Current Date

Search
Close this search box.
Search
Close this search box.

നെറ്റ് വർക്ക് ബിസിനസ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

ഞങ്ങളുടേത് പഴയ നെറ്റ് വർക്ക് ബിസിനസ് അല്ല പുതിയ രീതിയിലുള്ള ഹലാലായ കച്ചവടമാണ്  എന്നാണ് ഇപ്പോൾ മൾട്ടിലെവൽ മാർക്കറ്റിംഗ് നടത്തുന്നവർ പറയുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ലാഭം കൊയ്യലാണ് നടക്കുന്നത്.

നെറ്റ് വർക്ക് മാർക്കറ്റിംഗ് അല്ല  ടയരക്റ്റ് മാർക്കറ്റിംഗ് ആണ് എന്ന് കമ്പനി പറയുമെങ്കിലും രീതികളൊക്കെ ഏതാണ്ട് നെറ്റ് വർക്ക് മാർക്കറ്റിംഗിന് സമാനമാണ്  തൊള്ളായിരമോ ആയിരമോ രൂപയുടെ കമ്പനി ഉൽപന്നങ്ങൾ വാങ്ങി കമ്പനിയിൽ  ജോയിൻ ചെയ്താൽ ജോയിൻ ചെയ്തവർ  ആളെ ചേർക്കുമ്പോൾ  ചേർത്തവർക്ക് അക്കൗണ്ടിലേക്ക്   ലാഭവിഹിതം വരുന്നു. പിന്നെ കമ്പനിയുടെ  ഉൽപ്പന്നം വാങ്ങുമ്പോൾ ഏതെങ്കിലും അംഗങ്ങളുടെ  ഐഡി നമ്പർ പറഞ്ഞാൽ അതിന്റെ വിഹിതവും ആ അംഗത്തിന്റെ അക്കൗണ്ടിലേക്ക് വരുന്നു .

ബിസിനസില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി കമ്പനിയില്‍ നിന്ന് 12000 രൂപക്ക് കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇന്‍വെസ്റ്റ് ഒന്നുമില്ല. നാം കാശ് കൊടുത്ത് സാധനം വാങ്ങുന്നു. അതുകൊണ്ട് നഷ്ടം വരുന്നില്ല. ഇതോടു കൂടി നാം കമ്പനിയുടെ ഭാഗമായി. പിന്നെ അവര്‍ നമുക്ക് സമയം തരും. അമ്പത് ദിവസത്തിനുള്ളില്‍ എട്ടു പേരെ കമ്പനിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യിപ്പിച്ചാല്‍ ഓരോ ആള്‍ക്ക് വീതം നമ്മുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ കേറും. നികുതി കിഴിച്ച് ഓരോ തൊള്ളായിരവും നമുക്ക് സ്വന്തം. ഇതു വഴി ഒരു ദിവസത്തില്‍ ഇരുപത്തയ്യായിരം വരേയും ഒരു മാസത്തില്‍ പത്തു ലക്ഷം വരേയും നേടാം. നമുക്ക് കീഴില്‍ ആളുകള്‍ കൂടുന്തോറും നമ്മുടെ വരുമാനവും കൂടും. പിന്നെ ബോണസുകള്‍ വേറെയും.

Also read: ജീവിതാനന്ദത്തിന് ഭൂതകാലം മറക്കാം

ഇത്തരം പരസ്യവും ചോദ്യങ്ങളും കേൾക്കുമ്പോൾ നമുക്ക് തോന്നും ഇത് നല്ല ഒരു സംരംഭമാണെന്ന്. പക്ഷെ ഇവരുടെ രീതികളെ ഇസ്ലാമികമായി വിശകലനം ചെയ്താൽ അതിൻെറ പൊള്ളത്തരം മനസ്സിലാകും. സാധാരണ കച്ചവടത്തിന്റെ പ്രത്യേകത ഉല്‍പന്നം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നതോടെ വിറ്റവനും വാങ്ങിയവനും എല്ലാ വിധേനയും വേര്‍പിരിയുന്നു. എന്നാല്‍ നെറ്റ് വര്‍ക്ക് ബിസിനസുകളില്‍ ഇതോടു കൂടി ബന്ധം തുടങ്ങുകയാണ്. കമ്പനിയുടെ ഭാഗമാവാനുള്ള കേവലമൊരു കവാടം മാത്രമാണ് പര്‍ച്ചേഴ്സ് ചെയ്യുക എന്നത്.

ഒരുപാട് പേര്‍ തട്ടിപ്പിനിരയാക്കപ്പെടുകയും ഗവണ്‍മെന്റ് തന്നെ നിരോധിക്കുകയും ചെയ്ത ചെയിന്‍ ബിസിനസല്ല ഇത് എന്ന് ഇക്കൂട്ടര്‍ നിരന്തരം വാദിക്കുന്നുണ്ട്. എന്നാല്‍ ധന സമ്പാദന രീതിയില്‍ രണ്ടും ഒരു പോലെയാണ്. ചെയിന്‍ ബിസിനസില്‍ നിന്ന് വ്യത്യസ്തമായി, തട്ടിപ്പിന് സാധ്യതയുള്ള ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വിതരണം ചെയ്യുന്ന രീതിയാണ് ഇതിലുള്ളത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വില്‍ക്കുന്നുവെന്നര്‍ത്ഥം.

നെറ്റ് മാര്‍ക്കറ്റിംഗ്, റഫറല്‍ ബിസിനസ്, മള്‍ട്ടി ലെവല്‍ ബിസിനസ്, നെറ്റ് വര്‍ക്ക്, ചെയിന്‍ ബിസിനസ്, ബഹുനില വിപണനം എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടുന്നുണ്ട്.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

സാധാരണക്കാരെയും കുടുംബിനികളേയും വലയിലാക്കാന്‍ പൊതുവെ ചില പൊടിക്കൈകള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്. ‘ഈ ബിസിനസ് വഴി ഒരാളേയും പറ്റിക്കുന്നില്ല. സര്‍ക്കാറിന് നികുതിയടച്ച് നിയമപരമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഹലാലായ വരുമാന രീതിയാണ്. ധാരാളം ഉസ്താദുമാര്‍ തന്നെ ഇതില്‍ അംഗങ്ങളായുണ്ട്’. നിയമപരമായി സാധുതയുള്ളതാണങ്കില്‍ തന്നെ ഇസ്‌ലാമിന്റെ സാമ്പത്തിക ക്രയവിക്രയ രീതികളോട് യോജിക്കുന്നില്ല ഈ ഇടപാട്. അനര്‍ഹമായ സമ്പത്ത് ഉപയോഗിക്കുന്നതിലേക്കാണ് ഇതു നയിക്കുന്നത്. പിന്നെ ധാരാളം ഉസ്താദുമാര്‍ തെറ്റ് ചെയ്താല്‍ അതു ഹലാലാവുകയും ഇല്ലല്ലോ.
തുടര്‍ വരുമാനം ലഭിക്കണമെങ്കില്‍ ആളെ ചേര്‍ക്കണമെന്ന കമ്പനിയുടെ നിബന്ധനയും ആളെ ചേര്‍ത്താല്‍ തുടര്‍ വരുമാനം തന്നിരിക്കണമെന്ന ഉപഭോക്താവിന്റെ നിബന്ധനയും അസാധുവാകുന്നതിലൂടെ ആളെ ചേര്‍ക്കല്‍ കൊണ്ടുള്ള വരുമാനവും അസാധുവാണ്.

കച്ചവടത്തിലേക്ക് ഒരു നിബന്ധന ചേരല്‍ കച്ചവട ശേഷവും നിലനില്‍ക്കുന്ന ഒരു ബന്ധം ഉണ്ടാക്കിത്തീര്‍ക്കും. ഇക്കാരണത്താല്‍ ഭാവിയില്‍ ഇടപാടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായിത്തീരും. ഇതാണ് നിബന്ധന അസാധുവാകാന്‍ കാരണം.

നാം ചേര്‍ത്തവര്‍ വഴി നമുക്ക് കിട്ടുന്ന പണം കമ്മീഷനായി പരിഗണിച്ചാല്‍ തന്നെ അവര്‍ക്കു കീഴില്‍ ചേരുന്നവരായ നാമുമായി ബന്ധമില്ലാത്തവര്‍ വഴി നമ്മുടെ അക്കൗണ്ടിലേക്ക് ചേരുന്ന പണം നമുക്ക് അര്‍ഹതപ്പെട്ടതല്ല. ഇത്തരം പുതിയ കെണികൾ ഇന്ന് മുളച്ചുപൊന്തിയ പല നെറ്റ് വർക്ക് ബിസിനസുകളിലും കാണാം.

ഇവര്‍ തന്നെ പറയുന്നു, ആളെ ചേര്‍ക്കല്‍ നിര്‍ബന്ധമില്ല, ആളെ ചേര്‍ക്കല്‍ ഒപ്ഷണല്‍ മാത്രമാണ്. വേണമെങ്കില്‍ ചെയ്യാം. നെറ്റ് വര്‍ക്ക് ബിസിനസ് വഴി വന്‍ സാമ്പത്തിക കുതിച്ചു ചാട്ടം വാഗ്ദാനം ചെയ്ത ഇവര്‍ തന്നെയാണ് ഇതും പറയുന്നത്. ആളെ ചേര്‍ക്കാതെ എങ്ങനെ വരുമാനം ലഭിക്കും?

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

നെറ്റ് വര്‍ക്ക് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുക എന്നോ വില്‍പനയോ കൈമാറ്റമോ നടത്തുക എന്നോ ഉള്ള ലക്ഷ്യത്തിലല്ല ഒരാള്‍ ഇതില്‍ അംഗമാകുന്നത്. മറിച്ച് പിന്നീട് ആളുകളെ ചേര്‍ക്കുക വഴി ലഭിക്കുന്ന അനന്ത ലാഭത്തിന്റെ കണ്ണികളാവുക എന്നത് മാത്രമാണ്. പന്ത്രണ്ടായിരം രൂപക്ക് കമ്പനി നല്‍കുന്നത് ചാണകമായിരുന്നാലും ഉപഭോക്താവ് ഇതു വാങ്ങും. ലക്ഷ്യം ഇതില്‍ അംഗമാവുക എന്നത് മാത്രമാണ്. ഇതില്‍ അംഗമാകാനുദ്ദേശിക്കുന്നവന്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വില കൊടുത്ത് വാങ്ങണമെന്നത് നിബന്ധനയാണ്. വേറെ ആളുകളെ ചേര്‍ക്കണമെന്ന നിബന്ധനയോടെയാണ് ഉല്‍പന്നം വാങ്ങുന്നതെങ്കില്‍ അത് ഹറാമാണ്.നിബന്ധന വെച്ചുള്ള വില്‍പന ഇസ്‌ലാം നിരോധിച്ചതാണ്.
ചുരുക്കത്തില്‍ കച്ചവടങ്ങളും മറ്റു സാമ്പത്തിക ഇടപാടുകളും സംതൃപ്തിയിലും സുതാര്യതയിലുമായിരിക്കണമെന്നും ഇസ്‌ലാമില്‍ നിര്‍ബന്ധ നിര്‍ദേശമുണ്ട്. അതു കൊണ്ടാണ് ഇസ്‌ലാം സാമ്പത്തിക ഇടപാടുകള്‍ക്ക് നിരവധി ഉപാധികള്‍ വെച്ചത്. മറ്റൊരാളെ വഞ്ചിച്ചും ചുഷണം ചെയ്തും നമ്മുടെ സാമ്പത്തികാവസ്ഥ ഭദ്രമാക്കുന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല.

Related Articles