Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഓറിയന്റലിസ്റ്റ് സ്വാധീനം

ഓറിയന്റലിസം: കിഴക്കിന്റെ നാഗരികത, അവിടങ്ങളിലുള്ള മതങ്ങള്‍, സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍, ഭാഷകള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രീയ, ബൗദ്ധിക, രാഷ്ട്രീയ, സാമ്പത്തിക, പാശ്ചാത്യ പ്രവണതയാണ് ഓറിയന്റലിസം. കിഴക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രത്യേകിച്ച് ഇസ്‌ലാമിക ലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഓറിയന്റലിസം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഓറിയന്റലിസ്റ്റ് പ്രസ്ഥാനം ഒരേ സമയം പൊസിറ്റീവും നെഗറ്റീവുമായ ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ നെഗറ്റീവ് വശങ്ങളെയാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ കൂടുതല്‍ പഠന വിധേയമാക്കിയിട്ടുള്ളത്. ദൈവിക ബോധനം, ഇസ്‌ലാമിക നിയമസംഹിത, കര്‍മ്മശാസ്ത്രം എന്നിവയുടെ ആധികാരികതയെ അവ ചോദ്യം ചെയ്യുന്നുവെന്നും വെല്ലുവിളിക്കുന്നുവെന്നും റോമില്‍ നിന്ന് ഉത്ഭവിച്ച ഈ പ്രസ്ഥാനം കലഹത്തിലൂടെ രാഷ്ട്രത്തെ തകര്‍ക്കാന്‍ വേണ്ടി രൂപപ്പെട്ടതാണെന്നുമാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതിനെക്കുറിച്ച് പറഞ്ഞത്.

ഓറിയന്റലിസത്തിന്റെ നെഗറ്റീവ് ഫലങ്ങള്‍ക്കപ്പുറം അതിന്റെ പൊസിറ്റീവ് ഫലങ്ങളെക്കുറിച്ച് പഠിക്കാനോ ചര്‍ച്ച ചെയ്യാനോ നിര്‍ഭാഗ്യവശാല്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ശ്രമിച്ചില്ല. ഇസ്‌ലാമിക ചിന്തയില്‍ ഓറിയന്റലിസത്തിന്റെ അപകടകരവും ഗൗരവതരവുമായ സ്വാധീനത്തെക്കുറിച്ച് നാം വ്യാകുലരാകുന്നു. എന്നാല്‍, പാശ്ചാത്യ ചിന്തയില്‍ ഇസ്‌ലാമിനുണ്ടായ സ്വാധീനത്തെക്കുറിച്ച് നാമൊരിക്കലും അന്വേഷിക്കുകയോ പഠിക്കുകയോ ചെയ്തില്ല. അത് പലവിധത്തില്‍ ക്രിയാത്മകവും പ്രയോജനകരവുമായിട്ടുണ്ട്:

Also read: ഖിബ്‌ലയെ സംബന്ധിക്കുന്ന ആധുനിക വിഷയങ്ങള്‍

1 പാശ്ചാത്യന്‍ നാടുകളിലേക്കുള്ള ഇസ്‌ലാമിക, കിഴക്കന്‍ ജ്ഞാനത്തിന്റെ പ്രസരണത്തിന് ഓറിയന്റലിസവും ഒരു കാരണമായിട്ടുണ്ടെന്നത് വാസ്തവം തന്നെയാണ്. മുസ്‌ലിം മതഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തുന്നതോടൊപ്പം ഒരുപാട് ഇസ്‌ലാമിക ശാസ്ത്ര ഗ്രന്ഥങ്ങളും പാശ്ചാത്യന്‍ ഭാഷകളിലേക്ക് അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പാശ്ചാത്യന്‍ നാടുകളിലെ ശാസ്ത്ര നവോത്ഥാനത്തിന് കാരണമായത് മുസ്‌ലിം ശാസ്ത്ര ഗ്രന്ഥങ്ങളാണ്. അഥവാ, പാശ്ചാത്യന്‍ നാടുകളുടെ ശാസ്ത്ര നവോത്ഥാനത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ക്കും യൂറോപ്യന്‍ ഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്ത ഓറിയന്റലിസത്തിനും ഉദാത്തമായ പങ്കുണ്ടെന്നര്‍ത്ഥം. ചില സമയങ്ങളില്‍ പാശ്ചാത്യ ജീവിത ശൈലിയെത്തന്നെ നിയന്ത്രിച്ചു പോന്നിരുന്നത് ഓറിയന്റലിസത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ജ്ഞാനമായിരുന്നു. യൂറോപ്പിന്റെ നവോത്ഥാനത്തിന് മുമ്പ് ഓറിയന്റലിസ്റ്റുകള്‍ വിവര്‍ത്തനം ചെയ്ത ഇസ്‌ലാമിക ശാസ്ത്ര ഗ്രന്ഥങ്ങളാണ് യൂറോപ്പിന്റെ നവോത്ഥാനത്തിലേക്കും അതിനുശേഷമുണ്ടായ അവരുടെ ശാസ്ത്ര മേഖലയിലെ കുതിപ്പിനും കാരണമായത്. യൂറോപ്പ് കണ്ടെത്തുന്ന പുതിയ ടെക്‌നോളജിയെല്ലാം ഇസ്‌ലാമിക ജ്ഞാനത്തിലൂടെയാണെന്നത് യൂറോപ്യന്‍ ജനതയെക്കാള്‍ മുസ്‌ലിംകള്‍ എത്ര ശ്രേഷ്ഠരായിരുന്നുവെന്നും യൂറോപ്പിന്റെ നവോത്ഥാനത്തെക്കാള്‍ എത്ര സുന്ദരമായിരുന്നു ഇസ്‌ലാമിന്റെ നവോത്ഥാനവും സംസ്‌കാരവുമെന്നും വ്യക്തമാക്കിത്തരുന്നുണ്ട്.

2 ഇബ്‌നു സീന, അല്‍കിന്‍ദി, ഫാറാബി എന്നിവരെപ്പോലെയുള്ളവരുടെ ഫിലോസഫിക്കല്‍ വര്‍ക്കുകളും മുഅതസിലികള്‍ക്കെതിരെ എഴുതിയ പോളിമിക് ഗ്രന്ഥങ്ങളും കൂടാതെ ബൗദ്ധിക സിദ്ധാന്തങ്ങളിലും ഇല്‍മുല്‍ കലാമിലുമുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ മതചിന്തകളെ ഓറിയന്റലിസ്റ്റുകള്‍ വിവത്തനം ചെയ്യാന്‍ തയ്യാറായത് പാശ്ചാത്യന്‍ ചിന്തകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇബ്‌നു റുഷ്ദിന്റെ അല്‍മദ്‌റസത്തുല്‍ റുഷ്ദിയയെല്ലാം ഉണ്ടാകുന്നത് അങ്ങനെയാണ്. ഇബ്‌നു റുഷ്ദിന് ശേഷം വന്നവരെല്ലാം അദ്ദേഹത്തിന്റെ ഫിലോസഫിയെയും അത് വിശദീകരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച രീതിശാസ്ത്രത്തെയുമാണ് പിന്തുടര്‍ന്നത്. ജൂതക്രൈസ്തവ മതചിന്തയുടെ വികാസത്തിലേക്ക് നയിച്ച വിവിധ ഓറിയന്റലിസ്റ്റ് ഗവേഷണങ്ങളെക്കുറിച്ച് പരാമര്‍ശിക്കേണ്ടതില്ല. എന്നിട്ടല്ലേ, വിശ്വാസം ശക്തപ്പെടുത്തുന്നതിലും അത് രൂപപ്പെടുത്തുന്നതിലും അവര്‍ക്കുണ്ടായ വിശ്വാസപരമായ നേട്ടത്തെക്കുറിച്ച് പറയുന്നത്. പാശ്ചാത്യര്‍ മതവിമര്‍ശനം പോലും പഠിക്കുന്നത് ഇസ്‌ലാമില്‍ നിന്നാണ്. യഹൂദമതവും ക്രിസ്തുമതവും അവരുടെ ഇസ്‌ലാമിക വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ സ്വന്തം വിശ്വാസങ്ങളെത്തന്നെ പുനര്‍വിചന്തനം ചെയ്തു. മത പരിഷ്‌കാരങ്ങള്‍ ഇസ്‌ലാമിക വിമര്‍ശനത്തിന്റെ പ്രതികരണമായി ഉണ്ടായതായിരുന്നു. യഹൂദമതത്തിലുണ്ടായ ഖുര്‍ആന്‍, സമിരിയന്‍ പരിഷ്‌കാരങ്ങളും ജൂത ഓര്‍ത്തോഡക്‌സ് പ്രതികരണങ്ങളും അവര്‍ക്കിടയിലുണ്ടായ യഥാര്‍ത്ഥ ഇസ്‌ലാമിക സ്വാധീനത്തെ വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, ആദ്യകാലങ്ങളില്‍ തന്നെ ലാറ്റിന്‍ ഭാഷയിലേക്കും ആധുനിക യൂറോപ്യന്‍ ഭാഷകളിലേക്കും ഓറിയന്റലിസ്റ്റുകള്‍ വിവര്‍ത്തനം ചെയ്ത ജൂതക്രൈസ്തവ മതഗ്രന്ഥങ്ങളുടെ ഖുര്‍ആനിക വിമര്‍ശനവും മുസ്‌ലിം പണ്ഡിതന്മാരുടെ വിമര്‍ശന ഗ്രന്ഥങ്ങളും അവരില്‍ തന്നെ ബൈബിളിക്കല്‍ ക്രിറ്റിസിസം(ബൈബിള്‍ വിമര്‍ശനം) എന്ന വിമര്‍ശന പ്രസ്ഥാനങ്ങളെ രൂപപ്പെടുത്തി. ഇതിനെക്കുറിച്ച് ജര്‍മന്‍ ഓറിയന്റലിസ്റ്റും ബൈബിള്‍ ക്രിറ്റിസിസം മൂവ്‌മെന്റിന്റെ ഉപജ്ഞാതാവുമായ ജൂലിയസ് ഫിലോസന്‍ പഠനം നടത്തിയിട്ടുണ്ട്.

Also read: നേര്‍ച്ച ചെയ്തതില്‍നിന്ന് ഭക്ഷിക്കാമോ?

3 പാശ്ചാത്യ സാഹിത്യവും കലകളും കിഴക്കന്‍ രീതികളെ പരിചയപ്പെട്ടത് ഓറിയന്റലിസ്റ്റുകളിലൂടെയാണ്. ഇസ്‌ലാമിക സാഹിത്യങ്ങളും കലാസൃഷ്ടികളും ഓറിയന്റലിസ്റ്റുകള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ പശ്ചിമേഷ്യന്‍ വിഷയങ്ങളിലും കലകളിലും സാഹിത്യത്തിലും തല്‍പരരായ പാശ്ചാത്യന്‍ എഴുത്തുകാരെയത് നന്നായി സ്വാധീനിച്ചിട്ടുണ്ട്. കിഴക്കിലെ കലകളെയും സാഹിത്യങ്ങളെയും അവയുടെ രീതികളെയും കൈകൊണ്ടാണ് യൂറോപ്പില്‍ കലാസാഹിത്യ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. ആയിരത്തൊന്ന് രാവുകള്‍(അല്‍ഫു ലയ്‌ലത്തുന്‍ വലയ്‌ല) പോലോത്ത പശ്ചിമേഷ്യന്‍ നാടോടിക്കഥകളും മൃഗ കഥയായ കലീലയും ദിംനയും(കലീല വ ദിംന) തുടങ്ങിയവയെല്ലാം പാശ്ചാത്യന്‍ സാഹിത്യത്തെയും കലയെയും സ്വാധീനിച്ച കൃതികളില്‍ പെട്ടതാണ്.

ഉപസംഹാരം: ഇവിടെ സൂചിപ്പിച്ച യൂറോപ്യന്‍ സ്വാധീനങ്ങളെല്ലാം അല്‍പം മാത്രമാണ്. വ്യത്യസ്തമായ ഇസ്‌ലാമിക് കലാസൃഷ്ടികളെ ഓറിയന്റലിസ്റ്റുകള്‍ വിവര്‍ത്തനം ചെയ്യുകയും അതിനെക്കുറിച്ച് ഗഹനമായ പഠനം നടത്തുകയും മറ്റിടങ്ങളിലെല്ലാം അതിനെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതാണ് അതിന് നിമിത്തമായത്. അതാണ് യൂറോപ്യന്‍ ചിന്തകളെ ഉണര്‍ത്തിയതും അവര്‍ക്കടിയില്‍ ഇസ്‌ലാമിനെ സജീവമാക്കി നിലനിര്‍ത്തിയതും.

അവലംബം- islamonline.net

Related Articles