Vazhivilakk

സഹധര്‍മ്മിണിയും ഖലീഫ ഉമറും

വിവാഹം കഴിക്കുന്നതിന് പല ഉദ്ദേശങ്ങളുമുണ്ടെന്ന് നമുക്കറിയാം. സമാധാനപരമായ ജീവിതം,കുടുംബത്തിന്‍റെ നിലനില്‍പ്പ്,സഹകരണത്തിലൂടെ ജീവിതം മുന്നോട്ട്,കണ്‍കുളിര്‍മ്മ,ജീവിതാനന്ദം, തുടങ്ങി എണ്ണമറ്റ നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് വിവാഹം കഴിക്കുന്നത്. കേവലം ജൈവികമായ ഒരു ആവശ്യം എന്നതിനെക്കാളുപരി, എന്നെന്നും നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും ലഭിക്കുകയാണ് കുടുംബ ജീവിതത്തിന്‍റെ കാതല്‍. ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ:

അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.30:21 എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പലപ്പോഴും ഇതിന് നേരെ വിപരീതമാണ് പലര്‍ക്കും സംഭവിക്കുന്നത്.

വൈവാഹിക ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്ന മഹത്തായ ലക്ഷ്യങ്ങള്‍ കരസ്ഥമാക്കാന്‍ ഇണകള്‍ പരസ്പരം ഹൃദയം നിറഞ്ഞ് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് കുടുംബത്തിന്‍റെ നാഥന്‍ എന്ന നിലയില്‍ സഹധര്‍മ്മിണിയെ സന്തോഷിപ്പിക്കുന്നതിന് അത്യധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. കാരണം അവര്‍ നമുക്കും നമ്മുടെ സന്താനങ്ങള്‍ക്കും വേണ്ടി വിവരണാതീതമായ ത്യാഗവും സേവനങ്ങളും അര്‍പ്പിക്കുന്നവരാണ്.

Also read: മസ്ജിദുകളെ മ്യൂസിയങ്ങളാക്കി മാറ്റുന്നത്?

ഖലീഫ ഉമറിന്‍റെ മാതൃക
മഹാനായ ഖലീഫ ഉമര്‍ (റ) രാജ്യം ഭരിച്ച്കൊണ്ടിരിക്കുന്ന കാലം. രാത്രിയില്‍ പ്രജകളില്‍ ഒരാള്‍ പതുങ്ങി പതുങ്ങി ഖലീഫയുടെ വീടിനരികിലത്തെി. ഭാര്യ തന്നോട് കയര്‍ത്ത് സംസാരിച്ചത് പരാതി പറയാന്‍. അയാള്‍ ഖലീഫയുടെ വാതിലില്‍ മുട്ടിയ ഉടനെ പിന്‍വലിഞ്ഞു. അകത്ത് നിന്ന് ഉച്ചത്തില്‍ ഒരു സ്ത്രീയുടെ ആക്രോശം കേള്‍ക്കാം. ഖലീഫ ഉമറിനോട് അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ട് ആഗതന്‍ പരിഭ്രാന്തനായി.

ഉച്ചത്തില്‍ സംസാരിച്ചതിന്‍റെ പേരില്‍ ഖലീഫയോട് ഭാര്യയെ കുറിച്ച് പരാതി പറയാന്‍ വന്ന ആഗതന് ലജ്ജ തോന്നി. മുന്നോട്ട് വെച്ച കാല്‍പാദങ്ങള്‍ പിന്നോട്ട് വെച്ചു. പുറത്ത് നിന്ന് ചവിട്ടടികളുടെ ശബ്ദം കേട്ട ഖലീഫ ഉമര്‍ വാതില്‍ പാളി തുറന്ന് നോക്കി. ഈ രാത്രിയില്‍ അയാള്‍ വന്നതിന്‍റെ കാരണം ഖലീഫ ഉമര്‍ ആരാഞ്ഞു. അല്‍പം ലജ്ജയോടെയായിരുന്നു ആഗതന്‍റെ മറുപടി. ഉച്ചത്തില്‍ കയര്‍ത്ത് സംസാരിച്ച തന്‍റെ സഹധര്‍മ്മിണിയെ കുറിച്ച് പരാതി പറയാനായിരുന്നു ഞാന്‍ അങ്ങയുടെ അടുക്കലേക്ക് വന്നത്. പക്ഷെ ഞാന്‍ അനുഭവിച്ച അതേ പ്രശ്നം താങ്ങളും അനുഭവിക്കുന്നത് കണ്ടപ്പോള്‍…….

ഖലീഫയുടെ പ്രതികരണം അല്‍ഭുതാവാഹമായിരുന്നു: അവര്‍ എന്‍റെ വസ്ത്രം അലക്കുന്നു. കുട്ടികളെ പരിചരിക്കുന്നു. വീട് വൃത്തിയാക്കുന്നു. അല്ലാഹു അതൊന്നും ചെയ്യണമെന്ന് കല്‍പിച്ചിട്ടല്ലല്ലോ അവര്‍ ചെയ്യുന്നത്? ഇനി അവര്‍ അല്‍പം ശബ്ദം ഉയര്‍ത്തി സംസാരിച്ചാല്‍ ഞാന്‍ സഹിഷ്ണുതയുള്ളവനാകേണ്ടെ? ഇത് കേട്ട് പരാതിയുമായി വന്ന ആഗതന്‍ ജാള്യതയോടെ തിരിച്ച് പോയി.

Also read: പിന്തിരിയാന്‍ കാരണം കണ്ടെത്തുന്നവര്‍

ഇസ്ലാമിലെ രണ്ടാം ഉത്തരാധികാരി ഉമര്‍ (റ) തന്‍റെ പ്രിയതമയോട് പ്രതികരിച്ച പോലെ നാമൂം നമ്മുടെ സഹധര്‍മ്മിണിയോട് പെരുമാറിയാല്‍ വൈവാഹിക ജീവിതം യാതൊരു പോറലുമേല്‍ക്കാതെ മുന്നോട്ട് കൊണ്ട്പോവാമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബ ജീവിതത്തിലെ പ്രഥമ പാഠം ക്ഷമാശീലമാണെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പുരുഷന്മാര്‍ യുക്തിപരമായി ചിന്തിക്കുമ്പോള്‍ സ്തീകള്‍ വൈകാരികമായിട്ടണ് ചിന്തിക്കുക. അപ്പോള്‍ ആ വൈകാരികതയെ വിവേകത്തിന്‍റെ പൊന്‍തൂവലുകള്‍ കൊണ്ട് തലോടുമ്പോള്‍ ഉണ്ടാവുന്ന സ്നേഹ സ്പര്‍ഷമാണ് കുടുംബ ജീവിതം. അത് പൊട്ടിതകരുന്ന കുപ്പിവളകളല്ല.

Facebook Comments
Related Articles

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Check Also

Close
Close
Close