Current Date

Search
Close this search box.
Search
Close this search box.

ഇബ്‌നുല്‍ ഹൈഥം: ശാസ്ത്ര ലോകത്തിന്റെ വെളിച്ചം

അറബ് ശാസ്ത്രലോകത്തെ മുസ്‌ലിംകളുടെ സുവര്‍ണ്ണ കാലഘട്ടമായ എട്ടാം നൂറ്റാണ്ട് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ ശാസ്ത്രമേഖലക്ക് ചെറുതല്ലാത്ത സംഭാവനകളര്‍പ്പിച്ചവരായിരുന്നു ഇബ്‌നുല്‍ ഹൈഥം. ശാസ്ത്രത്തിനുള്ള സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ കിതാബുല്‍ മനാളിറിന്റെ ആയിരം വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് 2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ആചരിച്ചിരുന്നു. കാലങ്ങളായി അധികൃതരുടെ അനാസ്ഥ കാരണം വെളിച്ചത്ത് വരാതിരുന്ന മുസ്‌ലിംകളുടെ ശാസ്ത്രമികവ് ഇതോടെ ലോകം തിരിച്ചറിഞ്ഞു തുടങ്ങി എന്നതം ഏറെ ആശ്വാസാവഹമാണ്. ഇബ്‌നുല്‍ ഹൈഥം എന്ന ആ മഹാപ്രതിഭയുടെ ജനനം ക്രിസ്താബ്ദം 965 ഇറാഖിലെ ബസ്വറയിലായിരുന്നു. ചെറുപ്പകാലം തൊട്ടേ മറ്റുകുട്ടികളില്‍ നിന്ന് വ്യത്യസ്മായി അദ്ദേഹത്തില്‍ ഒരു ശാസ്ത്ര പ്രതിഭയുടെ വളര്‍ച്ച പ്രകടമായിരുന്നു. അത്ഭുതകരമായ ഏതൊരു കാര്യം കാണുകയോ അറിയുകയോ ചെയ്താല്‍ അതിന്റെ പിന്നിലെ കാരണങ്ങളെപ്പറ്റി അറിയാനുള്ള അദ്ദേഹത്തിലെ ജ്ഞാനതൃഷ്ണയാണ് അദ്ദേഹത്തെ ശാസ്ത്ര ലോകത്തേക്ക് വഴിനടത്തിയതെന്ന് തീര്‍ച്ച.

അദ്ദേഹത്തില്‍ ചെറുപ്പം തൊട്ടേ വളര്‍ന്നു തുടങ്ങിയ ശാസ്ത്രപ്രതിഭയെ പില്‍ക്കാലത്ത് അദ്ദേഹം തന്നെ പരിചയപ്പെടുത്തുന്നത് ഇപ്രകാരം: ചെറുപ്പം മുതല്‍ക്കേ ജനങ്ങള്‍ വ്യത്യസ്ത വിശ്വാസിരീതികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ഞാന്‍ ചിന്തിക്കുമായിരുന്നു. സത്യം ഒന്നേയുള്ളുവെന്നും, വ്യത്യാസം അതിലെത്തിച്ചേരാന്‍ സ്വീകരിക്കുന്ന മാര്‍ഗത്തിലാണെന്നും ഞാന്‍ മനസ്സിലാക്കി. ബുദ്ധിപരമായ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പാകത വന്നപ്പോള്‍ സത്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഞാന്‍ ഒരുങ്ങിപ്പുറപ്പെട്ടു. അങ്ങനെ അല്ലാഹുവിന്റെ അസ്തിത്വത്തിലേക്കാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. സത്യം എന്തായാലും അത് തേടിപ്പിടിച്ച് കണ്ടെത്താനുള്ള ഇത്തരം വിശാല ചിന്തകളായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്ര ലോകത്തേക്കുള്ള പ്രധാന പ്രേരകം.

Also read: സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

അല്‍ ഹസന്‍, ഹാസന്‍ എന്നീ ചുരുക്കപ്പെരുകളില്‍ പാശ്ചാത്യ ലോകത്തും, അല്‍ ബസ്വരി, അബൂ അലി എന്നീ പേരുകളില്‍ അറബ് ലോകത്തും പ്രസിദ്ധനായ അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം അബൂ അലി അല്‍ ഹസന്‍ ഇബ്‌നുല്‍ ഹൈസം എന്നായിരുന്നു. തികഞ്ഞ ഒരു സ്വൂഫിവര്യന്‍ കൂടിയായ അദ്ദേഹം യൂക്ലിഡ്, ടോളമി തുടങ്ങിയ ശാസ്ത്രവിശാരദന്മാരുടെ ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതി വിറ്റായിരുന്നു ജീവിതോപാധി കണ്ടെത്തിയിരുന്നത്. അക്കാലത്ത് ഏറെ അനിവാര്യവും ലാഭകരവുമായ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുക എന്ന ഒരു ജോലിമേഖലയുണ്ടായിട്ടും അദ്ദേഹം ഇത്തരമൊരു ഉദ്യമം തെരഞ്ഞെടുത്തത് ശാസ്ത്രത്തോടുള്ള അടങ്ങാത്ത സ്‌നേഹം കൊണ്ടാണെന്നതും ഒരു ചരിത്ര സത്യം. ജന്മനാടായ ബസ്വറയിലെ അമീറിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നതിനിടെയാണ് ഈ ജോലി തന്റെ സ്വതന്ത്ര ചിന്തകള്‍ക്ക് തടസ്സമാണെന്ന് തിരിച്ചറിഞ്ഞ് അവിടം വിട്ട് പോയത്. തുടര്‍ന്ന് ബഗ്ദാദിലെത്തി ഖലീഫ മഅ്മൂന്റെ ബൈത്തുല്‍ ഹിക്മ എന്ന ഗവേഷണ കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്ര ജീവിതം. പുസ്തകവായനക്കും നിരൂപണത്തിനും പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി അദ്ദേഹം ഈ കാലം ഉപയോഗപ്പെടുത്തി. ബഗ്ദാദില്‍ അദ്ദേഹം ഉണ്ടെന്ന വിവരം ബസ്വറ അമീര്‍ അറിഞ്ഞതോടെ അവിടം വിട്ട് ശാമിലേക്ക് പോവുകയായിരുന്നു അദ്ദേഹം. ശാമിലെത്തിയ അദ്ദേഹത്തെ അവിടുത്തെ അമീര്‍ ഹൃദ്യമായി സ്വീകരിക്കുയും പിന്നീട് മന്ത്രി സ്ഥാനം നല്‍കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം നിരസിക്കുകയായിരുന്നു. ശാമിലെ ജീവിതത്തിനിടയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുമായിരുന്ന ഒരു സംഭവം നടന്നത്. ഈജിപ്തില്‍ ശക്തമായ വരള്‍ച്ച പിടിപെടുകയും അനേകമാളുകള്‍ മരിച്ചു വീഴുകയും ചെയ്തപ്പോള്‍ ഈ ദയനീയ സാഹചര്യം ഒരു ഡാം നിര്‍മ്മിക്കുന്നതിലൂടെ തരണം ചെയ്യാനാവുമെന്ന് അദ്ദേഹം അമീറിനെ അറിയിച്ചു. തന്റെ അനുയായികളോടൊപ്പം പിന്നീട് സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം തന്റെ ലക്ഷ്യം ശ്രമകരമാണെന്നും ഭാരിച്ച ചെലവ് വരാനിടയുള്ള പ്രവൃത്തി ആ പ്രദേശത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്നും അമീറിനെ ബോധ്യപ്പെടുത്തുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കഴിവിനെപ്പറ്റി പൂര്‍ണ്ണബോധവാനായിരുന്ന അമീര്‍ അദ്ദേഹത്തെ കൊട്ടാരത്തില്‍ ഒരു ജോലിനല്‍കി ആദരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം രാജാവിന്റെ കൊട്ടാരത്തിലെ ഉദ്യോഗവും വലിച്ചെറിഞ്ഞ അദ്ദേഹം പിന്നീട് ഈജിപ്ത് അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയുടെ കവാട പരിസരത്ത് ഗ്രന്ഥരചനയിലും ആരാധനയിലുമായി തന്റെ ദിനരാത്രങ്ങള്‍ കഴിച്ചു കൂട്ടി.

പ്രകാശ ശാസ്ത്രത്തിന്റെ പിറവി
പണ്ഡിതനും സ്വൂഫി വര്യനുമായിരുന്ന അദ്ദേഹത്തിന്റെ നിപുണത മാനിച്ച് ശാം അമീര്‍ അദ്ദേഹത്തിന് കൊട്ടാരത്തില്‍ ജോലി ഏര്‍പ്പാടു ചെയ്തിരുന്നെങ്കിലും അദ്ദേഹം ജോലിയില്‍ തീരെ തല്‍പ്പരനായിരുന്നില്ല. ഖലീഫയുടെ ശത്രുത ഭയന്നായിരുന്നു അദ്ദേഹം ജോലിയേറ്റെടുത്തത്. അവസാനം ഭ്രാന്ത് അഭിനയിച്ച് ജോലിയില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചപ്പോള്‍ ഖലീഫ അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയും രണ്ടു അംഗരക്ഷകരെ കാവല്‍ ഏല്‍പ്പിക്കുകയും ചെയ്തു. പ്രകാശത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ കണ്ടുപിടിത്തത്തിന് വഴിയൊരുങ്ങിയത് ഈ തുറങ്കില്‍ ജീവിതത്തിനിടെയാണ്. എന്തെന്നാല്‍ അദ്ദേഹത്തെ രഹസ്യമായി നിരീക്ഷിക്കാന്‍ വേണ്ടി രാജാവിന്റെ അംഗരക്ഷകര്‍ തടവറയില്‍ ചെറിയൊരു ദ്വാരമുണ്ടാക്കി. പിന്നീട് ആ ദ്വാരത്തിലൂടെ കടന്നു വന്ന സൂര്യപ്രകാശത്തെ നിരീക്ഷിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രകാശത്തെ പറ്റിയുള്ള വിശ്വപ്രസിദ്ധ കണ്ടുപിടിത്തം നടത്തിയത്.

Also read: കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

പ്രകാശശാസ്ത്രത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങളുടെ സമാഹാരമാണ് കിതാബുല്‍ മനാളിര്‍( ബുക് ഓഫ് ഒപ്റ്റിക്‌സ്) എന്ന അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥം. 1015ല്‍ വിരചിതമായ ഈ ഗ്രന്ഥമാണ് പിന്നീട് ശാസ്ത്ര ലോകത്തെ പല വിപ്ലവാത്മക ചലനങ്ങള്‍ക്കും വഴിയൊരുക്കിയത്. മുസ്‌ലിം ശാസ്ത്ര ലോകത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്ന എട്ട്- പതിമൂന്ന് നൂറ്റാണ്ടുകളില്‍ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഓരം പറ്റിയാണ് യൂറോപ്യന്‍മാര്‍ അവയെ തങ്ങളുടെ ചിന്തകളായി ലോകസമക്ഷം സമര്‍പ്പിച്ചത് എന്ന വസ്തുതക്ക് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് കിതാബുല്‍ മനാളിര്‍. റെറ്റിന, കോര്‍ണിയ, ലെന്‍സ് തുടങ്ങി കണ്ണിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം ആദ്യമായി രേഖാചിത്രത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയും അവയ്ക്ക് പ്രസ്തുത നാമങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത് അദ്ദേഹമാണ് എന്നതിനും ചരിത്രം സാക്ഷിയാണ്. അന്നുവരെ നിലവിലുണ്ടായിരുന്ന കാഴ്ച്ചയെപ്പറ്റിയുള്ള സര്‍വ്വ തെറ്റിദ്ധാരണകളെയും അനുമാനങ്ങളെയും കിതാബുല്‍ മനാളിറിലൂടെ പൂര്‍ണ്ണമായി തഴയുകയായിരുന്നു അദ്ദേഹം. അലിഖിതമായ വിശ്വാസാചാരങ്ങളെയും ശാസ്ത്ര സത്യങ്ങളെയും അന്ധമായി അനുകരിക്കുന്നതിന് പകരം തന്റേതായ ഗവേഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും അവയെ സത്യത്തിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അത് കൊണ്ട് തന്നെയാണ് അന്ന് വരെ കാഴ്ച്ചാ സംബന്ധമായി നിലനിന്നിരുന്ന യൂക്ലിഡ്-ടോളമി- അരിസ്റ്റോട്ടില്‍ വാദഗതികള്‍ തഴയപ്പെട്ടതും ഒരു സഹസ്രാബ്ദമായിട്ടും ഇബ്‌നുഹൈഥത്തിന്റെ നിലപാട് തന്നെ അവലംബമായി നിലനില്‍ക്കുന്നതും. കണ്ണില്‍ നിന്നും പുറപ്പെടുന്ന ഒരു തരം രശ്മികള്‍ വസ്തുവില്‍ പതിയുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നത് എന്നായിരുന്നു കാഴ്ച്ച സംബന്ധമായുള്ള യൂക്ലിഡ് -ടോളമി നിഗമനം. തദവസരത്തില്‍ വസ്തുക്കളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഭൗതിക രൂപങ്ങള്‍ കണ്ണില്‍ പതിയുമ്പോഴാണ് നാം അതിനെ കാണുന്നത് എന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ വാദം. ഇതില്‍ നിന്നൊക്കെ വ്യതിരിക്തമായി നമ്മുടെ കണ്ണില്‍ നിന്ന് പുറപ്പെടുന്ന രശ്മികള്‍ വസ്തുക്കളില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിബിംബമാണ് കാഴ്ച്ചയില്‍ പതിയുന്നതെന്നായിരുന്നു ഇബ്‌നുല്‍ ഹൈഥം തന്റെ പരീക്ഷണാടിസ്ഥാനത്തില്‍ തെളിയിച്ചത്. ഒരു ഇരുട്ടു മുറിയില്‍ മെഴുകുതിരികള്‍ കത്തിച്ചു വെച്ച് അദ്ദേഹം നടത്തിയ പരീക്ഷണത്തിലൂടെ അദ്ദേഹം കണ്ടെത്തിയ പ്രകാശം നേര്‍രേഖലിയൂടെയാണ് പുറത്ത് കടക്കുന്നത് എന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നത്തെ ഡിജിറ്റല്‍ കാമറയുടെയും മൈക്രോസ്‌കോപ്പ്, ടെലസ്‌കോപ്പ് എന്നീ സുപ്രധാന കണ്ടുപിടിത്തങ്ങളുടെയുമെല്ലാം അടിത്തറ പാകിയത്.


ഏഴ് വിശാല വാള്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമായ കിതാബുല്‍ മനാളിറാണ് കാഴ്ച്ച സംബന്ധമായ പില്‍ക്കാല കണ്ടുപിടിത്തങ്ങള്‍ക്ക് അവലംബമായതെന്ന് പറഞ്ഞല്ലോ. ആദ്യമായി പ്രസ്തുത ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂറോപ്പ്യന്‍മാര്‍ അതിനെ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് കിതാബുല്‍ മനാളിര്‍ പാശ്ചാത്ത്യ ലോകത്തും ശ്രദ്ദേയമാവുകയും യൂറോപ്പിന്റെ നവോത്ഥാനത്തിന് അടിത്തറ പാകപ്പെടുകയും ചെയ്തത്. അദ്ദേഹം വീട്ടുതടങ്കലിലായിരിക്കെ രചിച്ച കിതാബുല്‍ മനാളിറിനെപ്പറ്റി പില്‍ക്കാലത്ത് ഒരുപാട് ഗവേഷണ പഠനങ്ങളും നടന്നിട്ടുണ്ട്. ഡാവിഞ്ചി, ഗലീലിയോ ഗലീലി, ക്ലെപര്‍ തുടങ്ങിയ ശാസ്ത്രവിശാരദന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കിതാബുല്‍ മനാളിറിന്റെ സ്വാധീനത്തെപ്പറ്റി വാചാലമായതും ശ്രദ്ദേയമയാണ്. ഇവ്വിഷയകരമായി തന്നെ രിസാലത്തുന്‍ ഫിള്ളൗഅ് എന്നൊരു ഗവേഷണ പ്രബന്ധവും ഇബ്‌നുല്‍ ഹൈഥം ശാസ്ത്ര ലോകത്തിന് സമര്‍പ്പിക്കുകയുണ്ടായി.

Also read: നേര്‍ച്ച ചെയ്തതില്‍നിന്ന് ഭക്ഷിക്കാമോ?

ജ്യോതിശാസ്രത്തിലെ ഇടപെടലുകള്‍
ശാസ്ത്ര ലോകത്തെ അനശ്വര നാമമായ ഇമാം ഇബ്‌നുല്‍ ഹൈഥം ഇത്രമേല്‍ ജനകീയനും സര്‍വ്വാഗീകൃതനുമായിത്തീര്‍ന്നത് പ്രകാശ ശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണെങ്കിലും മറ്റു പല ശാസ്ത്ര മേഖലകളിലും അദ്ദേഹം ചെറുതല്ലാത്ത കഴിവ് തെളിയിച്ചിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് ജ്യോതിശാസ്ത്രം. നക്ഷത്രങ്ങളുടെയും മറ്റു ഗോളങ്ങളുടെയും വിഷയത്തില്‍ ഒരുപാട് പഠനങ്ങളും ഗവേഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹം ബസ്വറയിലായിരിക്കെ രചിച്ച കിതാബുല്‍ ഹയ്അ ഈ മേഖലയിലെ ആധികാരിക ഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു. ജ്യോതിശാസ്ത്ര മേഖലയില്‍ ഗഹനമായ പഠനങ്ങള്‍ നടത്തിയതോടൊപ്പം തന്നെ മറ്റു മുസ്‌ലിം ശാസ്ത്രജ്ഞരെപ്പോലെ ജ്യോതിഷത്തെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. ജ്യോതിഷന്മാര്‍ അനുമാനത്തെയും ഊഹത്തെയും മാത്രമാണ് അവലംബിക്കുന്നതെന്നും മറിച്ച് ജ്യോതിശാസ്ത്രമാണെങ്കില്‍ അനുഭവപരമായ കണ്ടെത്തലുകളെയാണ് അവലംബിക്കുന്നതെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. ചന്ദ്രപ്രകാശത്തെപ്പറ്റി പിതനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹം എഴുതിയ മഖാലത്തുന്‍ ഫീ ളൗഇല്‍ ഖമര്‍ എന്ന പ്രബന്ധവും ഈ മേഖലയിലെ ശ്രദ്ധേയ രചനയാണ്. തന്റെ ശാസ്ത്ര മുന്നേറ്റങ്ങളുടെ ഭാഗമായി അദ്ദേഹം ചന്ദ്രനെ നിരീക്ഷിക്കാന്‍ ഒരുപകരണം വികസിപ്പിച്ചെടുക്കുകയും പിന്നീട് ചന്ദ്രന്‍ ഒരു കണ്ണാടി പോലെയാണ് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതെന്ന പൊതുധാരണ തിരുത്തി ചന്ദ്രന്റെ പ്രകാശമാനമായ ഉപരിതലത്തില്‍ എല്ലാ പോയിന്റുകളില്‍ നിന്നും പ്രകാശം ഉത്ഭവിക്കുന്നുണ്ടെന്ന് തെളിയിക്കുകയും ചെയ്യുകയുണ്ടായി. ആധുനിക ശാസ്ത്രജ്ഞര്‍ ചന്ദ്രപ്രകാശവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രബന്ധത്തെ വിലയിരുത്തുന്നത് ജ്യോതിശാസ്ത്രത്തിലെയും ആസ്‌ട്രോഫിസിക്‌സിലെയും പരീക്ഷണങ്ങള്‍ പ്രായോഗികവല്‍ക്കരിക്കുന്നതിലേക്കുള്ള ആദ്യ ചവിട്ടു പടിയായാണ്. ചന്ദ്രന്‍ ചക്രവാളത്തിനടുത്തിയി കൂടുതല്‍ വലിപ്പത്തില്‍ കാണുന്നതിനെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. ചന്ദ്രന്‍ ചെറുതാവുകയും വലുതാവുകയും ചെയ്യുന്ന പ്രതിഭാസം നയനേന്ദ്രിയങ്ങളാല്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളാണെന്നും അദ്ദേഹം തെളിയിക്കുകയുണ്ടായി. ചന്ദ്രന്‍ ആകാശത്തില്‍ ഉയരത്തില്‍ കാണുമ്പോള്‍ കാഴ്ച്ചക്കാരന്റെയും ചന്ദ്രന്റെയും ഇടയില്‍ മറകളില്ല. അതിനാല്‍, കാഴ്ച്ചയില്‍ ചന്ദ്രന്‍ അടുത്തായി കാണപ്പെടുന്നു. അത് കൊണ്ട് തന്നെ ആകാശത്തില്‍ വളരെ അടുത്തായി തോന്നുന്ന ചന്ദ്രന്‍ ചക്രവാളത്തില്‍ കൂടുതല്‍ വിദൂരത്തായി തോന്നുന്നു. ദൂരം മാറുന്നതിനനുസരിച്ച് ചന്ദ്രന്റെ വലിപ്പവും രൂപവും വ്യത്യസപ്പെടുന്നു. ഇതാണ് അദ്ദേഹം ചന്ദ്രന്റേതായി അദ്ദേഹം കണ്ടെത്തയി നിഗമനങ്ങളായി രേഖപ്പെടുത്തിയത്.

ഭൂമിയുടെ ഭൗതിക ഘടനയെ സംബന്ധിച്ച് അദ്ദേഹം രചിച്ച തക്‌വീനുല്‍ ആലമും ഈ മേഖലയിലെ ഒരു ശ്രദ്ധേയ രചനയാണ്. മധ്യകാല യൂറോപ്പില്‍ ഏറെ സ്വാധീനം ചെലുത്തിയ ഈ ഗ്രന്ഥത്തില്‍ അദ്ദേഹം ടോളമിയുടെ ഇവ്വിഷയകരമായ ഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങള്‍ തുറന്നു കാട്ടുകയും അവ തിരുത്തി വിശദീകരിക്കുകയും ചെയ്തു. ശാസ്ത്രീയ സത്യങ്ങള്‍ ബോധ്യമാവുന്നതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുമെന്നും നിലവിലെ പിഴവുകള്‍ നിറഞ്ഞ ശാസ്ത്ര നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ഇവ്വിഷയകരമായിത്തന്നെ 1038ല്‍ അദ്ദേഹ നമാദുജു ഹറകാതില്‍ കവാകിബ് എന്ന ഒരു ഗ്രന്ഥം രിചിച്ചിരുന്നുവെങ്കിലും കോപ്പികളൊന്നും ലഭിക്കാത്തതിനാല്‍ പില്‍ക്കാലത്ത് പ്രചാരം നേടിയില്ല. ചുരുക്കത്തില്‍ അദ്ദേഹം ജ്യോതിശാസ്ത്രമേഖലയിലേക്കുള്ള തന്റെ വിലപ്പെട്ട സംഭാവകനളായി കനപ്പെട്ട ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചെങ്കിലും അതില്‍ ചിലത് മാത്രമേ ഇന്ന് ലഭ്യമായുള്ളൂ.

Also read: രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

മറ്റു ശാസ്ത്രീയ സംഭാവനകള്‍
പ്രകാശ ശാസ്ത്രത്തിലെന്ന പോലെ മറ്റനേകം ശാസ്ത്ര മേഖലയിലും ഇബ്‌നുല്‍ ഹൈഥം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ടല്ലോ. ശാസ്ത്രീയ പഠനങ്ങളില്‍ വിഷയങ്ങളെ സമീപിക്കുന്നതിനും അവയെ പഠിക്കുന്നതിനും അദ്ദേഹം തന്റേതായ ഒരു ശാസ്ത്രീയ രീതി വിഭാവനം ചെയ്തിട്ടുണ്ട് എന്നതാണ് അതില്‍ അതിപ്രധാനം. അതിനാല്‍ തന്നെ പല ചരിത്രകാരന്മാരും ആധുനിക ശാസ്ത്രീയ രീതിയുടെ ഉപജ്ഞാതാവായും അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. അദ്ദേഹം തന്റെ പ്രതിഭാവിലാസം തെളിയിച്ച മേഖലകളിലൊന്നാണ് വൈദ്യശാസ്ത്രം. നേത്രസംബന്ധമായ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം മൂലം ലഭ്യമായ കണ്ണിന്റെ ആന്തരിക ഘടനയാണ് ഇതില്‍ പ്രധാനം. ഈ കണ്ടുപിടിത്തമാണ് പില്‍ക്കാല നേത്രസംബന്ധമായ കണ്ടുപിടിത്തങ്ങളെ പുഷ്‌ക്കലമാക്കിയതും. കാമറയും കണ്ണും സമാനമാണെന്ന അദ്ദേഹത്തിന്റെ വാദപ്രകാരമാണ് പില്‍ക്കാലത്ത് ഫിസിയോളജിക്കല്‍ ഒപ്റ്റിക്‌സ് എന്ന ശാസ്ത്ര മേഖല രൂപപ്പെട്ടത് തന്നെ. ജ്യോമട്രിയും അള്‍ജിബ്രയും ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പഠനം ഗണിതശാസ്ത്ര മേഖലയിലെയും ഒരു പുത്തന്‍ വഴിത്തിരിവായിരുന്നു. ഗണിതശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ പല കണ്ടുപിടിത്തങ്ങളും ശരിയാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെടുകയും ചെയ്തു.

Also read: പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനം

പ്രസിദ്ധ ശാസ്ത്രജ്ഞനായ ജോണ്‍ വില്‍സണ്‍ കണ്ടെത്തിയ വില്‍സണ്‍ സിദ്ധാന്തം ആദ്യമായി ലോകത്തെ പരിചയപ്പെടുത്തി വിശദീകരിച്ച വ്യക്തിയും അദ്ദേഹമാവുന്നു. ഗണിതശാസ്ത്രപരമായി ഖിബ്‌ലയുടെ ദിശ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച ഇത്തിജാഹുല്‍ ഖിബ്‌ല എന്ന ഗ്രന്ഥവും ശാസ്ത്ര മേഖലയിലെ വലിയ സംഭാവനയാണ്. ആരും അതുവരെ കടന്നു ചെന്നിട്ടില്ലാത്ത പല ശാസ്ത്രമേഖലകളിലേക്കും കടന്നു ചെല്ലാന്‍ അദ്ദേഹം ധൈര്യം കാട്ടി എന്നതാണ് മറ്റൊരു വസ്തുത. പ്രകൃതിയുടെ വൈവിധ്യങ്ങളെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ മീസാനുല്‍ ഹിക്മ എന്ന് ഗ്രന്ഥം ഇതില്‍ പ്രത്യേക പരാമര്‍ശാര്‍ഹമാണ്. സൈക്കോളജിക്കല്‍ മേഖലയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും അത്ഭുതാവഹമാണ്. മ്യൂസിക് തെറാപ്പി മനുഷ്യരിലും മൃഗങ്ങളിലും സ്വാധീനം ചെലുത്തുമെന്ന് ആരും അതേക്കുറിച്ച് ചിന്തിക്കാതിരുന്ന അക്കാലത്ത് അദ്ദേഹം വ്യക്തമാക്കുമ്പോഴാണ് ആ വിശാല പ്രപഞ്ചത്തിന്റെ വ്യാപ്തി നമുക്ക് ബോധ്യമാവുന്നത്. പില്‍ക്കാത്ത് ആധുനിക ശാസ്ത്രലോകം പരക്കെ അംഗീകരിച്ച മധ്യകാല മുസ്‌ലിം ശാസ്ത്ര പ്രതിഭകളുടെ മുന്‍നിരയില്‍ തന്നെയായിരുന്നു ഇമാം ഇബ്‌നുല്‍ ഹൈഥം. ഫിസിക്‌സ്, ആസ്‌ട്രോണമി, മാത്തമാറ്റിക്‌സ്, ഓപ്ത്താല്‍മോളജി, മെഡിസിന്‍ തുടങ്ങിയ വ്യത്യസ്ത ശാസ്ത്ര മേഖലകളില്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുണ്ട്.

പ്രമുഖ ചരിത്ര പണ്ഡിതനായ ലബോണ്‍ പറയുന്നു: ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടു കാലം യൂറോപ്യന്‍ ശാസ്ത്ര മേഖലയില്‍ അധ്യയനങ്ങള്‍ക്ക് അവലംബമായി ഉപയോഗിച്ചിരുന്നത് അറബി ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങായിരുന്നു. മധ്യകാലത്തെ സ്വാധീനിച്ച മുസ്‌ലിം ശാസ്ത്ര പ്രതിഭകളുടെ കൂട്ടത്തില്‍ ജോര്‍ജ്ജ് സാള്‍ട്ടണ്‍ ഇബ്‌നുല്‍ ഹൈഥത്തെയും എണ്ണിയതായി കാണാം. ഏതായാലും മധ്യകാല യൂറോപ്പിലും തുടര്‍ന്നിങ്ങോട്ടും ഇബ്‌നുല്‍ ഹൈഥം എന്ന ശാസ്ത്രജ്ഞന്‍ ചെലുത്തിയ സ്വാധീനം ഇന്ന് അംഗീകരിക്കപ്പെട്ടതില്‍ തെല്ലും അത്ഭുതപ്പെടാനില്ല. ശാസ്ത്രമേഖലയിലേക്കുള്ള തന്റെ അമൂല്യ സംഭാവനകളായി അദ്ദേഹം വ്യത്യസ്ത വിഷയങ്ങളിലുള്ള ഇരുനൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നെങ്കിലും പലതും കാലക്രമേണ മറഞ്ഞ് ഇന്ന് വെറും അന്‍പതോളം ഗ്രന്ഥങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ലഭ്യമായിട്ടുള്ള ഗ്രന്ഥങ്ങളില്‍ പകുതിയിലധികവും ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഇരുപത്തിമൂന്നോളം ഗ്രന്ഥങ്ങള്‍ ജ്യോതിശാസ്ത്രത്തിലും കിതാബുല്‍ മനാളിര്‍ ഉള്‍പ്പെടെ പതിനാല് ഗ്രന്ഥങ്ങള്‍ പ്രകാശ ശാസ്ത്രത്തിലുമായി അദ്ദേഹം രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പലതും ഇന്നും ശാസ്ത്ര ലോകത്ത് ഗഹനമായ പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കിതാബുല്‍ മനാളിറിന് പുറമെ മീസാനുല്‍ ഹിക്മഃ, തസ്‌വീബാത്തുന്‍ അലാ അല്‍ മജസ്ത്വി, രിസാലത്തുന്‍ ഫില്‍ മകാന്‍, ഹറകത്തുല്‍ ഖമര്‍, നമൂദജുല്‍ കൗന്‍, മഖാലത്തുന്‍ ഫീ സൂറത്തില്‍ കുസൂഫ്, ശുകൂകുന്‍ അലാ ബത്വ്‌ലാമൂസ്, റുഅ്‌യതുല്‍ കവാകിബ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെയും പഠനങ്ങളുടെയും കൂട്ടത്തില്‍ സുപ്രധാനമാണ്.

Also read: ഖിബ്‌ലയെ സംബന്ധിക്കുന്ന ആധുനിക വിഷയങ്ങള്‍

ശാസ്ത്രലോകത്തിനുമപ്പുറം
ശാസ്ത്രലോകത്ത് തന്റെ പ്രതിഭാ വിലാസത്തിലൂടെ ഉന്നത ശീര്‍ഷനായി വാഴുമ്പോഴും ശാസ്ത്ര മേഖലയില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ഒരിക്കലും ആ ജ്ഞാനദാഹി ആഗ്രഹിച്ചിരുന്നില്ല. ഒരു ശാസ്ത്ര പ്രതിഭ എന്നതിനപ്പുറം ആത്മീയ ലോകത്തെ നിറസാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. ജീവിതത്തിലുടനീളം അദ്ദേഹം കൊണ്ടുനടന്നിരുന്ന വിനയവും ലാളിത്യവും അദ്ദേഹത്തിന്റെ വാക്കുകളിലും രചനകളിലും നിറഞ്ഞു നിന്നിരുന്നു. ആരും അതുവരെ ഇറങ്ങിച്ചെല്ലാന്‍ ധൈര്യപ്പെടാതിരുന്ന അത്തരം ഒരു മേഖലയിലേക്ക് കയറിച്ചെന്ന് വിപ്ലവങ്ങള്‍ സൃഷ്ടിച്ചപ്പോഴും അതിന്റെ നാട്യങ്ങളോ ജാഡയോ അദ്ദേഹത്തില്‍ ഒരിക്കലും പ്രകടമായതുമില്ല. അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: എന്റെ വിജ്ഞാനം പരിമിതമാണ്. ഒരുപാട് തെറ്റുകള്‍ ഈ പുസ്തകത്തില്‍ വന്നുകൂടിയേക്കാം. അല്ലാഹുവിന് മാത്രമേ എല്ലാം അറിയുകയുള്ളൂ. ഈ വാക്യങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ വിനയവും ലാളിത്യവും സുവ്യക്തമാണ്. ഇതിനൊക്കെ പുറമെ ബസ്വറയിലെ ഖാളി സ്ഥാനം കൂടി അദ്ദേഹം അലങ്കിരിച്ചിരുന്നു എന്നോര്‍ക്കുമ്പോഴാണ് ആ മഹാപ്രതിഭയുടെ അറിവിന്റെ വിശാല പ്രപഞ്ചം നമുക്കു മുന്നില്‍ തുറക്കപ്പെടുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഉന്നതസ്ഥാനീയരായവര്‍ക്കു മാത്രം ലഭിക്കുന്ന ഖാളി സ്ഥാനം ഇമാം ഇബ്‌നുല്‍ ഹൈഥം വഹിച്ചിരുന്നെങ്കില്‍ ശാസ്ത്ര ലോകത്തിനുമപ്പുറം അദ്ദേഹം എത്രദൂരം സഞ്ചിരിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ചുരുക്കത്തില്‍ ശാസ്ത്രലോകത്തിന് ഒരുപാട് നിസ്സീമമായ സംഭാവനകള്‍ ചെയ്ത ശാസ്ത്രജ്ഞന്‍ എന്നതോടൊപ്പം തന്നെ ഒരു ബഹുമുഖ പണ്ഡിതന്‍ കൂടിയായിരുന്നു ഇമാം ഇബ്‌നുല്‍ ഹൈഥം എന്ന് നമുക്ക് മനസ്സിലാക്കാം.

Related Articles