Vazhivilakk

എല്ലാവർക്കും വേണ്ടി നിയോഗിക്കപ്പെട്ടവരാണ് നിങ്ങൾ

വേദസാരം-ഒമ്പത്

വഴിയരികിലെ ആ വൻമരം എല്ലാവർക്കും തണലേകി, കായ്കനികൾ നൽകി. എവിടെ നിന്നെല്ലാമോ വന്ന, ഏതെല്ലാമോ പക്ഷികൾ അതിൻ്റെ ചില്ലകളിൽ ചേക്കേറി, ആശ്വാസവും ആനന്ദവും കൊണ്ടു. ആരുടെയൊക്കെയോ ഇടങ്ങളിൽ വളർന്ന ലക്ഷോപലക്ഷം മാമരങ്ങളിൽ നിന്ന് പ്രവഹിക്കുന്ന ജീവവായു, മത- ജാതി- സമുദായ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും മൃഗങ്ങളും ശ്വസിക്കുന്നു. എൻ്റെ മരങ്ങളിൽ നിന്നുള്ള ജീവവായു എനിക്കു മാത്രം എന്ന് തീരുമാനിച്ചാലോ! അത് അസാധ്യം തന്നെ. അങ്ങനെ ചിലതുണ്ട് ഈ പ്രപഞ്ചത്തിൽ, എല്ലാവരുടേതുമായി നിലകൊള്ളേണ്ടവ. ചില പേരും, അടയാളങ്ങളും, പ്രത്യേകതകളുമൊക്കെ ഉണ്ടായിരിക്കാം. പക്ഷേ, അവയുടെ ഗുണഫലങ്ങൾ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്. സൂര്യനും ചന്ദ്രനും മഞ്ഞും മഴയും വെയിലും നിലാവും… പോലെ. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ദൈവം അവയെ പടച്ചതും പരിപാലിക്കുന്നതും! ഈ പൂന്തോട്ടത്തിൽ സവിശേഷമായൊരു ചെടിയുണ്ടെന്ന് വേദഗ്രന്ഥം പഠിപ്പിക്കുന്നു. നേരത്തെ ‘വേദസാരം’ വിശദീകരിച്ച, ‘മനുഷ്യരുടെ- ലോകരുടെ ദൈവം’ എന്ന മഹദ് തത്വത്തിൻ്റെ തുടർച്ചയാണിത്.

Also read: കേൾക്കാനുള്ളൊരു മനസ്സ്

‘മനുഷ്യർക്കു വേണ്ടി നിയോഗിതരായ ശ്രേഷ്ട സമൂഹം’. സത്യവേദത്തിലെ ഏറ്റവും ഉജ്ജ്വലമായ പ്രഖ്യാപനങ്ങളിലൊന്നാണിത്. വേദദർശനത്തിൻ്റെ വാഹകരെക്കുറിച്ചാണ് ഈ വിശേഷ വർത്തമാനം. അവർക്ക് അലങ്കാരമായി നൽകപ്പെട്ട കേവല വിശേഷണമല്ല, അവരുടെ അടിസ്ഥാന സ്വഭാവമായി നിശ്ചയിക്കപ്പെട്ട നിയോഗമാണിത്. ധർമ്മത്തിൻ്റെ പ്രചാരകർ, അധർമ്മത്തിൻ്റെ അന്തകർ! നന്മയുടെ നറുനിലാ പെയ്ത്തായി സകല മനുഷ്യർക്കും തണലാകുന്നവർ! അതാണവരുടെ മുഖമുദ്ര. എല്ലാവർക്കും വേണ്ടി ജീവിക്കുക, എല്ലാവരെയും സ്നേഹിക്കുക, എല്ലാവർക്കും സേവനം ചെയ്യുക. ആവശ്യക്കാരനായ ഏതു മനുഷ്യനും അകൽച്ചയും അസ്ക്യതയും തോന്നാത്തതും, തടസ്സങ്ങളേതുമില്ലാതെ കയറിച്ചെല്ലാവുന്നതുമാകണം ശ്രേഷ്ട സമൂഹത്തിൻ്റെ സ്ഥാപനങ്ങളും സംരംഭങ്ങളും. ‘മനുഷ്യർക്ക്‌ വേണ്ടി നിയോഗിതരായവർ’ എന്ന തത്വം, അപ്പോൾ മാത്രമേ, മണ്ണിലെ പ്രയോഗമാകൂ. ഇതെല്ലാം അങ്ങനെത്തന്നെയാണോ എന്ന് പുനരാലോചന നടത്താൻ വേദവാഹകർക്ക് ബാധ്യതയുണ്ട്.

‘മനുഷ്യർക്ക് വേണ്ടി’ എന്ന പ്രയോഗത്തിന് കനത്തിലൊരു അടിവരയിടണം. മതവും സമുദായവും ജാതിയും കുലവും വർഗവും വർണ്ണവും നോക്കി വിവേചനം കാണിക്കാത്ത, മനുഷ്യനന്മയുടെ വാഹകാരാകൂ എന്നാണത് ഉൽഘോഷിക്കുന്നത്. വേദവാഹകരുടെ സുകൃതങ്ങളെല്ലാം, ചുറ്റുവട്ടങ്ങളിലെ എല്ലാ മനുഷ്യരിലേക്കും ഒഴുകിപ്പരക്കണം എന്നർത്ഥം. സ്വജീവൻ നൽകിയും മറ്റുള്ളവരുടെ ജീവൻ കാക്കുന്നവർ, ആലംബമറ്റവരെ തേടിയെത്തുന്ന ധന സഹായങ്ങൾ, രക്തം- പ്ലാസ്മ ദാനങ്ങൾ, ചുമലിലേറ്റിയ ശവമഞ്ചങ്ങൾ…. അനുഭവസാക്ഷ്യങ്ങൾ ഏറെയുണ്ട്. സ്നേഹത്തിൻ്റെ മഹാപ്രവാഹത്തിന്, സേവന – സഹായ ഹസ്തങ്ങൾക്ക് വിവേചനത്തിൻ്റെ വൻമതിൽ പണിത് വിഭാഗീയത കാണിക്കുന്നത് വേദദർശനം വിലക്കുന്നു. അത്തരം വചനങ്ങൾ, തിരുത്തുകൾ പലവുരു വന്നിട്ടുണ്ട് വേദഗ്രന്ഥത്തിൽ. വംശവെറിയുടെ, വിവേചനത്തിൻ്റെ പൈശാചികമായ പകർന്നാട്ടങ്ങളെ വേദ വചനങ്ങളിൽ തെളിയുന്ന ദൈവദർശനം കൊണ്ട് ചെറുക്കണം, തിരുത്തണം.

Also read: പുറത്തു വരുന്നത് പട്ടിണിയുടെ ഞെട്ടിക്കുന്ന കണക്കുകൾ

‘മതത്തിൻ്റെ, ജാതിയുടെ, സമുദായത്തിൻ്റെ, കുലത്തിൻ്റെ, ഗോത്രത്തിൻ്റെ പേരിൽ മാത്രമായി സംഘടിച്ചവരും, തങ്ങൾക്കു മാത്രമായി പ്രവർത്തിക്കുന്നവരും നിങ്ങൾക്കു ചുറ്റുമുണ്ടാകാം. അവരൊന്നുമല്ല ഒരിക്കലും നിങ്ങളുടെ മാതൃക. അവരിലേക്ക് കണ്ണയച്ച് അവരെപ്പോലെയാകരുത്. വിഭാഗീയതയിൽ അവരോട് മത്സരിക്കാനല്ല നിങ്ങളുടെ നിയോഗം. അവർക്കൊന്നും വഴികാട്ടിയായി ഒരു സത്യവേദമില്ല. നിങ്ങളുടെ വഴി തെരഞ്ഞെടുക്കേണ്ടത് എൻ്റെ മൊഴി നോക്കിയാണ്’. ഇതാണ് സത്യവേദത്തിൻ്റെ ആഹ്വാനം. അതുകൊണ്ട്, സത്യവേദത്തിൻ്റെ വാഹകരേ, ഇതുവഴി മുന്നോട്ടു പോകൂ. എല്ലാ മനുഷ്യർക്കും തണൽ നൽകുന്ന വൻമരങ്ങളാകൂ.

Facebook Comments
Related Articles
Close
Close