Current Date

Search
Close this search box.
Search
Close this search box.

Views

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് നിഷിദ്ധമായ സമ്പാദന മാര്‍ഗം

ഇന്ന് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് ഇസ്‌ലാമികമായി അനുവദനീയമാണോ എന്നന്വേഷിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒരു കത്ത് ഇത്തിഹാദുല്‍ ഉലമാ കേരള സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുകയുണ്ടായി. ഇതു സംബന്ധമായി ഇത്തിഹാദുല്‍ ഉലമായുടെ നിലപാട് വിശദീകരിച്ചുകൊണ്ടുള്ള മറുപടിയാണ് ചുവടെ:

കച്ചവടം ഇസ്‌ലാമില്‍ ഒരു പുണ്യകര്‍മമാണ്. ‘സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്‍ പുണ്യവാളന്മാരുടെ കൂടെയാണ്’ എന്നത്രെ നബി വചനം. ഒരാള്‍ തന്റെ ഉടമയിലുള്ള വസ്തു പ്രതിഫലം വാങ്ങി മറ്റൊരാള്‍ക്ക് വില്‍ക്കുന്നതാണല്ലോ കച്ചവടം. ഇവിടെ വസ്തുവിന്റെ ഉടമക്ക് വിലയും വാങ്ങുന്നവന് വസ്തുവും ലഭിക്കുന്നു. രണ്ടു പേര്‍ക്കും തന്മൂലം അവരവരുടെ ആവശ്യങ്ങള്‍ നിറവേറുന്നു. അവര്‍ പരസ്പരം സംതൃപ്തിയടയുന്നു. പരസ്പരം സംതൃപ്തിയോടെയുള്ള ഈ വ്യവഹാരത്തെയാണ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ളത്.
يا أيها الذين آمنوا لا تأكلوا أموالكم بينكم بالباطل إلا أن تكون تجارة عن تراض منكم  – النساء 29
(വിശ്വാസികളേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധ മാര്‍ഗത്തിലൂടെ നിങ്ങള്‍ തമ്മതമ്മില്‍ അനുഭവിക്കരുത്; പരസ്പര സംതൃപ്തിയോടെയുള്ള കച്ചവടമായാലല്ലാതെ.) അതുകൊണ്ടുതന്നെ കച്ചവടം സാധുവാകണമെങ്കില്‍ പരസ്പര സംതൃപ്തിയെന്ന ഉപാധി വെച്ചിരിക്കുന്നു.
ധനസമ്പാദനത്തിനുള്ള ആഗ്രഹം മനുഷ്യപ്രകൃതിയില്‍ നിലീനമാണ്. ഇസ്‌ലാം അതിനെ നിരാകരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, സമ്പത്ത് ജീവിതത്തിന്റെ നിലനില്‍പിനാധാരമാണെന്നും സാമ്പത്തിക വളര്‍ച്ചക്കു വേണ്ടി പ്രയത്‌നിക്കണമെന്നുമാണ് ഖുര്‍ആനും സുന്നത്തും പറയുന്നത്. പക്ഷേ, അത് ഹലാലും ശുദ്ധവുമായ വഴികളില്‍ ആയിരിക്കേണ്ടത് നിര്‍ബന്ധമാണ്.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

كلوا مما فى الأرض حلالا طيبا – البقرة  168
(ഭൂമിയിലെ വിഭവങ്ങളില്‍ അനുവദനീയവും ശുദ്ധവുമായത് നിങ്ങള്‍ ആഹരിക്കുക)
ദുരമൂത്ത മനുഷ്യര്‍ ഹലാലോ ഹറാമോ എന്നൊന്നും നോക്കാതെയും ശരീഅത്തിന്റെ മാര്‍ഗനിര്‍ദേശം എന്തെന്ന് മനസ്സിലാക്കാതെയും എങ്ങനെയെങ്കിലും പണം സമ്പാദിക്കാന്‍ നെട്ടോട്ടമോടുന്നതു കാണാം. ഇത്തരക്കാരോടാണ് സമ്പത്ത് ഒരു പരീക്ഷണമാണെന്നും നിഷിദ്ധമാര്‍ഗേണയുള്ള സമ്പാദ്യം അനുഭവിക്കുന്നവര്‍ സ്വന്തം വയറുകളില്‍ തീയാണ് തിന്നുനിറക്കുന്നത് എന്നുമൊക്കെ ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതിനാല്‍ സംശയാസ്പദമായ വരുമാനമാര്‍ഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നബി (സ) കല്‍പിച്ചിട്ടുണ്ട്: ”ഹലാല്‍ വ്യക്തമാണ്. ഹറാമും വ്യക്തമാണ്. അവക്കിടയില്‍ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ട്. മിക്ക ആളുകള്‍ക്കും അതറിയില്ല. സംശയകരമായ ഇത്തരം കാര്യങ്ങള്‍ വര്‍ജിക്കുന്നവര്‍ തന്റെ ദീനും അഭിമാനവും സുരക്ഷിതമാക്കി. സംശയങ്ങളില്‍ നിപതിക്കുന്നവര്‍ ഹറാമുകളില്‍ ചെന്നു ചാടുന്നു” (മുസ്‌ലിം).

ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട കച്ചവടരീതി വിവിധ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും അവയുടെയെല്ലാം ഉള്ളടക്കം ഒന്നു തന്നെ. ഇത് മുന്‍കാലങ്ങളിലൊന്നും പരിചയമില്ലാത്ത ഒരു രീതിയാണ്. അതിനെ ഇപ്രകാരം സംഗ്രഹിക്കാം: ഒരു കമ്പനി അതിന്റെ ഉല്‍പന്നം ഒരാള്‍ക്ക് വില്‍ക്കുന്നു; അയാള്‍ മറ്റു രണ്ടാളുകള്‍ക്കോ അതില്‍ കൂടുതല്‍ പേര്‍ക്കോ ഇതുപോലെ വില്‍പന നടത്തണമെന്ന ഉപാധിയോടെ. ഇങ്ങനെ ഈ ശൃംഖല നീണ്ടുപോകുന്നതിനനുസരിച്ച് ആദ്യത്തെ ആളുകള്‍ക്ക് നിശ്ചിത ശതമാനം ലാഭവിഹിതമായി ലഭിക്കുന്നു. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചിലപ്പോള്‍ ഭീമമായ തുക ആദ്യശ്രേണിയിലുള്ളവര്‍ക്ക് ലഭിക്കും. ഈ വലിയ കമീഷന്‍ മോഹിച്ചുകൊണ്ട് ഓരോരുത്തരും കൂടുതല്‍ പേരെ കണ്ണിചേര്‍ക്കാന്‍ മത്സരിക്കും. ഇതിന് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്നോ പിരമിഡ് മാര്‍ക്കറ്റിംഗ് എന്നോ പേര് പറയുന്നു.

Also read: ജീവിതാനന്ദത്തിന് ഭൂതകാലം മറക്കാം

പല ബഹുരാഷ്ട്ര കമ്പനികളും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നതിനു വേണ്ടി അവലംബിക്കുന്ന ഒരു രീതിയാണിത്. ഇങ്ങനെയാകുമ്പോള്‍ പരസ്യത്തിനും പ്രചാരണത്തിനും വേണ്ടി നീക്കിവെക്കുന്ന ഭീമമായ തുകകള്‍ ലാഭിക്കാമെന്നും ഈ ഡയറക്ട് മാര്‍ക്കറ്റിംഗ് രീതി സ്വീകരിക്കുന്നതിലൂടെ പരസ്യത്തുകയുടെ ഒരു ചെറിയ ശതമാനം കൊണ്ട് ഉല്‍പന്നങ്ങളെ കൂടുതല്‍ ഏരിയകളിലേക്ക് എത്തിക്കാനും പരിചയപ്പെടുത്താനും സാധിക്കുമെന്നുമാണ് കമ്പനികളുടെ ന്യായീകരണം. ഇങ്ങനെ ലാഭിക്കുന്ന തുകയുടെ ഒരംശമാണ് കച്ചവട ശൃംഖലയില്‍ കണ്ണിചേരുന്നവര്‍ക്ക് വീതിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഇതിന്റെ ഏജന്റുമാര്‍ ഉള്ളതിനാല്‍ ഇതിന്റെ ഇസ്‌ലാമികമായ വിധി എന്താണെന്നന്വേഷിച്ചുകൊണ്ട് വിവിധ ഫത്‌വാ ബോര്‍ഡുകളെ മതതല്‍പരരായ ആളുകള്‍ സമീപിക്കുന്നുണ്ട്. ലോകാടിസ്ഥാനത്തില്‍ തന്നെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങളുടെ ഫത്‌വകള്‍ ഇവ്വിഷയകമായി പ്രസിദ്ധീകരിക്കപ്പെട്ടതായി കാണാനിടയായി. ഈജിപ്തിലെ ദാറുല്‍ ഇഫ്ത, സുഊദി അറേബ്യയിലെ അല്ലജ്‌നത്തുദ്ദാഇമ ലില്‍ ബുഹൂസില്‍ ഇല്‍മിയ്യ വല്‍ ഇഫ്താഅ്, സിറിയയിലെ അല്‍ മജ്‌ലിസുല്‍ ഇസ്‌ലാമി എന്നിവയാണവ. ഇവരുടെയെല്ലാം ഏകകണ്ഠമായ നിലപാട് ഈ ഇടപാട് ശര്‍ഈ ദൃഷ്ടിയില്‍ നിഷിദ്ധ(ഹറാം)മാണ് എന്നത്രെ. അതിന് അവര്‍ പറയുന്ന കാരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1.  ഈ ഇടപാടില്‍ വാങ്ങുന്നവന്റെ താല്‍പര്യം ഉല്‍പന്നത്തിലല്ല, കമീഷനിലാണ്. കമീഷന്റെ മഹിമ പറഞ്ഞുകൊണ്ടാണ് ഇതിന്റെ വിപണനം. ഉല്‍പന്നം ഒരു പുകമറ മത്രമാണ്. ഇല്ലാത്ത മേന്മകള്‍ പറയുകയും ഉപഭോക്താവിനെ വഞ്ചിക്കുകയും വലിയ വരുമാനം ലഭിക്കുമെന്ന് വ്യാമോഹിപ്പിച്ച് ആളുകളെ കണ്ണി ചേര്‍ക്കുകയുമാണിവിടെ. ഇത് ഇസ്‌ലാം നിരോധിച്ച കച്ചവടത്തിലെ ചതിയും (ഗശ്ശ്) ഒരുതരം ചൂതാട്ട(ഖിമാര്‍)വുമാണ്. ഖുര്‍ആന്‍ പറയുന്നു: ”മദ്യവും ചൂതാട്ടവും പ്രതിഷ്ഠയും നറുക്കും മലിനവും പൈശാചിക വൃത്തിയുമാണ്. അവ നിങ്ങള്‍ വര്‍ജിക്കുക” (അല്‍മാഇദ 90). പ്രവാചകന്‍ പറഞ്ഞു: ”ആര്‍ ചതിയും വഞ്ചനയും നടത്തുന്നുവോ അവന്‍ നമ്മില്‍ പെട്ടവനല്ല” (മുസ്‌ലിം).

Also read: ബില്‍ക്കീസ് ദാദി; പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം!

2. ഉപഭോക്തൃ ശൃംഖലയിലെ ആദ്യത്തെ കണ്ണികള്‍ക്ക് മാത്രമാണ് ഇരകളെ നിഷ്പ്രയാസം കിട്ടുന്നത്. കണ്ണികള്‍ വികസിക്കും തോറും ആളെ കിട്ടാന്‍ പ്രയാസം കൂടുകയും പ്രലോഭനങ്ങളും വ്യാജ വാഗ്ദാനങ്ങളും പെരുകുകയും ചെയ്യുന്നു. മാര്‍ക്കറ്റില്‍ ഇതിനേക്കാള്‍ നല്ല ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടാനുണ്ടാവും. ഇതെല്ലാം വ്യക്തമാകുന്നതോടെ കണ്ണി ചേര്‍ക്കാന്‍ കഴിയാതെ വരികയും അവസാനമവസാനം ചേര്‍ന്ന ശ്രേണികള്‍ ചതിയില്‍ പെടുകയും ചെയ്യും. ‘ജനങ്ങളുടെ ധനം നിഷിദ്ധമായ മാര്‍ഗത്തില്‍ തിന്നുക’  (അല്‍ബഖറ 188) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇനത്തില്‍ അപ്പോഴത് ഉള്‍പ്പെടുന്നു.

3.    കുറഞ്ഞ പണം കൊടുത്ത് കൂടുതല്‍ പണം നേടുക എന്നതാണിവിടെ നടക്കുന്നത്. ഉല്‍പന്നം ഒരു മാധ്യമം മാത്രം. സമയം കൂടുതല്‍ ലഭിക്കും തോറും സംഖ്യ കൂടികൂടി വരും. മറ്റുള്ളവരുടെ അധ്വാനത്തിന്റെ ഫലം ആദ്യം കണ്ണിചേര്‍ത്തവന്‍ വാരിക്കൂട്ടുകയാണ് ചെയ്യുന്നത്. ഇത് പലിശക്ക് സദൃശമാണ്.

4.    ഒരാള്‍ കണ്ണിചേരുന്നതോടുകൂടി ആ ഇടപാട് അവസാനിക്കുന്നില്ല. അയാള്‍ ഒരു നിശ്ചിത എണ്ണത്തെ കൂടി ചേര്‍ക്കുന്നതോടെയാണത് പൂര്‍ത്തിയാകുന്നത്. അത് ചിലപ്പോള്‍ കിട്ടിയെന്നും ഇല്ലെന്നും വരാം. ഏതായാലും ഒരു ഘട്ടത്തില്‍ മുന്നോട്ടു പോകാനാവാതെ അത് മുട്ടിനില്‍ക്കും. ആ ഘട്ടത്തില്‍ കണ്ണിചേര്‍ന്നവരെല്ലാം വലിയ ചതിയില്‍ ചാടും. ഇത് പ്രവാചകന്‍ നിരോധിച്ച ‘ബൈഉല്‍ ഗറര്‍’ എന്ന ഇനത്തില്‍ പെട്ടതാണ് (വഞ്ചിക്കപ്പെടാന്‍ സാധ്യതയുള്ള കച്ചവടമാണ് ബൈഉല്‍ ഗറര്‍).

Also read: നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

5. ഈ ഇടപാടില്‍ കണ്ണിചേരുന്നവന്‍ കമീഷന്‍ ഏജന്റ് പോലെയാണ് എന്ന് പറയാറുണ്ട്. എന്നാല്‍ അവര്‍ക്കിടയില്‍ വലിയ അന്തരമുണ്ട്. കമീഷന്‍ ഏജന്റ് ഉല്‍പന്നം പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. അയാളതില്‍ പണം മുടക്കുകയോ ഉല്‍പന്നം വാങ്ങുകയോ ചെയ്യുന്നില്ല. അയാളുടെ അധ്വാനത്തിനനുസരിച്ച്, കൂടുതല്‍ ആവശ്യക്കാരെ കണ്ടെത്തുമ്പോള്‍ അയാള്‍ക്ക് പ്രതിഫലം ലഭിക്കുന്നു. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ചരക്കുകള്‍ വില്‍ക്കുകയെന്ന വ്യാജേന കമീഷന്‍ വില്‍പനയാണ് നടക്കുന്നത്. കമ്മോഡിറ്റിയല്ല.

6. സാമ്പത്തികവും സാമൂഹികവും ധാര്‍മികവുമായ വേറെയും നിരവധി അപകടങ്ങള്‍ ഈ ഇടപാടില്‍ അടങ്ങിയിരിക്കുന്നു:
എ) ക്രിയാത്മകമായ ജോലികളിലേര്‍പ്പെടാതെ ചുളുവില്‍ വമ്പിച്ച സാമ്പത്തിക ലാഭം കൊയ്യാനുള്ള ചൂതാട്ട മനഃസ്ഥിതി ചെറുപ്പക്കാരില്‍ വളര്‍ത്തുന്നു. അതവരുടെ കര്‍മശേഷി നശിപ്പിക്കുന്നു. സാമ്പത്തിക രംഗത്ത് അത് സൃഷ്ടിക്കുന്ന അപകടം ചെറുതല്ല.

ബി) സ്വദേശി ഉല്‍പന്നങ്ങള്‍ വര്‍ജിക്കുകയും ലാഭമോഹത്താല്‍ വിദേശ കുത്തകകളുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം നല്‍കുകയും ചെയ്യുന്നു. ഇത് ആഭ്യന്തരമാന്ദ്യം സൃഷ്ടിക്കുകയും സാമ്പത്തിക മേഖലയില്‍ വിദേശ മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്യുന്നു.

സി) ഒരുപിടി കുത്തക കമ്പനികളുടെ കൈയില്‍ സമ്പത്ത് കുന്നുകൂടാനും ചെറുകിട വ്യവസായങ്ങള്‍ തകരാനും കാരണമാകുന്നു.

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

ഡി) നിയമപരമോ സാമ്പത്തികമോ ആയ പരിരക്ഷ ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കില്ല. അതിനാല്‍ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉപഭോക്താവിന് നിയമനടപടികള്‍ സ്വീകരിക്കാന്‍ സാധ്യമാവില്ല.

ഇ) കേവലം ലാഭേഛ എന്നതിനപ്പുറം കച്ചവടത്തില്‍ ദീക്ഷിക്കപ്പെടേണ്ട പരസഹായ വികാരം, മാനുഷിക പരിഗണനകള്‍ എന്നിവക്ക് ഇതില്‍ സ്ഥാനമില്ല.

എഫ്) ഇത്തരത്തിലുള്ള കച്ചവടങ്ങളുടെ വ്യാപനം പരമ്പരാഗതമായ കച്ചവട വ്യവസ്ഥ തകര്‍ക്കുകയും വ്യക്തികളെ അധാര്‍മികമായ നടപടികളിലേക്ക് നയിക്കുകയും ചെയ്യും.

ജി) ഇതിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കി പല രാഷ്ട്രങ്ങളും ഇത്തരം ബിസിനസ്സുകള്‍ നിരോധിച്ചിട്ടുണ്ട്.

ഇതുപോലുള്ള ദൂഷ്യങ്ങളുടെയും ശര്‍ഇയ്യായ ഉപരിസൂചിത പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് -അതിന് എന്ത് പേര് നല്‍കിയാലും- നിഷിദ്ധമാണെന്ന് പണ്ഡിത സഭകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇത്തിഹാദുല്‍ ഉലമാ കേരളയും ഈ വീക്ഷണത്തെയാണ് ശരിവെക്കുന്നത്.

(ഇത്തിഹാദുല്‍ ഉലമാ കേരളയുടെ വൈസ് പ്രസിഡന്റാണ് ലേഖകന്‍)

  • കടപ്പാട്- പ്രബോധനം വാരിക

Related Articles