Current Date

Search
Close this search box.
Search
Close this search box.

വഴിയറിയാതെ കാശ്മീര്‍

പാക്സിതാനുമായി അതിര്‍ത്തി പങ്കിടുന്നു എന്നതിനേക്കാള്‍ കാശ്മീരിന്റെ പ്രത്യേകതയായി സംഘ പരിവാര്‍ ശ്രദ്ധിച്ചത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള സംസ്ഥാനം എന്നതിലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ സംസ്ഥാനം എന്ന അവകാശം പോലും സംഘ സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. കാശ്മീര്‍ ജനതയെ കൂടുതല്‍ ഇന്ത്യയുമായി അടുപ്പിക്കാന്‍ എന്നതാണ് അതിന്‍റെ ന്യായമായി കേന്ദ്രം പറയുന്നത്. പക്ഷെ ഈ നിലപാടിലൂടെ കാശ്മീര്‍ ജനത കൂടുതല്‍ അകലാണ് സാധ്യത.

“ ഒരു പുരോഗമന ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന നാട്ടില്‍ ഞങ്ങളോട് വീടിനു പുറത്തു ഇറങ്ങരുത് എന്നാണു ഭരണ കൂടം പറയുന്നത്” ഒരിക്കല്‍ സംസ്ഥാന ഭരണകക്ഷിയായിരുന്ന പി ഡി പി യുടെ നേതാവ് വഹീദ് പാരയുടെ വാക്കുകളാണിത്. കശ്മീര്‍ പല അക്രമങ്ങള്‍ക്കും പാത്രമായിട്ടുണ്ട്. അക്രമകാരികള്‍ ശത്രുക്കളായി കണ്ടതും ഇന്ത്യയോട് കൂറ് പുലര്‍ത്തുന്ന കാശ്മീരി നേതാക്കളെ തന്നെയായിരുന്നു. ഇപ്പോള്‍ കേന്ദ്രത്തിലെ സംഘ പരിവാര്‍ സര്‍ക്കാരും ശത്രുവായി കാണുന്നത് കാശ്മീര്‍ രാഷ്ട്രീയത്തിലെ പ്രാദേശിക നേതാക്കളെ തന്നെയാണ് എന്നതാണ് അതിലെ കൌതുകം.

കാശ്മീരില്‍ കൂടുതല്‍ വേരുള്ള രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന  നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ ദേശസ്നേഹം ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതെ സമയം അവരെപ്പോലും ശത്രു പക്ഷത്തു നിര്‍ത്തുന്ന സമീപനമായിരുന്നു ദല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലെ നേതാക്കളെ ഒപ്പം നിര്‍ത്തി വേണമായിരുന്നു കാശ്മീര്‍ വിഷയം പരിഹരിക്കാന്‍. ഒരിക്കല്‍ തങ്ങളുടെ കൂട്ട് കക്ഷിയായിരുന്ന പി ഡി പി നേതാക്കളെ പോലും കേന്ദ്രം വിശ്വാസത്തില്‍ എടുക്കാന്‍ തയ്യാറായില്ല.

ഇന്ത്യയോട് കൂറ് പുലര്‍ത്താന്‍ കാശ്മീര്‍ ജനതയെ പ്രേരിപ്പിച്ചവരാണ് കാശ്മീര്‍ നേതാക്കള്‍. പുതിയ സാഹചര്യത്തില്‍ പലരും പൊതു രംഗത്ത്‌ നിന്നും മാറിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരു അരക്ഷിതാവസ്ഥ സംസ്ഥാനത്ത് സംജാതമായി വരുന്നു.  പക്ഷെ ഇന്ന് രണ്ടു പേരില്‍ നിന്നും രക്ഷ നേടേണ്ട അവസ്ഥയിലാണ് പലരും എത്തിപ്പെട്ടത്. “ഇന്ത്യയോടു കൂറ് പുലര്‍ത്തുന്നു എന്നത് മാത്രമാണ് മറ്റു പലര്‍ക്കും ഞങ്ങളോട് വിദ്വേഷം ജനിക്കാന്‍ കാരണം.   ഇരയെയും പ്രതിയേയും ഒരേപോലെ കാണുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത് കാശ്മീര്‍ മനസ്സിന്റെ മുറിവ് കൂട്ടാനേ കാരണമാകു.” കാശ്മീര്‍ നേതാക്കളില്‍ നിന്നും കേള്‍ക്കാന്‍ കഴിയുന്നതു ഇങ്ങിനെയാണ്‌.

Also read: യുദ്ധത്തിനിടയിലെ മാധ്യമപ്രവർത്തനം: സിറിയയിലെ ജേണലിസ്റ്റുകളുടെ കഥ

“സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും നിലച്ചിരിക്കുന്നു . മുന്നോട്ടുള്ള പാത കാണാതെ ജനാധിപത്യം പകച്ചു നില്‍ക്കുകയാണ്.” സംസ്ഥാനത്തെ ഒരു ഇടതു പക്ഷ നേതാവിന്റെ വാക്കുകള്‍ ഇങ്ങിനെ വായിക്കാം.  കാശേമീരിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഒട്ടും ഗുണകരമായിരുന്നില്ല എന്ന് വിശ്വസിക്കുന്നവരാണ് അധികവും. കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഇതായിരുന്നില്ല വേണ്ടിയിരുന്നത് എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും തുറന്നു പറയുന്നു.  അതെ സമയം പല രാഷ്ട്രീയ നേതാക്കളും ഇപ്പോഴും തടവറക്ക് സമാനമായ രീതിയിലാണ് ജീവിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മഹബൂബ മുഫ്തി Public Safety Act പ്രകാരം ഇപ്പോഴും തടവിലാണ് എന്നത് തന്നെ ഒരു വലിയ ഉദാഹരണമായി മനസ്സിലാക്കാം.

ഇന്ത്യ പാകിസ്താന്‍ വിഭജന കാലത്ത് സ്വതന്ത്രമായി നിലനിനിരുന്ന കാശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്ന ചരിത്രം നമുക്കറിയാം. അന്ന് നാം അവര്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു പ്രത്യേക വകുപ്പ്. എന്ത് കൊണ്ട് ഒരു വലിയ കാലം കഴിഞ്ഞു പോയിട്ടും കാശ്മീര്‍ ജനതയുടെ വിശ്വാസം ആര്ജ്ജിക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്‌. കാശ്മീര്‍ എന്ന സംസ്ഥാനത്തിന് ആവശ്യമായ വികസനവും പുരോഗതിയും ഉണ്ടായില്ല എന്ന് ഇപ്പോള്‍ കേന്ദ്രം സമ്മതിക്കുന്നു. അങ്ങിനെ എങ്കില്‍ ആരാണ് അതിനു ഉത്തരവാദികള്‍. “ 2019 ആഗസ്റ്റ്‌ 5 നു ശേഷവും കൂടുതല്‍ ശ്വാസം മുട്ടല്‍ എന്നല്ലാതെ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല” എന്നതാണ് ജനത്തിന്റെ നിലപാട്. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് കൊണ്ട് കാശ്മീര്‍ ജനതയ്ക്ക് പ്രത്യേകിച്ച് കാശ്മീര്‍ യുവതയ്ക്ക് അവസരങ്ങള്‍ നിര്‍മ്മിക്കുക എന്നതില്‍ ഭരണ കൂടങ്ങള്‍ പരാജയപ്പെട്ടതാണ് യതാര്‍ത്ഥ കാശ്മീര്‍ പ്രശ്നം. അതെ സമയം യുവാക്കളെ ഭീകരവാദി മുദ്ര കുത്താനും നശിപ്പിക്കാനും എന്നും പോലീസും പട്ടാളവും മുന്നിലായിരുന്നു.

എല്ലാ കാശ്മീരികളേയും വിഘടനവാദി തീവ്രവാദി എന്ന നിലയിലാണ് കേന്ദ്രം പരിഗണിക്കുന്നത്. ഇന്ത്യക്കും കാഷ്മീരിനും വേണ്ടി രക്തം ചിന്തിയ തങ്ങളുടെ മുന്‍ഗാമികളുടെ പ്രവര്‍ത്തനങ്ങളെ പോലും കേന്ദ്രം അവമതിക്കുന്നു. അത് ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നം രൂക്ഷമായി ഭാവിയില്‍ പ്രതിഫലിക്കും. എല്ലാ സ്വാതന്ത്രവും നഷ്ടമായ ഒരു ജയില്‍ എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിശേഷിപ്പിക്കാം എന്നാണു അവിടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പറയുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തടയപ്പെട്ടാല്‍ പിന്നെ അവിടെ നിലനില്‍ക്കുക അരാജകത്വമാകും എന്ന പൊതു നിയമം ഇന്ന് കശ്മീരിനും ബാധകമാണ്. അതെ സമയം ഇതുവരെ ആരും കാശ്മീരികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല എന്നതാണ് സംഘ പരിവാര്‍ വാദം. ഇനി വരാനിരിക്കുന്നത് കാശ്മീരിന്റെ വസന്ത കാലമാണ് എന്ന് പറയുമ്പോഴും പാരതന്ത്ര്യം എങ്ങിനെ വസന്തമാകും എന്ന ചോദ്യത്തിന് ഇനിയും മറുപടി ലഭിച്ചിട്ട് വേണം.

Also read: അതാണ് പ്രശാന്ത് ഭൂഷന്‍ ‌ പറയുന്നത്

തീവ്രവാദികള്‍ എന്ന പേരില്‍ കൊല്ലപ്പെട്ട യുവാക്കള്‍, മാനം പിച്ചിച്ചീന്തപ്പെട്ട യുവതികള്‍, മക്കളെ നഷ്ടമായ മാതാപിതാക്കള്‍. മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍. കൊള്ളയടിക്കപ്പെടുന്ന സമ്പത്തുകള്‍ ഇപ്പോഴും നഷ്ടമാകാന്‍ ഇടയുള്ള ജീവനുകള്‍, നാം സ്വാതന്ത്രത്തിന്റെ എഴു പതിറ്റാണ്ട് ആഘോഷിക്കുമ്പോഴും ഒരു ജനത ഈ അവസ്ഥയിലാണ്. എന്തിനെയും വര്‍ഗീയമായും വംശീയമായും നോക്കിക്കാണുന്നവരാണ് കേന്ദ്രം ഭരിക്കുന്നത് എന്നത് തന്നെയാണ് കാശ്മീരിന്റെ കാര്യത്തില്‍ കൂടുതല്‍ ഭയപ്പെടുത്തുന്നതും.  ഒപ്പം നിര്‍ത്താനുള്ള രാഷ്ട്രീയം നാം ഇനിയും പഠിക്കണം. നമുക്കറിയാവുന്ന രാഷ്ട്രീയം പലപ്പോഴും ഭിന്നിപ്പിന്റെത് മാത്രമാണ്.

Related Articles