Parenting

രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന കാര്യമെന്താണ്? അവരോടുള്ള സ്നേഹവായ്പും അനുസരണവും. അതിനെ കവച്ച് വെക്കുന്ന മറ്റൊന്നില്ല. നാം വളര്‍ത്തുന്ന മൃഗങ്ങള്‍ പോലും നമുക്ക് വേണ്ടി വാലാട്ടും. അവ ഉടമസ്ഥന് ചുറ്റും പ്രതിക്ഷണം ചെയ്യും. വീട്ടില്‍ മരണം പോലുള്ള ദു:ഖ സംഭവങ്ങള്‍ നടന്നാല്‍ അത് നമ്മോട് അനുഭാവം പ്രകടിപ്പിക്കും. ഭക്ഷണത്തോട് വിരക്തി കാണിക്കും.  ഇതൊക്കെ നാം വളര്‍ത്തുന്ന ഒരു മൃഗം കാണിക്കുന്ന സ്നേഹ വാല്‍സല്യങ്ങളും അനുസരണവുമാണെങ്കില്‍, മനുഷ്യമക്കള്‍ അവരുടെ രക്ഷിതാക്കളോട് എത്രമാത്രം കടപ്പെട്ടിരിക്കണം എന്ന് പറയേണ്ടതില്ല.

ഒരു സൂഫിക്കഥ വായിച്ചത് ഓര്‍മ്മ വരികയാണ്. പിതാവ് മരണപ്പെടുകയും പിന്നീട് അല്‍പ കാലം കഴിഞ്ഞ് അവരുടെ മാതാവും പരലോകംപ്രാപിച്ച ഒരു സൂഫിയുടെ കഥ.  വിരഹ ദു:ഖത്താല്‍ സങ്കടം അടക്കിനര്‍ത്താന്‍ കഴിയാതെ അദ്ദേഹം തേങ്ങി തേങ്ങി നിലവിളിക്കുകയായിരുന്നു. ഇത് കണ്ട ബന്ധു മിത്രാതികള്‍ ചോദിച്ചു: ക്ഷമയെ കുറിച്ചും സഹനത്തെ കുറിച്ചും നന്നായി മനസ്സിലാക്കിയ താങ്കളെ പോലുള്ള മഹാന്മാര്‍ ഇത്രയധികം ദു:ഖം പ്രകടിപ്പിക്കുന്നത് ശരിയണൊ?

Also read: സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍

ഇത് കേട്ട സൂഫി പറഞ്ഞു: എൻെറ മനസ്സിലുള്ള സ്വര്‍ഗ്ഗത്തിൻെറ രണ്ട് വാതിലുകളായിരുന്നു എൻെറ മാതാവും പിതാവും. പിതാവ് ആദ്യം വിടപറഞ്ഞതിലൂടെ സ്വര്‍ഗ്ഗത്തിലേക്കുള്ള എൻെറ ഒരു വാതില്‍ എന്നെന്നേക്കുമായി അടഞ്ഞ് പോയി. അതില്‍ ഞാന്‍ അങ്ങേയറ്റം ക്ഷമിച്ച് കഴിയുമ്പോഴിതാ സ്വര്‍ഗ്ഗത്തിലേക്കുള്ള എൻെറ രണ്ടാമത്തെ വാതിലും അടഞ്ഞിരിക്കുകയാണ്. എനിക്ക് സഹിക്കാന്‍ കഴിയുന്നതിലപ്പുറമായത് കൊണ്ട് കരഞ്ഞ് പോയതാ ..

സൂഫിയുടെ വാക്കുകള്‍ കേട്ട് ചുറ്റുംകൂടിയവര്‍ അല്‍ഭുതപരതന്ത്രരായിരിക്കെ ഒരാള്‍ പറഞ്ഞു:  അവര്‍ താങ്ങളെ സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. അവരുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗമെന്നല്ലേ പ്രവാചകന്‍ പഠിപ്പിച്ചത്.  ഇതോടെ സൂഫി സമാശ്വസിച്ചു.  ഒരു മകന്‍ തൻെറ രക്ഷിതാക്കളെ സ്നേഹിക്കുന്നതിൻെറ മാതൃക കണ്ട് കൂടിയിരുന്നവര്‍ അമ്പരന്നു.

വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല. ” നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക…….. (4:36 ). ജീവതത്തില്‍ ഒരുപക്ഷെ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും നമ്മുടെ രക്ഷിതാക്കളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജീവിത വിജയം നേടി എന്ന് നമുക്ക് നിര്‍വൃതികൊള്ളാം.  പ്രവാചകന്‍ പറഞ്ഞു: മൂന്ന് പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടും: മര്‍ദ്ദിതൻെറയും പിതാവിൻെറയും യാത്രക്കാരൻെറയും പ്രാര്‍ത്ഥനകള്‍. അവരുടെ പ്രാര്‍ത്ഥനകള്‍ ലഭിക്കാനുള്ള നല്ല മാര്‍ഗ്ഗമാണ് അവരെ സ്നേഹിക്കലും അനുസരിക്കലും.

Also read: സൂറത്തു ഖുറൈശില്‍ പറഞ്ഞ സാമൂഹിക സുരക്ഷാ പാഠങ്ങള്‍

രക്ഷിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിൻെറ പ്രായോഗിക രീതി എന്തായിരിക്കും? ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയുന്നതല്ല ആ ചോദ്യം.
അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ അറിയുക അത് പൂര്‍ത്തീകരിക്കുക. അവര്‍ ജീവിച്ചാലും മരിച്ചാലും അവര്‍ക്ക് നമ്മെ ആവശ്യമാണ്. നമുക്കവരേയും. പ്രാര്‍ത്ഥനയിലൂടെ,അവരുടെ കൂട്ടുകാരെ സന്ദര്‍ശിച്ച് , ദാനധര്‍മ്മങ്ങളിലൂടെ, മറ്റു അനേകം സുകൃതങ്ങളിലൂടെ നമുക്ക് ആ അദൃശ്യ ബന്ധം ശക്തിപ്പെടുത്താം.  എന്നാല്‍ അവരോട് അനുസരണക്കേട് കാണിച്ചാലൊ നരഗത്തിലേക്കുള്ള വഴി തുറന്ന് കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

Facebook Comments

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker