Book Review

ദാരിദ്ര്യനിർമാർജനത്തിന്റെ ബദൽ മാർഗങ്ങൾ

ഗൗരവമായ വായനക്കുള്ള ഒരവസരമാണ് ഈ അടച്ചിരിപ്പുകാലം നമുക്ക് ഒരുക്കിത്തന്നിരിക്കുന്നത്. കൂടുതൽ പുസ്തകങ്ങൾ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, പേരുകേട്ട സാമ്പത്തികശാസ്ത്രവിദഗ്ദരായ എസ്തർ ഡഫ്ലോയും അഭിജിത് ബാനർജിയും ചേർന്ന് രചിച്ച “പുവർ എക്കണോമിക്സ്: എ റാഡിക്കൽ റീതിങ്കിംഗ് എബൗട്ട് ദി നാച്വർ ഓഫ് പോവർട്ടി” എന്ന പുസ്തകം നമ്മുടെ വായനയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട കൃതികളിലൊന്നാണ്. സമഗ്രമായ ഈ സംഭാവനക്കുള്ള ആദരമായാണ് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അവർക്ക് ലഭിച്ചത്. നാനൂറ്റി നാല്പതോളം പേജുകളിലായി പത്തോളം അധ്യായങ്ങൾ വരുന്ന ഈ പുസ്തകം ദരിദ്ര ജീവിതങ്ങളെക്കുറിച്ചും അത് തുടച്ചുനീക്കാനും വികസനം കൊണ്ടുവരാനുമായി നമ്മൾ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും കൂടുതൽ ആലോചനകൾ പകരുന്ന ഒന്നാണ്. MITയിലെ അബ്ദുല്ലത്തീഫ് ജമീൽ പോവർട്ടി ലാബുമായി സഹകരിച്ച് പ്രവർത്തിച്ച ഇരുവരും ലോകമെമ്പാടും നടന്ന വികസന പദ്ധതികളുടെ തുടർച്ചയായ പരിശോധനകൾ (Randomised Control Trials) നിരീക്ഷിച്ചാണ് തങ്ങളുടെ പുസ്തകത്തിന് ആധാരമായ നിഗമനങ്ങളിൽ എത്തിയത്. ദാരിദ്ര്യത്തിന്റെയും വികസനങ്ങളുടെയും സ്വഭാവത്തെ വ്യക്തമായി നിരീക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് ഇൗ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ എല്ലാവരും തന്നെ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു ബൃഹത്തായ കൃതിയാണിതെന്ന് അതിന് ലഭിച്ച അംഗീകാരങ്ങൾ തന്നെ തെളിയിക്കുന്നു.

ലോകത്തെ ദരിദ്രരുടെ അവസ്ഥയെപ്പറ്റി ഗ്രന്ഥകർത്താക്കൾ വിശദീകരിക്കുന്നതിങ്ങനെയാണ്: എല്ലാ വർഷവും ഒമ്പത് മില്യണിലേറെ കുട്ടികൾ അഞ്ചു വയസ്സ് തികയുംമുമ്പ് തന്നെ മരിക്കുന്നു. വികസിത ലോകത്ത് ഒരു മാതാവ് പ്രസവമധ്യേ മരണപ്പെടാനുള്ള സാധ്യത 5600 ൽ ഒന്നു മാത്രമാണെങ്കിൽ സബ് സഹാറൻ ആഫ്രിക്കയിൽ അതിനുള്ള സാധ്യത മൂന്നിലൊന്നാണ്. ആ മേഖലയിലും അല്ലാതെയുമുള്ള ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് വെറും അമ്പത്തഞ്ച് വയസ്സാണ്. ഇന്ത്യയിലെ കണക്കെടുത്താൽ മാത്രം സ്കൂളിൽ പോയിട്ടും വളരെ ലളിതമായ എഴുത്തുകൾ പോലും വായിക്കാനറിയാത്ത കുട്ടികളുടെ എണ്ണം അമ്പത് മില്യനോളം വരും. പരിഹരിക്കാനാവാത്ത വിധം സങ്കീർണമായ പ്രശ്നമാണ് ഇതെങ്കിലും ഈ വിഷമാവസ്ഥയെ നേരിടാൻ വിദ്യാഭ്യാസം, ആരോഗ്യം, പാരമ്പര്യ വിശ്വാസങ്ങൾ, മൈക്രോഫിനാൻസ് എന്നീ വിശാലമായ മേഖലകളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തുക മാത്രമാണ് മാർഗമെന്ന് രചയിതാക്കൾ പറയുന്നു. ലോകമെമ്പാടുമായി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതു സംബന്ധമായി നടക്കുന്നുണ്ടെങ്കിലും കാര്യമായ ഫലങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. അത് പരാജയപ്പെടാനുള്ള കാരണങ്ങളും പരിഹാര മാർഗങ്ങളുമെല്ലാം രചയിതാക്കൾ ഈ കൃതിയിൽ അവതരിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസം

സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ കുറവും മക്കളെ സ്കൂളിലയക്കുന്നതിൽ മാതാപിതാക്കൾ കാണിക്കുന്ന ലിംഗപരമായ വിവേചനവുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്കു കാരണം. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചിലവിടാൻ രക്ഷിതാക്കൾ പലരും ഒരുക്കമല്ല. പക്ഷേ, തൊഴിലിടങ്ങളിൽ, പ്രത്യേകിച്ചും ഐ ടി മേഖലകളിൽ സ്ത്രീകൾക്കുള്ള അവസരങ്ങൾ വർധിച്ചു വരുന്നത് ചെറിയൊരു മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്കൂളുകളിലെ അധ്യാപകരിൽ പലരും ക്ലാസുകൾ മുടക്കുകയോ, ഫലപ്രദമായ രീതിയിൽ അധ്യാപനം നടത്താതിരിക്കുകയോ ചെയ്യുന്നു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ക്ലാസുകളിലെത്തുന്നത് നാൽപത് ശതമാനത്തോളം പേരാണെങ്കിൽ ചിലയിടങ്ങളിൽ അത് ഇരുപത് ശതമാനം പേർ മാത്രമാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇന്ത്യയിലെ അറുപത് ശതമാനം വിദ്യാർഥികൾക്ക് രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാനറിയില്ലത്രെ.

Also read: ആധുനിക കാലത്ത് ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പഠന രീതി എങ്ങനെയാവണം

ഇന്ത്യയിൽ പല അധ്യാപകരും ജാതിപരമായ അധിക്ഷേപങ്ങൾ വിദ്യാർഥികൾക്കു നേരെ നടത്തുന്നു. തങ്ങളുടെ വിദ്യാർഥികൾ താഴ്ന്ന ജാതിയിലെയോ, പാർശ്വവൽകൃത, ദരിദ്രവിഭാഗങ്ങളിലെയോ ആണെന്ന് മനസിലായാൽ അവരെ മാനസികമായി തളർത്തുകയാണ് പല അധ്യാപകരും ചെയ്യുന്നത്. സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടായിട്ടും അവർക്കുള്ള പല പദ്ധതികളും അവരിലേക്ക് പൂർണമായും എത്തുന്നില്ല. ഘാനയുടെ കാര്യമെടുത്താൽ, വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങളിൽ പതിനാറ് ശതമാനം മാത്രമേ വിദ്യാർഥികളിലേക്ക് എത്തുന്നുള്ളൂ. മേൽ പറഞ്ഞ പ്രശ്നങ്ങളും അച്ചടക്കലംഘനങ്ങളും അവസാനിപ്പിച്ചാൽ മാത്രമേ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുന്നതിനായി വിദ്യാഭ്യാസ രംഗത്തെ ജീവിപ്പിക്കാൻ നമുക്ക് കഴിയൂ.

ആരോഗ്യം

സർക്കാർ ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും അഭാവം മേൽപറഞ്ഞ പോലെ ആരോഗ്യ മേഖലയിലും പ്രധാനമായുള്ള പ്രശ്നമാണെന്ന് ഗ്രന്ഥകർത്താക്കൾ അടിവരയിടുന്നു. ഇത് പാവപ്പെട്ടവരെ കൂടുതൽ പണച്ചെലവുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു. ഒരു ദിവസക്കൂലിക്കാരനായ തൊഴിലാളി രോഗക്കിടക്കയിലായാൽ അയാളുടെ തുഛമായ വരുമാനം നിലയ്ക്കുമെന്നതിന് പുറമേ അയാൾ സ്വരുക്കൂട്ടി വെച്ച മുഴുവൻ സമ്പത്തും സ്വകാര്യ ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുന്നു. അതും തീർന്നാൽ കൊള്ളപ്പലിശക്കാരിൽ നിന്നും കടം വാങ്ങേണ്ടിവരികയും ജീവിതം മുഴുവൻ പ്രാരാബ്ധങ്ങളായിത്തീരുകയും ചെയ്യുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ മുസ്ലിംകൾ അൽപം മെച്ചമാണെങ്കിലും ആരോഗ്യ കാര്യങ്ങളിൽ അവരുടെയും സ്ഥിതി ദയനീയമാണ്. ആരോഗ്യ മേഖലയിൽ പുതിയ പദ്ധതികൾ മുസ്ലിംകൾക്കായി ആവിഷ്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് വരച്ചുകാട്ടിത്തരുന്നത്.

പരമ്പരാഗത ചടങ്ങുകൾ

പാരമ്പര്യ ചടങ്ങുകളുടെയും ആചാരങ്ങളുടെയും പേരിൽ പാവപ്പെട്ടവർ അനാവശ്യമായി മുതൽ മുടക്കുന്നതിനെ ഗ്രന്ഥകർത്താക്കൾ വിമർശിക്കുന്നു. ഇന്ത്യയിലെയും പാകിസ്ഥാനിലെയും വിവാഹാഘോഷങ്ങളെയും ദക്ഷിണാഫ്രിക്കയിലെ സംസ്കാര ചടങ്ങുകളെയും അവർ പരാമർശിക്കുന്നുണ്ട്. ഇത്തരം ആചാരങ്ങൾക്കായി അനവധി പണം ചെലവിടുന്നത് തടയാൻ വിദ്യാഭ്യാസം കൊണ്ട് കഴിയില്ല. സാമൂഹികപ്രവർത്തകരും ആക്ടിവിസ്റ്റുകളുമാണ് ഇതിനെതിരെ ബോധവൽകരണങ്ങളുമായി രംഗത്തിറങ്ങേണ്ടത്.

Also read: ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമായില്ല; ഇനി എന്ത് ചെയ്യനാകും ?

മൈക്രോഫിനാൻസ്

പലയാളുകളും സ്വാഭാവികമായിത്തന്നെ ബിസിനസ് സംരംഭങ്ങളോട് താൽപര്യമുള്ളവരാകും. അവർക്ക് സാമ്പത്തിക പിന്തുണയും ധൈര്യവും നൽകുന്നത് തന്നെ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. ഇതിനുദാഹരണമായി മുംബൈയിലെ ഒരു കൂട്ടം സ്ത്രീകളെ രചയിതാക്കൾ പരാമർശിക്കുന്നുണ്ട്. അതിരാവിലെ കടപ്പുറത്ത് വന്ന് അവർ നനവുള്ള മണൽ ശേഖരിക്കുകയും റോഡിൽ കൊണ്ടുവന്നിടുകയും ചെയ്യും. അത് ഉണങ്ങിക്കഴിയുമ്പോൾ ചെറിയ പാക്കറ്റുകളിലാക്കി മറ്റു മൊഹല്ലകളിലെ വീടുകളിൽ ഗാർഹികാവശ്യങ്ങൾക്കായി വിപണനം നടത്തും. ദാരിദ്ര്യത്തിൽ നിന്നും രക്ഷ നേടാനായി സ്വാഭാവികമായും ഉരുത്തിരിഞ്ഞു വരുന്ന സംരംഭങ്ങളാണിതൊക്കെ. ചെറുകിട സംരംഭങ്ങൾ മുഖേന പാവപ്പെട്ടവർക്ക് റിക്ഷകളും മറ്റു കൈവണ്ടികളും നൽകി ലക്ഷക്കണക്കിന് പേരെ ഉപജീവനമാർഗ്ഗം കണ്ടെത്താൻ സഹായിച്ച ആന്ത്രാപ്രദേശിലെ ഗുണ്ടൂരിലുള്ള സ്പന്ദന എന്ന കമ്പനിയുടെ മേധാവിയായ പത്മജ റെഡ്ഡിയുടെയും മറ്റു സ്ത്രീ സംരംഭകരുടെയും കഥ ഗ്രന്ഥകർത്താക്കൾ പരാമർശിക്കുന്നുണ്ട്. എങ്ങനെയാണ് നമ്മുടെ രാജ്യത്തും മറ്റു അവികസിത രാഷ്ട്രങ്ങളിലുമുള്ള പഴയ കൊളോണിയൽ നിയമങ്ങൾ പാവപ്പെട്ടവരെ ബാധിക്കുന്നതെന്ന് ഈ പുസ്തകം പറയുന്നു. ചിലരുടെ കൈകളിലേക്ക് മാത്രമായി അധികാരം ഒരുങ്ങിപ്പോയതാണ് ഇതിനെല്ലാം ഒന്നാമത്തെ കാരണം. പ്രതിരോധ മരുന്ന് വിതരണം, വില കുറഞ്ഞ ഗുണമേന്മയുള്ള വളങ്ങൾ ലഭ്യമാക്കുക തുടങ്ങി ബഹുമുഖമായ പദ്ധതികൾ ഭരണകൂടങ്ങൾ നേരിട്ട് നടത്തുന്നുണ്ടെങ്കിലും അറിവില്ലായ്മ കൊണ്ടോ, സർക്കാർ സംരംഭങ്ങളെപ്പറ്റി പരമ്പരാഗതമായുള്ള മുൻവിധികൾ മൂലമോ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവർ കുറവാണ്. പഞ്ചായത്ത് തലത്തിൽ നോക്കിയാൽ അധികാര ചൂഷണം ചെയ്യാതെ ഫലപ്രദമായി പദ്ധതികൾ നടപ്പിലാക്കാൻ മുൻകൈയെടുക്കുന്നത് സ്ത്രീകളാണ് എന്ന രസകരമായ കണ്ടെത്തലോടെയാണ് പുസ്തകം അവസാനിക്കുന്നത്. സമൂഹത്തിൽ രൂഢമൂലമായ ദാരിദ്ര്യത്തെ നേരിടേണ്ടത് ഇത്തരത്തിലുള്ള നൈപുണ്യങ്ങളെ ഉപയോഗപ്പെടുത്തിയാകണമെന്ന് ഈ പഠനം അടിവരയിടുന്നു.

 

വിവ. അഫ്സൽ പിടി മുഹമ്മദ്

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker