Current Date

Search
Close this search box.
Search
Close this search box.

അസമാധാനം വിതയ്ക്കുന്ന സമാധാന കരാർ

ആഗസ്ത് 13ലെ വെെറ്റ് ഹൗസിന്റെ പ്രഖ്യാപനം ആകസ്മികമായിരുന്നില്ല. ചരിത്രത്തിന്റെ തുടർച്ചയിൽ അനിവാര്യമായി സംഭവിക്കാനുള്ളതായിരുന്നു. അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ-യു.എ.ഇ നയതന്ത്ര ബന്ധത്തിന് നാന്ദികുറിച്ചുള്ള സമാധാന ഉടമ്പടി ആരെയും വിസ്മയിപ്പിക്കുന്നതാണ്. 1979ൽ ഈജിപ്തും, 1994ൽ ജോർദാനും ഇസ്രായേൽ ബാന്ധവത്തിന് പച്ചകൊടി കാണിച്ചരിക്കെ, യു.എ.യുടെ നയതന്ത്ര ബന്ധത്തിൽ എന്താണിത്ര വിസ്മയിക്കാനുള്ളത്? അറബ് രാഷ്ട്രങ്ങളിൽ നിന്ന് ഇസ്രായേലിനെ അംഗീകരിക്കുന്ന മൂന്നാമത്തെ രാഷ്ട്രമാണെന്നതാണോ ഇതിനുള്ള കാരണം? യു.എ.ഇ സമാധാനത്തിന്റെ സംസ്ഥാപനത്തിനായി നിലകൊണ്ട ചരിത്ര മുഹൂർത്തങ്ങൾ സാക്ഷിനിൽക്കെ വിസ്മയത്തിന് എന്തർഥമാണുള്ളത്! 2001ൽ അഫ്ഗാനിസ്താനിലെ താലിബാനെതിരായും, 2003ൽ ഇറാഖിലെ സദ്ദാം ഹുസൈനെതിരായും സൈനിക നടപടി സ്വീകരിച്ച യു.എസിനും സഖ്യകക്ഷികൾക്കും പിന്തുണയർപ്പിച്ച ചരിത്രത്തിന്റെ തുടർച്ച തന്നെയല്ലേ ഇസ്രായേൽ-യു.എ.ഇ ബാന്ധവം.! ഇപ്പോൾ സംഭവിച്ചതും മറ്റൊന്നുമല്ലെന്ന് മനസ്സിനെ സമാധാനിപ്പിക്കാൻ നോക്കിയാൽ അതിൽ തെറ്റ് പറയാനാകുമോ? ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച വെസ്റ്റ് ബാങ്ക് കൂട്ടിചേർക്കൽ പദ്ധതിയിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങിയതുകൊണ്ടാണ് പുതിയ നയതന്ത്ര ബന്ധത്തിലേക്ക് യു.എ.ഇ പ്രവേശിച്ചത്. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങിയതിനാൽ, സമാധാന കരാറുമായി മുന്നോട്ടുപോകുന്നതിൽ യാതൊരു പ്രശ്നവമില്ല! ഒന്നും പറയാനില്ലാത്ത ചരിത്രത്തിന്റെ തുടർച്ച, ഇങ്ങനെയാണോ കാര്യത്തെ നാം നോക്കികാണുന്നത്? അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സമാധാന ഉടമ്പടിയായി പ്രശംസിച്ചതുപോലെ, നമുക്ക് എങ്ങനെ പ്രശംസിക്കാൻ കഴിയും! ഇവിടെയാണ് യാഥാർഥ്യങ്ങളെ യാഥാർഥ്യങ്ങളായി നാം ഉൾകൊള്ളുന്നത്.

നിലക്കാത്ത പോരാട്ടത്തിന്റെ ഭൂമികയാണ് ഫലസ്തീൻ. ഫലസ്തീൻ രാഷ്ട്രത്തിലെ പ്രധാന പ്രദേശങ്ങളാണ് വെസ്റ്റ് ബാങ്കും ഗസ്സയും. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിൽ എന്നാണ് ഗസ്സ വിശേഷിപ്പിക്കപ്പെടുന്നത്. ഇത് ഫലസ്തീൻ അനുഭവിക്കുന്ന അനീതിയുടെ വരിഞ്ഞുമുറുക്കിയ വലയത്തെയാണ് ദ്യോതിപ്പിക്കുന്നത്. ഫലസ്തീനിനെ പിടിയിലൊതുക്കാനുള്ള ഇസ്രായേലിന്റെ ശ്രമം തുടർന്നുകൊണ്ടിരിക്കുമ്പോൾ നിലക്കാത്ത പോരാട്ടവുമായി മുന്നേറുകയാണ് ഫലസ്തീനികൾ. 2008 ഡിസംബർ 27ലെ ഇസ്രായേൽ ആക്രമണത്തിൽ 140 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇത് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു. ഓപ്പറേഷൻ കാസ്റ്റ്ലീഡ് എന്ന പേരിൽ 2008 ഡിസംബർ 27 മുതൽ 2009 ജനുവരി 18 വരെ നീണ്ടുനിന്ന ആക്രമണത്തിൽ 1417 ഫലസ്തീനികളുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിൽ നാലായിരത്തോളം വീടുകൾ തകരുകയും, നാലര ലക്ഷത്തോളം പേർക്ക് കുടിവെള്ളം നഷ്ടമാവുകയും ചെയ്തു. 2014ൽ രണ്ടായരിത്തലധികം പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം തുടർന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഇസ്രായേലിന്റെ ഭീബത്സ ചിത്രം കൂടുതൽ വ്യക്തതയോടെ ലോക മനസ്സിലേക്ക് പടരുകയുമാണ്.

Also read: ചിലരുടെ മൗനം – അവിടെയാണ് ഇസ്രയേല്‍ വിജയിക്കുന്നത്

അവസാനമായി, ഗസ്സയിലെ ഏക വൈദ്യുത നിലയം ഇസ്രായേൽ അടച്ചിരിക്കുന്ന വാർത്തയാണ് നാം കേൾക്കുന്നത്. ദക്ഷിണ ഇസ്രായേൽ മേഖലയിലേക്ക് സ്ഫോടാനാത്മക ബലൂണുകൾ വിക്ഷേപിച്ചുവെന്ന് പറഞ്ഞ് ഫലസ്തീൻ പ്രദേശങ്ങളിലേക്കുള്ള ഇന്ധന കയറ്റുമതി നിർത്തിവെച്ച ഒരാഴ്ചക്കുള്ളിൽ തന്നെയാണിത്. ഹമാസ് നയിക്കുന്ന ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും ഇസ്രായേലിനെയാണ് വൈദ്യുതിക്കായി അവലംബിക്കുന്നത്. വൈദ്യുതി പത്ത് മണിക്കൂർ വെട്ടികുറച്ചതിനാൽ ഇവിടത്തെ രണ്ട് മില്യൺ വരുന്ന ജനത്തിന് ഏകദേശം ആറ് മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. കൂടാതെ, ഏഴാം ദിവസവും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഗസ്സക്കുമേൽ ബോംബ് വർഷിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരുപാട് പേർക്ക് പരിക്കേറ്റതായും അൽജസീറ റിപ്പോർട്ട് ചെയ്തു. ഫലസ്തീനികൾ സ്ഫോടനാത്മക ബലൂണുകൾ വിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കൊണ്ടാണ് ഇസ്രായേൽ ആക്രമണം അഴിച്ചുവിടുന്നത്. ഇത് ഫലസ്തീനിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ വാർത്തയാണ്. യു.എ.ഇ സമാധാന ഉടമ്പടിയിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമ്പോൾ, നമുക്ക് മുന്നിൽനിൽക്കുന്ന ഇത്തരം അസമാധാനത്തിന്റെ ഇടങ്ങൾ സൃഷ്ടിക്കുന്ന യാഥാർഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ആശ്ചര്യവും വിസ്മയവും ഉളവാക്കുന്നതാണ്!

ഇതുകൊണ്ടുതന്നെയാണ് ഇസ്രായേൽ-യു.എ.ഇ ബാന്ധവത്തെ നൂറുകണക്കിന് ഫലസ്തീനികൾ തെരുവുകളിൽ ‘ഫലസ്തീനിനോടും ജറൂസലത്തോടുമുള്ള വഞ്ചനയാണെന്ന’ മുദ്രവാക്യങ്ങളുയർത്തി പ്രതിഷേധിക്കുന്നത്. സമാധാനത്തിന്റെ വാഹകരായി ചമയുകയും, അസമാധാനത്തിന്റെ ഭൂമിക ഒരുക്കുകയും ചെയ്യുന്ന വഞ്ചകർക്കെതിരെ ഫലസ്തീൻ ജനത ശുഭാപ്തി വിശ്വാസത്തോടെ നിലക്കാത്ത പോരാട്ടവുമായി പ്രയാണം തുടരുകയാണ്. തളരാത്ത ആവേശത്തിന് മുന്നിൽ ലോക മനസ്സാക്ഷി കൈകോർക്കുകയുമാണ്.

Related Articles