Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും സിനിമയും തനിമ കലാസാഹിത്യ വേദിയും

ജീവിതത്തിൻറെ എല്ലാ മേഖലകളിലും സത്യസാക്ഷ്യം നിർവ്വഹിക്കലാണ് മുസ് ലിം ഉമ്മത്തിൻരെ നിയോഗ ദൗത്യമെന്ന് വിശുദ്ധ ഖുർആൻ വിവിധ രൂപേണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആ അർത്ഥത്തിൽ കലാ സാഹിത്യങ്ങളെ “ജാഹിലിയ്യ”ത്തിൻറെ പിടുത്തത്തിൽ നിന്നും ഇസ് ലാമിയ്യത്തിൻറെ ശാദ്വലതകളിലേക്ക് പരിവർത്തിപ്പിക്കൽ നമ്മുടെ കടമയാകുന്നു.

പ്രവാചകന്മാർ ഇസ്‌ലാമിന്റെസംസ്ഥാപനം നിർവ്വഹിച്ചത് “ഹിക്മത്തോ”ടു കൂടിയാണെന്ന് വിശുദ്ധ ഖുർആൻ പറയുമ്പോൾ അതിൻറെ വിവക്ഷകളിൽ ഒന്ന് കാലഘട്ടത്തിൻറെ മുഖ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തലാണെന്ന കാര്യവും സുവിദിതമാണ്. അവ്വിധം വർത്തമാനകാലത്ത് അവഗണിക്കാനാവാത്ത മാധ്യമത്രെ സിനിമ.

നേരത്തേ “സുഡാനി ഫ്രം നൈജീരിയ” യും  ഇപ്പോൾ “ഹലാൽ ലൗ സ്റ്റോറി” യും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഈ അവസരത്തിൽ ഈദൃശ ചിന്തകൾ പ്രത്യേകം പ്രസക്തമാണ്. കേരളീയ മുസ് ലിംകളുടെ “മഹത്തായ സാഹിത്യ പാരമ്പര്യ”ത്തെ പറ്റി നാം ഏറെ മനസ്സിലാക്കിയതാണ്. മക്തി തങ്ങൾ, വക്കം മൗലവി തുടങ്ങി ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൗലവി വരെ നവോത്ഥാനത്തിനു വേണ്ടി തൂലിക പടവാളാക്കിയവർ നിരവധി.

Also read: സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

ഒപ്പം മാപ്പിളപ്പാട്ട്, കോൽക്കളി, കഥാപ്രസംഗം, പോലുള്ള കലാരൂപങ്ങളിലൂടെ സമുദായത്തിൻറെ മുഖ്യധാര എന്നും സർഗശേഷി തെളിയിച്ചിട്ടുണ്ട്. അറേബ്യൻ മിത്തുകളുടെ ചാരുത ഉള്ളുണർത്തിയ മഹാകവി മോയിൻകുട്ടി വൈദ്യർ മുതൽ ഒട്ടനവധി കവികളും ഗാന രചയിതാക്കളും ഗായികാ ഗായകന്മാരും കേരളീയ ഗ്രാമ സീമകളോട് സംഗീതത്തിൻറെ ഭാഷയിൽ സംവദിച്ചിട്ടുണ്ട്. “എഴുത്തിൻറെ അറകൾ ” തുറന്നു വെച്ച വൈക്കം മുഹമ്മദ് ബശീർ മുതലുള്ള അസാമാന്യ പ്രതിഭകളും നമുക്കിടയിലൂടെ കടന്നു പോയിട്ടുണ്ട്.

അപ്പഴും പക്ഷെ നാടകം/സിനിമ പോലുള്ള നവീന കലാരൂപങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ നാം വേണ്ടത്ര വളർന്നില്ല. ഏതൊരു വ്യവസ്ഥയെയാണോ ആശയപരമായി നാം നേരിടുന്നത്, അതേവ്യവസ്ഥയുടെ തന്നെ രൂപ മാതൃകകൾ സ്വീകരിക്കാൻ നാം നിർബന്ധിക്കപ്പെടും എന്നതായിരുന്നു വിശിഷ്യ സിനിമാ ഫീൽഡിൽ നാം അഭിമുഖീകരിച്ച വെല്ലുവിളി.വ്യവസ്ഥയെന്ന “ചേറും ചെളിയും” മാറ്റുമ്പോൾ അവയിലെ അഴുക്ക് നമ്മുടെ ശരീരത്തിലും ഏൽക്കാനുള്ള സാധ്യത കുറച്ചല്ലല്ലോ.

എങ്കിലും “പരിമിധികൾക്കകത്താണ് നല്ല കലാസൃഷ്ടികൾ ജന്മമെടുക്കുക” എന്നതിന് ഇറാൻ സിനിമകൾ വിശ്വോത്തരമാകുന്ന തിൻറെ മാതൃകകൾ നമ്മുടെ മുമ്പിൽ ഉണ്ടായി രുന്നു. സിനിമ, സംഗീതം പോലുള്ള കലാരൂപങ്ങൾ ആവിഷ്കരിക്കുന്ന പ്രതിഭകളിൽ ധാരാളം മുസ് ലിംകൾ ഉണ്ടായിട്ടും എന്തുകൊണ്ട് അവിടങ്ങളിലൊന്നും “ഇസ് ലാം” ഉണ്ടാവുന്നില്ല? എന്ന ചോദ്യവും ഒപ്പം മുസ് ലിം കഥാപാത്രങ്ങളുടെ പരിഹാസ്യതയും നമ്മെ പലപ്പോഴും ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്.

ഒടുവിൽ ആ ദിശയിലേക്ക് ഇസ് ലാമിക പ്രസ്ഥാനം ധീരമായൊരു കാൽവെപ്പ് നടത്തി.അതത്രെ “തനിമ കലാ സാഹിത്യ വേദി”. 1989 ൽ അഹ്മദ് കൊടിയത്തൂര് പ്രഥമ പ്രസിഡണ്ടായി ഉയിരെടുത്ത “തനിമ കലാവേദി”യാണ് പിന്നീട് തനിമ കലാ സാഹിത്യ വേദിയായി വളർന്നത്. ജമാഅത്തെ ഇസ് ലാമിയുടെ ദിശാ പൂർണമായ കർതൃത്വം തനിമയെ വേറിട്ട അനുഭവമാക്കി. എഴുത്തിന് നിരന്തര പരിശീലനം പകർന്ന “ഉയിരെഴുത്തും” ഇസ് ലാമിക മൂല്യങ്ങളലൂന്നിയ സിനിമാ പിടുത്തത്തിൻറെ അനന്തസാധ്യതകൾ തുറന്നിട്ട, അഞ്ചു വർഷക്കാലം നീണ്ട “ഇൻറർവെൽ ” എന്ന പരിശീലനക്കളരിയും കേരളത്തിൻറെ മുക്കുമൂലകളിൽ കയറിയിറങ്ങിയ “സാംസ്കാരിക സഞ്ചാര”വുമെല്ലാം കലാകേരളത്തിൽ തനിമ നടത്തിയ അവിസ്മരണീയങ്ങളായ ഇടപെടലുകളായിരുന്നു.അതു വഴി കാലഘട്ടത്തിനു മുന്നിൽ നടക്കാൻ ശേഷിയുള്ള ഒരു സർഗാത്മക ന്യൂനപക്ഷം സൃഷ്ടിക്കപ്പെട്ടു.

Also read: തിരുത്തൽ മുന്നോട്ടു വെക്കേണ്ടത് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാണ്

പ്രസ്ഥാനം “തനിമ” യിൽ എത്തുന്നതിനു മുമ്പുള്ള നാൾവഴികളും ശ്രദ്ധേയമായിരുന്നു.
എസ്.ഐ.ഒ എന്ന വിദ്യാർത്ഥി വിംഗിൻറെ “സർഗസംഗമം” മുതൽ “മിന്നാമിനുങ്ങ്” എഴുതിയ യു.കെ അബൂ സഹ് ല, “കണ്ണീരും പുഞ്ചിരിയും” നാടകം രചിച്ച കെ.ബി.കെ വളാഞ്ചേരി തുടങ്ങിയ സുവർണ ശൃംഖല തലമുറകളിലേക്ക് നീളുന്നതാണ്.സലാം കൊടിയത്തൂരിൻറെ “ഹോം സിനിമ”കളും ദി മെസ്സേജ്, ഉമർ മുഖ്താർ പോലുള്ള ചരിത്ര സിനിമകളുടെ ആവിഷ്കാരങ്ങളും, സോളിഡാരിറ്റി സംഘടിപ്പിക്കാറുള്ള “ഫിലിം ഫെസ്റ്റു”കളും ജമാഅത്തെ ഇസ് ലാമി തന്നെ നേരിട്ട് കവലകളിൽ സംഘടിപ്പിച്ചിരുന്ന വി.സി.ആർ പ്രദർശനങ്ങളുമെല്ലാം ഇവിടെ സ്മരിക്കേണ്ടതുണ്ട്.

മലയാള സാംസ്കാരിക രംഗത്ത് ഇസ് ലാമിക വ്യവഹാരങ്ങളുടെ സർഗാത്മകമായ ഇടപെടൽ സാധ്യമാക്കലായിരുന്നു തനിമയുടെ ലക്ഷ്യം.”സൗന്ദര്യമുള്ള ജീവിതത്തിന് കല” എന്ന അടയാളവാക്യത്തിനു കീഴെ കലയിൽ നിന്ന് ജീവിത സൗന്ദര്യത്തെയും ജീവിതത്തിൽ നിന്ന് കലയുടെ സൗന്ദര്യത്തെയും വെട്ടിമാറ്റുന്ന പ്രവണതക്കെതിരെ തനിമ കനത്ത ജാഗ്രത പുലർത്തുകയും ബദൽ കലാ സാഹിത്യങ്ങളെ മുന്നോട്ട് വെക്കുകയും ചെയ്തു.

കാലഘട്ടത്തിൻറെ പുതിയ നവോത്ഥാനത്തിന് ഷോട്ട് ഫിലിം ഉൾപ്പെടെയുള്ള സിനിമയുടെ പ്രസക്തി വളരെ വലുതാണ്. ഇസ് ലാം/മുസ് ലിം അപരവത്കരണവും സ്വത്വ നിഷേധവും ഇസ് ലാം പേടിയും വ്യാപകമായി വരുന്ന പുതുകാലത്ത് തനിമ കലാ സാഹിത്യ വേദിയുടെ പ്രസക്തി കൂടി വരികയാണ്.

Related Articles