Travel

സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

2019 ആഗസ്റ്റിനാണ് ഖത്തര്‍ എഴുത്തുകാരനും നയതന്ത്രജ്ഞനുമായ അലി ബ്‌നു ഗാനം അല്‍ഹാജിരിയുടെ ‘ഉസ്ത്വൂലുശ്ശംസ്'(സൂര്യ നാവികപ്പട) എന്ന നോവല്‍ പുറത്തിറങ്ങിയത്. ചൈനീസ് മുസ്‌ലിമും നാവികനുമായ സെങ് ഹേയുടെ ജീവിതവും കടല്‍യാത്രകളും കണ്ടെത്തലുകളുമാണ് നോവലിന്റെ ഇതിവൃത്തം. യഥാര്‍ത്ഥത്തില്‍, ഇസ്‌ലാമിക ചരിത്രത്തിലെ ഒരുപാട് ഏടുകളും മഹനീയ വ്യക്തിത്വങ്ങളുടെ ജീവചരിത്രങ്ങളും സാംസ്‌കാരിക സംഭവങ്ങളും അറിയപ്പെടാതെ കിടക്കുകയാണ്. എഴുതപ്പെട്ടതിലേറെ ഇനിയും കണ്ടെത്തപ്പെടാനും എഴുതപ്പെടാനുമുണ്ടെന്നതാണ് സത്യം. ലോക ചരിത്രത്തിന് മുസ്‌ലിം വ്യക്തിത്വങ്ങള്‍ നല്‍കിയ സംഭാവനകള്‍ അനന്തമാണെങ്കിലും അതില്‍ ചിലത് മാത്രമാണ് അറിയപ്പെട്ടിട്ടുള്ളത്. അത്തരം അറിയപ്പെടാതെ പോയ മഹനീയ വ്യക്തിത്വങ്ങളില്‍ ഉള്‍പെടും സെങ് ഹേയുടെ ചരിത്രവും. എഴ് കടല്‍ യാത്രകള്‍ നടത്തിയ നാവികനാണ് അദ്ദേഹം. അമ്പതിനായിരത്തിലേറെ മൈലുകള്‍ താണ്ടിയ അദ്ദേഹം തന്റെ ആയുസ്സിന്റെ ഇരുപത്തേഴ് വര്‍ഷമാണ് കടല്‍ യാത്രക്കായി ചെലവഴിച്ചത്. ഗുഡ് ഹോപ്പ് മുനമ്പും അമേരിക്കയും ആസ്‌ട്രേലിയയും കണ്ടെത്തുന്ന സമയത്ത് മെഗല്ലനും കൊളമ്പസും മാര്‍ക്കോ പോളോയും ഉപയോഗിച്ച പോലെ യാത്രകള്‍ക്കായി കൃത്യമായ മാപ്പും അദ്ദേഹം തയ്യാറാക്കിയിരുന്നു. എന്നാല്‍, ഈ മൂന്ന് പേരും ചെയ്തത് പോലെ കപ്പല്‍ നങ്കൂരമിടുന്ന തീരങ്ങളിലെ സമൂഹത്തെ ആക്രമിക്കാനോ അവരുടെ സമ്പത്ത് കൊള്ളയടിക്കാനോ സെങ് ഹേ ശ്രമിച്ചില്ല. അവരുടെയെല്ലാം സന്മാര്‍ഗ പ്രവേശനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇസ്‌ലാം ചൈനിയിലുമെത്തുന്നു
ക്രിസ്താബ്ദം 651(29 ഹി.)ലാണ് ചൈനയില്‍ ഇസ്‌ലാമെത്തുന്നത്. പിന്നീടങ്ങോട്ട് ഇസ്‌ലാം അവിടെ വേര് പിടിച്ചു. കച്ചവടാവശ്യാര്‍ത്ഥമുള്ള നിരന്തര യാത്രകളാണ് അതിന് പ്രേരകമായത്. ചില കച്ചവടക്കാര്‍ ചൈനീസ് സ്ത്രീകളെ വിവാഹം കഴിച്ച് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തോടെ ചൈനീസ് അധികാരി അതിനെതിരെ രംഗത്തുവന്നു. അതോടെയാണ് ഹുവായ് മുസ്‌ലിം എന്ന മുസ്‌ലിം ദേശീയത രൂപപ്പെട്ടു വന്നത്. യുവാന്‍ മംഗോളിന്റെ കാലത്ത് മുസ്‌ലിംകളുടെ എണ്ണം വീണ്ടും അഗണ്യമായി വര്‍ദ്ധിച്ചു. തുര്‍ക്കി, പേര്‍ഷ്യ, അറേബ്യ, മധ്യേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അദ്ദേഹം വാതില്‍ തുറന്നുകൊടുത്തതായിരുന്നു കാരണം. സ്വന്തം നാടുകളിലെ സംസ്‌കാരവും ഇസ്‌ലാം മത വിശ്വാസവുമായി കച്ചവടത്തിന് വന്ന അവരിലൂടെയാണ് ചൈനയുടെ നാനാഭാഗങ്ങളിലേക്കും ഇസ്‌ലാം വ്യാപിക്കുന്നത്.

നൂറ് വര്‍ഷത്തോളം(12711368) യുവാന്‍ ഭരണകൂടം ചൈന ഭരിച്ചിട്ടുണ്ട്. ഖോബിലായ് ഖാനാണ് ഈ ഭരണകൂടം സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ അനുയായികള്‍ ഇസ്‌ലാം മത വിശ്വാസികളല്ലാതിരുന്നിട്ട് കൂടി മുസ്‌ലിം കുടിയേറ്റത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അവര്‍ക്കൊക്കെത്തന്നെയും ഖോബിലായ് ഖാനോടും കുടുംബത്തോടും ആദരവും ബഹിമാനവുമായിരുന്നു. കണ്‍ഫ്യൂഷന്‍ പണ്ഡിതന്മാര്‍ക്കും ഭരണ നിര്‍വ്വാഹകര്‍ക്കും പകരം രാജ്യത്തിന്റെ ഭരണനിര്‍വ്വഹണ സമിതിയിലേക്ക് അദ്ദേഹം നൂറോളം മുസ്‌ലിംകളെ തിരഞ്ഞെടുത്തു.

Also read: ചെങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

യുവാന്‍ ഭരണകൂടത്തിന് ശേഷം എ.ഡി 1368ലാണ് ഹോങ്‌വുവിന്റെ നേതൃത്വത്തില്‍ മീങ് ഭരണകൂടം ചൈനയുടെ അധികാരം നേടിയെടുക്കുന്നത്. ഹോങ്‌വുവിന്റെ ശക്തരായ ഒരു മില്യണ്‍ പടയാളികളില്‍ പതിനായിരത്തിലേറെ മുസ്‌ലിം പടയാളികളുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വിലിയ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കപ്പെടുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. ചൈനീസ് സമൂഹവുമായും സംസ്‌കാരവുമായും പെട്ടന്നു തന്നെ ഇണങ്ങിയ മുസ്‌ലിംകള്‍ക്ക് മീങ് ഭരണകൂടത്തിന്റെ ആരംഭകാലത്ത് മുസ്‌ലിംകള്‍ എല്ലാവരില്‍നിന്നും അകന്ന് ജീവിക്കണമെന്ന നയമാണ് തടസ്സമായി വന്നത്. അത് പലയിടത്തും സംഘര്‍ഷങ്ങള്‍ക്ക് കാരണമായി(തീരമേഖലകളില്‍ പ്രത്യേകിച്ചും). ഹോങ്‌വു ഇതിനെല്ലാം മാറ്റങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹം മുസ്‌ലിംകള്‍ക്ക് വേണ്ടി ധാരാളം പള്ളികള്‍ നിര്‍മ്മിച്ചു. പ്രവാചകനെ പ്രകീര്‍ത്തിച്ച് കാവ്യങ്ങളെഴുതി. മുതിര്‍ന്ന മുസ്‌ലിം നേതാക്കന്മാരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല അവരെ അദ്ദേഹത്തിന്റെ തലസ്ഥാന നഗരിയായ നാന്‍ജിങില്‍ വലിയൊരു പള്ളി നിര്‍മ്മിച്ച് മുസ്‌ലിംകളെ അങ്ങോട്ട് വരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 1402ല്‍ യോങ്‌ലീ അധികാരത്തിലേറിയതോടെ പള്ളിയുടെ എണ്ണം വീണ്ടും അധികരിച്ചു. അതില്‍ ചിലതെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെട്ട് പോരുന്നുണ്ട്.

കടല്‍പരപ്പിലെ ജീവിതം
ക്രിസ്താബ്ദം 1371ന് ജനിച്ച സെങ് ഹേയുടെ യഥാര്‍ത്ഥ നാമം മാ സാമ്പാവോ എന്നാണ്. ഹാജ്ജ് മഹ്മൂദ് ശംസ് എന്ന അറബിനാമമുള്ള അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ ഉസ്ബക്കിസ്ഥാനിലുള്ള ബുഖാറ പ്രവിശ്യ ഭരിച്ചിരുന്നവരായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കുമൊടുവില്‍ മീങ് ഭരണകൂടം ചൈനയില്‍ അധികാരം കയ്യടക്കിയതിന് മൂന്ന് വര്‍ഷം കഴിഞ്ഞാണ് സെങ് ഹേ ജനിക്കുന്നത്. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പിതാവും പിതാമഹനും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര പോകുന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചുവന്ന അവര്‍ പത്ത് വയസ്സ് തികഞ്ഞിട്ടില്ലാത്ത മകന് യാത്രയിലെ കൗതുകങ്ങള്‍ വിവരിച്ചു കൊടുത്തു. എന്നാല്‍ കേട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത പുണ്യദേശത്തേക്ക് പോകാന്‍ സ്വപ്‌നം നെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി മീങ് സൈനികരുടെ ആക്രമണമുണ്ടാകുന്നത്. അങ്ങനെ പിതനൊന്നാം വയസ്സില്‍ സെങ് ഹേ പിടിക്കപ്പെടുകയും കൊട്ടാര സേവനത്തിനായി നിയോഗിക്കപ്പെടുകയും ചെയ്തു. അതിനായ് അദ്ദേഹത്തെ ഷണ്ഡീകരിക്കുകയും സൈനികഭ്യാസം പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ‘യോങ്‌ലീ’ എന്നറിയപ്പെട്ടിരുന്ന ‘ചൂ ദീ’ എന്ന ഭരണാധികാരിയുടെ ഭരണകാലത്ത് യാന്‍ പ്രവിശ്യയിലെ ഗവര്‍ണറായി നിയോഗിക്കപ്പെട്ടു. ഒരു ഗവര്‍ണറെന്ന നിലക്ക് സെങ് ഹേയുടെ സ്വഭാവവും കഴിവും യുദ്ധതന്ത്രവും യോങ്‌ലീയെ അല്‍ഭുതപ്പെടുത്തി. 1402 ല്‍ സെങ് ഹേയുടെ കീഴിലുള്ള സൈന്യം രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവില്‍ ച്യാന്‍വീന്‍ ഭരണാധികാരിയെ വടക്കന്‍ വിയറ്റ്‌നാമിലേക്ക് ഓടിച്ചുവിട്ടതോടെ സെങ് ഹേ യോങ്‌ലീയുടെ വിശ്വസ്ഥനും അടുത്ത ഭരണനിര്‍വ്വഹകനുമായി.

Also read: രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

തന്റെ അധികാര പരിതി വ്യാപിച്ചതോടെ യോങ്‌ലീ ചൈനീസ് ഗവണ്‍മെന്റിലേയും സമൂഹത്തിലെയും കണ്‍ഫ്യൂഷനിസത്തിന്റെ സ്വാധീനത്തെ ചെറുത്തു നിര്‍ത്തി. ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 1600 കപ്പലടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ നാവികപ്പടയെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. അതില്‍ ഏറ്റവും വലിയ കപ്പലായിരുന്നു സഫീനത്തുല്‍ കന്‍സ്(ഈ കപ്പല്‍ കാരണം കന്‍സ് നാവികപ്പടയെന്നായിുന്നു പീന്നീട് അവര്‍ അറിയപ്പെട്ടിരുന്നത്). ഈ നാവികപ്പടയുടെ മുതിര്‍ന്ന നേതാവായാണ് സെങ് ഹേ ഇരുപത്തേഴ് വര്‍ഷങ്ങളോളം കടല്‍ സഞ്ചാരം നടത്തിയത്.

ച്യാന്‍വീന്‍ ഭരണാധികാരിയെ പിടുകൂടാന്‍ വേണ്ടി എ.ഡി 1405ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നടത്തിയ യാത്രയാണ് സെങ് ഹേയുടെ ആദ്യ കടല്‍ യാത്ര. എ.ഡി 1405 ജൂലൈ 11ന് തുടങ്ങിയ യാത്ര രണ്ട് വര്‍ഷം കഴിഞ്ഞ് 1407 ഒക്‌ടോബറിനാണ് അവസാനിച്ചത്. ആ യാത്രയില്‍ സെങ് ഹേയുടെ കൂടെ 27000 പടയാളികളെയും 300 ഓഫീസര്‍മാരെയും 180 ഡോക്ടര്‍മാരെയും കുറച്ച് വിവര്‍ത്തകരെയും വാനനിരീക്ഷകരെയും വാസ്തുശില്‍പികളെയും വഹിക്കുന്ന 317 കപ്പലുകളില്‍ നീളമേറിയ അറുപത് കപ്പലുകളുണ്ടായിരുന്നു. ഓരോന്നിനും നൂറ്റി അമ്പത് മീറ്റര്‍ വരെ നീളവുമുണ്ടായിരുന്നു. മടങ്ങിയെത്തിയ ഉടനെ സെങ് ഹേ തന്റെ രണ്ടാമത്തെ യാത്ര ആരംഭിച്ചു. അതും രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു. മൂന്നാമത്തെ യാത്ര ഇന്തോനേഷ്യയിലെ ജാവ ഉപദ്വീപുകളിലേക്കായിരുന്നു. അവിടെ മലാഗ സോറയിലാണ് അദ്ദേഹം താമസിച്ചത്. ആ സ്ഥലം ഒരു പട്ടണവും കച്ചവട തുറമുഖമായും അദ്ദേഹം മാറ്റിയെടുത്തു. 1412 നവംബറിലാണ് സെങ് ഹേയുടെ മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന നാലാം യാത്ര ഉണ്ടാകുന്നത്. പേര്‍ഷ്യന്‍ ഉള്‍കടലും അറേബ്യന്‍ ഉപദ്വീപും ലക്ഷ്യം വെച്ചായിരുന്നു ആ യാത്ര. ഈ യാത്രയിലാണ് അദ്ദേഹം മക്ക സന്ദര്‍ശിക്കുന്നതും ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നതും.

Also read: സൂറത്തു ഖുറൈശില്‍ പറഞ്ഞ സാമൂഹിക സുരക്ഷാ പാഠങ്ങള്‍

സെങ് ഹേയുടെ അഞ്ചാം യാത്രയെക്കുറിച്ചുള്ള(എ.ഡി 1421 ജൂലൈ) വിവരങ്ങളൊന്നും ലഭ്യമല്ല. പക്ഷെ, അതിനെക്കുറിച്ച് പ്രശസ്ത ബ്രീട്ടീഷ് ചരിത്രകാരന്‍ ഗാവിന്‍ മാന്‍സിസ് തന്റെ ‘1421: ചൈന അമേരിക്ക കണ്ടെത്തിയ വര്‍ഷം’ എന്ന പുസ്തകത്തില്‍(പതിനൊന്ന് വര്‍ഷം എടുത്ത് രചിക്കപ്പെട്ട ഈ പുസ്തകം 2002ലാണ് പബ്ലിഷ് ചെയ്യപ്പെടുന്നത്. 24 പതിപ്പുകളിലായി ഒരു മില്യണോളം കോപ്പികള്‍ വിറ്റഴിഞ്ഞ ഈ പുസ്തകം വിവാദപരമായ ഒരുപാട് ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്) പറയുന്നത്: 107 കപ്പല്‍ വ്യൂഹവുമായി പുറപ്പെട്ട സെങ് ഹേ ലാറ്റില്‍ അമേരിക്കയിലും കരീബിയന്‍ കടല്‍ പ്രദേശത്തേക്കും ആസ്‌ട്രേലിയയിലേക്കുമെല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈയൊരു യാത്രക്ക് ശേഷം തിരിച്ചു ചൈനയിലേക്ക് തന്നെ മടങ്ങുകയല്ലാതെ സുന്ദരമായ ഒരു യാത്രാവിവരണത്തിന് അവര്‍ ആരും തന്നെ ശ്രമിച്ചില്ലെന്നതാണ് ചൈനീസ് ചരിത്രത്തിന് സെങ് ഹേ അപരിചിതനാകാന്‍ കാരണം. മെന്‍സിസിന്റെ അഭിപ്രായത്തില്‍ കൊളമ്പസും മഗല്ലനും ജെയിംസ് കുക്കുമെല്ലാം സെങ് ഹേ തയ്യാറാക്കിയ റൂട്ട് മാപ്പിന്റെ സഹായത്തോടെയാണ് അമേരിക്കയും ആസ്‌ട്രേലിയയും ഗുഡ് ഹോപ്പുമെല്ലാം കണ്ടെത്തുന്നത്.

എ.ഡി 1424ല്‍ യോങ്‌ലീ മരിച്ചതോടെ ഹോങ് ഷി ഭരണാധികാരിയായി. ഒരു വര്‍ഷം പോലും ഭരണം തികക്കാന്‍ കഴിയാതിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സെങ് ഹേക്ക് തന്റെ സഞ്ചാരം തുടരാനായില്ല. ഹോങ് ഷിക്ക് ശേഷം സോന്‍ദി അധികാരിയായതോടെയാണ് സെങ് ഹേ എ.ഡി 1426ല്‍ തന്റെ ആറാം യാത്രക്ക് തുടക്കം കുറിക്കുന്നത്. എ.ഡി 1431ലായിരുന്നു അവസാനത്തെ യാത്ര. ഈ യാത്രയില്‍ അദ്ദേഹം ഇരുപതോളം നാടുകള്‍ സന്ദര്‍ശിക്കുകയും തന്റെ കൂടെയുള്ള മുസ്‌ലിം നാവികര്‍ക്കൊപ്പം ഒരുവട്ടംകൂടി വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.

Also read: മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും

സെങ് ഹേ ചെന്നിടത്തെല്ലാം അവിടത്തെ നിവാസികളോട് സ്‌നേഹപൂര്‍വ്വം മാത്രം പെരുമാറി. യൂറോപ്യന്‍ നാവികരെപ്പോലെ വിധ്വംസകപ്രവൃത്തികള്‍ക്കോ കൂട്ടക്കുരുതികള്‍ക്കോ അദ്ദേഹം മുതിര്‍ന്നില്ല. ചെന്നിടങ്ങളിലെല്ലാം ഇസ്‌ലാമിന്റെ സംസ്ഥാപനവും വ്യാപനമായിരുന്നു സെങ് ഹേയുടെ ലക്ഷ്യം. തന്റെ യാത്രകളെക്കുറിച്ച് സെങ് ഹേ എഴുതി: ‘ഇളകിമറിയുന്ന സമുദ്രത്തില്‍ ഒരു ലക്ഷം മൈലിലധികം(ഏകദേശം 50,000 കിലോമീറ്റര്‍) ഞങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ആകാശത്തോളം മുട്ടിനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ കണക്കെയുള്ള തിരമാലകളെ ഞങ്ങള്‍ നേരിട്ടു. വിദൂരതയില്‍ നീല കലര്‍ന്ന പുകമറക്കുള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന ബര്‍ബേറിയന്‍ പ്രദേശങ്ങള്‍ വരെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്.’ നാന്‍ജിങ് പട്ടണത്തിലെ ചിത്ശി മലയടിവാരമായിരുന്നു തന്റെ അവസാനകാല ജീവിതത്തിനായി സെങ് ഹേ തിരഞ്ഞെടുത്തത്. അദ്ദേഹം അവിടെയൊരു പള്ളി നിര്‍മ്മിച്ചു. അറുപത്തിനാലാം വയസ്സില്‍(എ.ഡി 1435) മരിക്കുന്നത് വരെ പ്രകൃതി രമണീയമായ ആ ഭൂപ്രദേശത്തായിരുന്നു അദ്ദേഹം ജീവിച്ചത്. ഖബറടക്കപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി അവിടെയൊരു മഖ്ബറ പണിതിട്ടിട്ടുണ്ട്. നാവികപ്പടയുടെ ആചാര പ്രകാരം അദ്ദേഹത്തിന്റെ ശരീരം അവര്‍ കടലിലൊഴുക്കുകയാണുണ്ടായത്.

 

അവലംബം- islamonline.net

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker