Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

ഒരാള്‍ക്കെത്ര ഭൂമി വേണം? എന്ന തലക്കെട്ടില്‍ ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഒരു കഥയുണ്ട്. ആര്‍ക്ക് വേണമെങ്കിലും എത്ര ഭൂമിയും അളന്നെടുക്കാം എന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ടയുടന്‍ ആവശ്യക്കാര്‍ രാജാവിനെ മുഖം കാണിച്ച് തങ്ങള്‍ക്കാവശ്യമായത്ര ഭൂമി ചോദിച്ച് വാങ്ങി കൃഷി ചെയ്ത് ജീവിക്കാന്‍ തുടങ്ങി. ഇതറഞ്ഞ് രാജസദസ്സിലെത്തിയ ആര്‍ത്തി പിടിച്ച ഒരു മനുഷ്യന്‍ ഒരാള്‍ക്ക് പരമാവധി എത്ര ഭൂമി നല്‍കും? എന്ന് രാജാവിനോടന്വേഷിച്ചു. ഒരു ദിവസംകൊണ്ട് എത്ര ദൂരം ഓടിയെത്താമോ അത്രയും ഭൂമി നിനക്ക് സ്വന്തമാക്കാം എന്ന് രാജാവ് മറുപടി പറഞ്ഞു. ഒപ്പം, ഓട്ടമാരംഭിക്കേണ്ട സ്ഥലവും രാജാവ് നിര്‍ണ്ണയിച്ചുകൊടുത്തു. മറുപടി കേട്ടപ്പോള്‍ അയാള്‍ക്ക് വല്ലാത്ത സന്തോഷമായി. പരമാവധി ഭൂമി സ്വന്തമാക്കണമെന്ന ആര്‍ത്തിയോടെ അയാള്‍ ഓട്ടമാരംഭിച്ചു. ശരീരം ക്ഷീണിച്ചിട്ടും കാല്‍ കുഴഞ്ഞിട്ടും അയാള്‍ക്ക് ഓട്ടം നിര്‍ത്താന്‍ തോന്നിയില്ല, അതിവേഗം അയാള്‍ ഓടിക്കൊണ്ടിരുന്നു. വിശപ്പകറ്റാനോ ദാഹമകറ്റാനോ ഒരു നിമിഷം പോലും അയാള്‍ എവിടെയും നിന്നില്ല. ഒരടിയെങ്കില്‍ ഒരടി ഭൂമി അധികം ലഭിക്കണമെന്ന ചിന്തയായിരുന്നു അയാളുടെ മനസ്സില്‍. ഒടുവില്‍ സൂര്യന്‍ അസ്തമിക്കാന്‍ നേരം അയാള്‍ തളര്‍ന്ന് വീണു. അവിടെക്കിടന്ന് തന്നെ അയാള്‍ മരിച്ചു.

ഒടുവില്‍, ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ ആറടി താഴ്ചയുള്ള കുഴിയുണ്ടാക്കി അയാളെ മറവ് ചെയ്തു. അപ്പോള്‍ ചുറ്റും കൂടി നിന്നവരിലാരോ പറഞ്ഞത്രെ ”അതെ, മനുഷ്യന് വേണ്ടത് ആറടി മണ്ണ് മാത്രമാണ്”. ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം കൂടി നമ്മില്‍നിന്ന് കൊഴിഞ്ഞ് പോകുമ്പോള്‍ ലിയോ ടോള്‍സ്റ്റോയിയുടെ കഥക്ക് വലിയ പ്രസക്തിയുണ്ട്. സത്യത്തില്‍ നാം ഓരോരുത്തരും ഒരര്‍ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ കഥയില്‍ പരാമര്‍ശിക്കപ്പെട്ട ആര്‍ത്തിപിടിച്ച മനുഷ്യനെപ്പോലെയാണ്!

Also read: ഖലീഫ ഉമർ (റ) ഉം ചാന്ദ്രിക കലണ്ടറും

എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ ദുന്‍യാവ് കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ ചക്രവര്‍ത്തിമാരെല്ലാം അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നിട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. നൂറ് കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ പത്തിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല. വലിയ മാളികകള്‍ സ്വപ്നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന് ഉറക്കം സുഖമാവില്ല. അവിടെയാണ്, ഭൗതിക ജീവിതം ആസ്വദിക്കണമെങ്കില്‍ നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കണമെന്ന പ്രവാചക വചനം പ്രസക്തമാവുന്നത്. വീടില്ലാതെ തെരുവുകളിലും പീടികക്കോലായികളിലും കിടന്നുറങ്ങുന്നവരെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് കുടിലില്‍ കിടക്കുന്നവന് മനഃസമാധാനം ലഭിക്കുന്നത്. അപ്പോഴാണ് പടച്ചവന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് നമുക്ക് ബോധ്യമാവുന്നത്. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിനോടടുക്കാന്‍ സാധിക്കുകയുള്ളൂ.

Also read: ഹിജ്റ വിളംബരം ചെയ്യുന്നത്

പ്രവാചകര്‍(സ്വ) പറയുന്നുണ്ട്: നിങ്ങള്‍ അല്ലാഹുവിനോട് ഒരു ചാണ്‍ അടുത്താല്‍ അല്ലാഹു നിങ്ങളോട് ഒരു മുഴം അടുക്കും. നിങ്ങള്‍ അല്ലാഹുവിലേക്ക് നടന്നടുത്താല്‍ അല്ലാഹു നിങ്ങളിലേക്ക് ഓടിയടുക്കും. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയായി നമ്മുടെ ഭൗതിക ജീവിതം കൃത്യമായി സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെത്തന്നെ ഓരോ സൂചകങ്ങളാണ്. നമ്മുടെ ലക്ഷ്യത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാനുള്ള അവസരങ്ങളാണവ. ഓരോ ദിവസം കഴിയും തോറും വിശ്വാസി ആലോചിക്കണം ‘എന്റെ ഇന്നലത്തെ ദിവസം എത്രമാത്രം നന്മ നിറഞ്ഞതായിരുന്നു? എന്തൊക്കെ അരുതായ്മകള്‍ ഞാന്‍ ഇന്നലെ ചെയ്ത്കൂട്ടി? രാത്രി കിടന്നുറങ്ങുന്നതിന്റെ മുമ്പ് അഞ്ച് മിനുട്ടെങ്കിലും ഇങ്ങനെ ആലോചിക്കുന്നതിന് വേണ്ടി നാം ചെലവഴിക്കുകയാണെങ്കില്‍ വലിയൊരര്‍ഥത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. നന്മകള്‍ വര്‍ദ്ധിപ്പിക്കാനും തിന്മകളുടെ തോത് കുറക്കാനും ഇത് നമ്മെ സഹായിക്കും. ഓരോ ദിവസവും ഇങ്ങനെ ആത്മ വിചാരണ നടത്തുന്നയാള്‍ക്ക് വര്‍ഷാവസാനം തിരിഞ്ഞുനോക്കുമ്പോള്‍ വലിയ ചാരിതാര്‍ഥ്യമുണ്ടാകുമെന്ന് തീര്‍ച്ച.

പുതുവര്‍ഷം വീണ്ടുവിചാരത്തിന്റേതാകണം. ഒരൊറ്റ നിമിഷത്തെ ചിന്ത മതി നമ്മുടെ ജീവിതം മുഴുവന്‍ മാറാന്‍. ഏത് നിമിഷമാണ് നമ്മുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ചില ചോദ്യങ്ങളോ അതല്ലെങ്കില്‍ ഉത്തരങ്ങളോ സംശയങ്ങളോ ഒക്കെ ആയിരിക്കും നമ്മുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുന്നത്. ഇബ്റാഹീം ബിന്‍ അദ്ഹമിനെ കേള്‍ക്കാത്തവര്‍ വളരെ വിരളമാണ്. സൂഫീ ലോകത്തെ ഉന്നത സ്ഥാനീയനായാണ് ഇബ്റാഹീം ബിന്‍ അദ്ഹമിനെ ചരിത്രം വാഴ്ത്തുന്നത്.

Also read: യു.എ.ഇ-ഇസ്രായേല്‍ കരാര്‍: ഫലസ്തീന്‍ ഐക്യത്തിന് കാരണമാകുമോ ?

ബല്‍ക്കിലെ കൊട്ടാരത്തില്‍ നിന്ന് നായാട്ടിന് പുറപ്പെട്ട ഇബ്റാഹീം, ഒരു മാനിനെ പിന്തുടര്‍ന്ന് വളരെ ദൂരം പോയപ്പോള്‍ ‘ഇതാണോ താങ്കളുടെ ജന്മനിയോഗം’ എന്ന് മാന്‍ പറയുന്നതായി ഒരശരീരി കേട്ടപ്പോഴായിരുന്നു അരമന വിട്ട് ആത്മവിദ്യ തേടിയിറങ്ങിയത്. നാം ഓരോ കാര്യം ചെയ്യുമ്പോഴും ഇതിനാണോ നീ ജീവിക്കുന്നത്? നീ നിന്റെ ലക്ഷ്യസ്ഥാനത്തേക്ക് തന്നെയാണോ കുതിക്കുന്നത്? എന്ന് അവ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ തിരിച്ചറിയുന്നവരാണ് വിജയികള്‍.

മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ പരാമര്‍ശിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ശ്രദ്ദേയമായ മൂന്ന് അന്ത്യാഭിലാഷങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ചക്രവര്‍ത്തിയുടെ അന്ത്യം അടുത്തുവെന്ന് തിരുമനസ്സിന് ബോധ്യം വന്നപ്പോള്‍ സേനാനായകനെ വിളിച്ച് പറഞ്ഞു: ഇനി ഞാന്‍ കൂടുതല്‍ കാലം ജീവിക്കില്ല, എന്റെ മരണം അടുത്തിരിക്കുന്നു. എനിക്കുള്ള അന്ത്യാഭിലാഷങ്ങള്‍ നിങ്ങള്‍ നടപ്പിലാക്കണം. സേനാനായകന്‍ ഉത്തരവാദിത്വബോധത്തോടുകൂടി ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു. ചക്രവര്‍ത്തിയുടെ ഒന്നാമത്തെ അഭിലാഷം ഇതായിരുന്നു; തന്നെ മറവ് ചെയ്യുമ്പോള്‍ തന്നോടൊപ്പം തന്നെ ചികിത്സിച്ച വൈദ്യനെയും മറവ് ചെയ്യണം. രണ്ടാമത്തെ അഭിലാഷം ഇപ്രകാരം വ്യക്തമാക്കി: താന്‍ ഇക്കാലമത്രയും സമ്പാദിച്ച സ്വര്‍ണ്ണക്കട്ടികളും രത്നങ്ങളും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം തന്റെ ശവം വഹിച്ച് കൊണ്ട്പോകുന്ന ഘോഷയാത്രക്കിടെ വഴിയില്‍ വിതറുക. ചക്രവര്‍ത്തിയുടെ മൂന്നാമത്തെ അഭിലാഷം ഇതായിരുന്നു: തന്റെ ശവം കൊണ്ടുപോകുമ്പോള്‍ രണ്ട് കൈകളും ശവപ്പെട്ടിയില്‍ നിന്ന് പുറത്തേക്ക് തൂക്കിയിടണം.ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ വിചിത്രമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Also read: കമലാ സുറയ്യയുടെ ഇസ്ലാം സ്വീകരണം: മകൻറെ വാക്കുകളിൽ

ഇവ കേട്ടപ്പോള്‍ സേനാനായകന് അമ്പരപ്പുണ്ടായി. അദ്ദേഹം ജിജ്ഞാസയോടെ ചോദിച്ചു ‘അങ്ങയുടെ ആഗ്രഹങ്ങള്‍ വളരെ വിചിത്രമാണ്. എങ്കിലും അവ നടപ്പാക്കുന്ന വിഷയത്തില്‍ യാതൊരു വീഴ്ചയും ഞാന്‍ വരുത്തുകയില്ല. പക്ഷെ, എന്ത്കൊണ്ടാണ് അങ്ങ് ഇങ്ങനെ ആഗ്രഹിക്കുന്നത് എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്’. സേനാനായകന്റെ ചോദ്യത്തിന് മറുപടിയെന്നോണം ചക്രവര്‍ത്തി തന്റെ ആഗ്രഹങ്ങളുടെ പൊരുള്‍ വ്യക്തമാക്കി. തന്നോടൊപ്പം തന്നെ ചികിത്സിച്ച വൈദ്യനെക്കൂടി മറവ് ചെയ്യണം എന്ന് പറഞ്ഞത് ആയുസ്സൊടുങ്ങിയവന്റെ മുമ്പില്‍ വൈദ്യശാസ്ത്രം എത്രത്തോളം വ്യര്‍ഥമാണെന്ന് മനുഷ്യവംശത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ വൈദ്യശാസ്ത്രത്തിന് സാധിക്കുകയില്ല. ദൈവമല്ല വൈദ്യന്‍, വൈദ്യനും മരണമുണ്ട് എന്ന് അത് ബോധ്യപ്പെടുത്തിത്തരുന്നു. തന്റെ ആയുഷ്‌കാലംകൊണ്ട് വെട്ടിപ്പിടിച്ച സമ്പത്തെല്ലാം അര്‍ഥശൂന്യമാണെന്ന് വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വര്‍ണ്ണക്കട്ടിയും രത്നങ്ങളുമെല്ലാം വഴിയില്‍ വിതറാന്‍ പറഞ്ഞത്. കൂടിവന്നാല്‍ ശവക്കുഴിവരെ മാത്രമേ സമ്പാദ്യങ്ങള്‍ കൂടെക്കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂ. സമ്പാദിക്കാന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ നിഷ്ഫലമാണെന്ന് അത് സൂചിപ്പിക്കുന്നു. ഈ ഭൂമിയിലേക്ക് പിറന്നുവീണപ്പോള്‍ എന്ന പോലെ മടങ്ങുമ്പോഴും കൈകള്‍ ശൂന്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ശവപ്പെട്ടിയില്‍ നിന്നും കൈകള്‍ പുറത്തേക്ക് തൂക്കിയിടണമെന്ന് മൂന്നാമതായി ചക്രവര്‍ത്തി പറഞ്ഞത്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ അന്ത്യാഭിലാഷങ്ങള്‍ ഇത് തന്നെയായിരുന്നോ, അതല്ലെങ്കില്‍ ഈ അഭിലാഷങ്ങള്‍ നടപ്പിലാക്കപ്പെട്ടിരുന്നോ എന്ന ചിന്തക്കപ്പുറം ഇവ നല്‍കുന്ന ഉള്‍വെളിച്ചമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോള്‍ പുതിയ അജണ്ടകളിലായി നമ്മുടെ ജീവിതം ക്രമീകരിക്കാന്‍ നമുക്ക് സാധിക്കും.

Related Articles