Interview

ആധുനിക കാലത്ത് ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ പഠന രീതി എങ്ങനെയാവണം

ആധുനിക മഖാസിദീ (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) പഠനത്തെയും, സമഗ്രമായ വളര്‍ച്ചയെയും സംബന്ധിച്ച വിഷയത്തില്‍ ലോക പണ്ഡിത സഭാ അധ്യക്ഷ്യന്‍ ഡോ.അഹ്മദ് റയ്സൂനിയുമായി ഡോ.മുസ്ത്വഫ ഫാതീഹിയും, ഡോ.മുഹമ്മദ് ഖാസിമിയും നടത്തിയ സംഭാഷണം.

കാലത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും, സങ്കീര്‍ണമായ ധാരാളം പ്രശ്നങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്ന ആധുനിക മഖാസിദീ ചിന്തയുടെ അടിസ്ഥാനങ്ങളിലും, നിയമങ്ങളിലും, പ്രയോഗവത്കരണത്തിലും രണ്ടഭിപ്രായം കാണാന്‍ കഴിയുകയില്ല. കാരണം, ഈ അടിസ്ഥാന നിയമങ്ങളുടെ സ്വഭാവമെന്നത് സുന്നത്തുകളുടെയും, വിജ്ഞാനത്തിന്റെയും, ചിന്തയുടെയും അടിസ്ഥാനത്തിലാണ്. ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇസ്ലാമിക ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ട സക്രിയമായ വിശേഷണമാണത്. അത് പൊതുവായി കര്‍മശാസ്ത്ര പണ്ഡിതന്മാരുടെയും, പരിഷ്‌കര്‍ത്താക്കളുടെയും, ചിന്തകന്മാരുടെയും പരിഗണനീയ വിഷയവുമാണ്. എന്നാല്‍, മഖാസിദ് പ്രയോഗിക്കുന്ന കാര്യത്തില്‍ കുറഞ്ഞും കൂടിയും അവര്‍ക്കിടിയില്‍ വ്യത്യാസമുണ്ട്. ആശയ-പ്രായോഗിക തലത്തില്‍ മഖാസിദീ ചിന്തയെ നയിക്കേണ്ട അനിവാര്യമായ വിഷയമാണ് വ്യത്യസ്തമായ രീതികളിലൂടെ വളര്‍ച്ച നേടിയെടുക്കുകയെന്നത്. അത് മനുഷ്യരുമായും, മനുഷ്യ ക്ഷേമവുമായും, ഇഹ-പരലോകവുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. ഈ സംഭാഷണത്തില്‍ അടിസ്ഥാനപരമായും, ആശയപരമായും, പ്രായോഗികമായും വിഷയ കേന്ദ്രീകൃതമായി സംസാരിക്കുന്നത് മഖാസിദുശ്ശരീഅയുടെ (ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍) ധ്വജമായി അടയാളപ്പെടുത്തുന്ന ഡോ.അഹ്മദ് റയ്സൂനിയാണ്. മഖാസിദുശ്ശരീഅയെ- ഇസ്ലാമിക ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അദ്ദേഹം തന്റെ വ്യത്യസ്തമാര്‍ന്ന രചനകളിലൂടെ അവതരിപ്പിക്കുന്നു.

ചോദ്യം: ആശയപരമായും പ്രായോഗികമായും ആധുനിക മഖാസിദീ പഠന രീതിയെ താങ്കള്‍ എങ്ങനെയാണ് വിലിയിരുത്തുന്നത്?

മറുപടി: ആധുനിക മഖാസിദീ പഠനം (ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച പഠനം) രണ്ട് കാര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമാകുന്നു. ഒന്നാമത്തേത് മഖാസിദീ പഠനം വികസിക്കുകയും, പെട്ടെന്ന് വ്യാപിക്കുകയും ചെയ്യുന്നുവെന്നതാണ്. രണ്ടാമത്തേത് അതിന്റെ ആകസ്മികതയും സ്വഭാവികതയുമാണ്. ഇവയോരോന്നിനും ഗുണവശങ്ങളും ദോശവശങ്ങളുമുണ്ട്. പെട്ടെന്ന് വ്യാപിക്കുന്നുവെന്നത് പൊതുവായി സ്വാഗാതര്‍ഹമായ കാര്യമാണ്. ഇത്, ഉത്പാദകരില്‍ നിന്നോ ഉപഭോക്താക്കളില്‍ നിന്നോ മഖാസിദിന് (ശരീഅത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍) ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് പ്രകടമാക്കുന്നത്. ഗവേഷകര്‍, പഠിതാക്കള്‍, രചയിതാക്കള്‍, അധ്യാപകര്‍ എന്നിവരെയാണ് ഉത്പാദകര്‍ എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വായനക്കാര്‍, വിദ്യാര്‍ഥികള്‍, അനുവാചകര്‍, ഫത്വ ചോദിക്കുന്നവര്‍, സാധാരണ വിശ്വാസികള്‍ എന്നിവരെയുമാണ്. ഇത്തരം ആളുകളില്‍ ഒരുപാട് പേര്‍ മഖാസിദിനെ കുറിച്ച് ചോദിക്കുകയും, അവരുടെ ആരാധനകളിലും, സംസ്‌കാരങ്ങളിലും ഉദ്ദേശലക്ഷ്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍, ചിലപ്പോള്‍ എന്നോട് ഉദ്ദേശലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് കൊണ്ടുള്ള ഉത്തരം ചോദിക്കുന്നവരെ കൊണ്ട് ഞാന്‍ പ്രയാസപ്പെടാറുണ്ട്. അല്ലെങ്കില്‍ ഇപ്രകാരം ചോദിക്കുന്നു, ഈയെരു വിഷയത്തില്‍ എന്താണ് ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ മുന്നില്‍വെച്ച് കൊണ്ടുള്ള അഭിപ്രായം? ഉദ്ദേശലക്ഷ്യങ്ങളെന്നത് ശരീഅത്തിന്റെ ഒരു ഭാഗമാണെന്ന് ഞാന്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുകയുണ്ടായി. അത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മറ്റു പ്രമാണങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നല്ല.

Also read: കുട്ടികൾക്ക് ലൈംഗീകവിദ്യാഭ്യാസം ആവശ്യമോ?

സൗദിക്കാരനായ ഒരു സുഹൃത്ത് ഒരിക്കല്‍ ജിദ്ദയില്‍ എന്നെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു: അമേരിക്കയിലേക്ക് പഠനത്തിനായി പോയ സൗദിക്കാരനായ യുവാവില്‍ നിന്ന് ഒരു വന്നിരുന്നു; പഠനം തുടര്‍ന്നുപോകുന്നതിന് അയാള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുകയെന്നത് അത്യാവശ്യമായുരുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതിന് അയാള്‍ ഒരാളെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍, അമേരിക്കക്കാരിയായ ഒരു സ്ത്രീയെയാണ് അയാള്‍ക്ക് ലഭിച്ചത്. അവര്‍ ക്ലാസ്സെടുക്കുന്നതിനായി ഇയാളുടെ വീട്ടിലേക്ക് വരാന്‍ തുടങ്ങി. അയാള്‍ തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. അദ്ദേഹം ചോദിച്ചു: ഇത് അനുവദനീയമാണോ? ഞാന്‍ പറഞ്ഞു: അല്ല, അനുവദനീയമല്ല. ഇവിടെ സ്ത്രീയും പുരുഷനും തിനിച്ചാവുകയാണ്. അവര്‍ക്കിടിയില്‍ മൂന്നാമതായി പിശാചാണുണ്ടാവുക. എന്നാല്‍ കാര്യങ്ങള്‍ അപ്രകാരം തന്നെ തുടര്‍ന്നുപോവുകയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ ഏകദേശം അമ്പത് വയസ്സ് പ്രായമുള്ള സ്ത്രീയാണ്. അയാളുടെ ഉമ്മയുടെ പ്രായമാണ് അവര്‍ക്കുള്ളത്. ഞാന്‍ പറഞ്ഞു: ഉമ്മയുടെ പ്രായമാണെന്നതുകൊണ്ട് അവര്‍ അയാള്‍ക്ക് ഒരു പ്രശ്നമുണ്ടാകുന്നില്ലെങ്കിലും, തീര്‍ച്ചയായും അയാള്‍ ചെറിയപ്രായമാണെന്നത് അവര്‍ക്ക് പ്രശ്നമാകുന്നതാണ്. ഒരുപക്ഷേ, അത് ഏറ്റവും വലിയ തെറ്റ് സംഭവിക്കുന്നതിന് കാരണമാകുന്നു. നമ്മള്‍ തിരിച്ചൊന്ന് ആലോചിച്ച് നോക്കുക. ഇരുപത് വയസ്സ് പ്രായമുള്ള ഒരു വിദ്യാര്‍ഥിനിയെ പഠിപ്പിക്കുന്നതിന് ഏകദേശം അമ്പത് വയസ്സുള്ള അധ്യാപകനെ കൊണ്ടുവരുകയും, ഒന്നോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അവര്‍ തനിച്ചാവകുയും ചെയ്യുന്നു. ഇത് അനുവദനീയമാകുമോ? അദ്ദേഹം അത്ഭുതത്തോടെ എന്നോട് ചോദിച്ചു: താങ്കള്‍ മഖാസിദിയാണോ (ഉദ്ദേശലക്ഷ്യങ്ങളടിസ്ഥാനമാക്കി വിധി പറയുന്ന വ്യക്തി) അതല്ല സലഫിയാണോ (പ്രമാണങ്ങള്‍ മാത്രം അവലംബിച്ച് വിധി പറയുന്ന വ്യക്തി)? ഞാന്‍ പറഞ്ഞു: അത് രണ്ടുമാണ്.

ചോദ്യവുമായി എന്റെ അടുക്കല്‍ വരുന്നവരോട് മറുപടി പറയുമ്പോള്‍ അവര്‍ ആശ്ചര്യപ്പെടുകയും, അത്ഭുപ്പെടുകയും ചെയ്യുന്നതായി ഒരുപാട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ചോദ്യങ്ങളെ ഉദ്ദേശലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ പ്രമാണ ബന്ധിതമായി മാത്രമാണ് സമീപിക്കുന്നത്. അത് അവര്‍ പ്രതീക്ഷിക്കുന്നതിനോട് എതിരാവുകയുമാണ് ചെയ്യുന്നത്. പല ചിന്തകരിലും, ദീനീ പ്രവര്‍ത്തകരിലുമുള്ള പൊതുവായ ധാരണയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇസ്‌ലാമിക ശരീഅത്തിനെയും, അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും ഉള്‍കൊണ്ട് തന്നെ മഖാസിദ്-ഉദ്ദേശലക്ഷ്യങ്ങള്‍ അവര്‍ക്ക് ഇളവുകളും, എളുപ്പവും, ചില വിധികള്‍ മറികടക്കുന്നതിനുമുള്ള അനുവാദം നല്‍കുന്നുവെന്നതാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. പണ്ഡിതരെയും, കര്‍മശാസ്ത്ര പണ്ഡിതരെയും പ്രമാണ ബന്ധിതരെന്നും ഉദ്ദേശലക്ഷ്യങ്ങളെ അവലംബിക്കുന്നവര്‍ എന്നുമായി ചില ചിന്തകര്‍ വിഭജിക്കുന്നു. ഒരുപക്ഷേ, ഈയൊരു രീതിയും സമീപനവും മഖാസിദിനെ സംബന്ധിച്ച് ശരിയല്ലാതാണ്. ഇത് മഖാസിദ് ചിന്തയുടെ പെട്ടെന്നുള്ള വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും ഫലമാണ്. എന്നാല്‍, താങ്കളുടെ ചോദ്യത്തിലെ പ്രധാന ഭാഗം ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. ഒരുപക്ഷേ താങ്കളുടെ ചോദ്യത്തിന്റെ താല്‍പര്യം അതായിരിക്കും. അത് ഉത്പാദനവും, ഉത്പാദിപ്പിക്കുന്നവരും, ഈ അനുഗ്രഹീതമായി മഖാസിദീ മേഖലയില്‍ നിലകൊള്ളുന്നവരെയും സംബന്ധിച്ചാണ്. ‘മസാര്‍’- വഴി എന്ന താങ്കളുടെ ചോദ്യത്തിലെ പ്രയോഗം ഉചിതവും യോജിച്ചതുമാണ്. മഖാസിദുശ്ശരീഅയുടെ ആധുനകിമായ പരിഗണനകള്‍ വ്യത്യസ്ത വഴികളിലൂടെയും രീതിയിലൂടെയുമാണ് അറിയപ്പെടുന്നത്; സര്‍വകലാശാല പഠന രീതി, സര്‍വകലാശാല അക്കാദമിക ഗവേഷണ രീതി, സര്‍വകലാശാല രചന രീതി, (വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍വകലാശാല മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കികൊണ്ടുള്ള പുസ്തകങ്ങള്‍), വ്യക്തികളുടെ സ്വതന്ത്രമായ രചനകള്‍, മഖാസിദിനെ സംബന്ധിച്ചുള്ള കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, പരിപാടികള്‍, മഖാസിദുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണത്.

Also read: തൊലി കറുത്ത വികസനം

എന്നാല്‍, മഖാസിദീ പ്രസ്ഥാനത്തിലെ സ്വാഭാവികതയുടെയും ആകസ്മികതയുടെയും പ്രത്യേകതയെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് ഏകീകൃതമായ സ്വഭാവമോ മാനദണ്ഡമോ ഇല്ലാതെ അത് വ്യത്യസ്തങ്ങളായ ഭൂഖണ്ഡങ്ങളിലേക്കും, സ്ഥാപനങ്ങളിലേക്കും, തുടക്കങ്ങളിലേക്കുമാണ് മടങ്ങുന്നത്. ഇത് അഭിപ്രായങ്ങളിലും ഇജ്തിഹാദിലും വലിയ രീതിയിലുള്ള വ്യത്യാസത്തിന് കാരണമായട്ടുണ്ട്. അതിനെ ആധുനിക മഖാസിദീ സമീപനങ്ങള്‍ എന്ന് വിളിക്കേണ്ടിവരുന്ന അവസ്ഥയിലാണ് എത്തിനില്‍ക്കുന്നത്. പ്രമാണങ്ങള്‍ക്കും, കര്‍മശാസ്ത്ര അടിസ്ഥാനങ്ങള്‍ക്കും, ഇസ്ലാമിക കര്‍മശാസ്ത്രത്തിനും പകരമായി പ്രാപഞ്ചിക മൂല്യങ്ങളെന്ന് വിളിക്കപ്പെടുന്നതില്‍ നിന്നും, പൊതു നന്മകളില്‍ നിന്നും, ശരീഅത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നുമാണ് മഖാസിദീ കാഴ്ചപ്പാടിനെ ആധുനിക മഖാസിദീ പ്രസ്ഥനങ്ങള്‍ സ്ഥാപിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്. ഈയൊരു സമീപനം ഒരുപാട് അറബ് നാടുകളിലും, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കാണാവുന്നതാണ്. ചിലപ്പോള്‍ പ്രവാഹമെന്നൊക്കെ ഈ സമീപനത്തെ വിശേഷിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ അങ്ങനെ വിശേഷിപ്പിക്കേണ്ട കാര്യമില്ല. അത്തരം സമീപനങ്ങളുണ്ടെങ്കിലും അത് പരിമിതമാണ്. അതുകൊണ്ട് തന്നെ ഈയൊരു ഘടകത്തിന്റെ (സ്വാഭാവികതയുടെ) ദോശവശങ്ങള്‍ കുറവും പരിമിതവുമാണ്. സ്വാഭാവികതയെന്ന ഘടകവും, അതിന്റെ വ്യത്യസ്തകളും വിഭിന്നതകളും മഖാസിദുശ്ശരീഅയെ സംബന്ധിച്ച അടിസ്ഥാന അവലംബമായിട്ടുള്ള ചില ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഉദാഹരമായി, ഇമാം ശാത്വിബിയുടെ മുവാഫഖാത്ത്, ഇബ്നു അബ്ദുസ്സലാമിന്റെ ഖവാഇദ്, ഇബ്നു ആശൂറിന്റെയും അല്ലാല്‍ ഫാസിന്റെയും മഖാസിദ് തുടങ്ങിയ ഗ്രന്ഥങ്ങള്‍. ഈയൊരു രീതി റയ്സൂനിയുടെയും, ജാസിര്‍ ഔദയുടെയും ചില ഗ്രന്ഥങ്ങളിലും ദര്‍ശിക്കാവുന്നതാണ്. പ്രത്യേകിച്ച്, ഏഷ്യയിലെയും യൂറോപിലെയും വ്യത്യസ്തമായ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജാസിര്‍ ഔദയുടെ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അപ്രകാരം അദ്ദേഹത്തിന്റെ അറബി, ഇംഗ്ലീഷ്, മലയ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതോ എഴുതപ്പെട്ടതോ ആയ വ്യത്യസ്ത രചനകളിലും ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘അല്‍ഫുര്‍ഖാന്‍’ സ്ഥാപനത്തില്‍ കീഴില്‍ വരുന്ന ഇസ്‌ലാമിക ശരീഅ പഠന കേന്ദ്രങ്ങളുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലൂടെയും കാണ്‍ഫറന്‍സുകളിലൂടെയുമുള്ള ആഗോള നേതൃത്വ പങ്കിനെ കുറിച്ചാണ് ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത്. ഇതാണ് സ്വഭാവികവും ആകസ്മികവുമായ ഘടകം. ഇതില്‍ അടിസ്ഥാനപരമായി ഗുണാത്മകമല്ലാത്ത വശമുണ്ടെങ്കിലും ‘ക്രിയാത്മക ക്രമേക്കേടെന്ന്’ വിളിക്കാവുന്നതാണ്. അത് ആശയങ്ങള്‍ക്കും ചിന്തകള്‍ക്കുമിടയില്‍ പുതിയ തുടക്കങ്ങളും സംവാദങ്ങളും വര്‍ധിപ്പിക്കുകയുണ്ടായിയ എല്ലാവരും അഭിപ്രായങ്ങളിലും ആവിഷ്‌കാരങ്ങളിലും തുല്യമായ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. തടസ്സങ്ങളില്ലാതെ നിയന്ത്രങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോവുകയും ചെയ്യുന്നു. ‘എന്നാല്‍, ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു.’ (അര്‍റഅദ്: 17) ഇപ്രകാരമാണ് മഖാസിദിനെ കുറിച്ചും, മഖാസിദീ പണ്ഡിതന്മാരെ കുറിച്ചും ഞാന്‍ മനസ്സിലാക്കുന്നത്.

 

അവലംബം: iumsonline.org
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Close
Close