Current Date

Search
Close this search box.
Search
Close this search box.

അനുഗ്രഹങ്ങളുടെ ആകാശപ്പെയ്ത്ത്

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്താണ്? ഈ ചോദ്യത്തിന് ആറു മാസം മുമ്പ് നാം നൽകുമായിരുന്ന മറുപടി എനിക്ക് ഈ ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ആവണമെന്നായിരിക്കാം. ഒരു ബിൽ ഗേറ്റ്സ് എങ്കിലും ആവേണ്ടിയിരുന്നു. മാസങ്ങൾക്കിപ്പുറത്തു ഇതേ ചോദ്യം ചോദിക്കുമ്പോൾ നമ്മുടെ മറുപടി കാലത്തു എഴുന്നേൽക്കാൻ ജീവനുണ്ടായാൽ മതി എന്നതാണ്. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളുടെ സൂചിക മാറി മറിയുന്നത്. താങ്കൾ ഭാഗ്യവാനാണോ എന്നു ചോദിച്ചാൽ അല്ല എന്നാവും പലരുടെയും മറുപടി. എനിക്ക് അതിനു മാത്രം എന്താണ് കിട്ടിയത്? ഒന്നും കിട്ടിയിട്ടില്ല. കോവിഡ് കൂടി വന്നപ്പോൾ കയ്യിലുള്ളതെല്ലാം കടലെടുത്തു പോയി. പൊടുന്നനെ ഒരുനാൾ തിരമാല എല്ലാം തട്ടിപ്പറിച്ചു പോയത് പോലെ. വലിയൊരു ശൂന്യതയുടെ വക്കിലാണ് മനസ്സ്. തൊഴിൽ നഷ്ടപ്പെട്ടവരുണ്ട്. കച്ചവടത്തിൽ പഴയത് പോലെ ലാഭമില്ലാതെ പ്രയാസപ്പെടുന്നവരുണ്ട്. വിദ്യാഭ്യാസ മേഖല മുടങ്ങി കിടക്കുന്നു. ഇങ്ങനെ ജീവിതം നിശ്ചലമായ ഈ സമയത്തു താങ്കൾ ഭാഗ്യവാനാണോ എന്ന ചോദിക്കുമ്പോൾ ‘അല്ല’ എന്നു നമ്മൾ പറഞ്ഞു പോവും.

എന്താണ് കാരണം? നമ്മൾ നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു കൊണ്ടേയിരിക്കുകയാണ്. അയാൾക്കെത്രയാണ് കിട്ടിയത്? അത് വെച്ചു നോക്കുമ്പോൾ എന്റെ കയ്യിൽ ഒന്നുമില്ലല്ലോ എന്ന തോന്നലുണ്ടാവുന്നു. അതുകൊണ്ടാണ് റസൂലുല്ലാഹി(സ) പഠിപ്പിച്ചത്, ‘നിങ്ങൾ ഭൗതിക കാര്യങ്ങളിൽ നിങ്ങളെക്കാൾ താഴേക്കിടയിലുള്ളവരിലേക്ക് നോക്കൂ. എന്നാൽ ആത്മീയ കാര്യങ്ങളിൽ നിങ്ങളെക്കാൾ ഉന്നതരിലേക്ക് നോക്കൂ’ എന്ന്. പക്ഷെ നമ്മൾ പലപ്പോഴും നേരെ മറിച്ചാണ് ആലോചിക്കാറുള്ളത് എന്ന് മാത്രം.

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തെ അളന്നു തൂക്കുവാനുള്ള മാനദണ്ഡം നമ്മുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു.യഥാർത്ഥത്തിൽ എന്താണ് അനുഗ്രഹം? ധാരാളിത്തവും സുഖലോലുപതയുമാണോ? വിശുദ്ധ ഖുർആനിൽ പത്തു സ്ഥലങ്ങളിൽ “അല്ലാഹു നിങ്ങൾക് നൽകിയ അനുഗ്രഹങ്ങളെ ഒന്ന് ഓർത്തെടുക്കൂ” എന്നു പറയുന്നുണ്ട്. സൂറ അൽബഖറയുടെ ആദ്യ ഭാഗത്തു അല്ലാഹു ബനൂ ഇസ്രായേല്യരോട് പറയുന്നുണ്ട്, “ഒന്നോർത്തു നോക്കൂ നാം എന്തൊക്കെയാണ് തന്നതെന്ന്. എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങൾ അല്ലാഹു നൽകിയിരിക്കുന്നു.” അനുഗ്രഹങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. “നിങ്ങൾ അല്ലാഹുവിനു മാത്രം ഇബാദത് ചെയ്യുന്നവരാണെങ്കിൽ അവൻ നൽകിയ അനുഗ്രഹങ്ങൾക് നന്ദിയുള്ളവരാകുവിൻ “.

റസൂൽ (സ) ഇങ്ങനെയൊരു വചനം പഠിപ്പിക്കുന്നുണ്ട്. ‘നന്ദിബോധത്തോടെ ഭക്ഷണം കഴിക്കുന്നവൻ ക്ഷമാലുവായ നോമ്പുകാരനെ പോലെയാണ്’. എന്തൊരാഴമുള്ള വാക്കുകളാണ്! ‌. നന്ദിയോടെ ഭക്ഷണം കഴിച്ചവൻ നോമ്പുകാരന് തുല്യനാവുന്നു. “അവർ അസത്യങ്ങളെയാണോ വിശ്വസിക്കുന്നത്.അല്ലാഹുവിന്റെ അനുഗ്രഹത്തെ അവർ തള്ളിപ്പറയുകയുമാണോ?” എന്നു അല്ലാഹു ചോദിക്കുന്നത് കാണാം. അനുഗ്രഹമെന്ന് പറയാൻ നമ്മുടെ കയ്യിൽ എന്താണുള്ളത്? വരുമാനവും ബാങ്ക് ബാലൻസിനും ഒപ്പം നമ്മുടെ പ്രതീക്ഷകളും കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ഈയൊരു ഘട്ടത്തിൽ അനുഗ്രഹത്തെ കുറിച്ചു ചോദിക്കുമ്പോൾ എന്ത് പറയും? . ഒരു ആശുപത്രി സന്ദർശിച്ചു നോക്കൂ . ഒരു വൃക്കരോഗിയെ സമീപിക്കൂ. അയാളോട് ചോദിക്കൂ. താങ്കളുടെ ഏറ്റവും വലിയ ആഗ്രഹമെന്താണ്. എനിക്കൊന്നു പഴയ പോലെ മൂത്രമൊഴിക്കേണ്ടിയിരുന്നു എന്നാവും അയാളുടെ മറുപടി . ഇന്ന് ആ ആവശ്യം നിർവഹിക്കാൻ അയാൾ ആയിരങ്ങൾ ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. നമ്മളതിനെ ഡയാലിസിസ് എന്നു പറയുന്നു.

Also read: ഗസ്സ: ‘ക്വാറന്റൈനിനുള്ളിലെ ക്വാറന്റൈന്‍’

ഇങ്ങനെ ആഗ്രഹങ്ങൾ ചുരുങ്ങി വരുന്ന, ഏറ്റവും വലിയ ആഗ്രഹം വളരെ പ്രാഥമികമായ ആവശ്യങ്ങൾ മാത്രമായി വരുന്ന ഒരവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വരാനുണ്ട് . മനസ്സറിഞ്ഞൊന്ന് വെള്ളം കുടിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമാവുന്ന സമയം. . നമ്മുടെ ജീവിത സൗകര്യങ്ങൾ അല്പം താഴോട്ട് വന്നിട്ടുണ്ട് എന്നത് ശരിയാണ് . വീട്ടിലെ മെനു മാറിയിരിക്കുന്നു. നമ്മുടെ ശീലങ്ങളിലും സമ്പ്രദായങ്ങളിലുമൊക്കെ കുറവ് വന്നതായി നാം കണ്ടു കൊണ്ടിരിക്കുന്നു. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു പോയി എന്ന തോന്നലുണ്ടാവരുത് മനസ്സിൽ. ഒരുപാടാലോചിക്കണം. ജീവനുണ്ടല്ലോ ഇപ്പോഴും. ഒന്ന് തൊട്ടുനോക്കൂ.

ഖലീഫ ഹാറൂൺ റഷീദിനോട് ഇബ്നു സമ്മാക് എന്ന പണ്ഡിതൻ രണ്ടു ചോദ്യം ചോദിക്കുന്നുണ്ട്. അതിലൊരു ചോദ്യം ഇതായിരുന്നു. “താങ്കൾ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ വല്ലാതെ ദാഹിച്ചു വലഞ്ഞു. ഒരിറ്റു വെള്ളം പോലും കിട്ടാത്ത ഘട്ടത്തിൽ ആരെങ്കിലും ഒരാൾ ഒരിറക്ക് വെള്ളം കൊണ്ടുവന്നു തന്നാൽ താങ്കൾ അയാൾക്കു എന്ത് പകരം കൊടുക്കും?” ഹാറൂൺ റഷീദ് ഉടനെ ‌ മറുപടി പറഞ്ഞു. “എന്റെ ഈ സാമ്രാജ്യത്തിന്റെ നേർപകുതി ഞാൻ കൊടുക്കും”. ഹാറൂൺ റഷീദിന്റെ സാമ്രാജ്യത്തിന്റെ വിശാലത എത്രയാണെന്ന് അറിയുമോ? ഒരിക്കൽ കാർമേഘങ്ങൾ ഉരുണ്ടു കൂടിയപ്പോൾ ഹാറൂൺ റഷീദ് കാർമേഘത്തോട് പറയുന്നുണ്ട്. ‘നീ ഈ ഭൂമിയിലെവിടെ പെയ്താലും അതെന്റെ സാമ്രാജ്യത്തിലായിരിക്കും’ എന്ന്. അത്രയും വിശാലമായ സാമ്രാജ്യത്തിന്റെ പകുതിയാണ്‌അദ്ദേഹം കൊടുക്കുമെന്നു പറഞ്ഞത്. പിന്നെയും ആ പണ്ഡിതൻ ചോദിച്ചു. “വെള്ളം കുടിച്ച കഴിഞ്ഞു മൂത്രമൊഴിക്കേണ്ടി വന്നു. പക്ഷെ മൂത്രം പുറത്തേക്ക് പോവുന്നില്ല. വയറു വീർത്തു കിടക്കുന്നു. ആ സമയത് ഏതെങ്കിലും ഒരു വൈദ്യൻ മൂത്രം പുറത്തേക്ക് പോകാനുള്ള മരുന്ന് താങ്കൾക് നൽകിയാൽ അയാൾക്കെന്ത് കൊടുക്കും”. എന്റെ സാമ്രാജ്യത്തിന്റെ മറ്റേ പകുതി എന്നായിരുന്നു ഹാറൂൺ റഷീദിന്റെ മറുപടി. ഒരു ഗ്ലാസ് വെള്ളത്തിന്റെ പോലും വിലയില്ലാത്ത അധികാരത്തിലാണ് താനിരിക്കുന്നത് എന്ന് ഹാറൂൺ റഷീദ് തിരിച്ചറിഞ്ഞു. ഒരിക്കലും ഈ സാമ്രാജ്യത്തിൽ ഭ്രമിച്ചു പോവരുത് എന്നു ഇബ്നു സമ്മാക് അദ്ദേഹത്ത ഓര്മിപ്പിക്കുന്നുണ്ട്.

എന്താണ് അനുഗ്രഹം എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം അവിടെയാണ് നമുക്ക് ലഭിക്കുന്നത് . കാഴ്ചയില്ലാത്ത ഒരു സഹോദരനോട് താങ്കളുടെ ഏറ്റവും വലിയ അനുഗ്രഹമെന്താണെന്ന് ചോദിച്ചു നോക്കൂ. എനിക്ക് കണ്ണാടിയിൽ എന്റെ സ്വന്തം മുഖമൊന്ന് കാണണമെന്നാവും മറുപടി. നമുക്ക് സെൽഫിയെടുത്തു എത്ര വേണമെങ്കിലും സ്വന്തം സൗന്ദര്യം ആസ്വദിക്കാം. പക്ഷെ അതിന്റെ മൂല്യം എത്രയാണെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോവുന്നു. കണ്ണ് കാണാത്ത സുഹൃത് ബ്രയിൽ ലിപിയിൽ ഖുർആൻ പഠിക്കുന്നു.. ഒരുപാട് കഷ്ടപ്പെട്ട് തപ്പി തടഞ്ഞ അയാളത് പഠിച്ചു പാരായണം ചെയ്യുന്നു. രണ്ടു കണ്ണ് നൽകപ്പെട്ട നമ്മളോ? ആ അനുഗ്രഹത്തെ പാടെ മറന്നു പോവുന്നു. ഒഴിവു സമയങ്ങൾ ഒരുപാട് ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താതെ നമ്മൾ അലസരായിപ്പോവുന്നു. കാൻസർ വാർഡിൽ ചെന്നിട്ട് ഒന്ന് ചോദിച്ചു നോക്കൂ. എന്താണ് അവരുടെ ഏറ്റവും വലിയ ആഗ്രഹമെന്ന്. കുറച്ചു കൂടി ആയുസ്സ് കിട്ടിയെങ്കിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്തു തീർക്കാനുണ്ടായിരുന്നു. എന്നായിരിക്കും മറുപടി. പള്ളിയിൽ നിന്ന് ബാങ്കുവിളി കേൾക്കുമ്പോൾ ഒരു ഘട്ടത്തിൽ നമ്മൾ ഓടിക്കിതച്ചു വന്നിരുന്നു. ഇപ്പോൾ വീട്ടിലേക്കാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്.ഒന്നോ രണ്ടോ ആളുകൾ നമസ്കരിക്കാൻ വരുന്നു. ആർക്കും ആരെയും നിർബന്ധിക്കാൻ സാധ്യമല്ലാതൊരു ചുറ്റുപാടിലാണ് നമ്മൾ. എന്നാലും മനസാക്ഷിയോട് ചോദിച്ചു നോക്കൂ എന്താണ് മാർക്കറ്റിൽ പോകുന്ന എനിക്ക് പള്ളിയിലും ഒന്ന് പോയിനോക്കിയാൽ ? ആ ഭയം ഒന്ന് മാറ്റിയെടുക്കേണ്ടതില്ലേ?

Also read: ഗാസ; പറഞ്ഞു തീരാത്ത കഥകൾ

റസൂൽ (സ) അനുഗ്രഹങ്ങൾക് നന്ദി പ്രകടിപ്പിക്കാൻ പറഞ്ഞപ്പോൾ ഉമർ (റ) തിരിച്ചു ചോദിക്കുന്നുണ്ട്. അല്ലാഹുവിന്റെ റസൂലേ നമ്മൾ എല്ലാം വിട്ടെറിഞ്ഞ പോന്നവരല്ലേ.മക്കയിൽനിന്ന് എല്ലാം നഷ്ടപ്പെടുത്തി യാത്ര തിരിച്ചവരല്ലേ. ഇനി എന്ത് അനുഗ്രഹത്തിനാണ് നമ്മൾ നന്ദി പ്രകടിപ്പിക്കേണ്ടത് എന്ന് . റസൂൽ പറഞ്ഞ മറുപടിയെന്താണെന്ന് അറിയുമോ? “ഉമർ, സുരക്ഷിതമായ ഒരു മേൽക്കൂരയ്ക്ക് കിഴിൽ ജീവിക്കാൻ നമുക്ക് ഇപ്പോഴും അവസരം ലഭിക്കുന്നില്ല?. കൊടും ചൂടിൽ അവൻ നമുക്ക് തണൽ നൽകിയില്ലേ കാലിൽ ചെരുപ്പണിയാനുള്ള ഭാഗ്യം നമുക് ലഭിക്കുന്നില്ലേ” എന്ന്. നാളെ അല്ലാഹുവും ഇതേ ചോദ്യം നമ്മോട് ചോദിക്കും “അനുഗ്രഹത്തെ കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും” എന്ന വചനം വിശദീകരിക്കുന്നിടേത് മുഫസ്സിറുകൾ എടുത്ത് പറയുന്ന കാര്യമാണ്. “നിന്നെ തണുത്ത വെള്ളം നാം കുടിപ്പിച്ചില്ലേ” എന്ന് അല്ലാഹു ചോദിക്കുമത്രേ.

അതിനാൽ അനുഗ്രഹമെന്തെന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അനുഗ്രഹം. ആഗ്രഹങ്ങളെല്ലാം നമ്മുടെ ജീവനോളം ചുരുങ്ങി വരികയാണ്. അപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നു എന്ന മഹാ അനുഗ്രഹത്തെ കുറിച്ച് നാം ബോധ്യമുള്ളവരാവുക . പരീക്ഷണങ്ങളെ പുഞ്ചിരിയോടെ നേരിടുവാനാണ് നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. ഗുരുതരമായ പരീക്ഷണങ്ങളോടൊപ്പമാണ് മഹത്തരമയായ പ്രതിഫലമുള്ളത്. നിരാശയുടെ ഇരുട്ടിനെ പ്രതീക്ഷയുടെ വെളിച്ചത്താൽ മറയ്ക്കുവാൻ നമുക്ക് കഴിയട്ടെ.

Related Articles