Family

മക്കളെ സ്കൂളിലയക്കുന്നതെന്തിന്?

എന്റെ മകളെ സ്കൂളിലയക്കുന്നതിനെ ക്കുറിച്ച ഒരു ചിന്ത ഇത് വരെ എന്നിൽ ഉണ്ടായിരുന്നില്ല.അത് ഒരു രക്ഷിതാവിന്റെ നിർബന്ധ ബാധ്യതയാണെന്ന കാര്യത്തിൽ തർക്കവുമില്ല.രക്ഷിതാക്കൾ തങ്ങളുടെ മക്കൾ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കുന്നതിൽ അഭിമാനം കൊള്ളുകയും അതിന് അവർക്കായി ഏറ്റവും നല്ല സ്കൂളുകൾ തെരഞ്ഞെടുക്കുന്നതും കണ്ട് കൊണ്ടാണ് നാം വളരുന്നത്. ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് കാലം സ്കൂളുകളിൽ ചിലവഴിച്ചിട്ടുണ്ട്.അത് ഇപ്പോഴും തുടരുന്നു.എന്റെ ഔദ്യോഗിക ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ഒരേയൊരു വഴിയും അതായിരുന്നു.എന്റെ ഈ ജീവിതാനുഭവം വെച്ചിട്ട് എനിക്കെങ്ങനെ എന്റെ മകളെ സ്കൂളിലയക്കാതിരിക്കാനും അവളുടെ ഈ അവകാശത്തെ ഹനിക്കാനും സാധിക്കും?. വിസ്മയകരമെന്ന് പറയട്ടെ,ഞാനൊരു അധ്യാപികയാണ്.എന്നാൽ അതിനെ ഒരു തൊഴിലായല്ല,മറിച്ച് ഞാൻ ഇഷ്ടപ്പെടുന്ന ഒരു വിനോദമായിട്ടാണ് കാണുന്നത്.അതിനേക്കാൾ അത്ഭുതമെന്നത് പർവ്വതങ്ങൾക്ക് പിറകിലുള്ള ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ ചിന്തകളെ വികസിപ്പിക്കുന്നതിനും ഉണ്ടാക്കിയ ഒരു സ്കൂളിന്റെ നിർമ്മാണത്തിൽ ഞാൻ പങ്കാളിയായിരുന്നു.ഇപ്പോൾ സ്കൂളിൽ പോകൽ എനിക്ക്അ നിവാര്യവുമായിത്തീർന്നിരിക്കുന്നു.രണ്ട് വ്യത്യസ്ത പുസ്തകങ്ങൾ വായിച്ചതിന് ശേഷമാണ് ഞാൻ ഈ ചിന്തയിലെത്തിയത്,അവ രണ്ടുമാകട്ടെ സ്കൂൾ വിദ്യാഭ്യാസത്തെ രണ്ട് വ്യത്യസ്ത ദിശകളിൽ നിന്ന് നിരൂപണം ചെയ്യുന്ന പുസ്തകങ്ങളുമായിരുന്നു.ഈ വിമർശനങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിൻ്റെ വശങ്ങളെ ആഴത്തിൽ മനസ്സിലാക്കുകയും ചെയ്തപ്പോൾ, അവ സത്യമാണെന്ന് എനിക്ക് ബോധ്യമായി.ആ രണ്ട് എഴത്തുകാരും സ്കൂളിനെക്കുറിച്ച് വെറുംവാക്ക് പറയുന്നവരായിരുന്നില്ല. യഥാർത്ഥത്തിൽ അത് വിദ്യാഭ്യാസ വ്യവസ്ഥയിൽ കണ്ട് വരുന്ന പ്രശ്നങ്ങൾ തന്നെയായിരുന്നു. എന്നാൽ ഇതിന് മുമ്പ് എനിക്കത് വേണ്ടവിധത്തിൽ മനസ്സിലായിരുന്നില്ല.

റോബർട്ട് കിയോസാകി തന്റെ ‘Rich Dad Poor Dad’ (ധനികനായ പിതാവും ദരിദ്രനായ പിതാവും)എന്ന പുസ്തകത്തിൽ നിക്ഷേപലോകത്തെക്കുറിച്ചോ ഫ്രീലാൻസ് ജോലിയെക്കുറിച്ചോ ധാരാളം ഒന്നും അറിയാത്ത ഒരു തലമുറയെ വാർത്തെടുക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പറയുന്നുണ്ട്.കാരണം അവർക്ക് സ്കൂളിൽ നിന്ന് സാമ്പത്തിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് തന്നെയാണ്.അതിലുപരി,ഇത്തരം സ്കൂളുകൾ അവരെ പഠിപ്പിച്ചത് തൊഴിലാളികളായിക്കൊണ്ട് ശമ്പളം സ്വീകരിക്കാനാണ്,മറിച്ച് തൊഴിലുടമകളായിക്കൊണ്ട് വരുമാനം ഉണ്ടാക്കുന്നതിനല്ല.ഉയർന്ന മാർക് നേടാനുള്ള മത്സരം എന്നതൊഴികെ,ഉന്നത സ്ഥാനങ്ങളിൽ നല്ല ആനുകൂല്യങ്ങൾ ലഭിക്കുന്ന,മാന്യമായ ജോലികൾ നേടുന്നതിനൊന്നും അത് അവരെ പഠിപ്പിച്ചില്ല.പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങാൻ കഴിയാത്തവൻ പരാജിതനായും മാന്യമായ ജോലിയും സന്തുഷ്ഠകരമായ ജീവിതവുമൊന്നും നേടാൻ കഴിയാത്തവനായും ധരിക്കപ്പെട്ടു.അത് കൊണ്ട് തന്നെ ഇത്തരം മനുഷ്യർ അവരുടെ ശമ്പളത്തിൻ്റെയും ജീവിത ചെലവുകളുടെയുമിടയിൽ ബന്ധിതനായി അവശേഷിക്കുന്നു.ഞാനെൻ്റെ പ്രൈമറി,സെക്കൻ്ററി കാലഘട്ടത്തിലെ ഓർമ്മകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ,ഒരു പരീക്ഷയിൽ പരാജയപ്പെടുകയോ ഏതെങ്കിലും വിഷയത്തിൽ അശ്രദ്ധ കാണിക്കുകയോ ചെയ്യുമ്പോൾ മാതാപിതാക്കളും അധ്യാപകരും നമ്മോട് പറഞ്ഞിരുന്ന വാക്കുകളും ഭീഷണിപ്പെടുത്തലുകളുമെല്ലാം ഞാൻ ഓർത്തുപോയി.ഒരു തൊഴിലിനെക്കുറിച്ച് സ്വപ്നങ്ങളില്ലാത്ത ആരും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.ഞങ്ങളുടെ കൂട്ടത്തിൽ എഞ്ചിനീയറും,വക്കീലും,ഡോക്ടറും,പോലീസും എല്ലാം ഉണ്ടായിരുന്നു.നല്ല ജീവിതത്തിനായുള്ള ഏക മാർഗ്ഗം വിദ്യാഭ്യാസവും നല്ല ജോലി കരസ്ഥമാക്കലുമാണെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചിരുന്നു. തെറ്റുകൾ സംഭവിക്കുന്നതിലൂടെയാണ് ഒരു മനുഷ്യൻ പലതും പഠിക്കുന്നത് എന്നിരിക്കെ കുട്ടികൾക്ക് സംഭവിക്കുന്ന തെറ്റുകളുടെ പേരിൽ അവരെ ശിക്ഷിക്കുന്ന വിദ്യാഭ്യാസ രീതിയെ കിയോസാകി വിമർശിക്കുന്നു.അദ്ദേഹം പറയുന്നു:”പല തവണ വീഴുമ്പോഴാണ് നാം നടക്കാൻ പഠിക്കുന്നത്.ഒരിക്കൽ പോലും വീഴാത്തവൻ മേലിൽ നടത്തവും പഠിക്കില്ല”.അപകട സാധ്യതകളെക്കുറിച്ചുള്ള ഭയവും ഭീരുത്വവും ഇത്തരം ആളുകളിൽ ധാരാളം കാണാം.പ്രത്യേകിച്ചും സാമ്പത്തിക ഉദാരവൽകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ഈ ആശയത്തിൻ്റെ പശ്ചാത്തലത്തിൽ നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ധൈര്യവും സ്ഥൈര്യവും ആവശ്യമാണ്. സത്യത്തിൽ,ഈ സ്കൂളുകൾ പൊതുവെ തെറ്റുകൾ വരുത്താനുള്ള കുട്ടിയുടെ അവകാശത്തെ മാനിക്കുകയോ,അതിലൂടെ പഠനത്തെ ആസ്വദിക്കാനുള്ള അവസരം അവർക്ക് നൽകുകയോ ചെയ്യുന്നില്ല.ഈയൊരു ചുറ്റുപാടിൽ,തെറ്റുകൾ സംഭവിക്കുന്നത് തങ്ങളെ പരാജയത്തിലേക്ക് എത്തിക്കും എന്ന ഭയത്തോടെയാണ് കുട്ടികൾ വളരുന്നത്.ഇത് അവരുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും ആഴത്തിൽ ബാധിക്കുന്നു.അധ്യാപന ശാസ്ത്രവും മനശ്ശാസ്ത്രവും തമ്മിലെ ബന്ധം നല്ലതല്ലാത്ത സ്കൂളുകളിൽ കുട്ടികളുടെ മാനസിക ഘടനയും ദുർബലവും സങ്കീർണവുമായിരിക്കും.അതിനാൽ തന്നെ സ്കൂളിൽ നിന്ന് പഠിച്ചതിനപ്പുറം മറ്റുവഴികളെ കുറിച്ച് ചിന്തിക്കാൻ ഭയപ്പെടുന്ന ഭീരുക്കളായ ഒരു യുവ തലമുറ രൂപപ്പെടുന്നു.കാരണം,തെറ്റുകൾ ശിക്ഷക്ക് കാരണമായേക്കും എന്നാണ് നിയമങ്ങൾ അവരെ പഠിപ്പിച്ചത്.അത് കൊണ്ടാണ് സ്കൂളിൽ പോകണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാൻ ഒരു അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ സ്കൂളിൽ പോകില്ലായിരുന്നു എന്ന് കിയോസാകി പറഞ്ഞത്.

അലിജാ അലി ഇസ്സത് ബൊഗോവിച്ച് തന്റെ ‘ഇസ്ലാം രാജമാർഗ്ഗം’ (Islam between East and West) എന്ന പുസ്തകത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ച് ധനസമ്പാദനത്തിൽ നിന്നും നിക്ഷേപത്തിൽ നിന്നും അകന്ന മറ്റൊരു നിരീക്ഷണം നടത്തുന്നു.അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ആധുനിക വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ചേടത്തോളം ആവശ്യത്തിലധികം ചിന്തയെയാണ് അവലംബിക്കുന്നത്.ഉദാഹരണത്തിന്,ഒരു വിദ്യാർഥി അവന്റെ വിദ്യാഭ്യാസയാത്രയിൽ സ്വതന്ത്രനും വിശ്വസ്തനുമായ ഒരു നല്ല മനുഷ്യനാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുന്നില്ല.തീർച്ചയായും അവന്റെ ശ്രദ്ധ രസതന്ത്രം,ഗണിതശാസ്ത്രം,ഭൂമിശാസ്ത്രം,സാമൂഹ്യശാസ്ത്രം തുടങ്ങി മനുഷ്യത്വരഹിതമായ പല ശാസ്ത്രങ്ങളിലുമായിരിക്കും.കിയോസാകി പറഞ്ഞത് പോലെ,സമൂഹത്തിന് ഉപകാരം ചെയ്യുന്ന എന്തെങ്കിലും ഒരു നിശ്ചിത ജോലിക്കുള്ള യോഗ്യത നേടുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.മനുഷ്യത്വവും സ്വാതന്ത്ര്യവുമൊക്കെ സ്കൂളിൽ വെച്ച് എത്ര തവണ പഠിച്ചുവെന്ന് ഞാൻ പലതവണ ചിന്തിച്ചു…ഒരു തവണ പോലും എനിക്ക് ഓർമ്മയില്ല.സെക്കന്ററി ക്ലാസുകളിലേക്ക് കടന്നതിന് ശേഷമാണ് എന്നിലെ മാനവികതയും സ്വാതന്ത്ര്യവുമെല്ലാം ഉണരുന്നത്.ശാസ്ത്രങ്ങൾ പഠിക്കുന്നതിലും പ്രയോഗിക്കുന്നതിലും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുന്നതിലുമൊക്കെയായിരുന്നു എന്റെ പരിശ്രമങ്ങൾ.വിദ്യാസമ്പന്നരായ ജനങ്ങൾ അന്യായമായി അവികസിത ജനതയോട് യുദ്ധം ചെയ്ത സാമ്രാജ്യത്വ ചരിത്രം ബൊഗോവിച്ച് വിശദീകരിക്കുന്നു.തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പോരാടി എന്നതായിരുന്നു അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്. “അധിനിവേശക്കാരുടെ ഉയർന്ന വിദ്യാഭ്യാസ നില അവരുടെ ലക്ഷ്യങ്ങളെയോ മാർഗ്ഗങ്ങളെയോ ബാധിച്ചില്ല,അത് അവരുടെ കാര്യക്ഷമത വർധിപ്പിക്കാനും അവരുടെ ഇരകളുടെ മേൽ തോൽവി അടിച്ചേൽപ്പിക്കാനും അവരെ സഹായിക്കുക മാത്രമാണ് ചെയ്തത്”- ബെഗോവിച്ച് പറയുന്നു. ഒരു കുട്ടിയുടെ രൂപവത്കരണത്തിൽ സ്കൂളിന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ,ബെഗോവിച്ചിന്റെയും കിയോസാകിയുടെയുമൊക്കെ അഭിപ്രായത്തോട് ഞാൻ യോജിക്കും.മനുഷ്യത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും അറിവില്ലാത്ത, സാമ്പത്തിക വിദ്യാഭ്യാസത്തെക്കുറിച്ച് അജ്ഞരായ ഒരു തലമുറയെയാണ് നാം വാർത്തെടുക്കുന്നത്.ഫലത്തിൽ ഒരാൾ വിദ്യാസമ്പന്നനായ യുവാവായിരുന്നാലും അയാൾ മനഃശ്ശാസ്ത്രപരമായി പ്രക്ഷുബ്ധനാവുകയും ചിന്താപരമായി പിരിമുറുക്കം നേരിടുകയും ചെയ്യുന്നു.പണപ്പെട്ടിക്കപ്പുറത്തേക്കൊരു ചിന്ത അവർക്കുണ്ടാവില്ല.ഈ രണ്ട് എഴുത്തുകാരും അഭിസംബോധന ചെയ്യാത്ത മറ്റു പല മേഖലകളിലും ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.വെറുതെ കുറേ കാര്യങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്ന ഇത്തരം വഴികളിൽ പലതിനോടും ഞാൻ യോജിക്കുന്നില്ല.എന്നിരുന്നാലും കുട്ടിയുടെ സാമൂഹിക,രാഷ്ട്രീയ,ധാർമിക മേഖലകളിൽ സ്കൂളിന് മാത്രമല്ല പങ്ക്.നമ്മുടെ കുട്ടികൾ പഠിക്കണമെന്ന് നാം ആഗ്രഹിക്കുന്ന എല്ലാ മേഖലകളിലും ഈ വിദ്യാഭ്യാസ രീതിയെ അവലംബിക്കുക എന്നത് പ്രയാസകരമാണ്.ഇതിൽ പുസ്തകങ്ങൾ,സാങ്കേതിക വിദ്യകൾ,വീട്,ചുറ്റുപാട് തുടങ്ങിയവയുടെയൊക്കെ പങ്ക് നാം വിസ്മരിക്കാവതല്ല.ഈ വിദ്യാഭ്യാസ രീതിയിലുള്ള വിടവുകൾ നികത്തുകയും കുട്ടി സ്വീകരിക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിൽ പരിഹാരമുണ്ടാക്കുകയും ചെയ്യുന്ന ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ കുടുംബത്തിന്റെ അടിസ്ഥാനപരമായ പങ്ക് നമുക്ക് അവഗണിക്കാൻ സാധിക്കുന്നതല്ല.കുട്ടിയെ പുറം ലോകവുമായി ബന്ധപ്പെടുത്തുകയും അച്ചടക്കം,സമയനിഷ്ഠ പാലിക്കൽ,ജനങ്ങളുമായി സംവദിക്കൽ തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ സ്ഥാപനമെന്ന നിലയിൽ സ്കൂളിൽ നിന്ന് അവരെ അകറ്റി നിർത്തുന്നത് നല്ലതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.മറിച്ച്, അവർക്ക് പ്രയോജനം ചെയ്യുന്ന മറ്റു പല മാർഗ്ഗങ്ങളും ഉണ്ടെന്നിരിക്കെ, നാം ഇഷ്ടപ്പെടുന്ന,അല്ലെങ്കിൽ നാം തെരഞ്ഞെടുത്ത വഴിയിൽ തന്നെ കുട്ടിയെ നിർത്തണമെന്ന് ആഗ്രഹിക്കുന്നത് സ്വാർത്ഥതയും ഒരു തരം ഭീഷണിപ്പെടുത്തലുമാണ്.കുട്ടിക്ക് ജീവിതാനുഭവങ്ങളെ ആസ്വദിക്കാനും അവയിൽ നിന്ന് പാഠങ്ങൾ പഠിക്കാനും സ്വാതന്ത്ര്യമുണ്ട്.എന്നിരുന്നാലും മാതാപിതാക്കളിൽ നിന്നുള്ള ധീരവും ലക്ഷ്യബോധമുള്ളതുമായ മാർഗ്ഗ നിർദേശം ലഭിക്കാതെ അവർക്ക് നല്ലൊരു തെരഞ്ഞെടുപ്പും സാധ്യമല്ല.ഇത്തരം സ്വാധീനങ്ങളുടെ സന്തുലനാവസ്ഥ നിലനിർത്തുക എന്നത് രക്ഷിതാക്കൾക്ക് പ്രയാസമേറിയതും എന്നാൽ ഏറെ പ്രാധാന്യമർഹിക്കുന്നതുമായ ഒരു കടമയായി തുടരുന്നു.

വിവ: നാഫില ഇസ്ഹാഖ്.സി

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker