Middle East

ലിബിയൻ യുദ്ധവും വിദൂരമായ പരിഹാര സാധ്യതകളും

തീയണയാത്ത ലിബിയന്‍ ഭൂമിക

2011 ല്‍ അറബ് രാഷ്ട്രങ്ങളില്‍ അലയടിച്ച ഏകാധിപത്യ വിരുദ്ധ രാഷ്ട്രീയക്കൊടുങ്കാറ്റിന്റെ അനുരണനങ്ങള്‍ ഒമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും ലിബിയയെ വിട്ടുമാറുന്നില്ല. 42 വര്‍ഷത്തോളം ദീര്‍ഘിച്ച ഗദ്ദാഫിയുടെ ഭരണം അസ്തമിച്ചതോടെ ചേരിപ്പോരിന്റെയും വിഘടനവാദത്തിന്റെയും എരിതീയിലേക്കാണ് ലിബിയ എടുത്തെറിയപ്പെട്ടത്. ഉത്തരാഫ്രിക്കയിലെ എണ്ണസമ്പന്നവും തന്ത്രപ്രധാനവുമായ ലിബിയയില്‍ സമാധാന ശ്രമമെന്ന പേരില്‍ വിദേശ ഇടപെടല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും കാര്‍മുഖില്‍ ഒഴിഞ്ഞുമാറുന്ന മട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, സാമ്പത്തിക ഭദ്രത എന്നിവയെല്ലാം നിഷേധിക്കപ്പെട്ട ലിബിയന്‍ ജനത യുദ്ധക്കൊതിയന്മാരുടെയും വിഘടനവാദികളുടെയും സാമ്രാജ്യത്വ മോഹങ്ങളുടെ ബലിയാടുകളായി എരിഞ്ഞു തീരുകയാണ്.

ഗദ്ദാഫിയുടെ പതനത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥകള്‍ക്കും യുദ്ധങ്ങള്‍ക്കും അറുതി വരുത്തുവാനായി അന്താരാഷ്ട്ര തലത്തില്‍ നിരന്തരമായ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ലിബിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഫോണ്‍ കോളിലൂടെ അമേരിക്കന്‍ സഹായം തേടിയിരുന്നെന്ന് ജൂണ് 8 ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 10നു തന്നെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യു.എസ് സമാധാന ഇടപെടലിന്റെ സാധ്യതയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

എര്‍ദോഗന്‍ മുന്നോട്ടു വെച്ച സമാനമായ ആവശ്യം തന്നെയ്യാണ് ജൂണ്‍ 11 ന് ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി മെവ്ലുത് കവുസോഗ്ലു മുന്നോട്ടു വെക്കുകയും ഈജിപ്ത് നിര്‍ദേശിക്കുന്ന വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് തുറന്ന് പറയുകയും ചെയ്തത്. അതേസമയം, ഈജിപ്ഷ്യന്‍ നിര്‍ദേശങ്ങള്‍ക്ക് എര്‍ദോഗാന്‍ പ്രതികരിച്ചത് സിര്‍തെ തീരദേശ നഗരവും ജുഫ്ര വ്യോമ താവളവും പിടിച്ചെടുക്കാന്‍ ഫായെസ് സിറാജിന്റെ കീഴിലുള്ള ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോഡ് (ജി.എന്‍.എ) പോരാട്ടം തുടരുക തന്നെ ചെയ്യും എന്നായിരുന്നു. സമാധാന സംസ്ഥാപനത്തിനും യുദ്ധവിരാമത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, ഖാനിയത് എന്ന മിലീഷ്യ നിയന്ത്രിക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഹഫ്തറിന്റെ ശക്തിദുര്‍ഗമായിരുന്ന തര്‍ഹൂന ഫായെസ് സിറാജിന്റെ സൈന്യം തിരിച്ചു പിടിച്ചെന്ന വാര്‍ത്ത വരുന്നത്.

Also read: ദാരിദ്ര്യനിർമാർജനത്തിന്റെ ബദൽ മാർഗങ്ങൾ

ശാക്തിക വിഘടിത ചേരികള്‍

ചെറുതും വലുതുമായ നിരവധി വിഘടിത വിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും ലിബിയയുടെ വിവിധ പ്രവിശ്യകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും യുദ്ധം നടത്തുകയും ചെയ്യുന്നുണ്ട്. പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് നിലവില്‍ ലിബിയയില്‍ പരസ്പരം യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. അതിലൊന്ന് ഫായിസ് സിറാജിന്റെ നേതൃത്വത്തില്‍ ട്രിപോളി തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എന്‍ അംഗീകൃത സര്‍ക്കാറും മറ്റൊന്ന് തൊബ്രൂക്ക് തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലീഫ ഹഫ്തറിനു കീഴിലുള്ള ലിബിയന്‍ നാഷനല്‍ ആര്‍മിയുമാണ്.

യു.എന്‍ അംഗീകാരത്തിനു പുറമെ തുര്‍ക്കിയും ഖത്തറുമാണ് സിറാജിനെ പിന്തുണക്കുന്ന പ്രമുഖ വിദേശ ശക്തികള്‍. അതേസമയം, യു.എ.ഇ, ഈജിപ്ത്, സൗദി അറേബ്യ, റഷ്യ, ഫ്രാന്‍സ് എന്നിവയുടെ പിന്തുണയാണ് ഹഫ്തറിനുള്ളത്. തൊബ്രുക് കേന്ദ്രമായുള്ള ജനപ്രതിനിധി സഭ സ്പീക്കര്‍ അഖീല സലാഹ് ഈസക്ക് കീഴിലുള്ള വിഭാഗവും, ട്രിപോളിയിലെ ഉന്നത രാഷ്ട്ര കൗണ്‍സിലിന്റെ തലവന്‍ ഖാലിദ് മിശ്രിക്ക് കീഴിലുള്ള വിഭാഗവുമാണ് പ്രധാനപ്പെട്ട മറ്റ് രണ്ട് വിഭാഗങ്ങള്‍. കഴിഞ്ഞ മെയില്‍ ഹഫ്തര്‍ സ്വയം ലിബിയന്‍ ഭരണാധികാരിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അഖീല സ്വലാഹുമായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ലിബിയയിലുടനീളം ചിതറിക്കിടക്കുന്ന സംഘടിതവും അസംഘടിതവുമായ അനേകം വിഘടിത, ഇസ്ലാമിസ്റ്റ് കക്ഷികള്‍ വേറെയുമുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കുവാനുള്ള സമാധാന ശ്രമങ്ങളെന്ന പേരില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച കൈറോയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍സീസിക്കൊപ്പം ഹഫ്തര്‍ പ്രത്യക്ഷപ്പെട്ടതും അങ്കാറയില്‍ എര്‍ദോഗാനൊപ്പം ഫായെസ് സിറാജ് വേദി പങ്കിട്ടതുമെല്ലാം സജീവമായിക്കൊണ്ടിരിക്കുന്ന സമാധാന ശ്രമങ്ങളിലേക്കുള്ള ചുവടുവെപ്പുകളായി കാണാവുന്നതാണ്.

ലിബിയന്‍ വിഷയത്തിലെ യു.എസ് കൃത്യമായ നിലപാട്  പ്രഖ്യാപിച്ചിട്ടില്ല. ഹഫ്തറിന്റെയോ ഫായിസ് സിറാജിന്റെയോ മറ്റേതെങ്കിലും വിഭാഗത്തോടൊ പ്രകടമായി അനുഭവം പുലര്‍ത്തതിരിക്കുമ്പോള്‍ തന്നെ, ലിബിയയിലെ റഷ്യന്‍ ഇടപെടലുകളെ യു.എസ് വിമര്‍ശിച്ചിട്ടുണ്ട്. ലിബിയന്‍-ചാഡ് യുദ്ധാനന്തരം യു.എസില്‍ അഭയം തേടിയ ഹഫ്തറിന് സി.ഐ.എയുമായി രഹസ്യ ബാന്ധവങ്ങളുണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്. യു.എന്‍ പിന്തുണയുള്ള സര്‍ക്കാരിനെ പിന്തുണക്കുകയെന്നത് ഹഫ്തറിനെ പിന്തുണക്കുന്ന റഷ്യക്കെതിരെയുള്ള പോരാട്ടമായി യു.എസ് എടുക്കുവാനും സാധ്യതയുണ്ട്.
ഈ സാധ്യതകളെല്ലാം നിലനില്‍ക്കെ തന്നെ ഇവരണ്ടിലൊന്നും ചേരാതെ പ്രശ്നത്തില്‍ മാധ്യസ്ഥം വഹിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തുര്‍ക്കി ലിബിയയില്‍ ഇടപെടുന്നത് തടയണമെന്ന് യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ മന്ത്രിമാര്‍ യു.എസ് വിദേശകാര്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടത് ഇതൊട് ചേര്‍ത്തു വായിക്കേണ്ടതാണ്.

Also read: ആധുനിക കാലത്ത് ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പഠന രീതി എങ്ങനെയാവണം

ആരാണ് ഖലീഫ ഹഫ്തര്‍

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിബിയന്‍ രാഷ്ട്രീയത്തില്‍ സജീവമാവുകയും പിന്നീട് ഖദ്ദാഫിയുമായി ഉടക്കിയതിനെ തുടര്‍ന്ന് യു.എസില്‍ രാഷ്ട്രീയ അഭയം തേടുകയും ചെയ്ത സൈനിക കമാന്‍ഡറാണ് ഖലീഫ ഹഫ്തര്‍. 1969 ല്‍ ഇദ്രീസ് രാജാവിനെ രക്തരഹിത വിപ്ലവത്തിലൂടെ ഖദ്ദാഫിയും കൂട്ടരും അട്ടിമറിച്ചപ്പോള്‍ ഹഫ്തര്‍ കൂടെയുണ്ടായിരുന്നു. ഇരുപതു വര്‍ഷത്തിലധികം യു.എസില്‍ താമസിച്ച അദ്ദേഹം സി.ഐ.എയുടെ ആസ്ഥാനമായ വിര്‍ജിനയിലും താമസിച്ചിട്ടുണ്ട്. 2011 ല്‍ ഗദ്ദാഫിക്കെതിരെ ഉയര്‍ന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളോടെയാണ് അദ്ദേഹം ലിബിയയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന്, നവംബര്‍ 17ന് ലിബിയന്‍ ആര്‍മിയുടെ ഓവറാള്‍ കമാന്‍ഡര്‍ ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 2014ല്‍ ജനറല്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരമൊഴിയാന്‍ വിസമ്മതിച്ചപ്പോള്‍ അതിനെതിരെ പോരാട്ടം ആരംഭിച്ചു കൊണ്ടാണ് ഹഫ്തര്‍ ആഭ്യന്തര യുദ്ധ കാലത്ത് സജീവ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ലിബിയയിലെ ഏറ്റവും വലിയ യുദ്ധ വീരന്മാരിലൊരാളായാണ് ഹഫ്തര്‍ അറിയപ്പെടുന്നത്. ലിബിയന്‍കാര്യ വിദഗ്ധയായ അലിസണ്‍ പാര്‍ഗറ്ററിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ലിബിയന്‍ സമാധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഹഫ്തര്‍. 2015ലെ ലിബിയന്‍ പൊളിറ്റിക്കല്‍ അഗ്രീമന്റ് പ്രകാരം 2016 ല്‍ നിലവില്‍ വന്ന യു.എന്നിന്റെ പിന്തുണയുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോഡിന്റെ ബദ്ധശത്രുവാണ് ഹഫ്തര്‍. പഴയ സിറനിക്കയിലും ഫെസ്സാനിന്റെ പല ഭാഗങ്ങളിലുമെല്ലാം അനിഷേധ്യമായ സ്വാധീനം നേടിയ ഹഫ്തര്‍ ജി.എന്‍.എയുടെ കേന്ദ്രമായ ട്രിപ്പോളിയയിലേക്ക് തന്റെ അധികാര പരിധി വ്യാപിപ്പിക്കാനുള്ള ശ്രമിത്തിനിടെ തോറ്റ് പിന്‍മാറേണ്ടി വന്നിരിക്കുകയാണ്.
കിഴക്കന്‍ ലിബിയയിലെ തൊബ്രുക്ക് കേന്ദ്രമാക്കി ഭരിക്കുന്ന ഹഫ്തര്‍ 2019 ഏപ്രിലിലാണ് പടിഞ്ഞാറ് ഭാഗത്തെ ട്രിപോളിക്കെതിരെ യുദ്ധത്തിനിറങ്ങിയത്. അതേതുടര്‍ന്ന്, 14 മാസത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഈ മാസമാണ് ജി.എന്‍.എ സൈന്യം ട്രിപ്പോളിയില്‍ നിന്നും പൂര്‍ണമായും എല്‍.എന്‍.എ സൈന്യത്തെ തുരത്തിയോടിച്ചത്.

ഹഫ്തറിനു നേരെ ലിബിയക്കാര്‍ സമ്മിശ്ര വികാരമാണ് പുലര്‍ത്തുന്നത്. അതിലൊന്ന് യു.എസുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവവും മറ്റൊന്ന് ഇസ്ലാമിസ്റ്റ് വിഭാഗങ്ങളോട് അദ്ദേഹം കൈക്കൊള്ളുന്ന തീവ്ര സമീപനവും മൂലമാണ്. എന്നാല്‍ ഹഫ്തറിനെ ഇസ്ലാമിസ്റ്റ് വിരുദ്ധത പലപ്പോഴായി വിമര്‍ശന വിധേയമായിട്ടുണ്ട്. സെക്യുലര്‍ ധാരയില്‍ വിശ്വസിക്കുന്ന മദഖലി എന്ന സലഫിസ്റ്റ് വിഭാഗവുമായി ഹഫ്തറിന് ബന്ധമുണ്ടെന്ന് 2019 ല്‍ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also read: കുട്ടികൾക്ക് ലൈംഗീകവിദ്യാഭ്യാസം ആവശ്യമോ?

സിവില്‍ യുദ്ധങ്ങളും കെടുതികളും

മധ്യപൂര്‍വദേശത്തെയും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെയും യുദ്ധങ്ങളെ പോലെ തന്നെ ലിബിയന്‍ സിവില്‍ യുദ്ധങ്ങളിലും ആളും അര്‍ഥവും എമ്പാടും നഷ്ടപ്പെട്ടിട്ടുണ്ട്. രക്തദാഹികളായ രാഷ്ട്രീയ മിലീഷ്യകളുടെയും സ്വാര്‍ഥ താല്‍പര്യക്കാരായ വിഘടിത വിഭാഗങ്ങളുടെയും ഇടയില്‍ ലിബിയ പൂര്‍ണമായും വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അല്‍ജസീറ റിപോര്‍ട് ചെയ്യുന്നത് പ്രകാരം, ഒമ്പത് ലക്ഷമാണ് നിലവില്‍ അടിയന്തിര സഹായം ആവശ്യമുള്ളവരുടെ അംഗസംഖ്യ.

അറബ് വിപ്ലവം മുതല്‍ 2014 വരെയുള്ള അഭ്യന്തര യുദ്ധത്തില്‍ 20000 പേരും അതിന് ശേഷം നാളിതുവരെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന രണ്ടാം അഭ്യന്തര യുദ്ധത്തില്‍ 10000 പേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഹ്യുമന്‍ റൈറ്റ്സ് വാച്ചിലെ ഹനാന്‍ സലാഹ് പറയുന്നത് പ്രകാരം ഹഫ്തറിന്റെ ട്രിപ്പോളി ആക്രമണം മൂലം പടിഞ്ഞാറന്‍ ലിബിയയില്‍ നിന്നും രണ്ട് ലക്ഷത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്.

അഭയാര്‍ഥികളെ കുറിച്ച് കരളലിയിപ്പിക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതിയെന്നോണം പുറത്ത് വരുന്നത്. രൂക്ഷമായ ആഭ്യന്തര യുദ്ധം മൂലം പൊറുതി മുട്ടി യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട നിസ്സഹായരും മനുഷ്യക്കടത്തുകാരുടെ കൈകളില്‍ അകപ്പെട്ട് സെക്‌സ് റാക്കെറ്റുകള്‍ക്കും മറ്റും വിപണനം ചെയ്യപ്പെടുന്ന ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ എണ്ണവും വിവരങ്ങളും ഇന്നും അജ്ഞാതമാണ്. നിയമവിരുദ്ധ കുടിയേറ്റക്കാരെയും മതിയായ രേഖകളില്ലാത്തവരെയും താമസിപ്പിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലെ പരിതാവസ്ഥയും ഏറെ വിഭിന്നമല്ല. പോഷകാഹാരക്കുറവും ബലാല്‍സംഗവും നിര്‍ബന്ധിത യുദ്ധവേലകളും ചെയ്യേണ്ടി വരുന്ന ആയിരക്കണക്കിന് പേരാണ് അവിടങ്ങളില്‍ താമസിക്കുന്നത്. ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ 2019 ഡിസംബറിലെ കണക്ക് പ്രകാരം 6,54,000 പേരാണ് ഡിറ്റഷന്‍ഷന്‍ സെന്ററുകളില്‍ ദുരിത ജീവിതം തള്ളിനീക്കുന്നത്.

മനുഷ്യാവകാശ സംരക്ഷണത്തിനെന്ന പേരില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുമതിയോടെ നടപ്പാക്കിയ ആര്‍.ടു.പി (റെസ്പോണ്‍സിബിലിറ്റി ടു പ്രൊട്ടക്ട്) നടപടി വ്യാപകമായ പ്രതിഷേങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിറിയയിലെ വിദേശ ഇടപെടല്‍ പോലെ ലിബിയെയും കുട്ടിച്ചോറാക്കുകയാണ് വിദേശ ശക്തികളുടെ ലക്ഷ്യമെന്ന് അലന്‍ ജോണ്‍സ്റ്റന്‍ നിരീക്ഷിക്കുന്നുണ്ട്. ലിബിയന്‍ യുദ്ധം ഒരര്‍ഥത്തില്‍ സിറിയന്‍ യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്നാണ് ജെറമി ബോവന്‍ അഭിപ്രായപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും സിറിയയില്‍ നടത്തിയ ഇടപെടലുകളുടെ പുതിയ വേര്‍ഷനാണ് ലിബിയയില്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

Also read: വിദ്യഭ്യാസ വൈകല്യങ്ങള്‍

വിദേശ ഇടപെടലുകളും താല്‍പര്യങ്ങളും

ലിബിയന്‍ പ്രതിസന്ധിയെ കുറിച്ച പുസ്തകം രചിച്ച ജര്‍മന്‍ അക്കാദമീഷ്യനായ വോല്‍ഫ്രാം ലാച്ചറിന്റെ വീക്ഷണ പ്രകാരം, യുദ്ധാനന്തരം മേഖലയില്‍ സ്വാധീനം നേടാനായി റഷ്യയും തുര്‍ക്കിയും ഖലീഫ ഹഫ്തറിന്റെ ഭരണം അവസാനിക്കുവാനുള്ള നടപടികള്‍ അംഗീകരിക്കുമായിരിക്കാം എന്നാണ്. ലിബിയയില്‍ സമാദാനം പുലര്‍ത്തുന്നതിലുപരി തങ്ങളുടെ വിദേശ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇറങ്ങിയ വിദേശ ശക്തികളില്‍ നിന്ന് അതിലപ്പുറം മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

ലിബിയന്‍ യുദ്ധത്തില്‍ വിദേശ ശക്തികള്‍ ഇടപെടുന്നതിന് പിന്നിലെ യുക്തി ലളിതമായി മനസ്സിലാക്കാവുന്നതാണ്. സാമ്രാജ്യത്വ മോഹവും പ്രകൃതി സമ്പത്തും തന്നെയാണ് ലോക ശക്തികളെ ലിബിയയിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരാഫ്രിക്കയിലെ തന്ത്രപ്രധാനമായ രാഷ്ട്രങ്ങളിലൊന്നായ ലിബിയയുടെ എണ്ണ സമ്പത്തില്‍ തന്നെയാണ് അവരുടെ കണ്ണ് എന്ന് വ്യക്തമാണ്. മാത്രവുമല്ല, വടക്ക് ഭാഗത്ത് യൂറോപ്പുമായി അഭിമുഖമായി നിലകൊള്ളുന്ന ലിബിയയില്‍നിന്ന് പടിഞ്ഞാറന്‍ മാര്‍ക്കറ്റുകളിലേക്ക് അവ കയറ്റുമതി ചെയ്യുവാനും താരതമ്യേന എളുപ്പമാണ്.

റഷ്യ വിമാനങ്ങളും പട്ടാളക്കാരെയും അയക്കുന്നത് ഹഫ്തറിന്റെ കീഴിലുള്ള എണ്ണ സമ്പന്നമായ പ്രദേശങ്ങളിലേക്കാണ്. അതിലൂടെ ഹഫ്തറിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പു വരുത്തുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയുമാണ് മോസ്‌കൊ ലക്ഷീകരിക്കുന്നത്.

റഷ്യയെ പോലെ ലിബിയയിലെ തുര്‍ക്കിയുടെ താല്‍പര്യങ്ങളും എണ്ണയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2019 നവംബര്‍ 27ന് എണ്ണസമ്പന്നമായ മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളിലെ ഉടമസ്ഥാവകാശത്തെ കുറിച്ച് ജി.എന്‍.എയുമായി തുര്‍ക്കി മെമൊറാന്‍ഡം ഒപ്പു വെച്ചിരുന്നു. മാത്രവുമല്ല, ജനുവരി മധ്യത്തോടെ, കിഴക്കന്‍ മെഡിറ്ററേനിയന്‍ പ്രദേശത്ത് പ്രകൃതി വാതകം കുഴിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള തങ്ങളുടെ പദ്ധതി എര്‍ദോഗാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ട്രിപോളി കീഴടക്കാനുള്ള പദ്ധതി വിജയം കാണാതിരുന്നപ്പോള്‍ തുര്‍ക്കി പൗരന്മാരെ ലക്ഷ്യം വെക്കാന്‍ ഹഫ്തര്‍ ആഹ്വാനം ചെയ്തത് പ്രകാരം ആറ് തുര്‍ക്കി പൗരന്മാരെ എല്‍.എന്‍.എ തട്ടിക്കൊണ്ട് പോയതടക്കമുള്ള മറ്റു പലകാരണങ്ങളും ടര്‍ക്കിഷ് ഇടപെടലിനെ സാധൂകരിച്ചിരിക്കുന്നുണ്ട്.

ലിബിയയില്‍ ഇടപെടുന്നതിലൂടെ ഖത്തര്‍ ലക്ഷ്യം വെക്കുന്നത് തങ്ങളുടെ എതിരാളിയായ സൗദിയെ എതിര്‍ക്കുക എന്നതാണ്. ലിബിയയിലെ തുര്‍ക്കിഷ് ഇടപെടലിനെ നിരന്തരം വിമര്‍ശിക്കുന്ന റിയാദിനെ എതിര്‍ക്കുക എന്ന ലക്ഷ്യവും ദോഹക്കുണ്ട്. മുസ്ലിം ബ്രദര്‍ഹുഡിന് തുര്‍ക്കിയും ഖത്തറും നല്‍കുന്ന പിന്തുണയാണ് കൈറോയെ ചൊടിപ്പിക്കുന്നത്. ഇസ്തംന്‍ബൂളിനെ വിമര്‍ശിച്ചു കൊണ്ട് ഒരിക്കല്‍ ഈജിപ്തിലെ അഹ്റാം പത്രം എഴുതിയത്, പഴയ ഒട്ടോമന്‍ പ്രവിശ്യയെ കൈപിടിയിലൊതുക്കുവാനുള്ള ഗൂഢ നീക്കമാണ് തുര്‍ക്കി നടത്തുന്നത് എന്നായിരുന്നു.

ലിബിയന്‍ പ്രശ്‌നത്തില്‍ റഷ്യ സജീവമായി ഇടപെടുന്നതിനാല്‍ യു.എസിന് സ്വഭാവികമായും രംഗത്തിറങ്ങുമെന്ന് തന്നെ കരുതണം. കാരണം, ലിബിയയുടെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ റഷ്യ അധികാരമുറപ്പിച്ചാല്‍ തെക്കന്‍ യൂറോപിന് അത് ഗുരുതരമായ സുരക്ഷാ ഭീഷണിയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ലിബിയന്‍ രാഷ്ട്രീയ വീക്ഷണനായ സലാഹ് ബഖൂഷ് പറയുന്നത് പ്രകാരം, റഷ്യയെ എതിരിടാനായ വന്‍തോതിലുള്ള യുദ്ധ ബജറ്റുകള്‍ അമേരിക്ക പാസാക്കുകന്നതും അതുകൊണ്ടാണ്.

ലിബിയയിലെ ഇടപെടുന്ന വിദേശശക്തികള്‍ തങ്ങളുടെ ഇംഗിതങ്ങളെയും സാമ്രാജ്യത്വ മോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന നിലപാടുകളുടെ ഓരം പറ്റിയാണ് നിലയുറപ്പിക്കാറുള്ളത്. കഴിഞ്ഞ ജനുവരിയില്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗത്തെ എണ്ണപ്പാടങ്ങള്‍ ഹഫ്തര്‍ ഉപരോധിച്ചള്‍, എണ്ണ വില ഇടിയുമോയെന്ന് ഭയപ്പെട്ട് പ്രസ്തുത വിഷയത്തില്‍ മൗനം പാലിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ സമാധാന സംസ്ഥാപന നിലപാടിലെ ഉദ്ദേശശുദ്ധിയെ ലിബിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് സ്യാല ചോദ്യം ചെയ്തിരുന്നു.

Also read: മക്കളെ സ്കൂളിലയക്കുന്നതെന്തിന്?

യുദ്ധ രാഷ്ട്രീയത്തിന്റെ ഭാവി

പരസ്പരം ചേരി തിരിഞ്ഞ് യുദ്ധം ചെയ്യുകയാണെങ്കില്‍ സുഡാന്റെ ഗതിയായിരിക്കും ലിബിയക്കും ഉണ്ടാവുകയെന്ന് ടെഡ് ഗാലന്‍ നിരീക്ഷിക്കുന്നുണ്ട്. ദശാബ്ദങ്ങളോളം നീണ്ടു നിന്ന, ലക്ഷങ്ങളോളം പേര്‍ക്ക് ജീവഹാനി സംഭവിച്ച സുഡാനിയന്‍ യുദ്ധങ്ങള്‍ ലിബിയയിലും ആവര്‍ത്തിക്കുന്നത് അചിന്ത്യമായ വിപത്തുകളായിരിക്കും വരുത്തിവെക്കുക. മാത്രവുമല്ല, അതിസങ്കീര്‍ണവും ദേശീയ-ദേശാന്തരീയ മാനങ്ങള്‍ ഉള്‍വഹിക്കുന്നതുമായ ലിബിയന്‍ പ്രതിസന്ധി പരിഹരിക്കുകയെന്നത് ഏറെ ദുഷ്‌ക കൃത്യം കൂടിയാണ്.

ലിബിയയിലേക്കുള്ള യു.എന്‍ പ്രതിനിധി ഗസ്സാന്‍ സലാമ കഴിഞ്ഞ മാര്‍ച്ചില്‍ പ്രസ്തുത സ്ഥാനം രാജിവെച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു; ‘കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ലിബിയന്‍ ജനതയെ ഏകീകരിക്കുവാനും വിദേശ ഇടപെടലുകള്‍ നിയന്ത്രിക്കുവാനുമായി ഞാന്‍ പ്രവര്‍ത്തിച്ചു. ഇനിയും, എന്റെ അനാരോഗ്യവും മാനസിക സംഘര്‍ഷവും പേറി തല്‍സ്ഥാനത്ത് തുടരാന്‍ എനിക്കാകില്ല.’ ലിബിയന്‍ രാഷ്ട്രീയ വിചക്ഷണനും മുന്‍ മന്ത്രിയും പ്രൊഫസറുമായ സലാമയുടെ വാക്കുകളില്‍ നിന്ന് തന്നെ പ്രതിസന്ധിയും ആഴവും പ്രശ്ന പരിഹാരത്തിന്റെ അസാധ്യതകളും വ്യക്തമാണ്.

ലിബിയന്‍ പ്രതിസന്ധി വിദേശ ഇടപെടലുകളിലൂടെ പരിഹരിക്കപ്പെടാവുന്നതാണോ അതോ ആഭ്യന്തര ചര്‍ച്ചകളിലൂടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണോ എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2011ലെ അറബ് വിപ്ലവ കാലത്ത് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി നാറ്റോ സഖ്യം നേരിട്ട് ഇടപെട്ട ഏക രാഷ്ട്രമായിരുന്നു ലിബിയ. ഒരര്‍ഥത്തില്‍, അന്നുമുതലിങ്ങോട്ട് വിദേശ ശക്തികള്‍ താറുമാറാക്കിയതിന്റെ കെടുതികളാണ് നശീകരണാത്മകവും ദുരന്തപൂര്‍ണവുമായ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ ലിബിയ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

2015 ല്‍ തോമസ് ഫ്രീഡ്മാനുമായുള്ള ഒരു അഭിമുഖത്തില്‍, തന്റെ വിദേശ നയങ്ങളില്‍ ദുഖദായകമായി അനുഭവപ്പെടുന്ന കാര്യം ലിബിയന്‍ പ്രശ്നത്തില്‍ ഇടപെടുന്നതില്‍ ദീര്‍ഘദൃഷ്ടി ഇല്ലാതെപോയതാണെന്ന് ഒബാമ കുറ്റസമ്മതം നടത്തിയിരുന്നു. അറബ് വിപ്ലവം മുതലിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നതില്‍ നാറ്റോ അടക്കമുള്ള വിദേശ ശക്തികള്‍ വഹിച്ച പങ്ക് ബോധ്യപ്പെടും. ബ്രൈഗ വാട്ടര്‍ പൈപുകളടക്കമുള്ള പല ജനസൗകര്യങ്ങളും നാറ്റോ സഖ്യം നശിപ്പിച്ചതായി 2015ല്‍ ഇക്കോളജിസ്റ്റ് നഫീസ് അഹ്മദ് എഴുതിയത് ഈയര്‍ഥത്തിലായിരുന്നു.

അറബ് വസന്തത്തിനു ശേഷമുണ്ടായ അരക്ഷിതാവസ്ഥകള്‍ മുതലെടുത്താണ് ഐസിസ്, ലിബിയ ഷീല്‍ഡ് ഫോഴ്സ്, അന്‍സാര്‍ ശരീഅ പോലോത്ത ഇസ്ലാമിസ്റ്റ് മിലീഷ്യകള്‍ ലിബിയയില്‍ വളര്‍ന്നു വന്നത്. ഹഫ്തറും ഫായിസ് സിറാജും ഗണ്യമായ ഭൂപ്രദേശങ്ങള്‍ കൈയടക്കി വൈകുമ്പോഴും ഇസ്ലാമിസ്റ്റ്-വിഘടിത വിഭാഗങ്ങള്‍ തഴച്ചു വളരുന്നുവെന്ന വസ്തുത നിഷേധിക്കാനാകില്ല.

ലിബിയന്‍ പ്രതിസന്ധികളുടെ പരിഹാരത്തിനായി നടക്കുന്ന ചര്‍ച്ചകളും ഉച്ചകോടികളുമെല്ലാം കേവലം ഉപരിപ്ലവ വേലകളും പ്രഹസനങ്ങളുമായി ഒതുങ്ങിപ്പോകുന്നതാണ് പ്രശ്നപരിഹാര സാധ്യതകളെ വിദൂരസ്ഥമാക്കി മാറ്റുന്നത്. ഉദാഹരണത്തിന്, കഴിഞ്ഞ ജനുവരിയില്‍ റഷ്യയുടെയും തുര്‍ക്കിയുടെയും നേതൃത്വത്തില്‍ ബെര്‍ലിനില്‍ നടന്ന ഉച്ചകോടി നോക്കുക. ഒരു ഡസണ്‍ നേതാക്കള്‍ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം, ലിബിയയിലേക്ക് ആയുധവും പട്ടാളവും അയക്കരുതെന്നായിരുന്നു. എന്നാല്‍, തൊട്ടു പിറ്റേന്ന് തന്നെ, ഹഫ്തറിന്റെ സഖ്യകക്ഷിയായ യു.എ.ഇ ലിബിയയിലേക്ക് ആുധങ്ങള്‍ കയറ്റിയയച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയുണ്ടായി.

ചുരുക്കത്തില്‍, ദീര്‍ഘദൃഷ്ടിയോടെയും സമചിത്തതയോടെയും ഇടപെടേണ്ട പ്രാദേശിക-ആഗോള മാനങ്ങളുള്ള പ്രതിസന്ധിയാണ് ലിബിയന്‍ യുദ്ധം. മേഖലയിലെ വിദേശ സാന്നിധ്യം ഒഴിപ്പിക്കുകയെന്നത് ഏറെക്കുറെ അസാധ്യമായി മാറിയതിനാല്‍, അന്താരാഷ്ട്ര മധ്യസ്ഥ ശ്രമങ്ങളിലൂടെയും നയരൂപീകരണങ്ങളിലൂടെയും വിജയകരമായി അവ പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ശാശ്വതമായ സമാധാനം സ്ഥാപിക്കുകയാണ് വേണ്ടത്. മറിച്ചുള്ള ചുവടുവെയ്പ്പുകളും ശ്രമങ്ങളുമെല്ലാം, ഊര്‍ധശ്വാസം വലിക്കുന്ന ഒരു രാഷ്ട്രീയ ഭൂമികയെ അറുകൊല ചെയ്യുന്നതിന് സമാനമായിരിക്കും.

 

Facebook Comments
Related Articles
Tags

Check Also

Close
Close
Close