാള്‍ക്ക് നമസ്‌കാരത്തിന് യോഗ്യമായിട്ടുള്ള മസ്ജിദുകള്‍ മറ്റൊരു ലക്ഷ്യത്തിനായി മാറ്റുന്നത് നിഷിദ്ധമാണെന്ന് ബോധ്യപ്പെടുന്നു. മസ്ജിദുകളുടെ പരിപാലനവും, സംരക്ഷണവും ദീനിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട മഖാസിദുശ്ശരീഅയില്‍ പെട്ടതാണ്. മ്യൂസിയമെന്നത് മഖാസിദുശ്ശരീഅയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല. തഹ്സീനിയ്യാത്തിന്റെ (മനോഹരമാക്കുന്നതിനും) ഏറ്റവും അവസാന തലത്തില്‍ വരുന്നതാണ്. ചിലപ്പോള്‍ അതിന് മഖാസിദുശ്ശരീയില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല. അതിനാല്‍ തന്നെ മസ്ജിദിനെക്കാള്‍ മ്യൂസിയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയെന്നത് അനുവദനീയമല്ല. മസ്ജിദുകള്‍ മറ്റൊന്നിലേക്ക് മാറ്റപ്പെട്ടിരിക്കുന്നുവെന്നത് അതങ്ങനെ തന്നെ നിലനിന്നുപോകണമെന്ന് അര്‍ഥമാക്കുന്നില്ല. അടിയന്തര സാഹചര്യങ്ങളല്ലാതെ മസ്ജിദുകളെ സൂക്ഷിപ്പ് കേന്ദ്രങ്ങളും, മ്യൂസിയങ്ങളുമാക്കി മാറ്റുന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും, അവന്റെ കല്‍പനകളെ ലംഘിക്കലുമാണ്. അത്തരത്തില്‍ അല്ലാഹുവിനെ ധിക്കരിച്ച് മുന്നോട്ടുപോകുന്നുവെന്നത് അനുവദനീയമായി തീരുകയില്ല. എന്നാല്‍, നശിപ്പിക്കപ്പെട്ടതോ കേടുവന്നതോ ആയ മസ്ജിദുകള്‍ മറ്റു നന്മക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത നിലപാടാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ സ്വീകരിച്ചിട്ടുള്ളത്.

ബുസാസിയ്യയില്‍( ഹനഫി മദ്ഹബ് പ്രകാരമുള്ള ഫത് വകൾ) വന്നിരിക്കുന്നു: മസ്ജിദിന് ചുറ്റും കേടുപാടുകള്‍ സംഭവിക്കുകയും, നമസ്‌കാരം ഒഴിവാക്കപ്പെടുകയുമാണെങ്കില്‍ അത് ഇമാമിന്റെ അടുക്കല്‍ മസ്ജിദായി തന്നെ നിലനില്‍ക്കേണ്ടതാണ്. രണ്ടാമത്തെ അഭിപ്രായമെന്നത് ഖിയാമത്ത് നാളുവരെ നിലനില്‍ക്കേണ്ടതാണെന്നതാണ്. ഹാവി അല്‍ഖുദ്സി അഭിപ്രായപ്പെടുന്നത് ഉടമസ്ഥനിലേക്ക് (നിര്‍മിച്ചയാളിലേക്കേ്) മടങ്ങുമെന്നതാണ്. അല്ലെങ്കില്‍ ഉടമനസ്ഥരുടെ അനന്തരമെടുക്കുന്നവരിലേക്ക് മടങ്ങുന്നതാണ് മുഹമ്മദിന്റെ അഭിപ്രായം. ഇതിലുള്ള മറ്റൊരു അഭിപ്രായം ഖാദിയുടെ-ജഡ്ജിയുടെ അനുമതി പ്രകാരം മറ്റൊരു മസ്ജിദിലേക്ക് മാറ്റാവുന്നതാണെന്നതാണ്. മസ്ജിദ് വിശാലമാക്കുന്നതിനല്ലാതെ വഖ്ഫ് ചെയ്യപ്പെട്ട വസ്തുക്കള്‍ വില്‍ക്കുന്നത് അനുവദനീയമല്ലെന്നാണ് മാലിക്കികള്‍ കാണുന്നത്. അല്‍ഖറശി പറയുന്നു: മസ്ജിദില്‍ ആളുകള്‍ തിങ്ങിനിറയുമ്പോള്‍ അത് വിശാലമാക്കേണ്ടത് ആവശ്യമായി വരുന്നു. അതിന്റെ ഒരു ഭാഗത്ത് വഖ്ഫചെയ്യപ്പെട്ട ഉടമസ്ഥതയിലുള്ള വസ്തുവുമുണ്ട്. അപ്പോള്‍ ആ വസ്തുക്കള്‍ മസ്ജിദ് വിശാലമാക്കുന്നതിന് വില്‍ക്കുകയെന്നത് അനുവദനീയമാകുന്നു. ഇമാം ശാഫിഈയുടെ അടുക്കല്‍, ഇമാം നവവി പറയുന്നു: മസ്ജിദ് കേടുവരുകയും ശരിയാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു നിലക്കും വില്‍ക്കാവതല്ല. ഏതെങ്കിലുമൊരു അവസ്ഥയില്‍ അവിടെ നമസ്‌കാരം സാധ്യമാകുന്നതാണ്. വഖ്ഫ നല്‍കപ്പെട്ട മസ്ജിദുകള്‍ മാറ്റുന്നത് അങ്ങേയറ്റത്തെ അടിയന്തരമായ സാഹചര്യത്തിലല്ലാതെ അനുവദനീയമല്ലെന്നതാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. മസ്ജിദിന് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍, അവ പൊളിക്കുകയും, വസ്തുക്കള്‍ വില്‍ക്കുകയും, അതുമുഖേന മറ്റൊരു മസ്ജിദ് നിര്‍മിച്ച് മാറ്റിതീര്‍ക്കുകയാണ് വേണ്ടത്.

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Related Articles