Current Date

Search
Close this search box.
Search
Close this search box.

ഇമാം ബഗവിയുടെ ധൈഷണിക സംഭാവനകള്‍

അധ്യാപനം, എഴുത്ത് എന്നിവയിലൂടെ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും നവീകരണത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത വലിയ പണ്ഡിതന്മാരില്‍ ഒരാളാണ് ഇമാം ബഗവി. വിശുദ്ധ ഖുര്‍ആനുമായി ജനങ്ങള്‍ അടുക്കാനും അത് കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ഉൾപ്രേരണ സൃഷ്ടിക്കാനും പ്രവാചക ഹദീസുകള്‍ ആധികാരികമായ വ്യാഖ്യാനങ്ങളിലൂടെ പഠിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ തീര്‍ച്ചയായും അടയാളപ്പെടുത്തപ്പെടേണ്ടതാണ്. സല്‍ജൂക് കാലഘട്ടത്തിലെ പണ്ഡിതന്മാരില്‍ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുകയാണിവിടെ.

മുഹ്‌യുസ്സുന്ന (സുന്നത്തിന്റെ പുനരുദ്ധാരകന്‍) എന്ന പേരില്‍ വിശ്രുതനായ ഇമാം ബഗവിയുടെ പൂര്‍ണനാമം അബൂമുഹമ്മദ് അല്‍ ഹുസൈന്‍ ബിന്‍ മസ്ഊദ് ബിന്‍ മുഹമ്മദ് അല്‍ ഫറാഅ് അല്‍ ബഗവി അല്‍ മുഫസ്സിര്‍ എന്നാണ്. ശറഹുസ്സുന്ന, മആലിമുത്തന്‍സീല്‍, മസ്വാബീഹ് തുടങ്ങിയ ഒട്ടനേകം ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഹി.516ലാണ് അദ്ദേഹം വഫാത്താവുന്നത്.

ഇമാം ബഗവി സല്‍ജൂക്ക് രാജാക്കന്മാരുടെ സമകാലികനായിരുന്നു. സല്‍ജുക്ക് ഭരണാധികാരികളായിരുന്ന തുഗ്‌റുല്‍ ബക്, ആല്‍പ് അര്‍സലാന്‍, മലിക് ഷാഹ്, സുല്‍ത്വാന്‍ മഹ്മൂദ്, ബര്‍ക്‌യാറക്, മലിക് ഷാ രണ്ടാമന്‍, ഗിയാസുദ്ദീന്‍ അബൂ ശുജാഅ് മുഹമ്മദ്, തുടങ്ങിയവരുടെയൊക്കെ കാലഘട്ടത്തിലൂടെ ഇദ്ദേഹം സഞ്ചരിച്ചിരുന്നു.

Also read: മനുസ്മൃതിയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ

തന്റെ ഭക്തി, സൂക്ഷ്മത, പാണ്ഡിത്യം, കൃതികളുടെ സമൃദ്ധി എന്നിവ കാരണം ഇമാം ബഗവിയ അക്കാലത്തെ പണ്ഡിതന്മാരെല്ലാം പ്രശംസിക്കുകയും വിലമതിക്കുകയും ചെയ്തിരുന്നു. അല്ലാഹു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്കും വലിയ സ്വീകാര്യത നല്‍കി അനുഗ്രഹിക്കുകയുണ്ടായി. അദ്ദേഹത്തിന്റ സദുദ്ദേശത്തിന്റെയും ആത്മാര്‍ഥതയുടേയും ഫലമായിരുന്നു അത്. അല്‍ ദഹബി പറയുന്നു: ഇമാം ബഗവി മുഹ്‌യുസ്സുന്ന എന്നും റുക്‌നുദ്ദീന്‍ എന്നും അപരനാമത്തില്‍ വിശേഷിപ്പിക്കപ്പെടുന്നു. അദ്ദേഹം ഒരു തികഞ്ഞ പണ്ഡിതനും പരിത്യാഗിയുമായിരുന്നു. അദ്ദേഹം പരുപരുത്ത റൊട്ടിമാത്രം ഭക്ഷിച്ച് വളര്‍ന്നവരായിരുന്നു. തന്നെക്കുറിച്ച് പലരും ത്യാഗിവര്യനാണെന്ന് പറയാന്‍ തുടങ്ങിയതോടെ അദ്ദേഹം സൈത്ത് എണ്ണ റൊട്ടിക്കൊപ്പം ഉപയോഗിച്ച് തുടങ്ങി. എന്നാല്‍, ഗ്രന്ഥരചനയില്‍ അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊടുത്തു. വിശുദ്ധിയുടെ പാഠങ്ങളായിരുന്നു അദ്ദേഹം എല്ലായിപ്പോഴും പഠിപ്പിച്ചിരുന്നത്. മിതത്വവും പരിത്യാഗവും അദ്ദേഹം ജീവിത്തിന്റെ മുഖമുദ്രകളായി സ്വീകരിച്ചു. വസ്ത്രധാരണത്തില്‍ തന്റെ മുന്‍ഗാമികളായ പണ്ഡിതന്മാരില്‍ നിന്നും പാഠമുള്‍ക്കൊണ്ടതനുസരിച്ച് ചെറിയരീതിയില്‍ തലപ്പാവ് ഉള്‍പ്പെടെയുള്ള വസ്ത്രധാരണമാണ് അദ്ദേഹം നടത്തിയിരുന്നത്. തഫ്‌സീറിലും കര്‍മ്മശാസ്ത്രത്തിലും ഇമാം ബഗവിക്ക് അദ്ദേഹത്തിന്റേതായ സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ മആലിമുത്തന്‍സീല്‍ ഫീ തഫ്‌സീര്‍ എന്ന ഗ്രന്ഥം വലിയതോതില്‍ സ്വീകരിക്കപ്പെടുകയും തലമുറകളെ സ്വാധീനിക്കുകയും ചെയ്ത ഗ്രന്ഥമാണ്.

ഇബ്‌നു തെമിയ അദ്ദേഹത്തെക്കുറിച്ച് പറയുന്നു: കെട്ടിച്ചമച്ച ഹദീസുകളില്‍ നിന്നും നവീകരണ അഭിപ്രായങ്ങളില്‍ നിന്നും അദ്ദേഹം പരിശുദ്ധ ഹദീസിനെ കാത്തുസൂക്ഷിച്ചു. ഖുര്‍ആനിന്റെയും ഹദീസിന്റെയും നിലപാടുതറയില്‍ ഊന്നിനിന്നുകൊണ്ട് അദ്ദേഹം തന്റെ വ്യാഖ്യാനശൈലി രൂപപ്പെടുത്തി. അദ്ദേഹം ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും വ്യാഖ്യാനിച്ചു. നവീകരണ ആശയങ്ങളും ഇസ്‌റാഈലിയ്യാത്തും അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ കടന്നുകൂടിയിട്ടില്ല. ഒപ്പം, ഭാഷ, വ്യാകരണം, വ്യത്യസ്ത പാരായണ ശൈലികള്‍, നഹ്‌വ്-സ്വര്‍ഫ് ബന്ധപ്പെട്ട ചര്‍ച്ചകള്‍, വിശ്വാസപരമായ നിയമങ്ങള്‍, കര്‍മശാസ്ത്രവിധികള്‍ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ കൊണ്ടുവന്നു.

Also read: പരസ്യചിത്രങ്ങളുടെ നിഴലിനെ ഭയപ്പെടുന്ന സംഘ്പരിവാര്‍

അധ്യാപനം, എഴുത്ത് എന്നിവയിലൂടെ സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും നവീകരണത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത വലിയ പണ്ഡിതന്മാരില്‍ ഒരാളാണ് ഇമാം ബഗവി. വിശുദ്ധ ഖുര്‍ആനുമായി ജനങ്ങള്‍ അടുക്കാനും അത് കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ത്വര സൃഷ്ടിക്കാനും പ്രവാചക ഹദീസുകള്‍ ആധികാരികമായ വ്യാഖ്യാനങ്ങളിലൂടെ പഠിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ തീര്‍ച്ചയായും അടയാളപ്പെടുത്തപ്പെടേണ്ടതാണ്. സല്‍ജൂക് കാലഘട്ടത്തിലെ പണ്ഡിതന്മാരില്‍ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുകയാണിവിടെ.

അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉലൂമുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സുലഭമാണ്. മക്കിയ്യ്, മദനിയ്യ്, ഓരോ ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലം, നാസിഖ്, മന്‍സൂഖ്, തുടങ്ങിയ വിഷയങ്ങളൊക്കെ അതീവ ശ്രദ്ധയോടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ ഒരു ശൈലിയെ പണ്ഡിതന്മാര്‍ പ്രശംസിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റ പ്രാവീണ്യത്തെക്കുറിച്ച് ഇമാം ദഹബി, ഇമാം സുബുകി, ഇമാം സ്വുയൂഥി എന്നിവരെല്ലാം വാചാലരാവുന്നുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നുവെന്ന് എല്ലാവരും അംഗീകരിക്കുന്നു. തഫ്‌സീര്‍ ബഗവിയുമായി ബന്ധപ്പെട്ട് വിശദവും ഹൃസ്വവുമായ വ്യാഖ്യാനങ്ങള്‍ പില്‍ക്കാലത്ത് സമാഹരിക്കപ്പെടുകയുണ്ടായി. തഫ്‌സീര്‍ ബഗവിയെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇമാം ഖാസിന്‍ പറയുന്നു: ഇല്‍മുത്തഫ്‌സീറില്‍ രചിക്കപ്പെട്ട ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ തഫ്‌സീറാണിത്. അതില്‍ പ്രവാചകരുടെ ഹദീസുകളും കര്‍മ്ശാസ്ത്രവിധികളും മുന്‍സമുദായക്കാരുടെ കഥകളും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് പണ്ഡിതലോകത്ത് ഉയര്‍ന്നുവന്ന അഭിപ്രായങ്ങളില്‍ ഏറ്റവും ശരിയായതും പ്രബലവുമായ അഭിപ്രായങ്ങള്‍ അതില്‍ ശേഖരിച്ചിട്ടുണ്ട്. ഓരോന്നിനും കൃത്യമായ റഫറന്‍സുകള്‍ നല്‍കിയിട്ടുണ്ട്.

Also read: ഇസ്‌ലാമും സിനിമയും തനിമ കലാസാഹിത്യ വേദിയും

ഖുര്‍ആനിലെ പാരായണശൈലികള്‍ വിശദീകരിക്കുന്നതില്‍ ഇമാം ബഗവിക്ക് പ്രത്യേകമായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തികഞ്ഞ ജാഗ്രതയോടെ ഓരോന്നും സൂചിപ്പിക്കുകയും അര്‍ഥവ്യത്യാസങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു. അര്‍ഥം കൃത്യമായി മനസ്സിലാക്കുന്നതിന് പ്രയാസം വരുത്തിയേക്കാം എന്നതുകൊണ്ട് ആയതുകളുടെ അര്‍ഥം പൂര്‍ണമായും പരാമര്‍ശിക്കുന്നതിന് മുമ്പായി വാക്കുകളുടെ സാഹിതീയമായ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ഇമാം കടന്നിരുന്നില്ല.

ഇമാം ബുര്‍ഹാനുദ്ദീന്‍ അസ്സര്‍ക്കശി തന്റെ അല്‍ ബുര്‍ഹാന്‍ എന്ന ഗ്രന്ഥത്തില്‍ ഉലൂമുല്‍ ഖുര്‍ആനുമായി ബന്ധപ്പെട്ട് ഇമാം ബഗവി നടത്തിയ ചില അഭിപ്രായങ്ങളും ചര്‍ച്ചകളും കൊണ്ടുവന്നതായി കാണാം. ഇബ്‌നു തൈമിയ്യ മറ്റു തഫ്‌സീറുകളേക്കാള്‍ ഏറ്റവും മികച്ചതായി ഇമാം ബഗവിയുടെ തഫ്‌സീറിനെ പരിഗണിച്ചതായും കാണാം. ഖുര്‍ആനിനോടും സുന്നത്തിനോടും ഏറ്റവും അടുത്തതും പുത്തന്‍ ആശയങ്ങളില്‍ നിന്നും ദുര്‍ബലമായ ഹദീസുകളില്‍ നിന്നും പുര്‍ണ്ണമായും പരിശുദ്ധമാക്കപ്പെട്ട വ്യാഖ്യാനമാണതെന്നും എല്ലാവരും അംഗീകരിക്കുന്നു.

ഇമാം ബഗവിയുടെ തഫ്‌സീറിന് പ്രധാനപ്പെട്ട മറ്റുചില ശാസ്ത്രീയ ഗുണങ്ങളും മുല്യങ്ങളുമുണ്ട്. ഒന്നാമതായി, ഓരോ വിഷയത്തിലുമുള്ള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെ അത് രേഖപ്പെടുത്തുന്നുണ്ട്. ഓരോ വിഷയത്തിന്റെയും വ്യത്യസ്ത തലങ്ങളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ മുതല്‍കൂട്ടായി. ഇമാം തന്റെ തഫ്‌സീറില്‍ സ്വഹാബാക്കളുടേയും താബിഈങ്ങളെടേയും അഭിപ്രായങ്ങള്‍ സംഗ്രഹിക്കുന്നുണ്ട്. ഒപ്പം, ഇക്‌രിമ, ഖതാദ പോലുള്ള മുന്‍കാല മുഫസ്സിരീങ്ങളുടെ തഫ്‌സീറുകളില്‍നിന്നുള്ള ശൈലി ഉദ്ധരിച്ച് തന്റെ വ്യാഖ്യാനശൈലിയും രീതിയും ആമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അറബി സാഹിത്യം, കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പദാവലികളും ശാസ്ത്രീയമായിത്തന്നെ അദ്ദേഹം തന്റെ വ്യാഖ്യാനത്തില്‍ അവതരിപ്പിക്കുന്നു.

Also read: ഇസ്‌ലാമിക കല: സാധ്യതകളെ മുന്നിൽ വെക്കുന്ന പഠനശാഖ

മുന്‍നൂറ്റാണ്ടുകളില്‍ വന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയോ അപ്പടി അവതരിപ്പിക്കുകയോ അല്ല ഇമാം ചെയ്തിരുന്നത്. മറിച്ച് തന്റേതായ ശൈലിയില്‍ പുതിയ വിജ്ഞാനീയങ്ങള്‍ ചേര്‍ത്ത് വ്യാഖ്യാനിക്കുകയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഭിന്നാഭിപ്രയങ്ങള്‍ ഉള്ള വിഷയങ്ങളാണെങ്കില്‍ ഏറ്റവും കൃത്യമായ അഭിപ്രായം സസൂക്ഷ്മം പരിശോധിച്ച് രേഖപ്പെടുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു.

സംശയങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ സാങ്കല്‍പികമായ ചോദ്യങ്ങള്‍ ചോദിച്ച് അദ്ദേഹം തന്നെ അതിന്റെ മറുപടികള്‍ വിശദീകരിക്കുന്നു. ഇത് വിഷയങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനുമുള്ള ലളിതമായ ശൈലിയാണ്. ഉദാഹരണത്തിന് സൂറത്തുല്‍ ഫാതിഹയില്‍ ബിസ്മിയുടെ അര്‍ഥം വിശദീകരിച്ചതിന് ശേഷം ”അല്ലാഹുവിന്റെ പേര് കൊണ്ട് ” എന്നത് കൊണ്ട് അര്‍ഥമാക്കുന്നതെന്താണ് എന്ന ഒരു ചോദ്യം സ്വയം ചോദിച്ച് അദ്ദേഹം തന്നെ അതിന്റെ ഉത്തരം വിശദീകരിക്കുന്നുണ്ട്.

ഇമാം ബഗവി പറയുന്നു: അദൃശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള ഖുര്‍ആനിന്റെ പരാമര്‍ശങ്ങളും അനിതരസാധാരണമായ ഘടനയും അങ്ങേയറ്റം അത്ഭുപ്പെടുത്തുന്നതാണ്. സാഹിത്യത്തിന്റെ അങ്ങേയറ്റമാണ് ഖുര്‍ആന്‍ എന്ന് അത് സസൂക്ഷ്മം വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. തീര്‍ച്ചയായും അത് അല്ലാഹുവിന്റെ കലാം ആണ്. അത് ഒരിക്കലും ഒരു സൃഷ്ടി അല്ല. ഖുര്‍ആനിലെ കല്‍പനകള്‍, നിഷേധങ്ങള്‍, അതിശയോക്തികള്‍ തുടങ്ങിയവയെല്ലാം എത്രത്തോളം ശക്തമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് സല്‍ജൂക്ക് കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗ്രന്ഥമാണ് ഇമാം ബഗവിയുടെ തഫ്‌സീര്‍ എന്ന് പറയപ്പെടുന്നത്.

Also read: ഏവർക്കും മാതൃകയുള്ള ഏക മനുഷ്യൻ

ശറഹുസ്സുന്നഃ
പ്രമേയം: ആമുഖത്തില്‍ തന്നെ ഗ്രന്ഥത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇമാം പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഇത് ഹദീസുകളെ വിശദീകരിക്കുന്ന ഗ്രന്ഥമാണ്. പ്രത്യേകിച്ച് ഹദീസ് നിദാനശാസ്ത്രം ഇതില്‍ ചര്‍ച്ച ചെയ്യുന്നു. ഒപ്പം, പ്രവാചകഹദീസുകള്‍ എങ്ങനെയാണ് പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് പ്രാപ്തമാകുന്നത് എന്നതിനെക്കുറിച്ച് സുദീര്‍ഘമായി ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ഓരോ ഹദീസുകളില്‍ നിന്നും എങ്ങനെയാണ് വിധികള്‍ പുറപ്പെടുവിക്കുന്നതെന്നും പിന്നയെങ്ങനെയാണ് അഭിപ്രായഭിന്നതകള്‍ ഉണ്ടാവുന്നതെന്നും ഈ കൃതി പരിശോധിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ സവിശേഷത ഏറ്റവും പ്രബലവും റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും സ്വഹീഹുമായ ഹദീസുകള്‍ മാത്രമേ ഇതില്‍ കൊണ്ടുവന്നിട്ടുള്ളൂ. ഹദീസ് നിദാനശാസ്ത്രപ്രകാരം വല്ല ന്യൂനതയുമുള്ള ഹീദീസുകളെല്ലാം തന്നെ പൂര്‍ണമായും അതില്‍ ഒഴിവാക്ക്പ്പട്ടിട്ടുണ്ട്. എന്നാല്‍ ഹദീസുകളുടെ പൂര്‍ണമായ സനദുകള്‍ ഞാന്‍ കൊണ്ടുവന്നിട്ടില്ല. അത് പലര്‍ക്കും  അറിയാവുന്നത് കൊണ്ടും വ്യാപകമായി അറിയപ്പെട്ടതായത് കൊണ്ടുമാണ്.

രചനയുടെ പശ്ചാത്തലം:
അദ്ദേഹം ആമുഖത്തില്‍ തന്നെ രചനയുടെ കാരണം വിശദീകരിക്കുന്നുണ്ട്. ഈ ക്രോഡീകരണം കൊണ്ടുള്ള ഉദ്ദേശ്യം മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളില്‍ നിന്ന് മികച്ചത് സ്വീകരിക്കുകയും പിന്തുടരുകയും ഒപ്പം വിഷയങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പ് വരുത്തി അവതരിപ്പിക്കുകയുമാണ്. മതത്തെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കുന്നവര്‍ക്കും മതം സ്വയം സ്ഥാപിക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ യഥാര്‍ഥ സുന്നത്തിന്റെ പുനരുജ്ജീവനത്തിനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ മുന്‍ഗാമികളോടുള്ള അഭിനിവേശം കൊണ്ടും അതിയായ സ്‌നേഹം കൊണ്ടുമാണിത്. ഞാന്‍ എന്റെ ശ്രമത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ പ്രവാചകര്‍ (സ്വ) പറഞ്ഞത് പോലെ ഒരാള്‍ ആരെയാണോ സ്‌നേഹിക്കുന്നത്, അവരുടെ കൂടെയായിരിക്കും നാളെ അന്ത്യനാളില്‍ ഉണ്ടാവുക എന്നത് കൊണ്ട് തന്നെ എനിക്ക് അവരോടൊപ്പം ഒരുമിച്ചുകൂടാമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാലം തീര്‍ച്ചയായും എന്നെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതാണ്. ഇവിടെ മതനിയമങ്ങള്‍ കേവലം ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുകയും ജനങ്ങള്‍ അവരുടെ ഇച്ഛകള്‍ക്കനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. സത്യവും അസത്യവും ഇവിടെ പരസ്പരം തിരിച്ചറിയാന്‍ പറ്റാത്തവിധം കൂടിക്കലര്‍ന്നിരിക്കുന്നു. അജ്ഞത ജ്ഞാനത്തെ അതിജയിച്ചിരിക്കുന്നു. പ്രവാചകര്‍(സ്വ) പറഞ്ഞിട്ടുണ്ട്: തീര്‍ച്ചയായും അല്ലാഹു ഇല്‍മിനെ ഉയര്‍ത്തിക്കളയുന്നത് ആ സമുദായത്തിലെ പണ്ഡിതന്മാരെ ഉയര്‍ത്തിക്കളഞ്ഞുകൊണ്ടാണ്. അങ്ങനെ ഒരു പണ്ഡിതനും ശേഷിക്കാതെ വരും. അപ്പോള്‍ അവര്‍ യാതൊരു വിവരവുമില്ലാത്തവരെ അവരുടെ നേതാക്കന്മാരാക്കും. അവരോട് ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരറിവുമില്ലാതെ ഫത്‌വകള്‍ നല്‍കും. തീര്‍ച്ചയാം അവര്‍ വഴികേടിലാണ്. കാര്യങ്ങള്‍ ഇപ്രകാരം ആയപ്പോള്‍, സത്യം കൃത്യമായി അവതരിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചു. അത് ചിലരെയെങ്കിലും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു എനിക്ക്.

Also read: ജസീന്ത ആർഡൻ മാതൃകയാവുന്നത്

മസ്വാബീഹുസ്സുന്നഃ
പ്രമേയവും രചനയുടെ പശ്ചാത്തലവും അദ്ദേഹം പറയുന്നു: ഇത് പ്രവാചകത്വത്തിന്റെ ആരംഭം മുതലുള്ള വചനങ്ങളാണ്. രിസാലതുമായി ബന്ധപ്പെട്ട ഹദീസുകളാണ് അതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. തീര്‍ച്ചയായും പ്രവാചകത്വത്തിന് ശേഷമുള്ള വചനങ്ങള്‍ വെളിച്ചമാണ്. അത് ഓരോന്നും ആരാധനക്കായി പലരും ക്രോഡീകരിച്ചിട്ടുണ്ട്. ഖുര്‍ആന് ശേഷം നമുക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഒന്നാണ് പ്രവാചകത്വത്തിന് ശേഷമുള്ള ഹദീസുകള്‍.

പണ്ഡിതന്മാരുടെ അഭിപ്രായം:
ജനങ്ങള്‍ക്കിടയില്‍ ആ ഗ്രന്ഥത്തിന് വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. അവര്‍ അത് പാരായണം ചെയ്യാനും കുറിപ്പുകള്‍ തയ്യാറാക്കാനും മനഃപാഠമാക്കാനും പകര്‍പ്പുകള്‍ എഴുതാനും മുന്നോട്ട് വന്നു. പലരും അതിന് ശറഹുകളും സംഗ്രഹങ്ങളും തയ്യാറാക്കി. എന്നാല്‍ അബൂ അബ്ദില്ല മുഹമ്മദ്ബിന്‍ അബ്ദില്ല അല്‍ ഖതീബ് അത്വിബ്രീസിയുടെ മിശ്കാതുല്‍ മസ്വാബീഹ് മറ്റെല്ലാ ശറുഹുകളെയും മറികടക്കുകയുണ്ടായി. അതിനാല്‍, ജനങ്ങളെല്ലാം അതില്‍ തന്നെ സമയം ചെലവഴിച്ചു.

വഫാത്ത്:
അദ്ദേഹം വഫാത്തായ വര്‍ഷത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിജ്‌റ വര്‍ഷം 510, 515, 516 എന്നിങ്ങനെ വ്യത്യസ്ത വര്‍ഷങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം. എന്നിരുന്നാലും അദ്ദേഹത്തിന്റെ വഫാത്ത് ശവ്വാല്‍ മാസത്തിലായിരുന്നുവെന്ന് എല്ലാ റിപ്പോര്‍ട്ടുകളും ഐക്യകണ്‌ഠേനെ രേഖപ്പെടുത്തുന്നു. അദ്ദേഹം വഫാത്താവുന്നത് മാര്‍ അല്‍ റുദ് എന്ന സ്ഥലത്ത് വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ശൈഖായ ഖാളി ഹുസൈന്റെ അടുത്ത് തന്നെയാണ് അദ്ദേഹത്തെയും ഖബറടക്കിയത്. അദ്ദേഹത്തിന് 83 വയസ്സായിരുന്നു വഫാത്താകുമ്പോള്‍. ചിലര്‍ അദ്ദേഹം 90 വയസ്സ് വരെ ജീവിച്ചിരുന്നുവെന്നും മറ്റു ചിലര്‍ 70 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അഭിപ്രായപ്പെടുന്നു. 80 പിന്നിട്ടുണ്ട് എന്നതാണ് പ്രബലമായ അഭിപ്രായം. ഒറ്റവാക്കില്‍ പറഞ്ഞാല്‍, സെല്‍ജൂക് കാലഘട്ടത്തില്‍ ജനങ്ങളെ സത്യമാര്‍ഗത്തിലേക്ക് നയിച്ച വലിയ പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഇമാം ബഗവി. അദ്ദേഹത്തിന്റെ രചനകള്‍ക്ക് അല്ലാഹു വലിയ സ്വീകാര്യതയും അംഗീകാരവും നല്‍കി അനുഗ്രഹിക്കുകയുണ്ടായി. കുരുശുയുദ്ധക്കാരുടെ കയ്യില്‍ നിന്ന് ഇസ്ലാമിക രാജ്യങ്ങളെ മോചിപ്പിക്കുന്നതിലേക്ക് സഹായകമായ യഥാര്‍ഥ വിശ്വാസസംഹിത അവരില്‍ ഊട്ടിയുറപ്പിക്കുന്നതില്‍ അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കി.

റഫറന്‍സ്:
أبو محمد البغوي، شرح السنة، (1/2 ـ 4). مصابيح السنة (1/109 ـ110
جهود علماء السلف في القرن السادس الهجري في الرد على الصوفية، ص 568
د. محمد مطر الزهراني، تدوين السنة النبوي، ص 219
الذهبي، سير أعلام النبلاء (19/439-441
عفاف عبد الغفور، البغوي ومنهجه في التفسير، ص 14 ـ 15
علي محمد الصلابي، دولة السلاجقة وبروز مشروع إسلامي لمقاومة التغلغل الباطني والغزو الصليبي، ص 519-524
محمد بن إسماعيل البخاري، الجامع الصحيح، رقم (6168 ـ 6171. 100

വിവ- അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles