Politics

പരസ്യചിത്രങ്ങളുടെ നിഴലിനെ ഭയപ്പെടുന്ന സംഘ്പരിവാര്‍

സംഘ്പരിവാറിന്റെ ബഹിഷ്‌കരണ ഭീഷണി നേരിടുന്ന പ്രമുഖ ബ്രാന്റുകളുടെ പട്ടിക അനന്തമായി തന്നെ നീളുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് രാജ്യത്തെ പ്രമുഖ കമ്പനികള്‍ക്ക് അവര്‍ വലിയ പണം മുടക്കി നിര്‍മ്മിച്ച പല പരസ്യങ്ങളും അന്യായമായ ആരോപണങ്ങളുടെ പേരില്‍ പിന്‍വലിക്കേണ്ടി വന്നിട്ടുള്ളത്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ടാറ്റ ഗ്രൂപ്പിന്റെ ജ്വല്ലറി ബ്രാന്റ് ആയ തനിഷ്‌കിന്റെ പരസ്യം.

ഹിന്ദു വിശ്വാസിനിയായ മരുമകളും മുസ്‌ലിമായ അമ്മായിഅമ്മയും തമ്മിലുള്ള ബന്ധം ചിത്രീകരിച്ച പരസ്യ ചിത്രത്തിനാണ് സംഘ്പരിവാറും ഹിന്ദുത്വ ഗ്രൂപ്പുകളും ‘ലൗ ജിഹാദ്’ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്ക് പ്രസവത്തിന് മുന്നോടിയായി അവരുടെ വീട്ടില്‍ ഒരുക്കിയ ചടങ്ങും മറ്റുമാണ് പരസ്യത്തിന്റെ ഇതിവൃത്തം. സ്വന്തം മകളെപ്പോലെ അവളെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയതെന്നും അവരുടെ കുടുംബത്തില്‍ ഇല്ലാത്ത ഒരു ചടങ്ങ് മരുമകളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയതുമാണ് പരസ്യത്തില്‍ പറയുന്നത്. ‘രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ മനോഹര സംഗമം’ എന്നാണ് വീഡിയോയുടെ വിവരണം ആയി തനിഷ്‌ക് യൂട്യൂബില്‍ നല്‍കിയിരുന്നത്. എന്നാല്‍ പരസ്യം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ലൗ ജിഹാദ് കടത്താനാണ് തനിഷ്‌ക് കമ്പനി ശ്രമിക്കുന്നതെന്നും ആരോപിച്ച് പതിവു പോലെ സംഘ്പരിവാര്‍ സൈബര്‍ പോരാളികള്‍ രംഗത്തു വന്നിട്ടുള്ളത്. ജ്വല്ലറിക്കെതിരെ ബഹിഷ്‌കരണാഹ്വാനവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ ഇതവര്‍ ട്രെന്റിങ്ങാക്കുകയും ചെയ്തു.

Also read: ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി

എന്നാല്‍ പരസ്യത്തിനെതിരെ കൂടുതല്‍ സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും വന്നതോടെ യൂട്യൂബില്‍ നിന്നും പരസ്യം പിന്‍വലിക്കാന്‍ തനിഷ്‌ക് കമ്പനി നിര്‍ബന്ധിതരായി. എന്നാല്‍ ഇതുകൊണ്ടൊന്നും തീര്‍ന്നില്ല ഹിന്ദുത്വ സംഘടനകളുടെ അരിഷം. കമ്പിനി നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അവര്‍ വീണ്ടും രംഗത്തെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിഗ്രാമിലെ തനിഷ്‌ക് സ്റ്റോറിനു നേരെ ആക്രമണമഴിച്ചുവിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഷോറൂം മാനേജറെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാപ്പ് എഴുതി വാങ്ങിപ്പിക്കുകയും ചെയ്തു. ശേഷം ഈ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആത്മനിര്‍വൃതിയടയുന്ന ലജ്ജാകരമായ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

ഹിന്ദു- മുസ്ലിം സൗഹൃദങ്ങളുടെ ഇഴയടുപ്പങ്ങള്‍ ചിത്രീകരിച്ച പ്രമുഖ ബ്രാന്റുകളുടെ പരസ്യങ്ങള്‍ക്കെല്ലാം ഇന്ത്യയില്‍ ഇതു തന്നെയായിരുന്നു വിധി. നേരത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സര്‍ഫ് എക്‌സലിനെതിരെയും സംഘ്പരിവാര്‍ സമാനമായ രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഹോളി ആഘോഷവുമായി ബന്ധപ്പെടുത്തി ഹിന്ദു-മുസ്ലിം കുട്ടികളുടെ സൗഹാര്‍ദ്ദം കാണിക്കുന്ന ചിത്രം സര്‍ഫ് എക്‌സല്‍ പുറത്തിറക്കിയിരുന്നത്. പള്ളിയിലേക്ക് പോകുന്ന മുസ്ലിം ബാലന്റെ വസ്ത്രത്തില്‍ ഹോളി നിറങ്ങള്‍ പുരളാതിരിക്കാന്‍ സംരക്ഷണം നല്‍കുന്ന കളിക്കൂട്ടുകാരിയുടെ സന്ദേശമാണ് പരസ്യത്തിലൂടെ പറഞ്ഞത്. എന്നാല്‍ സമാനമായ ലൗജിഹാദ് ആരോപണവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തു വരികയും പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ പരസ്യം പിന്‍വലിക്കാനോ മാപ്പ് പറയാനോ തയാറായില്ല എന്നതാണ് ശ്രദ്ധേയം.

എന്നാല്‍ തനിഷ്‌കിന്റെ പരസ്യത്തിനെതിരെ നടക്കുന്ന ക്യാംപെയ്‌നുകളെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ ക്യാംപെയ്‌നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പരസ്യത്തിന് പിന്തുണ അറിയിച്ചും തീവ്രമായ മതസ്പര്‍ധയും വിദ്വേഷപ്രചരണവും രാജ്യത്തെ കീഴടക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടും നിരവധി പേര്‍ പരസ്യ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. വിദ്വേഷ പ്രചരണങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടും തനിഷ്‌കിന് പിന്തുണയുമായും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമഖര്‍ രംഗത്തെത്തി എന്നതും പ്രതീക്ഷക്ക് വകയുള്ള ഒന്നാണ്.

Also read: നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

അതേസമയം, വിദ്വേഷ പ്രചാരണങ്ങളും വര്‍ഗ്ഗീയ വാര്‍ത്തകളും നല്‍കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് നിലപാടെടുത്ത രാജ്യത്തെ പ്രമുഖ ബ്രാന്റുകളായ ബജാജിന്റെയും പാര്‍ലെ ജിയുടെയും നിലപാടും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അനുദിനം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മീഡിയകളില്‍ ആര്‍ജ്ജവമുള്ള നിലപാടുകള്‍ കൈകൊള്ളാന്‍ കുറച്ച് പേരെങ്കിലും ഉണ്ട് എന്നതാണ് ഇന്ത്യയുടെ ജനാധിപത്യ ഭാവിക്ക് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കുന്നത്. അതിനാല്‍ തന്നെ നട്ടെല്ല് നിവര്‍ത്തി അഭിപ്രായം പറയാന്‍ ബജാജില്‍ നിന്നും പാര്‍ലെജിയില്‍ നിന്നും തനിഷ്‌ക് അടക്കമുള്ള കമ്പനികള്‍ക്ക് ഒരുപാട് പാഠം പഠിക്കാനുണ്ട്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker