Current Date

Search
Close this search box.
Search
Close this search box.

മാധവിക്കുട്ടി കമല സുറയ്യയായി മാറിയതെന്തിന്?

ലോകപ്രശസ്തയായ കേരളത്തിൻറെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാദാസ് താൻ ഇസ്ലാം സ്വീകരിച്ച് കമലാ സുറയ്യയായി മാറിയതിനെ സംബന്ധിച്ച് പറയുന്നു:” മതം മാറ്റമാണോ? മനം മാറ്റമാണ് നടന്നത്. തിന്മയിൽ നിന്ന് നന്മയിലേക്കുള്ള യാത്ര. പാപത്തിൽ നിന്ന് പുണ്യത്തിലേക്കുള്ള സഞ്ചാരം. വർഷങ്ങളായി എന്നെ അലട്ടുന്ന വേദനയിൽ നിന്നും ദുഃഖത്തിൽ നിന്നുമുള്ള മോചനം. സാന്ത്വനത്തിൻറെ കുളിർകാറ്റു മോഹിച്ച എൻറെ ഹൃദയം ഇന്ന് ശാന്തമാണ്. അതാണ് ഇത്രയും കാലം ഞാൻ തേടിയത്. ഇസ്ലാം ആയതോടെ ഞാൻ നേടിയതും ഇതുതന്നെ.

ഇത് പുതുജന്മം. പഴയതിനെ ഞാൻ പൂർണമായും ഉപേക്ഷിച്ചു. പാപപങ്കിലമായ, കാപട്യം നിറഞ്ഞ, അഹങ്കാരം തുളുമ്പുന്ന ജീവിതമായിരുന്നു ആദ്യത്തേത്. അതെല്ലാം വലിച്ചെറിഞ്ഞ് നന്മയുടെ, സ്നേഹത്തിൻറെ, അല്ലാഹുവിൻറെ പാതയിലാണ് ഞാനിന്ന്. മനസ്സിനിപ്പോൾ അടക്കാനാവാത്ത സന്തോഷവും സമാധാനവും. തെറ്റുകളെല്ലാം പൊറുത്തു തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു…

ഒരു സുപ്രഭാതത്തിൽ എടുത്തുചാടി മതം മാറിയതല്ല. വർഷങ്ങളായി ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. 1972 ലും 84 ലും 89 ലും ഭർത്താവ് ദാസേട്ടനോട് ഇസ്ലാം ആശ്ലേഷണത്തെക്കുറിച്ച് പറഞ്ഞു. അപ്പോഴെല്ലാം പല കാരണങ്ങളാൽ അത് നടന്നില്ല. എന്നാൽ, ഇപ്പോൾ സമയമായി. ഇനി എനിക്ക് കാത്തിരിക്കാൻ വയ്യ..

കൽക്കത്തയിലെ രണ്ട് മുസ്ലിം കുട്ടികളെ ഞാൻ ദത്തെടുത്തു. ഇർഷാദും ഇംതിയാസും. അടുത്തൊന്നും മദ്രസ ഇല്ലാത്തതിനാൽ ഞാൻ തന്നെയാണ് അവരെ ഇസ്‌ലാമിക വിഷയങ്ങൾ പഠിപ്പിച്ചത്. അന്നുമുതൽ തുടങ്ങിയതാണ് ഇസ്ലാമിക വിശ്വാസങ്ങളും ആ ഫിലോസഫിയുമായുള്ള ബന്ധവും.”
(ശശികുമാർ ചേളന്നൂരമായുള്ള സംഭാഷണം. ഉദ്ധരണം: കമലാ സുറയ്യ: സഫലമായ സ്നേഹാന്വേഷണം. പുറം: 112,113)

Also read: കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണം: മകൻറെ വാക്കുകളിൽ

അവർ തന്നെ തുടരുന്നു:”ഇസ്ലാം സ്നേഹത്തിൻറെ മതമാണ്. ഒരു മതത്തിനും എതിരല്ല. കാണാതെ, അറിയാതെ, ദൂരെനിന്ന് വിമർശിക്കുന്നവരാണേറെയും. എന്നാൽ അടുത്തു നോക്കൂ. അടുക്കുന്തോറും കൂടുതൽ അടുക്കാനുള്ള അഭിനിവേശം. അറിയുന്തോറും പിന്നെയും അറിയാനുള്ള അടങ്ങാത്ത ദാഹം. ഇസ്ലാമിനെ അടുത്തറിഞ്ഞാൽ പിന്നെ നിങ്ങൾ വിമർശിക്കുകയില്ല. മാനവരാശിയുടെ മഹത്തായ സന്ദേശമാണ് വിശുദ്ധ ഖുർആൻ. (പുറം: 115)
“എൻറെ മതംമാറ്റത്തിന് നല്ല അർത്ഥമുണ്ട്. ജീവിതത്തിന് നല്ല അർത്ഥം കൊടുക്ക്ണ്താ അത്. അതിനെപ്പറ്റി ഒരിക്കലും ഒരു പശ്ചാത്താപൂല്ല. ഭാഗ്യം, ഭാഗ്യമാണ്. കടലില് തോണി മുങ്ങാൻ നേരത്ത് കര കാണ്ന്ന മാതിരി. ആ തോണി മുങ്ങിപ്പോവുംന്ന് വിചാരിച്ചു. ഒരു നില കിട്ടിയത് ഇസ്ലാമിലാണ്.(എം. എൻ. കാരശ്ശേരിയുമായുള്ള സംഭാഷണം. ഭാഷാപോഷിണി വാർഷിക പതിപ്പ് 2002)

Related Articles