Current Date

Search
Close this search box.
Search
Close this search box.

യു.എസ് രാഷ്ട്രീയം, ഇസ്രായേല്‍ പിന്തുണ: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ പറയുന്നതെന്ത് ?

ഗസ്സ വിഷയം കേന്ദ്രീകരിച്ചുള്ള അമേരിക്കയിലെ ക്യാമ്പസ് പ്രതിഷേധങ്ങള്‍ ഇസ്രായേലിനോടുള്ള നിലപാടില്‍ പുതിയ വിദ്യാര്‍ഥി തലമുറകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നതയെയാണ് ഉയര്‍ത്തിക്കാട്ടിയത്.
വിഷയത്തില്‍ രാജ്യവ്യാപകമായി രാഷ്ട്രീയക്കാരെയും കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍മാരെയും വിദ്യാര്‍ത്ഥികള്‍ വെല്ലുവിളിക്കുകയാണ്. പൊതുവെ പുതിയ തലമുറ അവര്‍ക്ക് മുമ്പുള്ള തലമുറകളേക്കാള്‍ കൂടുതലായി ഫലസ്തീനെ പിന്തുണയ്ക്കുന്ന ചെറുപ്പക്കാരാണ്. ഇത് 81 കാരനായ ഡെമോക്രാറ്റിക് പ്രസിഡന്റായ ജോ ബൈഡന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് അപകടസാധ്യത സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ വാദിക്കുന്നു. അമേരിക്കയുമായി ഇസ്രായേല്‍ ആസ്വദിക്കുന്ന ഉഭയകക്ഷി ബന്ധത്തിനും ഇത് ഭീഷണി സൃഷ്ടിക്കും.

‘ഇസ്രായേല്‍ വിഷയത്തില്‍ ഒരു തലമുറയുടെ വിടവിന്റെ തെളിവുകള്‍ ഇതിനകം തന്നെ ഞങ്ങള്‍ കാണുന്നു, അത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ദീര്‍ഘകാല പ്രശ്നമായി മാറം’ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഒമര്‍ വാസോ പറഞ്ഞു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞയാഴ്ചയാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ക്യാമ്പ് സ്ഥാപിച്ചത്. പ്രതിഷേധം പിരിച്ചുവിടാന്‍ കോളേജ് ഭരണകൂടം പോലീസിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് അച്ചടക്ക നടപടികള്‍ക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്. ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും, യുഎസിലും മറ്റ് രാജ്യങ്ങളിലും സമാനമായ പ്രതിഷേധ ക്യാമ്പുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെയും പ്രൊഫസര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും വിവിധ കാമ്പസുകളില്‍ ഉദ്യോഗസ്ഥര്‍ അക്രമാസക്തമായി തടങ്കലില്‍ വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധത്തിന്റെ തീവ്രത കുറയ്ക്കാന്‍ ആയില്ല. അത് തുടര്‍ന്നും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇസ്രായേലിനും ഇസ്രായേലി സൈന്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ എന്തെങ്കിലും ഫണ്ടുകളോ നിക്ഷേപമോ നല്‍കിവരുന്നുണ്ടെങ്കിലോ ആയുധ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന ഫണ്ടും പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനമായും ആവശ്യപ്പെടുന്നു.

യുഎസിലെ രണ്ട് പ്രധാന പാര്‍ട്ടികളിലെയും, വൈറ്റ് ഹൗസിലെയും ഇസ്രായേല്‍ അനുകൂല ഗ്രൂപ്പുകളിലെയും രാഷ്ട്രീയക്കാര്‍ പ്രധാനമായും വിദ്യാര്‍ത്ഥികള്‍ യഹൂദ വിരുദ്ധത വളര്‍ത്തുന്നുവെന്ന് ആരോപിച്ചു. എന്നാല്‍ ഇത് പ്രതിഷേധക്കാര്‍ ശക്തമായി നിഷേധിക്കുന്ന ആരോപണങ്ങളാണ്.

യു.എസിലെ ആഭ്യന്തര, വിദേശ നയ പ്രശ്നങ്ങളിലെ നിലവിലെ അവസ്ഥയില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ നിരാശരാണെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഇമാന്‍ അബ്ദുല്‍ഹാദി പറഞ്ഞു. ‘മുന്‍ തലമുറയോട് യഥാര്‍ത്ഥത്തില്‍ അതൃപ്തി ഉണ്ടെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അതിലും പ്രധാനമായി അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വ്യവസ്ഥയോടാണുള്ളത്.” അബ്ദുല്‍ഹാദി പറഞ്ഞു. പ്രതിഷേധങ്ങള്‍ യു.എസിലെ പൊതുജനാഭിപ്രായത്തില്‍ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അമേരിക്കന്‍ ചരിത്രത്തില്‍ പൊതുവെ, പൊതുജനാഭിപ്രായത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് വലിയ വിദ്യാര്‍ത്ഥി സമരങ്ങള്‍ കാരണമാകുന്നു,’ അബ്ദുല്‍ഹാദി അല്‍ ജസീറയോട് പറഞ്ഞു. കാമ്പസ് ആക്ടിവിസമാണ് രാഷ്ട്രീയ മാറ്റത്തിന്റെ അടിസ്ഥാനമെന്നും ഇത് രാജ്യത്തിന്റെ ഭാവിയാണെന്ന് ഒരുതരം ധാരണയുണ്ടെന്നും അവര്‍ പറഞ്ഞു.

ബൈഡന്റെ ദുര്‍ഗതി

യുഎസിലെ പൊതുജനാഭിപ്രായ വോട്ടെടുപ്പുകള്‍ വര്‍ഷങ്ങളായി സൂചന നല്‍കുന്നത് ചെറുപ്പക്കാര്‍ ഫലസ്തീനികളോട് അനുഭാവമുള്ളവരും ഇസ്രായേലിനെ വിമര്‍ശിക്കുന്നവരുമാണെന്നാണ്.
എന്നാല്‍ ഗസ്സസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഉള്‍പ്പെടെ ഫലസ്തീനികളെ ഇസ്രായേല്‍ കൈകാര്യം ചെയ്യുന്നതിനെ അമേരിക്കന്‍ ജനത കൂടുതലും വിമര്‍ശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 7-ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേല്‍ 34,000-ലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഉപരോധ മുനമ്പില്‍ സ്ഥിരമായ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുന്നവരാണ് അമേരിക്കന്‍ ജനതയുടെ ഭൂരിപക്ഷവും എന്ന് ഒന്നിലധികം വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, യുദ്ധത്തിനിടയില്‍ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട പശ്ചിമേഷ്യന്‍ സഖ്യകക്ഷിയായ ഇസ്രായേലിന് ബൈഡന്‍ ഉറച്ച പിന്തുണ നല്‍കി. തന്റെ റിപ്പബ്ലിക്കന്‍ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നവംബറിലെ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വീണ്ടും തിരഞ്ഞെടുപ്പ് ഏറ്റുമുട്ടല്‍ നേരിടുന്നതിനാല്‍ 81 കാരനായ പ്രസിഡന്റിന്റെ നിലപാട് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടി വരും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെപ്പോലെ ഇസ്രായേലിനെ പിന്തുണയ്ക്കുന്നതില്‍ ഐക്യമില്ലാത്തതിനാല്‍ ബൈഡന് തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടിത്തറയിലേക്ക് കൂടുതല്‍ അഭ്യര്‍ത്ഥന വേണ്ടിവരുമെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേലിലെ തലമുറകളുടെ ജനറേഷന്‍ ഗ്യാപ് പ്രത്യേകിച്ചും ഡെമോക്രാറ്റുക്കാര്‍ക്കിടയില്‍ പ്രകടമാണെന്നും അമേരിക്കന്‍ വിദ്യാര്‍ത്ഥി ആക്ടിവിസത്തിന്റെ ചരിത്രകാരനായ ആംഗസ് ജോണ്‍സ്റ്റണ്‍ വിശദീകരിച്ചു.

നയം മാറ്റം

എന്നിരുന്നാലും, വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ യു.എസിന്റെ പക്ഷപാത രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. പകരം ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ മുറവിളികള്‍ സഹായിക്കുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. അതിനാല്‍, യു.എസ് നയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇത്തരം പ്രതിഷേധങ്ങള്‍ സഹായിക്കുമോ?

അമേരിക്കന്‍ കോളേജുകള്‍ ഹ്രസ്വകാലത്തേക്ക് വലിയ സ്ഥാപനങ്ങളില്‍ നിന്നും പ്രതിരോധ വ്യവസായത്തില്‍ നിന്നും പിന്മാറാന്‍ സാധ്യതയില്ലെന്ന് ചരിത്രകാരന്‍ ജോണ്‍സ്റ്റണ്‍ പറഞ്ഞു, എന്നാല്‍ അവരുടെ നിക്ഷേപങ്ങളില്‍ സുതാര്യത വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റം സാധ്യമാണെങ്കിലും അത് ഒറ്റരാത്രികൊണ്ട് മാറ്റം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വിദ്യാര്‍ത്ഥി സംഘടനകള്‍ നയം മാറ്റുന്നത് ഞങ്ങള്‍ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലായ്പ്പോഴും അത് വേഗത്തിലല്ല, എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്ന രീതിയിലുമല്ല,’ ജോണ്‍സ്റ്റണ്‍ പറഞ്ഞു.

‘എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ഒരു നിശ്ചിത തലത്തിലേക്ക് ഉയരുമ്പോള്‍, അത് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് ഞങ്ങള്‍ കാണുന്നു. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരായ കോളേജ് ആക്ടിവിസം 1950-കളില്‍ ആരംഭിച്ചത് വര്‍ഷങ്ങളായി വളര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. ‘ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തെക്കുറിച്ചുള്ള അമേരിക്കന്‍ ജനകീയ അഭിപ്രായത്തെയും രാഷ്ട്രീയ അഭിപ്രായത്തെയും മാറ്റിമറിച്ചതില്‍ 1980കളിലെ വര്‍ണ്ണവിവേചന വിരുദ്ധ ക്യാമ്പസ് സംഘടനകള്‍ ഒരു പ്രധാന ഭാഗമായിരുന്നു എന്നതില്‍ തര്‍ക്കമില്ലെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് പൊതുജനാഭിപ്രായം മാറ്റാനും ഒരു ന്യായത്തിനു വേണ്ടി രാഷ്ട്രീയ സഖ്യങ്ങള്‍ വളര്‍ത്താനും ഒരു പ്രശ്‌നം മുന്നോട്ട് കൊണ്ടുപോകാനുള്ള പൗരപ്രാപ്തി വളര്‍ത്തിയെടുക്കാനും കഴിയുമെന്നും 1960കളിലെ പൗരാവകാശ പ്രതിഷേധങ്ങളെ കുറിച്ച് പഠിച്ച വസോവ് പറഞ്ഞു.

‘ഇപ്പോള്‍ സംഭവിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നയപരമായ മാറ്റത്തിന് കാരണമാകില്ലെങ്കിലും ഈ പ്രശ്നങ്ങളെ പറ്റിയുള്ള ആക്ടിവിസത്തിന് പ്രേരിപ്പിക്കാനും ചിന്തിക്കാനും വികസിപ്പിച്ചെടുക്കുന്ന ഒരു തലമുറ കടന്നുവരാന്‍ കാരണമാകുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഫലമുണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Related Articles