Current Date

Search
Close this search box.
Search
Close this search box.

കേൾക്കാനുള്ളൊരു മനസ്സ്

മറ്റൊരാൾ പറയുന്നതിനെ “കേൾക്കുക” എന്നാൽ അതിനെ നമുക്ക് രണ്ട് അർത്ഥത്തിൽ എടുക്കാം. ഉദാഹരണത്തിന് നിനക്കെന്താണ് ഞാൻ പറയുന്നത് കേട്ട് നടന്നാൽ? ഞാൻ പറയുന്നതൊന്നും ഇവൻ കേൾക്കില്ല, ഈ പെൺകുട്ടിയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇവൾ കേൾക്കില്ല എന്നൊക്കെ പറയുമ്പോൾ ഇതിനൊക്കെ അർത്ഥം കേൾക്കുന്നില്ല എന്നല്ലല്ലോ പറഞ്ഞത് അനുസരിക്കുന്നില്ല എന്നല്ലേ? അതേപോലെ.. അയാൾ എന്താണ് നിന്നോട് പറഞ്ഞത്? നീ കേട്ടിരുന്നോ? എന്ന് ചോദിക്കുമ്പോൾ കേട്ടിരുന്നോ എന്ന് മാത്രമാണ് അർത്ഥമാക്കുന്നത് എന്നാൽ മറ്റൊരു കേൾക്കലും കൂടെയുണ്ട് ചെവിയും മനസ്സുംകൊടുത്ത് കേട്ടിരിയ്ക്കുകയാണ് അഥവാ ശ്രവിയ്ക്കുകയാണ് അത്. അതായത്, listening എന്നാണ് അതിനെ ഇംഗ്ലീഷിൽ പറയുന്നത്.

ഈ രണ്ട് കേൾക്കലും തമ്മിൽ നല്ല അന്തരമുണ്ട്. വെറുതെ ആരെങ്കിലും വല്ലതും പറയുന്നത് കേൾക്കാൻ നമുക്ക് അതിൽ പ്രത്യേകിച്ച് തയാറെടുപ്പുകളോ, ഏകാഗ്രതയൊന്നും ആവശ്യമില്ല. എന്നാൽ ഒരേസമയം ചെവിയും മനസ്സും ഉൾപ്പെടുത്തി ശ്രവിച്ചിരിയ്ക്കാൻ അല്പം ഏകാഗ്രതയുടെയും കൂടെ ആവശ്യമുണ്ട്. സ്വല്പം ക്ഷമയും സഹിഷ്ണുതയും കൂടെ ഉണ്ടെങ്കിലേ മറ്റൊരാളെ ഇതുപോലെ കേട്ടിരിക്കാൻ നമ്മൾ തയാറാവുകയും ഉള്ളൂ. അതുകൊണ്ട് ഇത്തരം ഒരു ശീലം നമ്മൾ സ്വയം തന്നെ പതിയെ നമ്മളിൽ ബോധപൂർവ്വം ശീലിച്ചോ വളർത്തിയോ എടുക്കേണ്ട ഒന്നാണ്. കേട്ടിട്ട് തനിയ്ക്ക് വലിയ പ്രയോജനമോ നേട്ടമോ ഇല്ല എന്നറിഞ്ഞിട്ടും യാതൊരു മുഷിപ്പും പ്രകടിപ്പിക്കാതെ ഒരാളെ കേട്ട് ഇരിക്കാൻ കഴിയുന്നത് വാസ്തവത്തിൽ അയാളിലെ എളിമയും ക്യാരക്ടറിന്റെ മഹത്വവുമാണ് എടുത്ത് കാണിക്കുന്നത്. പക്ഷെ സംസാരിക്കുന്ന ആളും ഒരു കാര്യം അറിഞ്ഞിരിക്കണം താൻ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടിരിക്കുന്ന വ്യക്തിയുടെ സമയത്തിന്റെ മൂല്യം മനസ്സിലാക്കണം, അതേപോലെ അയാൾക്ക് ഔചിത്യബോധവും കൂടിയേ തീരൂ. കേൾവിക്കാരൻ താൻ പറയുന്നതെല്ലാം കേട്ടിരിയ്ക്കാൻ തല്പരനാണോ എന്ന് അയാളുടെ ഇരിപ്പിൽ നിന്നും മുഖഭാവത്തിൽ നിന്നും വായിച്ച് എടുക്കണം.

കേൾക്കുമ്പോൾ അല്പം മുന്നോട്ട് ചായ്ഞ്ഞ് ഇരുന്നോ, കുട്ടികളോടാണെങ്കിൽ വാത്സല്യത്തോടെ തലയിൽ തലോടിയോ, വൃദ്ധരോടാണെങ്കിൽ കൈകളിൽ പിടിച്ചോ ചേർത്ത് നിർത്തിയിട്ടൊക്കെ സംസാരിക്കുകയും പ്രസന്ന ഭാവത്തോടെ അവരെ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയോട് ആർക്കും ഇഷ്ടവും ആദരവും ബഹുമാനവും തോന്നും. ഏകാഗ്രതയോടെ സംസാരത്തിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ച് താൽപര്യത്തോടെ വേണം കേട്ടിരിക്കാൻ. ഏറ്റവും നല്ല കേൾവിക്കാരൻ നല്ലൊരു മനുഷ്യസ്നേഹിയും നല്ലൊരു വ്യക്തിയും കൂടെ ആയിരിയ്ക്കും എന്നതൊരു സത്യമാണ്. അതേപോലെ മനുഷ്യർ പരസ്പരം കേൾക്കാനുള്ള മനസ്സ് പ്രകടിപ്പിക്കുന്നതും അവർക്കായി സമയം മാറ്റിവെക്കുന്നതും ബന്ധങ്ങൾ എല്ലാകാലത്തും നല്ല നിലയിൽ നിലനിർത്തിക്കൊണ്ട് പോകാൻ സഹായിക്കും.

Also read: മുഖം തിരിക്കലല്ല, മനസ്സുവെക്കലാണ് പുണ്യം

മാതാപിതാക്കൾ കുഞ്ഞുങ്ങളെ കേൾക്കണം, സ്‌കൂളിൽ നിന്ന് വന്നാൽ ഒത്തിരി കാര്യങ്ങൾ വളരെയേറെ ഗൗരവത്തോടെ (നമുക്ക് അത് ഒന്നുമായിരിക്കില്ല) ആകാംഷയോടെ, കൗതുകത്തോടെ നമ്മളുമായി പങ്കിടാൻ അവരുടെ ഉള്ളം തുടിക്കും. എല്ലാം കേൾക്കണം അവരെ ഒരിക്കലും നിരാശപ്പെടുത്തി അയയ്ക്കരുത്. പങ്കാളി തന്റേത് കേൾക്കുന്നില്ല മനസ്സിലാക്കുന്നില്ല എന്ന് പരാതി പറയുന്ന ഭാര്യാഭർത്താക്കന്മാർ മക്കളുടെ കാര്യങ്ങൾ വല്ലപ്പോഴും ഇരുന്ന് കേൾക്കാറുണ്ടോ? കുട്ടികൾ ഇരുന്ന് പഠിക്കുന്ന സമയത്തോ ഒന്നിച്ചിരുന്ന് കളിക്കുന്ന സമയത്തോ അവരിൽ ഒരാളാവാൻ, അവരെ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? അവരുടെ ഇടയിലേയ്ക്ക് ചെന്ന് കയറിയിരുന്ന് സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയാറുണ്ടോ? അവരുടെ പ്രശ്നങ്ങൾ, ഭാവിസ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ ഇവയെല്ലാം കേട്ട് ഇരുന്ന ശേഷം വേണ്ടവിധത്തിൽ പ്രോത്സാഹനവും അഭിനന്ദനങ്ങളും നൽകാൻ ശ്രമിക്കാറുണ്ടോ? ഇതെല്ലാം കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ പുഷ്ടിപ്പെടുത്തും. മക്കളെ കേൾക്കാൻ മനസ്സും ചെവിയും തുറന്ന് വെയ്ക്കുകയും മാതാപിതാക്കൾക്ക് എല്ലാം അവരുമായി ഷെയർ ചെയ്യന്ന ശീലവും ഉണ്ടെങ്കിൽ പരസ്പരം എന്തും സംസാരിക്കാനുള്ള ഒരു ചാനൽ ക്രിയേറ്റ് ആവും അതേപോലെ ഒരു ശക്തമായ ഇമോഷണൽ ബോണ്ടും അവർക്കിടയിൽ രൂപപ്പെട്ട് വരും. അങ്ങനെയെങ്കിൽ കുടുംബാംഗങ്ങൾക്കിടയിൽ സ്വർച്ചേർച്ചയും പരസ്പരസഹകരണവും സ്നേഹവും എന്നുമെന്നും നിലനിൽക്കും.

കേൾക്കുക (hearing) എന്ന ധർമ്മം നിറവേറ്റപ്പെടുന്നത് ശിരസ്സിന്റെ രണ്ട് ഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചേന്ദ്രിയങ്ങളിൽ ഒന്നായ കർണ്ണങ്ങൾ കൊണ്ടാണ്. ശബ്ദം തിരിച്ചറിയുക, സ്വീകരിയ്ക്കുക, ശബ്ദതരംഗങ്ങളെ ന്യൂറോൺ വഴി തലച്ചോറിലേയ്ക്ക് എത്തിക്കാനുള്ള സംവിധങ്ങൾ ഒരുക്കുക എന്നതാണ് ഇവയുടെ ഡ്യൂട്ടി. ഇതൊരു ശാരീരികമായ പ്രക്രിയയാണ്, വല്ലതും കേൾക്കാൻ നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഉപബോധ മനസ്സ് അത് ചെയ്തിരിക്കും എന്നാൽ. മാനസികമായ ഒരു ഇൻവോൾവ്‌മെന്റോടെ കേൾക്കുക/ശ്രവിക്കുക (listening) എന്നത് ബോധമനസ്സ് അറിഞ്ഞുകൊണ്ട് ചെയ്യേണ്ട ഒന്നാണ്, ഇതിൽ ബോധപൂർവ്വം മസ്തിഷ്‌ക്കം കൂടെ അതിന്റെ യഥാർത്ഥ പങ്കാളിത്വം ഏറ്റെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കേൾക്കാൻ മാത്രമല്ല മനസ്സിലാക്കാനും കൂടെ മനസ്സ് വേണം എന്ന് പറയുന്നത്. ഇത് നമ്മൾ സ്വയം ഡെവലപ്‌ ചെയ്തെടുക്കണ്ട സ്കിൽ ആണ്. അല്ലെങ്കിൽ ശരിയായ ഗൈഡൻസോടെ അച്ഛനമ്മമാർ മക്കൾക്ക് പരിശീലിപ്പിച്ചെടുക്കേണ്ടതാണ്. വളർന്നു വരുന്ന കുഞ്ഞുങ്ങളിൽ അവർ കാണുന്നതും കേൾക്കുന്നതുമായ എല്ലാത്തിനെക്കുറിച്ചും വീണ്ടും വീണ്ടും കൂടുതൽ കേൾക്കാനും അറിയാനും മനസ്സിലാക്കാനുമുള്ള അതിയായ ത്വരയുണ്ടാവും അതൊന്ന് വികസിപ്പിച്ചെടുക്കാൻ കൂടെ നിന്നാൽ മതി.

Also read: പുറത്തു വരുന്നത് പട്ടിണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

പലരുടെയും ആശയങ്ങൾ, നിലപാടുകൾ, ജീവിതരീതികൾ, അനുഭവകഥകൾ, , ജീവതവിജയങ്ങൾ, പരാജയങ്ങൾ ഇവയൊക്കെ കേട്ടിരിക്കുന്ന ആൾക്ക് അതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങൾ ഉണ്ടാവുന്നുണ്ട്, യഥാർത്ഥത്തിൽ അതൊരു പാഴ്വേലയല്ല. ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും കൂടെ കിട്ടും. വെറുതെയാവില്ല നമ്മുടെ സമയം എന്ന് പറയാം. വീടുകളിൽ കഴിയുന്ന മനസ്സുകൾ തമ്മിൽ അകലം ഇല്ലാതിരിക്കണമെങ്കിൽ പരസ്പരം ഒന്ന് മനസ്സും ചെവിയും കൊടുക്കാനുള്ള മനസ്സ് കാണിച്ചാൽ മതി. ഇന്നതത്തെക്കാലം ബന്ധങ്ങൾക്കിടയിൽ നാം കാണുന്ന വിള്ളലുകൾ, പൊരുത്തക്കേടുകൾ, തെറ്റിദ്ധാരണകൾ, അകൽച്ചകൾ, കലഹങ്ങൾ ഇവയെല്ലാം പരസ്പരം കേൾക്കാനുള്ള ഒരു മനസ്സ് ഉണ്ടായിരുന്നെങ്കിൽ 90%വും കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിയ്ക്കാതെ, ഉള്ളിൽ കിടന്ന് വിങ്ങിപ്പുകയാതെ, മാനസികസംഘർഷങ്ങൾക്കൊണ്ട് ആടിയുലയാതെ, തകർന്നടിയതെ ഇന്നും ഭംഗിയായി മുമ്പോട്ട് പോകുന്നുണ്ടാവും എന്നാണ് പറയപ്പെടുന്നത്.

ഈ വിധം നമ്മൾ കേൾക്കാൻ തയാറാകുമ്പോൾ നമുക്ക് തന്നെ ഒട്ടേറെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട്.

1) പ്രാഥമികമായും ഒരാൾക്ക് നമ്മൾ നൽകുന്ന മൂല്യവും പ്രധാന്യവുമാണ് അത്. അയാൾ പറയുന്നത് കേൾക്കാനുള്ള വലിയ മനസ്സ് ആണ് നമ്മൾ കാണിക്കുന്നത്. നമ്മിലെ വ്യക്തിത്വത്തിന് എടുത്ത് ചാർത്താൻ പറ്റുന്ന ഒരു പൊൻതൂവൽ ആണ് ഈയൊരു ക്വാളിറ്റി.

2) ഓരോ മനുഷ്യരെയും കേൾക്കുന്ന ശീലം ഉണ്ടെങ്കിൽ അവരിലെ അനുഭവങ്ങളും പാഠങ്ങളും നമുക്ക് നാളെ മറ്റൊരാളെ മനസ്സിലാക്കാനും സഹചര്യങ്ങളെ എളുപ്പം വായിച്ചെടുക്കാനും സഹായിക്കും.

Also read: ധീര രക്തസാക്ഷി ഖുബൈബ് (റ)

3) ആ വ്യക്തിയെക്കുറിച്ചുള്ള ഒട്ടേറെ തെറ്റിദ്ധാരണകളും സംശയങ്ങളും കുറച്ച് സമയംകൊണ്ട് തന്നെ മാറികിട്ടും. അവരെ കേട്ടിരിക്കാൻ മനസ്സും വിലപ്പെട്ട സമയവും നൽകിയ നമ്മോട് അവർക്ക് ഉള്ളിൽ സ്നേഹവും കൃതജ്ഞതയും അനുഭവപ്പെടും. തെറ്റുകൾ അവരുടെ ഭാഗത്ത് ആണെങ്കിൽ ക്ഷമചോദിക്കാൻ അവർ സ്വമേധയാ തയാറാവും.

4) സഹജീവികളെ കേൾക്കാനും മനസ്സിലാക്കാനും തുടങ്ങുമ്പോൾ ഉള്ളിൽ നിരുപാധിക സ്നേഹവും അനുകമ്പയും (empathy) ആർദ്രതയും കാരുണ്യവും (compassion) ഉറവിടാൻ തുടങ്ങും. ഇത് നമ്മെ പുതിയൊരു മനുഷ്യനാക്കി മാറ്റും. മനുഷ്യത്വത്തിലധിഷ്ഠിതമായ, മനവികതയിലൂന്നിയ സുന്ദരമായ ചിന്തകളും കാഴ്‌ച്ചപ്പാടുകളും നമ്മെ സ്വാധീനിയ്ക്കും.

5) ആർക്ക് നേരെയും പെട്ടെന്ന് അയാളെ അപരാധിയെന്ന് വിലയിരുത്തിയോ മുദ്രകുത്തിയോ വിരൽചൂണ്ടാൻ കഴിയാതെ വരും. കാരണം ഒട്ടേറെ അനുഭവങ്ങളിലൂടെ ജീവിത സാഹചരങ്ങളിലൂടെ കടന്ന് വന്ന ഓരോ ജീവിതത്തിനും പറയാൻ ഒട്ടേറെ കഥകൾ ഉണ്ടാവും എന്ന തിരിച്ചറിവ് തന്നെ.

6) നമ്മൾ മറ്റുള്ളവരെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണെങ്കിൽ നമ്മെ കേൾക്കാനും മനസ്സിലാക്കാനും കൂടെ നിൽക്കാനും നിരുപാധികം ആളുകൾ മുന്നോട്ട് വരും.

7) ഒരുപാട് ആംഗിളിലൂടെ അല്ലെങ്കിൽ ദൃഷ്ടികോണിലൂടെ കാര്യങ്ങളെ വായിച്ചറിയാനും തിരിച്ചറിയാനുമുള്ള കഴിവ് നമ്മൾ നേടിയെടുക്കും.

8) ആളുകളോട് ക്രിയാത്മകമായും വൈകാരികത നിലനിർത്തിയും ഇടപെടാൻ പഠിയ്ക്കും. ഇത് എല്ലാവർക്കും കഴിയുന്ന ഒന്നല്ല

9) സത്യസന്ധമായി സംസാരിക്കുന്ന ആളുകളിലെ പൾസ് തിരിച്ചറിയാൻ കഴിയും എന്നാൽ മനുഷ്യരിലെ കാപട്യത്തെയും എളുപ്പം കണ്ടെത്താൻ സാധിക്കും.

10) തുറന്ന മനസ്സോടെ, ആരെയും മിൻവിധിയോടെ കാണാതെ, എല്ലാവരെയും ഒരേപോലെ പരിഗണിക്കുന്ന ആളുകളോട് അല്ലെങ്കിലും ആരും പൊതുവെ കളവ് പറയാൻ നിൽക്കാറില്ല എന്നതും വലിയൊരു അനുഭവമായി മാറും..

വ്യക്തിത്വമെന്നാൽ മനുഷ്യരിൽ അന്തർലീനമായിരിക്കുന്നതും ഒരാൾ ആർജ്ജിച്ചെടുക്കുന്നതുമായ ഇത്തരം ഗുണങ്ങൾകൊണ്ടും സ്വഭാവസവിശേഷതകൾകൊണ്ടും അമൂർത്തമായ ഒന്നാണ്.

Related Articles