Personality

കുട്ടികൾക്ക് ലൈംഗീകവിദ്യാഭ്യാസം ആവശ്യമോ?

പ്രത്യുത്പാദനത്തെക്കുറിച്ചും അതേപോലെ മനുഷ്യരിലെ ജനിതകഘടനയും ക്രോമസോമുകളെക്കുറിച്ചുമെല്ലാം ഹൈസ്‌കൂൾ ക്ലാസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്, അതിവിശാലമായ പഠനം ഒന്നുമല്ലെങ്കിലും ഒരു ലഘുരേഖ അല്ലെങ്കിൽ ചിത്രം അവരുടെ മനസ്സിലേക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഗർഭപാത്രം, അണ്ഡാശയം അതേപോലെ സ്ത്രീപുരുഷബീജങ്ങളെക്കുറിച്ചും അവയുടെ ഘടനയുമൊക്കെ പഠിക്കുന്നുണ്ടെങ്കിലും കൗമാരത്തോട് അടുക്കുന്ന നമ്മുടെ കുട്ടികൾക്ക് നിർബ്ബന്ധമായിട്ടും ലഭിച്ചിരിക്കേണ്ട മറ്റെന്തെല്ലാം അറിവുകൾ ഉണ്ട്? സ്ത്രീയുടെയും പുരുഷന്റെയും ശാരീരികഘടന(anatomy), അന്തരീക അവയവങ്ങൾ (internal organs) വിവിധതരം ഹോർമോണുകൾ, അവയുടെ ധർമ്മങ്ങൾ, അവയിൽ ലൈംഗീകതയെ നിയന്ത്രിക്കുന്നവ കൂടാതെ പ്രത്യുത്പാദന ശേഷി കൈവരിക്കാനായി പ്രായപൂർത്തിയോടടുത്ത അവരിൽ വരാനിരിക്കുന്ന ബാഹ്യവും അന്തരീകവുമായ പരിവർത്തനങ്ങൾ, പ്രകൃതി അവരെ പാകപ്പെടുത്തുന്ന വിധങ്ങൾ ഇവയെക്കുറിച്ചൊക്കെ യഥാർത്ഥത്തിൽ അറിഞ്ഞിരിക്കേണ്ടവരല്ലേ അവർ. ലൈംഗീകവിദ്യാഭ്യാസം എന്നാൽ എന്തെന്നോ, അതിന്റെ ആവശ്യകതയോ മനസ്സിലാക്കുന്നതിൽ ഇതുവരെ നമ്മൾ അല്ലെങ്കിൽ നമ്മുടെ സമൂഹം പക്വതയാർജ്ജിച്ചിട്ടില്ല. സ്‌കൂളിൽ തന്നെ വേണമെന്നില്ല വീടുകളിൽ പറഞ്ഞുകൊടുക്കാവുന്നതെ ഉള്ളൂ. ഇത്തരം അറിവുകൾ നൽകി, കൗമാരത്തിലേയ്ക്ക് എത്തുന്ന കുഞ്ഞുങ്ങളെ സൈക്കോളജിക്കലി ഉൾക്കൊണ്ടുകൊണ്ടും മനസ്സിലാക്കിക്കൊണ്ടും എങ്ങനെ കൈകാര്യംചെയ്യാം അതിനായി മാതാപിതാക്കൾക്ക് സ്‌കൂളുകളിൽ കൗൺസിലിങ് ഏർപ്പെടുത്തിയാൽ മതി. നമ്മുടെ സമൂഹത്തിൽ ഇന്നും ലൈംഗീകതയെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നവർ ഉണ്ട്. പുറംലോകത്ത് നിന്ന് ലഭിക്കുന്ന നിരർത്ഥകമായ അറിവുകളും അസംബന്ധങ്ങളും വിവരക്കേടുകളും കേൾക്കുമ്പോൾ അത് കുട്ടികളിൽ അബദ്ധധാരണകൾ സൃഷ്ടിക്കുകുകയും ആരോഗ്യകരമല്ലാത്ത രീതിയിൽ കൗതുകം ജനിപ്പിക്കുകയും കൂടാതെ എതിർലിംഗത്തോട് ലൈംഗീകപരമായ തെറ്റായ സമീപനങ്ങൾ നടത്താനും ഇത് ഇടയാക്കും. അത് ഇതുവരെ കുട്ടിയോട് സമൂഹത്തിനും ആൾക്കാക്കാർക്കും ഉണ്ടായിരുന്ന മതിപ്പും ഇഷ്ടവും ഇല്ലാതാക്കാൻ സാധ്യതയുണ്ട്. വിവാഹത്തിന് തലേദിവസം മുമ്പ് പോലും ദാമ്പത്യജീവിതം എന്താണ്? അതിന്റെ ഉദ്ദേശം എന്താണ്? ദാമ്പത്യജീവിതത്തിൽ ലൈംഗീകതക്ക് ഉള്ള പ്രധാന്യം എന്താണ്? ഇവയൊന്നിനെക്കുറിച്ചും വ്യക്തമായ ധാരണകളോ, ബോധമോ ഇല്ലാത്ത ആൺകുട്ടികളും പെൺകുട്ടികളും ഇപ്പോഴും നമുക്കിടയിൽ ഉണ്ടാവുന്നുണ്ട്. രണ്ട് അപരിചിതർ ഒരു പുതുജീവിതത്തിലേയ്ക്ക് കാൽ എടുത്ത് വെയ്ക്കുമ്പോൾ സ്‌കൂളിൽ പഠിപ്പിച്ച ഭൂമിശാസ്ത്രവും ചരിത്രവും ഗണിതശാസ്ത്രവും നൽകിയ അറിവുകളാണോ ജീവിതത്തിൽ പ്രയോഗിക്കേണ്ടത്..!? പിന്നെ എന്തുകൊണ്ടാണ് നമ്മൾ കുട്ടികൾക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന്കൊണ്ട് ജീവിതത്തിന്റെ പ്രായോഗികതയെക്കുറിച്ചും അതിനെ നേരിടേണ്ടത് എങ്ങനെയൊക്കെ എന്നുള്ള കാര്യത്തിൽ വേണ്ടത്ര അറിവുകൾ പകർന്ന് നൽകാൻ മടിക്കുന്നത്.

Also read: പ്രതീക്ഷയോടെ തുടരാൻ പ്രയാസപ്പെടുന്നുണ്ടോ ?

കാലചക്രങ്ങൾ നീങ്ങവേ മനസ്സിലേക്ക് നിറഞ്ഞു പെയ്യുന്ന വർഷക്കാലവും പൂക്കൾ വിരിയുന്ന വർണ്ണാഭമായ വസന്തകാലവും കുളിരേകുന്ന ശൈത്യവും വരൾച്ച ബാധിച്ചൊരു ഗ്രീഷ്മവും വ്യത്യസ്തമായ ഭാവഭേദങ്ങൾ പകർന്നുകൊണ്ട് ഒരു മനുഷ്യനിലൂടെ കടന്ന് പോകും. ശൈശവവും ബാല്യവും കടന്ന് കൗമാരത്തിൽ എത്തുന്ന ഒരു കുട്ടി പിന്നീട് യൗവനത്തിന്റെ പരിസമാപ്തിയിൽ ഇതളുകൾ കൊഴിഞ്ഞു വീഴുന്ന പൂക്കൾ പോലെ വാർദ്ധക്യത്തിലേയ്ക്ക് എത്തിച്ചേരും. പതിയെ മൃത്യുവിന് കീഴടങ്ങും മുമ്പ് അവന്/അവൾ വിട്ടുപോകുന്ന അവരുടെതയൊരു പൈതൃകമുണ്ട് അതാണ് കുഞ്ഞുങ്ങൾ അവന്റെ/അവളുടെ പരമ്പര നിലനിർത്താനുള്ള കണ്ണികളാണ് അവർ. പ്രപഞ്ചം മുന്നോട്ട് നിലനിന്നു പോകണമെങ്കിൽ യഥാസമയം വിഘ്നങ്ങൾ ഏതും ഇല്ലാതെ മേൽപ്പറഞ്ഞ പ്രക്രിയകൾ ഓരോന്നും നടന്നുകൊണ്ടേ ഇരിക്കണം. കാലം ഒരിക്കലും ആരെയും കാത്ത് നിക്കാറില്ല. പ്രജനന പ്രക്രിയയിലൂടെ തലമുറകൾക്ക് ജന്മം നൽകുകയെന്നത് ഓരോ ജീവികളിലും നിക്ഷിപത്മാക്കപ്പെട്ട ധർമ്മമാണ്. സർവ്വ ജീവജാലങ്ങളിലും നടക്കുന്ന ജൈവീകപരമായ ഒന്നാണ് അത്. ഇത്തരം പ്രാപഞ്ചിക സത്യങ്ങൾ പകർന്നു കൊടുത്തുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ഉൾക്കാഴ്ചയേകേണ്ടത്.. വളർന്നു പ്രായപൂർത്തിയോടടുക്കുന്ന മക്കളോട് ആരോഗ്യകരമായ രീതിയിൽ സെക്സിനെക്കുറിച്ചും ഒരു കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ എങ്ങനെ ജന്മമെടുക്കുന്നു എന്നതിനെക്കുറിച്ചും പറയാം. അതിന് ശാസ്ത്രത്തെ ആശ്രയിക്കാവുന്നതാണ് അതേപോലെ മനുഷ്യന്റെ ജൈവികാവശ്യങ്ങളിൽ ചിലതായ ഭക്ഷണം, ഓക്സിജൻ, വെള്ളം പോലെ തന്നെ, അതായത് മറ്റേതൊരു ജൈവീകപരമായ ആവശ്യങ്ങളെപ്പോലെയും ഒന്നാണ് മനുഷ്യന് ലൈംഗീകതയുമെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയണം അവരുടെ സംശയങ്ങൾക്ക് കള്ളക്കഥകൾ ഉണ്ടാക്കിപ്പറഞ്ഞ് തടിതപ്പാൻ നോക്കാതെ സത്യങ്ങൾകൊണ്ട് നിവാരണം ചെയ്‌തുകൊടുക്കലാണ് ഉത്തമം. സെക്‌സ് എന്ന വാക്കോ ലൈംഗീകത എന്ന വാക്കോ കേൾക്കുമ്പോൾ കുട്ടികൾക്കോ മുതിർന്നവർക്കോ അറപ്പോ, അശ്ളീലതയോ തോന്നേണ്ടതുണ്ടോ? കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെയാവും മിക്കപ്പോഴും മുഖത്തെ ഭാവം അല്ലെങ്കിൽ അതെന്തോ വലിയ പാപം എന്ന പോലെയാവും നോട്ടം. സ്ത്രീയും അല്ലെങ്കിൽ സ്ത്രീയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏത് വിഷയവും ഗോപ്യമാക്കി നിർത്തേണ്ടവയാണ് അല്ലെങ്കിൽ ആരുടെ മുന്നിലും വെളിവാക്കാതെ അടച്ചുപൂട്ടി വെയ്ക്കെണ്ടവയാണ് എന്ന സമൂഹത്തിന്റെ ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. അതിന് ഓരോ വ്യക്തികളും വിചാരിച്ചാലേ നടക്കുള്ളൂ.

എന്നാൽ മേൽപ്പറഞ്ഞ പോലെയുള്ള ബോധം തുറന്ന സംസാരത്തിലൂടെ മക്കൾക്ക് പതിയെ പതിയെ നൽകാവുന്നതാണെങ്കിലും എല്ലാ രക്ഷിതാക്കൾക്കും കഴിയുകയുമില്ല. അതിനാൽ അതിനെക്കുറിച്ച് പറ്റുന്ന വിധത്തിലുള്ള ബുക്കുകൾ വാങ്ങിച്ചുകൊടുക്കണം. സെക്‌സ് അല്ലെങ്കിൽ ലൈംഗീകത എന്ന വിഷയം ഏത് വാക്ക് പോലെയും ഒരു സാധാരണ വാക്ക് ആയിട്ടെ കുഞ്ഞുങ്ങൾ കേൾക്കാവൂ, അറിയാവൂ. അതേസമയം ഒരു കാര്യം നിർബ്ബന്ധമായും കുട്ടികൾ സ്വയം മനസ്സിലാക്കിയെടുക്കേണ്ടതായുണ്ട്‌. അതായത് എല്ലാവരോടും തോന്നാൻ ഉള്ളതല്ല ഇത്തരം ഫീലിംഗ്‌സ്/വികാരം, ഇത് ആരോടൊക്കെ തോന്നാം, ആരോടൊക്കെ തോന്നരുത് എന്ന ബോധമൊക്കെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവാൻ തക്ക സംസ്ക്കാരം അവരിൽ ഉണ്ടാവാൻ മാതാപിതാക്കളുടെ ഇടപെടലുകൾ സഹായിക്കണം. മക്കൾ നല്ല മക്കൾ ആവണം എന്ന് കരുതുന്നവർ വളരെ ചെറുപ്പത്തിലെ തന്നെ അവരെ അത്മബോധവും അതായത് വ്യക്തിത്വബോധവും ആത്മാഭിമാനബോധവുമൊക്കെ ഉള്ളവരാക്കിയെടുക്കണം.

ഇങ്ങനെ വളരുന്ന കുഞ്ഞുങ്ങൾക്ക് അവനവനെക്കുറിച്ച് ബോധമുള്ളതിനാൽ എപ്പോഴും തന്നെ അംഗീകരിക്കുന്നവരോടൊപ്പം മാത്രമേ കൂടുതൽ അടുക്കാനും തനിയ്ക്ക് സ്ഥാനമുള്ളിടത്ത് മാത്രം നിൽക്കാനും അർഹിക്കുന്നതെ സ്വന്തമാക്കാനും ആഗ്രഹിക്കുള്ളൂ, ഇതൊക്കെ ഒരു മനുഷ്യന് വേണ്ട ക്വാളിറ്റികളിൽ ചിലതാണ്. അവനവന്റെ മൂല്യമറിഞ്ഞ ഒരാൾ താൻ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുന്നതോ അപഹസ്യനാക്കപ്പെടുന്നതോ ഇഷ്ടപ്പെടില്ല എന്ന സത്യമാറിയുക. അന്തരീക സംസ്ക്കരണമാണ് രക്ഷകർതൃത്വം ലക്ഷ്യമിടേണ്ടത്. ഇത്രത്തോളം ഗൗരവത്തോടെയൊന്നും അതിനെ കാണാൻ കഴിയുന്നില്ല എങ്കിൽ അതിന്റെ യാഥാർത്ഥവശം ഇതുവരെ നാം മനസ്സിലാക്കിയിട്ടില്ല എന്ന് മാത്രമേ പറയാൻ സാധിക്കൂ. അന്തരീകസംസ്‌ക്കരണം നടക്കുമ്പോഴാണ് വ്യക്തിത്വം മികവുറ്റതും മിഴിവാർന്നതും ആയിത്തീരുന്നത്.

Also read: സവര്‍ക്കറെ ആദരിക്കുന്ന കര്‍ണാടക ഗവണ്‍മെന്റ്

ഒരു കുഞ്ഞിന് ഭൂമിയിലേയ്ക്ക് പ്രവേശനം നൽകുന്ന, ഭൂമുഖത്ത് ജീവജാലങ്ങൾക്കിടയിൽ തലമുറകളെ നിലനിർത്തിക്കൊണ്ടു പോകാൻ ആവശ്യമായ അതിപ്രധാനമായ ഒന്നാണ് ലൈംഗീകത എന്ന് പറഞ്ഞല്ലോ? അത്രയും ഉദാത്തമായ അല്ലെങ്കിൽ മഹത്വമേറിയ ഒന്നിനെ മനസ്സകൊണ്ട് നമ്മൾ കാണുന്ന രീതി അല്ലെങ്കിൽ അതിനോട് വെച്ചുപുലർത്തുന്ന മനോഭാവം എന്താണ്? അത്രയ്ക്ക് ഹീനവും നീചവുമായ ഒന്നാണോ അത്? തിരിച്ചറിവുള്ള മനുഷ്യരാണെങ്കിൽ നാം ചിന്തിക്കേണ്ടത് അങ്ങനെയാണോ? ഒരു പിഞ്ചുകുഞ്ഞ് ലോകത്തേയ്ക്ക് പിറന്നുവീഴുന്നത് രണ്ട് ഹൃദയങ്ങൾ തമ്മിലും ശരീരങ്ങൾ തമ്മിലും സംഗമിക്കുന്ന വേളകളിലൊന്നിൽ പ്രകൃതി അവരിൽ കനിയുമ്പോഴാണ്. അത്തരം ഒരു ധന്യമുഹൂർത്തിൽ രണ്ട് ജീവാണുക്കൾ ഒന്നായിച്ചേർന്നു രൂപംകൊണ്ടതിൽ ഈ ഭൂമുഖത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ജേതാക്കളിൽ ഒന്നാണ് നമ്മൾ. കുഞ്ഞുങ്ങൾ എങ്ങനെ ഉണ്ടാവുന്നു എന്ന ചോദ്യത്തിന് വളരെ ലളിതമായിട്ട് തന്നെ മറുപടി കൊടുക്കണം. പ്രപഞ്ചത്തിൽ എല്ലാ ജീവികളിലും ആണും പെണ്ണും ഉണ്ട്. ആണിലും പെണ്ണിലും കാണപ്പെടുന്ന പ്രത്യുത്പാദന ബീജങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് സന്ധിക്കുമ്പോൾ ഭ്രൂണം ഉണ്ടാവുന്നെന്നും ഈ ഭ്രൂണമാണ് പിന്നീട് കുഞ്ഞായി മാറുന്നതെന്നും പറഞ്ഞുകൊടുക്കണം. അപ്പോൾ ഇത് എങ്ങനെ സംഭവിക്കുന്നു എന്നാവും ചോദ്യമാവും അടുത്തത്. അത് മോൻ അല്ലെങ്കിൾ മോൾ വളർന്നു വരുമ്പോൾ അതാത് സമയത്ത് പറഞ്ഞു തരാം ഇപ്പോൾ മോൾക്ക് അല്ലെങ്കിൽ മോന് അത് ഉൾക്കൊള്ളാനും മനസ്സിലാക്കാനും ബുദ്ധിമുട്ടാകും എന്ന് പറഞ്ഞുകൊടുക്കാം.

പെൺകുട്ടികളിൽ മാസമുറ ഉണ്ടാകുന്നതും അവർ കടന്നുപോകുന്നതുമായ ശാരീരിക, മാനസിക പ്രയാസങ്ങളെക്കുറിച്ചും അസ്വാസ്ഥ്യങ്ങളെക്കുറിച്ചും ആൺകുട്ടികൾ അറിയാൻ അവരുടെ നല്ലൊരു സുഹൃത്തായി മാറിയാൽ അമ്മമാർക്ക് തന്നെ കഴിയും. ഇതെല്ലാം പൊതുവായ ഒരു വിഷയമെന്ന രീതിയിൽ വേണം കൈകാര്യം ചെയ്യാൻ. മിക്ക ആൺകുട്ടികൾക്കും അതിനെക്കുറിച്ചൊന്നും ശരിയായ അറിവ് പകർന്ന് കൊടുക്കാൻ ആരുമില്ല. വാസ്തവത്തിൽ ആണ്കുട്ടികൾക്ക് എന്തിന് സ്വന്തം പെൺകുട്ടികൾക്ക് പോലും അമ്മമാർ ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിൽ പരാജയമായി മാറുന്നത് കാണാറുണ്ട്. അമ്മമാർക്ക് ആൺകുട്ടികളുടെ ജീവിതത്തെ സ്വാധീനിയ്ക്കാൻ കഴിഞ്ഞാൽ അത് ഈ സമൂഹത്തിന്റെ പൊതുബോധത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാനായ് ഉപകരിക്കും. പക്ഷെ ഒന്ന് പറയാം എത്ര ഫോർവേഡ് ആയിട്ടൊ അഡ്വാൻസ്ഡ് ആയിട്ടൊ മക്കളെ വല്ലതും പഠിക്കുമ്പോൾ ഒരിക്കലും കുട്ടികൾ നിലകൊള്ളുന്ന സമൂഹത്തെയും മനുഷ്യരെയും കുറിച്ച് വ്യക്തമായ ഒരു ചിത്രം കൂടെ നൽകാൻ മറക്കരുത്. മക്കൾ ജീവിക്കേണ്ടത് അപ്പോഴും അതേ പഴഞ്ചൻ കാഴ്ചപ്പാടുകാൾ വെച്ചുപുലർത്തുന്ന സമൂഹത്തിലാണ്. പരസ്യമായി ലൈംഗികതയെ തള്ളിപ്പറയുകയും നിരസിക്കുകയും ചെയ്യുന്ന സമൂഹത്തിന് തന്നെ, അതേപോലെ സദാചാര്യമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഈ സമൂഹത്തിന് തന്നെ ഏറ്റവും വലിയ വിരോധാഭാസം എന്ന് വേണമെങ്കിൽ പറയാം രഹസ്യമായ ഒരുതരം ആനന്ദവും ലഹരിയുമാണ് രതി അല്ലെങ്കിൽ ലൈംഗീകത. അതിനോട് വെച്ചുപുലർത്തുന്ന മനോഭാവം തീർച്ചയായും മാറേണ്ടത് തന്നെയാണ്.

വിവിധതരം ഹോർമോണുകൾ സജീവമായി തുടങ്ങുന്നതും വ്യക്തിത്വബോധം ഉണരുന്നതും എതിർലിംഗത്തോടുള്ള ആകർഷണവും അതുവരെ ഇല്ലാതിരുന്ന ലൈംഗീകപരമായ ചിന്തകളും കുട്ടികളെ ഇപ്പോൾ മുതലാണ് അലട്ടാൻ തുടങ്ങുന്നത്. ഈസ്ട്രജൻ, പ്രൊജെസ്ട്രോൺ കൂടാതെ ചെറിയൊരു അളവിൽ പുരുഷഹോർമോൻ എന്നറിയപ്പെടുന്ന ടെസ്റ്റസ്റ്ററോൺ എന്നീ ഹോർമോണുകൾ ആണ് പെണ്ണിൽ വർത്തിക്കുന്നത്. അവളിൽ മേനിയഴകും കേശഭംഗിയും മുഖകാന്തിയും വർദ്ധിക്കുന്നതും സ്തനവളർച്ചയും ശരീരാകൃതിയിൽ പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങുന്നത് സ്വാഭാവികം. പ്രായപൂർത്തി എത്തുന്നതോടെ ആൺകുട്ടികൾക്ക് മീശയും താടിയും കുരുക്കാൻ തുടങ്ങുന്നു, ശരീരത്തിലെ മസിലുകൾ ശക്തമാവുകയും ശബ്ദത്തിനും മുഖത്തെ ഭാവങ്ങൾക്കും ഗാംഭീര്യവും പൗരുഷവും വന്ന് ചേരുകയും അതേപോലെ രണ്ടുപേർക്കും സ്വകാര്യഭാഗങ്ങളിൽ രോമവളർച്ചയും കണ്ടുതുടങ്ങുന്നു. ആൻഡ്രോജെൻ, ടെസ്റ്റസ്റ്ററോൻ എന്നിവയാണ് പുരുഷഹോർമോണുകൾ.

Also read: ഒരു നാടിനെ ചേർത്ത് പിടിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ

കുട്ടിത്തം വിട്ടുമാറാതെ തന്നെ വലിയ പെണ്കുട്ടി/ആണ്കുട്ടി എന്ന പദവിയിലേക്ക് ഉള്ള മാറ്റത്തെ ഉൾക്കൊള്ളാനും മനസ്സിലാക്കാനും അവർക്ക് സമയമെടുക്കും. കൗമാരത്തിലേയ്ക്ക് കടക്കാറായി എന്ന് തോന്നുമ്പോൾ അവരെ കൂടെ ഇരുത്തിയിട്ട് എല്ലാം വിവരിച്ചുകൊടുക്കാൻ മാതാപിതാക്കൾ ശ്രമിക്കണം വിവിധങ്ങളായ ചിന്തകളും വ്യക്തിത്വബോധവും വൈകാരികതയിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളും അതോടൊപ്പം സമൂഹം തന്നെ അംഗീകരിക്കുമോ? തനിക്ക് സൗന്ദര്യം ഉണ്ടോ? ആളുകൾ തന്നെ ഇഷ്ടപ്പെടുന്നുണ്ടോ? ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങളെ ഉള്ളിൽ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങൾ ചില സമയങ്ങളിൽ അച്ഛനമ്മമാരോട് പൊട്ടിത്തെറിക്കുന്നതും അവരെ വെല്ലുവിളിക്കുന്ന പോലെയൊക്കെ സംസാരിക്കുന്നതും കാണാം.

ഈ പ്രായത്തെക്കുറിച്ച് കുട്ടികൾ അറിഞ്ഞിരിക്കേണ്ടതിനെക്കാൾ അച്ഛനമ്മമാർ ആണ് അറിഞ്ഞിരിക്കേണ്ടത് എങ്കിലേ അവരെ മാനേജ് ചെയ്യാൻ സാധിക്കൂ. ശാന്തതയോടെ, ക്ഷമയോടെ അവരെ അടുത്തേയ്ക്ക് ഇരുത്തി സംസാരിക്കേണ്ടിടത്ത്, സംശയിക്കേണ്ട അച്ഛനമ്മമാർ പ്രക്ഷുബ്ധമായ മനസ്സോടെ ക്ഷോഭിക്കാനും രോഷംകൊള്ളാനും നിന്നാൽ കുഞ്ഞുങ്ങൾ അതിലേറെ വയലന്റ് ആവും. ഇന്നലെവരെ തന്നോട് മറുത്ത് ഒരു വാക്ക് ഉച്ചരിക്കാത്ത അവൻ/അവൾ എന്തിനെയും ചോദ്യം ചെയ്യാനും നിഷേധിക്കാനും തോന്നിയപോലെ സംസാരിക്കാനൊക്കെ തുടങ്ങുന്നത് കാണുമ്പോൾ ഒന്നുകിൽ അതിനെ അച്ഛനമ്മമാർ വൈകരികതയോടെ നേരിടും അല്ലെങ്കിൽ ഈഗോ വർക്ക് ഔട്ടായി തുടങ്ങും ഇതാണ് പൊതുവെ ഉണ്ടാവാറ്. ഇത് രണ്ടുമല്ല വേണ്ടത് അവരൊന്ന് അടങ്ങണമെങ്കിൽ അവരിൽ പതഞ്ഞു പൊങ്ങുന്ന അഗ്നിപർവതം ഒന്ന് കെട്ടടങ്ങണമെങ്കിൽ അച്ഛനമ്മമാർ അപ്പോൾ ശാന്തരായെ തീരൂ. അപ്പോഴേ അവരിൽ താൻ ചെയ്യുന്ന തെറ്റിനെക്കുറിച്ച് ബോധം വരുള്ളൂ. അല്ലെങ്കിൽ കുട്ടികളിലും കടുത്ത ഈഗോ വർക്ക് ഔട്ട് ആയി തുടങ്ങും.

രക്ഷിതാക്കൾക്കും കുട്ടിയ്ക്കുമിടയിൽ സദാസമയവും പ്രശ്നങ്ങൾ ഉടലെടുത്തുകൊണ്ടിരിക്കും. ആദ്യം അവർക്ക് പറയാനുള്ളതൊക്കെ പറയട്ടെ, പിന്നീട് ചെയ്യേണ്ടത് ഇതാണ് കുറച്ചു കഴിഞ്ഞ ശേഷം അരികിലേയ്ക്ക് പിടിച്ച്‌ ഇരുത്തി അല്ലെങ്കിൽ ഒന്ന് ആലിംഗനം ചെയ്ത് ചേർത്ത് നിർത്തി നെറുകയിൽ ചുംബിച്ച്, എന്താ ഇപ്പോൾ എന്റെ കുട്ടിയ്ക്ക് പറ്റിയത്? എന്തിനാണ് ഇങ്ങനെ ക്ഷോഭിക്കുന്നത്? അമ്മയോട്/അച്ഛനോട് ഇങ്ങനൊക്കെയാണോ പെരുമാറുന്നത്? അച്ഛനും അമ്മയ്ക്കും മോനോട്/മോളോട് ഒത്തിരി ഇഷ്ടമാണ്, സ്നേഹമാണ്. ഞങ്ങൾക്ക് നീ ഞങ്ങളുടെ കുഞ്ഞാണ്, ഒരിക്കലും ഒരു ശത്രുവല്ല, നിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവരാണ്. നിനക്ക് വേണ്ടിയാണ് ഞങ്ങൾ ജീവിക്കുന്നത് ഈ വിധം വേണം പറഞ്ഞുകൊടുക്കാൻ.

ഓർക്കുക കുട്ടികളിൽ ഒട്ടനവധി സംശയങ്ങളും കൗതുകങ്ങളും ഉണ്ടാവുമെങ്കിലും അത് അറിയാനുള്ള തെറ്റായ ഉറവിടങ്ങൾ തേടാനുള്ള ശ്രമം നടത്തിയെന്നും വരാം അല്ലെങ്കിൽ അച്ഛനമ്മമാരുടെ പരിഗണനയുടെയും കെയറിന്റെയും അഭാവത്തിൽ തെറ്റായ ഒരു വ്യക്തിയുടെ രംഗപ്രവേശനം നടന്നെന്നും വരാം. അത് പക്ഷെ അപകടത്തിലേയ്‌ക്ക് എത്തിയ്ക്കും. അല്ലെങ്കിലും കൗമാരത്തിലിരിക്കുന്ന കുട്ടികൾ സമപ്രായക്കാരോടാണ് കൂട്ട് കൂടേണ്ടത് പ്രായത്തിൽ മുതിർന്നവരുമായുള്ള അമിതകൂട്ടുകെട്ടുകൾ നല്ലതല്ല. കുട്ടിയുടെ ജീവിതത്തെ അത് മറ്റുള്ള രീതിയിൽ ബാധിക്കും. തക്കസമയങ്ങളിൽ എല്ലാം മാതാപിതാക്കൾക്ക് ഒരു വഴികാട്ടിയാവാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെയെല്ലാം അനന്തരഫലം നേരിടേണ്ടി വരും. ലൈംഗീകതയെക്കുറിച്ച് പ്രായത്തിൽ മുതിർന്ന ആളുകൾക്കിടയിൽ ഉണ്ടാവുന്ന ദ്വയാർത്ഥത്തിലുള്ള പ്രയോഗങ്ങളും സംസാരങ്ങളും ശ്രവിച്ച് കുട്ടികളും അതൊക്കെ പഠിച്ചു വെയ്ക്കും. തുടക്കത്തിലേ ശാസ്ത്രീയപരമോ പ്രകൃതിപരമോ ആയ ഒരു വീക്ഷണമാണ് കുഞ്ഞിന് ലഭിക്കുന്നതെങ്കിൽ അതുവരെയുള്ള അറിവ് വെച്ചെങ്കിലും അബദ്ധധാരണകളെ അകറ്റാൻ കുട്ടികൾ പരിശ്രമിക്കും.

Also read: ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പ്രാവര്‍ത്തികമായില്ല; ഇനി എന്ത് ചെയ്യനാകും ?

ചില ആൺകുട്ടികൾ അല്ലെങ്കിൽ പെൺകുട്ടിളെ കാണാം അധികമാരോടും മിണ്ടാതെ തന്നിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നവർ. ആരുമായും അധികം കൂട്ടിന് നിൽക്കാതെ, മനസ്സിനകത്തെ തോന്നലുകളെ ഒളിപ്പിച്ചുവെച്ച്, വൈകാരികതയെ തുറന്ന് പ്രകടിപ്പിക്കാതെ എപ്പോഴും ശാന്തസ്വഭാവക്കാരെന്ന് തോന്നിപ്പിക്കുന്നവർ. എന്നാൽ അവർക്ക് ഇഷ്ടമുള്ള, മനസ്സിനൊത്ത ആളുകളുമായി അവർ നന്നായി ഇണങ്ങുകയും കളിതമാശകൾ പറഞ്ഞു ചിരിക്കുകയും ചെയ്യും. ഇത്തരം ആളുകളുടെ ലോകം അകത്തേയ്ക്കാണ്, പുറം ലോകത്തേയ്‌ക്ക് അല്ല. എല്ലാവരും ചിന്തിക്കുന്ന പോലെയോ അതിനേക്കാൾ അധികമോ ചിന്തിയ്ക്കുന്നവരും കാര്യങ്ങളെ നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നവരൊക്കെ ആയിരിക്കാം അവരും. പക്ഷെ മറ്റാരുടെയെങ്കിലും കാര്യങ്ങളിലൊന്നും തലയിടാൻ അവർക്ക് ഒട്ടും താല്പര്യം ഉണ്ടാവില്ല. ഒഴിഞ്ഞുമാറി നടക്കുന്നതിനാൽ അവരിൽ എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്ന പോലെയൊക്കെ നമുക്ക് തോന്നിയേക്കാം ഇത്തരക്കാരുടെ ക്യാരക്ടറും പെരുമാറ്റങ്ങളും ചിലപ്പോഴൊക്കെ പ്രവചനാതീതമായിരിക്കും. എന്നാൽ ഇവരെക്കുറിച്ച് മാതാപിതാക്കളുടെ അഭിപ്രായം എന്തായിരിക്കുമെന്ന് നോക്കിയിട്ടുണ്ടോ? അവൻ/അവൾ നല്ല കുട്ടിയാണ് ആരോടും ഒന്നിനും പോകില്ല (ഇവനെ പോലെയല്ല മൂത്തകുട്ടി അവൻ കാരണം വീട്ടിൽ മൊത്തം പ്രശ്നമാണ്). എന്നാൽ ഈ വിധം അവരെ പുകഴ്ത്തുമ്പോൾ ഒരു നിമിഷം ചിന്തിക്കുക ഇത് അവരായിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ഗുണമോ അവരായി തിരഞ്ഞെടുത്ത പ്രത്യേക കഴിവോ(quality) സവിശേഷതകളോ(peculiarities) ഒന്നുമല്ല അവരെ ഇത്രത്തോളം പുകഴ്ത്താൻ. അത് സത്യത്തിൽ അന്തർമുഖത്വമാണ് ജന്മനാ ലഭിക്കുന്നതാണ്. പേഴ്സണിലിറ്റി ഡെവലപ്മെന്റ് പഠിച്ചക്കർക്ക് അറിയാം സൈക്കോളജി ഇതിനെ വ്യത്യസ്തത പുലർത്തുന്ന ഓരോ വ്യക്തിത്വങ്ങളിൽ ചില പ്രത്യേകതക തരം സവിശേഷതകൾ (dimensions of personality) ഉള്ള ഒരു വിഭാഗമായിട്ടാണ് കാണുന്നത്. ഇതിൽ നിന്ന് വിഭിന്നമായ മറ്റൊരു വിഭാഗം ഉണ്ട്, ബഹിർമുഖർ. ആരുമായും ഇടിച്ചു കയറി സംസാരിക്കുകയും അവരോടുള്ള ഇഷ്ടങ്ങളും താൽപര്യങ്ങളും പെട്ടെന്ന് തുറന്ന് പറയും പ്രകടിപ്പിക്കുകയും ചെയ്യും ഇവർ.

ആദ്യം പറഞ്ഞ വിഭാഗക്കാർ ആരോടും മിണ്ടാനും ഇഷ്ടം പറയാനും മടിച്ചു നിൽക്കുമ്പോൾ ഈ വിഭാഗത്തിന് എതിർ ലിംഗവുമായി അടുക്കാൻ ജാള്യതയോ നാണമോ ഒന്നും കാണില്ല ഇവർക്ക് അതെല്ലാം എളുപ്പം കഴിയും. കൗമാരത്തിലേയ്ക്ക് കടക്കുമ്പോൾ ഇവർക്ക് പ്രണയബന്ധങ്ങളൊക്കെ ഉണ്ടാവും പെട്ടെന്ന് നാലാളുകൾ അറിയാൻ തക്കവിധത്തിൽ ആടിപ്പാടി ഉല്ലസിച്ച് പ്രണയിക്കാനാവും ഇവർക്ക് ഇഷ്ടം. എന്നാൽ അന്തർമുഖർ ആയവർക്കും ഉണ്ടാവും പ്രണയബന്ധങ്ങൾ, ആരും പെട്ടെന്ന് അറിയാൻ പോവുന്നില്ല എന്ന് മാത്രം. ഒരു നാൾ കാര്യങ്ങൾ അറിയുമ്പോൾ എല്ലാം അവിശ്വസനീയമായി തോന്നും. അതേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും മാറി മാറി പ്രകടമാവുന്ന വ്യക്തിത്വങ്ങളും ഉണ്ട് ambivert എന്നാണ് ഇവരെ വിളിക്കുന്നത്. ചില സമയങ്ങളിൽ വളരെ സൗഹൃദപരമായും ചിരിച്ചും ഉല്ലസിച്ചും കഴിയുന്ന അവർ മറ്റു ചില അവസരങ്ങളിൽ തന്നിലേക്ക് മാത്രമായി ഉൾവലിഞ്ഞു നിൽക്കുവാനും ഇഷ്ടപ്പെടുന്നു. ഈ പറയുന്ന മൂന്ന് വിഭാഗത്തിനും അതിന്റെതായ മേന്മകളും ഗുണങ്ങളും അതേസമയം ന്യൂനതകളും കഴിവ്കേടുകളും ഉണ്ടെന്നതാണ് ഏറ്റവും വലിയ സത്യം.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close