Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍-യുഎഇ കരാര്‍: മിഡില്‍ ഈസ്റ്റിലെ പുതിയ ആധിപത്യം

26 വര്‍ഷത്തിനിടെ അറബ് രാജ്യവുമായി ഇസ്രയേലിന്‍റെ ആദ്യ അംഗീകാരം നേടിയ മൂന്ന് പേരും ഇന്ന് ആഭ്യന്തരമായി പ്രശ്നങ്ങളിലാണ്. നവംബറില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന് അമേരിക്കക്കാരെ തനിക്കാവുന്ന വഴിയെല്ലാം ഉപയോഗിച്ച് തടയാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാരണം, അങ്ങനെ സംഭവിച്ചാല്‍ നിലവിലെ പോളിംഗ് റേറ്റിംഗില്‍ അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വരും. കോവിഡിനെ ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കാനാകാത്തതിനാല്‍ തന്‍റെ വസതിക്കു മുമ്പില്‍ ഇസ്രയേല്‍ പൗരന്മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ അമ്പരിന്നിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തുര്‍ക്കിയിലെ പട്ടാള അട്ടിമറയില്‍ തുടങ്ങി ഖത്തര്‍ ഉപരോധവും ഏറ്റവുമൊടുവില്‍ ട്രിപ്പോളി കീഴടക്കാനുള്ള വിഫല ശ്രമവും അടക്കം ഒരുപാട് പ്രതിസന്ധികളിലാണ് അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദും.

ഓരോരുത്തര്‍ക്കും അവരുടെ മാധ്യമങ്ങള്‍ ചരിത്രപരമെന്ന് വിളിക്കുന്ന തരത്തില്‍ ഒരു നയതന്ത്ര അട്ടിമറി അനിവാര്യമാണ്. അധികാരം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ തങ്ങള്‍ക്കിനി എന്തായിരിക്കും സംഭവിക്കുകയെന്ന് ഓരോരുത്തര്‍ക്കും വ്യക്തമായി അറിയാം. നെതന്യാഹുവിനെയും ട്രംപിനെയും സംബന്ധിച്ചെടുത്തോളം അവര്‍ക്ക് ഇതൊരു തടവറ പോലെയാണ്, മരണമോ പ്രവാസമോ ആണ് മുഹമ്മദ് ബിന്‍ സായിദിനെയും കാത്തിരിക്കുന്നത്. ഇസ്രയേലുമായി അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ബന്ധം ബിന്‍ മുഹമ്മദിന് ലഭിച്ച ലൈഫ് ഇന്‍ഷൂറന്‍സ് മാത്രമാണ്. വ്യക്തിപരമായ അവരുടെയെല്ലാം വിധി പരസ്പരം ബന്ധിതമാണ്. അതിനാല്‍ തന്നെ ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ താങ്ങ് അനിവാര്യവുമാണ്.
പ്രതിഷേധത്തില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള തന്ത്രവും തീവ്ര സഖ്യവും നെതന്യാഹുവിനും ആവശ്യമാണ്. അദ്ദേഹത്തിന് മാത്രം നിയന്ത്രിക്കാനാകുന്ന ഒരു നയ നിര്‍മ്മാണത്തെക്കുറിച്ചാണ് അദ്ദേഹത്തിന്‍റെ ആലോചനകള്‍. വെസ്റ്റ് ബാങ്ക് അധിനിവേശത്തെ മരവിപ്പിച്ച് കളഞ്ഞ് വലതുപക്ഷത്തെ പാര്‍ട്ടികളെ വീണ്ടും ഒറ്റിക്കൊടുത്ത്(പുറത്താക്കാതെ തന്നെ) നെതന്യാഹു തന്‍റെ രാഷ്ട്രീയ രക്ഷപ്പെടല്‍ വിദ്യ ഒരിക്കല്‍ കൂടി പുറത്തെടുത്തു.

‘ഇസ്രയേല്‍ ചരിത്രത്തില്‍ ആദ്യമായി ഞാന്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു- സമാധാനത്തിന് വേണ്ടി സമാധാനം തന്‍റെ ട്വിറ്റര്‍ വീഡിയോയിലൂടെ അദ്ദേഹം പൊങ്ങച്ചം നടിച്ചു. ‘വര്‍ഷങ്ങളായി ഞാന്‍ മുന്നോട്ടുവെക്കുന്ന സമീപനമാണിത്. പ്രദേശങ്ങള്‍ കയ്യടക്കാതെ, ജറൂസലേമിനെ വിഭജിക്കാതെ, നമ്മുടെ ഭാവിയെ അപകടത്തില്‍ പെടുത്തതാതെ തന്നെ നമുക്ക് സമാധാനം സാധ്യമാക്കാം. മിഡില്‍ ഈസ്റ്റില്‍ ശക്തരായ ആളുകളാണ് ഒരേസമയം അതിജീവിക്കുന്നതും സമാധാനം സ്ഥാപിക്കുന്നതും.

അടയാളപ്പെടുത്തപ്പെടുന്ന ഒരു വിദേശ നയതന്ത്രം ട്രംപിനും അത്യാവശ്യമാണ്. തന്‍റെ ജാമാതാവായ ജറേഡ് കുശ്നറുടെ മേല്‍ അദ്ദേഹം ചെലവഴിച്ച എല്ലാ രാഷ്ട്രീയ മൂലധനവും അതുവഴി തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. ‘നൂറ്റാണ്ടിന്‍റെ കരാര്‍ എന്ന് കൊട്ടിഘോഷിച്ച തന്ത്രവും ലക്ഷ്യത്തിലെത്തും മുമ്പേ പരാജയപ്പെട്ടു പോകുന്നു. എല്ലാ പ്രതിസന്ധികളില്‍ നിന്നുമുള്ള ഒരു രക്ഷയാണ് ട്രംപിനിപ്പോള്‍ ആവശ്യം.

Also read: മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ബന്ധങ്ങളുടെ അന്ത്യം

മൊറോക്കോ, ബഹ്റൈന്‍, ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള ഈ കരാര്‍, ഇസ്രയേലുമായി ഈജിപ്തും ജോര്‍ദാനും നടത്തിയ സമാധാന കരാറില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഓരോരുത്തരും ഓരോ രീതിയിലുള്ള ബന്ധങ്ങളാണ് സൃഷ്ടിച്ചത്. അവരെല്ലാം നേതൃത്വം നല്‍കുന്ന ഓരോ വിശാല ചര്‍ച്ചകളും നിലക്കാത്ത ഫലസ്ഥീന്‍ പോരാട്ടങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പ്രതീക്ഷ നല്‍കി.

ഇതാണ് ഓരോ ബന്ധങ്ങളുടെയും അന്ത്യം. രാഷ്ട്രീയ കളിക്കാരുടെ കൊട്ടാരങ്ങള്‍ക്ക് പുറത്ത് ഫലസ്ഥീന്‍ വിഷയത്തെക്കുറിച്ച് ഒരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നില്ല. ഫലസ്ഥീനികള്‍ക്കിടയിലും അറബ് രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കിടയിലും ഒരു ഹിതപരിശോധന പോലും അവര്‍ നടത്തിയില്ല. 1967ലെ അതിര്‍ത്തി അടിസ്ഥാനമാക്കിയും പലായനം ചെയ്യേണ്ടി വന്ന ഫലസ്ഥീനികളെ തിരിച്ചുവിളിക്കുന്നത് സംബന്ധിച്ചുമുള്ള ചര്‍ച്ചകളിലൊന്നും പരിസ്പരം വഴക്കടിക്കുന്ന ഫലസ്ഥീന്‍ പാര്‍ട്ടികളൊന്നും(ചര്‍ച്ചകളില്‍ പങ്കെടുക്കാതിരിക്കുന്നതിന്‍റെ അര്‍ത്ഥം കിഴക്കന്‍ ജറുസലേം ഫലസ്ഥീനിന്‍റെ തലസ്ഥാനമാക്കണമെന്ന തീരുമാനത്തെ ഉപേക്ഷിക്കുകയെന്നതാണ് അവരുടെ തീരുമാനം എന്ന് മനസ്സിലാക്കിത്തരുന്നു) പങ്കാളികളായില്ല.

ഇതൊരിക്കലും ഒരു സമാധാന കരാറല്ല. അറബ് നേതാക്കള്‍ ഇസ്രയേല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് സാധാരണയാണ്. ജോര്‍ദാന്‍ രാജാവായിരുന്ന അബ്ദുല്ലാഹ് ഒന്നാമന്‍ 1948ന് മുമ്പ് സയണിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പൗത്രന്‍ ഹുസൈന്‍ രാജാവും ആ പാരമ്പര്യം തുടര്‍ന്നു. ഇസ്രയേലിലെ തന്‍റെ കൗണ്ടര്‍പാര്‍ട്ടുകളുമായി ഹുസൈന്‍ രാജാവ് നാല്‍പ്പത്തി രണ്ടോളം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രമെഴുതിയ അവി ശലൈം വ്യക്തമാക്കുന്നുണ്ട്. മൊറോക്കോ രാജാവ് ഹസ്സന്‍ തന്‍റെ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ മൊസ്സാദിന്‍റെ സഹായം തേടിയിരുന്നു. ശത്രുക്കള്‍ തമ്മിലുള്ള ഈ പതിവ് സമ്പര്‍ക്കളും കൂടിക്കാഴ്ചകളൊന്നും ഇസ്രയേലിനോടുള്ള നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ അറബ് ജനതയെ പ്രേരിപ്പിച്ചിട്ടില്ല.

യുഎഇയുടെ ഇസ്രയേല്‍ അംഗീകാരത്തിന് ഫലസ്ഥീന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളുമായോ തീരുമാനങ്ങളുമായോ യാതൊരു ബന്ധവുമില്ല. അറബ് സ്വേച്ഛാധിപതികളും ഇസ്രയേല്‍ കയ്യേറ്റക്കാരുമായുള്ള പ്രാദേശിക ഉടമ്പടികളുടെ സംസ്ഥാപനത്തിനപ്പുറം മറ്റൊരു വ്യാഖ്യാനവും ഈ കരാറിന് നല്‍കാനാകില്ല. പ്രാദേശിക ആധിപത്യത്തില്‍ നിന്നും അമേരിക്ക പിന്മാറുമ്പോള്‍ ആ ശൂന്യതിയിലേക്ക് ഇസ്രയേലും യുഎഇയും കയറിയിരിക്കുന്ന കാഴ്ചയാണിത്.
അതിസമ്പന്നരായ അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇസ്രയേലിനുമിടയില്‍ നില്‍വില്‍വരുന്ന കച്ചവടവും ടെലികോമും യാത്രകളും ഫലസ്ഥീന്‍ ഗ്രാമങ്ങളെയും കുടിയേറ്റ പ്രദേശങ്ങളെയും മുറിച്ചുകടക്കുന്ന റോഡുകളെപ്പോലെ മാറ്റമില്ലാത്ത വസ്തുതകളായി മാറും. ഒരു ചര്‍ച്ചകള്‍ക്കും ഇസ്രയേല്‍ കാത്തുനില്‍ക്കില്ല. അനന്തരം തോല്‍വി മാത്രമായിരിക്കും അറബ് രാജ്യങ്ങളുടെ നേട്ടം.

Also read: നാഗരിക ലോകം എന്ന മിഥ്യ!!

കഴിഞ്ഞ ഏഴ് ദശകത്തോളം ചെയ്തത് പോലെത്തന്നെ കീഴടങ്ങാനോ പരാജയത്തിന്‍റെ വെള്ളക്കൊടി ഉയര്‍ത്താനോ ഇന്നും ഫലസ്ഥീനികള്‍ തയ്യാറാവില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. സമ്പത്തിന് മുമ്പില്‍ അവരുടെ രാഷ്ട്രീയ അവകാശങ്ങളെ അടിയറ വെക്കാന്‍ അവര്‍ ഒരിക്കലും തയ്യാറാവുകയില്ല. അവരുടെ പദ്ധതികള്‍ വിജയിക്കാന്‍ ഇതിനപ്പുറം മറ്റെന്താണ് വേണ്ടത്?

ഇത്തരത്തിലൊരു ധാര്‍മ്മിക തകര്‍ച്ച ഉണ്ടാകുമായിരുന്നെങ്കില്‍ ഇസ്രയേല്‍ കാരണം പതിനാല് വര്‍ഷത്തോളം പട്ടിണി കിടക്കേണ്ടി വന്ന ഗസയില്‍ അത് സംഭിവിക്കണമായിരുന്നു. താരതമ്യേന സ്വതന്ത്രമായ വെസ്റ്റ് ബാങ്കിലും ഇനി ഇത് സംഭവിക്കാന്‍ പോകുന്നില്ല. കാരണം, ഫലസ്ഥീന്‍ ജനതയോടും ജറുസലേമിനോടും ബൈത്തുല്‍ മുഖദ്ദസിനോടും കാണിച്ച ‘വിശ്വാസ വഞ്ചനയെന്നാണ് യുഎഇയുടെ തീരുമാനത്തെ ഫലസ്ഥീന്‍ അതോറിറ്റി വിശേഷിപ്പിച്ചത്.
ഫലസ്ഥീനികളുടെ ഞരമ്പുകളില്‍ തിരയടിച്ച ദേഷ്യത്തിന്‍റെയും അനിഷ്ടത്തിന്‍റെയും അലയൊലികള്‍ അറബ് ജനതയെ വലിയ തോതില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ജനകീയ അഭിപ്രായം നിരീക്ഷിക്കാനുള്ള എല്ലാ സത്യസന്ധമായ ശ്രമങ്ങള്‍ക്കും ട്രംപ്, നെതന്യാഹു, മുഹമ്മദ് ബിന്‍ സായിദ് ത്രയങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന പ്രതികരണങ്ങള്‍ മാത്രമാണ് വരുന്നത്. കഴിഞ്ഞ ദശകത്തില്‍ ഉണ്ടായിരുന്നതിനെക്കാളും ഇസ്രയേലിന്‍റെ നയതന്ത്ര അംഗീകാരത്തെ എതിര്‍ക്കുന്ന അറബ് ജനതയുടെ ശതമാനം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 2011ല്‍ 84 ശതമാനം ആയിരുന്നത് 2018 ആയപ്പോഴേക്കും 87 ശതമാനമായാണ് വര്‍ദ്ധിച്ചത്.

കരാറിനെതിരെ വന്ന പ്രതികരണങ്ങള്‍

സ്വാഭാവികമായും ഫലസ്ഥീനികള്‍ക്കിടയിലും അറബ് തെരുവുകള്‍ക്കിടയിലും കരാറുമായ ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ ഉണ്ടാകും. പതിവ് പോലെത്തന്നെ രണ്ട് ട്രെന്‍റുകളായിരിക്കും ഈ വിഷയത്തിലും കാണാനാവുക.
ഫലസ്ഥീനികള്‍ക്കിടയില്‍ 2007ലെ ഗാസ ആഭ്യന്തരകലഹത്തിനു ശേഷം കടുത്ത എതിരാളികളായി മാറിയ ഫതഹിനെയും ഹമാസിനെയും ഈ കരാര്‍ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരാക്കും. യുവ തലുമുറയില്‍ ഇതിനകം അത് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. പിഎല്‍ഒയുടെ ഉന്നത തലങ്ങളിലുള്ളവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ദേഷ്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അളവ് നേതൃ തലത്തിലുള്ളവരെയും അത്തരത്തിലുള്ള ആലോചനകളിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്.

നെതന്യാഹുവും ബിന്‍ സായിദും ഫോണിലാണ് പരിസ്പരം ബന്ധപ്പെടുന്നതെങ്കില്‍ ഇപ്പോള്‍ ഫലസ്ഥീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയ നേതാവായ ഇസ്മാഈല്‍ ഹനിയ്യയും അതുപോലെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അറബ് എമിറേറ്റിന്‍റെ കരാറിനെതിരെയുള്ള ഫലസ്ഥീന്‍ അതോറിറ്റിയുടെ ശക്തമായ പ്രതികരണത്തെ ഹമാസ് സ്വാഗതം ചെയ്തിട്ടുണ്ട്. അതോറിറ്റിയുടെ തീരുമാനത്തെ ഗാസയിലും വെസ്റ്റ് ബാങ്കിലും സംയുക്ത രാഷ്ട്രീയ നടപടികള്‍ക്കുള്ള അവസരമായാണ് കാണുന്നതെന്ന് ഒരു ഹമാസ് വൃത്തം അറബി-21 ന്യൂസിനോട് അഭിപ്രായപ്പെട്ടിരുന്നു.
ഫലസ്ഥീനിലെ ബദ്ധവൈരികളായ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു ലക്ഷ്യമായി ഇത് മാറിയാല്‍(ഫലസ്ഥീന്‍ ഭരണത്തില്‍ ഒരു കൂട്ടു സഭക്ക് അബ്ബാസ് ഇതുവരെ സന്നദ്ധനായിട്ടില്ല) ഫലസ്ഥീന്‍ പ്രിവന്‍റീവ് സെക്യൂരിറ്റി വെസ്റ്റ് ബാങ്കിലെ ഹമാസ് പ്രവര്‍ത്തകരെ നിഷ്കരുണം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഒരു പരിതി വരെ പരിഹാരമാകും. നിലവില്‍ ഫതഹ് ജനറല്‍ സെക്രട്ടറിയായ ജിബ്രീല്‍ റജബാണ് ഇങ്ങനെയൊരു മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്. ഹമാസിന്‍റെ സക്കന്‍റ് കമ്മാന്‍ററായ സാലിഹ് അറൂരിയുമായുമൊത്തുള്ള റജബിന്‍റെ പത്രസമ്മേളനം രണ്ടു പാര്‍ട്ടികള്‍ക്കിടയിലും ഒത്തുതീര്‍പ്പ് ശക്തിപ്പെടുന്നുവെന്നതിന്‍റെ മറ്റൊരു സൂചനയാണ്. ‘1967ലെ അതിര്‍ത്തി രേഖകള്‍ക്കനുസരിച്ചുള്ള ഒരു പരമാധികാര സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രം നേടിയെടുക്കാന്‍ ഫലസ്ഥീന്‍ പതാകക്ക് കീഴില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ പോരാട്ടം നയിക്കും. അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ ശാശ്വതമായൊരു പരിഹാരം കണ്ടെത്തുമെന്നാണ് അറൂരിയുമായുള്ള സംയുക്ത ടെലികോണ്‍ഫറന്‍സ് അഭിമുഖത്തില്‍ റജബ് പ്രഖ്യാപിച്ചത്.

Also read: അസമാധാനം വിതയ്ക്കുന്ന സമാധാന കരാർ

ദഹ് ലാന്‍ പ്ലാന്‍

കരാറിനെതിരെ വന്നേക്കാവുന്ന പ്രതികരണങ്ങളെ യുഎഇയും ഇസ്രയേലും മുന്‍കൂട്ടിത്തന്നെ കണ്ടിട്ടുണ്ടായിരുന്നു. നാടുകടത്തപ്പെട്ട ഫലസ്ഥീന്‍ നേതാവ് മുഹമ്മദ് ദഹ് ലാനെയോ അദ്ദേഹത്തിന്‍റെ പ്രതിനിധികളെയോ പ്രസിഡന്‍റ് പദത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനായിരുന്നു അവരുടെ നീക്കം. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗൂഢ ആസൂത്രണത്തെ ഞാന്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. യുഎഇ, ജോര്‍ദാന്‍, ഈജിപ്ത് എന്നിവര്‍ തമ്മിലുള്ള രഹസ്യ ചര്‍ച്ചകള്‍ സംഗ്രഹിക്കുന്ന ഒരു രേഖയില്‍ ബ്ലാക്ക് ആന്‍റ് വൈറ്റ് നിറത്തില്‍ അത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. മാത്രമല്ല, ‘അറബ് രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രയേലുമായി നടത്തുന്ന സമാധാന ഉടമ്പടിക്ക് ദഹ് ലാന്‍റെ തിരിച്ചുവരവുമായുള്ള ബന്ധവും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അബൂദാബിയിലേക്ക് നാടുകടത്തപ്പെട്ട ദഹ് ലാന്‍ കരാറിനെക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. പക്ഷെ, ഫതഹുമായി കലഹത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ ഡെമോക്രാറ്റിക്ക് റിഫോം മൂവ്മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്: ‘അധിനവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കയ്യേറ്റങ്ങളെ മരവിപ്പിക്കാനുള്ള തീരുമാനം കൈകൊള്ളുന്ന അമേരിക്കന്‍-എമിറേറ്റ്-ഇസ്രയേല്‍ കരാറിനെ വളരെ താല്‍പര്യപൂര്‍വ്വമാണ് പിന്തുണക്കുന്നത്.
അതിന്‍റെ അനന്തര ഫലമെന്നോണം റാമല്ലയില്‍ ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും ബിന്‍ സായിദിന്‍റെയും ചിത്രത്തോടൊപ്പം ദഹ് ലാന്‍റെ ചിത്രവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മുന്‍കാലങ്ങളില്‍ ഹമാസിനെയും ഫതഹിനെയും തമ്മിലടിപ്പിക്കാന്‍ ശക്തമായ കളികള്‍ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഗാസയിലെ ഹമാസ് നേതാവായ യഹ് യ സിന്‍വാറുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഹമാസും ദഹ് ലാനും തമ്മില്‍ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമമുണ്ടെന്ന സംസാരം ഉയര്‍ന്നിരുന്നു. സിന്‍വാറും ദഹ് ലാനും മുന്‍ സഹപാഠികളാണ്. കയ്റോയില്‍ വെച്ചാണ് രണ്ട് പേരും രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്.

ഗാസയിലെ വിവാഹ ചെലവ് ഏറ്റെടുക്കല്‍, ബലാറ്റ ക്യാമ്പില്‍ സൈനികരെയും സഹായികളെയും സജ്ജമാക്കല്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ മുന്‍കാല പ്രവര്‍ത്തികളെല്ലാം ഇപ്പോള്‍ എടുത്തെറിയപ്പെട്ടിട്ടുണ്ട്. ഈ കരാറിനെ ദൃഢനിശ്ചയത്തോടെയാണ് ദഹ് ലാന്‍ അഭിമുഖീകരിച്ചിട്ടുള്ളതെങ്കിലും ഫലസ്ഥീനികളുടെ ആര്‍ജ്ജവം ഇനിയും ചോര്‍ന്നിട്ടില്ലെന്നത് അദ്ദേഹം മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ്.

Also read: മാധവിക്കുട്ടി കമല സുറയ്യയായി മാറിയതെന്തിന്?

അറബ് ലോകത്ത് ജനാധിപത്യം സാധ്യമാക്കുന്നതിനായുള്ള അറബ് വസന്തത്തിന്‍റെ ആവശ്യകതയും പരമാധികാരത്തിനായുള്ള ഫലസ്ഥീനികളുടെ ആവശ്യകതയും ഒന്നു തന്നെയാണെന്ന് പൊതുവെ അറബ് ലോകം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് ഈ കരാര്‍ കൊണ്ട് ഉണ്ടായ ഒരു നേട്ടം. അവര്‍ക്കെല്ലാം പൊതു ശത്രുക്കള്‍ തന്നെയാണുള്ളത്. മധ്യകാല അറബ് സ്വേച്ഛാധിപതികളെക്കാളും ക്രൂരവും പൈശാചികവുമായ രീതിയിലാണ് അറബ് നേതാക്കള്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നത്. അധികാരികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തുന്നുവെന്ന കേവല കാരണം മതി അവര്‍ക്ക് ക്രൂരമായ മനുഷ്യ വേട്ട നടത്താന്‍. അതിനൊത്ത സൈനികവും സാമ്പത്തികവുമായ ശക്തി അവര്‍ക്കുണ്ടെന്ന അഹംഭാവമാണ് അവരുടേത്.

യുഎഇയുടെ അംഗീകാരം ഇസ്രയേലിനെ സമ്പന്നമാക്കുമെന്ന് കരാര്‍ പ്രഖ്യാപിച്ച ഉടനെ നെതന്യാഹു പ്രസ്താവിച്ചത് അതിശയോക്തിയായി കാണാനാകില്ല. ‘നമ്മുടെ പ്രാദേശികമായ സമ്പദ് വ്യവസ്ഥക്കും രാജ്യത്തിന്‍റെ അഭിവൃദ്ധിക്കും ഭാവിക്കും ഈ ബന്ധം വളരെ അനിവാര്യമാണെന്നായിരുന്നു നെതന്യാഹു വ്യഴായ്ച്ച രാത്രി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. ഇസ്രയേലിന്‍റെ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്ന തരത്തില്‍ യുഎഇ നിക്ഷേപങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറയുന്നു. തികച്ചും യാഥാര്‍ത്ഥ്യമാണത്. സമ്പത്ത് ആവശ്യമായി വരുന്ന ജോര്‍ദാനിലും ഈജിപ്തിലും പണം നിക്ഷേപിക്കുന്നതിന് പകരം ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങള്‍ ഇസ്രയേലില്‍ നിക്ഷേപം ആരംഭിക്കും. ഹൈ-ടെക് സമ്പദ് വ്യവസ്ഥകള്‍ക്ക് തുല്യമാണിത്.

Also read: പ്ലാസ്മ തെറാപ്പി: പ്രതീക്ഷയുടെ പൊൻകിരണം

ജനകീയ ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തി അറബ് ജനാധിപത്യത്തെ മാത്രമല്ല ബിന്‍ സായിദ് അവഹേളിച്ചത്, എല്ലാത്തിനുമുപരിയായി ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ സ്വന്തം ജനതയെ തന്നെയാണ് ഈ കരാറിലൂടെ അദ്ദേഹം പരസ്യമായി അവഹേളിച്ചത്. എണ്ണാനന്തര സമ്പദ്വ്യവസ്ഥയുടെ ആലോചനകളില്‍ അദ്ദേഹം കുരുങ്ങിപ്പോയിട്ടുണ്ട്.
ഈജിപ്തുമായും ജോര്‍ദാനുമായും ഉണ്ടാക്കിയ ഉടമ്പടിയേക്കാള്‍ വേഗത്തില്‍ മണലില്‍ എഴുതിയത് പോലെ ഈ മങ്ങിയ കാഴ്ചപ്പാടും പരാജയപ്പെടും. കൂടുതല്‍ ഏറ്റുമുട്ടലുകളിലേക്കും സംഘര്‍ഷത്തിലേക്കുമാണ് ഇതെല്ലാം ചെന്നെത്തുക.
അറബ് ലോകത്തെ സ്വേച്ഛാധിപത്യ പ്രക്ഷുബ്ധതയുടെ വെറും കാഴ്ചക്കാരായി മാത്രം ഇസ്രയേല്‍ നേതാക്കള്‍ക്ക് നില്‍ക്കാമെങ്കിലും ജൂത രാഷ്ട്രത്തിന് ചുറ്റുമുള്ള സ്വേച്ഛാധിപത്യത്തെ നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് അവരുടെ കൂടി ആവശ്യമാണ്. കാരണം, തങ്ങളെക്കാള്‍ അതിശക്തരായ അറബ് രാജ്യങ്ങള്‍ക്ക് കീഴൊതുങ്ങി അവരുടെ ആക്രമണങ്ങളുടെ ഇരകളായി നില്‍ക്കാന്‍ ഇസ്രയേലിന് ഒരിക്കലുമാകില്ല. യുഎഇ-ഇസ്രയേല്‍ കരാര്‍ ഇന്നൊരു വിര്‍ച്വല്‍ റിയാലിറ്റിയാണ്. ഫലസ്ഥീനില്‍ മാത്രമല്ല, അറബ് ലോകത്തുടനീളം ശക്തി പ്രാപിക്കുന്ന ജനകീയ വിപ്ലവമായിരിക്കും ഒരുപക്ഷെ ഈ കരാറിനെ തുടച്ചു നീക്കുന്നത്. ആ പ്രക്ഷോഭം എപ്പഴോ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles