Current Date

Search
Close this search box.
Search
Close this search box.

പിന്തിരിയാന്‍ കാരണം കണ്ടെത്തുന്നവര്‍

പ്രതിരോധത്തിന് അനുമതിയില്ലാത്ത സമയത്ത് യുദ്ധത്തിനു വേണ്ടി ധൃതി കൂട്ടുന്ന ചിലരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്. അവസാനം യഥാര്‍ത്ഥ യുദ്ധ കല്‍പ്പന വന്നപ്പോള്‍ അവരില്‍ പലരും പിറകോട്ടു പോയി. തങ്ങള്‍ ആക്രമിക്കപ്പെട്ടു, തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന് വിലപിച്ച ഇസ്രായേല്‍ ജനത അവരോടൊപ്പം യുദ്ധം ചെയ്യാന്‍ ഒരു രാജാവ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്‌ . അങ്ങിനെ ഒരാളെ രാജാവായി നിയമിച്ചപ്പോള്‍ അവര്‍ ഉന്നയിക്കുന്ന ന്യായങ്ങളും ഖുര്‍ആന്‍ വിവരിക്കുന്നു.

പലരും നടക്കില്ല എന്ന ഉറപ്പിലാണ് പലതും ആവശ്യപ്പെടുക. അതെ സംഗതി നടന്നു കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെയാകും ആദ്യം പിറകോട്ടു പോകുന്നത്. ലോകം മുഴുവന്‍ കൊറോണ പേടിയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞു കിടന്നിരുന്നു. കേരളത്തിലും അങ്ങിനെ തന്നെയായിരുന്നു. അടഞ്ഞു കിടക്കുന്ന പള്ളികള്‍ തുറക്കണം എന്ന കാമ്പയിന്‍ ആ സമയത്ത് സജീവമായിരുന്നു. നിബന്ധനകളോടെ പള്ളികള്‍ തുറക്കാം എന്ന് അവസാനം സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിബന്ധനകള്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ പട്ടണങ്ങളിലെ പള്ളികള്‍ പിന്നെയും അടഞ്ഞു കിടന്നു. അതെ സമയം ഗ്രാമങ്ങളിലെ പള്ളികള്‍ അധികവും ആരാധനക്ക് വേണ്ടി തുറക്കുകയും ചെയ്തു.

പക്ഷെ പള്ളികള്‍ അധികവും ഇപ്പോള്‍ വിജനമാണ്. സമയത്തുള്ള നമസ്കാരത്തിന് പലയിടത്തും ഇമാം മാത്രമായി ചുരുങ്ങിയിരിക്കുന്നു. നിര്‍ദ്ദേശം പാലിച്ചു കൊണ്ട് സമുദായ അംഗങ്ങള്‍ എല്ലായിടത്തും പോകുന്നു. അതെ സമയം അതെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് എന്ത് കൊണ്ട് വിശ്വാസികള്‍ പള്ളികളിലേക്ക്‌ വരാന്‍ തയ്യാറാകുന്നില്ല?. പള്ളികളില്‍ നമസ്കരിക്കുക എന്നത് ഇസ്ലാമിലെ പ്രമുഖമായ കാര്യമാണ്. പള്ളികളിലെ ജമാഅത്തുകള്‍ ഒഴിവാക്കാന്‍ തക്കതായ കാരണം വേണം. പള്ളികളില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ല എന്ന് സമുദായത്തിലെ പലരും തീരുമാനിച്ച മട്ടാണ് . ആളുകള്‍ കൂടുന്നിടത്ത്‌ പാലിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പള്ളിയിലും നിര്‍വഹിക്കേണ്ടി വരുന്നത്.

Also read: മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

കൊറോണ കാലത്ത് പള്ളികള്‍ അടച്ച കാരണം ജുമുഅ ജമാഅത്തുകളില്‍ ഇളവു ലഭിച്ചിരുന്നു. ഇളവുകള്‍ നിയമങ്ങളല്ല എന്നതാണ് ഇസ്ലാമിന്റെ നിലപാട്. ഇളവുകള്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. സാഹചര്യം മാറിയാല്‍ ഇളവുകളുടെ അവസ്ഥയും മാറും. പള്ളിയില്‍ വരാന്‍ പഴയത് പോലെ എല്ലാവര്ക്കും കഴിയണമെന്നില്ല. പലര്‍ക്കും വയസ്സിന്റെ ഇളവുകളുണ്ട്‌. അതെ സമയം പലരും ഇതൊരു അവസരമായി കാണുന്നു.

“മറപിടിച്ച് തഞ്ചത്തില്‍ ഊരിച്ചാടുന്നവര്‍” എന്നൊരു പ്രയോഗം ഖുര്‍ആന്‍ നടത്തിയിട്ടുണ്ട്. പ്രവാചക കാലത്തെ ചിലരെ കുറിച്ചാണ് അത് പറഞ്ഞത്. കാര്യങ്ങള്‍ നടക്കാതിരിക്കാന്‍ കാരണം കണ്ടെത്തുന്ന പലരും അന്നുമുണ്ടായിരുന്നു . പള്ളികള്‍ അടച്ചിട്ടതും ആരാധനകളില്‍ ഇളവു വന്നതും പലര്‍ക്കും ദീനിനോട് ഗൗരവം കുറയാന്‍ കാരണമായോ എന്നൊരു സംശയം. ജുമുഅയും ജമാഅത്തും “ വേണമെകില്‍ ആവാം അല്ലെങ്കില്‍ വേണ്ട” എന്നൊരു മനോഭാവം പലര്‍ക്കും കൈവന്നിരിക്കുന്നു. കഴിവിൻറെ പരമാവധി കാര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ഇസ്ലാം കല്‍പ്പിക്കുന്നു. തക്കതായ കാരണം ഇളവായി കാണുകയും ചെയ്യുന്നു. അകന്നു നില്‍ക്കുമ്പോള്‍ ബന്ധം കുറയുക എന്നത് സാധാരണമാണ്. ഇത്തരം പ്രവണതകളെ എത്രത്തോളം മറികടക്കാന്‍ കഴിയുന്നുവോ എന്നിടത്താണ് വിശ്വാസിയുടെ വിജയം. ഒരിക്കലും പ്രതിരോധത്തിനു അനുമതി നല്‍കില്ല എന്നതായിരുന്നു യുദ്ധത്തെ കുറിച്ച് വാനോളം സംസാരിച്ചവരുടെ മനസ്സിലിരിപ്പ്. പള്ളി തുറക്കാന്‍ കാംപയില്‍ നടത്തിയവര്‍ പലരും പള്ളി തുറന്ന കാര്യം അറിയാതെ പോകുന്നതും ഒരു പോലെ തന്നെയാണ്.

Related Articles