Current Date

Search
Close this search box.
Search
Close this search box.

ചൈനീസ് എഴുത്ത് ശൈലിയും ഇസ് ലാമിക് കലിഗ്രഫിയും

ലോകത്ത് ഏതൊരു ആശയവും വ്യത്യസ്തതകളോടെ പ്രാവർത്തികമാക്കുന്നതിൽ അസാമാന്യ സിദ്ധികൾ കൊണ്ടനുഗ്രഹീതരാണ് ചൈനീസ് വംശജർ. ഒരു വസ്തുവിൻറെ നിർമ്മാണ രീതിയെ ചൈന ആവിഷ്കരിക്കാൻ ശ്രമിക്കുന്നതും മറ്റു രാജ്യങ്ങൾ അതിനെ സമീപിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഏതൊരു മേഖലയാണെങ്കിലും ചൈനയിൽ നിന്നുള്ള വസ്തുക്കൾക്ക് ചില പ്രത്യേകതകൾ ഉണ്ടാവാം എന്ന മനോഭാവം തന്നെയാണ് ചൈനയെന്ന രാജ്യത്തിൻറെ കരുത്തായി വർത്തിക്കുന്ന യഥാർത്ഥ ഘടകം. നിർമ്മാണ മേഖലയിലെ അപ്രമാദിത്യം പോലെ തന്നെ കലാ-സംസകാരങ്ങളിലെ വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ നിരവധി വേദികളിൽ പലപ്പോഴും ചൈന ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. പ്രസ്തുത കലാവൈവിധ്യങ്ങളിലെ എടുത്തുദ്ധരിക്കേണ്ട മേഖലയാണ് ചൈനീസ് ഭാഷയും ഇസ്ലാമിക എഴുത്ത് ശൈലികളും.

ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന ചൈനീസ് (മൻഡാരിൻ) ഭാഷ എഴുത്ത് രീതിയിലും വ്യത്യസ്തതകൾ നൽകുന്നതാണ്. എഴുത്ത് മേഖലയിലെ എക്കാലത്തെയും വിപ്ലവമായി മനസ്സിലാക്കുന്ന പേനയുടെ കണ്ടുപിടുത്തവും കടലാസ് നിർമ്മാണവും ഒപ്പം അച്ചടിയും കൂടി ആദ്യമായി ചൈന ആരംഭിച്ചപ്പോൾ മറ്റ് ലോക രാജ്യങ്ങൾ പോലും ചൈനയുടെ പുതുമകളെ ഉൾക്കൊള്ളാനും പിന്തുടരാനും നിർബന്ധിതരാവുകയായിരുന്നു. കയ്യിൽ പിടിച്ച, മടക്കി വീശാൻ കഴിയുന്ന, വ്യത്യസ്ത മടക്കുകളുള്ള വിശറിയും അതുപയോഗിക്കുന്ന രീതിയും തുടങ്ങി ഇന്നും കേരളം വിസ്മയത്തോടെ മാത്രം നോക്കി കാണുന്ന ചീനവലയുടെ ടെക്നിക്ക് മാന്ത്രികത പോലും ചൈനയുടെ പരമ്പരാഗത കലാസൃഷ്ടികളുടെ ലോകത്തേക്ക് നമ്മെ കൊണ്ട് പോകുന്ന ചില ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്. തങ്ങളുടെ കയ്യിൽ വരുന്ന ഏതൊരു ആശയത്തെയും വ്യത്യസ്തമാക്കുന്നതോടൊപ്പം ഭംഗിയായി കൂടി സംവിധാനിക്കാൻ ചൈനയിലെ കലാകാരന്മാർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നത് കൊണ്ടാണ് ചൈനയിൽ നിന്നുള്ള എത്ര ചെറിയ ഉപകരണവും ചൂടപ്പം പോലെ ലോക വിപണികളിൽ വിറ്റഴിക്കപ്പെടുന്നത്.

കടലാസ് കണ്ട് പിടിച്ച ചൈന നാലായിരം വർഷങ്ങൾക്ക് മുമ്പു തന്നെ എഴുതാനുള്ള സിദ്ധികളും സ്വയത്തമാക്കിയിരുന്നു. പൗരാണിക കാലത്ത് രൂപപ്പെട്ട അവരുടെ ലിപി ഈ ആധുനിക ലോകത്തും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുക്കാതെ നിലനിൽക്കുന്നുവെന്നത് അതിശയകരമാണ്. ലോകത്ത് നിലനിൽക്കുന്ന ഭാഷകളിൽ വളരെയേറെ പ്രത്യകതകളാൽ സമ്പന്നമാണ് ചൈനീസ്. ചീന ഭാഷയുടെ ഘടന തന്നെ നമ്മെ വിസ്മയിപ്പിക്കും. ഇന്തോ- യൂറോപ്യൻ ഭാഷകളിൽ നിന്ന് ചീന ഭാഷ വ്യത്യസ്ത ചിഹ്നരൂപങ്ങൾ കൊണ്ട് വ്യതിരക്കമായി നിൽകുന്നുണ്ട്.

Also read: അനുഗ്രഹങ്ങളുടെ ആകാശപ്പെയ്ത്ത്

ചൈനീസ് എഴുത്ത് രീതിയിൽ കാലാന്തരത്തിൽ മാറ്റങ്ങൾ വന്നു എന്നത് ശരി തന്നെ. ഇന്ന് ചൈനയുടെ തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ ജനങ്ങൾ സംസാരിക്കുന്ന ഉച്ചാരണ ശൈലികളിൽ മറ്റേത് രാജ്യത്തേയും പോലെ വ്യത്യാസങ്ങൾ കാണാം. ചീന ഭാഷയുടെ ലിപികൾ എഴുതാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ മാറ്റമായിരുന്നു അതിൽ എടുത്ത് പറയേണ്ടത്. അതിലൂടെ ചൈനീസ് എഴുത്ത് ശൈലികൾ കൂടുതൽ വിശാലമാക്കപ്പെട്ടു. ചെറിയ മുള കോലുകൾ (Bamboo) ഉപയോഗിച്ചാണ് കലിഗ്രഫി എഴുതേണ്ടതെന്ന് ലോകം പഠിക്കാൻ തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ ചൈനീസ് എഴുത്ത് സംസകാരത്തിൻ്റെ തന്നെ അഭിവാജ്യ ഘടകമായി മുളങ്കമ്പുകൾ മാറിയിരുന്നു എന്ന വസ്തുത വസ്മരിക്കാൻ കഴിയില്ല. പിന്നീട് അവയെ ചെത്തിയും മിനുക്കിയും വ്യത്യസ്ത ഭാവങ്ങൾ നൽകി കയ്യെഴുത്ത് കലയിൽ ചൈന അപ്രമാദിത്വം കയ്യടക്കി. ചീന ഭാഷയിൽ എഴുത്ത് ആരംഭിച്ചത് ചിത്രങ്ങളുടെ (Pictography) സഹായത്തോടെയാണ്. അത് കാലക്രമത്തിൽ ശബ്ദ ചിഹ്നങ്ങളായി മാറ്റപ്പെട്ടു. ഉദാഹരണമായി സൂര്യന് ഒരു വൃത്തവും അതിനകത്ത് ഒരു ബിന്ദുവും നൽകി. ചന്ദ്രനാവട്ടെ ചന്ദ്രക്കലയും… ഓരോ അക്ഷരവും അതിൽ ഉൾചേർന്ന് പോയ ചിഹ്നങ്ങളിലൂടെ പ്രകൃതിയിലെ വസ്തുക്കളെ പ്രതിനിധാനം ചെയ്യുന്നു എന്നർത്ഥം.

ചൈനയിലേക്കുള്ള വലിയ തോതിലുള്ള മുസ്ലിംകളുടെ ഒഴുക്ക് നടക്കുന്നത് മംഗോളുകൾ ചൈനയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ മുതൽക്കാണ്. മദ്ധ്യേഷ്യ, പേർഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കലാകാരമാരെ ചൈനയിലേക്ക് കൊണ്ട് വന്ന് ബ്രഹത്തായ തങ്ങളുടെ സാമ്രാജ്യത്തെ കൂടുതൽ ഭംഗിയുള്ളതാക്കുകയാണ് മുഗോളുകൾ ചൈനയിൽ ചെയ്തത്.

ചൈനയിലേക്കുള്ള ഇസ്ലാമിൻറെ കടന്നു വരവോടെ ഇസ്ലാമിക കലയെ ചൈനീസ് പരമ്പരാഗത കലാ ശൈലികൾ പതിയെ ഉൾകൊള്ളാൻ തുടങ്ങി. 1966-1976 കാലത്തെ സാംസകാരിക വിപ്ലവത്തെ തുടർന്ന് ചൈനയിൽ നിരവധി പൗരാണിക പള്ളികൾ തകർക്കപ്പെട്ടു, മരത്തടിയിലും കടലാസിലും എഴുതി സൂക്ഷിച്ച പഴയ കാല കലിഗ്രഫി ഗ്രന്ഥങ്ങളും വിവരണങ്ങളും ചൈനക്ക് കൈമോശം വന്നു. എങ്കിലും തങ്ങളുടെ പൗരാണിക കലാരൂപങ്ങളെ തനത് സ്വഭാവത്തോടെ നിലനിർത്തി ഇസ്ലാമിക കലാ സാധ്യതകൾക്ക് പുതിയ ശൈലികൾ ചൈന സമ്മാനിച്ചു.

അറബി കലിഗ്രഫിയിൽ സ്വന്തമായ എഴുത്ത് രീതികൾ നിലവിലുണ്ടായിരുന്നിട്ട് കൂടി തങ്ങളുടെ എഴുത്ത് ശൈലികളിലേക്ക് അറബി അക്ഷരങ്ങളെ ലയിപ്പിക്കാൻ ചൈനീസ് ഇസ്ലാമിക കലാകാരന്മാർ ശ്രമം നടത്തി. ഒടുവിൽ സ്വന്തമായ ചൈനീസ്-അറബി കലിഗ്രഫി ശൈലി അവർ തന്നെ രൂപപ്പെടുത്തി. ചൈനയുമായുള്ള കച്ചവട ബന്ധങ്ങളിലൂടെ ചൈനീസ് കലിഗ്രഫി വിദൂരദിക്കുകളിലേക്ക് സഞ്ചരിച്ച് പ്രചാരം നേടി. തങ്ങളുടെ ഭാഷയക്ക് അനിയോജ്യമായ എഴുത്ത് രീതികളെ അറബ് ലോകത്ത് നിന്ന് ചൈനയും നേടിയെടുത്തു. അതോടെ ഇസ് ലാമിക കലിഗ്രഫിയിൽ ചൈനയുടേതായ സ്വതന്ത്ര എഴുത്ത് ശൈലിക്ക് വമ്പിച്ച പ്രചാരവും പ്രശസ്തിയും കൈവന്നു. അറബി അക്ഷരങ്ങൾ കലിഗ്രഫി രൂപത്തിൽ എഴുതുമ്പോൾ പോലും തങ്ങളുടെ തനത് ചൈനീസ് എഴുത്ത് രീതികളിലേക്ക് അവയെ സന്നിവേശിപ്പിക്കാൻ ചൈനയിലെ അറബി കലിഗ്രഫി മേഖലയിൽ ജോലി ചെയ്യുന്നവർ ശ്രമിക്കുന്നത് തന്നെ ആ ഭാഷയിൽ ഉൾചേർന്ന് പോയ കലാമൂല്യങ്ങളുടെ പ്രശസ്തിയും പ്രചാരവും എത്രത്തോളമെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

Also read: വഴിയറിയാതെ കാശ്മീര്‍

സാധാരണ നിലയിലുള്ള അറബി എഴുത്ത് രീതികൾക്ക് പകരമായി ചൈനയിൽ അറിയപ്പെടുന്നതും പ്രയോഗിക്കപ്പെടുന്നതുമായ എഴുത്ത് രീതിയാണ് ‘സിനി’ (صيني) അഥവാ ചൈനീസ്. ചൈനീസ് ഭാഷയിൽ അക്ഷരങ്ങൾ എഴുതുന്ന രീതി തന്നെ അവലംബമാക്കിയത് കൊണ്ടാണ് ‘സിനി’ എഴുത്ത് രീതിക്ക് ചൈനയിലും ലോകത്ത് തന്നെയും പ്രത്യേക ഇടം ലഭ്യമായത് എന്ന് പറയാം. ആഭരണങ്ങളിലെ (Ornamental) അലങ്കാര സ്വഭാവങ്ങളെ നമ്മുക്ക് ‘സിനി’ എഴുത്ത് രീതിയിൽ ആസ്വദിക്കാം. അറബി കയ്യെഴുത്ത് ശൈലിയിലെ ‘ഖത്ത് -സുലുസ്’ ചൈനയിലെ പൗരാണിക നഗര ഭാഗമായ ക്വോൻചോ പ്രദേശത്തെ പള്ളികളിൽ കൊത്തിവെച്ചതായി കാണാം. എന്നാൽ 1368 മുതൽ 1644 വരെയുളള മിംങ്ങുകളുടെ കാലഘട്ടം ‘സിനി’ എഴുത്ത് രീതിയുടെ പിറവിയുടേതായിരുന്നു. പഴയ കാല ‘സിനി’ എഴുത്ത് രീതികളിൽ കൊത്തിവെക്കപ്പെട്ട കലിഗ്രഫി മാതൃകകൾ ബീജിംഗിലെ ന്യൂജി പള്ളിയിലും ഹെബൈ പ്രവിശ്യയിലെ ഡിങ്ക്ഷ്യൻ പള്ളിയിലും ഇന്നും കാണാം.

ഇന്ന് ലോകത്ത് അറിയപ്പെടുന്ന കലിഗ്രഫി കലാകാരന്മാരിൽ പരമ്പരാഗത ചൈനീസ്- ഇസ്ലാമിക് കലിഗ്രഫി മേഖലയിൽ പ്രത്യേകം എടുത്ത് പറയേണ്ട വ്യക്തിത്വമാണ് ഹാജി നൂറുദ്ധീൻ ( Ma Guangjiang). ഇദ്ദേഹത്തിൻറേതായ നിരവധി സംരംഭങ്ങൾ കലിഗ്രഫി മേഖലയിൽ ചൈനക്ക് പുറത്ത് വിശാല സ്വഭാവത്തോടെ വിവിധ രാജ്യങ്ങളിൽ സംവിധാനിക്കപ്പെട്ടിട്ടുണ്ട്.

Related Articles