Current Date

Search
Close this search box.
Search
Close this search box.

ചങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

മൂന്നര വയസ്സോടെ ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ച ഏതാണ്ട് പൂർത്തിയാകും എന്ന് പറഞ്ഞല്ലോ. ആ മൂന്നര വർഷം വളരെ പെട്ടെന്നാണ് തലച്ചോറിന്റെ വികാസം നടക്കുന്നത്. പൂജ്യം മുതൽ ഏഴു വയസ്സു വരെയുള്ള കാലഘട്ടമാണ് കുഞ്ഞിലെ വ്യക്തിത്വത്തിന് അടിത്തറ പാകപ്പെടുന്നത്, അതിന്റെ രൂപീകരണം (formation) നടക്കുന്നത്. ഒരു വ്യക്തിത്വം എങ്ങനെയുള്ളത് ആവണം, അവരുടെ അഭിരുചികൾ താൽപര്യങ്ങൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നത് ഈ കാലഘട്ടത്തിൽ ആണ്. ഉദാഹരണത്തിന്: ഒരാളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത വിജയം എല്ലാം ഒരു വ്യക്തിത്വത്തെ നിർണ്ണയിക്കാനുള്ള ഘടകങ്ങൾ ആണല്ലോ, വേണ്ടവിധം പോഷകഹാരങ്ങൾ നൽകി ശാരീരിക ആരോഗ്യവും, നല്ല ശീലങ്ങളും ചിന്തകളും ജീവിതത്തോടുള്ള പൊസിറ്റിവ് ആയ സമീപനവുംകൊണ്ട് മാനസിക ആരോഗ്യവും നൽകി വളർത്തിയിട്ടുണ്ടെങ്കിൽ ഭാവിയിൽ കുഞ്ഞുങ്ങൾക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല.

ഇതുവരെ സ്വന്തം യുക്തിയും ബുദ്ധിയും വെച്ച് കാര്യങ്ങളെ വിലയിരുത്താനും പഠിക്കാനും ചുറ്റുപാടുകളെ അടുത്തറിയാനും മാത്രം അറിഞ്ഞിരുന്ന കുഞ്ഞുങ്ങൾ ഏഴ് വയസ്സിനോട് അടുത്ത് സ്വന്തം ശരിയും തെറ്റും കണ്ടെത്താനും ശരിതെറ്റുകളെ വിവേചിച്ചറിയാനും സെൻസ് ചെയ്യാനും തുടങ്ങുന്നു. അതുവരെ താൻ ചിന്തിക്കുന്നതും ചെയ്യുന്നതും പറയുന്നതും എന്ത് എന്നതിനെക്കുറിച്ചൊന്നും കുഞ്ഞ് ആകുലപ്പെട്ടിരുന്നില്ല. പക്ഷെ വിവേകബുദ്ധി നേടിയെടുക്കുമ്പോഴും മാതാപിതാക്കൾ അതുവരെ നൽകിപോന്ന ഗൈഡൻസ്, അതിന്റെ നിലവാരം അത് തന്നെയാണ് കുഞ്ഞിന് ശരിയും തെറ്റും കണ്ടെത്താനുള്ള മനദണ്ഡമായി തൽക്കാലം അവരിൽ വർത്തിക്കുന്നത്. കൂടാതെ ചുറ്റുപാടിൽ നിന്നും (സ്‌കൂൾ, ബന്ധുവീടുകൾ, പരിചിതരായ ആൾക്കാർ) കണ്ടും കേട്ടും അനുഭവിച്ചും ആറിഞ്ഞ അറിവുകളും.

Also read: ഇസ്‌ലാമോഫോബിയ വരുന്ന വഴികൾ

ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് വളരെ പരിമിതവും അപര്യാപ്തവുമായ അറിവ് വെച്ചാണ് കുഞ്ഞുങ്ങൾ ലോകത്തെ അറിയുന്നത്. അതുകൊണ്ട് അതിന്റെതായ കുറവുകൾ അവരിൽ പ്രകടമായില്ലെങ്കിലെ ഉള്ളൂ. എന്നാൽ നമ്മെക്കാൾ മികച്ച ചിന്താശേഷിയും സവിശേഷബുദ്ധിയും ബുദ്ധികൂർമ്മതയും വിവേകപൂർവ്വമുള്ള പെരുമാറ്റവും മക്കളിൽ കണ്ട് നമ്മൾ അതിശയപ്പെടുന്ന സാഹചര്യവും ഉണ്ട്. അത് ചില കുഞ്ഞുങ്ങളിൽ ജന്മനാ ഉണ്ടാവുന്നതാണ് ഇൻബിൽട്ട് അല്ലെങ്കിൽ പ്രീ ഇൻസ്റ്റാൾഡ് എന്നൊക്കെ പറയില്ലേ അതുപോലെ ഡിഫോടൾട്ട് ആയി വരുന്നതാണ് അതല്ലെങ്കിൽ ചില കുഞ്ഞുങ്ങളിൽ ഏതൊരു കാര്യവും പെട്ടെന്ന് ഗ്രഹിയ്ക്കാനും മനസ്സിലാക്കിയെടുക്കാനുമുള്ള കഴിവും സെൻസിബിലിറ്റിയുമുണ്ടാകാം.

അത് കണ്ടുകൊണ്ട് ആ കുഞ്ഞിനെ ഒരുപാട് പുകഴ്ത്തിയും അതേ സമയം മറ്റു കുട്ടികളെ ഇകഴ്ത്തിയും കാണുന്നത് നമ്മുടെ അറിവില്ലായ്മ തന്നെയാണ്. ചില കുഞ്ഞുങ്ങളിൽ ഒന്നും പറഞ്ഞുകൊടുത്ത് പഠിപ്പിക്കാതെ തന്നെ മൂല്യബോധവും സംസ്ക്കാരവും പ്രകടമാകും. എന്നാൽ എത്ര പഠിപ്പിച്ചാലും അനുസരണ ശീലമേ ഇല്ലാത്തതോ, അക്രമവസനയും തെമ്മാടിത്തരവും സകല തോന്നിവാസങ്ങൾക്കും മുതിരുന്നതോ ആയ കുഞ്ഞുങ്ങളെയും കാണാം. ഓരോ ജീനിന്റെയും സവിശേഷതകളാണ് കാണിക്കുന്നത്. ഒരു വ്യക്തിയുടെ ബേസിക്ക് ക്യാരക്ടർ ആണ് അത്. വളരെ ക്ഷമയോടെ കുഞ്ഞിലെ തന്നെ അവരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ മാറ്റം കാണാൻ സാധിച്ചേക്കാം. അവരെ കുറ്റപ്പെടുത്തിയിട്ടൊന്നും വലിയ കാര്യമില്ല.  വേറെ ചിലരെ ശ്രദ്ധിച്ചിട്ടുണ്ടാവാം ഒരു കാര്യമില്ലെങ്കിലും നേര് പറയില്ല, എന്തിനും ഏതിനും നുണ പറയുന്ന ശീലം. യാതൊരു സങ്കോചവുമില്ലാതെ കളവ് പറഞ്ഞുകൊണ്ടിരിക്കും അതേപോലെ ചിലരുണ്ട് കണ്മുന്നിൽ കാണുന്നതൊക്കെ മോഷ്ടിക്കും, അത് ചെയ്യുന്നതുവരെ മനസ്സ് അസ്വസ്ഥമാവും, കൈതരിപ്പ് മാറനമെങ്കിൽ ആ കൃത്യം നിർവ്വഹിച്ചേ തീരുള്ളൂ. അവരെ സംബന്ധിച്ചിടത്തോളം അടക്കി നിർത്താൻ കഴിയാത്ത ഒരു തരം പ്രവണതയാണ് അത്.

ഏഴ് വയസിന് മുമ്പായിരുന്നെങ്കിൽ എത്ര പറഞ്ഞാലും ഒരുപക്ഷേ മനസ്സിലാകാത്തതൊക്കെ പിന്നീട് ഏഴ് വയസ്സിന് ശേഷം പതിയെ മനസ്സിലാക്കി തുടങ്ങും കുഞ്ഞുങ്ങൾ. കുറച്ചുകൂടെ പക്വത ആർജ്ജിച്ച, കാര്യങ്ങൾ കുറച്ചും കൂടെ ആഴത്തിലും വ്യാപ്തിയിലും ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള കുഞ്ഞിനോട് ആശയവിനിമയങ്ങൾ എളുപ്പമാകുകയും ചെയ്യും. മുതിർന്ന കുട്ടി എന്ന ബോധമൊക്കെ അവരിൽ വന്നു ചേരുകയും, അപ്പോൾ മുതൽ തെറ്റുകൾ ചെയ്യുമ്പോൾ മനസ്സിലാക്കികൊടുത്തും കേട്ടില്ലെങ്കിൽ ശകാരം കൊണ്ടും ചെറിയ തോതിലുള്ള ശിക്ഷണത്തിലൂടെയും തിരുത്താൻ സാധിക്കും. ശിക്ഷകൾ നൽകുമ്പോൾ കുഞ്ഞിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതോ മുറിവേല്പിക്കുന്ന വിധത്തിലോ ആവാതെ നോക്കണം.

Also read: മൗനം പൊന്നാകുന്നതെപ്പോള്‍?

മക്കളെ തല്ലരുത്, തല്ലാൻ പാടില്ല. അവരുടെ നന്മയ്ക്കായി വല്ലപ്പോഴും ചെറുതായി ഒന്ന് തല്ലുന്നതൊക്കെ ശരി, പക്ഷെ ചെയ്ത തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കാതെ വെറുതെ തല്ലുന്ന മാതാപിതാക്കൾ ഉണ്ട്. തികച്ചും അപലപനീയമാണ് അത്. തങ്ങളുടെ ഉള്ളിലെ ഫ്രസ്ട്രെഷൻ തീർക്കുന്നത് പലപ്പോഴും മക്കളോട് ആയിരിക്കും ഈ കൂട്ടർ. ചെയ്ത തെറ്റിനെക്കുറിച്ച് കുഞ്ഞിനെ ബോധ്യപ്പെടുത്തൽ വളരെ അനിവാര്യമായ ഒന്നാണ്. അതേ പോലെ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് വ്യക്തമായ വിവരണം (explanation) നൽകണം. ‘ഞാൻ ചെയ്യേണ്ട എന്ന് പറഞ്ഞാൽ ചെയ്യരുത് എന്ന സ്റ്റേറ്റ്മെന്റ് മാക്സിമം ഒഴിവാക്കുന്നതാണ് ഉചിതം.” അഹംബോധത്തിന്റെയും ധാർഷ്ട്യത്തിന്റേയും ഭാഷ ഒഴിവാക്കി സ്നേഹത്തിന്റെയും കരുതലിന്റെയും അല്പം എളിമയുടെയും ഭാഷയിൽ മക്കളോട് സംവദിക്കുമ്പോൾ അവർ നമ്മെ കേൾക്കാനായി തയാറാവും. കുഞ്ഞുങ്ങൾക്ക് നല്ലൊരു കൂട്ട്, എവിടെയും ലഭിക്കാത്ത അവരുടെ ഏറ്റവും നല്ല സുഹൃത്ത് (buddy) ആവാൻ രക്ഷിതാക്കൾക്ക് കഴിഞ്ഞാൽ ആ രക്ഷാകർതൃത്വം വിജയകരമായി എന്ന് പറയാം.

മക്കളുടെ കൂട്ടുകെട്ടുകൾ അല്ലെങ്കിൽ അടുത്ത സൗഹൃദബന്ധങ്ങൾ ആരോടൊപ്പമാണ് എന്ന് അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. അങ്ങനെയെങ്കിൽ സ്വന്തം മക്കളെക്കുറിച്ചും ഒരു ധാരണയും ചിത്രവും കിട്ടും. അവരുടെ കൂട്ടുകാരോടും നമ്മുടെ മക്കളോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും നമുക്ക് ഉണ്ടാവണം. ഇതൊക്കെ നല്ലൊരു ക്വാളിറ്റിയാണ്. മക്കൾക്കും നമ്മോട് ആദരവ് തോന്നിപ്പിക്കും അവരുടെ സൗഹൃദത്തെ നമ്മൾ അംഗീകരിക്കുന്നു എന്നറിയുമ്പോൾ അവരിൽ അഭിമാനം ഉളവാക്കും. മറ്റൊരു സുപ്രധാന വിഷയം പൊതുവെ മാതാപിതാക്കൾ ശ്രദ്ധിക്കാത്ത കാര്യമാണ് നമ്മുടെ കുഞ്ഞുങ്ങൾ എപ്പോഴും സമപ്രായക്കാരുമായിട്ടായിരിക്കണം (peer group) കൂട്ടുകൂടേണ്ടത്. കുഞ്ഞുങ്ങളുടെ കൂട്ടും നടപ്പും അടുപ്പവും അവന്റെ/അവളുടെ അതേ പ്രായത്തിലുള്ളവരുമായിട്ടല്ല എങ്കിൽ അത് പലവിധത്തിലുള്ള കുഴപ്പങ്ങൾ സൃഷ്ടിക്കും.

ശൈശവം കഴിഞ്ഞ്, കുട്ടിക്കാലം, കൗമാരം, യൗവനം ഓരോ ഘട്ടത്തിലൂടെയും കടന്നു പോകേണ്ട മാനസിക, വൈകാരിക, ബൗദ്ധിക തലങ്ങൾ ഉണ്ട് മനുഷ്യന്. ജീവിതത്തിന്റെ ഓരോ ദശയിലൂടെയും ഒരു വ്യക്തി കടന്ന് പോയിട്ടാണ് ഒരു പ്രായപൂർത്തിയായ, പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യൻ ആയി മാറുന്നത്. കൗമാരത്തിലേക്ക് കടക്കുന്ന ഒരു ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടി എപ്പോഴും കൊച്ചുകുട്ടികളോടൊത്ത് കളിച്ചു നടക്കുന്നത് ഒന്നോർത്ത് നോക്കൂ. എന്തോ ഒരു അപാകത ഫീൽ ചെയ്യുന്നില്ലേ. മാനസിക വളർച്ചയിൽ എന്തോ അപര്യാപ്തത വന്നിട്ടുണ്ട് എന്നർത്ഥം. അവർക്ക് സമപ്രായക്കാരായ കുട്ടികളുമായി കൂടിക്കലരേണ്ട മാനസിക അവസ്ഥയിലേക്ക് എത്താൻ കഴിയുന്നില്ല. അതല്ലെങ്കിൽ ഒരു പത്ത് നാല്പത് വയസ്സൊക്കെ പ്രായമുള്ളവരോടൊപ്പമൊക്കെ കൂട്ടുകെട്ടിനു പോകുന്നെങ്കിലും അവിടെയും എന്തോ ഇഷ്യൂ ഉണ്ട്. കാരണം കൗമാരപ്രായക്കാരിയോ കൗമാരപ്രായക്കാരനോ ആയ കുട്ടി കാണിക്കേണ്ട പക്വതയില്ലായ്മയോ ലക്ഷണങ്ങളോ അല്ല അപ്പോഴും കാണിക്കുക. വലിയ ആളുകളുടെ ശരീരഭാഷയും സംസാരശൈലിയും ചിന്തകളും കാരണം ആളുകൾക്ക് ആ കുട്ടിയെ അംഗീകരിക്കാൻ പറ്റാതെയാവും. കൗമാരത്തിന്റെ വൈകാരികതയും ചാപല്യങ്ങളും മോഹങ്ങളും മനോഹാരിതയും ആവർ അറിയാതെ പോകുകയും ചെയ്യും. മാത്രമല്ല ലൈംഗീകതയെ കുറിച്ചുള്ള തെറ്റായ അറിവുകളും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ശീലവും മറ്റും അത്തരക്കാർ പ്രായപൂർത്തിയെത്താത്ത നമ്മുടെ കുഞ്ഞിന് പകർന്നു നൽകുകയും ചെയ്തെക്കും. മാതാപിതാക്കൾ ഇതൊക്കെ തീർച്ചയായും ശ്രദ്ധിക്കണം ലൈംഗീകപരമായി മക്കൾ ചൂഷണം ചെയ്യപ്പെടുന്നതും ഇങ്ങനെയുള്ള അവസരങ്ങളിലൊക്കെ ആണെന്നും ഓർക്കണം. അതേപോലെ കൗമാര പ്രായത്തിൽ കിട്ടേണ്ട ഗൈഡൻസ് അല്ല കുട്ടിയ്ക്ക് അവരിൽ നിന്നും ലഭിക്കുക അതൊക്കെ ജീവിതത്തെ താറുമാറാക്കും.

അതുകൊണ്ട് ഒരേ പ്രായത്തിലുള്ളവരുമായിട്ടാണ് മക്കൾ ചങ്ങാത്തം കൂടെണ്ടതും സമയം ചെലവഴിക്കേണ്ടതും എന്ന കാര്യം ഓർമ്മയിൽ വെയ്ക്കുക. നല്ല സൗഹൃദവും എന്നത്തേയ്ക്കും ഒരു വലിയ മുതൽക്കൂട്ടാണ്. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ മക്കൾക്ക് പ്രോത്സാഹനം നൽകുക അതെപോലെ നല്ലൊരു സുഹൃത്താവാനുള്ള പാഠങ്ങളും പകർന്ന് നൽകുക.

Related Articles