Your Voice

മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും

സോഷ്യല്‍ മീഡിയയിലും കേരളത്തിലെ പ്രസംഗവേദികളിലും ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് മൗദൂതി. ജമാഅത്തെ ഇസ്‌ലാമി രാഷ്ടീയ സാമൂഹിക രംഗത്ത് ശ്രദ്ധേയമായ എന്തെങ്കിലും ഇടപെടല്‍ നടത്തുമ്പോഴൊക്കെ, ജമാഅത്ത് വിമര്‍ശകര്‍ മൗദൂദിയെയും മതരാഷ്ട്രവാദത്തെയും പൊക്കിക്കൊണ്ടുവരും. പൗരത്വ പ്രക്ഷോഭത്തിലെ ജമാഅത്തിന്റെ പങ്കാളിത്തമാണ് ഇപ്പോഴത്തെ മൗദൂദി വിരുദ്ധ കാമ്പയിന്റ പ്രകോപനം. സി.പി.എമ്മും അവരെ അനുകൂലിക്കുന്ന ചില ഇടതു, ലിബറല്‍ ബുദ്ധിജീവികളുമാണ് ഈ കാമ്പയിന് നേതൃത്വം നല്‍കുന്നത്. പ്രക്ഷോഭത്തില്‍ മറുവശത്ത് സംഘ് പരിവാര്‍ ആയത് കൊണ്ട്, മൗദൂദിയെ ഗോള്‍വാള്‍ക്കറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പ്രചാരണങ്ങള്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ദല്‍ഹിയിലെ കാമ്പസുകളില്‍ ഒരു വിഭാഗം മുസ്‌ലിം, ദലിത് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പോലും പാറ്റന്റ്, അവിഭക്ത ഇന്ത്യയില്‍ ജനിച്ച്, വിഭജനാനന്തരം പാക്കിസ്ഥാനില്‍ ജീവിച്ച്, 1979 ല്‍ മരണമടഞ്ഞ മൗദൂദിക്കാണ്!

1941 ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പിറന്നുവീണതും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ സ്വതന്ത്രമായ നയപരിപാടികളോട് കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സംഘടനയെ വിമര്‍ശിക്കാന്‍ എതിരാളികളുടെ കൈയിലുള്ളത് അതിന്റെ സ്ഥാപകനേതാവായ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ചില ഉദ്ധരണികള്‍ മാത്രമാണ് എന്നത് രസാവഹമല്ലെ? സ്വതന്ത്ര ഇന്ത്യയോളം പഴക്കമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ നിന്ന് ഭരണഘടനാ വിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ ആയ ഒന്നും അവര്‍ക്ക് ചൂണ്ടിക്കാണിക്കാനില്ല. സംഘ് പരിവാറിന്റെ മുസ്‌ലിം പതിപ്പായി ജമാഅത്തിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന വിമര്‍ശകര്‍ക്ക് സംഘ്പരിവാര്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെയും ഹിംസാത്മകതയുടെയും ഒരു ചെറിയ ലാഞ്ചനയെങ്കിലും ജമാഅത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ഈ വസ്തുത ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിന് വിമര്‍ശകര്‍ മറുപടി പറയുക ഇതൊക്കെ ജമാഅത്തുകാരുടെ അടവുനയമാണെന്നാണ്. എത്ര കാലമാണ് ഒരു സംഘടനയും അതിന്റെ മുഴുവന്‍ പ്രവര്‍ത്തകരും ഇങ്ങനെ മുഖം മൂടി അണിഞ്ഞു നടക്കുക? വല്ലപ്പോഴും സമൂഹത്തിന്റെ മുമ്പില്‍ അത് അഴിഞ്ഞു വീഴാത്തതെന്ത്?

Also read: രക്ഷിതാക്കളോടുള്ള സ്നേഹം ആഴമേറിയതാവണം

മൗദൂദി എന്നല്ല ഏത് ചിന്തകനെയും ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം. വിമര്‍ശനത്തില്‍ ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തണം എന്ന് മാത്രം. പാക്കിസ്ഥാനിലെ മുനീര്‍ കമ്മീഷന്‍ എഴുതിവെച്ച നുണകളും മൗദൂദിയുടെ പുസ്തകങ്ങളില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഉദ്ധരണികളും മാത്രമാണ് ഇന്നും കേരളത്തിലെ മൗദൂദി വിമര്‍ശകരുടെ അവലംബം. അറിയപ്പെടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും ആധികാരികമായ ഒരു തെളിവും കൂടാതെയാണ് മൗദൂദിയെക്കുറിച്ച് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പാക്കിസ്ഥാനില്‍ ജീവിച്ച മൗദൂദിയെക്കുറിച്ച് എന്ത് നുണ പറഞ്ഞാലും പൊതുബോധം അത് സ്വീകരിച്ചു കൊള്ളും എന്ന മുന്‍വിധിയാണ് ഇവരെ നയിക്കുന്നത് എന്ന് തോന്നുന്നു. ഇസ്‌ലാമിക ചിന്തകനും പരിഷ്‌കര്‍ത്താവുമായി ലോകം അംഗീകരിച്ച ഒരു ധിഷണാശാലിയെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്തകളെയും ആശയങ്ങളെയും അദ്ദേഹം ജീവിച്ച സാഹചര്യത്തില്‍ നിന്നു കൊണ്ട് സമഗ്രമായി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ രീതി. പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി ബുദ്ധിജീവികളും ഗ്രന്ഥകാരന്‍മാരും ഈ രീതിയില്‍ മൗദൂദിയെ പഠനവിധേയമാക്കിയിട്ടുണ്ട്. പക്ഷേ നമ്മുടെ നാട്ടിലെ ഇത്തിരി പോന്ന ബുദ്ധിജീവികള്‍ക്ക് ഇതിനൊക്കെ എവിടെയാണ് നേരം? മൗദൂദിയുടെ ഒരു പുസ്തകം പോലും മുഴുവന്‍ വായിക്കാതെയാണ് ഏതോ വിമര്‍ശകര്‍ എഴുതി വെച്ച ആരോപണങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങി ഇവര്‍ സോഷ്യല്‍ മീഡിയയിലും പൊതു വേദികളിലും ഛര്‍ദ്ദിച്ചു കൊണ്ടിരിക്കുന്നത്.

Also read: ചെങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

അവിഭക്തഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടന സ്ഥാപിച്ചത് മൗദൂദിയാണ്. വിഭജനത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് പോയ മൗദൂദിക്ക് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തില്‍ പങ്കില്ല. വിഭജനത്തിന് തൊട്ടുമുമ്പ് മദ്രാസില്‍ ജമാഅത്ത് പ്രവര്‍ത്തകരെ അഭിമുഖീകരിച്ചു കൊണ്ട് ചെയ്ത ഒരു പ്രസംഗത്തില്‍ വിഭജനാനന്തരം ഇന്ത്യയില്‍ ജമാഅത്ത് സ്വീകരിക്കേണ്ട പ്രവര്‍ത്തന ശൈലി എന്തായിരിക്കണം എതിനെക്കുറിച്ച പൊതുവായ ചില നിര്‍ദേശങ്ങള്‍ മൗദൂദി മുന്നോട്ട് വെക്കുന്നുണ്ട്. സമാധാനപരമായ ആശയ പ്രചാരണത്തില്‍ ജമാഅത്ത് ശ്രദ്ധയൂന്നണം എന്നാണ് ആ പ്രസംഗത്തില്‍ പറയുന്നത്. ഇതല്ലാതെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിലോ നയപരിപാടികളിലോ മൗദൂദി ഒരു ഇടപെടലും നടത്തിയതായി അറിവില്ല. മൗദൂദിയുടെ ആശയങ്ങള്‍ക്കു് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നയനിലപാടുകളില്‍ ഒരു സ്വാധീനവുമില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. ജമാഅത്തിന്റെ നിലപാടുകള്‍ മൗദൂദിയുടെ നിലപാടുകളായിരുന്നു എന്ന് പറയാന്‍ കഴിയാത്ത വിധം സ്വതന്ത്രവും പരിവര്‍ത്തന വിധേയവുമായിരുന്നു. ഉദാഹരണത്തിനു്, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഇത് മൗദൂദി ചിന്തകളുടെ സ്വാധീനഫലമായിട്ടായിരുന്നു എന്നാണ് മനസ്സിലാക്കപ്പെട്ടത്. എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് ഹജ്ജ് വേളയില്‍ മക്കയില്‍ വെച്ചുള്ള ഒരു കൂടിക്കാഴ്ചയില്‍ ഒരു ജമാഅത്ത് നേതാവ് മൗദൂദിയോട് വ്യക്തിപരമായി അഭിപ്രായം ആരാഞ്ഞപ്പോള്‍ ഇന്ത്യയിലെ ജനാധിപത്യ പ്രകിയയില്‍ പങ്കെടുക്കുന്നതിനെ അനുകൂലിച്ച് കൊണ്ടായിരുന്നു മൗദൂദിയുടെ മറുപടി. മൗദൂദി ജനാധിപത്യ വ്യവസ്ഥയെ താത്വികമായും പ്രായോഗികമായും നിരാകരിച്ചിരുന്നു എന്ന വിമര്‍ശനത്തിന് മറുപടി കൂടിയാണ് ഈ സംഭവം.

പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ അടിത്തറ മൗദൂദിയുടെ ചിന്തകളാണെന്ന് അതിന്റെ ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ല. ഖുര്‍ആനും പ്രവാചക ചര്യയും (സുന്നത്ത്) ആണ് ജമാഅത്തിന്റെ ആദര്‍ശാടിത്തറ നിര്‍ണയിക്കുത് എന്നാണ് ഭരണഘടന പറയുന്നത്. ഖുര്‍ആന്റെയും സുന്നത്തിന്റെയും പൂര്‍വികരായ പണ്ഡിതന്മാര്‍ അവയ്ക്ക് നല്‍കിയ വിശദീകരണങ്ങളുടെയും വെളിച്ചത്തില്‍ ഇസ്‌ലാമിനെ ആധുനിക കാലത്തിന്റെ ഭാഷയില്‍ അവതരിപ്പിച്ചു എന്നതാണ് മൗദൂദിയുടെ പ്രത്യേകത. ഇസ്‌ലാമിനെക്കുറിച്ച മൗദൂദിയുടെ നിലപാടുകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ പഠന ഗവേഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍, കഴിവും യോഗ്യതയുമുള്ള ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളെ വിമര്‍ശന വിധേയമാക്കാം. ജമാഅത്തിലെ പണ്ഡിതന്മാര്‍ ഉള്‍പ്പെടെ പലരും അത് ചെയ്തിട്ടുമുണ്ട്. ജമാഅത്തിനകത്തെ പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മൗദൂദിയുടെ ചിന്തകളെക്കുറിച്ച് പരസ്പര ഭിന്നമായ അഭിപ്രായങ്ങള്‍ രൂപീകരിക്കാം. ഇത്തരത്തിലുള്ള ചര്‍ച്ചകളും സംവാദങ്ങളും പ്രസ്ഥാനത്തിനകത്ത് നടന്നുവരുന്നു മുണ്ട്. നബിയുടെ ഏറ്റവുമടുത്ത അനുചരന്മാരായ ഖലീഫമാരെപ്പോലും വിമര്‍ശനവിധേയമാക്കിയ മൗദൂദിക്ക് താന്‍ വിമര്‍ശനാതീതനാണ് എന്ന നിലപാട് ഒരിക്കലും ഉണ്ടായിരുന്നില്ല. മൗദൂദിയുടെ സമകാലികരായ അബുല്‍ഹസന്‍ അലി നദ്‌വി, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി തുടങ്ങിയ ഉന്നതശീര്‍ഷരായ പണ്ഡിതന്മാര്‍ മൗദൂദിയുടെ പല നിലപാടുകളോടും വിയോജിക്കുകയും അവരുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനോടൊക്കെ വളരെ സഹിഷ്ണുതാപരമായ നിലപാടാണ് മൗദൂദി സ്വീകരിച്ചത്. തന്നെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായ അധികാരമുണ്ട് എന്ന് വിശ്വസിച്ചതു കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന കാര്യത്തില്‍ പോലും അദ്ദേഹം ഉദാസീനനായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

Also read: സമയം വിലയറിഞ്ഞു വേണം ചെലവഴിക്കാന്‍

സ്ഥാപക നേതാവിന്റെ ചിന്തകളെയും ആശയങ്ങളെയും അതേപടി പിന്തുടര്‍ന്നു കൊണ്ടല്ല ഒരു പ്രസ്ഥാനം മുന്നോട്ടു പോവുക. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് ചിന്താപരവും നയപരവുമായ വികാസം ആര്‍ജിക്കുന്നില്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനും മുന്നോട്ട് നീങ്ങാന്‍ സാധ്യമല്ല. ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചിന്താപരമായ ഈ നവീകരണത്തിന്റെ അടിത്തറ നേരത്തെ സൂചിപ്പിച്ചത് പോലെ ഖുര്‍ആനും സുന്നത്തും ആണ്. അവയെ അവലംബിച്ചു കൊണ്ട് ലോകത്തുടനീളമുള്ള ഇസ്‌ലാമിക ചിന്തകന്മാരും പണ്ഡിതന്മാരും പുതിയ ചിന്തകളും ആശയങ്ങളും വികസിപ്പിച്ചു കൊണ്ടിരിക്കും. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയുടെ ബഹുസ്വരസാമൂഹിക പരിസരത്ത് പ്രസക്തമായ ചിന്തകളും നയങ്ങളും നിലപാടുകളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ വികസിപ്പിച്ചെടുക്കുന്നതിനാണ് ഇന്ത്യയില്‍ ഇസ്‌ലാമിക പ്രസ്ഥാനം ഊന്നല്‍ നല്‍കുക. അതിന് സഹായകമായ അറിവുകളും ആശയങ്ങളും എല്ലാ സ്രോതസ്സുകളില്‍ നിന്നും അത് കണ്ടെത്താന്‍ ശ്രമിക്കും. ഇസ്‌ലാമിക പണ്ഡിതന്മാരുടെ ചിന്തകളെ മാത്രമല്ല, ആധുനികവും ആധുനികോത്തരവുമായ സാമൂഹിക രാഷ്ട്രീയ ചിന്തകളെയും അതിനു വേണ്ടി ഉപയോഗപ്പെടുത്തും. ജമാഅത്തെ ഇസ്‌ലാമിയുടെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിച്ചാല്‍ വൈവിധ്യമാര്‍ന്ന ചിന്തകളുടെയും ആശയങ്ങളുടെയും ഒരു ലോകം അവിടെ കണ്ടെത്താന്‍ സാധിക്കുന്നത് അത് കൊണ്ടാണ്.

മൗദൂദി ഉള്‍പ്പെടെയുള്ള എല്ലാ ഇസ്‌ലാമിക ചിന്തകരെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക്, മൗദൂദിക്കെതിരെ ഉയിക്കപ്പെടുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറയാന്‍ ബാധ്യതയില്ല എന്നാണ് പറഞ്ഞു വന്നതിന്റെ ചുരുക്കം. വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമായ വിമര്‍ശനങ്ങള്‍ക്ക് മറുപടികള്‍ നല്‍കേണ്ടി വരുന്നത്, അവ ജമാഅത്തിനെ പൊതു സമൂഹത്തിന് മുമ്പില്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വം ഉന്നയിക്കപ്പെടുന്നതായത് കൊണ്ടാണ്. മൗദൂദിയുടെ കൃതികള്‍ സത്യസന്ധതയോടെ വായിക്കുന്ന ഒരാള്‍ക്ക് അദ്ദേഹത്തെ ഗോള്‍വാള്‍ക്കറുമായി താരതമ്യം ചെയ്യാന്‍ സാധ്യമല്ല. കാരണം വംശീയതയെയും ഭ്രാന്തമായ ദേശീയതയെയും അത്രമേല്‍ ശക്തമായി മൗദൂദി എതിര്‍ത്തിട്ടുണ്ട്. ഗോള്‍വാള്‍ക്കര്‍ ജര്‍മന്‍ വംശീയ ദേശീയതയെ വാഴ്ത്തുമ്പോള്‍ ഹിറ്റ്‌ലറുടെ ആര്യവംശ മേല്‍ക്കോയ്മാവാദത്തെ നിശിതമായി വിമര്‍ശിക്കുകയാണ് മൗദൂദി ചെയ്തിട്ടുള്ളത്. (മസ്അലെ ഖൗമിയ്യത്ത്: 1941). പടിഞ്ഞാറന്‍ മോഡേണിറ്റിയുടെ അടിസ്ഥാനാശയങ്ങളായ ജനാധിപത്യം, മതേതരത്തം, ദേശീയവാദം എന്നിവയെ മൗദൂദി വിമര്‍ശിക്കുന്നത് ഏത് പ്രതലത്തില്‍ നിന്നു കൊണ്ടാണെന്ന് മനസ്സിലാവണമെങ്കില്‍ മൗദൂദിയുടെ പഠാന്‍കോട്ട് പ്രസംഗം ഒരാവര്‍ത്തിയെങ്കിലും വായിച്ചു നോക്കണം. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മുപ്പത് പേജ് മാത്രമുള്ള ഒരു പുസ്തകമായി മലയാളത്തില്‍ ഇപ്പോഴും അത് വായിക്കാന്‍ കിട്ടും). സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അംഗീകരിച്ച ഭരണഘടനയെയോ അത് മുന്നോട്ടു വെക്കുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെയോ മുന്നില്‍ നിര്‍ത്തിയല്ല മൗദൂദി ജനാധിപത്യത്തെയും മതേതരത്തത്തെയും വിമര്‍ശിക്കുന്നതെന്ന് ഈ പുസ്തകം സൂക്ഷ്മമായി വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. മുനീര്‍ കമ്മീഷന്റെ നുണകള്‍ ഏറ്റെടുത്ത് ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം വരുന്നതിന് മൗദൂദി അനുകൂലമായിരുന്നു എന്ന് വാദിക്കുവര്‍ മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്രസകല്‍പവും സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രവും തമ്മിലുള്ള അന്തരം പഠിച്ച് തന്നെ മനസ്സിലാക്കണം. മതരാഷ്ട്രം എന്ന ഒരേയൊരു സംവര്‍ഗം കൊണ്ട് സംഘപരിവാറിന്റെയും മൗദൂദിയുടെയും ജിന്നയുടെയും രാഷ്ട്രസങ്കല്‍പങ്ങളെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാവാന്‍ പ്രയാസമാണ്. ദേശരാഷ്ട്രം, തുല്യപൗരത്വം തുടങ്ങിയ ആധുനിക പരികല്‍പനകള്‍ പരിഗണിച്ചു കൊണ്ടല്ല മൗദൂദി തന്റെ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പം മുന്നോട്ട് വെച്ചത് എന്നത് ശരിയാണ്. ജീവിച്ചിരിക്കുന്ന പല ഇസ്‌ലാമിക ചിന്തകരും ഈ വിഷയത്തില്‍ മൗദൂദിയെ ശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഇതൊക്കെയാണെങ്കില്‍ തന്നെയും മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പത്തില്‍ അമുസ്‌ലിംകളുടെ ജീവനും സ്വത്തും വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്തം ഇസ്‌ലാമിക ഭരണകൂടത്തിനുണ്ട്. മുഹമ്മദ് നബിക്ക് ശേഷം പ്രവാചകനുണ്ട് എന്ന് വിശ്വസിക്കുകയും മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയെ പ്രവാചകനായി സ്വീകരിക്കുകയും ചെയ്യുക വഴി ഇസ്‌ലാമില്‍ നിന്നും പുറത്തുപോയ അഹ്മദിയാ വിഭാഗത്തെ, പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായി പരിഗണിച്ച് അവരുടെ അവകാശങ്ങള്‍ നല്‍കണം എന്നാണ് മൗദൂദി വാദിച്ചത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ പൗരത്വം പോലും നിഷേധിക്കാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഏകസിവില്‍കോഡിലൂടെ അവരുടെ മതപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘ്പരിവാറിന്റെ രാഷ്ട്ര സങ്കല്‍പവുമായി ഇതിന് എന്ത് താരതമ്യമാണുള്ളത്?

Also read: സൂറത്തു ഖുറൈശില്‍ പറഞ്ഞ സാമൂഹിക സുരക്ഷാ പാഠങ്ങള്‍

രാജ്യവ്യാപകമായി പൗരത്വ പ്രക്ഷോഭം അരങ്ങേറുമ്പോള്‍ മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്രസകല്‍പം ചര്‍ച്ചയാക്കുന്നതിന്റെ സാംഗത്യമെന്ത് എന്നാണ് നാം ചോദിക്കേണ്ട ചോദ്യം. സി.പി.എം ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോവുകയാണെങ്കില്‍, മാര്‍ക്‌സിന്റെ രാഷ്ട്രസങ്കല്‍പത്തിലേക്കും ലോകത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രത്തിലേക്കും, ഇന്ത്യന്‍ ഭരണഘടനയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടുമുള്ള കമ്യൂണിസ്റ്റ് മര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തിലേക്കുമൊക്കെ അത് വികസിപ്പിക്കണം. ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രം എന്ന യഥാര്‍ത്ഥ വെല്ലുവിളിയുടെ മറുപുറത്ത് ഇസ്‌ലാമിക രാഷ്ട്രം എന്ന സാങ്കല്‍പിക ഭീഷണി ഉയര്‍ത്തിക്കൊണ്ട് വന്ന്, അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന ഒരു സമുദായത്തെയും അതിലെ സംഘടനകളെയും ഇനിയും പരിഹസിച്ചു കൊണ്ടിരിക്കരുത്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker