Faith

യുക്തിവാദി വിമർശനങ്ങൾ ഇസ്‌ലാമിന് ഗുണകരമായി ഭവിക്കുമ്പോൾ

ദൈവിക ജീവിതദർശനമായ ഇസ്‌ലാമിന്റെ പ്രകാശത്തെ ഊതിക്കെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്റെ ശക്തികളായ സത്യവിരോധികൾ നടത്തിക്കൊണ്ടിരിക്കുന്ന അന്തംകെട്ട വിമർശനങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇസ്‌ലാമിനോളം പഴക്കമുണ്ടതിന്. ഇരുട്ടിനെ പ്രണയിക്കുന്നവരുടെ കൂട്ടത്തിലേക്ക് യുക്തിശൂന്യവാദികൾ കൂടി ചേർന്നതോടെ ഇസ്‌ലാം വിമർശനങ്ങൾ വ്യക്തിഹത്യയിലേക്കും അവഹേളനത്തിലേക്കും നിന്ദയിലേക്കും പരിഹാസത്തിലേക്കും ട്രോളിലേക്കും കടന്നിരിക്കുന്നു എന്ന് മാത്രം. അവയിൽ മിക്കതിന്റെയും സ്ഥാനം തറ നിലവാരത്തിനും താഴെയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ധാർമിക-സദാചാര മൂല്യങ്ങൾക്ക് നിയതമായൊരു അടിസ്ഥാനമില്ലാത്ത, യാതൊരു പ്രാധാന്യവും കൽപ്പിക്കാത്ത യുക്തിവാദികളിൽ പലർക്കും അരക്ക് താഴെയും അടിവസ്ത്രത്തിനുള്ളിലുമുള്ള കാര്യങ്ങളിലേക്ക് ചേർത്തുകൊണ്ടുള്ള സംസാരങ്ങളേ പരിചയമുള്ളൂ എന്നതാണ് അനുഭവം. അതിനാൽ തന്നെ ഇത്തരം വിമർശനങ്ങൾ അതിന്റെ ഉപജ്ഞാതാക്കളുടെ പ്രതീക്ഷക്ക് വിരുദ്ധമായി ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും ഉണ്ടാക്കിയിട്ടുള്ള പ്രയോജനങ്ങൾ പലതാണ്. കഴിഞ്ഞകാല ചരിത്രവും വർത്തമാനകാല അനുഭവങ്ങളും തെളിയിക്കുന്നത് അതാകുന്നു.

ഇസ്‌ലാം ഒരു ഹരിത സസ്യം പോലെയാണ്. ശത്രുക്കളും അവരുടെ ചീഞ്ഞളിഞ്ഞ വിമർശനങ്ങളും അതിന് വളരാനുള്ള വളമാകാറാണ് പതിവ്. അതെ, ഇസ്‌ലാമിനെ എതിർക്കുന്നവരിലൂടെ ദിനം പ്രതി ഇരുപത്തിനാല് മണിക്കൂറും ഇസ്‌ലാം ഒരു ചൂടുള്ള വിഷയമായി ലോകത്ത് ചർച്ച ചെയ്യപ്പെടുന്നു. സത്യാന്വേഷികൾക്ക് മുന്നിൽ ശരിയായ ഇസ്‌ലാമിനെ എത്തിക്കാനും പലരും അതിനെ പുൽകാനും ഇസ്‌ലാമോ ഫോബിക് ആയ വിമർശനങ്ങൾ നിമിത്തമാവുന്നു എന്നത് നിസ്തർക്കമാണ്‌. എന്ത് വിമർശനങ്ങൾ കേട്ടാലും അതെപ്പടി വിശ്വസിക്കാതെ പഠിക്കാനും ചിന്തിക്കാനും തയ്യാറാകുന്നവരായിരിക്കും ബുദ്ധിയും ചിന്താശേഷിയുമുള്ളവർ. ഇങ്ങനെ സ്വയം സന്നദ്ധരായി ഇസ്‌ലാമിനെ പഠിക്കാൻ മുന്നോട്ടുവരുന്നവർ ധാരാളമുണ്ട്. പാശ്ചാത്യ-യൂറോപ്യൻ നാടുകളിൽ പല ബുദ്ധിജീവികളും കലാ-കായിക രംഗത്തെ പ്രമുഖരും ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടത് അങ്ങനെയാണ്. സ്വർഗ്ഗത്തിലേക്കുള്ള ഈ രാജപാതയിൽ എത്തിപ്പെടാൻ ഞാനിത്രയും വൈകിയതെന്ത്, എന്തുകൊണ്ട് ഇതേകുറിച്ച് ഞാൻ മുമ്പേ തന്നെ ചിന്തിച്ചില്ല എന്ന് സ്വയം ചോദിച്ചുകൊണ്ട് ഇത്തരം അനുഭവങ്ങൾ കണ്ണീരിൽ ചാലിച്ച വാക്കുകളിൽ പങ്കുവെച്ച നിരവധി പേരെ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരം അനുഭവക്കുറിപ്പുകളിൽ ചിലതെല്ലാം മലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുമുണ്ട്. ഫലത്തിൽ, ഇസ്‌ലാമിനെ വളർത്തുന്നതിൽ കൃത്യമായ സംഭാവനകൾ തങ്ങൾ പോലുമറിയാതെ അതിന് നൽകുന്നവരാണ് യുക്തിവാദികൾ എന്നർഥം!

Also read: ഹജ്ജാജിന്റെ ഉറക്കംകെടുത്തിയ ധീരവനിത

ഒരു അറബി കവി പാടിയത് പോലെ:
“സമീപത്ത് തീയെരിഞ്ഞിട്ടില്ലായിരുന്നെങ്കിൽ
ഊദിൻ്റെ സുഗന്ധം എങ്ങനെ പരക്കാനാണ് ”

നബി(സ)യുടെ കാലത്ത് ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും തകർക്കാൻ കപടവിശ്വാസികൾ മെനഞ്ഞ കാര്യമായ തന്ത്രങ്ങളിലൊന്ന് പ്രവാചക പത്നി ആയിശ(റ)ക്കെതിരായ വ്യഭിചാരാരോപണമായിരുന്നല്ലോ. ആരോപണങ്ങളുടെ ആ പെരുമഴ മദീനയെ പിടിച്ചുലക്കുകയും നിഷ്കളങ്കരായ ചില വിശ്വാസികൾ പോലും ‘ഇത്‌ ശരിയാണല്ലോ’ എന്ന് ചിന്തിക്കുന്ന അവസ്ഥ വരികയും ചെയ്യുകയുണ്ടായി! എന്നാൽ കേവലം ഒരു മാസക്കാലം മാത്രമായിരുന്നു അതിന്റെ ആയുസ്സ്. ആയിശ(റ)യുടെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് വിശുദ്ധ ഖുർആൻ അവതരിച്ചു. ‘ഈ അപവാദ സംഭവത്തെ നിങ്ങൾക്ക് ദോഷമായി കരുതേണ്ടതില്ല. പ്രത്യുത, ഇതും നിങ്ങൾക്ക് ഗുണംതന്നെയാകുന്നു. അതിൽ ആർ എത്രത്തോളം പങ്കുകൊണ്ടുവോ അയാൾ അത്രത്തോളം തന്നെ പാപം പേറിയിരിക്കുന്നു. അതിന് നേതൃത്വം നൽകിയവനോ, അവന്ന് ഘോരമായ ശിക്ഷയാണുള്ളത്’ എന്നാണ് അതേകുറിച്ച് അല്ലാഹു പറഞ്ഞത്. (സൂറ: അന്നൂർ 11). അതെ, സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഏത് വേളയിലാണെങ്കിലും വീഴ്ചകൾ സംഭവിക്കാതെ കൂടുതൽ ജാഗരൂഗരാകാനും, സംശയാസ്പദമായ സന്ദർഭങ്ങൾ ഉണ്ടാകാതെ നോക്കാനും, കപട വിശ്വാസികൾ ആരൊക്കെയാണ് എന്ന് വേർതിരിച്ചു മനസ്സിലാക്കാനും, ആരോപണങ്ങളുടെ പുകമറകൾ വകഞ്ഞുമാറ്റി അഗ്നിശുദ്ധി വരുത്താനും, അങ്ങനെ ധാർമിക-സദാചാര രംഗത്ത് ആരെയും കവച്ചുവെക്കുന്ന വിതാനത്തിലേക്ക് ഉയരാനും, ആ സംഭവം നിമിത്തമാവുകയാണുണ്ടായത്.

മദീന ആസ്ഥാനമായ ഇസ്‌ലാമിക രാഷ്ട്രത്തിനും അതിന്റെ നേതൃത്വത്തിനുമെതിരെ കനത്തൊരാക്രമണം നടത്താൻ കഴിഞ്ഞു എന്ന ആഹ്ലാദത്തിലായിരുന്നു അന്ന് അപവാദ പ്രചാരകർ. എന്നാൽ ദൈവേഛയാൽ അതവർക്ക് തിരിച്ചടിയും സത്യവിശ്വാസികൾക്ക് ഗുണകരവുമായി ഭവിക്കുകയാണുണ്ടായത്. ഇതുതന്നെയാണ് യഥാർത്ഥത്തിൽ അഭിനവ യുക്തിവാദികളുടെ ഇസ്‌ലാം വിമർശനങ്ങൾ കൊണ്ടും സംഭവിക്കുന്നത്. അല്ലെങ്കിലും, നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്‌ലാമിനെതിരെ ആർത്തലച്ചുവന്ന സർവായുധ വിഭൂഷിതരായിരുന്ന ക്രൈസ്തവ മിഷനറികൾക്കും ഓറിയന്റലിസ്റ്റുകൾക്കും ജൂത- സയണിസ്റ്റ് ശക്തികൾക്കും സാധിച്ചിട്ടില്ലാത്തത് പ്രസ്താവയോഗ്യമായ ഒന്നുമല്ലാത്ത യുക്തിവാദി ടീമിന് എങ്ങനെ സാധിക്കാൻ?! അന്ന് പ്രവാചക പത്നിക്കെതിരായ അപവാദത്തിലൂടെ ഒരുപരിധിവരെ മദീനയെ പിടിച്ചുലക്കാനെങ്കിലും ആഭ്യന്തര ശത്രുക്കൾക്ക് കഴിഞ്ഞെങ്കിൽ, ഇന്നത്തെ യുക്തിവാദികളുടെ ഇസ്‌ലാം വിമർശനങ്ങൾക്കോ പ്രവാചകനെതിരായ വ്യക്തിഹത്യകൾക്കോ അപവാദ പ്രചാരണങ്ങൾക്കോ അവരുടെ വിഹാര മേഖലയായ ‘ഇ’ ലോകത്ത് പോലും കാര്യമായ ഒരു ഇളക്കവും സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. (മറുപടി പറയാൻ കഴിയാത്തതിനാൽ, പോസ്റ്റ് മുക്കുകയും വ്യവസ്ഥാപിത സംവാദത്തിനിടക്ക് ഇടക്കുവെച്ച് നിറുത്തിപ്പോകുകയും ചെയ്യേണ്ട ഗതികേടിലാണ് അവരിൽ പലരുമുള്ളത് എന്നതാണ് നമ്മുടെ നേർക്കുനേരെയുള്ള അനുഭവം!) വസ്തുത ഇതായിരിക്കെ, യാഥാർഥ്യ ലോകത്തെ അവരുടെ കഥ പറയാനുണ്ടോ!

Also read: എല്ലാവർക്കും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങൾ

യുക്തിവാദികൾ കൊക്കിന് വെക്കുന്നത് പലപ്പോഴും കൊള്ളാറുള്ളത് കുളക്കോഴിക്കാണ്. ഇസ്‌ലാമിനും അതിന്റെ പ്രവാചകനുമെതിരായ അവരുടെ ആരോപണങ്ങൾ ബൂമറാങ് കണക്കെ അവരെത്തന്നെ തിരിച്ചടിക്കുന്നു. ഇങ്ങോട്ടുന്നയിക്കുന്ന ആരോപണങ്ങൾക്ക് വിശദീകരണവും ചോദ്യങ്ങൾക്ക് മറുപടിയും നൽകിക്കൊണ്ട് തിരിച്ചൊരു ചോദ്യം അവരോടുന്നയിച്ചാൽ മറുപടി പറയാനാവാതെ ഒഴിഞ്ഞുമാറേണ്ടിവരുന്നു. തെളിവ് ഹാജരാക്കാനാവാതെ വെള്ളംകുടിക്കുന്നു. വിഷയം മാറ്റി രക്ഷപ്പെടുന്നതും കാണാം. അല്ലെങ്കിലും പ്രഭാത കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ മാത്രമാണല്ലോ ഇരുട്ട് നിലനിൽക്കുക! ഇസ്‌ലാമാകുന്ന സൂര്യതേജസ്സിനെ ആളുകളിൽ നിന്ന് മറച്ചുപിടിക്കാൻ യുക്തിവാദികൾ ശ്രമിക്കുമ്പോഴും സ്വന്തംനിലക്ക് പുറത്തേക്ക് പ്രവഹിക്കുന്ന അതിന്റെ മുന്നിലെ തടസ്സങ്ങൾ വകഞ്ഞുമാറ്റി വഴി എളുപ്പമാക്കുക എന്ന ജോലിയെ വിശ്വാസികൾ നിർവഹിക്കേണ്ടതുള്ളൂ. ‘തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും! (തൗബ 32)

ഒരുവശത്ത്, യുക്തിവാദികളുടെ നിലപാടില്ലായ്മയും ധാർമിക രാഹിത്യവും കാപട്യവും സംഘിസവും അരാജകത്വവാദവും ശക്തമായി ചോദ്യം ചെയ്യപ്പെടുന്നു. മറുവശത്ത്, മുസ്‌ലിംകളായി അഭിനയിക്കുന്ന യുക്തിവാദികളെയും അവർക്കുവേണ്ടി ചാരപ്പണിയെടുക്കുന്ന മുസ്‌ലിം നാമധാരികളെയും സമൂഹം തിരിച്ചറിയുന്നു. യുക്തിവാദീ ആരോപണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാനും അവരെ തൊലിയുരിച്ച് കാണിക്കാനും യുവതലമുറയിലെ മുസ്‌ലിംകളിൽനിന്ന് നല്ല വൈജ്ഞാനിക പിൻബലമുള്ള, ദീനും ദുൻയാവുമറിയുന്ന ധാരാളമാളുകൾ രംഗത്തുവരുന്നു. വിഷയങ്ങൾ സ്‌പെഷലൈസ് ചെയ്തു പഠിക്കുന്നു. ലേഖനങ്ങളായും പ്രസന്റേഷൻ വീഡിയോകളും ചോദ്യാത്തരങ്ങളുമായും അവ സമൂഹ മാധ്യമങ്ങളിൽ പരന്നൊഴുകുന്നു. (തദ്ഫലമായി, സ്വന്തം വാദങ്ങളിൽ ഉറച്ചുനിൽക്കാനാവാതെ യുക്തിവാദികൾക്ക് മൗനംപാലിക്കേണ്ടിവരുന്നു എന്നത് സോഷ്യൽ മീഡിയയിലെ സ്ഥിരം കാഴ്ചകളിലൊന്നാണല്ലോ!)

ഇസ്‌ലാമിനെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടില്ലാത്തതിനാൽ യുക്തിവാദി വിമർശനങ്ങൾ കേട്ട് വസ്‌വാസിലായവർ മാറിച്ചിന്തിക്കാൻ തയ്യാറാവുകയും അവരെ സത്യം ബോധ്യപ്പെടുത്താൻ അവസരം ലഭിക്കുകയും ചെയ്യുന്നു. വിമർശിക്കപ്പെടുന്ന വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നു. പ്രവാചകനിലേക്ക് ചേർത്ത് പറയുന്ന കാര്യങ്ങൾ ആധികാരികമാണെന്ന് ഉറപ്പ് വരുത്തുന്നു. ഏറെ വൈജ്ഞാനിക മൂല്യമുള്ള പുതിയ രചനകൾ പിറവിയെടുക്കുന്നു. മുസ്‌ലിം സംഘടനകൾക്കിടയിൽ മുമ്പില്ലാതിരുന്ന വിധം ഐക്യരൂപമുണ്ടാകുന്നു. യുക്തിവാദീ വിമർശനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു. സംശയനിവാരണത്തിന് തുറന്ന അവസരമൊരുക്കുന്നതിലൂടെയും പഠനത്തിന് പുതുമയുള്ള വേദികൾ ഉണ്ടാക്കുന്നതിലൂടെയും വളരുന്ന തലമുറയുടെ ആത്മവിശ്വാസവും ഈമാനികാവേശവും പതിന്മടങ്ങ് വർദ്ധിക്കുന്നു… ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ, തീർത്തും നിരർത്ഥകമായ യുക്തിവാദി വിമർശനങ്ങൾ കൊണ്ട് ഇസ്‌ലാമിന് ലഭിക്കുന്ന എടുത്തുപറയാവുന്ന ഗുണങ്ങൾ നിരവധിയുണ്ടെന്ന് കാണാവുന്നതാണ്. ദോഷത്തെക്കാൾ എത്രയോ വലുതും വിപുലവുമാണത്.

Also read: കേൾക്കാനുള്ളൊരു മനസ്സ്

ചുരുക്കത്തിൽ, യുക്തിവാദികളുടെ ഇസ്‌ലാം വിരുദ്ധ കുതന്ത്രങ്ങളും പ്രചാരവേലകളും അവർക്ക് വിനയും മുസ്‌ലിംകൾക്ക് ഗുണവുമായി പരിണമിക്കുന്നു. പടച്ചവന്റെ തന്ത്രം അങ്ങനെയാണ്. ഖുർആൻ പറയുന്നത് കാണുക:

‘അവർ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരിൽ അത്യുത്തമനല്ലോ അല്ലാഹു.’ (അൽഅൻഫാൽ 30). ‘അവര്‍ കുതന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കും. നാമും തന്ത്രം പ്രയോഗിക്കും. അതിനാല്‍ സത്യനിഷേധികള്‍ക്ക് നീ അവധി നല്‍കുക. ഇത്തിരി നേരം അവര്‍ക്ക് സമയമനുവദിക്കുക. (അത്വാരിഖ് 15-17).

Facebook Comments
Related Articles
Close
Close