Current Date

Search
Close this search box.
Search
Close this search box.

കാമ്പസുകളിൽ ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്ന വിധം

ഒന്നിലധികം നിർവചനങ്ങൾക്ക് സാധ്യതയുള്ള അല്ലെങ്കിൽ പല തരത്തിലുള്ള നിർവചനങ്ങൾ തേടുന്ന ഒരു വ്യവഹാരമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാമിനും മുസ്‌ലിമിനും മേൽ പലതരത്തിലുമുള്ള അധീശത്വം സ്ഥാപിക്കാൻ ഇസ്‍ലാമോഫോബിയയുടെ വ്യത്യസ്തങ്ങളായ രൂപങ്ങൾക്ക് കഴിയുന്നു എന്നത് അനുഭവയാഥാർഥ്യമാണ്. ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമോഫോബിയയുടെ കേരള പശ്ചാത്തലം എന്താണ്? എങ്ങിനെയാണ് കേരളത്തിൽ ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നത്? എന്താണ് അതിന്റെ ചരിത്രം? ഇങ്ങനെ തുടങ്ങി കേരളത്തിലെ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സമുദായം, ജാതി, ദേശീയത, ഭരണകൂടം, മതം, സാമ്പത്തികം, ലിംഗം തുടങ്ങി ഒട്ടനവധി ചോദ്യങ്ങളിലും അതിന്റെ ഉത്തരങ്ങളിലും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ  മണ്ഡലത്തിൽ വേരോടിയിട്ടുള്ള മുസ്‌ലിം വിരുദ്ധതയുടെ ആഴം മനസ്സിലാക്കാൻ കഴിയും. 

ഇസ്‌ലാമോഫോബിയ എന്ന വ്യവഹാരം വ്യത്യസ്ത തലങ്ങളിൽ നിലനിൽക്കുമ്പോഴും മുസ്‌ലിം വിദ്യാർത്ഥി ജീവിത പരിസരമായി ബന്ധപ്പെട്ട് കാമ്പസുകളിൽ എങ്ങനെയാണ് ഇസ്‌ലാമോഫോബിയ പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന പുസ്തകമാണ് കാമ്പസ് ഇസ്‌ലാമോഫോബിയ 2023 വാർഷിക റിപ്പോർട്ട്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വ്യത്യസ്തമായി മുസ്‌ലിം വിദ്യാർത്ഥി എന്ന നിലയിൽ വലിയ മുന്നേറ്റങ്ങൾ സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയെ വിലയിരുത്തുമ്പോൾ ജനസംഖ്യാനുപാതികമായി പോലും വിദ്യാഭ്യാസ പങ്കാളിത്തം ഇല്ലാത്ത സാമൂഹിക വിഭാഗമായിരുന്നു കേരളത്തിലെ മുസ്‌ലിംകൾ പ്രത്യേകിച്ച് മലബാർ മുസ്‌ലിംകൾ എന്ന് പുസ്തകം നിരീക്ഷിക്കുന്നു. മലബാർ മേഖലകളിലുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ തുടങ്ങിയവ മറ്റു ജില്ലകളെ അപേക്ഷിച്ച് എത്രത്തോളമുണ്ട് എന്ന ചോദ്യം കാലങ്ങളോളം ഉന്നയിക്കപ്പെടുന്ന ഒന്നാണ്. ജനസംഖ്യാനുപാതികമായി തന്നെ കണക്കെടുത്താൽ ഒരുപാട് അന്തരം അതിൽ അനുഭവപ്പെടും. 

മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഇപ്പോഴും പിന്നാക്കമാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ഗൾഫ് കുടിയേറ്റ ശേഷമുള്ള മുസ്‌ലിം ജീവിത സാഹചര്യവും സാമൂദായിക ശാക്തീകരണവുമാണ് യഥാർത്ഥത്തിൽ മലബാർ മേഖലകളിൽ മുസ്‌ലിം മാനേജ്മെൻ്റിന് കീഴിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയരുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്. അതിലൂടെ തന്നെ വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മുന്നോട്ടുപോകുവാൻ മുസ്‌ലിം വിദ്യാർഥികൾക്ക് സാധിച്ചിട്ടുമുണ്ട്. മലബാർ മേഖലയിൽ നിരന്തരം അനുഭവപ്പെടുന്ന ഈ പ്രതിസന്ധി യഥാർത്ഥത്തിൽ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി തന്നെയാണ് നിലനിൽക്കുന്നത്. 

കേരളത്തിൽ നടന്നിട്ടുള്ള മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി സ്വയംപ്രയത്നത്തിന്റെ ഫലമാണ്. പക്ഷേ രാജ്യമാകമാനമുള്ള മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് അത് ഇരയായിട്ടുണ്ട് എന്നുള്ളത് മറച്ചുവെക്കാനാകാത്ത വസ്തുതയാണ്. മലബാറിലെ വിദ്യാർത്ഥികൾ കോപ്പിയടിച്ചാണ് പത്താം ക്ലാസ് പരീക്ഷ പാസാകുന്നത് എന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ്. മുസ്‌ലിം സംഘടനകളെ കേന്ദ്ര സർവകലാശാലകളിലേക്ക് കേരളത്തിൽനിന്ന് വ്യാപകമായി റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ട് എന്ന് കേരളത്തിലെ മുസ്‌ലിം സംഘടനകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് പ്രസ്താവന നടത്തിയത് ഇടതുപക്ഷ ബുദ്ധിജീവിയായ എളമരം കരീം ആണ്. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് മുസ്‌ലിം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇതര മതസ്ഥരായ വിദ്യാർത്ഥികളെ മതം മാറ്റാൻ ശ്രമിക്കുന്നു എന്നും രാജ്യ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. 

വിദ്യാഭ്യാസപരമായി മുസ്‌ലിം സമുദായം കേരളത്തിൽ ഒരുപാട് മുന്നേറിയിട്ടും മലയാള സിനിമകൾ അപരിഷ്കൃതനായ മുസ്‌ലിമിനെയാണ് കാലങ്ങളോളം ചിത്രീകരിച്ചിരുന്നത്. മാത്രമല്ല ഈ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയെ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അടയാളമായി കൂടിയുയാണ് അവതരിപ്പിച്ചത്. തലാൽ അസദിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ് എന്ന് തോന്നുന്നു. ലിബറൽ ജനാധിപത്യത്തിൽ അതിന്റെ മുഖമുദ്രയായി കരുതപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യം, എങ്ങനെയാണ് മതത്തിന് മുകളിലുള്ള ആധിപത്യ സ്ഥാപനത്തിന്റെ ഭാഗമായി മാറുന്നത് എന്ന് അസദ് നിരീക്ഷിക്കുന്നുണ്ട്. 

ഈ ആധിപത്യ സ്ഥാപന മനോഭാവം കാർട്ടൂൺ രചന, സിനിമാ ചിത്രീകരണം, സീരിയൽ തുടങ്ങിയ വ്യവഹാരങ്ങളിലൂടെ ആഗോളവ്യാപകമായി തന്നെ നിലനിൽക്കുന്ന യാഥാർഥ്യമാണ്. ഇത്തരം ആവിഷ്‌കാരങ്ങളുടെ സ്വാധീനം സംഘപരിവാർ ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത് ബാബരി മസ്ജിദ് തകർക്കുന്നതിന് മാസങ്ങൾ മുമ്പ് തന്നെ ദൂരദർശൻ ചാനലിൽ ശ്രീ രാമനെ കുറിച്ചുള്ള സീരിയൽ സംപ്രേഷണം ചെയ്തിരുന്നു എന്നും ഇത് ജനങ്ങളിൽ വലിയ തരത്തിൽ സ്വാധീനം ചെയ്യപ്പെട്ടു എന്നും നിരീക്ഷണമുണ്ട്. 

മുസ്‌ലിം സ്വത്വം, രാഷ്ട്രീയം, ഇടപാടുകൾ എന്നിവ കാമ്പസുകൾക്കുള്ളിൽ പലപ്പോഴും പ്രശ്നവൽകരിക്കപ്പെടുന്ന ഒന്നാണ്. കേരളത്തിലെ കാമ്പസുകളിൽ ഏകാധിപത്യ മനോഭാവം വെച്ചു പുലർത്തുകയും പതിറ്റാണ്ടുകളോളം കാമ്പസുകൾ ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ക്യാമ്പസിനുള്ളിൽ ഇസ്‌ലാമോഫോബിയയുടെ നിർമാതാക്കളും പ്രചാരകരമാണ്. ന്യൂനപക്ഷ സംരക്ഷകൻ എന്ന എന്ന പേരിൽ പ്രച്ഛന്നവേഷം കെട്ടുന്ന കേരളത്തിലെ ഇടതുപക്ഷം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ ഇസ്‌ലാമോഫോബിയയുടെ വക്താക്കളും ഗുണഭോക്താക്കളുമാണ്. അതിൻ്റെ തുടർച്ചയിലാണ് കാമ്പസുകളിലെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ നിരീക്ഷിക്കാൻ കഴിയുക. 

മുസ്‌ലിം വിദ്യാർത്ഥി പ്രശ്നങ്ങൾക്ക് കാമ്പസുകളിൽ എത്രത്തോളം ദൃശ്യതയുണ്ടായിട്ടുണ്ട് എന്ന അന്വേഷണം പ്രസക്തമാണ്. ദേശീയവും അന്തർദേശീയമായ വിഷയങ്ങളെ ക്യാമ്പസുകളിൽ പരിചയപ്പെടുത്തിയതും മുസ്‌ലിം വിദ്യാർത്ഥി സംഘടനകൾ ആണ്. ബീഫിനെ ചൊല്ലി ഇന്ത്യയിൽ ഉടലെടുത്തിട്ടുള്ള പ്രശ്നങ്ങളും അക്രമങ്ങളും മത സാമുദായിക വിഷയം എന്നതിനപ്പുറം കേവലം ഭക്ഷണം സ്വാതന്ത്ര്യം എന്ന നിലയിൽ ചുരുക്കാൻ ആണ് പലപ്പോഴും കാമ്പസുകളിൽ നടന്നിട്ടുള്ള ബീഫ് ഫെസ്റ്റിവലുകളിലൂടെ ശ്രമിച്ചിട്ടുള്ളത്. എന്നാൽ അതിൽ നടന്നിട്ടുള്ള കൗണ്ടർ നരേറ്റീ വുകളെ വർഗീയതയുടെ ലേബലിൽ കെട്ടിയാണ് തടഞ്ഞത്. 

മുസ്‌ലിം വിദ്യാർത്ഥിനിയുടെ വസ്ത്രധാരണം, വിശിഷ്യ  അവരുടെ ഹിജാബ് കാമ്പസിനുള്ളിൽ പ്രത്യേകിച്ച് 9/11 ന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ എന്നും പ്രശ്നവൽക്കരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. കാമ്പസിനുള്ളിൽ ഏകാധിപത്യ സ്വഭാവങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ മുസ്‌ലിം-കീഴാള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഉയർത്തിയിട്ടുള്ള മുദ്രാവാക്യങ്ങളും രാഷ്ട്രീയ പദാവലികളും ഇസ്‌ലാമോഫോബിയയുടെ പ്രചരണോപാധികളായി മാറ്റിമറിക്കുകയാണ് ഇതര വിദ്യാർത്ഥി സംഘടനകൾ ചെയ്തിട്ടുള്ളത്. 2022 ൽ കോഴിക്കോട് ജില്ലയിലെ പ്രൊവിഡൻസ് സ്കൂളിൽ ഹിജാബ് ധരിച്ചു വന്ന വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. 2023 ജൂണിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ തങ്ങൾക്ക് ഓപ്പറേഷൻ റൂം അടക്കമുള്ള സ്ഥലങ്ങളിൽ മതവിശ്വാസപ്രകാരം തല മറക്കാനുള്ള സംവിധാനം വേണമെന്നും അതിനായി മെഡിക്കൽ വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളിൽ നിന്ന് അതിനു ഉപകരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതും വലിയ രീതിയിൽ വിവാദമാവുകയും മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് അക്കംകൂട്ടുകയും പുതിയ മാനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 

ഏതുതരം വസ്ത്രധാരണം എന്നുള്ളത് മൗലികാവകാശമായി നിലനിൽക്കെ മതപരമായ അവകാശങ്ങൾക്ക് വേണ്ടി ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അവിടെ അവരുടെ വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെടുന്ന രീതിയിലുള്ള സാഹചര്യങ്ങളാണ് പിന്നീട് സംഭവിക്കുന്നതും ചോദ്യങ്ങൾ ഉയരുന്നതും.  കോട്ടയം ജില്ലയിലെ അമൽജ്യോതി എൻജിനീയറിങ് കോളേജിൽ ശ്രദ്ധ സതീഷ് എന്ന 20 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യയും മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് വഴിതെളിച്ചിരുന്നു. വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ സമരപ്രക്ഷോഭങ്ങളിൽ ഉണ്ടായിരുന്ന മുസ്‌ലിം വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ചൂണ്ടിയാണ് അത്തരത്തിലുള്ള പ്രചരണങ്ങൾ നടത്തിയത്. തുടങ്ങി ഒരു വർഷത്തിന്റെ ആദ്യാവസാനം കേരളത്തിലെ കാമ്പസുകളിൽ നടന്നിട്ടുള്ള ഇസ്‌ലാമോഫോബിയയുടെ അവലോകനമാണ് ഈ പുസ്തകം. കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജിൽ ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് സിനിമ സംവിധായകനായ ജിയോ ബേബിയെ ക്ഷണിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തത് വർഷാവസാനം കേരളത്തിലെ സംസ്കാരിക മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. 

അങ്ങനെ വ്യത്യസ്ത സംഭവങ്ങളുടെ ഉത്ഭവവും അതിന്റെ പരിണാമവും എന്നാൽ അതിന്റെ യാഥാർത്ഥ്യവും കൃത്യമായി തന്നെ ചർച്ച ചെയ്യുന്നതും കേരളത്തിലെ കാമ്പസുകളിലെ ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനം സവിശേഷമായി ഉൾക്കൊള്ളിച്ചതുമായ പുസ്തകമാണ് ഇത്. ഇസ്‌ലാമോഫോബിയ പഠന മേഖലയിൽ കാര്യമായ പ്രസിദ്ധീകരണങ്ങൾ ഇല്ലാത്ത മലയാള ഭാഷയിൽ ഒരു റഫറൻസ് ഗ്രന്ഥമായി കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് ഇതിലെ ക്രോഡീകരണങ്ങളും അവലോകനങ്ങളും നടന്നിട്ടുള്ളത്. അഡ്വ. മുഹമ്മദ് റാഷിദ് എഡിറ്റ് ചെയ്ത ഈ പുസ്തകം കാമ്പസ് ലൈവ് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Related Articles