Current Date

Search
Close this search box.
Search
Close this search box.

സൂറത്തു ഖുറൈശില്‍ പറഞ്ഞ സാമൂഹിക സുരക്ഷാ പാഠങ്ങള്‍

സാമൂഹിക സുരക്ഷയുടെ വ്യത്യസ്ത നിര്‍വ്വചനങ്ങള്‍ക്കിടയില്‍ ഒരു സമൂഹം സുരക്ഷാ വെല്ലുവിളി നേരിടുമ്പോള്‍ ആ സമൂഹത്തിലെ ഓരോ വ്യക്തിക്കും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുകയെന്നതാണ് മുസ്‌ലിംകളും പാശ്ചാത്യരും ഒരുപോലെ അതിനു നല്‍കിയ നിര്‍വ്വചനം. കാരണം, സ്വതന്ത്ര ഐഡന്റിറ്റിയോടെ ഒരു പ്രദേശത്ത് താമസിക്കുന്ന സമൂഹത്തിലെ ഓരോ വ്യക്തിയും അതിന്റെ കേന്ദ്രബിന്ദുവാണ്. മാനുഷിക ജീവിതത്തോടൊപ്പം ചേര്‍ന്നുവരുന്ന സാമൂഹിക മൂല്യമാണ് സുരക്ഷ. വിശുദ്ധ ഇസ്‌ലാം അതിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും വളരെ ഗൗരവത്തോടെയാണ് സമീപിച്ചിട്ടുള്ളത്. വിചിന്തനവും നന്ദിയും അര്‍ഹിക്കുന്ന മഹത്തരമായ അനുഗ്രഹങ്ങളില്‍ പെട്ടതാണിത്. സുരക്ഷിതത്വത്തിന്മേലാണ് ദീനും ദുന്‍യാവും നിലനില്‍ക്കുന്നത്. അല്ലാഹു പറഞ്ഞു:’ഈ വീടിന്റെ റബ്ബിനെയവര്‍ ആരാധിച്ചുകൊള്ളട്ടെ. അവനാണ് അവരെ ഭക്ഷിപ്പിക്കുകയും ഭയത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തത്'(ഖുറൈശ്: 3,4). സുസ്ഥിരമായ ജീവിതത്തിനും ആദം സന്തതികളെ അല്ലാഹു പ്രതിനിധികാളാക്കിയ ഭൂമിയുടെ സമ്പല്‍സമൃദ്ധിക്കും സുരക്ഷ അടിസ്ഥാന ഘടകമാണ്. സുരക്ഷിതത്വമില്ലായ്മ സാമൂഹിക അരക്ഷിതാവസ്ഥക്കും അസന്തുലിതാവസ്ഥക്കും കാരണമാകും. അത് വലിയൊരു കൂട്ടപ്പലായനത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കും. ഭക്ഷണ മാര്‍ഗങ്ങളെയത് കൊട്ടിയടക്കുന്നത് ജന ജീവിതം ദുസ്സഹമാക്കും. അതുകൊണ്ടാണ് സുരക്ഷിതത്വം അത്രയും പ്രധാനമായിത്തീരുന്നത്.

ശറഈ കാഴ്ചപ്പാടില്‍ സുരക്ഷിതത്വത്തിനുള്ള വ്യക്തമായ ഉദാഹരണമാണ് സൂറത്തു ഖുറൈശിന്റെ സൂക്തങ്ങളൊക്കെയും. ഏത് സമൂഹത്തിലും പ്രദേശത്തിലും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിത്തറയായി ഈ അദ്ധ്യായത്തെ കാണാവുന്നതാണ്. ഐഹികവും പാരത്രികവും ഭൗതകിവും അഭൗതികവുമായ സര്‍വ്വ തലങ്ങള്‍ക്കിടയിലെ ബന്ധത്തെയും ഈ അദ്ധ്യായം ചര്‍ച്ച ചെയ്യുന്നുണ്ട്. ‘അവര്‍ ആരാധിച്ചു കൊള്ളട്ടെ’യെന്ന നിബന്ധനകള്‍ക്കതീതമായ ദൈവിക വചനം അതിലേക്കുള്ള സൂചനയാണ്.
ഫല്‍യഅ്ബുദൂ എന്ന പദത്തിലെ ഫാഇന്റെ അലങ്കാരശാസ്ത്രത്തെക്കുറിച്ചും ഭാഷാശാസ്ത്രത്തെക്കുറിച്ചും പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ശൈത്യകാലത്തും വേനല്‍കാലത്തും യാത്രചെയ്യാനാള്ള ഉടമ്പടി കാരണമായി ഭയത്തില്‍ നിന്ന് അവരെ സംരക്ഷിക്കുകയും അന്നപാനീയങ്ങള്‍ നല്‍കുകയും ചെയ്ത ഈ കഅ്ബാലയത്തിന്റെ രക്ഷിതാവിനെ ഖുറൈശികള്‍ ആരാധിക്കാന്‍ വേണ്ടിയെന്നാണ് നിബന്ധനകള്‍ വെച്ചുള്ള ആ പദം കൊണ്ടുള്ള ഉദ്ദേശം.

Also read: ചെങ്ങാത്തം സമപ്രയാക്കാരോട് ആവട്ടെ

ഖുറൈശീ ഗോത്രങ്ങളെ(നള്‌റ് ബിന്‍ കിനാനയുടെ സന്തതികള്‍) ഒത്തൊരുമിപ്പിക്കുന്ന സാമൂഹിക ബന്ധത്തെക്കുറിച്ചും ഈ അദ്ധ്യായം പറഞ്ഞ് തരുന്നുണ്ട്. മുന്‍ സൂക്തങ്ങളില്‍ പറഞ്ഞതുപോലെ ഉടമ്പടി ചെയ്തത് കാരണമായി അറബികള്‍ക്കിടയില്‍ ബഹുമാന്യരും കുലീനരുമായ ഗോത്രമായി ഖുറൈശികള്‍ മാറി. ഖാഫിലകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും യാത്ര ചെയ്യാനായിരുന്നു ആ ഉടമ്പടി. ഈയൊരു ഉടമ്പടിയിലൂടെ ഊഷരമായ മക്കയുടെ അധികാരം അവര്‍ നേടിയെടുത്തു. ലാഭങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും വേണ്ടി മാത്രമായിരുന്നു അവരുടെ കച്ചവട ജീവിതങ്ങള്‍. വര്‍ഷത്തില്‍ രണ്ട് യാത്രകളായിരുന്നു അവര്‍ക്കുണ്ടായിരുന്നുത്. യമനിലേക്കുള്ള ശൈത്യകാല യാത്രയാണ് അതിലൊന്ന്. ഇന്ത്യയില്‍ നിന്നും ചൂടു കൂടൂതലുള്ള ഗള്‍ഫ് നാടുകളില്‍ നിന്നും കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും വാങ്ങുവാനാണ് ഈ യാത്ര. രണ്ടാമത്തേത് ശാമിലേക്കുള്ള വേനല്‍കാല യാത്രയാണ്. തണുത്ത അന്തരീക്ഷമുള്ള പ്രദേശമാണത്. ധാന്യ വിളകളാണ് ഈ യാത്രയില്‍ അവര്‍ ശേഖരിക്കുക. മടക്കയാത്രക്കിടയില്‍ അവര്‍ അവരുടെ പക്കലുള്ള ചെരക്ക് ഇടപാട് നടത്തുകയും കിട്ടുന്ന ലാഭം കൊണ്ട് അവര്‍ക്കാവശ്യമായ ഭക്ഷണങ്ങളും വസ്ത്രങ്ങളും മറ്റു ചെരക്കുകളും അവര്‍ വാങ്ങും. വിജയകരമായ ഈ കച്ചവട രീതി മക്കക്കാരെ സമ്പല്‍സമൃദ്ധിയിലാക്കി. അവര്‍ക്കിടയിലെ ഉടമ്പടി അതിനവരെ സഹായിക്കുകയും ചെയ്തു.

ഈ രണ്ട് യാത്രയിലും ഖുറൈശികള്‍ക്ക് ലഭിച്ച ദൈവിക പരിഗണന അവരുടെ കച്ചവടത്തെ അഭിവൃദ്ധിപ്പെടുത്തി. പോക്കുവരവുകളില്‍ ഒരാളും ഖാഫിലയെ അക്രമിച്ചു കീഴ്‌പെടുത്തിയില്ല. അവരുമാരെയും അക്രമിച്ചില്ല. വിശുദ്ധ കഅ്ബാലയത്തെ തങ്ങളുടെ വീടും അഭയകേന്ദ്രവുമായാണ് ജനങ്ങള്‍ കണ്ടത്. യാത്രക്കാര്‍ക്കിടയിലത് പിന്നീടൊരു ചൊല്ലായിത്തീരുകയും ചെയ്തു; അല്ലാഹുവിന്റെ വിശുദ്ധ കഅ്ബാലയത്തിലെ വീട്ടുകാരാണ് ഖുറൈശികള്‍.

രാജ്യത്തെ ഓരോ വ്യക്തിക്കും സമാധാനം അനുഭവപ്പെടുന്നത് വരെ ഐശ്വര്യപൂര്‍ണ്ണമായ ജീവിതവും വ്യത്യസ്തങ്ങളായ ചെരക്കുകളുടെ ഇടപാടുകളും യാത്രകളിലെ താമസവും സുരക്ഷിതത്വവും ഒരിക്കലും യാഥാര്‍ത്ഥ്യമാവുകയില്ല. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കുന്നതിലൂടെ മാത്രമേ വൈദേശിക ആക്രമണങ്ങളെ ചെറുക്കാനാകൂ. വിശുദ്ധ മക്കയെ സുരക്ഷിതമായ നാടാക്കി മാറ്റിയത് അവിടുത്തെ ജനങ്ങളുടെ മേല്‍ അല്ലാഹു ചൊരിഞ്ഞുകൊടുത്ത അവന്റെ അപാരമായ അനുഗ്രഹമായിരുന്നു. അതുകൊണ്ടാണ് അല്ലാഹു അബ്രഹത്തിനെയും പരിവാരങ്ങളെയും നശിപ്പിച്ചത്. അതിനാലാണ് അല്ലാഹു ഖുറൈശികളുടെ മഹത്വത്തില്‍ വര്‍ദ്ധനവ് നല്‍കിയതും ജനഹൃദയങ്ങളിലവരോട് പ്രത്യേക ബഹുമാനം കുടിയിരുത്തിയതും. സൂറത്തു ഫീലും ഖുറൈശും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇമാം റാസി വിശദീകരിക്കുന്നുണ്ട്; ഖുറൈശികള്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹം രണ്ട് രീതിയിലാണ് നല്‍കിയത്. ഒന്ന്, അവരെ അക്രമിക്കാന്‍ വന്ന ആനപ്പടയെ അല്ലാഹു നശിപ്പിച്ചു. രണ്ടാമത്തേത്, വിശുദ്ധ കഅ്ബയാണ്. ഈ രണ്ട് സൂറത്തിലൂടെ മേല്‍പറഞ്ഞ രണ്ട് അനുഗ്രഹങ്ങളെയും അല്ലാഹു ഒരുമിച്ച് കൂട്ടി.
ഈ ദൈവാനുഗ്രഹം മക്കക്കാരെ അല്ലാഹുവിന് നന്ദി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. നന്ദിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടം ആരാധനയും അല്ലാഹുവിനോടുള്ള ആത്മാര്‍ത്ഥമായ വിനയവുമാണ്. യഥാര്‍ത്ഥ സുരക്ഷിതത്വം ദീനിനും ദുന്‍യാവിനുമിടയില്‍ ഒരുമിച്ച് നിര്‍ത്തുന്നതാണ്. അതിലൂടെയാണ് ഒരു വ്യക്തിക്ക് യഥാര്‍ത്ഥ സുരക്ഷിതത്വം ഉറപ്പാക്കാനാകുന്നതും അല്ലാഹു നല്‍കിയ നന്മയും ജീവിതാവശ്യങ്ങളും ആവോളം ആസ്വദിക്കാനാകുന്നതും.

Also read: ആരാണ് ടിപ്പു

ഐക്യത്തെക്കുറിച്ചും അതുണ്ടാക്കിത്തരുന്ന മാര്‍ഗങ്ങളെക്കുറിച്ചും വിവരിക്കുന്നിടത്ത് ഇമാം മാവര്‍ദി വ്യക്തമാക്കുന്നുണ്ട്: അഞ്ച് കാരണങ്ങളാലാണ് ഏല്ലാവരെയും ഉള്‍കൊള്ളുന്ന രീതിയിലുള്ള ഐക്യം ഉണ്ടായിത്തീരുന്നത്; ദീന്‍, കുടുംബബന്ധം, കെട്ടുബന്ധം, സ്‌നേഹം, ഗുണകാംക്ഷ. സമൂഹത്തിലെ ഓരോ വ്യക്തിയെയും ഒരുമിച്ചുകൂട്ടുന്ന ഈ കാരണങ്ങളില്‍ ഏറ്റവും ശക്തമായത് മതമാണ്. അത് തന്നെയാണ് ആ സമൂഹത്തിനിടയില്‍ ശക്തമായ ഭിന്നിപ്പിനും കാരണമാകുന്നത്. ഖുറൈശികള്‍ക്കിടയിലേക്ക് ഇസ്‌ലാം കടന്നുവരുന്നത് ഐക്യത്തെ ഓര്‍മ്മപ്പെടുത്തിയാണ്. നിതാന്തമായ അനുഗ്രഹത്തിന് അവര്‍ക്കു മുമ്പില്‍ ആരാധനയെന്ന ഒരു ഉപാധി ഇസ്‌ലാം മുന്നോട്ടുവെച്ചു. അതാണ് ഫല്‍യഅ്ബുദൂ എന്ന വാചകം. സാമൂഹിക സുരക്ഷയെന്ന മഹത്തായ അനുഗ്രഹത്തെ നിലനിര്‍ത്തുന്നത് പരസ്പര ഐക്യമാണ്. മാവര്‍ദി ഇമാം പറയുന്നു: വിവിധ മദ്ഹബുകളായും വ്യത്യസ്ത അഭിപ്രായങ്ങളുടെ മേലും മതസ്ഥര്‍ പരസ്പരം ഭിന്നതിയിലാകും. വ്യത്യസ്ത മതസ്ഥര്‍ക്കിടയിലുണ്ടാകുന്നത് പോലെ അതവരെ ശക്തമായ ശത്രുതയിലേക്ക് എത്തിക്കുകയും ചെയ്യും. മതവും സമൂഹവും ഒറ്റക്കെട്ടായി മാറുന്നത് പരസ്പര ഐക്യത്തിന് കാരണമാകുമെന്നത് പോലെ ശക്തമായ ഭിന്നിപ്പിനും കാരണമാകുന്നത് അതുകൊണ്ടാണ്.

അവലംബം- islamonline.net

Related Articles