Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യൻ സർവ്വകലാശാലകളിലെ ഫലസ്തീൻ വിമോചന പോരാട്ടങ്ങൾ

ഫലസ്തീനിൽ ഇസ്രായേൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നടത്തുന്ന കോളോണിയൽ അധിനിവേശവും വംശഹത്യ യുദ്ധങ്ങളും, മിഡിൽ ഈസ്റ്റിൽ മാത്രം പരിമിതപ്പെടേണ്ടുന്ന ഭൗമരാഷ്ട്രീയ പ്രശ്നം എന്ന പരിഗണനക്കപ്പുറം ആഗോള രാഷ്ട്രീയവുമായി ചരിത്രപരമായി തന്നെ  ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണ് ലോക വ്യാപകമായി ഇന്ന് നടക്കുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ. യൂറോ അമേരിക്കൻ രാഷ്ട്രങ്ങളിലെ വ്യത്യസ്ത തരം കുടിയേറ്റ സമൂഹങ്ങൾ അവിടുത്തെ സാമൂഹിക ഘടനകളിൽ ചരിത്രപരമായി തന്നെ സൃഷ്ടിച്ച വൈവിദ്ധ്യങ്ങളും, കുടിയേറ്റ സമൂഹങ്ങൾ എന്ന നിലയിൽ  അവരുടെ സ്വത്വം നിലനിർത്തുന്ന രാഷ്ട്രീയ അഭിനിവേശങ്ങളും മറ്റേത് പ്രക്ഷോഭങ്ങളെയും പോലെ തന്നെ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളെ ഉദ്ദീപിപ്പിക്കുന്നുണ്ട്. അതിന്റെ ഒടുവിലത്തെ പ്രതിഫലനമാണ് ഇന്ന് അമേരിക്കയിലും യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സമരങ്ങൾ.

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും ഫാക്കൽറ്റികളും തുടങ്ങിവെച്ച ഗസ്സ ഐക്യദാർഢ്യ സമരപ്പന്തൽ (Gaza Solidarity Encampment) ലോക പ്രസിദ്ധമായ യൂറോ-അമേരിക്കൻ യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടരുകയാണ്. ഒക്ടോബർ ഏഴിന് ശേഷം ലോകം കണ്ട അസാധാരണമായ ഫലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങളെ പരിശോധിക്കുമ്പോൾ യൂറോ-അമേരിക്കൻ രാജ്യങ്ങളിലെ തെരുവുകളിൽ നടന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനസഞ്ചയങ്ങളായിരുന്നു എന്ന് കാണാൻ സാധിക്കും.

ഇസ്രായേലുമായി അമേരിക്കയുടെയും യു.കെ യുടെയും മറ്റനവധി രാഷ്ട്രങ്ങളുടെ ഡിപ്ലോമാറ്റിക്ക് ബന്ധങ്ങൾ നിലനിൽക്കേ തന്നെ പ്രസ്തുത രാഷ്ട്രങ്ങളിൽ ഉയർന്നു വന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾക്ക് ലഭിച്ച ആഗോള ശ്രദ്ധയും മാധ്യമ/സാമൂഹിക ശ്രദ്ധയും ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെ പൂർണമായും പിന്തുണക്കാൻ സാധിക്കാത്ത വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് പല രാഷ്ട്രങ്ങളെയും നേരത്തെ തന്നെ കൊണ്ടെത്തിച്ചിരുന്നു. ഇപ്പോൾ കൊളംബിയ യൂണിവേഴ്സിറ്റിയിലെ സമരപ്പന്തലിൽ നിന്നും ആരംഭിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങളും സമരപ്പന്തലുകളും യൂറോ- അമേരിക്കൻ രാഷ്ട്രങ്ങളിലെ ഫലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങളെ മറ്റൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധം അവസാനിപ്പിക്കുക, യു.എസ് ഇസ്രായേലിന് നൽകികൊണ്ടിരിക്കുന്ന സാമ്പത്തികവും സൈനികവും നയതന്ത്രപരവുമായ പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ സമര മുദ്രാവാക്യങ്ങളുമായി കൊളംബിയ സർവകലാശാല വിദ്യാർത്ഥികളും ഏതാനും ചില ഫാക്കൽറ്റികളും തുടങ്ങിയ ഗസ്സ ഐക്യദാർഢ്യ സമരപ്പന്തൽ അതിന്റെ അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ന്യൂയോർക്ക് പോലീസ് 108 ഓളം വരുന്ന സമരക്കാരെ അറസ്റ്റു ചെയ്തു. തുടർന്നങ്ങോട്ട് സമരം രൂക്ഷമാകുകയും ലോക പ്രസിദ്ധമായ വിവിധ യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടരുകയും ചെയ്തു. സമരങ്ങളെ ഒരു വശത്ത് പോലീസ് നേരിടുമ്പോൾ തന്നെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയവരടക്കം സർവ്വകലാശാലകളിലെ സമരങ്ങളെ നേരിടാനുള്ള പ്രതികരണങ്ങൾ നടത്തി. 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാരമ്പര്യവും പ്രശസ്തിയുമുള്ള കൊളംബിയ യൂണിവേഴ്സിറ്റിയിൽ തുടങ്ങി ഹർവാർഡ് യൂണിവേഴ്സിറ്റിയിലേക്ക് പടരുകയും പിന്നീട് അമേരിക്കയിലെ ഇരുപതോളം സർവ്വകലാശാലകളിലേക്ക് വ്യാപിക്കുകയും ചെയ്ത ഗസ്സ ഐക്യദാർഢ്യ സമരപ്പന്തലുകൾ, യു.കെ, ഫ്രാൻസ്, ഓസ്ട്രേലിയ, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത സർവ്വകലാശാലകളിലും വിവിധ രാജ്യങ്ങളിലെ മറ്റു കലാലയങ്ങളിലും സജീവമായികൊണ്ടിരിക്കുകയാണ്. സമരക്കാർക്ക് നേരെയുള്ള അസാധാരണമായ പോലീസ് ആക്രമണങ്ങളും നിയമ നടപടികളും യൂണിവേഴ്സിറ്റി അധികൃതർ സ്വീകരിക്കുന്ന നടപടികളും ഒരു വശത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ ഇസ്രായേലിനെയും അവരുടെ രാഷ്ട്ര നയങ്ങളെയും പിന്താങ്ങുന്ന അന്താരാഷ്ട്ര മാധ്യമങ്ങൾ, യൂണിവേഴ്സിറ്റി സമരങ്ങളെ വംശീയ രാഷ്ട്രീയത്തിന്റെ ആഖ്യാനങ്ങൾ പിന്തുടർന്നുകൊണ്ട് ഇകഴ്ത്താനുള്ള ശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്. 

ഇന്റർനാഷണൽ ടെററിസ്റ്റ് ഫണ്ടിങ്‌ ലഭിക്കുന്ന സമരങ്ങൾ കുടിയേറ്റവുമായി ബന്ധപെട്ട ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ അയഞ്ഞ സമീപനങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ, ആന്റി സെമിറ്റിസത്തിന്റെ വക്താക്കൾ നിയന്ത്രിക്കുന്ന സമരങ്ങൾ, അരാജകവാദികളായ യുവത്വവും അവരെ പിന്താങ്ങുന്ന കുറെ അധ്യാപകരും നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി വിവിധങ്ങളായ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരങ്ങളെ ഭരണകൂടം, പോലീസ്, രാഷ്ട്രീയ നേതൃത്വം തുടങ്ങിയ വിഭാഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫലസ്തീൻ പ്രശ്നം പശ്ചാത്യൻ പൊതുമണ്ഡലങ്ങളിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന രീതിയിൽ ഉയർന്നു വരുന്ന സന്ദർഭങ്ങളിലെല്ലാം ഉച്ചത്തിൽ മുഴങ്ങുന്ന ആന്റി സെമറ്റിസത്തെ കുറിച്ചുള്ള വ്യവഹാരങ്ങൾ സർവ്വകലാശാലകളിലെ സമരങ്ങളെ ധാർമികമായി വെല്ലുവിളിക്കാൻ കാര്യമായി ഉപയോഗപ്പെടുത്തപ്പെടുന്നുണ്ട്. 

അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് ജൂത വിരുദ്ധ കൂട്ടായ്മകളാണ് എന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതും സമരം നടക്കുന്ന യൂണിവേഴ്സിറ്റികളിൽ ജൂത വിദ്യാർത്ഥികൾ അക്രമിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ തല്ക്കാലം ജൂത വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റികളിൽ പ്രവേശിക്കേണ്ടതില്ല എന്ന് ഒരു വിഭാഗം ജൂത പുരോഹിതന്മാർ പറഞ്ഞതും ആന്റി സെമറ്റിസത്തിന്റെ രാഷ്ട്രീയ ആഖ്യാനങ്ങൾ ഉപയോഗപ്പെടുത്തി സമരങ്ങളെ നിർവീര്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്ന് മനസിലാക്കാൻ സാധിക്കും. ഹർവാർഡ് യൂണിവേഴ്സിറ്റിയിലെയും കൊളംബിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾ നടത്തുന്ന ഫ്രീ ഫലസ്തീൻ സമരങ്ങൾക്ക് എതിരെ രൂപപ്പെട്ട ഇസ്രായേലിനെ പിന്തുണക്കുന്ന ജൂത വിദ്യാർത്ഥികളുടെ സമരകൂട്ടായ്മ  യൂണിവേഴ്സിറ്റികളോട് മുന്നോട്ട് വെക്കുന്ന ആവശ്യം “Your Jewish students cannot be sacrificed- എന്നാണ്”- ഇവിടെ നടക്കുന്നത് ഇസ്രായേൽ എന്ന ജൂത രാഷ്ട്രത്തെയും ജൂത സമൂഹങ്ങളെയും ഉന്മൂലനം ചെയ്യാൻ വേണ്ടിയുള്ള സമരങ്ങളാണ്’ അതിനാൽ ഞങ്ങൾ ജൂത വിദ്യാർത്ഥികൾ ഇവിടെ സുരക്ഷ ഭീഷണി നേരിടുന്നുണ്ട് “ – എന്ന് തുടങ്ങി പല തരത്തിൽ യൂണിവേഴ്സിറ്റി സമരങ്ങളെ ജൂത വിരുദ്ധതയുടെ (Anti Semitism) പാളയത്തിൽ കൂട്ടിക്കെട്ടുന്ന രീതിയിലൂടെയാണ് സമരങ്ങൾ ആശയപരമായും പ്രായോഗികമായും കൈകാര്യം ചെയ്യപ്പെടുന്നത്.

ഇന്ത്യയിൽ നടക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ മുസ്‌ലിം വിരുദ്ധ വംശഹത്യകൾക്കെതിരെ യു.എസിലെയും യു.കെയിലെയും ആക്റ്റിവിസ്റ്റ് കൂട്ടായ്മകൾ സമരങ്ങൾ നടത്തുമ്പോൾ അവയെല്ലാം ഹിന്ദുഫോബിയയുടെ പ്രതിഫലനങ്ങളാണ് എന്ന് സ്ഥാപിക്കാൻ വ്യാപകമായി ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരനായ ശ്രീ തനേദറും ഹിന്ദു നേതാക്കളും സംഘടനകളും യു.എസിലെ ഹിന്ദുഫോബിയയ്‌ക്കെതിരെ നടപടിയെടുക്കാൻ അമേരിക്കൻ കോൺഗ്രസിനോട് അടുത്തിടെ ആഹ്വാനം ചെയ്തത് ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. നമസ്‌തേ-ശാലോം മൾട്ടിഫെയ്ത്ത് അലയൻസ് എന്ന പേരിൽ ഹിന്ദു-ജൂത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹിന്ദുഫോബിയയെയും, ജൂത വിരുദ്ധതയെയും നേരിടാനുള്ള വ്യത്യസ്ത ശ്രമങ്ങൾ അമേരിക്കയിൽ കഴിഞ്ഞ കുറെ നാളുകളായി വർധിച്ചുകൊണ്ടിരിക്കുകയുമാണ്. 

മുസ്‌ലിം പ്രശ്നങ്ങൾ, ബ്ലാക്ക് കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങൾ, കുടിയേറ്റ സമൂഹം എന്ന നിലയിൽ പല കമ്മ്യൂണിറ്റികളും നേരിടുന്ന പ്രശ്നങ്ങൾ എന്ന് തുടങ്ങിയ വ്യത്യസ്തങ്ങളായ രാഷ്ട്രീയ മനുഷ്യാവകാശ പ്രശ്നങ്ങളെ നേരിടാൻ പ്രതി ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ആശയപരമായ മേൽക്കൈ നേടുക എന്നതിനേക്കാളും നിയമപരമായി നേരിടാനുള്ള സാധ്യതകൾ ധാരാളമായി തുറക്കപ്പെടുയാണ്‌ ചെയ്യുന്നത്. പാശ്ചാത്യൻ രാഷ്ട്രങ്ങളിൽ അധികാരവും, മാധ്യമ പിന്തുണയും, ഡിപ്ലോമാറ്റിക്ക് ബന്ധങ്ങളുടെ സ്വാധീനവും കൂടുതൽ ശക്തമായി കയ്യാളുന്ന വലതുപക്ഷ വിഭാഗങ്ങളും സയണിസ്റ്റ്-ഹിന്ദുത്വ ലോബിയും “ഇരകളുടെയോ, അടച്ചമർത്തപെട്ടവരുടെയോ” ആഖ്യാനങ്ങളെ നേരിടാൻ പ്രതി ആഖ്യാനങ്ങളുടെ സാധ്യതകളിലേക്ക് ഇറങ്ങിചെല്ലുന്നത് “ഇരകളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും“ രാഷ്ട്രീയം അത്രമാത്രം സ്വാധീനവും ശക്തിയും കൈവരിച്ചിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്.

നിലവിൽ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തി പ്രാപിക്കുന്ന ആന്റി സെമറ്റിസമെന്ന ആക്ഷേപം ഇതിന്റെ ഒടുവിലെ ഉദാഹരണം മാത്രമാണ്. എന്നാൽ നിരവധി ജൂത വിദ്യാർത്ഥികളും കൂട്ടായ്മകളും ഫലസ്തീൻ അനുകൂല സമരങ്ങളെ പിന്തുണക്കുന്നു എന്നതിനാൽ തന്നെ ഇപ്പോൾ ഉയർന്നു കേൾക്കുന്ന ആന്റി സെമറ്റിസമെന്ന ആക്ഷേപം കേവലം സയണിസ്റ്റ് പ്രോപഗണ്ട മാത്രമാണ് എന്ന ലളിത സത്യം പൊതുവെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

കോളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെയും മൂവ്മെന്റുകളുടെയും ചരിത്രം പാശ്ചാത്യൻ രാഷ്ട്രങ്ങളിലെ ലോക പ്രസിദ്ധമായ പല യൂണിവേഴ്സിറ്റികളുടെയും ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്രായേൽ രൂപീകരിക്കുന്നതിന് മുന്നേ തന്നെ സിയോണിസത്തിനെതിരെ അറബ് മെഡിക്കൽ സ്റ്റുഡന്റസും ഡോക്ഡേർസും 1917 കാലഘട്ടത്തിൽ അമേരിക്കയിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റുഡൻ്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ (എ‍സ്.ജെ.പി) പോലുള്ള ഗ്രൂപ്പുകൾ ഇന്നും വ്യത്യസ്ത സമര തന്ത്രങ്ങൾ ഉപയോഗിച്ച് സയണിസ്റ്റ് വിരുദ്ധ അവബോധം വളർത്തിയെടുക്കുന്നതിൽ വിജയിക്കുന്നുണ്ട്. വിയറ്റ്‌നാം യുദ്ധത്തിനെതിരെ അമേരിക്കൻ സർവ്വകലാശാലകളിൽ ആഞ്ഞടിച്ച കോളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്കൊപ്പമാണ് ഫലസ്തീൻ പോരാട്ടങ്ങളും അമേരിക്കൻ സർവ്വകലാശാലകളിൽ ശക്തി പ്രാപിച്ചിരുന്നത് എന്ന് ചരിത്രത്തിൽ നിന്നും കണ്ടെടുക്കാൻ സാധിക്കും. 

പാശ്ചാത്ത്യൻ നാടുകളിലെ കറുത്ത വർഗ്ഗക്കാരുടെ വർണ്ണ വിവേചന  വിരുദ്ധ പോരാട്ടങ്ങളും ഫലസ്തീൻ ഐക്യദാർഢ്യ പോരാട്ടങ്ങളും പാശ്ചാത്യൻ നാടുകളിൽ കൈകോർത്ത്‌ വളർന്ന പ്രസ്ഥാനങ്ങളായിരുന്നു എന്നതും മറ്റൊരു ചരിത്രമാണ്. നിലവിലെ യൂണിവേഴ്സിറ്റി സമരങ്ങളിൽ ബ്ലാക് കമ്യൂണിറ്റികളിൽ നിന്നും വിവിധ കൂട്ടായമകൾ സമരത്തിൽ സജീവമാകുന്നത് കൂടാതെ സമരങ്ങൾ കൂടുതൽ കാലം അതിജീവിക്കാനുള്ള സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നതായി കാണാൻ സാധിക്കും. 

ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും തൊഴിലിനും വേണ്ടി ലോക പ്രസിദ്ധമായ ഈ യൂണിവേഴ്സിറ്റികളിലേക്ക് ദീർഘ നാളത്തെ പ്രയത്നങ്ങൾക്കൊടുവിൽ എത്തിപ്പെടുകയും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിമോചന പോരാട്ടങ്ങളിൽ കണ്ണിചേരുകയും ചെയ്യുന്നതിന്റെ ഭാഗമായി നൂറുകണക്കിന് വിദ്യാർത്ഥികളുടെ അക്കാദാമിക ജീവിതം നിലവിലെ സമരങ്ങളിലെ പങ്കാളിത്തം കാരണം നിശ്ചലമായിട്ടുണ്ട്. തങ്ങളുടെ യൂണിവേഴ്സിറ്റിയുടെ ഇസ്രായേൽ അനുകൂല സമീപനം കാരണം ഒരുപാട് ഫാക്കൽറ്റികൾ അവരുടെ തൊഴിലിൽ നിന്നും രാജിവെച്ചു. പാശ്ചാത്യൻ നാടുകളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടർന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ അനുകൂല സമരങ്ങളുടെ ഈ രണ്ടാം ഘട്ടം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് മറ്റൊരു മാനം നൽകുമെന്നത് തീർച്ചയാണ്.

Related Articles